പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കം=ശരീരം & ഖം = ആകാശം ശരീരത്തിലെ ആകാശം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സക്കറിയാസ്‌ നെടുങ്കനാൽ

സംസ്‌കൃതത്തിൽ -കം = ശരിരം; ഖം = ആകാശം. മനുഷ്യശരീരം നിർമ്മിച്ചിരിക്കുന്നത്‌ എന്തെല്ലാംകൊണ്ടാണ്‌ എന്ന ചോദ്യത്തിന്‌ ജീവശാസ്‌ത്രജ്ഞന്റെ ഉത്തരമാവില്ല ആയുർവേദം തരുന്നത്‌. അധ്യാത്മിക സാധനയിലൂടെയുള്ള ആയൂർവേദ കണ്ടെത്തലുകൾ വിസ്‌മയാവഹമാണ്‌. അതനുസരിച്ച്‌, ശരീരം പഞ്ചഭൂതനിർമ്മിതിയാണ്‌. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണവ. ഇവയിൽ ആദ്യത്തെ നാലിന്റെയും തന്‌മാത്രകളെ കണ്ടെത്താം. എന്നാൽ ഇടം എന്നർത്ഥമുള്ള ആകാശത്തിന്റെ കാര്യത്തിൽ അങ്ങനെയൊന്നില്ല. സ്‌ഥൂലശരീരത്തിന്‌ സ്‌ഥിതിചെയ്യാൻ ഇടം വേണമെന്ന അർത്ഥത്തിലല്ല, മറിച്ച്‌, ശരീരത്തിന്റെ ആന്തരികഘടനയിൽതന്നെ ആകാശമുൾക്കൊള്ളുന്നുണ്ട്‌ എന്നു തന്നെയാണ്‌ ആയൂർവേദപാഠം. ഈ ആകാശം എന്നാൽ എന്തെന്ന്‌ ഒരിടത്തും എഴുതി കണ്ടിട്ടില്ല.

ആദ്യത്തെ നാലു മൂലകങ്ങളാണ്‌. അവയിലോരോന്നായി വിട്ടുപോകുമ്പോളാണ്‌ ശരീരം മരണമടയുന്നത്‌. ആദ്യം വായു - (ജീവാംശം), പിന്നെ അഗ്നി (ചൂട്‌) പിന്നെ ജലം. ബാക്കിയുള്ള ഭൂമി (മണ്ണ്‌) മണ്ണോടുതന്നെ ചേരുന്നു. അപ്പോൾ ആകാശമോ? അത്‌ ഈശ്വരാംശമായിരിക്കണം. നിലനിൽക്കുന്ന ഏക ഘടകം മനുഷ്യനിലെ ആത്‌മാവ്‌ (ദൈവംശം) ആണെന്ന വിശ്വാസമാണല്ലോ, മരണം ശൂന്യതയിലേയ്‌ക്കുള്ള കവാടമല്ലെന്നു വാദിക്കാൻ മതങ്ങളെ പ്രേരിപ്പിക്കുന്നത്‌.

ഹിന്ദുപൂജയിൽ അർച്ചനയ്‌ക്കുപയോഗിക്കുന്ന വസ്‌തുക്കൾ പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങൾ ആണെന്നും, അവ ധൂപം (വായുവിന്റെ) ദീപം (അഗ്നിയുടെ) പുഷ്‌പം (ജലത്തിന്റെ), നൈവേദ്യം (ഭൂമിയുടെ) എന്നിവയാണെന്നും തിരുവനന്തപുരത്തെ ഏകലവ്യാശ്രമമഠാധിപതി സ്വാമി അശ്വതിതിരുനാൾ ചൂണ്ടിക്കാണിക്കുന്നു. ആകാശത്തിന്റെ സ്‌ഥാനത്ത്‌ പൂജയിൽ എന്തർപ്പിക്കപ്പെടുന്നു എന്നദ്ദേഹം ഒട്ടു പറയുന്നുമില്ല.

ഇത്‌ മന്ത്രം (വാക്ക്‌) ആയിക്കൂടെ? കാരണം, ഓംകാരത്തിന്റെ പ്രതീകമായിട്ടാണ്‌ വിളക്കിനെ ഉപയോഗിക്കുന്നത്‌. ഓം=ശബ്‌ദപ്രതീകം; വിളക്ക്‌ = സ്‌ഥൂലപ്രതികം. വിളക്കിലെ മൂന്നുതിരികളുടെ അർത്ഥം ഇങ്ങനെയാണ്‌; ഒന്ന്‌, ശിവന്റെ ദേവിയായിരുന്നുകൊണ്ട്‌ ലോകരക്ഷ ചെയ്യുന്ന പാർവതിഃ രണ്ട്‌ ബ്രഹ്‌മാവിന്റെ ദേവിയായിരുന്ന്‌ വിദ്യ നല്‌കുന്ന സരസ്വതി; മൂന്ന്‌, വിഷ്‌ണുവിന്റെ പത്‌നിയായിരുന്ന്‌ ഐശ്വര്യം നല്‌കുന്ന ലക്ഷ്‌മിദേവി.

മനുഷ്യ ചേതനയിൽ ആകാശത്തിന്റെ പൊരുളെന്തെന്നാണ്‌ ഇവിടെ ചിന്തിക്കുന്നത്‌. ദീപം അഗ്നിയുടെ പ്രതീകം ആകുന്നതിലൂടെ ചൂട്‌ മാത്രമല്ല, പ്രകാശവും പ്രതിനിധികരിക്കപ്പെടുന്നു. ആകാശം (ദ്യോവ്‌) പ്രകാശവുമാണ്‌, സംസ്‌കൃതഭാഷയിൽ. മരണത്തോടെ ഇത്‌ മാത്രമാണ്‌ ബാക്കിയാവുന്നത്‌ എങ്കിൽ, മനുഷ്യ ചേതനയുടെ സാരാംശം അതു തന്നെയായിരിക്കണം. ജീവിച്ചിരിക്കുമ്പോൾതന്നെ ഉള്ളിൽനിന്ന്‌ ആകാശം പുറന്തള്ളപ്പെടാം. അതാത്‌, സ്‌ഥൂലത അധികമാവുന്നതിലൂടെ. ഭൗതികമായതെല്ലാം സ്ഥൂലമാണ്‌, ഇടത്തെ നശിപ്പിക്കുന്നതാണ്‌. ഭൗതികതയിൽ ആണ്ടുപോകുന്നവർ പിണ്ഡം മാത്രമായി മാറുന്നു. ഇത്രയൊക്കെ അർത്ഥസംപുഷ്‌ടതയോടെ, പഞ്ചഭൂതങ്ങളിൽ ഒന്നായി ആകാശത്തെ ഉൾപ്പെടുത്തിയ ഋഷികളുടെ ഉൾക്കണ്ണിന്റെ ശോഭ എത്ര പ്രശംസിച്ചാലും പോരാ. ബാക്കിയൊക്കെ സ്‌ഥൂലമാകുമ്പോൾ, ആകാശം മാത്രം സൂക്ഷ്‌മമാണ്‌. വ്യക്തിയിലെ ലാളിത്യം, നൈർമല്യം, കരുണ എന്നിവയൊക്കെ ആകാശത്തിന്റെ അർത്ഥവിതാനങ്ങളിൽപെടുന്നു.

ആകാശമാണ്‌ മനുഷ്യനിൽ ഇടമുണ്ടാക്കി മറ്റു ഭൂതങ്ങളെ വെറും പിണ്ഡാവസ്‌ഥയിൽ നിന്ന്‌ ഉയർത്തുന്നത്‌. ആകാശത്തിന്റെ ഈ ചേരുവയില്ലെങ്കിൽ, ഫലം ഗുരുത്വമാണ്‌ - താങ്ങാനാവാത്ത കനം. ലോലതക്കാധാരം ഇടമാണ്‌. അതാണ്‌ ജീവനെ നമുക്ക്‌ താങ്ങാവുന്നതാക്കുന്നത്‌. ആകാശത്തിന്റെ അനുപാതം കുറയുമ്പോൾ കാണുന്നതിലേയ്‌ക്കെല്ലാം മനുഷ്യൻ ആകർഷിക്കപ്പെടുന്നു. വസ്‌തുവകകളായും ശമിക്കാത്ത ആഗ്രഹങ്ങളായും അവ വ്യക്തിയിൽ വന്നുനിറഞ്ഞ്‌ ശ്വാസംമുട്ടിക്കുന്നു. അവനസുഖമുണ്ടാകുന്നു.

സുഖം എന്നാൽ നല്ല ആകാശം എന്നാണർത്ഥം. അസുഖം അല്ലെങ്കിൽ ദുഃഖം ദുഃസഹമായ ആകാശവും. സുഖദുഃഖങ്ങൾ ഒരു ബിന്ദുവിലൊതുങ്ങിനിൽക്കില്ല. രണ്ടും ചുറ്റും വ്യാപിക്കും; പ്രകാശവും ഇരുട്ടും പോലെ. “ വാതിൽ തുറക്കുന്നേൻ, വീട്ടിന്നകതത്തേയ്‌ക്കു & വാനിന്‌ വെളിച്ചമേ, നീയൊഴുകൂ” (ബാലാമണിയമ്മ) എന്ന പ്രാർത്ഥനയും, ഓം വിശ്വേശ്വരായ നമഃ എന്ന മന്ത്രവും മഹാകാശത്തെ നമുക്കുള്ളിലേയ്‌ക്ക്‌ (ഘടകാശത്തിലേയ്‌ക്ക്‌) ക്ഷണിക്കുകയാണ്‌ ചെയ്യുന്നത്‌.

സക്കറിയാസ്‌ നെടുങ്കനാൽ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.