പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അരാജകത്വത്തിന്‌ ഒരൂഴം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിവിക്‌ ചന്ദ്രൻ

ദുഷ്‌പ്രഭുപ്പുലയാടികൾ പാർക്കും ഇപ്പുരയ്‌ക്കിടിവെട്ടുകൊളളട്ടെ!

അരാജകവാദപരമെന്ന്‌ ആക്ഷേപിക്കപ്പെടാവുന്ന രണ്ട്‌ പുസ്‌തകങ്ങളുടെ പ്രകാശനച്ചടങ്ങുകളിൽ പങ്കെടുത്തു. ആദ്യത്തേത്‌ ഒരു കവിതാസമാഹാരം. ഇവനെന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്ന്‌ മേതിൽ രാധാകൃഷ്‌ണൻ ആശീർവദിച്ച രൂപേഷ്‌ പോളിന്റെ ‘പെൺകുട്ടി ഒരു രാഷ്‌ട്രമാണ്‌’ എന്ന പുസ്‌തകം. അറുപതുകളിലെ ആധുനികർ മാത്രം ധൈര്യപ്പെട്ടിട്ടുളള വിധം സദാചാരവിരുദ്ധമായ പ്രമേയങ്ങളും പരിചരണങ്ങളും രൂപേഷ്‌ പോൾ തന്റെ കവിതകൾക്ക്‌ ഇന്ധനമാക്കുന്നു. പിന്നീട്‌ സാംസ്‌കാരികമായി മെരുങ്ങിയ (സാംസ്‌കാരികമായി മെരുങ്ങിയതെങ്ങിനെ രാഷ്‌ട്രീയമായി ജാഗ്രതയുളളതാവും?) നമ്മുടെ കവിതയെ വീണ്ടെടുക്കാൻ തന്റേതായ രീതിയിൽ ശ്രമിക്കുകയാണ്‌ ഈ ചെറുപ്പക്കാരൻ. എസ്‌.ജോസഫിലൂടെ, വീരാൻകുട്ടിയിലൂടെ, വി.എം.ഗിരിജയിലൂടെ, അനിതാതമ്പിയിലൂടെ, അൻവർ അലിയിലൂടെ, പി.രാമനിലൂടെ,.....,....,......,. (വായനക്കാർക്ക്‌ അവർക്കിഷ്‌ടപ്പെട്ട യുവകവികളുടെ പേരെഴുതിച്ചേർക്കാം.) മലയാളത്തിൽ ‘സബാൾട്ടേൺ’ കവിതകൾ പിറക്കുമ്പോൾ അത്‌ സദാചാരത്തെക്കൂടി അഭിമുഖീകരിക്കണം. അതുകൊണ്ട്‌ മഴവില്ലേറ്റ ഈ കവിതയും. ചാരുനിവേദിത, ആദ്യപ്രതിയെ അയ്യപ്പന്‌ കൊടുത്ത്‌ പ്രകാശനം ചെയ്‌ത സന്ദർഭത്തിൽ പുസ്‌തകം അവതരിപ്പിച്ചത്‌ ഞാനായിരുന്നു. വ്യക്തിജീവിതത്തിൽ കാര്യമായി അരാജകത്വമൊന്നുമില്ലാതെ, എന്നാൽ ചിന്തയിൽ നിശ്ചയമായും അരാജകവാദിയായ ഒരാൾ എന്തിന്‌ ഇത്തരമൊരു ചടങ്ങിന്റെ വേദിയിലിരിക്കാൻ മടിക്കണം?

ഇതിന്റെ തുടർച്ച തന്നെയായിരുന്നു വി.ആർ.സുധീഷ്‌ എഡിറ്റ്‌ ചെയ്‌ത ‘മദ്യശാല’ എന്ന മദ്യകഥാസമാഹാരത്തിന്റെ പ്രകാശനച്ചടങ്ങും. സുധീഷിന്‌ മദ്യപിക്കാത്ത ഒരാളെ പ്രകാശനച്ചടങ്ങിന്‌ വേണമായിരുന്നു. പ്രകാശനം നടക്കുന്നത്‌ ഹോട്ടൽ അളകാപുരിയിലെ ബാറിൽ. എൻ.ശശിധരനും അംബികാസുതൻ മാങ്ങാടിനുമൊപ്പം മദ്യപിക്കുന്നവർക്കിടയിൽ അല്പം ഇടമുണ്ടാക്കി നടന്ന ചടങ്ങിൽ മദ്യത്തോടുളള എന്റെ സമീപനം ഏതാണ്ടിങ്ങനെ ഞാൻ പറഞ്ഞു. ഞാൻ മദ്യപിക്കാത്തത്‌ സദാചാരപരമായ കാരണങ്ങളാലല്ല. ഞാനീ സംഭവം രുചിച്ച്‌ നോക്കിയിട്ടുണ്ട്‌. എനിക്കിഷ്‌ടമായിട്ടില്ല. ഇഷ്‌ടമാവാത്തൊരു സാധനം, പാലടപ്രഥമനായാലും പഞ്ചാമൃതമായാലും കഴിക്കുന്നതെന്തിന്‌? ജോൺ എബ്രഹാമിനും സുരാസുവിനുമൊപ്പം ഞാൻ ബാറിൽ പോയിട്ടുണ്ട്‌. ഇപ്പോഴും എ. അയ്യപ്പനും ജോസ്‌ വെമ്മേലിക്കുമൊപ്പം ഞാൻ ബാറിൽ പോകാറുണ്ട്‌. എനിക്ക്‌ കുടിക്കാനുളള പ്രചോദനമുണ്ടാവാറില്ല. ആദ്യത്തെ രണ്ടുപേർ മദ്യപാനികൾക്കുളള രോഗം ബാധിച്ചല്ല മരിച്ചത്‌. പിന്നീട്‌ പേരു പറഞ്ഞ രണ്ട്‌ പേരും മരിക്കുക അങ്ങനെയാവില്ലെന്ന്‌ പ്രവചിക്കാൻ ഞാൻ ധൈര്യപ്പെടുന്നു. എന്നാൽ മദ്യനിരോധനസമിതി പ്രസിഡന്റ്‌ പ്രൊഫ.ജി.കുമാരപിളള മദ്യപാനികൾക്കു വരാവുന്ന കരൾരോഗം ബാധിച്ചാണ്‌ മരിച്ചത്‌. എന്താവാം കാരണം? പാവം മദ്യപാനികൾ. അവർ മദ്യപിക്കുമ്പോഴേ ലഹരിയുളളവരാവുന്നുളളൂ. കണ്ണീരും സോഡയും ചേർത്ത്‌ അവർ കുടിക്കുന്ന മദ്യത്തിന്റെ ലഹരി കുറക്കുന്നുമുണ്ട്‌. എന്നാൽ മദ്യനിരോധനസമിതി പ്രസിഡന്റ്‌ അങ്ങനെയാണോ? എപ്പോഴും മദ്യത്തെക്കുറിച്ചുതന്നെ ആലോചിക്കുന്ന അവർ മദ്യപാനികളേക്കാൾ ലഹരിബാധിതർ! സുരാസു ആത്മഹത്യചെയ്യുന്നു, കുമാരപിളള കരൾ രോഗം വന്ന്‌ മരിക്കുന്നു! എന്തതിശയമേ....

രണ്ട്‌ ചടങ്ങുകളിലും ‘ത്രീ ചിയേഴ്‌സ്‌ ടു അനാർക്കി’ എന്നു പറഞ്ഞാണ്‌ ഞാനെന്റെ പ്രസംഗം അവസാനിപ്പിച്ചത്‌. മലയാളത്തിൽ അനാർക്കിക്ക്‌ നാമൊരൂഴം ഇതുവരെ അനുവദിച്ചിട്ടില്ല. നാമെത്ര സദാചാരനിരതർ! അടങ്ങിയൊതുങ്ങി കമിഴ്‌ന്ന്‌ കിടക്കുന്നവർ! ഒരു എൻ.എൻ.പിളളയെ നാം സഹിച്ചത്‌ അദ്ദേഹം കുടുംബസമേതം തിയേറ്ററിൽ മുഖത്ത്‌ ചായമിട്ടുവന്നതുകൊണ്ടാണ്‌.

നമുക്ക്‌ നമ്മെ തന്നെ അഭിമുഖീകരിക്കുക. നമ്മെ നമ്മുടെ നഗ്നതയിൽ ആവിഷ്‌ക്കരിക്കാൻ ധൈര്യപ്പെടുക. പുറംലോകത്തെ അടുത്തും അകന്നും കാണാൻ, വലുതായും ചെറുതായും കാണാൻ നമുക്ക്‌ കണ്ണടകളുണ്ട്‌. എന്നാൽ അകംലോകത്തേക്കു നോക്കാൻ ഒരു ആൾക്കണ്ണാടിയും വേണ്ടേ സർ?

(കടപ്പാട്‌ ഃ വിശകലനം മാസിക)

സിവിക്‌ ചന്ദ്രൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.