പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

മാപ്പിള കല ജനകീയമാകുന്നതിന്റെ പൊരുള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഷ്‌റഫ്‌ കാളത്തോട്‌

വ്യക്തിയുടെയും സമൂഹത്തിന്റെയും വ്യക്തിത്വത്തെ നില നിര്‍ത്താനുള്ള ഉപാധിയാണ് കല. മാപ്പിള കല കേരളീയ സംസ്കാരത്തോട് കൂടെ ചേര്‍ന്ന് സ്വത്ത പൂര്‍ണ്ണമായ സവിശേഷത പ്രകാശിപ്പിക്കാന്‍ തുടങ്ങിയിട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞു. കുത്തൊഴുക്കില്‍ തകര്‍ന്നു പോകാതെ പിടിച്ചു നിന്ന കാലത്തിന്റെ ചരിത്രവും പേറിയുള്ള യാത്രക്കിടയില്‍ പറഞ്ഞു തീര്‍ക്കാനാകാത്ത അനുഭവങ്ങള്‍ ഉണ്ടായിട്ടും നേരിടേണ്ടി വന്നിട്ടും അതില്‍ നിന്നൊക്കെ സടകുടഞ്ഞു കൊണ്ട് ഒരു വട വൃക്ഷം പോലെ മലയാണ്മകയില്‍ മാപ്പിള കല എഴുന്നേറ്റ് നിന്നിരിക്കുകയാണ്. അതുപോലെ അതിന്റെ മാനവിക തലം പ്രവിശാലമായികൊണ്ടിരിക്കുന്നു. ഇളം തെന്നലില്‍ കലരുന്ന സംഗീതം പോലെ അത് ജനഹൃദയങ്ങളില്‍ കലര്‍ന്ന് മൈത്രിയുടെ പുതിയ മാനങ്ങള്‍ സൃഷ്ടിക്കുകയാണ്.

ലോകത്തിലെ മറ്റേതൊരു കലയെക്കാളും താഴെയല്ല മാപ്പിള കല. അറേബ്യന്‍ സാംസ്കാരികത പുല്‍കിപ്പുണര്‍ന്നുണ്ടായ കേരളീയ മുസ്ലീങ്ങളുടെ തനിഛായയെ, തനിജീവിതത്തെ ഈ കല പ്രകടമാക്കുന്നു. വര്‍ത്തമാനം പറയുന്നതിനേക്കാള്‍ ഹൃദ്യമായ നിശ്ശബ്ദതയുടെ മുഖരിത ഭാവവും മുഴക്കവും അത് നിക്ഷേപിക്കുന്നു. മാപ്പിള കലയെ അവഗണിച്ചുകൊണ്ടൊരു കേരള കലാചരിത്രം ആലോചിക്കുവാനോ മാറിചിന്തിക്കുവാനോ കൂടി ആകാത്തത്ര ഉയരത്തിലേക്ക് മാപ്പിള കല ചെന്നെത്തിയിരിക്കുന്നു എന്ന് സാരം.

വിശ്വാസത്തിനും കലയ്ക്കും ചില സവിശേഷതകള്‍ ഉണ്ട്, ചീത്ത സ്വഭാവങ്ങളില്‍ നിന്നും ദുഷ് പ്രവണതകളില്‍ നിന്നും മനുഷ്യനെ നീക്കി നിര്‍ത്തുന്ന മുഖ്യ ഉപാധിയായും പലപ്പോഴും വിശ്വാസവും കലയും വര്‍ത്തിക്കുന്നുണ്ട്‌ . കലയും വിശ്വാസവും അടിയുറച്ചതാകുമ്പോള്‍ അടിത്തറ ദൃഡമായതും, ശക്തവുമായ ധര്‍മ്മ ബോധം രൂപപ്പെടും. സദ്‌വൃത്തിയും, കലയും വിശ്വാസവും ഒക്കെ മാനുഷികതയുടെ വിവിധ ഭാവങ്ങളുമാണ്. വിശ്വാസത്തോട് എങ്ങനെ സമീപിക്കുന്നു എന്നപോലെ തന്നെയാണ് കലയോട് എങ്ങനെ സമീപിക്കുന്നു എന്നതും. വിശ്വാസം ആന്തരികവും കല ഭൌതികവുമാണ് ഒരേ തൂവല്‍ പക്ഷികള്‍ എന്ന പോലെ ഒരു ഉടലും ആത്മാവുമായി കലയും വിശ്വാസവും വര്‍ത്തിക്കുന്നു.

മനുഷ്യരെ മറന്നു കൊണ്ട് ഭൗതികതയെ പ്രാപിക്കുവാനുള്ള ഉത്കടമായ ആഗ്രഹങ്ങള്‍ക്കിടയില്‍ മാനുഷികത പലപ്പോഴും ചിതലെടുക്കുന്നു. കാലത്തിന്റെ ദൈനം ദിന ഏര്‍പ്പാടുകളില്‍ എങ്ങനെയും സമ്പന്നതയെ പ്രാപിക്കുവാനുള്ള ആഗ്രങ്ങള്‍ക്കു മുന്‍പില്‍ പൈതൃകങ്ങള്‍ ഓര്‍മ്മിക്കപ്പെടാതെ പോകുന്നു.

സാംസ്കാരിക നിലപാടുകള്‍ പലപ്പോഴും കൊല്ലും, കൊലയും, വെട്ടും, കുത്തും ഒക്കെയായി മാറിപ്പോകുന്ന വിതമാണ് കാലിക വ്യവഹാരങ്ങള്‍ രൂപപ്പെടുന്നത്, ഇത്തരം ജീവിത നിരാസങ്ങള്‍ ഉണ്ടാക്കുന്ന പ്രതിലോമകത നയിക്കപ്പെടുന്നത്‌ അസാംസ്കാരിക ദുര്‍നടപടികളിലേക്കാണെന്നതിനു സമകാല ജീവിത താളങ്ങള്‍ തന്നെ സാക്ഷിയുമാണ്. വര്‍ദ്ധിച്ചുവരുന്ന വൃദ്ധ സദനങ്ങള്‍ നമ്മുടെ സ്നേഹമില്ലായ്മയുടെ തെളിവുകളും ആധാരങ്ങളുമാകുന്നു. വിശപ്പിനു പകരം ലഹരിയുടെ ഭീകര താരാട്ട് ഏറ്റു മറ്റുള്ളവരുടെ മുതുകില്‍ കയറി പെരുമാറാതെ ഉറങ്ങാന്‍ കഴിയാത്ത മലയാളിയുടെ ഉപഭോകസംസ്കാരികതയുടെ കഠിനതയ്ക്ക് പുതിയ പാഠഭേദങ്ങളുടെ സരളമായ താളുകളടങ്ങുന്ന നവോത്ഥാനമാണ്‌ നിര്‍ദ്ദേശിക്കേണ്ടതും, പ്രാവര്‍ത്തികമാക്കേണ്ടതും

സമ്പന്നമായികൊണ്ടിരിക്കുന്ന കേരള ജനതയുടെ മനസ്സിലും ശരീരത്തിലും ഇല്ലാതെ പോകുന്ന ആത്മീയതയുടെ സ്പൈസ് കല നികത്തുന്നുണ്ട്. മാനുഷികതയില്‍ രൂപപ്പെടുന്ന ആന്തരിക സംഘര്‍ഷങ്ങളെ ഒരളവോളം കലയ്ക്ക് തൂക്കി എറിയുവാന്‍ സാധിക്കുന്നുമുണ്ട്. വിശ്വാസത്തോടൊപ്പം ചേര്‍ന്നുകൊണ്ടുള്ള നല്ല കലയുടെ ഇഴചേരല്‍ രാജ്യ പുരോഗതിയ്ക്ക് പ്രേരകവും, അനുപേക്ഷണീയവുമാണ്.

കലയും സാഹിത്യവും ആത്മാവില്‍ പൂശുന്ന സുഗന്ധം ജീവിതത്തെ പ്രോജ്വലിപ്പിക്കുന്നു. അതിന്റെ മാനവികതലം അത്രമേല്‍ ഹൃദയഹാരിയുമാണ്. ഭാഷയുടെ നാനാത്വത്തെ ഉള്‍കൊണ്ടുകൊണ്ടുള്ള സൗഹൃദത്തിന്റെ ഭേരിയായി കല മാറുകയും, ജാതിവിചാരങ്ങളെ തൂത്തെറിഞ്ഞു കൊണ്ടുള്ള വര്‍ഗ്ഗ സഹവര്‍ത്തിത്വം സാധ്യമാകുന്ന ഒരു നല്ല ഉപാധിയായി കലയെ ജനം മാറ്റുകയും സ്വീകരിക്കുകയും വേണം. നല്ല ആശയങ്ങളടങ്ങുന്ന കലയുടെ ഭാഷ അത് കൊണ്ട് തന്നെ സ്വീകാര്യവുമാണ്.

കാലത്തിന്റെ സാംസ്കാരിക ഭൂപടത്തില്‍ രേഖപ്പെട്ടു കിടക്കുന്ന ജീവിത മുദ്രകള്‍, ആചാരങ്ങള്‍ എല്ലാം ഓരോ കലകളായി രൂപപ്പെട്ടു കൊണ്ട് അനശ്വരത പ്രാപിക്കുകയാണ് അത് അടയാളപ്പെടുത്തുന്ന ജീവിത കാലവും രൂപവുമെല്ലാം പില്‍ക്കാല മനുഷ്യരുടെ അന്വേഷണങ്ങള്‍ക്കുള്ള ആധാരങ്ങളുമാണ്. അറബികളുടെ ജീവിതയാനം സമുദ്ര പാതകള്‍ പിന്നിട്ടു കൊണ്ട് ലോകത്തെ കീഴടക്കി അവരുടെ ആചാര ജീവിത വ്യവഹാരങ്ങള്‍ എല്ലാം ചെന്നെത്തിയ എല്ലായിടത്തും കോറിയിട്ടു കാലചംക്രമണത്തോട് സംവദിച്ചതിന്റെ നേര്‍ ചിത്രങ്ങളും ശേഷിപ്പുകളുമാണ് മാപ്പിള കലയായി പരിവര്‍ത്തനം ചെയ്യപ്പെട്ടത്. കേരളവുമായുണ്ടായിരുന്ന വാണിജ്യ വ്യവഹാരങ്ങള്‍ക്കിടയില്‍ കൈമാറ്റം ചെയ്യപ്പെട്ട അവരുടെ ഹൃദയങ്ങളാണ് ആ സംസ്കൃതിയുടെ കേരളീയ രൂപമായി മാറിയ മാപ്പിള കല. സഹിഷ്ണുതയോട് കൂടിയ പെരുമാറ്റത്തിന്റെ അടയാളങ്ങളായി അത് കേരളം ഏറ്റെടുത്തു തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് ആ നല്ല കലയുടെ നല്ല ചിന്തകളടങ്ങിയ ഉള്ളടക്കം കൊണ്ട് തന്നെയാണ്. മാപ്പിള കലാവേദി കുവൈറ്റ്‌ ഒരു നല്ല സാംസ്കാരിക വ്യവഹാരങ്ങളുടെ ഇടമായി മാറുകയാണ്. ആ പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ അണിചേരലിന് വേണ്ടിയുള്ള ഇടപെടലുകള്‍ ഉണ്ടാക്കികൊണ്ട് ഈ ഭൂമികയെ അത് പ്രകാശപൂരിതമാക്കുന്നു.

അഷ്‌റഫ്‌ കാളത്തോട്‌


E-Mail: kalathode@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.