പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ദാരിദ്ര്യത്തിന്റെ ഭൂതകാലം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.ആർ. ഇന്ദിര

ദാരിദ്ര്യം ഒരു ഭൂതമാണെന്നോ ഭൂതകാലത്ത്‌ ദാരിദ്രമായിരുന്നു എന്നോ മനസ്സിലാക്കുക. എഴുപതുകൾ വരെയുള്ള കാലഘട്ടമാണ്‌ ഈ ഭൂതകാലം. അക്കാലത്ത്‌ ഏറ്റവും പ്രധാനപ്പെട്ട വികാരം വിശപ്പായിരുന്നു. അന്നത്തെ പരമസത്യം ദാരിദ്ര്യമായിരുന്നു. രാഷ്‌ട്രീയം, വിദ്യാഭ്യാസം, തൊഴിൽ, പ്രണയം, കാമം, കളവ്‌, വഞ്ചന തുടങ്ങിയവയെല്ലാം അന്നും ഉണ്ടായിരുന്നു. പക്ഷേ കക്ഷിഭേദമെന്യേ പരക്കെ നിലനിന്ന ദാരിദ്യം ഒരു പൊതുസത്യമായിരുന്നു എന്ന വസ്‌തുത ഇന്നത്തെ തലമുറ മനസ്സിലാക്കേണ്ടതുണ്ട്‌.

അക്കാലത്ത്‌ യഥാർത്ഥത്തിൽ ഓണമുണ്ടായിരുന്നു എന്നതാണ്‌ ദാരിദ്ര്യത്തിന്റെ ഭൂതകാലത്തിന്റെ ഗുണപരമായ വശം. ദേശീയ പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമല്ലാതിരുന്ന അക്കാലത്ത്‌ കേരളീയരുടെ ഭക്ഷണം ഇവിടത്തെ കാർഷീകോല്‌പന്നങ്ങൾ തന്നെയായിരുന്നു. അതുകൊണ്ട്‌ കേരളീയർക്ക്‌ ആഹരിയ്‌ക്കാൻ വേണ്ടത്ര അരി ഇവിടെ ഇല്ലാതെ പോയി. മുണ്ടകനും പുഞ്ചയും കൊയ്‌തതൊക്കെ കർക്കിടകത്തിൽ തിന്നുതീർന്നിരുന്നു. പത്തായം ഒഴിഞ്ഞിരുന്നു. ചക്കിക്ക്‌ കുത്താനുണ്ടായിരുന്നില്ല, അമ്മയ്‌ക്ക്‌ വെക്കാനുണ്ടായിരുന്നില്ല, ഉണ്ണിയ്‌ക്ക്‌ ഉണ്ണിക്കുമ്പ വീർക്കുവോളം തിന്നാനും ഉണ്ടായിരുന്നില്ല. വളയിൽ കെട്ടിതൂക്കിയിട്ടുള്ള വെള്ളരിക്കകൊണ്ട്‌ ‘സ്രോ’ എന്നൊരു വെള്ളം അല്ലെങ്കിൽ ‘മൊളകർത്തപ്പുളി’ (മുളകു വറുത്തപ്പുളി), ഒരു നേരം ഊണ്‌, ഒരു നേരം കഞ്ഞി, ഒരു നേരം പഴങ്കഞ്ഞി. കർക്കിടകത്തിലെ മെനു ഇവിടെ പൂർണ്ണമാകുന്നു.

അക്കലത്ത്‌ കർക്കിടക മാസത്തിൽ എല്ലാവരും മെലിഞ്ഞിരുന്നു. ദുർമേദസ്സു മൂലമുള്ള ഒരു രോഗവും കേരളീയർക്കുണ്ടായിരുന്നില്ല. ഒരു ദേശത്ത്‌ നാലോ അഞ്ചോ തടിയൻമാരും, തടിച്ചികളും ഒഴിച്ച്‌ ബാക്കി എല്ലാവരും മെലിഞ്ഞവരായിരുന്നു. തടിയൻമാരെ ‘വയറൻ ക്യഷ്‌ണൻനായർ’ എന്നും വഞ്ചിപ്പത്താൻ നാരായണൻനായർ എന്നും മറ്റും വിളിച്ചുപോന്നു. ചെയ്യാൻ പണിയും തിന്നാൻ അരിയും ഇല്ലാതിരുന്നതുകൊണ്ട്‌ കർക്കിടകത്തിൽ മരുന്നുകഞ്ഞികുടിക്കലും രാമായണം വായിക്കലും നടപ്പായി. കുടവയറുള്ള നായൻമാരും നമ്പൂതിരിമാരും സുഖചികിത്സ നടത്തി. കർക്കിടകം കഴിഞ്ഞ്‌ ചിങ്ങം വന്നാൽ കൊയ്‌ത്തു തുടങ്ങും, പുത്തരി ഉണ്ടാകും. രോഹിണി ഞാറ്റുവേലയിൽ നട്ടപയറ്‌ ഓണമടുക്കെ കായ്‌ച്ച്‌ പാകമായിരിയ്‌ക്കും. ആയില്യ മകത്തിന്‌ നട്ട നേന്ത്രവാഴ കുലച്ച്‌ മൂത്തുപഴുത്ത്‌ പാകമാകും. മൂത്തകായ നാലു നുറുക്കി വറുത്തുപ്പേരിയുണ്ടാക്കും. കായ നുറുക്കി കാളനും വെയ്‌ക്കും. പഴുത്തഏത്തയ്‌ക്കാ ചെണ്ടനുറുക്കാക്കി വേവിച്ചു തിന്നും. അതുപോരാഞ്ഞ്‌ പഴപ്രഥമനും വയ്‌ക്കും. നാക്കിലയിൽ സദ്യ വിളമ്പി മൂക്കറ്റം തിന്നും. അങ്ങനെയാണ്‌ സുഹൃത്തെ ഓണം വന്നിരുന്നത്‌.

എന്നുവെച്ച്‌ അങ്ങനെയെ ഓണം വന്നുകൂടു എന്ന ശാഠ്യമൊന്നും നമുക്കില്ല. കാലത്തിനും അവസ്‌ഥയ്‌ക്കും അനുസരിച്ച്‌ ഓണം എങ്ങിനെയും വരാം. അത്‌ ഇന്നത്തെ രീതിയിൽ കെന്റക്കി ഫ്രൈഡ്‌ ചിക്കനും സ്മീർണോവും ചേർന്ന്‌ കടന്ന്‌ വരുന്നത്‌ ശരിയല്ല എന്ന്‌ പരിസ്‌ഥിതി വാദികൾ പറയും. പഴയ രീതിയിൽ തുടരുന്നത്‌ ശരിയല്ലായെന്ന്‌ കമ്മ്യൂണിസ്‌റ്റുകൾ പറയും. ആത്യന്തികമായ ശരി എന്ന ഒന്ന്‌ ഇല്ല എന്ന കാര്യം ഈ അതിവാദക്കാരൊന്നും ഓർക്കാറില്ല എന്നു മാത്രം. എന്തായാലും മാവേലിക്കും ത്യക്കാക്കരയപ്പനുമായ വാമനനും ഒപ്പം ജെയ്‌ വിളിച്ചുകൊണ്ട്‌ ഈ വർഷത്തെ ഓണാഘോഷത്തിന്‌ തിരശീലയിടാം.

കെ.ആർ. ഇന്ദിര

മേഴത്തൂർ, ആകാശവാണി, തൃശൂർ.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.