പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

മഞ്ഞുപോലെ തണുത്തുറഞ്ഞ മനുഷ്യത്വത്തിന്റെ കാലം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കടമ്മനിട്ട രാമകൃഷ്‌ണൻ

ലേഖനം

കേരളത്തിന്‌ ആകമാനം ഒരു പാരമ്പര്യമുണ്ടായിരുന്നു. അതെല്ലാം നാം കളഞ്ഞു കുളിച്ചു. വർഗ്ഗീയതയുടെ പ്രശ്‌നം ഇവിടെ വളർത്തിയെടുത്തതാണ്‌. ആദ്യകാല കേരളത്തിന്‌ ഒരു പാരമ്പര്യമുണ്ടായിരുന്നു. അതിനുശേഷം ഇവിടെ കടന്നുവന്ന അധീനശക്തികളുടെ സ്വാധീനത്തിൽപ്പെട്ട്‌ നമ്മുടെ സമൂഹം ശിഥിലീകരിക്കപ്പെടുകയും, അതിനീചമായ ആചാരനിയമങ്ങൾക്ക്‌ വിധേയമാകുകയും ചെയ്‌തു. ജാതിയും മതവും കൊണ്ട്‌ മനുഷ്യനെ അകറ്റി നിറുത്തി, തീണ്ടലും തൊടീലും കൊണ്ട്‌ മനുഷ്യനെ അകറ്റി നിറുത്തി ജാതി വ്യവസ്ഥയും വർണ്ണവ്യവസ്ഥയും മനുഷ്യനെ പിരിച്ചു നിറുത്തിയ ഈ നാട്ടിൽ നവോത്ഥാനത്തിന്റെ അരുണകിരണങ്ങൾ വായിച്ചുകൊണ്ടാണ്‌ ഈ ഭ്രാന്താലയത്തെ ഒരു തീർത്ഥാലയമാക്കി നമ്മുടെ ദേശീയ പുരുഷന്മാർ മാറ്റിയെടുത്തത്‌.

ജാതിഭേദം, മതദ്വേഷം, ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃക സ്ഥാനമാണിത്‌ എന്നു പഠിപ്പിച്ച ലോകഗുരുവായ ശ്രീനാരായണന്റെ ഈ നാട്‌, അധഃസ്ഥിതരും മനുഷ്യരാണെന്ന്‌ പ്രഖ്യാപിച്ച അയ്യങ്കാളിയുടെ നാട്‌ വീണ്ടും വർഗ്ഗീയതയ്‌ക്കും ജാതീയതക്കും കീഴ്‌പ്പെട്ടുകൊണ്ട്‌ നിർദോഷികളായ, പണിയെടുത്തവരെ വകവരുത്തുന്ന ഒരു സംസ്‌കാരത്തിലേക്ക്‌ അധഃപതിക്കുമ്പോൾ നമുക്ക്‌ എങ്ങിനെ അംഗീകരിച്ചു കൊടുക്കാനാകും?

കേരളത്തിലെ മനുഷ്യർ വർഗ്ഗീയത ബാധിച്ചവരോ, ജാതീയത ബാധിച്ചവരോ അല്ല. പക്ഷെ ഇങ്ങനെയുളള സംഭവങ്ങൾ ഉണ്ടാകുന്നത്‌ ഏതു വർഗ്ഗീയവാദിക്കും സന്തോഷമുളള കാര്യമാണ്‌. ഇപ്പോൾ അനീതിയും കൊളളരുതായ്‌മയും സമൂഹത്തിൽ നടന്നാൽ ഒന്നുകിൽ അതിൽ കക്ഷിയായി ചേരുക, അല്ലെങ്കിൽ തങ്ങളെ ഇതൊന്നും ബാധിക്കുന്നില്ല തങ്ങളുടെ വീട്‌ മാത്രമാണ്‌ പ്രധാനം എന്നു കണക്കാക്കുന്നവരാണ്‌ കൂടുതലും ഇന്ന്‌. അതിന്റെ ഫലം കൊണ്ടുണ്ടായ, നമ്മുടെ മരവിച്ചുപോയ മനുഷ്യത്വത്തിന്റെ മഞ്ഞുകാലത്തിൽ നിന്നുകൊണ്ടാണ്‌ വർഗ്ഗീയ ശക്തികൾ ഇങ്ങനെ വിളയാടുന്നത്‌. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ്‌ കേരളത്തിൽ ഇപ്പോൾ പല രീതിയിൽ, മാറാടായാലും, ഒളവണ്ണയായാലും, ചേർത്തലയായാലും, അരങ്ങേറിക്കൊണ്ടിരിക്കുന്നത്‌.

ഏതു വർഗ്ഗീയ കലാപത്തിലും ചാകുന്നതും കൊല്ലുന്നതും പണിയെടുക്കുന്ന പാവപ്പെട്ട വിഭാഗത്തിലെ ആൾക്കാർ മാത്രമാണ്‌. അല്ലാതെ അതിന്റെ നേതാക്കന്മാരും, പകൽ മാന്യന്മാരും അതിന്റെ അധികാരത്തിന്റെ പങ്കു പറ്റുന്നവരുമല്ല. എന്തൊരു ദുഷ്‌ടമായ ഒരു അവസ്ഥയാണിത്‌ ! ഇതൊക്കെ എങ്ങിനെയാണ്‌ നേരിടാൻ കഴിയുക എന്ന്‌ നാം വിശദമായി ആലോചിക്കേണ്ടിയിരിക്കുന്നു. ശക്തമായ ഇടപെടൽ കൊണ്ട്‌ നാം ഇതെല്ലാം പരിഹരിക്കേണ്ടിയിരിക്കുന്നു. ശക്തമായ ഇടപെടൽ എന്നു ഞാൻ പറയുമ്പോൾ ആയുധങ്ങൾ ഉപയോഗിച്ചുകൊണ്ടുളള ഇടപെടൽ എന്നല്ല അർത്ഥം. മനുഷ്യരുടെ നന്മയെ ഉയർത്തിപിടിച്ചുകൊണ്ട്‌ തിന്മക്കെതിരെ നിർഭയം നിലകൊളളുമെന്നുളള, വർഗ്ഗീയവാദികളായ, മനുഷ്യരെ സമൂഹത്തിൽനിന്നും ഒറ്റപ്പെടുത്തുമെന്നുളള പ്രഖ്യാപനമാണ്‌ ഞാൻ ഉദ്ദേശിക്കുന്നത്‌. അവരേത്‌ സമുദായത്തിൽപ്പെട്ടവരായാലും ആ സമുദായത്തിൽപ്പെടുന്നവർ തന്നെ അവരെ പുറന്തളളാൻ മുന്നോട്ടു വരേണ്ടതുണ്ട്‌. ഇതിനേക്കാൾ ദുഷ്‌ക്കരമായ കാലഘട്ടത്തിൽ സാമൂഹ്യവിരുദ്ധ ശക്തികളോട്‌ പോരാടി അതിനുവേണ്ടി ജീവൻ ത്യജിച്ച്‌ അതിനൊരറുതി വരുത്തിയ പാരമ്പര്യമുളളവരാണ്‌ കേരളീയർ. ആ പാരമ്പര്യമൊക്കെ മറന്ന്‌ ഇന്ന്‌ ഭോഗാലസ്യത്തിന്റെ, ഉപഭോഗ സംസ്‌കാരത്തിന്റെ; ചെറുപ്പക്കാർ ഉൾപ്പെടെയുളള സമൂഹം, വളരെയേറെ നട്ടെല്ലില്ലാത്തവരായ്‌, ആത്മാഭിമാനമില്ലാത്തവരായ്‌, ക്ഷുദ്രജീവികളായ്‌ തീർന്നതിന്റെ തണലിൽ, ഈ ചീഞ്ഞ സമൂഹമാണ്‌ ഇത്തരം ഈ ദുഷ്‌ടശക്തികളെ വളർത്തിയെടുക്കുന്നതെന്ന്‌ മനസ്സിലാക്കണം. അതു മനസ്സിലാക്കി ഈ ജീർണ്ണതയെ നശിപ്പിക്കാനുളള നശിപ്പിക്കാനുളള സാംസ്‌ക്കാരിക പ്രവർത്തനങ്ങൾ നാം നടത്തണം ഇനിയെങ്കിലും. രാഷ്‌ട്രീയാതീതമായ്‌ മനുഷ്യത്വത്തിനുവേണ്ടി നിലകൊളളുന്ന ഒരു സന്നദ്ധത കേരളീയരായ ജനത പാലിക്കാൻ തയ്യാറായില്ലെങ്കിൽ വർഗ്ഗീയ സംഘർഷങ്ങൾ ഇനിയും കേരളത്തിൽ നടന്നുകൊണ്ടിരിക്കും. വർഗ്ഗീയ കലാപങ്ങൾ കേരളത്തിൽ ആവർത്തിക്കാതിരിക്കാനുളള ബാധ്യത ഇവിടുത്തെ ജനങ്ങൾക്കാണ്‌. പണ്ട്‌ ഹിറ്റ്‌ലറുടെ കാലത്ത്‌, ഒരു പാതിരിയെഴുതിയ വരികൾ പോലെ

ആദ്യമവർ യഹൂദമാരെ തേടി വന്നു

ഞാനൊന്നും പറഞ്ഞില്ല

കാരണം ഞാൻ യഹൂദനായിരുന്നില്ല

പിന്നെയവർ കമ്യൂണിസ്‌റ്റുകാരെ തേടി വന്നു

ഞാനൊന്നും പറഞ്ഞില്ല

കാരണം ഞാൻ കമ്യൂണിസ്‌റ്റായിരുന്നു

പിന്നെയവർ കത്തോലിക്കരെ തേടി വന്നു

ഞാനൊന്നും പറഞ്ഞില്ല

കാരണം ഞാൻ കത്തോലിക്കനല്ലായിരുന്നു

പിന്നെയവർ എന്നെ തേടി വന്നു

അപ്പോൾ എനിക്കുവേണ്ടി

സംസാരിക്കാൻ

ആരുമില്ലായിരുന്നു

ഇത്തരം പശ്ചാത്താപത്തിന്റെ വാക്കുകൾ കേരളത്തിലെ ഓരോ വ്യക്തിയിൽനിന്നും ഉണ്ടാവല്ലേ എന്നുകൂടി ഞാൻ പ്രാർത്ഥിക്കുന്നു.

(കടപ്പാട്‌ ഃ കവിതാസംഗമം മാസിക, വിലാസംഃ സെബാസ്‌റ്റ്യൻ, കളത്തിൽ വീട്‌, കോട്ടപ്പുറം പി.ഒ., കൊടുങ്ങല്ലൂർ - 680 667.)

കടമ്മനിട്ട രാമകൃഷ്‌ണൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.