പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ദരിദ്ര ഇന്ത്യയിലെ'ആ ദിവസങ്ങളെ' മാറ്റിമറിച്ച പത്താം ക് ളാസുകാരന്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എസ്. സ്മിതേഷ്

ആദ്യമായി സാനിട്ടറി നാപ്കിന്‍ ഉപയോഗിച്ച പുരുഷന്‍ ആര്? ഒരു കുസൃതി ചോദ്യത്തിന്റെ മണമടിക്കുന്നുണ്ടല്ലേ? ചോദ്യത്തില്‍ ഒരു കുസൃതിയുമില്ല, എന്നാല്‍ ഉത്തരത്തിന്റെ ഉടമ ഒരു കുസൃതിക്കാരനാണ്. ദരിദ്ര ഇന്ത്യയുടെ പുറംപോക്കില്‍ കഴിയുന്ന സ്ത്രീകളുടെ'ആ ദിവസങ്ങളെ' മാറ്റി മറിച്ച ഒരു സാധാരണക്കാരനാണ് ഈ ചോദ്യത്തിന്റെ ഉത്തരം, അരുണാചലം മുരുകനാഥം.

ഇന്ത്യയിലെ ഗ്രാമങ്ങളില്‍ കഴിയുന്ന കോടിക്കണക്കിന് സ്ത്രീകള്‍ ആര്‍ത്തവ ദിവസങ്ങളില്‍ പഴംതുണിയും മറ്റുമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. അനാരോഗ്യകരമായ ഈ മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നതിനുള്ള പ്രധാന കാരണം സാനിട്ടറി നാപ്കിനുകള്‍ക്ക് പണം ചെലവഴിക്കാനുള്ള കഴിവില്ലായ്മയാണ്. അരുണാചലം മുരുകനാഥത്തിന്റെ ഭാര്യയും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരില്‍ ഒരാളായിരുന്നു.

വിവാഹത്തിന്റെ ആദ്യനാളുകളില്‍ ഒരു ദിവസം തന്റെ ഭാര്യ പഴംതുണി കഷണം മറച്ചുപിടിച്ച് പോകുന്നത് മുരുകനാഥം കണ്ടു. ഈ തുണി എന്തിനാണെന്ന് അദ്ദേഹം ഭാര്യയോട് ചോദിച്ചു. 'നിങ്ങള്‍ നിങ്ങളുടെജോലി നോക്ക്' ഇതായിരുന്നു ഭാര്യയുടെ മറുപടി. എന്നിട്ടും മുരുകനാഥം ഭാര്യയുടെ പിറകേകൂടി. സാനിട്ടറി നാപ്കിന് പകരം ഉപയോഗിക്കാനാണ് തന്റെ ഭാര്യ തുണിയുമായി പോയതെന്ന് അദ്ദേഹം മനസ്സിലാക്കി.

നിനക്ക് നാപ്കിന്‍ ഉപയോഗിച്ചു കൂടേ?-മുരുകനാഥം ഭാര്യയോട് ചോദിച്ചു. നാപ്കിന്‍ ഉപയോഗിക്കണമെങ്കില്‍ വീട്ടില്‍ വാങ്ങുന്ന പാലിന്റെ അളവ് കുറയ്‌ക്കേണ്ടി വരുമെന്ന മറുപടിയാണ് മുരുകനാഥത്തിന് ഭാര്യയില്‍ നിന്ന് ലഭിച്ചത്. വിവാഹം കഴിഞ്ഞിട്ട് അധികമായിട്ടില്ല, ഭാര്യയുടെ പ്രീതി പിടിച്ചുപറ്റാന്‍ കിട്ടുന്ന അവസരമാണ്. അത് ഒരിക്കലും പാഴാക്കാന്‍ പാടില്ല. പിന്നെ ഒട്ടുംവൈകിയില്ല, അദ്ദേഹം കടയില്‍ പോയി ഒരു പായ്ക്കറ്റ് സാനിട്ടറി നാപ്കിന്‍ വാങ്ങിച്ചു. ആ അനുഭവത്തെ കുറിച്ച് മുരുകനാഥം പറയുന്നതിങ്ങനെ ' ഞാന്‍ നാപ്കിന്‍ ചോദിച്ചതും കടക്കാരന്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി, ആരും വരുന്നില്ലെന്ന് ഉറപ്പാക്കി. അതിനുശേഷം ഒരു പേപ്പറിനകത്ത് ഇത് വച്ച് ഭദ്രമായി പൊതിഞ്ഞു. നിരോധിച്ച എന്തോ സാധനം പോലെ അതീവ രഹസ്യമായി എനിക്ക് കൈമാറുകയും ചെയ്തു.'

വീട്ടിലെത്തിയ മുരുകനാഥം കവറില്‍ നിന്ന് ഒരു നാപ്കിന്‍ പുറത്തെടുത്ത് അതില്‍ ഒന്ന് തൊട്ടു. വെറും പഞ്ഞി മാത്രം. തുച്ഛമായ വിലയുള്ള ഈ സാധനം വിറ്റാണല്ലോ കമ്പനികള്‍ വന്‍ലാഭം കൊയ്യുന്നത് എന്ന ചിന്ത മുരുകനാഥത്തില്‍ ഒരു ആശയത്തിന്റെ വിത്തുപാകി. എന്തുകൊണ്ട് തനിക്കും ഇത് നിര്‍മ്മിച്ചുകൂടാ? പത്താം കഌസില്‍ പഠനം അവസാനിപ്പിച്ച് വെല്‍ഡിംഗ് വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തുകൊണ്ടിരുന്ന മുരുകനാഥം അതോടെ ഒരു ഗവേഷകനായി. ഏതാനും മാസത്തെ ഗവേഷണത്തിനൊടുവില്‍ അദ്ദേഹം നാപ്കിന്‍ ഉണ്ടാക്കി. അപ്പോള്‍ അടുത്ത പ്രശ്‌നം തലപൊക്കി. ഇതൊന്ന് പരീക്ഷിക്കണമല്ലോ? ആരില്‍ പരീക്ഷിക്കും? മുരുകനാഥത്തിന്റെ ഭാര്യ പോലും നാപ്കിന്‍ ഉപയോഗിക്കാന്‍ തയ്യാറായില്ല. തന്റെ നാപ്കിന്റെ കാര്യക്ഷമത പരീക്ഷിക്കാന്‍ ആളെ കണ്ടെത്താനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോള്‍ അദ്ദേഹം സ്വയം ഇത് ഉപയോഗിക്കാന്‍ തീരുമാനിച്ചു.

ഒരു ഫുട്‌ബോള്‍ ബഌഡറിനകത്ത് മൃഗരക്തം നിറച്ച് ഇടുപ്പില്‍ കെട്ടിവച്ചു. ഇതില്‍ നിന്ന് ഒരു ട്യൂബ് തന്റെ അടിവസ്ത്രത്തിലേക്ക് ഇട്ടു. സൈക്കിള്‍ ചവിട്ടുമ്പോഴും നടക്കുമ്പോഴും മുരുകനാഥം ഈ ബഌഡറില്‍ അമര്‍ത്തും. അപ്പോള്‍ അതില്‍ നിന്ന് രക്തം അടിവസ്ത്രത്തിലെത്തും.ഈ പരീക്ഷണത്തോടെ സാനിട്ടറി നാപ്കിന്‍ ഉപയോഗിക്കുന്ന ആദ്യ പുരുഷന്‍ ആയെങ്കിലും തന്റെ കണ്ടുപിടുത്തം പ്രയോജനപ്രദമല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

ഈ സമയമായപ്പോഴേയ്ക്കും കുടുംബത്തില്‍ നിന്നു തന്നെ മുരുകനാഥത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. പരീക്ഷണത്തിന്റെ പേരില്‍ മുരുകനാഥന്‍ പെണ്ണുങ്ങളുടെ പിറകേ നടക്കുകയാണെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ ഭാര്യ വിവാഹമോചന ഹര്‍ജി നല്‍കുന്ന സാഹചര്യം വരെ ഉണ്ടായി.

ഇത്തരം പ്രതിസന്ധികളിലൂടെകടന്നുപോകുമ്പോഴും മുരുകനാഥത്തിന്റെ ചിന്ത ഒന്നുമാത്രമായിരുന്നു. വന്‍കിട കമ്പനികള്‍ ഉപയോഗിക്കുന്ന അതേ അസംസ്‌കൃത വസ്തു ഉപയോഗിച്ച് താന്‍ നിര്‍മ്മിച്ച നാപ്കിന്‍ എന്തുകൊണ്ട് ഉപയോഗശൂന്യമായി. പൈന്‍മരത്തില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്ന സെല്ലുലോസാണ് വലിയ കമ്പനികള്‍ നാപ്കിന്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് പിന്നീട് അദ്ദേഹം മനസ്സിലാക്കി. ഇതോടെ മുരുകനാഥത്തിന്റെ ഗവേഷണം ഒരു നിര്‍ണ്ണായക ഘട്ടത്തിലെത്തി.

പൈന്‍മരത്തിന്റെ സെല്ലുലോസ് സംസ്‌കരിക്കുന്നതിന് വലിയ യന്ത്രസംവിധാനങ്ങള്‍ ആവശ്യമാണ്. അതിന് ലക്ഷക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരും. തന്റെ ഗവേഷണം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ട സാഹചര്യം വരുമെന്നായപ്പോള്‍ സ്വന്തമായി യന്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനെ കുറിച്ച് അദ്ദേഹം ആലോചന തുടങ്ങി. ഒടുവില്‍ അതില്‍ വിജയിക്കുകയുംചെയ്തു.മുരുകനാഥത്തിന്റെ കണ്ടുപിടുത്തം ഉപയോഗിച്ച് ആര്‍ക്കും സ്വന്തം വീട്ടില്‍ നല്ല ഗുണമേന്മയുള്ള സാനിട്ടറി നാപ്കിന്‍ നിര്‍മ്മിക്കാം. കോടികളുടെ കിലുക്കം മുരുനാഥന്‍ കേട്ടു.

പക്ഷെ ഇതൊരു കച്ചവടമാക്കി മാറ്റേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. നാപ്കിന്‍ വാങ്ങാന്‍ പണമില്ലാത്ത എല്ലാ സ്ത്രീകള്‍ക്കും തന്റെ കണ്ടുപിടുത്തത്തിന്റെ പ്രയോജനം ലഭിക്കണം. അതിനായി എന്തു ചെയ്യാമെന്ന ആലോചനയിലാണ് വനിതാസ്വയംസഹായ സംഘങ്ങള്‍ കടന്നുവരുന്നത്. തന്റെ ലക്ഷ്യത്തിലേക്ക് നടന്നടുക്കുന്നതിനായി മുരുകനാഥം വനിതാകൂട്ടായ്മകളെ ഒപ്പം കൂട്ടി.

മുരുകനാഥം യന്ത്രങ്ങളും സാങ്കേതികവിദ്യയും അവര്‍ക്ക് കൈമാറി. ഇന്ന് ഇന്ത്യയിലെ നൂറുകണക്കിന് ഗ്രാമങ്ങളില്‍ സ്ത്രീകള്‍ സാനിട്ടറി നാപ്കിനുകള്‍ ഉണ്ടാക്കുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും ദരിദ്രരാജ്യങ്ങളും മുരുകനാഥത്തിന്റെ സഹായം തേടി എത്തി. അദ്ദേഹം അവരെയും സന്തോഷത്തോടെസഹായിച്ചു. ജോണ്‍സണ്‍ &ജോണ്‍സണും പ്രോക്ടര്‍ &ഗ്യാമ്പിളും പോലുള്ള വന്‍കിട കമ്പനികള്‍ക്ക് പോലും കടന്നു ചെല്ലാന്‍ കഴിയാതിരുന്ന ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് ഈ കോയമ്പത്തൂരുകാരന്‍ കടന്നു ചെന്നതിന് പിന്നില്‍ ഒരു രഹസ്യമുണ്ട്. ഇന്ത്യയിലെ ഐഐഎമ്മുകളെ പോലും അതിശപ്പിച്ച രഹസ്യം!

'ഒരിടത്ത് ഉണ്ടാക്കി ആള്‍ക്കാരില്‍ എത്തിക്കണമെങ്കില്‍ വലിയ അളവില്‍ ഉത്പാദനം നടത്തണം. ഇതിന് വലിയ നിക്ഷേപം വേണ്ടി വരും. ആവശ്യക്കാര്‍ അവരവരുടെ സ്ഥലങ്ങളില്‍ നിര്‍മ്മാണം നടത്തുമ്പോള്‍ ഈ രണ്ട് പ്രശ്‌നങ്ങളും ഒഴിവാക്കാനാവും. നാപ്കിന്‍ പോലുള്ള സാധനങ്ങളുടെ ട്രാന്‍സ്‌പോര്‍ട്ടിംഗ് ചാര്‍ജ്ജ് വളരെ കൂടുതലാണ്. ഒരു സ്ഥലത്ത് ഉണ്ടാക്കി അവിടെതന്നെ ഉപയോഗിക്കുന്നതിനാല്‍ ആ ചെലവുംലാഭം.' ആഗോള ഭീമന്മാരെതോല്‍പ്പിച്ച ഈ ബിസിനസ് രഹസ്യം മുരുകനാഥത്തിനെ ഇന്ത്യയിലെ എല്ലാ പ്രമുഖ മാനേജ്‌മെന്റ് സ്ഥാപനങ്ങളിലെയും വിസിറ്റിംഗ് ഫാക്കല്‍ട്ടി ആക്കിയിരിക്കുകയാണ്.

12.50 രൂപ മുതല്‍ 15 രൂപ വരെയാണ് സ്വയം സഹായസംഘങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു പായ്ക്കറ്റ് നാപിക്കിന്റെ വില. ഒരു പായ്ക്കറ്റില്‍ എട്ട് നാപ്കിനുകള്‍ ഉണ്ടാകും. വിപണിയില്‍ ലഭിക്കുന്ന മറ്റു നാപ്കിനുകളുടെ വിലയുമായി താരതമ്യം ചെയ്താല്‍ മുരുകനാഥം ഈ മേഖലയില്‍ ഉണ്ടാക്കിയ വിപ്‌ളവം മനസ്സിലാകും. ഇതു മനസ്സിലാക്കിയാണ് 2009ല്‍ കേന്ദ്രസര്‍ക്കാര്‍ ഏറ്റവും മികച്ച കണ്ടുപിടുത്തത്തിനുള്ള ദേശീയ പുരസ്‌കാരം നല്‍കി മുരുകനാഥത്തിനെ അംഗീകരിച്ചത്.

ഇപ്പോള്‍മുരുകനാഥം കോയമ്പത്തൂരിലെ സോമയംപാളയത്ത് ജയശ്രീ ഇന്‍ഡസ്ട്രീസ് എന്ന സ്ഥാപനം നടത്തുകയാണ്. ഈ സ്ഥാപനമാണ് നാപ്കിന്‍ ഉണ്ടാക്കുന്നതിനുള്ള യന്ത്രവും സാങ്കേതിക വിദ്യയും ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. 75000 രൂപയാണ് യന്ത്രത്തിന്റെ വില.

മുരുകനാഥന്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള ദരിദ്ര സ്ത്രീകളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം അദ്ദേഹത്തെ ലോകപ്രശസ്തമായ റ്റെഡ്‌ടോക്കിന്റെ വേദിയിലും എത്തിച്ചു. നിറഞ്ഞ സദസ്സിന് മുന്നില്‍ അദ്ദേഹം അവസാനം പറഞ്ഞ വാക്കുകള്‍ മുരുകനാഥത്തിന്റെ ചിന്തകള്‍ കൂടി പ്രതിഫലിപ്പിക്കുന്നതായിരുന്നു. 'എന്റെ അഭിപ്രായത്തില്‍ മൂന്നു തരം മനുഷ്യരാണുള്ളത്. പഠിപ്പില്ലാത്തവര്‍, കുറച്ച് പഠിപ്പുള്ളവര്‍, ആവശ്യത്തിലധികം പഠിപ്പുള്ളവര്‍. കുറച്ച് പഠിപ്പുള്ള ഒരാളാണ് സമൂഹത്തിന് വേണ്ടി ഇത് ചെയ്തത്. ആവശ്യത്തിലധികം പഠിപ്പുള്ള നിങ്ങള്‍ സമൂഹത്തിന് വേണ്ടി എന്ത് ചെയ്യും?'

നമ്മള്‍ ഏല്ലാവരും ഉത്തരം കണ്ടെത്തേണ്ട ഒരു ചോദ്യം തന്നെയാണത്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതാണ് അരുണാചലം മുരുകനാഥത്തിന്റെ മഹത്വം.

എസ്. സ്മിതേഷ്




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.