പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

പെണ്ണിനെ ലക്ഷ്യംവയ്ക്കുന്ന പുതിയ പുതിയ ചൂണ്ടകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പി.സുരേന്ദ്രൻ

എണ്ണ മിക്കവാറും വറ്റിയതില്‍ പിന്നെ ടൂറിസം മുഖ്യ വ്യവസായമായ ഒരു കൊച്ചു മധ്യേഷ്യന്‍ രാജ്യത്തെ സന്ദര്‍ശനം ഓര്‍ത്തുപോകുന്നു. മദ്യവും പെണ്ണും ഒരുപോലെ തെരുവില്‍ ഒഴുകുന്ന രാജ്യമാണത്. അവിടത്തെ മദ്യശാലകളിലെ ജീവിതമറിയാന്‍ ഒരു സുഹൃത്ത് എന്നെ കൂട്ടിക്കൊണ്ടുപോയി. സ്ത്രീകള്‍ക്കു മാത്രമായ പബ്ബുകളൊന്നും അവിടെയില്ല. അവിടത്തെ ദേശവാസികളായ സ്ത്രീകള്‍ മദ്യപാന ശീലമുള്ളവരുമല്ല. പുരുഷന്മാര്‍ക്കുള്ള മദ്യശാലകളിലാണ് സ്ത്രീകളായ വിളമ്പുകാരുള്ളത്. മദ്യശാലയില്‍ വരുന്ന പുരുഷന്മാരെ ആവും വിധം അവര്‍ തൃപ്തിപ്പെടുത്തിക്കൊള്ളണം. ഒരിക്കല്‍ വരുന്നയാളുടെ ഫോണ്‍ നമ്പര്‍ അവര്‍ വാങ്ങിക്കും. അയാളെ മദ്യശാലയിലേക്കു നിരന്തരം അവര്‍ പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. ഇത്തരക്കാരികള്‍ക്ക് വലിയ സമ്മാനങ്ങള്‍ നല്‍കി മുടിഞ്ഞവര്‍ ധാരളം. കേവലം വിളമ്പുകാരികള്‍ മാത്രമല്ല അവര്‍, മറിച്ച് മദ്യപന്മാരെ എല്ലാ അര്‍ഥത്തിലും അവര്‍ പരിചരിച്ചുകൊണ്ടിരിക്കും. മങ്ങിയ വെളിച്ചത്തില്‍ ആവാവുന്നതൊക്കെ ആവാം എന്നര്‍ഥം. ആദിമമായ സംസ്‌കാരത്തിന്റെ ഭാഗമായ പ്രദേശമാണ് പടിഞ്ഞാറിന്റെ സ്വാധീനത്തില്‍ മാറിപ്പോയത്. പടിഞ്ഞാറന്‍ സ്വാധീനവും മുതലാളിത്തത്തിന്റെ നീരാളിപ്പിടിത്തവും സദാചാരത്തെ മായ്ച്ചു എല്ലാത്തിനെയും വിപണിവത്കരിച്ചു കഴിഞ്ഞു.

കേരളത്തിലും ഇത്തരത്തിലുള്ള മദ്യശാലകള്‍ വരുന്നു എന്ന വാര്‍ത്തയെ ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. മുതലാളിത്തം മറ്റെല്ലാത്തിനെയും എന്നപോലെ സ്ത്രീയെയും വില്‍പ്പനച്ചരക്കാക്കുന്നതു മാത്രമല്ല പ്രശ്‌നം. എന്തും വില്‍ക്കാവുന്ന ഒരു സമൂഹമായി സ്ത്രീയെ മാറ്റിയെടുക്കുന്നു. അരാഷ്ട്രീയവത്കരണം മറ്റെല്ലാ മേഖലകളെയും ബാധിച്ചതുപോലെ സ്ത്രീ ജീവിതത്തെയും ബാധിച്ചു. അവളെ ടിവിയിലും ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിലും തളച്ചിട്ട് ചന്തകളിലേക്കു ഉറ്റു നോക്കാനും ഉല്‍പ്പന്നങ്ങളെ കുറിച്ചു മാത്രം വ്യാകുലപ്പെടാനും പരിശീലിപ്പിക്കുകയാണ്. എന്തും വിറ്റ് എന്തും വാങ്ങാന്‍ അവളെ പരുവപ്പെടുത്തുകയുമാണ്. നമ്മുടെ ചില സാംസ്‌കാരിക സവിശേഷതകള്‍ കൊണ്ടാവണം ചില ഉപഭോഗ താത്പര്യങ്ങളില്‍ നിന്നു സ്ത്രീകള്‍ കുതറി നിന്നിരുന്നു. അത് സ്ത്രീയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയായിരുന്നു. മദ്യശാലയിലേക്കു പുരുഷനെ പ്രലോഭിപ്പിക്കുന്നതുപോലെ സ്ത്രീയെ പ്രലോഭിപ്പിക്കുക എളുപ്പമായിരുന്നില്ല. പുകവലിക്കുന്ന സ്ത്രീകളെയും നാം വിരളമായേ കണ്ടിട്ടുള്ളൂ. പൊതുവെ ഇതൊന്നും വര്‍ജ്യമായി കരുതാത്ത ദളിത് സമുദായങ്ങളില്‍ പോലും.

സ്ത്രീ സമൂഹം ആര്‍ജിച്ച സദാചാരപരമായ കെട്ടുറപ്പിന്റെയും സ്ത്രീകള്‍ ഉയര്‍ത്തിപ്പിടിച്ച അന്തസിന്റെയും പ്രതിഫലനമായിട്ടാണ് ലഹരി വസ്തുക്കളോട് സ്ത്രീകള്‍ കാണിച്ച ഈ സമീപനത്തെ വിലയിരുത്തേണ്ടത്. എന്നാല്‍ വിപണിയുടെ ധാരാളിത്തത്തില്‍ സ്ത്രീയും കീഴടങ്ങുന്നു. പരമ്പരാഗത ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ വലിയ തിരിച്ചടി നേരിടുന്നു. സ്ത്രീവിമോചനത്തെ സംബന്ധിച്ച രാഷ്ട്രീയോന്മുഖമായ കാഴ്ചപ്പാടുകള്‍ നിലനിര്‍ത്തിയിരുന്ന പ്രസ്ഥാനങ്ങളായിരുന്നു അവ. വിപണിയുടെ ധാരാളിത്തത്തോട് കുതറി നില്‍ക്കാന്‍ അത് പ്രേരിപ്പിച്ചു. സ്ത്രീ ശരീരത്തെ വില്‍പ്പന ചരക്കാക്കുന്ന വിപണിയുടെ പ്രത്യയശാസ്ത്രത്തോട് ആഴത്തില്‍ കലഹിച്ചു ലൈംഗിക സ്വാതന്ത്ര്യം എന്നൊക്കെ പറയുമ്പോള്‍ കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിനു വേണ്ടിയൊന്നുമല്ല അവര്‍ വാദിച്ചത്. അത് പൊതു സമൂഹം തെറ്റിദ്ധരിച്ചതായിരുന്നു. പുരുഷന്‍ സൃഷ്ടിച്ച ലൈംഗിക വ്യവസ്ഥയോടായിരുന്നു ഫെമിനിസ്റ്റുകള്‍ കലഹിച്ചത്. വീടുകള്‍ക്കകത്തുപോലും സ്ത്രീക്ക് അവളുടെ അഭിലാഷങ്ങളും തീരുമാനങ്ങളും നിഷേധിക്കപ്പെട്ടു. രതി പോലും പുരുഷന്റെ ഏകപക്ഷീയമായ ആക്രമണോത്സുകതയായി വീട്ടിലെ കിടപ്പുമുറിയില്‍ പോലും മാറി. ഗാര്‍ഹിക പീഡനങ്ങളും അതിന്റെ തുടര്‍ച്ചയായി. അടിസ്ഥാന പരമായി ഇതൊക്കെ സൃഷ്ടിച്ചത് പുരുഷ കേന്ദ്രീകൃതമായ വ്യവസ്ഥയാണ്. സ്ത്രീ സ്വത്വത്തിന്റെ ഉശിരന്‍ രാഷ്ട്രീയം കൊണ്ട് സ്ത്രീവിരുദ്ധ ആശയങ്ങളെ ചെറുക്കുകയാണ് ഫെമിനിസ്റ്റുകള്‍ ചെയ്തത്. സപത്‌നി എന്ന രീതിയില്‍ പൂവിട്ടു പൂജിക്കുന്നതു പോലും ചതിയാണെന്നു സ്ത്രീകളെ ബോധ്യപ്പെടുത്തുകയാണ് ഫെമിനിസ്റ്റുകള്‍ ചെയ്തത്. എന്നാല്‍ ഇവര്‍പോലും സ്ത്രീകള്‍ക്കു വേണ്ടിയുള്ള മദ്യശാലകളെ സ്വീകരിക്കില്ല. കാരണം മദ്യവും മയക്കുമരുന്നുമൊക്കെ പുരുഷ കേന്ദ്രീകൃതവും ആക്രമണോത്സുകമായ ജീവിത രീതിയുടെയും ഭാഗമാണ്. താഴെത്തട്ടില്‍പ്പോലും മദ്യത്തിന്റെ ഇരകളാകുന്നത് സ്ത്രീകളാണ്.

യഥാര്‍ഥ ഫെമിനിസ്റ്റുകള്‍ ലളിത ജീവിതം കാംക്ഷിച്ചിരുന്നു. വിപണിയുണ്ടാക്കുന്ന ആര്‍ത്തിയെയും സ്ത്രീവിരുദ്ധമായി കാണാന്‍ ശ്രമിച്ച രാഷ്ട്രീയം അസ്തമിക്കുമ്പോള്‍ സ്ത്രീകള്‍ അവരുടെ ശരീരം വച്ച് ആഘോഷിക്കുന്നതാണ് പുതിയ കാലത്ത് കാണാന്‍ കഴിയുന്നത്. ഉടലുവച്ച് അവള്‍ ധാരാളിയാകുന്നു. നൃത്തവും സംഗീതവുമായി പെണ്ണുടലിന്റെ ആഘോഷമാണ് ചാനലുകളില്‍. രഞ്ജിനി ഹരിദാസാണ് മധ്യവര്‍ഗ സ്ത്രീയുടെ ഐക്കണ്‍ എന്ന സ്ഥിതി വന്നു. പുരുഷന്‍ ഇടപെടുന്നിടത്തൊക്കെ സ്ത്രീയും ഇടപെടുക, പുരുഷന്‍ അനുഭവിക്കുന്നതൊക്കെ സ്ത്രീയും അനുഭവിക്കുക- പുതിയ കാലത്തെ ലിബറേഷന്‍ മൂവ്‌മെന്റ് അത്രയേ ലക്ഷഅയം വയ്ക്കുന്നുള്ളൂ. സ്ത്രീകള്‍ക്കു മാത്രമായ മദ്യശാലകളെ അവര്‍ സ്വാഗതം ചെയ്യും. സ്ത്രീകള്‍ സിഗരറ്റ് വലിക്കുന്നതിനെ അവര്‍ സ്വാഗതം ചെയ്യും. ഒരിക്കല്‍ നമ്മുടെ സ്ത്രീ സമൂഹം തള്ളിക്കളഞ്ഞ അനാരോഗ്യകരമായ പ്രവണതകളെ പുതിയ കാലത്തെ സ്ത്രീപ്രസ്ഥാനങ്ങളും സ്വീകരിച്ചു തുടങ്ങുകയാണ്.

കുറേക്കൂടി ഇക്കോഫ്രണ്ട്‌ലിയായ ജീവിതം നയിച്ചവരാണ് സ്ത്രീകള്‍. പ്രകൃതിയെ വല്ലാതെ മുറിപ്പെടുത്തുന്ന ജീവിത രീതിയോട് സ്ത്രീകള്‍ എക്കാലവും കുതറി നിന്നിട്ടുണ്ട്. പ്രകൃതിനാശം എന്നതു പോലും പുരുഷ കേന്ദ്രീകൃതമായ ആര്‍ത്തിയുടെ ഭാഗമായിരുന്നു. എന്നാല്‍ പുതിയ കാല മധ്യവര്‍ഗ സ്ത്രീ പ്രകൃതി വിരുദ്ധമായ സമീപനങ്ങളില്‍ പുരുഷനൊപ്പം പ്രതിസ്ഥാനത്താണ്. ഫെമിനിസത്തിന്റെ ഇക്കോ ഫെയ്‌സ് അവള്‍ക്കും വേണ്ടാതാകുന്നു. ഐടി മേഖലകളിലൊക്കെ നമുക്ക് പരിചിതവും അവിശ്വസനീയവുമായ ജീവിതം നയിക്കുന്ന സ്ത്രീ സമൂഹം രൂപപ്പെടുന്നു. വിപണിയുടെ ആര്‍ത്തികള്‍ക്കു കീഴടങ്ങിയവര്‍ പ്രകൃതിനാശം, പാര്‍ശ്വവത്കരിക്കപ്പെട്ട ജനസമൂഹങ്ങളുടെ പ്രശ്‌നങ്ങള്‍, ആത്മീയത കൈമോശം വന്നതിന്റെ പ്രതിസന്ധികള്‍ ... ഇതൊന്നും ആകുലപ്പെടാത്ത, രാഷ്ട്രീയത്തില്‍ താത്പര്യമില്ലാത്ത, ധാരാളം പണമൂണ്ടാക്കി ഭോഗാതുരമായ ജീവിതം നയിക്കുകയാണിവര്‍. ശരീരത്തെക്കുറിച്ചുള്ള സദാചാര സങ്കല്‍പ്പവും അവരെ ഉലയ്ക്കുന്നില്ല. ലൈംഗികമായ തൃഷ്ണകളുടെ പൂര്‍ത്തീകരണത്തിന് വിവാഹം തന്നെയും അവര്‍ക്കു വേണമെന്നില്ല. പ്രസവിച്ച മക്കളോടുപോലും കംപ്യൂട്ടര്‍ കണക്കെ പെരുമാറുന്ന ഒരു സ്ത്രീ സമൂഹവും രൂപപ്പെടുന്നു. മാതാവിനും പിതാവിനും ഇടയ്ക്കുള്ള കലഹങ്ങളുടെ പേരില്‍ എത്രയോ കുട്ടികള്‍. ഐടി മേഖലകളില്‍ ജോലി ചെയ്യുന്ന ഒരു വിഭാഗം സ്ത്രീകളില്‍ സ്വന്തം കുഞ്ഞുങ്ങളോടു പുലര്‍ത്തേണ്ട സ്‌നേഹത്തിന്റെ ജൈവാവസ്ഥ പോലും ഇല്ലാതാവുന്നു. കോള്‍ സെന്റര്‍ ജീവനക്കാരില്‍ ധൂമപാനത്തോടും മദ്യപാനത്തോടുമുള്ള ആസക്തി കൂടിവരുന്നു. അവരുടെ ലൈംഗിക ജീവിതം എല്ലാ സദാചാരത്തിന്റെയും അതിരുകള്‍ ഭേദിച്ചു കഴിഞ്ഞു. സ്ത്രീകള്‍ക്കു മാത്രമായ മദ്യശാലകള്‍ ഇത്തരത്തിലൊരു സമൂഹത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഐടി പാര്‍ക്കുകള്‍ക്കു തൊട്ടാണ് ഇത്തരം മദ്യശാലകള്‍ക്ക് സാധ്യതയുള്ളത്. ഒരു പക്ഷെ ഐടി വര്‍ക്കുകളുടെ തുടര്‍ച്ച തന്നെയാണിത്. ആഗോളികരണം കൊണ്ടുവന്ന ഇത്തരം ചതിക്കുഴികളാണ് നമ്മുടെ പെണ്‍കുട്ടികളെ കാത്തിരിക്കുന്നത്. ധൂമപാനത്തിലേക്കും മദ്യപാനത്തിലേക്കും തിരിയുന്ന പെണ്‍കുട്ടികള്‍ തിരിച്ചറിയാതെ പോകുന്ന മറ്റൊരു വസ്തുതയുണ്ട്. ഇവ രണ്ടിന്റെയും അമിതമായ ഉപയോഗം പിറക്കാന്‍ പോകുന്ന കുട്ടികളില്‍ മാരകമായ മനോവൈകല്യങ്ങള്‍ക്കു കാരണമാകും. വരാന്‍പോകുന്ന പബ്ബ് സംസ്‌കാരം മധ്യവര്‍ഗ മലയാളിയെ ആകുലപ്പെടുത്തുകയേ ചെയ്യില്ല എന്നത് കേരളീയ സംസ്‌കൃതി നേരിടാന്‍ പോകുന്ന പ്രതിസന്ധിയിലേക്കുള്ള ചൂണ്ടടയാളമാണ്. പെണ്‍കുട്ടികളെ കൊരുക്കുന്ന പുതിയ ചൂണ്ടകള്‍ എറിഞ്ഞു കഴിഞ്ഞു.

പി.സുരേന്ദ്രൻ


Phone: 9447645840




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.