പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വ്രതമെടുത്ത് സംവൃതരാവുക

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എ.ടി. അഷ്‌റഫ്‌ കരുവാര കുണ്ട്

അറേബ്യന്‍ മരുഭുമികളിലെ ഇരുണ്ട കാലഘട്ടങ്ങളില്‍പോലും നോമ്പനുഷ്ടിക്കുന്നവരുണ്ടായിരുന്നു. മുഹറം പത്തിലെ ' അശുറാഅ ' എന്നാണ് അന്നത്തെ നോമ്പ് അറിയപ്പെട്ടിരുന്നത് . ഒരിക്കല്‍ , മദീനയിലെത്തിയ നബി തിരുമേനി (സ)യോട്‌ ജൂതന്മാര്‍ , അവര്‍ നോമ്പ് എടുക്കുന്നതിന്റെ കാരണമന്വേഷിച്ചപ്പോള്‍ , മൂസാനബിയെ ദൈവം രക്ഷിക്കുകയും ഫിര്‍ഔനെ പ്രളയത്തില്‍ മുക്കികളയുകയും ചെയ്തതിന്റെ നന്ദി സൂചകമാണ് എന്നാണ് പറഞ്ഞത്‌ . ഇതുകേട്ട് തിരുമേനി (സ) , തങ്ങളും മൂസ നബിയോട്‌ വളരെ അടുത്തവരാണെന്നു പറയുകയും നോമ്പ് എടുക്കാന്‍ ‍ തുടങ്ങുകയും ചെയ്തു...

ദൈവ സംപ്രീതിയും സ്വര്‍ഗ്ഗ സംപ്രാപ്തിയും കാംക്ഷിച്ചുകൊണ്ട് ഒരാള്‍ തന്റെ വാര്‍ഷിക അറ്റാദായത്തിന്റെ രണ്ടര ശതമാനം അര്‍ഹതപ്പെട്ടവര്‍ക്ക്‌ ദാനം ചെയ്യുമ്പോള്‍ സമൂഹത്തിലെ സാമ്പത്തിക അസമത്വം ലഘൂകരിക്കപ്പെടാനും പട്ടിണി കുറയാനും അതുവഴി , അവശേഷിക്കുന്ന ധനം ശുദ്ധീകരിക്കപ്പെടാനും കാരണമാകുന്നു. മനുഷ്യ പുത്രന്മാരെയെല്ലാം വഴി തെറ്റിക്കുമെന്നു ദൈവത്തെ വെല്ലുവിളിച്ചിറങ്ങിയപ്പോള്‍ , തന്റെ യഥാര്‍ത്ഥ അടിമകളെ ഒരിക്കലും കീഴ്പ്പെടുത്താനാകില്ലെന്നു താക്കീത് നല്‍കപ്പെട്ട പിശാച്, തീകൊണ്ട് സൃഷ്ടിക്കപ്പെട്ട പിശാച് ബന്ധനത്തിലാക്കപ്പെടുന്ന മാസം കൂടിയാണത്രേ വിശുദ്ധ റമദാന്‍.

നാടും നഗരവും കാടും മലകളും നിതാന്ത നിശ്ശബ്ദതയിലകപ്പെടുന്ന രാത്രികളില്‍ മരം മരവിക്കുന്ന തണുപ്പായാലും മേഘ ഗര്‍ജ്ജനങ്ങളോട് കൂടിയ പേമാരിയായാലും ‌ ഉറക്കത്തിന്റെ അത്യാനന്ദകരമായ യാമത്തിലായാലും ഉണര്‍ന്നെണീറ്റ്‌ , പ്രപഞ്ച നാഥനെ പ്രകീര്‍ത്തിക്കുന്ന ബാങ്ക് വിളി ഉയരും മുന്‍പ്‌ അത്താഴം കഴിച്ച് ഖുറാന്‍ പാരായാണഠ ചെയത് , ശരീര കാമനകള്‍ ശമിപ്പിച്ച് പ്രദോഷം വരെ കഠിന തപസ്സാണ്. വിശപ്പുകൊണ്ട് വയറുകരിയുമ്പോഴും ദാഹം കൊണ്ട് തൊണ്ട വരളുമ്പോഴും അന്നവും വെള്ളവും ആമാശയത്തിനു നല്‍കാതെ ദൈവത്തോടുള്ള കടമയും വാഗ്ദാനവും നിരവേറ്റുകയാണ് നോമ്പിലൂടെ മുസ്ലിം ചെയ്യുന്നത്.

പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശു (ഈസ) മരുഭൂമിയിലേക്ക് ദൈവത്താല്‍ നയിക്കപ്പെട്ടു. നാല്‍പ്പതു ദിനരാത്രങ്ങള്‍ ഉപവസിച്ചത് കാരണം വിശന്നു വലഞ്ഞപ്പോള്‍ പിശാച് പ്രത്യക്ഷപ്പെട്ടു പറഞ്ഞു : " നീ ദൈവ പുത്രനാണെങ്കില്‍ ഈ കല്ലുകള്‍ അപ്പമാക്കാന്‍ പറയുക" യേശു പറഞ്ഞു : " മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല , ദൈവത്തിന്റെ നാവില്‍നിന്നു പുറപ്പെടു ന്ന ഓരോവക്കുകള്‍ കൊണ്ടുമാണ് ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു"(മത്തായി 4 : 1 -11, മാര്‍ക്കോസ് 1: 12 -13, ലൂക്കാ 1 -13) ‍

പാതിനോമ്പ് ദിനത്തിലെ സന്ധ്യാ നമസ്കാരത്തിലെ ഖുര്‍ബാനക്കിടെ ദേവാലയ മധ്യത്തില്‍ കുരിശു സ്ഥാപിക്കപ്പെടുന്നതിലൂടെ , നിത്യ സ്വര്‍ഗ്ഗ വാസം വാഗ്ദാനം നല്‍കപ്പെട്ട മറി‍യമിന്റെ മകനായ ഈസയുടെ മഹത്വം ഉയര്‍ത്തപ്പെടുകയും നോമ്പിന്റെ വിശുദ്ധി വിളംബരം ചെയ്യപ്പെടുകയും ചെയ്യുന്നു. നാല്പതു ദിവസങ്ങളിലായുള്ള നോമ്പിന്റെ മധ്യത്തില്‍ വരുന്നതാണ് പാതി നോമ്പ് . നോമ്പ് തുടങ്ങുന്നതിന്റെ തലേ ദിവസം 'പേത്തുര്‍ത്ത ' ആചരിക്കും. സുഖഭോഗങ്ങളില്‍ നിന്ന് മുക്തി നേടി മനസ്സിനെ വിമലീകരിച്ച് നോമ്പ് കാലത്തിലേക്ക് പ്രവേശിക്കുക എന്നാണതിന്റെ ഉദ്ദേശം. "നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപട നാട്യക്കരെപോലെ വിഷാദം ഭാവിക്കരുത് . തങ്ങള്‍ ഉപവസിക്കുന്നുവെന്നു അന്യരെ കാണിക്കാന്‍ വേണ്ടി അവര്‍ മുഖം വികൃതമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോട് ‍ പറയുന്നു : ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന് ശിരസ്സില്‍ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിങ്ങള്‍ക്ക് പ്രതിഫലം തരും( മത്തായി 8 : 16 - 18)‍

വേദവ്യാസ മഹര്‍ഷി , സരസ്വതീ തീരത്ത് വെച്ച് രചിച്ചതും എല്ലാ വേദങ്ങളിലും ഭാസി (ഭ) ക്കുന്നതും എല്ലാ ജീവജാലങ്ങളിലും രതി ( ര ) യുണ്ടെന്നു സമര്‍ഥിക്കുന്നതും എല്ലാ തീരങ്ങളെയും തരി (ത ) ക്കുന്നതുമായ ഇതിഹാസ കേദാരമെന്നറിയപ്പെടുന്ന മഹാഭാരതത്തിലൂടെ , ശ്രീകൃഷ്ണന്‍ അര്‍ജുനന് ഗീതോപദേശം നല്‍കിയത് വൃശ്ചിക മാസത്തിലെ ഒരു ഏകാദശിയിലാണ്.

വൃശ്ചികം ഒന്നിന് തുടങ്ങി നാല്പത്തി ഒന്ന് ദിവസം നീണ്ടുനില്‍ക്കുന്ന വ്രതമെടുക്കാനും പൂര്‍ത്തീകരിക്കാനും അചഞ്ചലരായ വിശ്വാസി കള്‍ക്ക് മാത്രമേ കഴിയൂ . തണുപ്പുകാലം അതിന്റെ സര്‍വ്വ സംഹാരശക്തി യുമുപയോഗിച്ച് മാനവ ദിനചര്യകള്‍ക്ക് വിഘനം വരുത്തുന്ന പ്രഭാതങ്ങളില്‍ ‌ ഉണര്‍ന്നെണീറ്റ് ,കുളിച്ച് ,ശരീര കാമാനകള്‍ക്ക് കടിഞ്ഞാണിട്ട് താടി വടിക്കാതെയും ‌ മുടിവെട്ടാതെയും അയ്യപ്പസ്വാമിയില്‍ ശരണമന്ത്രങ്ങളര്‍പ്പിച്ച്കൊണ്ടുള്ള ദിനരാത്രങ്ങള്‍ക്ക് ശേഷം വ്രത ശുദ്ധുയുമായി ധര്‍മമ ശാസ്താവില്‍ വിലയം ചെയ്ത ഗുരുവായൂര്‍ സ്വാമിയെ കാണാന്‍ പോകുന്നു... ധനുമാസം പതിനൊന്നാം തീയതിയിലെ മണ്ഡല പൂജയും പിന്നീട് മകരവിളക്കും കഴിഞ്ഞാണ് അയ്യപ്പ ഭക്തര്‍ തിരിച്ചുവരുന്നത് .

മോക്ഷ പ്രാപ്തിക്ക് വേറെയുമുണ്ട് വൃതങ്ങള്‍ : വിവാഹിതകള്‍ എടുക്കുന്ന ശിവരാത്രി വ്രതം , സന്താനങ്ങള്‍ ലഭിക്കാന്‍ പ്രദോഷ വ്രതം , വിവാഹ തടസ്സം നീങ്ങല്‍‍ ധനാഗമനം എന്നിവയ്ക്ക് വിനായക ‍ചതുര്‍ഥി വ്രതം , കറുത്തവാവ് ദിവസത്തിലെ അമാവാസി വ്രതം. പിന്നെ , ശ്രേഷ്ടതകള്‍ ഏറെയുള്ള വെള്ളിയാഴ്ച വ്രതം... പിതൃക്കളോടുള്ള കടമ പാലിക്കാനും പിതൃ ദര്‍പ്പണം നടത്താനുമുള്ളതാണ് അമാവാസി വ്രതം . ജീവിക്കുന്നവര്‍ക്ക് ഒരു വര്‍ഷം എന്നത് പിതൃക്കള്‍ക്ക് ഒരു ദിവസമാണ്. ഇന്നേ‍ ദിവസം ഹോമം നടത്തുന്നതെല്ലാം പിതൃക്കള്‍ക്ക് ആഹാരമായി ഭവിക്കും .

ദരിദ്രര്‍ക്കും സമ്പന്നര്‍ക്കും സമഭാവം കല്‍പ്പിക്കുകയും അശാന്ത മനസ്ക്കരെ പ്രശാന്തരാക്കുകയും അക്ഷമ ഹൃദയരെ ക്ഷമാശീലരാക്കുകയും ചെയ്യുന്ന , കാല ദേശ ജാതി മത കുബേര കുചേല ഭേദമന്യേ അനുഷ്ടിച്ചു വരുന്നതും പുണ്യപുരാണങ്ങളിലൊക്കെ പരാമര്‍ശി‍ക്കപ്പെട്ടതുമായ വ്രതമെടുത്ത് നമുക്കും സംവൃതരാവുക.

എ.ടി. അഷ്‌റഫ്‌ കരുവാര കുണ്ട്


E-Mail: ata_karuvarakundu@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.