പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

മുല്ലപ്പെരിയാർഃ ചർച്ചക്ക്‌ അവസരമായി; ഇനിയെങ്കിലും സംസ്ഥാനതാൽപര്യം പരിഗണിച്ചെങ്കിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാബു മൂന്നാർ

ലേഖനം

കേരള-തമിഴ്‌നാട്‌ മുഖ്യമന്ത്രിമാരുടെ ചർച്ചയിൽ മുല്ലപ്പെരിയാർ പ്രശ്നത്തിൽ ധാരണയിലെത്താൻ കഴിഞ്ഞില്ലെങ്കിലും വീണ്ടും ചർച്ച തുടങ്ങിവെയ്‌ക്കാൻ കഴിഞ്ഞുവെന്നത്‌ നേട്ടം തന്നെ. ജലനിരപ്പ്‌ 142 അടിയായി ഉയർത്താൻ അനുവദിച്ചുകൊണ്ടുളള സുപ്രീം കോടതി വിധിയോടെ അവസാനിച്ചുവെന്ന്‌ കരുതിയ ഫയൽ തുറക്കാൻ കഴിഞ്ഞതോടെ, മുല്ലപ്പെരിയാർ പ്രശ്നത്തിൽ കേരളത്തിന്റെ വാദമുഖങ്ങൾ ഉയർത്താൻ ഒരിക്കൽകൂടി അവസരം കിട്ടിയിരിക്കുന്നു. കക്ഷി രാഷ്‌ട്രീയം മറന്ന്‌, കോൺഗ്രസും സി.പി.എമ്മും വെളളത്തിന്റെ കാര്യത്തിൽ യോജിപ്പിലെത്തിയാൽ മുല്ലപ്പെരിയാർ പ്രശ്നത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിയും.

മുല്ലപ്പെരിയാർ എവിടെയാണെന്നറിയില്ലെങ്കിലും ഈ പേര്‌ മലയാളികൾക്ക്‌ സുപരിചിതമാണ്‌. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാളികളുടെ നെഞ്ചിടിപ്പ്‌ വർദ്ധിപ്പിച്ചത്‌ മുല്ലപ്പെരിയാറാണ്‌. ക്രിക്കറ്റ്‌ കളിയുടെ സ്‌കോർ ലൈവായി നൽകുന്നപോലെയാണ്‌, ചില ദൃശ്യമാധ്യമങ്ങൾ മുല്ലപ്പെരിയാർ ജലനിരപ്പ്‌ നൽകിവന്നിരുന്നത്‌. ഏത്‌ സാഹചര്യത്തെയും നേരിടാൻ സർക്കാർ സംവിധാനം സജ്ജമാക്കുകയും, പെരിയാറിന്റെ തീരങ്ങളിൽ നിന്നും കുടിയൊഴിക്കൽ ആരംഭിക്കുകയും ചെയ്തതോടെ മുല്ലപ്പെരിയാർ ഡാം പൊട്ടുമോയെന്നായി സംശയം. മന്ത്രിമാരുടെയും രാഷ്‌ട്രീയ നേതാക്കളുടെയും സന്ദർശനവും ഒക്കെയായപ്പോൾ എന്തോ സംഭവിക്കാൻ പോകുന്നുവെന്ന തോന്നലാണ്‌ സൃഷ്ടിക്കപ്പെട്ടത്‌. സ്‌കൂൾ കുട്ടികൾ തലചുറ്റി വീഴാൻ കാരണമായതും ഇത്തരം പ്രചരണം ആയിരിക്കുമല്ലോ? എന്തായാലും മലയാളികളുടെ ഭീതിക്ക്‌ പ്രയോജനമുണ്ടായി. കേന്ദ്ര ജലവിഭവ മന്ത്രി സൈഫുദ്ദീൻ സോസ്‌ വിളിച്ച്‌ ചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ കേരളം ഉയർത്തിയതും അണക്കെട്ടിന്റെ ബലക്ഷയവും പെരിയാറിന്റെ തീരത്തെ ജനങ്ങളുടെ ജീവനും സ്വത്തുമായിരുന്നു. പുതിയ ഡാം നിർമ്മിച്ച ശേഷം മുഴുവൻ വെളളവും തമിഴ്‌നാട്ടിലേക്ക്‌ കൊണ്ടുപോകുന്നതിന്‌ എതിർപ്പില്ലെന്ന കേരള വാദത്തെ നിരാകരിക്കാൻ കേന്ദ്രമന്ത്രിക്കും കഴിഞ്ഞില്ല.

1886 ഒക്‌ടോബർ 29ന്‌ തിരുവിതാംകൂർ മഹാരാജാവും മദിരാശി സ്‌റ്റേറ്റ്‌ സെക്രട്ടറിയും ഒപ്പിട്ട, 999 വർഷത്തേക്കുളള പെരിയാർ പാട്ട കരാറിന്റെ ഭാഗമായാണ്‌ മുല്ലപ്പെരിയാറിൽ ഡാം നിർമ്മിച്ച്‌, വെളളം കിഴക്കോട്ട്‌ തിരിച്ചുവിട്ടത്‌. മുല്ലപ്പെരിയാർ അണക്കെട്ട്‌ നിർമ്മിച്ചതോടെയാണ്‌ തേക്കടി തടാകം രൂപംകൊളളുന്നത്‌. ചുണ്ണാമ്പും ശർക്കരയും ചേർത്ത സുർക്കി എന്ന മിശ്രിതം ഉപയോഗിച്ച്‌ മുല്ലപ്പെരിയാർ ഡാമിന്റെ നിർമ്മാണം പൂർത്തിയാക്കിയത്‌ 1895 ലായിരുന്നു. എന്നാൽ അതിനു മുമ്പ്‌ തന്നെ മുല്ലപ്പെരിയാറിൽ നിന്നും അയൽരാജ്യം വെളളം ചോർത്തിയിരുന്നു. 1862ൽ മേജർ വൈറസ്‌ 145 അടി ഉയരമുളളതും ഒരു ടി.എം.സി. ഘനയടി സംഭരണശേഷിയുളളതുമായ ഡാം നിർമ്മിച്ചിരുന്നു. ഈ ജലം ചോർത്തലറിഞ്ഞ തിരുവിതാംകൂർ രാജാവ്‌ ഇടപെടുകയും നീണ്ട ചർച്ചകൾക്കൊടുവിൽ പെരിയാർ പാട്ടകരാർ ഒപ്പിടുകയുമായിരുന്നു.

തുടക്കം മുതൽ മുല്ലപ്പെരിയാർ വിവാദത്തിലായിരുന്നു. ജലസേചനത്തിന്‌ നൽകിയ വെളളം ഉപയോഗിച്ച്‌ കുമളിക്കടുത്ത്‌ ലോവർ ക്യാമ്പിൽ വൈദ്യുതി ഉൽപാദനം തുടങ്ങിയതോടെയാണ്‌ ആദ്യ വ്യവഹാരം ഉടലെടുത്തത്‌. വൈദ്യുതി ഉൽപാദനത്തെ തിരുവിതാംകൂർ എതിർത്തതിനെ തുടർന്ന്‌, കരാർ വ്യവസ്ഥ പ്രകാരം തർക്കം രണ്ടംഗ ട്രൈബ്യൂണലിന്‌ വിട്ടു. അവർക്ക്‌ യോജിച്ച തീരുമാനത്തിലെത്താൻ കഴിഞ്ഞപ്പോഴാണ്‌ കൽക്കത്ത ഹൈക്കോടതി ജഡ്‌ജിയായിരുന്ന സർ നളിനി രഞ്ജൻ ചാറ്റർജിയെ അമ്പയറായി നിയമിച്ചത്‌. 1941 മെയ്‌ 21ന്‌ അമ്പയറുടെ വിധി പുറത്തുവന്നു - തിരുവിതാംകൂറിന്‌ അനുകൂലമായി. ജലസേചനത്തിന്‌ നൽകിയ വെളളം ഉപയോഗിച്ച്‌ വൈദ്യുതി ഉൽപാദിപ്പിച്ചത്‌ തെറ്റായിരുന്നുവെന്നായിരുന്നു വിധി. ഇതോടെ, കരാർ പുതുക്കാൻ മദിരാശി സർക്കാർ തയ്യാറായി. പക്ഷേ, അന്നത്തെ തിരു-കൊച്ചി സർക്കാരോ പിന്നീട്‌ വന്ന കേരള സർക്കാരോ കിട്ടിയ അവസരം ഉപയോഗിച്ചില്ല. ഒടുവിൽ പെരിയാർ പാട്ടകരാറിന്‌ അനുബന്ധ കരാർ ഒപ്പിട്ടത്‌ 1970 മെയ്‌ 9നും. വൈദ്യുതി ഉൽപാദനത്തിന്‌ അനുമതി നൽകുകയും പാട്ടതുക വർദ്ധിപ്പിക്കാൻ വ്യവസ്ഥ ചെയ്യുകയും പാട്ടകരാറിന്റെ 999 വർഷ കാലാവധിയിൽ ആശങ്ക പ്രകടിപ്പിക്കാൻപോലും കേരളത്തിനായില്ല.

മുല്ലപ്പെരിയാറിന്റെ താഴെത്തട്ടിൽ നിന്നും 155 അടി ഉയരംവരെ 8000 ഏക്കർ ഭൂമി ജലസംഭരണത്തിനും 100 ഏക്കർ നിർമ്മാണപ്രവർത്തനത്തനങ്ങൾക്കുമാണ്‌ പാട്ടത്തിന്‌ നൽകിയിട്ടുളളത്‌. ഏക്കറിന്‌ അഞ്ച്‌ രൂപയായിരുന്ന പാട്ടം, 1970ലെ അനുബന്ധ കരാറനുസരിച്ച്‌ 30 രൂപയാക്കി ഉയർത്തി. വൈദ്യുതി ഉയർത്തി. വൈദ്യുതി ഉൽപാദനത്തിന്‌ റോയൽറ്റി ഇനത്തിൽ ലഭിക്കുന്നത്‌ യൂണറ്റിന്‌ ഒരു പൈസയിൽ താഴെയും പാട്ടതുക മാത്രം ഓരോ മുപ്പതുവർഷം കൂടുമ്പോഴും പുനരവലോകനം ചെയ്യാം. അനധികൃതമായി വൈദ്യുതി ഉൽപാദിപ്പിച്ചത്‌ പോലെ, മുല്ലപ്പെരിയാറിൽ മറ്റൊരു ഡാമും - ബേബിഡാം തമിഴ്‌നാട്‌ നിർമ്മിച്ചിതുന്നു.

ഇപ്പോഴത്തെ പ്രശ്‌നം ഇതൊന്നുമല്ല; അണക്കെട്ടിൽ ചോർച്ച കണ്ടതിനെ തുടർന്ന്‌ 1979ൽ ജലനിരപ്പ്‌ 136 അടിയായി കുറച്ചിരുന്നു. കേന്ദ്ര വാട്ടർ കമ്മീഷൻ ഡാം പരിശോധിച്ച ശേഷമായിരുന്നു തീരുമാനം. ഡാം ബലപ്പെടുത്തൽ ജോലികളും നിർദ്ദേശിച്ചു. ഇതനുസരിച്ച്‌ ഡാം ബലപ്പെടുത്തിയെന്നും ജലനിരപ്പ്‌ ഉയർത്തണമെന്നും തമിഴ്‌നാട്‌ ആവശ്യപ്പെട്ടു.

ജലനിരപ്പ്‌ ഉയർത്തണമെന്നാവശ്യപ്പെട്ട്‌ മദിരാശി ഹൈക്കോടതിയും ജലനിരപ്പ്‌ ഉയർത്തരുതെന്നാവശ്യപ്പെട്ട്‌ കേരള ഹൈക്കോടതിയിലും 1997-98 കാലഘട്ടത്തിൽ ഹർജികളെത്തി. രണ്ട്‌ ഹൈക്കോടതികളിൽ ഒരേ വിഷയത്തിൽ വ്യത്യസ്‌ത വിധിവന്നാൽ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കപ്പെടുമെന്ന്‌ ചൂണ്ടിക്കാട്ടി. 1998 ഡിസംബർ 1ന്‌ തമിഴ്‌നാട്‌ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ്‌, ഇപ്പോഴും തുടരുന്ന കേസ്‌ ഉന്നത നീതിപീഠത്തിലെത്തിയത്‌. കോടതി നിർദ്ദേശപ്രകാരം മുഖ്യമന്ത്രിമാർ 2000 ഏപ്രിൽ 5നും മെയ്‌ 19നും മുഖ്യമന്ത്രിമാർ ചർച്ച നടത്തുകയും ചെയ്‌തു. കേന്ദ്ര ജലവിഭവ മന്ത്രിയുടെ സാന്നിധ്യത്തിൽ 2000 മെയ്‌ 19ന്‌ മുഖ്യമന്ത്രിമാരായ എം.കരുണാനിധിയും ഇ.കെ.നായനാരും നടത്തിയ ചർച്ചയിലാണ്‌ ഡാമിനെ കുറിച്ച്‌ പഠിക്കാൻ ഏഴംഗ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്‌. ഈ വിദഗ്‌ധ സമിതിയാണ്‌ അണക്കെട്ടിലെ ജലനിരപ്പ്‌ 142 അടിയാക്കാൻ ശുപാർശ ചെയ്‌തത്‌. കേരള പ്രതിനിധി എം.കെ.പരമേശ്വരൻ നായരുടെ വിയോജന കുറിപ്പോടെയാണു വിദഗ്‌ധ സമിതി റിപ്പോർട്ടു സമർപ്പിച്ചത്‌. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു 2006 ഫെബ്രുവരിയിലെ സുപ്രീം കോടതി വിധി.

കേരളം നൽകിയ അപ്പീൽ പരിഗണനയിലാണ്‌, വീണ്ടും മുഖ്യമന്ത്രീതല ചർച്ചയ്‌ക്ക്‌ അവസരം കിട്ടിയത്‌. ആധുനിക സാങ്കേതിക വിദ്യകൾ കൂടാതെ 111 വർഷം മുമ്പ്‌ നിർമ്മിച്ച ഡാം യഥാർത്ഥത്തിൽ പെരിയാറിന്റെ തീരത്തെ ജനങ്ങൾക്ക്‌ ഭീഷണിയാണ്‌. മുല്ലപ്പെരിയാറിലെ വെളളം ഇടുക്കി അണക്കെട്ടിലേയ്‌ക്കാണ്‌ ഒഴുകിയെത്തുന്നത്‌. ഇടുക്കി അണക്കെട്ട്‌ നിറഞ്ഞ്‌ കിടക്കവെയാണ്‌ മുല്ലപ്പെരിയാറിന്‌ എന്തെങ്കിലും സംഭവിക്കുന്നതെങ്കിൽ ഇടുക്കി ജില്ല ഭാഗീകമായും കോട്ടയം, എറണാകുളം ജില്ലകൾ പൂർണ്ണമായും തുടച്ചു നീക്കപ്പെടും. മനുഷ്യജീവൻ പന്താടികൊണ്ട്‌ അയൽസംസ്ഥാത്തെ പലഭൂയിഷ്ടമാക്കണമോ? തമിഴ്‌നാട്ടിലെ തേനി, മധുര, രാമനാഥപുരം, ശിവഗംഗ തുടങ്ങിയ ജില്ലകൾ നിലനിൽക്കുന്നത്‌ തന്നെ മുല്ലപ്പെരിയാറിലെ വെളളം കൊണ്ടാണ്‌ എന്നത്‌ അംഗീകരിച്ച്‌ കൊണ്ട്‌ തന്നെയാണ്‌ മലയാളിയുടെ ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെടുന്നതും പുതിയ അണക്കെട്ട്‌ നിർമ്മിക്കണമെന്നാവശ്യപ്പെടുന്നതും.

പെരിയാർ പാട്ട കരാർ ഒപ്പിട്ട 120 വർഷം മുമ്പുളള സാഹചര്യം മാറി. കേരളം ജലക്ഷാമത്തിലേക്കും പവർകട്ടിലേക്കും നീങ്ങി. ഇതറിയാതെയുളള തമിഴ്‌നാടിന്റെ പിടിവാശിയും അംഗീകരിക്കപ്പെടേണ്ടതാണോ? കേന്ദ്രഭരണത്തിന്‌ നേതൃത്വം നൽകുന്ന കോൺഗ്രസും പിന്താങ്ങുന്ന സി.പി.എമ്മും ഇവിടെ ഭരണ പ്രതിപക്ഷ കക്ഷികളാണെങ്കിലും അവരാണ്‌ തീരുമാനിക്കേണ്ടത്‌. അനുകൂലസാഹചര്യവും അവസരവും കിട്ടിയിട്ടും മുല്ലപ്പെരിയാർ പ്രശ്നം കേരള താൽപര്യത്തിന്‌ അനുകൂലമായി കൈകാര്യം ചെയ്യാൻ കഴിയാതെ പോയതിന്റെ പ്രായശ്ചിത്തം ചെയ്യാനുളള അവസരമാണ്‌ കേരളത്തിലെ ഭരണ, പ്രതിപക്ഷ കക്ഷികൾക്ക്‌ ലഭിച്ചിട്ടുളളത്‌.

ബാബു മൂന്നാർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.