പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

നന്മയാണ് നമ്മുടെ ധനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ. ജാനകിയമ്മ, മണ്ണയാട്

' കുട്ടികള്‍ക്കും വലിയവര്‍ക്കും വേണ്ടി'

അറിവും ബുദ്ധിയും അവയവവും സൗന്ദര്യവും സൗകര്യത്തിനുതകുന്ന എല്ലാ കഴിവിന്റെയും ഉടമയാണല്ലോ മനുഷ്യന്‍. ഈ ശരീരം ദുര്‍മോഹത്താല്‍ അഹങ്കരിച്ചു ക്രൂരത, ദുഷ്ടത, ചതി, കൊല, നിയമവിരുദ്ധമായ പ്രവര്‍ത്തി എന്നിവകള്‍ക്ക് ഉപയോഗപ്പെടുത്തുകയാണ് ഇക്കാലത്ത്. ഇന്നു നാട്ടിലുടനീളം കേള്‍ക്കുന്നതും കാണുന്നതും മനുഷ്യമനസിനെ മരവിപ്പിക്കുന്ന കാഴ്ചകളാണ്. ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കപ്പെട്ട ഇവിടം പിശാചുക്കളുടെ കലവറയായിരിക്കുകയല്ലേ? ഭ്രാന്തമായ വേഷം, എന്തും തിന്നാന്‍ വെമ്പുന്ന കാട്ടാള വെറി, എങ്ങനെയും ആരെയും ആക്രമിച്ചു കീഴടക്കാനുള്ള ശൗരം എന്നിവ നടമാടുകയാണിവിടെ. മതവും ജാതിയും രാഷ്ട്രീയവും വേഷവിധാനങ്ങളും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കാണുന്നത്.

ഉന്നതരും ഉത്കൃഷ്ടരുമായ പല മാഹാത്മാക്കളും ജനിച്ചുവളര്‍ന്ന ഈ കേരള ദേശത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. ഇത്തരം വഴികളില്‍ കൂടി നടന്ന സത്യസന്ധരായ വഴികാട്ടികളായി ഇന്നും ചിലര്‍ നിലവിലുണ്ട്. പക്ഷെ ഇന്നത്തെ തലമുറ അത്തരക്കാരെ ഗൗനിക്കാതെ നടന്നു നീങ്ങുന്നതാണ് നാട്ടില്‍ വിപത്തുകള്‍ പെരുകാന്‍ കാരണമാകുന്നത്. ഗാന്ധിജി മതത്തിനും രാഷ്ട്രീയത്തിനും വിലകല്‍പ്പിക്കാതെ ആഡംബരവേഷമോ യാത്രാസൗകര്യമോ ഭക്ഷണ തത്പരതയോ ആഗ്രഹിക്കാതെ ശാന്തമായി ഏറെ പരിശ്രമിച്ച്, അധ്വാനിച്ച്, വിയര്‍പ്പൊഴുക്കി രാജ്യത്തെ സ്വതന്ത്രമാക്കി. അന്നു കേളികേട്ടിരുന്ന കേരളം ഇന്ന് എല്ലാം കൊണ്ടും മാറ്റിമറിഞ്ഞിരിക്കുകയാണ്.

ശ്രീനാരായണ ഗുരു പറഞ്ഞു 'മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്ന്. പക്ഷെ ഇന്നു വ്യത്യസ്ത മതങ്ങളിലെ രണ്ടു പേര്‍ പ്രണയിച്ചാല്‍ തല്ലിക്കൊല്ലുന്ന കാടത്തമാണ് കാണുന്നത്. എന്നാല്‍ മനുഷ്യനെ വകവരുത്താന്‍ കെല്‍പ്പുള്ള വിഷം വഹിക്കുന്ന മൂര്‍ഖന്‍ പാമ്പിനെ നോവിക്കാതെ കാട്ടില്‍ കൊണ്ടുവിടുന്നു. മദര്‍ തേരസ എത്ര അനാഥ കുഞ്ഞുങ്ങളെയാണ് തെരുവില്‍ നിന്ന് എടുത്തു വളര്‍ത്തിയത്. അനാഥ മന്ദിരങ്ങളില്‍ നിന്നും അമ്മത്തൊട്ടിലുകളില്‍ നിന്നും എടുത്തുവളര്‍ത്തിയ എത്ര യുവതീയുവാക്കളെയാണ് വിവാഹം കഴിച്ചു ജീവിതമുണ്ടാക്കികൊടുത്തത്.. ഇവരൊക്കെ ഏതു മതത്തിലാണ് പെടുന്നത്?

മനുഷ്യര്‍ തമ്മില്‍ സ്‌നേഹിച്ചു ജീവിച്ച കാലം മറന്നുപോയിരിക്കുകയാണ്. ഇവിടെ പണത്തെ മാത്രം കൂട്ടുപിടിക്കാന്‍ നെട്ടോട്ടമോടുകയാണ് പലരും. ശരിയായ വിധത്തില്‍ ജ്ഞാനം പകര്‍ന്നു നല്‍കാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കുന്നില്ല. പണ്ട് പഠിച്ചതും പഠിപ്പിച്ചതും അറിവിന്റെ നിറകുടങ്ങളായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് പണം കൊടുത്തു സര്‍ട്ടിഫിക്കെറ്റ് വാങ്ങി, ഉന്നതന്മാരായ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു ജോലി സമ്പാദിക്കുന്നു. അത്തരത്തില്‍ ജോലി സമ്പാദിക്കുന്നവര്‍ പണത്തിന് ആര്‍ത്തി മൂത്ത് കൈക്കൂലി വാങ്ങാന്‍ ശ്രമിക്കുന്നു. മറ്റു ചിലര്‍ ജനിപ്പിച്ച രക്ഷിതാക്കളെ മറന്നു, നാടും വീടും മറന്ന് അന്യദേശത്ത് സുഖമായി ജീവിക്കുന്നു. ഇങ്ങനെ പോയാല്‍ നമ്മുടെ ഭാവി തലമുറയുടെ ഗതിയെന്താകും?

കെ. ജാനകിയമ്മ, മണ്ണയാട്




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.