പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഉത്‌കൃഷ്‌ട ലോകത്തിനായുളള പ്രസാധനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രവി ഡി സി

(ജൂൺ 21 മുതൽ 24 വരെ ബെർലിനിൽ നടന്ന ഇന്റർനാഷണൽ പബ്ലിഷേഴ്‌സ്‌ അസോസിയേഷന്റെ 27-​‍ാമത്‌ കോൺഗ്രസ്സിനെപ്പറ്റി.)

നാല്‌ വർഷത്തിലൊരിക്കൽ നടക്കുന്ന അന്താരാഷ്‌ട്ര പ്രസാധക സംഘടനയുടെ 27-​‍ാമത്‌ സമ്മേളനം ജൂൺ 21 മുതൽ 24 വരെ ചരിത്രനഗരമായ ബർലിനിൽ അരങ്ങേറി. 50-ഓളം രാജ്യങ്ങളിൽ നിന്നായി 500-ൽപരം പ്രസാധക പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഞാനുൾപ്പെടെ ആറുപേർ പങ്കെടുത്തു.

ജൻമ്മൻ പ്രസിഡന്റും മുൻ പ്രസാധകനും കൂടിയായ ജൊഹാനാസ്‌റൻ ആണ്‌ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയത്‌. അദ്ദേഹം ജർമ്മനിയുടെ പ്രസിഡന്റ്‌ ആയിരിക്കെത്തന്നെ വായനയ്‌ക്ക്‌ വളരെയേറെ ഊന്നൽ നല്‌കിയ വ്യക്തിയാണ്‌. “നമ്മുടെ സംസ്‌കാരം, നമ്മുടെ ജീവിതം ഇവയെല്ലാം നമ്മൾ പ്രസിദ്ധപ്പെടുത്തുന്ന പുസ്‌തകങ്ങളെ ആശ്രയിച്ചിരിക്കുന്നു.” അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യ അനുദിനം മാറുന്നതിൽ പ്രസാധകർ ഒന്നടങ്കം ഉത്‌കണ്‌ഠ രേഖപ്പെടുത്തി. അതേസമയംതന്നെ പുസ്‌തകത്തിന്റെ ശോഭനമായ ഭാവിക്കുവേണ്ടി നൂതന സാങ്കേതിക വിദ്യ പരമാവധി പ്രയോജനപ്പെടുത്തുന്ന കാര്യം സമ്മേളനത്തിലുടനീളം ചർച്ചചെയ്‌തു. പുസ്‌തക നിർമ്മിതിയിൽ ഇലക്‌ട്രോണിക്‌ സാങ്കേതികവിദ്യയായിരിക്കും പുതിയ യുഗത്തിലെ മാധ്യമം. ഭാവിയിൽ ഉണ്ടാകാവുന്ന ഇത്തരം മാറ്റങ്ങൾക്കൊപ്പം പ്രസാധകർ പരീക്ഷണത്തിന്‌ മുതിർന്ന്‌, വെല്ലുവിളികളെ നേരിട്ട്‌, മുമ്പോട്ട്‌ പോകാൻ തീരുമാനിച്ചു.

“വ്യക്തിക്കും, രാജ്യത്തിനും ദാരിദ്ര്യത്തിൽനിന്ന്‌ പുറത്തു കടക്കാനുളള വഴി വിദ്യാഭ്യാസമാണെങ്കിൽ അതിന്‌ പുസ്‌തകം-വായന എന്ന ചക്രം അത്യന്താപേക്ഷിതമാണ്‌”-ലോകബാങ്ക്‌ പ്രതിനിധി റിച്ചാർഡ്‌ ക്രാബ്‌ സമ്മേളനത്തിൽ പറഞ്ഞു. നാം മുമ്പോട്ടു പോകണമെങ്കിൽ കുട്ടികളിൽ ‘വായന സാക്ഷരത’ കൊണ്ടുവരേണ്ടത്‌ വളരെ പ്രസക്തിയുളള കാര്യമാണ്‌. “വായന സാക്ഷരത” ഇല്ലാത്ത വ്യക്തികൾക്കും, സമൂഹത്തിനും അവരുടെ ലക്ഷ്യത്തെ പ്രാപിക്കുന്നതും വെല്ലുവിളികളെ അതിജീവിക്കുന്നതും അതീവ ശ്രമകരമാണ്‌. വായനയിലൂടെ പുതിയ വിജ്ഞാനമേഖലകളിലെ അറിവുനേടിയവർ മാത്രമാണ്‌ ലക്ഷ്യപ്രാപ്‌തിയും വിജയവും നേടിയിട്ടുളളത്‌ എന്ന കാര്യം വളരെ വ്യക്തമാണ്‌ഃ ഓർഗനൈസേഷൻ ഫോർ ഇക്കണോമിക്‌ കോ-ഓപ്പറേഷൻ ആൻഡ്‌ ഡെവലപ്‌മെന്റ്‌ മേധാവി ആൻഡ്രൂസ്‌ ഷ്‌ളീഷർ സൂചിപ്പിച്ചു.

പുസ്‌തകപ്രസിദ്ധീകരണം ഭാവിയിൽ പേപ്പറിലും അച്ചടിയിലും മാത്രം ഒതുങ്ങില്ല എന്ന സത്യം കണക്കിലെടുക്കുമ്പോൾ പ്രസാധനത്തിലെ പുതിയ സാങ്കേതിക വിദ്യകൾ (പ്രത്യേകിച്ചും ശബ്‌ദം ഉൾപ്പെടെയുളള സാങ്കേതിക വിദ്യകൾ) ലോകസാഹിത്യത്തിൽ കവിതയുടെയും നാടകത്തിന്റെയും വസന്തത്തിനു വഴിയൊരുക്കുമെന്ന്‌ ഞാനുൾപ്പെടെയുളളവർ സമ്മേളനത്തിൽ സൂചിപ്പിക്കുകയുണ്ടായി. സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയങ്ങൾഃ

* പ്രസിദ്ധീകരണത്തിനുളള സ്വാതന്ത്ര്യംഃ വർദ്ധിച്ചുവരുന്ന സെൻസർഷിപ്പിനും പ്രസിദ്ധീകരണസ്വാതന്ത്ര്യനിയന്ത്രണങ്ങൾക്കും എതിരായി നടപടി കൈക്കൊളളണമെന്ന്‌ അന്താരാഷ്‌ട്ര സമൂഹത്തോടും ഗവൺമെന്റുകളോടും ആവശ്യപ്പെട്ടു. കൂടാതെ സാംസ്‌കാരിക വിനിമയത്തിനും സമാധാനപരമായ നിലനില്‌പിനും മതസഹിഷ്‌ണുതയ്‌ക്കും വേണ്ടി പ്രസാധകർ അഭ്യർത്ഥിച്ചു. ഇതിന്റെ പ്രവർത്തനവ്യാപനത്തിനായി അങ്ങേയറ്റം പ്രവർത്തിക്കുമെന്നും സമ്മേളനം പ്രതിജ്ഞ ചെയ്‌തു.

* കോപ്പിറൈറ്റ്‌ സംരക്ഷണംഃ കോപ്പിറൈറ്റ്‌ നിയമങ്ങൾ ലഘൂകരിക്കുന്ന പ്രവണതയെ പ്രസാധകർ ഉത്‌കണ്‌ഠയോടെ നിരീക്ഷിച്ചു. കോപ്പിറൈറ്റ്‌ നിയമം ലോകത്തുടനീളം പ്രായോഗികമാക്കേണ്ടതിനായി വ്യക്തമായ നിയമസംഹിത അത്യാവശ്യമാണ്‌. 1996-ലെ വിപ്പോ (വേൾഡ്‌ ഇന്റലക്‌ച്യുൽ പ്രൊപ്പർട്ടി ഓർഗനൈസേഷൻ) കോപ്പിറൈറ്റ്‌ ഉടമ്പടി സാധൂകരിക്കണമെന്നും നടപ്പിൽ വരുത്തണമെന്നും അഭിപ്രായപ്പെട്ടു. കോപ്പിറൈറ്റ്‌ നിയമങ്ങൾ ലോകത്താകമാനം ഫലപ്രദമായി പ്രാബല്യത്തിൽ കൊണ്ടുവരുന്നത്‌ ഒരു നിയമചട്ടക്കൂട്‌ ഉറപ്പാക്കണം.

* നിരക്ഷരതയ്‌ക്കെതിരെയുളള പോരാട്ടംഃ ഗവൺമെന്റും ബന്ധപ്പെട്ട സ്ഥാപനങ്ങളും നിരക്ഷരത നിർമ്മാർജ്ജനം ചെയ്യുന്നതിനുളള ഒരു ഉപകരണമായി പ്രസാധനത്തെ തിരിച്ചറിയേണ്ടതാണ്‌. ഉറച്ച ഒരു ദേശീയ പ്രസാധന വ്യവസായവും ഊർജസ്വലമായ വായനാസംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന പുസ്‌തകനയം ദേശീയ അടിസ്ഥാനത്തിൽ വളർത്തിയെടുക്കേണ്ടതാണ്‌.

* ഇന്റർനെറ്റിന്റെ പുരോഗതിഃ ഇന്റർനെറ്റ്‌ നിയമപരമായി പുസ്‌തകങ്ങളുടെയും വിവരങ്ങളുടെയും പ്രചാരണത്തിനുളള തലമായി സംരക്ഷിക്കേണ്ടതാണ്‌. ഈ സൗകര്യങ്ങൾ ഉണ്ടെങ്കിൽ ലോകത്തിലെ പുതിയ ആശയങ്ങളും അറിവുകളും സൗജന്യമായി ആരായുന്നതിനും സ്വീകരിക്കുന്നതിനും സാധിക്കും. ഇന്റർനെറ്റിൽ കൂടിയുളള ഗ്രന്ഥചോരണം തടയാൻ പ്രത്യേക നിർദ്ദേശങ്ങൾ ഉണ്ടാക്കണം.

* ലൈബ്രറികൾക്ക്‌ സഹായംഃ അന്താരാഷ്‌ട്ര സമൂഹത്തോടും ഗവൺമെന്റുകളോടും ലൈബ്രറികൾക്കുളള ഫണ്ട്‌ വർദ്ധിപ്പിക്കുവാൻ പ്രസാധകർ അഭ്യർത്ഥിച്ചു.

രവി ഡി സി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.