പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സിംഗപ്പൂർ വിശേഷം - 12

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാഹുലേയൻ പുഴവേലിൽ

ഉത്സവങ്ങളും ആഘോഷങ്ങളും

മതവും ഭാഷയും ജീവിതരീതികളും വ്യത്യസ്‌തമാണെങ്കിലും അരക്കോടിയോളം ജനങ്ങൾ സന്തോഷത്തോടെ ഒന്നിച്ചു താമസിക്കുന്ന ഒരു ചെറിയ രാജ്യമാണ്‌ സിംഗപ്പൂർ എന്ന ഈ വലിയ നഗരം. എല്ലാ വിഭാഗക്കാർക്കും അവരുടേതുമാത്രമായ ഉത്സവങ്ങളും ആഘോഷങ്ങളും ഉണ്ട്‌.

ഇവിടെ ജനസഖ്യയിൽ ഒന്നാം സ്‌ഥാനം ചൈനാക്കാർക്കാണ്‌. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും അവരുണ്ട്‌. എണ്ണത്തിൽ മാത്രമല്ല, എല്ലാ സ്‌ഥലത്തും സ്‌ഥാനത്തും ഒന്നാമതായി നിൽക്കുന്നത്‌ അവരാണ്‌. അതുകൊണ്ടുതന്നെ ചൈനീസ്‌ പുതുവർഷാഘോഷങ്ങൾ വളരെ പ്രധാനപ്പെട്ടതും രാജ്യത്തിന്റെ എല്ലാഭാഗത്തും ഉള്ളതുമാണ്‌. എങ്കിലും ഈ ആഘോഷങ്ങളും പരിപാടികളും ഏറ്റവും കൂടുതൽ സിംഗപ്പൂർ പുഴയോരത്തും ചൈനാ ടൗൺ പരിസരത്തുമാണ്‌.

മതവുമായി ബന്ധമുള്ളതും ഇല്ലാത്തതും ദേശീയതലത്തിൽ പ്രാധാന്യമുള്ളതുമായ പല ആഘോഷങ്ങളും ഇവിടെയുണ്ട്‌. എല്ലാം തന്നെ വിനോദസഞ്ചാരികൾ കാണനിഷ്‌ടപ്പെടുന്നവയുമാണ്‌. ആഘോഷത്തിന്റെ എണ്ണത്തിന്റെ കാര്യത്തിൽ ഇൻഡ്യാക്കാരാണ്‌ ഏറ്റവും മുന്നിലെന്നു തോന്നുന്നു. ഇൻഡ്യയിലെ തമിഴ്‌ നാട്ടിൽ നിന്നുമെത്തി, തലമുറകളായി ഇവിടെ താമസിക്കുന്ന, സിംഗപ്പൂർ പൗരത്വമുള്ള ഒരു ജനതയാണ്‌ ഇവിടത്തെ ഇൻഡ്യാക്കാരിൽ അധികവും. ഇവിടെ നമ്മുടെ പ്രധാനപ്പെട്ട ആഘോഷങ്ങളിലൊന്ന്‌, ദീപാവലിയാണ്‌.

ഒരു ദീപാവലി സമ്മാനം

ഞങ്ങളുടെ തൊട്ടടുത്ത വീട്‌ ഒരു ചൈനാക്കാരന്റേതാണ്‌. ദീർഘചതുരാകൃതിയിലുള്ള ഒരു രണ്ടുനിലവീട്‌. കാഴ്‌ചക്കു ഭംഗിയൊന്നുമില്ലെങ്കിലും വീടുമുഴുവൻ എയൽകണ്ടീഷൻ ചെയ്‌താണ്‌. ഭാര്യയും ഭർത്താവും ഡോക്‌ടർമാർ, അവർ രാവിലെ പോയാൽ തിരിച്ചുവരുന്നതു രാത്രിയിലാണ്‌. മൂന്നുവയസുള്ള അവരുടെ മകനും ഒരു ജോലിക്കാരിയും ആ വീട്ടിലുണ്ട്‌. പക്ഷേ അവരെയൊന്നും സാധാരണ പുറത്തേക്കു കാണാറെയില്ല. അവരവിടെ താമസമാക്കിയിട്ടു രണ്ടുവർഷം കഴിഞ്ഞെങ്കിലും ഞങ്ങളുടെ വീട്ടുടമസ്‌ഥയായ അമ്മക്കുപോലും അവരുമായി വലിയ പരിചയമൊന്നുമില്ല.

ഞങ്ങളുടെ രണ്ടുവീടുകൾക്കുമിടയിൽ ഒരു മതിലുണ്ട്‌. മതിലിനോടുചേർന്ന്‌ അവരുടെ ഭാഗത്ത്‌ മഞ്ഞനിറമുള്ള വണ്ണം കുറഞ്ഞ ഒരു തരം മുളവച്ചു പിടിപ്പിച്ചിരിക്കയാണ്‌. അവരുടെ വീട്ടുമുറ്റത്തെ അലങ്കാരചെടികളുടെ ഒരു ഭാഗമായാണ്‌ ഞാനിതിനെ കണക്കാക്കിയിരുന്ന്‌. പിന്നീടൊരിക്കൽ, പരിചയക്കാരനായ ഒരു മലയാളിയാണ്‌. അവിടെ മുളവച്ചുപിടിച്ചിരിക്കുന്നതിന്റെ രഹസ്യം പറഞ്ഞുതന്നത്‌.

“ചൈനാക്കാർ വലിയ അന്ധവിശ്വാസികളാണ്‌. പ്രേതത്തിലും പിശാചുകളിലുമൊക്കെ അവർക്കു വലിയ വിശ്വാസമാണ്‌. ഇൻഡ്യൻ പിശാചുക്കൾ മതിലുകടന്ന്‌ അപ്പുറത്തേക്കു ചെല്ലാതിരിക്കാനാണ്‌ അവരീ മുളവച്ചു പിടിപ്പിച്ചിരിക്കുന്നത്‌.”

ഒരു ദിവസം രാത്രി എട്ടുമണി കഴിഞ്ഞപ്പോൾ, താഴെ കോളിംഗ്‌ബെല്ലടിക്കുന്ന ശബ്‌ദം കേട്ടു. താഴത്തെ വീട്ടിലെ അമ്മയും ജോലിക്കാരിയും ഇൻഡ്യയിൽ പോയിരിക്കുന്ന സമയമാണ്‌. അതുകൊണ്ട്‌ ഞാൻ താഴെ ഇറങ്ങിചെന്ന്‌ ഗയിറ്റുതുറന്നു. രണ്ടുപേർ ഒരു കൊച്ചുകുട്ടിയുമായി ഗയിറ്റിനടുത്തുനിൽക്കുന്നു. ഒറ്റനോട്ടത്തിൽ എനിക്കവരെ തിരിച്ചറിയാൻ കഴിഞ്ഞില്ല. അവരിൽ കുട്ടിയുടെ കൈപിടിച്ചുകൊണ്ടുനിന്ന സ്‌ത്രീപറഞ്ഞു.

“ഞങ്ങൾ അടുത്തവീട്ടിലെ താമസക്കാരാണ്‌.”

അപ്പോഴെനിക്കാളെ മനസിലായി. ഞാൻ പറഞ്ഞു.

“എനിക്കറിയാം. വരൂ അകത്തേക്കു വരൂ”

“ഞങ്ങൾ ജോലി സ്‌ഥലത്തുനിന്നും എത്തിയതേയുള്ളൂ. ഇപ്പോൾ രാത്രിആയില്ലേ? ഞങ്ങൾ ഇനിയൊരിക്കൽ വീട്ടിലേക്കു വരാം. നാളെ ദീപാവലിയാണ്‌. നിങ്ങൾ ഇൻഡ്യാക്കാരുടെ ഏറ്റവും വിശേഷപ്പെട്ട ദിവസം, ഞങ്ങൾ ദീപാവാലി ആശംസകൾ അറിയിക്കാൻ വന്നതാണ്‌. ഇതു ഞങ്ങളുടെ ദീപാവലി സമ്മാനം.”

വർണ്ണക്കടലാസിൽ പൊതിഞ്ഞ ഒരു പാക്കറ്റ്‌ എന്റെ കയ്യിലേക്കു തന്നിട്ട്‌ മൂന്നുവയസ്സുള്ള അവരുടെ മകൻ പറഞ്ഞു.

“അങ്കിൾ ഹാപ്പി ദീപാവലി”

നന്ദി പറഞ്ഞുകൊണ്ട്‌ ഞാനതുവാങ്ങി.

ലിറ്റിൽ ഇൻഡ്യയിലെ ദീപാവലി

സിംഗപ്പൂരിൽ എല്ലായിടത്തും തന്നെ ദീപാവലി ആഘോഷിക്കുന്നുണ്ട്‌. എന്നാൽ ലിറ്റിൽ ഇൻഡ്യ ഒഴിച്ച്‌ ബാക്കി ഭാഗത്തൊക്കെ അത്‌ വീടുകളിലും അമ്പലങ്ങളിലും ഒതുങ്ങുകയാണെന്നു തോന്നുന്നു. വീടുകൾ ദീപംകൊണ്ടലങ്കരിക്കും. സുഹൃത്തുക്കളും ബന്ധുക്കളും സന്തോഷത്തോടെ ഒത്തുകൂടും സദ്യയും മധുരപലഹാരങ്ങളും ആഘോഷങ്ങളുടെ ഒരു ഭാഗമാണ്‌.

പക്ഷേ ലിറ്റിൽ ഇൻഡ്യയിൽ ആഘോഷങ്ങൾ ഇങ്ങനെയല്ല. ദീപാവലിദിവസം വൈകുന്നേരം നാലു മണിക്ക്‌ ഞാൻ ലിറ്റിൽ ഇൻഡ്യയിൽ എത്തി. അപ്പോഴേക്കും ലിറ്റിൽ ഇൻഡ്യ ഒരു വലിയ ഇൻഡ്യയായി മാറികഴിഞ്ഞിരുന്നു. സിംഗപ്പൂരിലെ എല്ലാ ഇൻഡ്യാക്കാരും ഇവിടെ എത്തിയിട്ടുണെന്നു തോന്നി. സെറംഗൂൺ റോഡിന്റെ രണ്ടുഭാഗവും നിറഞ്ഞു കവിഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്ന ജനങ്ങൾ. ഇവിടെ എത്തിച്ചേർന്നിട്ടുള്ളവരിൽ നല്ലൊരു ഭാഗം സ്‌ത്രീകളും കുട്ടികളും ആണ്‌. പുത്തൻ ഉടുപ്പിട്ട്‌ അണിഞ്ഞൊരുങ്ങിതന്നെയാണ്‌ കുട്ടികൾ എത്തിയിരിക്കുന്നത്‌. റോഡും പരിസരവും കടകളുമെല്ലാം ദീപങ്ങൾകൊണ്ടലങ്കരിച്ചിട്ടുണ്ട്‌. കച്ചവടത്തിരക്ക്‌ ടെക്കാ സെന്ററിലും സെറംഗൂൺ റോഡിലെ കടകളിലും മാത്രമല്ല, രണ്ടുഭാഗത്തുമുള്ള ഇടവഴികളിലും റോഡുകളിലും തിരക്കോടുതിരക്കുതന്നെ. ഇതുവരെ കണ്ടിട്ടുള്ള ലിറ്റിൽ ഇൻഡ്യയല്ല ദീപാലിദിവസത്തെ ലിറ്റിൽ ഇൻഡ്യ.. പൊതുസ്‌ഥലത്തും ആളുകൾക്ക്‌ ഒത്തുകൂടാൻ സൗകര്യമുള്ള എല്ലാ ഭാഗത്തും വിവിധ കലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്‌.

സന്ധ്യകഴിഞ്ഞപ്പോഴാണ്‌ ദീപാലങ്കാരങ്ങളുടെ ഭംഗി ശരിക്കും മനസിലായത്‌. ലിറ്റിൽ ഇൻഡ്യയിലെ ആഘോഷങ്ങൾ കാണാനും അതിൽ പങ്കെടുക്കാനും വിദേശികളായ പല വിനോദസഞ്ചാരികളും എത്തിയിട്ടുണ്ട്‌. രാത്രി ഒൻപതുമണിവരെ ഞാൻ ലിറ്റിൽ ഇൻഡ്യയിൽ ഉണ്ടായിരുന്നു.

ഓർച്ചാഡ്‌ റോഡിലെ ക്രിസ്‌മസ്‌ ആഘോഷങ്ങൾ

ലിറ്റിൽ ഇൻഡ്യയിലെ ദീപാവലി ആഘോഷങ്ങൾ പോലെ വളരെ പ്രസിദ്ധമാണ്‌ ഓർച്ചാഡ്‌ റോഡിലെ ക്രിസ്‌മസ്‌ ആഘോഷങ്ങളും.

ഓർച്ചാഡ്‌ റോഡ്‌

സിറ്റി ഏരിയായിൽപെട്ട ഒരു സ്‌ഥലമാണ്‌ ഓർച്ചാഡ്‌ റോഡ്‌. ചൈനാ ടൗൺ, ധോബിഗട്‌, സിറ്റിഹാൾ തുടങ്ങിയ സ്‌ഥലങ്ങളുടെ അടുത്തുതന്നെയാണ്‌ നഗരത്തിന്റെ ഈ ഭാഗവും, പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത്‌ ഇവിടെ ധാരാളം ജാതിതോട്ടങ്ങളും കുരുമുളകുതോട്ടങ്ങളും ഉണ്ടായിരുന്നു. ഈ തോട്ടങ്ങളിലൂടെയുള്ള റോഡ്‌ ഓർച്ചാഡ്‌ റോഡ്‌ എന്ന പേരിൽ അറിയപ്പെട്ടു. പിന്നീടീ സ്‌ഥലവും ഈ റോഡിന്റെ പേരിൽ തന്നെയാണറിയപ്പെട്ടത്‌.

ഇപ്പോഴിവിടെ കുരുമുളകുതോട്ടങ്ങളും ജാതിതോട്ടങ്ങളും ഇല്ല. നഗരം വളർന്നു വലുതായതോടെ ഇവിടം രാജ്യത്തെ പ്രധാന ഷോപ്പിംഗ്‌ സെന്ററുകളിൽ ഒന്നായി തീർന്നു. വിദേശരാജ്യങ്ങളിലെ എംബസികളിലധികവും ഓർച്ചാഡിലും പരിസരത്തുമാണുള്ളത്‌. സ്വാഭാവികമായി അവിടെ ജോലി ചെയ്യുന്ന വിദേശികളും ഇവിടെ താമസമാക്കി. മറ്റുസമ്പന്നരായ വിദേശികൾ, പ്രത്യേകിച്ചും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർ, സിംഗപ്പൂരിൽ താമസിക്കാനിഷ്‌ടപ്പെടുന്ന സ്‌ഥലവും ഇതാണ്‌. ഓർച്ചാഡ്‌ റോഡിൽ എവിടെ നോക്കിയാലും നാം കാണുന്നത്‌ വലിയ ഹോട്ടലുകളും വളരെ വലിയ ഷോപ്പിംഗ്‌ സെറ്ററുകളുമാണ്‌.

സന്ധ്യയാകാറായപ്പോഴാണ്‌ ഞാൻ ട്രയിനിൽ ഇവിടെ വന്നിറങ്ങിയത്‌. റോഡിനും നടപ്പാതകൾക്കും നല്ല വീതിയുണ്ട്‌. റോഡും പരിസരവും റോഡരികിലെ കെട്ടിടങ്ങളും ദീപങ്ങൾകാണ്ട്‌ അലങ്കരിച്ചിട്ടുണ്ട്‌. എല്ലാസ്‌ഥലവും ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയവരെകൊണ്ടു നിറഞ്ഞിരിക്കയാണ്‌. പുറത്തുള്ളതിനേക്കാൾ വലിയ തിരക്കാണ്‌ ഷോപ്പിംഗ്‌ സെന്ററുകളിൽ. വഴിയരികിലെല്ലാം പലതരത്തിലുള്ള പരിപാടികൾ നടക്കുന്നുണ്ട്‌. ഒന്നിൽ മാത്രം ശ്രദ്ധിച്ചും അതുമാത്രം കണ്ടുനിൽക്കാൻ സമയമില്ലാത്തതുകൊണ്ട്‌ ഞാൻ മറ്റുള്ളവരോടൊപ്പം സാവധാനം കാഴ്‌ചകൾ കണ്ടു നടന്നു. ഒരു ചായകുടിക്കണമെന്നു തോന്നിയെങ്കിലും ഫുഡ്‌ കോർട്ടുകളോ, ലിറ്റിൽ ഇൻഡ്യയിൽ പോലെ ചെറിയ ഹോട്ടലുകളാ ഒന്നു ഇവിടെ കണ്ടില്ല. കുറെ നടന്നുചെന്നപ്പോൾ ഒരു തട്ടുകട കണ്ടു. ശരിക്കും ഒരു തട്ടുകട. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ തൽക്കാലത്തേക്ക്‌ ഉണ്ടാക്കിയ ഒന്നാണന്ന്‌ കണ്ടപ്പോഴെ മനസിലായി. തറനിരപ്പിൽ നിന്നും മൂന്നുനാലടി ഉയരത്തിൽ, പലകകൾ നിരത്തിയ ഒരുതട്ട്‌. അവിടെ മേശയും കസേരയുമൊക്കെയുണ്ട്‌. പലരും അവിടെ ഇരുന്ന്‌ എന്തൊക്കെയോ കഴിക്കുകയും കുടിക്കുകയും ചെയ്യുന്നു. ഭക്ഷണം കഴിക്കുന്നതോടൊപ്പം റോഡിലെ കാഴ്‌ചകളും പരിപാടികളും അവിടെയിരുന്ന്‌ സുഖമായി കാണുകയും ചെയ്യാം.

ഇവിടെ ഈ സമയത്ത്‌ ചായകുടിക്കുന്നവർ ചുരുക്കമാണ്‌. അതുകൊണ്ട്‌ ചായ ഉണ്ടെന്ന്‌ ഉറപ്പുവരുത്തിയ ശേഷമാണ്‌ ഞാൻ തട്ടുകടയിലേക്കു കയറിയത്‌. ഒരു വലിയ കപ്പുനിറയെ നല്ല ചൂടുള്ള കട്ടൻ ചായകിട്ടി. അതും കുടിച്ച്‌ റോഡിലെ കാഴ്‌ചകളും കണ്ട്‌, എട്ടുപത്തുമിനിട്ടുനേരം അവിടെ ഇരുന്നു. തിരിച്ചുപോരാനിറങ്ങിയപ്പോൾ, കട്ടൻ ചായയുടെ വിലകേട്ട്‌ അന്തം വിട്ടുപോയി. സാധാരണ ഫുഡ്‌ കോർട്ടുകളിലും ലിറ്റിൽ ഇൻഡ്യയിലെ ഹോട്ടലുകളിലും കിട്ടുന്ന പാലൊഴിച്ച ചായയുടെ പത്തിരട്ടി വില, മക്കൾ തന്നെ ഡോളറുകൾ പോക്കറ്റിലുണ്ടായിരുന്നതുകൊണ്ട്‌, ചായയുടെ വിലകൊടുത്ത്‌ ഒന്നും മിണ്ടാതെ പുറത്തേക്കിറങ്ങി.

ഓർച്ചാഡ്‌ റോഡിലൂടെ സാവധാനം മുന്നോട്ടു നടന്നു. കുറച്ചുകൂടെ നടന്നപ്പോൾ സോമർസെറ്റ്‌ റയിൽവേ സ്‌റ്റേഷനായി. വീണ്ടും നടന്നാൽ ധോബി ഗട്ടിലെത്തുമെന്നും എനിക്കറിയാം.

മുന്നോട്ടുപോകുംതോറും റോഡരികിലെ തിരക്കിനും ആഘോഷങ്ങൾക്കും അല്‌പം കുറവുണ്ട്‌. ഇവിടെയും റോഡിന്റെ പേര്‌ ഓർച്ചാഡ്‌ റോഡ്‌ എന്നുതന്നെയാണ, ധോബി ഗട്ടിലെത്തിയപ്പോൾ, അവിടെയും ദീപാലങ്കാരങ്ങളും പലതരത്തിലുള്ള ആഘോഷപരിപാടികളുമുണ്ട്‌. എല്ലായിടത്തും ഒന്നു ചുറ്റിക്കറിങ്ങിയശേഷം ഞാൻ ലിറ്റിൽ ഇൻഡ്യയിലേക്കു നടന്നു. ഇതിനു മുമ്പും പലപ്രാവശ്യം ഞാൻ ധോബിഗട്ടിൽ നിന്നും ലിറ്റിൽ ഇൻഡ്യയിലേക്കു നടന്നുവന്നിട്ടുണ്ട്‌. അതുകൊണ്ടു വഴി എനിക്കു നല്ലനിശ്ചയമാണ്‌. ലിറ്റിൽ ഇൻഡ്യയിൽ എത്തിയപ്പോൾ, അവിടെ ക്രിസ്‌മസ്‌ ആഘോഷങ്ങളോ അതിന്റെ തിരക്കുകളോ ഒന്നുമില്ല.

വളരെയധികം നടന്നതിന്റെ ക്ഷീണമുണ്ട്‌ എന്തെങ്കിലും കഴിച്ച്‌ അല്‌പം വിശ്രമിച്ചിട്ടുമതി വീട്ടിലേക്കുള്ള യാത്ര എന്നു കരുതി, ഞാൻ ലിറ്റിൽ ഇൻഡ്യയിലെ എന്റെ പതിവുഹോട്ടലിലേക്കു കയറി.

ബാഹുലേയൻ പുഴവേലിൽ

ഏനാദി. പി.ഒ,

കെ.എസ്‌. മംഗലം, വൈക്കം,

കോട്ടയം ജില്ല,

പിൻ - 686 608.


Phone: 9947133557




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.