പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഫുട്‌ബോൾ വെറും കളിയല്ല, കാര്യവുമാണ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.ആർ.നീലകണ്‌ഠൻ

ലേഖനം

മറ്റേതൊരു കളിപോലൊന്നല്ലേ ഈ ഫുട്‌ബോളും? ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും പ്രിയപ്പെട്ട കളിയാണിതെന്നതു സത്യം. എന്നാലും മറ്റു ‘കാര്യ’ങ്ങളെല്ലാം കഴിഞ്ഞല്ലേ നാം ‘കളി’യിലേക്കു വരൂ. ഒഴിവുസമയത്തുമാത്രമല്ലേ വിനോദങ്ങളെല്ലാം പ്രസക്തമാകൂ. ഈ തത്ത്വം ബാധകമാകാത്തത്‌ കളിക്കാർക്കും സംഘാടകർക്കും മാത്രമാണ്‌. അവർക്ക്‌ കളി ജിവനോപാധിയാണ്‌, തൊഴിലാണ്‌, വരുമാനമാണ്‌. കച്ചവടതാത്‌പര്യം വച്ചുകൊണ്ട്‌ മാധ്യമങ്ങൾ നടത്തുന്ന പ്രചരണംമൂലം കുറെപ്പേർക്ക്‌ കളിയയൽ കടുത്ത കമ്പമുണ്ടായേക്കാം. എന്നാലും ‘കളി’ കളിതന്നെയാണ്‌. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്‌തമായി തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ (ലാറ്റിൻ അമേരിക്കയെന്നു വിളിക്കാറുണ്ടെങ്കിലും ആ പ്രയോഗം പഴയ അധിനിവേശത്തിന്റെ ഹാങ്ങ്‌ഓവറാണെന്ന്‌ അന്നാട്ടിലെ പലരും പറയുന്നു) ഫുട്‌ബോൾ വെറുമൊരു കളിയോ കായികവിനോദമോ അല്ല, അവർക്കത്‌ എല്ലാമാണ്‌. ജീവിതവും സംസ്‌കാരവും രാഷ്‌ട്രീയവും പ്രതിരോധവും കവിതയും സംഗീതവും നൃത്തവും പിന്നെന്തെല്ലാമോ അതുമാണ്‌. അവിടെ ഫുട്‌ബോൾ ഒഴിവുസമയത്തുമാത്രം ഓർക്കുന്ന ഒന്നല്ല, ജീവിതത്തിലെ മുഖ്യധാരതന്നെയാണ്‌.

ബ്രസീൽ, അർജന്റീന, മെക്‌സിക്കോ, ചിലി, ഉറുഗ്വേ തുടങ്ങിയ തെക്കേ അമേരിക്കൻ രാജ്യങ്ങൾ നമ്മൾ കേരളീയർക്ക്‌ ഏറെ പരിചിതമാണ്‌. അവരുടെ സാഹിത്യവും സിനിമയും നാം ഇവിടെ കാണുന്നു. എന്നാൽ അതിലെല്ലാമുപരി ആ നാടിനെ നമ്മോടടുപ്പിക്കുന്നത്‌ ഫുട്‌ബോൾ തന്നെയാണ്‌. അവരുമായി നമുക്ക്‌ രാഷ്‌ട്രീയവും ചരിത്രപരവുമായ ഒട്ടേറെ സമാനതകളുണ്ട്‌. നമ്മളും അവരെപ്പോലെ മൂന്നാം ലോകസമൂഹമാണ്‌. ഇന്ത്യയിൽ കേരളവും പശ്ചിമബംഗാളും വിദൂരസംസ്ഥാനങ്ങളാണെങ്കിലും അവ തമ്മിൽ ഭക്ഷണത്തിലും കളിയിലും മുതൽ രാഷ്‌ട്രീയത്തിൽവരെയുളള സാമ്യങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുളളതാണ്‌. അതുപോലെ തെക്കേ അമേരിക്കൻ രാജ്യങ്ങളും നമ്മുടെ നാടും തമ്മിലുളള സാമ്യത്തിനും ചരിത്രപരമായി ചില കാരണങ്ങൾ കണ്ടെത്താനാകും.

രണ്ടു നൂറ്റാണ്ടിനു മുമ്പാണ്‌ യൂറോപ്യൻമാർ അന്നാട്ടിലും അധിനിവേശം നടത്തിയത്‌. പോർച്ചുഗീസുകാരും സ്‌പെയിൻകാരുമായിരുന്നു അതിൽ പ്രധാനികൾ. അവരാണ്‌ ഇന്നാട്ടിലേക്ക്‌ ഫുട്‌ബോൾകളി കൊണ്ടുവന്നത്‌. എന്നാൽ യൂറോപ്യൻമാരുടെ കളി അതുപോലെ സ്വീകരിക്കുകയല്ല ഇവർ ചെയ്‌തത്‌ (അടുത്തകാലത്ത്‌ ചില മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിൽകൂടിയും). യൂറോപ്യൻശൈലിയും തെക്കേ അമേരിക്കൻ ശൈലിയും തീർത്തും വ്യത്യസ്തങ്ങളാണ്‌. അധികാരത്തിലിരുന്ന്‌ ഭരിച്ചുമാത്രം അനുഭവമുളള യൂറോപ്യൻമാർ അവരുടെ കളിയിൽ ശക്തിക്ക്‌ (പവർഗെയിം) പ്രാധാന്യം നൽകിയപ്പോൾ തെക്കെ അമേരിക്കക്കാർ കൂടുതലും ഊന്നിയത്‌ വേഗത്തിലും തന്ത്രങ്ങളിലുമാണ്‌. ശക്തരായ എതിരാളികളെ കീഴ്‌പ്പെടുത്താൻ വേഗവും പന്തടക്കവും പരസ്‌പരധാരണയുമാണ്‌ ആവശ്യമെന്ന്‌ അവർ തിരിച്ചറിഞ്ഞതാകാം. തെക്കേ അമേരിക്കൻ ഫുട്‌ബോൾ കളിക്കാർ ചടുലതയോടെ, താളബോധത്തോടെ പരസ്‌പരം പന്തു കൈമാറുമ്പോൾ, അറിഞ്ഞോ അറിയാതെയോ അവർ തങ്ങളുടെ ആദിമസംഗീതത്തിന്റെ താളങ്ങളിലേക്കും ചുവടുകളിലേക്കും മാറുകയായിരുന്നു. അതങ്ങനെയാണ്‌. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പോരാട്ടത്തിലേർപ്പെടുമ്പോൾ ആരും സ്വന്തം ആദിമശക്തികളിലേക്ക്‌, സ്വത്വതാളങ്ങളിലേക്ക്‌ തിരിച്ചുപോകുന്നത്‌ സ്വാഭാവികം മാത്രം. ഇതാണവരുടെ കളിയുടെ പ്രത്യേകതയും.

രണ്ടു നൂറ്റാണ്ടോളം ഇവരും (നമ്മെപ്പോലെ) അടിമത്തത്തിനു കീഴിലായിരുന്നു. അവിടത്തെ മനുഷ്യ-പ്രകൃതിവിഭവങ്ങൾ കൊളളയടിച്ചും തങ്ങളുടെ ഉത്‌പന്നങ്ങളും ആശയങ്ങളുടെ അവിടെ വില്‌പന നടത്തിയുമാണ്‌ യൂറോപ്യൻശക്തികൾ വളർന്നുവന്നത്‌. മതവും സംസ്‌കാരവും ഭാഷയും കളികളുമെല്ലാം അധിനിവേശത്തിനായി അവർ പ്രയോഗിച്ചു. ഈ അധിനിവേശങ്ങൾക്കെതിരെ നടത്തിയ നിരവധി പോരാട്ടങ്ങളുടെ നീണ്ട ചരിത്രം അവിടത്തെ ഓരോ സമൂഹത്തിനുമുണ്ട്‌. അതിന്റെ ചരിത്രബോധം അവരിലുണ്ട്‌ (അമേരിക്കയിലെ യാഥാസ്ഥിതിക പണ്ഡിതൻമാർ പറയുന്നതുപോലെ ശരാശരി തെക്കേ അമേരിക്കക്കാരൻ ‘ഇടത’നായിരിക്കും. ബംഗാളിയെപ്പറ്റിയും ഇതു പറയാറുണ്ട്‌). സ്‌പാനിഷ്‌ അടിമത്തത്തിൽനിന്നും ഭൂഖണ്ഡത്തിന്റെ വലിയൊരു ഭാഗം മോചിപ്പിച്ച സിമോൺ ബൊളിവർ അവർക്കെല്ലാം വീരപുരുഷനാണ്‌. ഇന്ന്‌ അമേരിക്കൻ ആധിപത്യത്തെ ഏറ്റവും ശക്തിയായി വെല്ലുവിളിക്കുന്ന വെനിസ്വേലയുടെ ഹ്യൂഗോഷാവേസിന്റെ ആരാധ്യനേതാവും ബൊളിവറാണ്‌.

വിഭവങ്ങൾകൊണ്ട്‌ സമ്പന്നമായിരുന്നു മിക്ക തെക്കേ അമേരിക്കൻ രാജ്യങ്ങളും. രണ്ടാം ലോകമഹായുദ്ധകാലംവരെ സ്വീഡനെക്കാളും ഡെന്മാർക്കിനെക്കാളും വികസിച്ച സമൂഹമായിരുന്നു അർജന്റീന; ബ്രസീലും അതുപോലെതന്നെ. ഇന്നും ലോകത്തിലെ പ്രധാന എണ്ണയുൽപാദകരാജ്യങ്ങളിലൊന്നാണ്‌ വെനിസ്വേല എന്നതുമൂലമാണ്‌ ഷാവേസിനെതിരെ എന്തും ചെയ്യാൻ അമേരിക്ക ധൈര്യപ്പെടാത്തതും. രണ്ടാംലോക മഹായുദ്ധാനന്തരം യു.എസ്‌. ലോകാധിപത്യത്തിനായുളള പടയോട്ടം ആരംഭിച്ചപ്പോൾ ആദ്യം ലക്ഷ്യംവച്ചത്‌ തൊട്ടടുത്തുളള തെക്കേ അമേരിക്കൻ ഭൂഖണ്ഡമായിരുന്നു. സോവിയറ്റ്‌ യൂണിയനിൽനിന്നും കമ്യൂണിസത്തിൽനിന്നും ലോകത്തെ രക്ഷിക്കാനെന്ന വ്യാജേന കഴിഞ്ഞ ആറു പതിറ്റാണ്ടിനിടയിൽ ഈ രാജ്യങ്ങളിൽ യു.എസ്‌. നടത്തിയ രാഷ്‌ട്രീയ-സാമ്പത്തിക സൈനിക ഇടപെടലുകൾ എണ്ണമറ്റതാണ്‌. ജനാധിപത്യ സംരക്ഷണമാണ്‌ ലക്ഷ്യമെന്ന്‌ ഉദ്‌ഘോഷിച്ചുകൊണ്ട്‌ അനേകം ജനകീയ ഭരണകൂടങ്ങളെ അട്ടിമറിക്കാനും പട്ടാള ഏകാധിപത്യ ഭരണകൂടങ്ങളെ സ്ഥാപിക്കാനും യു.എസ്‌.ശ്രമിച്ചത്‌ പല തവണയാണ്‌. ജയിംസ്‌ പെട്രാസിനെപ്പോലുളള രാഷ്‌ട്രീയചിന്തകർ ഇതിനെ ചരിത്രത്തിലെ വിവിധ ഘട്ടങ്ങളായി തിരിച്ച്‌ വിശകലനം ചെയ്‌തിട്ടുണ്ട്‌.

1948-‘60 കാലത്ത്‌ ചിലയിടത്ത്‌ ദേശീയ ജനാധിപത്യ ഭരണകൂടങ്ങളെ പിന്താങ്ങുമ്പോൾ (അർജന്റീന) പലയിടത്തും ജനാധിപത്യസർക്കാരുകളെ അട്ടിമറിച്ച്‌ ഏകാധിപത്യ ഭരണകൂടങ്ങളെ സ്ഥാപിക്കുകയും (പരാഗ്വേ, പെറു, ഗ്വാട്ടിമാല, വെനിസ്വേല, ക്യൂബ) ചെയ്‌തു അവർ. 1954-ൽ ജേക്കബ്‌ അർബൈനെ അട്ടിമറിച്ചശേഷം ഗ്വാട്ടിമാലയിൽ അടുത്ത രണ്ടു വർഷത്തിനകം ഒരു ലക്ഷത്തോളംപേർ കൊലചെയ്യപ്പെട്ടു. 1961-’63 കാലത്ത്‌ ചില രാജ്യങ്ങളിൽ പരിഷ്‌കരണവാദികളുമായി ‘പുരോഗമന സത്യങ്ങൾ’ അവർ ഉണ്ടാക്കി. എന്നാൽ തീവ്രവാദം തടയാനെന്ന പേരിലും (വെനിസ്വേല) സൈനിക അട്ടിമറിയായും (ഡൊമിനിക്കൻ റിപ്പബ്ലിക്ക്‌) നേരിട്ടുളള സൈനികാക്രമണമായും (ക്യൂബ) യു.എസ്‌ ഇടപെട്ടതും ഇതേകാലത്താണ്‌. 1964-‘71 കാലത്ത്‌ രണ്ടുഘട്ട പ്രവർത്തനങ്ങൾ നടത്തുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇടതു പുരോഗമന സർക്കാരുകളെ (ബ്രസീൽ, ബൊളീവിയ, അർജന്റീന, ഇക്വഡോർ) ഏതെങ്കിലും രീതിയിൽ മാറ്റി വലതുപക്ഷത്തെ അധികാരമേറ്റുന്നതാണ്‌ ഒന്നാംഘട്ടം. രണ്ടാംഘട്ടത്തിൽ, വലതുപക്ഷത്തിന്‌ നേരിട്ട്‌ അധികാരമേറാൻ കഴിയാത്തിടങ്ങളിൽ, കമ്യൂണിസ്‌റ്റ്‌ വിരുദ്ധരാഷ്‌ട്രീയമെന്ന പേരിൽ പട്ടാള ഗുണ്ടകളെ അധികാരത്തിലേറ്റി (ചിലിയിലെ അയന്ദേയടക്കം എൽസാൽവദോർ, നിക്കരാഗ്വ, ഉറുഗ്വേ, ബ്രസീൽ, ബൊളീവിയ). 1983-’94 കാലത്താണ്‌ സാമ്പത്തികമായ സാമ്രാജ്യത്വ പുനഃസ്ഥാപനം ആരംഭിക്കുന്നത്‌. ഇവിടെ സൈന്യം പിൻനിരയിലാണ്‌. നവലിബറൽ രാഷ്‌ട്രീയത്തെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റുകയെന്നതാണ്‌ രീതി (അർജന്റീന, ബ്രസീൽ, ചിലി, ഉറുഗ്വേ, ബൊളീവിയ). ഇതിനു കഴിയാത്തിടങ്ങളിൽ സൈന്യത്തിന്‌ അധികാരം നൽകുന്നു (നിക്കരാഗ്വ, എൽസാൽവദോർ, ഗ്വാട്ടിമാല, ഗ്രനഡ, പനാമ). ജനവിരുദ്ധ മർദ്ദകഭരണകൂടത്തെ സൈന്യം ഉപയോഗിച്ച്‌ സംരക്ഷിച്ച അനുഭവങ്ങളും ഇക്കാലത്തുണ്ട്‌ (കൊളംബിയ, വെനിസ്വേല, ഇക്വഡോർ). 1995-2005 കാലത്ത്‌ മുൻകാല സാമ്രാജ്യത്വ അധിനിവേശങ്ങളെ ഏകോപിപ്പിക്കുന്നു, ഏകീകരിക്കുന്നു. മിക്ക രാജ്യങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ വീണ്ടും സാമ്രാജ്യത്വനുകത്തിനു കീഴിലേക്കു തിരിച്ചുവരികയാണ്‌ ഇക്കാലത്ത്‌. നവലിബറൽ നയങ്ങൾക്കെതിരെ നടന്ന വൻമുന്നേറ്റങ്ങളുടെ പിൻബലത്തിൽ അധികാരമേൽക്കുന്ന ‘ഇടതുപക്ഷം’ പെട്ടെന്നുതന്നെ പക്ഷം മാറി സാമ്രാജ്യത്വദാസ്യം സ്വീകരിക്കുകയാണ്‌ (ബ്രസീൽ, അർജന്റീന, ബൊളീവിയ, ഇക്വഡോർ, ചിലി, ഉറുഗ്വേ). യഥാർത്ഥ ജനകീയ പ്രതിരോധവും ബദലുകളും സൃഷ്‌ടിക്കാൻ ശ്രമിക്കുന്നതിനെ സൈനികമായി ഇടപെട്ട്‌ തകർത്തതിന്റെയും (ഹെയ്‌ത്തി) ആ ശ്രമത്തെ ജനകീയശക്തി പ്രതിരോധിച്ചതിന്റെയും (വെനിസ്വേല) കാലഘട്ടം കൂടിയാണിത്‌.

മൂന്നാം ലോകസമൂഹങ്ങളെ കടക്കെണിയിലാക്കി മെരുക്കുന്നു (ബ്രസീൽ, മെക്‌സിക്കോ). വ്യാപാരരംഗം പൂർണമായി യു.എസിലെ ബഹുരാഷ്‌ട്രകുത്തകകൾക്കുവേണ്ടി തുറന്നിടാനും (കൊളംബിയ, പെറു, ഇക്വഡോർ, ചിലി, ബൊളീവിയ) യു.എസിന്റെ സൈനികമേൽക്കോയ്‌മ അംഗീകരിക്കാനും (വെനിസ്വേല ഒഴിച്ചെല്ലാ രാജ്യങ്ങളും) രാജ്യങ്ങൾ തയ്യാറാകുന്നതോടെ ചരിത്രം അതിന്റെ ചക്രത്തിന്റെ ഒരു കറക്കം പൂർത്തിയാക്കുന്നു. വീണ്ടും പൂർണമായ അടിമത്തം വരുന്നു. ജനങ്ങളുടെ വിശ്വാസം നേടി അധികാരമേറ്റ്‌ കടുത്ത വഞ്ചന നടത്തുന്ന ഭരണകൂടങ്ങൾക്കെതിരെ ശക്തമായ പ്രതിരോധങ്ങൾ അവിടെ ഉയർന്നുവരുന്നുണ്ട്‌. കൃഷിക്ക്‌ പ്രസക്തിയില്ലെന്നും വേണമെങ്കിൽത്തന്നെ അത്‌ കയറ്റുമതിയാശ്രിത കോർപറേറ്റ്‌ കൃഷിയാകണമെന്നുമുളള സാമ്രാജ്യത്വപ്രചരണം ഇന്നാട്ടിലെ ഭരണകർത്താക്കൾ ആവർത്തിക്കുന്നു.

ഇറക്കുമതിനയങ്ങളും മറ്റും മൂലം കർഷകർ കടക്കെണിയിലാകുന്നു. അവരുടെ ഭൂമി സർക്കാർ ഏറ്റെടുത്ത്‌ ബഹുരാഷ്‌ട്രകോർപ്പറേറ്റുകൾക്കു നല്‌കുന്നു. ഇതിലൂടെ കോടിക്കണക്കിനു മനുഷ്യർക്ക്‌ തൊഴിലും വരുമാനവും നഷ്‌ടപ്പെടുന്നു. പാരിസ്ഥിതിക സാമൂഹ്യ സന്തുലനം തകരുന്നു. സമൂഹം അസ്വസ്ഥമാകുന്നു. ഭൂമിക്കുവേണ്ടി കർഷകർ മിക്ക രാജ്യങ്ങളിലും സമരം തുടരുന്നു. ഇനി കൃഷിയും കർഷകരും ആവശ്യമില്ലെന്ന നവലിബറൽ നയങ്ങൾ സമൂഹത്തിനു സ്വീകാര്യമാകില്ലല്ലോ. പലയിടത്തും കർഷകരോടൊപ്പം ഗ്രാമ-നഗരതൊഴിലാളികളും സമരത്തിനെത്തുന്നു. ഇക്വഡോറിലെ കൊനായി എന്ന കർഷകസംഘടന, ബൊളീവിയയിലെ കൊക്കോകൃഷിക്കാർ, മെക്‌സിക്കോയിലെ ചിയാപാസ്‌, ഗുറേറോ, ഒക്‌സാക്കോ, കൊളംബിയയിലെ സായുധസംഘടനയായ എഫ്‌ എ ആർ സി തുടങ്ങി നിരവധി പ്രസ്ഥാനങ്ങൾ ഈ സമരത്തിലുണ്ട്‌. ഭൂരഹിതകർഷകരുടെ അത്യുജ്ജ്വല പോരാട്ടങ്ങൾക്ക്‌ നേതൃത്വം നല്‌കിയ എം.എസ്‌.ടി. എന്ന സംഘടന തൊഴിലാളി നേതാവായ ലുലവിനെ തെരഞ്ഞെടുപ്പിൽ സഹായിച്ചു. എന്നാൽ അധികാരമേറ്റ ലുല കാലുമാറി. ബുഷിന്റെ ആത്മമിത്രമായ ലുലയുടെ കൈയിൽ കർഷകർക്കു നല്‌കാൻ ഭൂമിയെവിടെ? എല്ലാം ബഹുരാഷ്‌ട്രസ്ഥാപനങ്ങൾക്കു നല്‌കി.

picture3

ഭരണം കിട്ടുമ്പോൾ നിറംമാറാതെനിന്നു പോരാട്ടം തുടരുന്ന വെനിസ്വേലയുടെ പ്രസിഡണ്ട്‌ ഹ്യൂഗോഷാവേസ്‌ മറ്റൊരു പ്രതീകമാണ്‌. നാലു പതിറ്റാണ്ടായി പോരാടുന്ന ക്യൂബയുടെ കാസ്‌ട്രോയും ഒപ്പമുണ്ട്‌. കമ്യൂണിസമോ സോവിയറ്റ്‌ യൂണിയനോ ഒന്നുമല്ല യു.എസിന്റെ യഥാർത്ഥ പ്രശ്‌നം എന്ന്‌ ഇവർ പോരാട്ടത്തിലൂടെ തെളിയിച്ചു. തങ്ങളുടെ നാട്ടിലെ വിഭവങ്ങൾ ഉപയോഗിച്ച്‌ ദരിദ്രരും സാധാരണക്കാരുമായ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുന്നുവെന്നതാണ്‌ യു.എസിനു രുചിക്കാത്തത്‌. നവലിബറൽ സാമ്പത്തികനയങ്ങൾക്ക്‌ ബദലുണ്ടെന്ന്‌ സ്ഥാപിക്കാൻ നടത്തുന്ന ഏതു ശ്രമത്തെയും പരാജയപ്പെടുത്തേണ്ടത്‌ യു.എസി​‍െൻയും അവരുടെ ബഹുരാഷ്‌ട്ര കമ്പനികളുടെയും ആവശ്യമാണല്ലോ. ജനകീയ നയങ്ങൾ നടപ്പിലാക്കാൻ തുടങ്ങുന്നിടത്തെല്ലാം യു.എസ്‌. ഇടപെടുന്ന അനുഭവമാണുളളത്‌. 1954-ൽ ഗ്വാട്ടിമാലാ സർക്കാർ ഭൂപരിഷ്‌കരണത്തിനും തദ്ദേശീയ വ്യവസായവികസനത്തിനും മുതിർന്നപ്പോഴും ‘80-കളിൽ നിക്കരാഗ്വയിലെ സാന്ദിനിസ്‌റ്റ്‌ സർക്കാർ ആരോഗ്യരംഗത്തും സാക്ഷരതയുടെ രംഗത്തും വൻവിജയം നേടിയപ്പോഴും ക്യൂബ ജനകീയനയങ്ങളിലൂടെ സ്വാശ്രയത്വം നേടിയപ്പോഴും വെനിസ്വേലയിലെ സർക്കാർ ഭൂരഹിതർക്ക്‌ ഭൂമി നല്‌കാനും എണ്ണയിലെ വരുമാനം ദരിദ്രരുടെ സംരക്ഷണത്തിനും ക്ഷേമത്തിനുമായി വിനിയോഗിച്ചപ്പോഴുമാണ്‌ യു.എസിന്‌ വിരോധമുണ്ടായത്‌.

മിക്ക തെക്കേ അമേരിക്കൻ രാജ്യങ്ങളിലെയും സമൂഹം അങ്ങേയറ്റം അസ്വസ്ഥമാണ്‌. നേരിട്ടുളള പോരാട്ടത്തിൽ ഏർപ്പെടുന്നവർ ഏതു സമൂഹത്തിലും ചെറിയൊരു ന്യൂനപക്ഷമായിരിക്കും. ഭരണകൂടനയങ്ങളോട്‌ കടുത്ത പ്രതിഷേധമുണ്ടെങ്കിലും ബഹുഭൂരിപക്ഷത്തിനും ഒന്നും ചെയ്യാനില്ല. അവർക്ക്‌ പരമാവധി ചെയ്യാനാകുന്നത്‌ തികഞ്ഞ നിസ്സംഗത (രാഷ്‌ട്രീയത്തോട്‌) കാണിക്കുകയെന്നതു മാത്രമാണ്‌. അങ്ങനെ അവഗണിക്കണമെങ്കിൽ അവർക്ക്‌ മറ്റൊന്നിൽ മുഴുകേണ്ടിവരും. അങ്ങനെയാണ്‌ തങ്ങളുടെ പാരമ്പര്യത്തിലും സംസ്‌കാരത്തിലും ആഴത്തിൽ പതിഞ്ഞിട്ടുളള ഫുട്‌ബോളിലേക്ക്‌ ആ സമൂഹം ആഴ്‌ന്നിറങ്ങിയത്‌. ഒരർത്ഥത്തിൽ ഫുട്‌ബോൾ ഒരു തുറന്ന യുദ്ധംതന്നെയാണ്‌. ഇരുവശത്തുമായി എതിർടീമുകൾ അണിനിരക്കുന്നു. കുതിച്ചുകയറി എതിരാളിയുടെ കോട്ട കീഴടക്കുന്നു. അതിൽ പ്രതിരോധവും ആക്രമണവും തന്ത്രങ്ങളും വിജയവും പരാജയവുമുണ്ട്‌. മറ്റു കളികളിൽനിന്നെല്ലാം വ്യത്യസ്‌തവും ജനകീയവുമായ വേറെ ഘടകങ്ങൾ ഫുട്‌ബോളിനുണ്ട്‌. കാർഷിക സംസ്‌കൃതിക്കിണങ്ങുന്നതും തുറന്നതുംമ ലളിതവുമായ ചട്ടങ്ങളുളളതും (ക്രിക്കറ്റിനും ടെന്നീസിനും ഇങ്ങനെയല്ല) തീർത്തും ഒരു സംഘത്തിനാകെ ഒറ്റ മനസ്സാകുന്നതും (ടീം ഗെയിം) വളരെക്കുറഞ്ഞ ചെലവിൽ, കാര്യമായ യന്ത്രസാമഗ്രികളില്ലാതെ കളിക്കാവുന്നതും അതുകൊണ്ടുതന്നെ സമൂഹത്തിലെ ഏതു തട്ടിൽവരെയുളളവർക്കും പങ്കെടുക്കാവുന്നതും കാണാവുന്നതും ആസ്വദിക്കാവുന്നതുമായ ഒരു കളിയാണ്‌ ഫുട്‌ബോൾ. തങ്ങളുടെ ആദിബോധത്തിലെ താളങ്ങളും ചുവടുകളും അതിൽ സന്നിവേശിപ്പിച്ചുകൊണ്ട്‌, ഒരുതരം ആനന്ദലഹരിയിൽ നൃത്തമാടുന്ന അനുഭൂതിയാണ്‌ അന്നാട്ടുകാർക്ക്‌ ഈ കളി നല്‌കുന്നത്‌. ഇതോടെ ഫുട്‌ബോൾ അവരുടെ ശരീരത്തിന്റെ, ജീവിതത്തിന്റെതന്നെ, ഭാഗമാകുന്നു. അറിയാതെ തന്നെ ഉളളിൽക്കിടക്കുന്ന പ്രതിരോധത്തിന്റെ ബഹിർസ്‌ഫുരണമായി അതു മാറുന്നു.

(കെ.വിശ്വനാഥ്‌ എഴുതി ഡിസി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ’ലാറ്റിനമേരിക്ക-കളിയും വിശ്വാസവും‘ എന്ന പുസ്‌തകത്തിന്റെ ആമുഖക്കുറിപ്പിൽ നിന്നും)

സി.ആർ.നീലകണ്‌ഠൻ


Phone: `




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.