പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഇ- ബുക്കും ഇ- റീഡറും മലയാളവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.ഐ.സി.സി. ജയചന്ദ്രൻ

യുനസ്ക്കോയുടെ ആഹ്വാനപ്രകാരം എല്ലാ കൊല്ലവും ഏപ്രില്‍ 23 ലോകപുസ്തക ദിനമായി ആചരിക്കുന്നുണ്ടല്ലോ. ഇക്കൊല്ലം 2012 ഏപ്രില്‍ 23 -ആം തീയതി നാഷണല്‍ ബുക്ക് ട്രസ്റ്റ് ഓഫ് ഇന്ത്യയും ആള്‍ ‍കേരള പബ്ലിഷേസ് ആന്റ് ബുക്ക് സെല്ലേഴ്സ് അസോസിയേഷനും ചേര്‍ന്ന് കോവളത്തെ സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ ഒരു ഏകദിന ശില്‍പ്പശാല നടത്തുകയുണ്ടായി. കേരളത്തിലെ പ്രമുഖരായ എല്ലാ പ്രസാധകരുടേയും പ്രതിനിധികള്‍ ഈ ശില്‍പ്പശാലയില്‍ പങ്കെടുക്കുകയും ഔപചാരികതയുടെ മറയില്ലാതെ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു . ചര്‍ച്ചക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ച റൂബിന്‍‍ ഡിക്രൂസിനെ ഇക്കാര്യത്തില്‍ അഭിനന്ദിക്കുക തന്നെ വേണം.

ചില സത്യങ്ങള്‍ ആ ചര്‍ച്ചയില്‍ ഉരുതിരിഞ്ഞു വന്നു. അവ മലയാളഭാഷയില്‍ ആയിരമോ രണ്ടായിരമോ കോപ്പി പുസ്തകം പ്രസാധനം ചെയ്യുന്ന പ്രസാധകനെ തല്‍ക്കാലം ബാധിക്കയില്ലെങ്കിലും പല വിദേശ പുസ്തകപ്രസാധകരുടെയും നട്ടെല്ല് ഒടിച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യം എല്ലാവര്‍ക്കും ബോധ്യമായി. കച്ചവടത്തെ ബാധിക്കുമെങ്കിലും ഭാഷയെ അത് ദോഷകരമായി ബാധിക്കുന്നില്ലെന്നും പകരം വലിയ വിപുലപ്പെടുത്തലുകള്‍ സംഭവിക്കുമെന്നു ചര്‍ച്ചയില്‍ വ്യക്തമായി.

വിവരസാങ്കേതിക വിദ്യ വായനയെ പുതിയരീതിയില്‍ വിപുലീകരിക്കുന്നു. ഇന്റെര്‍നെറ്റിന്റെ സഹായത്തോടെ ശ്രദ്ധേയരായ പ്രസാധകരുടെ പുസ്തകങ്ങള്‍ ഡൗണ്‍ ലോഡ് ചെയ്തു വായിക്കാനുള്ള സംവിധാനം വ്യാപകമായി പുതിയ തലമുറ ശീലമാക്കി തുടങ്ങിക്കഴിഞ്ഞു.

( പുസ്തകത്തിന്റെ ഗന്ധം നുകര്‍ന്ന് പുസ്തകത്തെ നെഞ്ചോടു ചേര്‍ത്ത് തൊട്ടു തലോടി വായിക്കുന്ന തലമുറക്ക് ആയുസ്സ് അറ്റു കഴിഞ്ഞു )

ഇ- ബുക്കുകളും, ഇ - ‌റീഡറുകളും ബ്ലോഗുകളും ഡിജിറ്റല്‍ ലൈബ്രറികളും വായനക്കാര്‍ക്ക് അനന്തമായ സാദ്ധ്യതകള്‍ ഒരുക്കിക്കഴിഞ്ഞു.

കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിങ്ങനെയുള്ള ഇലട്രോണിക് ഉപകരണങ്ങളിലൂടെ പുസ്തകങ്ങള്‍ വായിക്കാവുന്ന രീതിയിലാണ് ഇ- ബുക്ക് റീഡിങ്ങ്. നിലവില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ച പകര്‍പ്പവകാശകാലാവധി കഴിഞ്ഞ സാഹിത്യ - സാഹിത്യേതര കൃതികള്‍ ഇ- ബുക്കുകളായി വായിക്കുവാന്‍ സാധിക്കും. (www.gutenberg.org) പ്രൊജക്റ്റ് ഗ്യൂട്ടന്‍ ബര്‍ഗിന്റെ ലക്ഷ്യം വളരെ വലുതാണ്. ഈ മാസത്തെ ( 2012 ജൂണ്‍) കണക്കനുസരിച്ച് 42000 പുസ്തകങ്ങള്‍ ഗ്യൂട്ടണ്‍ബര്‍ഗ് ഡിജിറ്റല്‍ ചെയ്തു കഴിഞ്ഞു - 2015 ആകുമ്പോഴേക്കും പത്തുലക്ഷം പുസ്തകങ്ങള്‍ ഡിജിറ്റല്‍ ചെയ്തു കഴിഞ്ഞിരിക്കും.

ഇനി തിരുവനന്തപുരത്തു നിന്ന് എറണാകുളത്ത് എത്താം. ഏപ്രില്‍ 23 -ആം തീയതിയില്‍‍ നിന്ന് 2012 ജൂണ്‍ പന്ത്രണ്ടാം തീയതിലേക്ക്, കോവളത്തെ സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ നിന്ന് കലൂരിലെ ഏ. ജെ ഹോളിലേക്ക് . ഏതാണ്ട് എഴുന്നൂറ് പേര്‍ക്കിരിക്കാവുന്ന ശീതീകരിച്ച ഹോള്‍ നിറഞ്ഞിരിക്കുന്നു. ഒ. എന്‍. വി യും വീരേന്ദ്രകുമാറും പ്രസംഗിക്കാനും മഹാകവി‍ അക്കിത്തം അവാര്‍ഡ് സ്വീകരിക്കാനും എത്തിക്കഴിഞ്ഞു.

ഷീലകൊളംബ്കര്‍ ( കൊങ്കിണി) , ജഗദീഷ് പ്രസാദ് മണ്ഡല്‍ ( മൈഥലി) , എന്‍ കുഞ്ചമോഹന്‍ സിങ്ങ്( മണിപ്പൂരി) ഇന്ദ്രാണിഭര്‍ണല്‍ (നേപ്പാളി) അര്‍ജുന്‍ ഹാസിദ് ( സിന്ധി) എന്നീ ഭാഷാ സാഹിത്യകാരന്മാരും അവാര്‍ഡു സ്വീകരിക്കാന്‍ റെഡിയായി ഇരിക്കുന്നു . കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ടാഗോര്‍ സാഹിത്യ പുരസ്ക്കാരച്ചടങ്ങാണ് നടക്കാന്‍ പോകുന്നത്. കേന്ദ്രമന്ത്രി വീരപ്പമൊയ് ലി വരുവാനുള്ള കാത്തിരിപ്പാണ്. ഒരു താരനിശക്ക് ഒരുക്കുന്നതുപോലെയുള്ള സ്റ്റേജ്. അതിപ്രശസ്തയായ രജ്ഞിനി ഹരിദാസാണ് മാസ്റ്റര്‍ ഓഫ് സെറിമണി . എന്റെ അമ്പതുവയസ്സായ ജീവിതത്തിനിടക്ക് ഇതുപോലൊരു സാഹിത്യ അവാര്‍ഡുദാന ചടങ്ങ് ഞാന്‍ കണ്ടിട്ടില്ല. പോഷ് എന്നു പറഞ്ഞാ സൂപ്പര്‍ പോഷ് - ലക്ഷങ്ങള്‍ വാരിവലിച്ചെറിഞ്ഞ ചടങ്ങ്. ചടങ്ങിനു ശേഷം സിനിമാ താരം ശോഭനയുടെ ക്ലാസ്സിക്കല്‍ - ഫ്യൂഷന്‍ നൃത്തം. കേന്ദ്ര സാഹിത്യ അക്കാദമി പണം ചിലവഴിച്ച് ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കുകയില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. അതെ അതാണ് സത്യം. ടാഗോര്‍ പുരസ്ക്കാര ചടങ്ങിന് പണം മുടക്കിയത് കോര്‍പ്പറേറ്റ് ഭീമനായ സാംസങ് ഇലട്രോണിക്സാണ്. സാംസങ് ഇലക്ട്രോണിക്സിന്റെ സൗത്ത് വെസ്റ്റ് ഏഷ്യാ ഹെഡ് ക്വാര്‍ട്ടേഴ്സ് പ്രസിഡന്റ് ബി. ഡി പാര്‍ക്കിന്റെ നേതൃത്വത്തില്‍ പത്തിലധികം ക്വറിയന്‍ എക്സിക്യൂട്ടീവ്സ് കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി അഗ്രഹാര കൃഷ്ണമൂര്‍ത്തിക്കൊപ്പം ചടങ്ങ് നിയന്ത്രിച്ചു. സ്വാഭാവികമായ ഒരു ചോദ്യം ഇവിടെ ഉയരാം. സാംസങ് ഇലക്ട്രോണിക്സിന് ഭാരതീയ സാഹിത്യത്തില്‍ എന്താണ് പൊടുന്നനെ ഇത്ര താത്പര്യമുണ്ടായത്. അതിന് ഉത്തരമാണ് ഇ- ബുക്ക് സാംസങിന്റെ ഇ- ബുക്ക് റീഡര്‍ ഇന്ത്യയില്‍ എത്തിക്കഴിഞ്ഞു. നൂറുകണക്കിന് പുസ്തകങ്ങള്‍ പോക്കറ്റില്‍ കൊണ്ടു നടക്കാന്‍ ഇ- ബുക്ക് റീഡര്‍ നിങ്ങളെ സഹായിക്കും. അക്ഷരങ്ങളുടെ വലിപ്പം കൂട്ടാം കുറക്കാം ലിപികള്‍ ക്രമപ്പെടുത്താം എവിടെയിരുന്നാലും ഏത് ഇരുട്ടത്തിരുന്നും പുസ്തകം വായിക്കാം. ടാഗോറിന്റെ മുഴുവന്‍ കൃതികളും ഇ- റീഡറില്‍ വായിക്കാന്‍ തയ്യാറായികൊള്ളുവെന്ന അവരുടെ സന്ദേശം വായിക്കാന്‍ ഇ- ബുക്ക് റീഡര്‍ വേണ്ട. സാമാന്യ ബുദ്ധിമാത്രം മതി. പുസ്തകവിതരണ വമ്പന്‍മാരായ ആമസോണ്‍, ഇലക്ട്രോണിക്സ് ഭീമന്‍മാരായ സോണി തുടങ്ങിയവരുടെ ഇ- ബുക്ക് റീഡറുകളെ ഇത്തരം ‘’ ടൈഅപ്പിലൂടെ’‘ മറികടക്കാനും ബി. ഡി പാര്‍ക്കിനെ ആരും പഠിപ്പിക്കേണ്ടതില്ല. പരമാവധി വിലകുറച്ച് ഏകദേശം 6000 രൂപക്ക് ഒരു ഇ- ബുക്ക് റീഡര്‍ വില്‍പ്പനക്ക് എത്തിക്കുകയെന്നതാണ് സാംസങ് ഉദ്ദേശിക്കുന്നത് എന്നു കരുതാം.

ഇന്ത്യയിലെ പുസ്തക ഉടമകളുടെ അവസ്ഥ ഇന്ന് എത്രമാത്രം ഗുരുതരമാണെന്ന് ഈ രംഗത്തുള്ളവര്‍ക്ക് അറിയാം. അക്കാദമിക് തലത്തിലുള്ള പുസ്തകങ്ങള്‍ വരെ ഇന്ന് ഫോട്ടോസ്റ്റാറ്റ് എടുത്താണ് കുട്ടികള്‍ പഠിക്കുന്നത്. 50 പൈസക്ക് ഒരു എ ഫോര്‍ പേജ് ഫോട്ടോസ്റ്റാറ്റ് എടുത്ത് സ്പൈറല്‍ ബൈന്‍ഡ് ചെയ്തുകൊടുക്കുന്ന പത്തും ഇരുപതും അത്യാധുനിക ഫോട്ടോസ്റ്റാറ്റ് യന്ത്രങ്ങളുള്ള സ്ഥാപനങ്ങളോരോ വലിയ കോളേജുകള്‍ക്ക് ചുറ്റിലും നിരവധിയാണ്. ഒരു ക്ലാസ്സില്‍ ഒരു കുട്ടി ഒരു പുസ്തകം വാങ്ങും. ബാക്കി കുട്ടികള്‍ അതിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്തു പഠിക്കും. ഏതാണ്ട് 15% ചിലവേ വരികയുള്ളു. അവരുടെ ഇടയിലേക്ക് ഇ- ബുക്ക് റീഡര്‍ കൂടി വിപുലമായ നിലയില്‍ കടന്നുവന്നാല്‍ മെഡിക്കല്‍ , എഞ്ചിനീയറിംഗ് എന്‍സിയാര്‍ടി സിബിഎസ്ഇ പുസ്തകങ്ങള്‍ ഇ- ബുക്കില്‍ ലഭിച്ചാല്‍.....

കോവളത്തെ എന്‍ബിടി യോഗത്തില്‍ മറ്റു ഭാഷാ പ്രസാധകരെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം കൂടി സംഭവിച്ചു . അത് മലയാളത്തിലെ പ്രസാധകര്‍ എഴുത്തുകാര്‍ക്കു നല്‍കുന്ന റോയല്‍റ്റിയെ സംബന്ധിച്ചാണ്. 10% - 15 % റോയല്‍റ്റി മുഖവില 100 രൂപയുള്ള പുസ്തകത്തിന് 10 രൂപ - 15 രൂപ റോയല്‍റ്റി 100 രൂപയുള്ള പുസ്തകം ലൈബ്രറികള്‍ക്കു നല്‍കുന്നത് 35 രൂപ കുറച്ച് 65 രൂപക്ക് ( 35% കമ്മീഷന്‍) മറ്റു കച്ചവടക്കാര്‍ക്ക് നല്‍കുന്നത് 40% 50% കമ്മീഷനില്‍. ഉത്പാദനച്ചിലവ് 30% . 100 രൂപ വിലയുള്ള ഒരു പുസ്തകം 50 രൂപക്കു വിറ്റാലും റോയല്‍റ്റി 10 രൂപ കൊടുക്കുമ്പോള്‍ ശതമാനക്കണക്കില്‍ 10 % ആണെങ്കിലും യഥാര്‍ത്ഥത്തില്‍ അത് 20% റോയല്‍റ്റിയായി മാറുന്നു. 15% എന്നത് ഫലത്തില്‍ 30% റോയല്‍റ്റിയായി മാറുന്നു. ( മുഖവില 100 രൂപ വില്‍പ്പനവില 50 രൂപ റോയല്‍റ്റി 15 രൂപ) വളരെ തുച്ഛമായ നേട്ടം മാത്രം ലഭിക്കുന്ന മലയാള പ്രസാധകന്റെ ഭാഷയോടുള്ള പ്രതിബദ്ധതയ്ക്കു മുന്നില്‍ കാലച്ചുവടുപതിപ്പകത്തിലെ ശ്രീകണ്ണന്‍ സുന്ദരം , വാപിന്‍ പബ്ലീഷേസിലെ ശ്രീമതി വിനുതമല്ല്യ തുടങ്ങിയവര്‍ കരങ്ങള്‍ കൂപ്പി.

ഈ കാരണം കൊണ്ടു തന്നെ ഇ- ബുക്കും , ഇ-റീഡറുമൊന്നും ഇനി കുറെക്കാലത്തേക്ക് നമുക്ക് ഭീഷണിയാകില്ല. കൊച്ചുഭാഷാ പ്രസാധകരുടെ ഒരു മഹാഭാഗ്യമേ....

കടപ്പാട് - പൂര്‍ണ്ണശ്രീ

സി.ഐ.സി.സി. ജയചന്ദ്രൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.