പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഇത്തിരി വലിയ മസാല ദോശ വേണം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അനൂപ് വര്‍ഗീസ് കുരിയപ്പുറം

കോഫി ഹൗസുമായുള്ള മലയാളികളുടെ ആത്മ ബന്ധത്തിന് നിരവധി വര്ഷങ്ങളുടെ പഴക്കം ഉണ്ട്. ഇന്ത്യന്‍ കോഫീ ഹൗസ് എപ്പോഴും ഒരു ഇടത്തരം അല്ലെങ്കില്‍ കുറഞ്ഞ വരുമാനക്കാരന്റെയും തൊഴിലാളികളുടെയും പ്രിയ ഭോജനസ്ഥലം ആയിരുന്നു. താടിയുള്ള ബുദ്ധി ജീവികളും, കുടുംബങ്ങളും, എഴുത്തുകാരും, കോളേജ് പിള്ളേരും എല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലം. ആ ബോര്‍ഡ് കണ്ടാല്‍ 'ഒരു മസാല ദോശ കഴിച്ചാലോ' എന്ന് തോന്നല്‍ ഉണ്ടാകുമായിരുന്നു ജനങ്ങള്‍ക്ക്. യാത്രക്കിടക്ക് വിശ്വസിച്ചു കഴിക്കാന്‍ പറ്റുന്ന സ്ഥലം എന്ന ഖ്യാതിയും കോഫീഹൌസ് നേടി. വരേണ്യ ഭക്ഷണങ്ങളെ ജനകീയ വല്കരിക്കുക എന്ന നയം വിജയം കാണുന്ന കാഴ്ച ആണ് നമ്മള്‍ കണ്ടത്. പലരും ആദ്യമായി വരേണ്യ ഭക്ഷണങ്ങള്‍ രുചിച്ചു നോക്കിയതും ഇവിടെ വെച്ചായിരുന്നു.കോള്‍ഡ് കോഫീ, കട്ട് ലെറ്റ് തുടങ്ങിയ വലിയ ഹോട്ടലുകളില്‍ മാത്രം കിട്ടിയിരുന്ന ഭക്ഷണങ്ങള്‍ സാധാരണക്കാര്‍ക്ക് ആദ്യം പ്രാപ്യം ആക്കിയതും ഈ മഹത് പ്രസ്ഥാനം ആണ്. ജനകീയ ആരോഗ്യത്തിനും വില കുറയ്ക്കാനും ഭരണകൂടത്തിനു ഇടപെടാന്‍ പറ്റുന്ന ഒരിടം കൂടി ആണ് കോഫീ ഹൌസുകള്‍.

കോഫീ ഹൌസുകള്‍ പൂട്ടുക എന്ന കോഫീ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ, പാവങ്ങളുടെ പടത്തലവന്‍ എന്നറിയപ്പെട്ട എ കെ ജി ആയിരുന്നു തൊഴിലാളികളുടെ സഹകരണ സംഘത്തെ കൊണ്ട് കോഫീ ഹൌസുകള്‍ ഏറ്റെടുപ്പിച്ചത്. അദ്ദേഹത്തിന്റെ വലിയ ചിത്രം എല്ലാ കോഫീ ഹൌസുകളിലും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ചെറുത്തുനില്‍പ്പിന്റെ ജനകീയ മാതൃകകള്‍ എങ്ങനെ സൃഷ്ടിക്കണം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണം ആണ് കോഫീ ഹൌസുകള്‍. നല്ല ഭക്ഷണം, മികച്ച വൃത്തി, മിതമായ വില എന്നിവ ആയിരുന്നു കോഫീ ഹൌസുകളുടെ മുഖമുദ്ര. തൊപ്പി വെച്ച വിളമ്പുകാര്‍ കുട്ടികള്‍ക്ക് ഒരു കൌതുകം ആയിരുന്നു. തൊഴിലാളികളുടെ സഹകരണ സംഘം തന്നെ നടത്തുന്നതിനാല്‍, തൊഴിലാളി മുതലാളി വ്യത്യാസം ഇല്ലാത്ത ഒരു സമൂഹം ആയി കോഫീ ഹൌസ് പ്രസ്ഥാനം നില നിന്നു. ഉത്പാദനവും, വിപണനവും തൊഴിലാളികളുടെ സംഘങ്ങള്‍ ചെയ്താല്‍ ഉണ്ടാക്കാവുന്ന ഗുണങ്ങളും ,മാറ്റങ്ങളും കാണിച്ചു തന്ന ഒരു വിപ്ലവകരം ആയ മാതൃക ആയിരിക്കുന്നു കോഫീ ഹൗസ്. ഒരാള്‍ പോലും ബാല വേല ചെയ്യുന്നില്ല, മാന്യമായ വേതനം കൊടുക്കുന്നു എന്ന സാമൂഹ്യ തലങ്ങളും ഇവക്കുണ്ട്.

കാലക്രമത്തില്‍ ചില കോഫീ ഹൌസുകള്‍ പൂട്ടി, ചിലസ്ഥലങ്ങള്‍ വൃത്തിയില്‍ പിന്നോക്കം ആയി ,അങ്ങനെ ജനകീയത പതുക്കെ കുറഞ്ഞു വന്നു. ചിലപ്പോഴെല്ലാം കെടുകാര്യസ്ഥത ആണ് നടക്കുന്നത് എന്ന ആക്ഷേപം പേറി. പുതിയ കോഫീ ഹൗസുകള്‍ തുറക്കാതെ ആയി. ജനകീയമായ മലയാളി ഭക്ഷണം കിട്ടുന്ന സ്ഥലങ്ങള്‍ കുറഞ്ഞപ്പോള്‍, വഴിയോരങ്ങളില്‍ ആരിയാസ് എന്ന പേരിലും അതിന്റെ വകഭേദങ്ങളിലും മറ്റും തമിഴ് ചുവയുള്ള ഭക്ഷണശാലകള്‍ നിറഞ്ഞു. യാത്രകള്‍ ചെയ്യുന്ന മലയാളികള്‍ ഈ വിധം ഉള്ള സ്ഥലങ്ങളില്‍ കൂടുതല്‍ വിലക്കു ഭക്ഷണം കഴിക്കേണ്ട സ്ഥിതിയും ആയി. മലയാളിയുടെ സ്വന്തം ഇന്ത്യന്‍ കോഫീ ഹൗസുകള്‍ ഒരു സ്മരണ ആകുമോ എന്ന ഭീതിയും ഉളവായി.

പക്ഷേ കഴിഞ്ഞ ഒന്ന് രണ്ടു വര്ഷം ആയി വീണ്ടും കോഫീ ഹൗസുകള്‍ വികസിക്കാന്‍ തുടങ്ങി. വെഞ്ഞാറമൂട്, പെഴക്കാപ്പിള്ളി, അരൂര്‍, പേരൂര്‍ക്കട ,കഴക്കൂട്ടം എന്നിവിടങ്ങളില്‍ പുതിയ ശാഖകള്‍ ആയി. പഴയ കോഫീ ഹൌസുകള്‍ പുനര്‍നിര്‍മിച്ചു. അങ്ങനെ വീണ്ടും ജനങ്ങള്‍ കോഫീ ഹൌസുകളിലേക്ക് തിരിച്ചു വരാന്‍ തുടങ്ങി. 'നല്ല രുചിയുള്ള വൃത്തിയുള്ള ഭക്ഷണം, മിതമായ വില, നല്ല പെരുമാറ്റം' ഇവ ഇപ്പോള്‍ കോഫീ ഹൌസുകളില്‍ തിരികെ എത്തി . ബീറ്റ് റൂട്ട് ഉള്ള മസാലദോശ, നെയ് റോസ്റ്റ്, കട്ട് ലെറ്റ് തുടങ്ങിയ സ്ഥിരം കോഫീ ഹൗസ് വിഭവങ്ങള്‍ക്കൊപ്പം നല്ല ചോറും മീന്‍ കറിയും, അസല്‍ ചിക്കന്‍ ബിരിയാണി, മലയാളികളുടെ ജനപ്രിയ ഭക്ഷണം ആയ പൊറോട്ടയും ബീഫും അടക്കം എല്ലാം കിട്ടുന്ന ഒരു സ്ഥലം. കാപ്പിപ്പൊടി, മില്‍മ ഉല്‍പ്പനങ്ങള്‍, പത്ര മാഗസിനുകള്‍ , സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി, വറുത്ത കശുവണ്ടി അങ്ങനെ ഒട്ടനവധി സാധനങ്ങള്‍.

ഇന്ത്യന്‍ കോഫി ഹൗസിന്റെ വരുമാനത്തില്‍ റെക്കോര്‍ഡ് എന്നൊക്കെ വാര്‍ത്ത കണ്ടു. വളരെ സന്തോഷം. . പക്ഷെ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍, സാധാരണക്കാരായ ജനം പതുക്കെ , കോഫി ഹൗസിനെ ഉപേക്ഷിക്കും എന്ന് തോന്നുന്നു. ഇന്നത്തെ കോഫി ഹൌസുകളിലെ മസാല ദോശയുടെ വലിപ്പം ആണ് ലേഖനം എന്നെ എഴുതാന്‍ പ്രേരിപ്പിച്ചത്. 37 രൂപ ആണ് ഞാന്‍ ഇന്നലെ, തിരുവനന്തപുരം ശ്രീകാര്യത്തെ കോഫി ഹൌസില്‍ മസാല ദോശക്കു കൊടുത്തത്. അതിന്റെ വലിപ്പം കുറഞ്ഞു കുറഞ്ഞു,പൂരിയെ ലക്ഷ്യം ആക്കി യാത്ര ചെയ്യുക ആണോ എന്ന് എനിക്ക് സംശയം തോന്നി തുടങ്ങി. ഇത് തന്നെയാണ് സ്ഥിതി കൊട്ടാരക്കരയിലും, പെഴക്കാപ്പിള്ളിയിലും, വെഞ്ഞാറമൂടും എല്ലാം. സ്ഥിരം ആയി പാത്രത്തിന്റെ വലിപ്പം കുറയുന്നുണ്ടോ, ഭക്ഷണത്തിന്റെ അളവ് കുറയുന്നുണ്ടോ എന്നൊക്കെ സംശയിക്കേണ്ടി ഇരിക്കുന്നു.

മിതമായ വിലക്ക് വൃത്തിയുള്ള ഭക്ഷണം എന്ന സ്ഥലത്ത്, ഒരു രണ്ടു മസാല ദോശ കഴിച്ചാലേ വയറു നിറയൂ എന്ന സ്ഥിതി ആണ്. പല സുഹൃത്തുക്കളും ഈ വിഷമം പങ്കു വെക്കുന്നുന്നുണ്ട്. നല്ല മസാല ദോശ പല സ്വകാര്യ കടകളിലും 40 രൂപയ്ക്കു സാമാന്യം വലിപ്പമുള്ളത് കിട്ടുന്നു എന്ന കാര്യം ഓര്‍മ്മിക്കുന്നു. അടിയന്തര ശ്രദ്ധയും, തിരുത്തലും മസാലദോശയുടെ വലിപ്പത്തില്‍ ഉണ്ടാവണം എന്ന് അഭ്യര്‍ഥിക്കുന്നു. ഭക്ഷണത്തിന്റെ അളവ് കുറച്ചു കൊണ്ടാണോ ലാഭം ഉണ്ടാക്കുന്നത് എന്ന്, ലേശം സംശയം ഉണ്ട്. അങ്ങനെ ആണെങ്കില്‍ അതൊരു നല്ല നടപടി അല്ലല്ലോ! കൂടാതെ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വലിപ്പവും, അളവും ഉറപ്പാക്കാന്‍ ഒരു മാനദണ്ഡം , റെയില്‍വേ മാതൃകയില്‍ പ്രസിദ്ധീകരിക്കണം എന്നും അഭ്യര്‍ഥിക്കുന്നു.

അനൂപ് വര്‍ഗീസ് കുരിയപ്പുറം

തിരുവന്തപുരം ടെക്നൊപാര്‍ക്കില്‍ ഇന്‍ഫോസിസ് ടെക്നോളജീസില്‍ ഉദ്യോഗസ്ഥന്‍. ചില വെബ്സയിറ്റുകളിലും, സ്വന്തം ബ്ലോഗിലും , പത്രങ്ങളിലും, ആനുകാലികങ്ങളിലും ലേഖനങ്ങള്‍,കവിതകള്‍, കഥകള്‍ തുടങ്ങിയവ എഴുതുന്നു. പ്രതിധ്വനി എന്ന ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം.പൊതു , മതേതര,പരിസ്ഥിതി , പുരോഗമന, ഇടതുപക്ഷ രംഗങ്ങളില്‍ വിനീത പങ്കാളിത്തവും ഇടപെടലുകളും




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.