പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഓണം വരുമ്പോള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീമൂലനഗരം മോഹന്‍

ഓണപ്പൂക്കളുടെയും പൂക്കളങ്ങളുടെയും സൗരഭ്യവും സൗന്ദര്യവും മറന്നുപോയ ആഹ്ലാദത്തിന്റെ ഓര്‍മകളായി പലരുടെയും ഭൂതകാലങ്ങളില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ ദുഃഖം ഉറഞ്ഞ കണ്ണുകളുമായി ഓണനാളുകളില്‍പ്പോലും മക്കള്‍ക്ക് വിളമ്പിക്കൊടുക്കാന്‍ ദാരിദ്ര്യം മാത്രമുള്ള ഒരമ്മയുടെ മുഖമാണ് എന്റെ മനസില്‍ തെളിയാറുള്ളത്. അതുകൊണ്ടു തന്നെ ഓണം അമ്മയുടെ മുഖത്തെ മിഴിവോടെ എന്റെ മനസില്‍ തെളിയിക്കുന്നു. ആ മുഖത്തിന് ഈ പ്രപഞ്ചത്തിലുള്ള ഏതു പൂവിനേക്കാളും ചന്തമുണ്ട്, സുഗന്ധമുണ്ട്.

കുടുംബജീവിതം ചിലപ്പോള്‍ ഭാഗ്യക്കുറി പോലെ ആജീവാനന്ദ ഉല്ലാസം നല്‍കും. ചിലപ്പോള്‍ ജീവപര്യന്തമുള്ളകഠിന ശിക്ഷയുമാകും. അമ്മയുടെ കാര്യത്തില്‍ രണ്ടാമത്തേതാണ് സംഭവിച്ചത്. സഹനത്തിന്റെയും ദുരിതത്തിന്റെയും കഥയായി ജീവിതം മാറി.

ഭര്‍ത്താവ് ജീവിച്ചിരിക്കേ വിധവയെപ്പോലെ കഴിയേണ്ടി വന്ന അമ്മയുടെ മകനായിട്ടായിരുന്നു എന്റെ ബാല്യം ആരംഭിച്ചതും അവസാനിച്ചതും. എന്നെങ്കിലും ഒരു നല്ലകാലം വരേണമേ എന്ന പ്രാര്‍ഥനയോടെ സ്വന്തം ബന്ധുഗൃഹങ്ങളില്‍ പോലും ഒരു കൂലിവേലക്കാരിയായി അമ്മ കഴിഞ്ഞു. അമ്മയുടെ ദുഃഖാകുലമായ മുഖഭാവങ്ങളില്‍ നിന്ന് ആ മനസ് ഞാന്‍ വായിച്ചെടുത്തിരുന്നു. അതുകൊണ്ടു തന്നെ ഓണം ആഘോഷങ്ങളുടെ തീവ്രതയോടെ കടന്നുവരാത്ത ഒന്നായി എന്റെ ബാല്യം കടന്നുപോയി.

'ഓണക്കോടി' എന്ന ചിന്ത തന്നെ എനിക്കന്യമായിരുന്നു. കൂട്ടുകാര്‍ പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് മുന്നിലെത്തുമ്പോള്‍, അധ്യയന വര്‍ഷത്തിന്റെ അവസാനമാകുമ്പോഴേയ്ക്കും ഒരുപാട് തുന്നിച്ചേര്‍ക്കലുകള്‍ വേണ്ടിവരുന്ന ഓന്നോ രണ്ടോ ട്രൗസറിലും ഷര്‍ട്ടിലും എന്റെ വസ്ത്രമോഹങ്ങള്‍ അവസാനിച്ചിരുന്നു. ഏറ്റവും വിലകുറഞ്ഞ വസ്ത്രമണിയുന്ന വിദ്യാര്‍ഥിയെന്ന പദവി അക്കാലത്ത് ഞാനാര്‍ക്കുംവിട്ടുകൊടുത്തിരുന്നില്ല.

ഓണനാളുകളില്‍ മാത്രമല്ല മറ്റു ദിവസങ്ങളിലും ആഹാരം കഴിക്കാന്‍ വകയുണ്ടായിരുന്നില്ല. അരികും മൂലയും കീറിപ്പോയ പായയില്‍ അമ്മയുടെ മാറുപറ്റി കിടക്കുമ്പോള്‍, ഉറങ്ങാനാകാതെ അമ്മ ഉതിര്‍ക്കുന്ന നിശ്വാസങ്ങള്‍ എന്റെ അകം പൊള്ളിച്ചിട്ടുണ്ട്... എങ്കിലും അമ്മ അഭിമാനിയായിരുന്നു.. ഒരാളോടും ഒന്നും യാചിച്ചിട്ടില്ല.

ഉറങ്ങാത്ത മുറിവായി ഒരു സംഭവം മനസില്‍ നീറ്റലുണ്ടാക്കുന്നു. വിശന്നു വയറൊട്ടിപ്പോയ ഏതോ ഒരു ദിവസം.. അയല്‍പ്പക്കത്തെ വീട്ടില്‍ നിന്നു ഒരു മൊന്ത കഞ്ഞിവെള്ളം വാങ്ങി അമ്മ വരുന്നു. തുണിക്കു പശയിടാന്‍ എന്നുപറഞ്ഞാണ് അമ്മയത് വാങ്ങിയത്. അല്‍പ്പം ഉപ്പിട്ട് കാന്താരിമുളക് ഉടച്ച് ഗ്ലാസില്‍ പകര്‍ത്തി അമ്മ എനിക്കും ചേച്ചി കുസുമത്തിനും അത് തന്നു. ജീവാമൃതമായി ഞങ്ങളത് കഴിച്ചു.

പിന്നീട്, വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ആഡംബര ഹോട്ടലുകളില്‍ നിന്നും പേരറിയാവുന്നതും അല്ലാത്തതുമായ ഭക്ഷ്യവിഭവങ്ങള്‍ കഴിച്ചിട്ടുണ്ടെങ്കിലും അമ്മ പകര്‍ന്നു തന്ന ആ കഞ്ഞിവെള്ളത്തിന്റെ സ്വാദ് മറക്കാന്‍ കഴിഞ്ഞിട്ടില്ല ഇതുവരെ.

ജീവിതം മുഴുവന്‍ പരാജയങ്ങളെ നേരിടുന്നവര്‍ പരാജിത ലോകത്തിന്റെ അടയാളമായി സ്വയം മാറുമെന്നു ആരോ എഴുതിയിട്ടുണ്ട്. എന്റെ അമ്മ പരാജിതയായിരുന്നില്ല. ജീവിത ക്ലേശങ്ങളുടെയും ദാരിദ്ര്യത്തിന്റെയും കൊടുങ്കാറ്റുകള്‍ ആഞ്ഞടിച്ചപ്പോഴും ഞങ്ങളുടെ സംരക്ഷകയായി, ശക്തി ഗോപുരമായി അമ്മ നിന്നു.

വയര്‍ നിറയെ ആഹാരം കഴിക്കാന്‍ കഴിയുന്ന ദിവസങ്ങള്‍ ഞങ്ങള്‍ക്കെന്നും തിരുവോണമായിരുന്നു.

എങ്കിലും ഓണം.. ഓണം തന്നെയാണ്... കൂട്ടുകാര്‍ക്കൊപ്പം പൂപറിക്കാന്‍ ഞാനും പോയിട്ടുണ്ട്. തുമ്പ, വെണ്ണക്കുടപ്പന്‍, ഗോങ്ങിണി, എന്നിങ്ങനെ ഈ തലമുറയ്ക്ക് അറിയാത്ത പൂച്ചെടികള്‍. മുറ്റത്ത് പൂക്കളമൊരൂക്കിയിട്ടുണ്ട്. എങ്കിലും ഓണപ്പാട്ടുകള്‍ കേള്‍ക്കുമ്പോള്‍, ഓണപ്പൂവിളികള്‍ ഉയരുമ്പോള്‍ വേദനയുടെയും ഒറ്റപ്പെടലിന്റെയും ലോല തരംഗങ്ങള്‍ മനസില്‍ കടന്നുവരും. പക്ഷെ, അമ്മയുടെ മുഖം, ഒരു പ്രതിസന്ധിയിലും തളരാതെ മനസ് ശക്തിപ്പെടുത്തണമെന്നും ഒരാളുടെ മുന്നിലും ആദര്‍ശവും അഭിമാനവും പണയം വച്ച് യാചകനായി നില്‍ക്കരുതെന്നും ഓര്‍മിപ്പിച്ചു.

അയല്‍പ്പക്കത്തെ വീടുകളില്‍ ഓണനാളുകളില്‍ കറിക്ക് കടുക് വറക്കുന്നതിന്റെയും പായസത്തിന് നെയ് മൂപ്പിച്ചെടുക്കുന്നതിന്റെയും ആകര്‍ഷക ഗന്ധം മൂക്കിലടിക്കുമ്പോള്‍ ഞങ്ങള്‍ക്ക് അന്യമായ ആഘോഷങ്ങളേക്കുറിച്ച് മക്കള്‍ ആലോചിക്കുന്നുമോ എന്നു ഭയന്ന് അമ്മ വീടിന്റെ കതകുകള്‍ അടച്ചിട്ടിട്ടുണ്ട്.

വെറുതെ ഒരിടത്ത് ഇരുന്നാല്‍പോലും സമീപസ്ഥരുടെ ഹൃദയം കുളിര്‍പ്പിക്കുന്ന ചിലരുണ്ട്. ആ വ്യക്തികള്‍ ഹൃദയവിശുദ്ധിയുടെ സുഗന്ധം ചുറ്റും പ്രസരിപ്പിക്കും. ആ സുഗന്ധം ആസ്വദിക്കാന്‍ നാം സ്വയം കൊതിക്കും.. അമ്മ എന്റെ ജീവിത സുഗന്ധമായിരുന്നു.

ഒരു വ്യാഴവട്ടക്കാലം മുന്‍പ് ഈ ലോകത്തോട് വിടപറഞ്ഞ അമ്മയെ ഒരിക്കല്‍ കൂടി കാണാന്‍ കഴിഞ്ഞെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിക്കുന്നത് ഒരു നറുക്കിലയില്‍ പുന്നെല്ലരിയുടെ ചോറും കറികളും വിളമ്പി ഉപ്പേരിയും പായസവും വിളമ്പി അമ്മയോടൊപ്പമിരുന്ന് ഉണ്ണാന്‍ വേണ്ടിയാണ്. അമ്മ പ്രാര്‍ഥിച്ചതു പോലെ അമ്മയുടെ മക്കളുടെ ദാരിദ്യം മാറിയെന്നും കടുകു വറക്കുന്നതിന്റെയും പായസത്തിന് നെയ്യ് മൂപ്പിക്കുന്നതിന്റെയും ആകര്‍ഷകമായ ഗന്ധം നമ്മുടെ അടുക്കളയില്‍ നിന്നു ഉയരുന്നുവെന്ന് അഭിമാനത്തോടെ പറയാനും വേണ്ടിയാണ്.

ശ്രീമൂലനഗരം മോഹന്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.