പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അവയെ പറക്കാൻ വിടുക, അവ പൈങ്കിളികളല്ലേ.....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.ഐ.സി.സി. ജയചന്ദ്രൻ

അവതാരിക ഇല്ലാത്ത, പ്രസാധകക്കുറിപ്പില്ലാത്ത, പരസ്യമില്ലാത്ത, അവാർഡുകൾ ഇല്ലാത്ത, എന്തിനധികം പുസ്‌തകം കൈപ്പറ്റിക്കോളത്തിൽപോലും ഇടം തേടാത്ത ഒരു സാഹിത്യവിഭാഗം മലയാളത്തിലുണ്ട്‌. മറ്റെല്ലാ ഭാഷകളിലും ഉള്ളതുപോലെതന്നെ. ഏതാണ്ട്‌ അറുപത്‌ എഴുപത്‌ പുസ്‌തകങ്ങൾ ഓരോ വർഷവും പുതിയതായി പ്രസിദ്ധീകരിക്കപ്പെടുകയും അവ വലിയ തോതിൽ വായിക്കപ്പെടുകയും ചെയ്യുന്നു. നിരൂപകരുടെ ഒത്താശയില്ലാതെ, കഴിഞ്ഞ അൻപതുവർഷത്തിനു മേലെയായി ഈ സാഹിത്യശാഖ എങ്ങനെ നിലനിൽക്കുന്നുവെന്നത്‌ പലർക്കും അദ്‌ഭുതകരമായ കാര്യം തന്നെ. സാഹിത്യശാഖയുടെ പേര്‌ എന്താണെന്ന്‌ ഇതിനകം തന്നെ ഈ വരികൾ വായിക്കുന്നവരുടെ മനസ്സിൽ ചിറകടിച്ചിരിക്കും. അതെ, അതുതന്നെ, ആ ചിറകൊച്ച ഒരു പൈങ്കിളിയുടെതാണ്‌. മലയാളത്തിലെ ഏറ്റവും പുച്ഛിക്കപ്പെടുന്ന പദം സാഹിത്യത്തെ സംബന്ധിച്ചിടത്തോളം പൈങ്കിളി എന്നായത്‌ എപ്പോൾ എങ്ങനെയെന്നത്‌ കണ്ടുപിടിക്കേണ്ട ജോലി സാഹിത്യവിദ്യാർത്ഥികളെ ഏല്‌പിക്കുകയായിരിക്കും നല്ലത്‌ (സാഹിത്യചരിത്രത്തിൽ അക്കാഡമീഷന്മാർക്ക്‌ പൈങ്കിളികളോട്‌ താത്‌പര്യമില്ലാത്തതിനാൽ അതിനു തീരെ സാധ്യതയില്ല).

കാനവും മുട്ടത്തുവർക്കിയും, ചെമ്പിൽ ജോണും, ജോൺ ആലുങ്കലും, വല്ലച്ചിറ മാധവനും മൊയ്‌തു പടിയത്തും ജോൺസൺ പുളിങ്കുന്നും ഈ സാഹിത്യശാഖയിലെ മുൻതലമുറയിൽപ്പെട്ട എഴുത്തുകാരാണ്‌. ഓരോരുത്തർക്കും അൻപതിനും, നൂറിനുമിടക്ക്‌ പുസ്‌തകങ്ങളുമുണ്ട്‌. മലയാളമനോരമയും മനോരാജ്യവും അക്കാലത്ത്‌ (1960-1970 കളിൽ) ഇവരുടെ നോവലുകൾ വാരികയിൽ ഖണ്ഡശഃപ്രസിദ്ധീകരിച്ചിരുന്നു. മലയാളത്തിലെ സാമാന്യ വിദ്യാഭ്യാസം മാത്രമുള്ളവർ, അക്ഷരങ്ങളെ തപ്പിത്തടഞ്ഞ്‌ വായിക്കാൻ മാത്രം ശീലമുള്ളവർ ഇവരുടെ നോവലുകൾ അത്യധികം ആവേശത്തോടെ വായിച്ചിരുന്നു. പലപ്പോഴും അതിനുകാരണം ഇവർ എഴുതിയിരുന്നത്‌ അവരുടെ (വായനക്കാരന്റെ) ജീവിതം തന്നെയായിരുന്നു എന്നതു തന്നെയാണ്‌. വരേണ്യവർഗത്തിന്റെ വായനാമാധ്യമങ്ങൾ അക്കാലത്തും ഇവരോട്‌ മുഖം തിരിച്ചിരുന്നുവെങ്കിലും ചലച്ചിത്രരംഗത്ത്‌ ഇവരിൽ പലർക്കും വലിയ പ്രാധാന്യമുണ്ടായിരുന്നു. കാനത്തിന്റെയും മുട്ടത്തുവർക്കിയുടെയും ചെമ്പിൽ ജോണിന്റെയും മൊയ്‌തുപടിയത്തിന്റെയും മിക്ക നോവലുകളും അക്കാലത്ത്‌ അഭ്രപാളികളിൽ എത്തിയിരുന്നു. കുഞ്ചാക്കോയും സുബ്രഹ്‌മണ്യവും ശശികുമാറും എ.ബി.രാജും ജെ.ഡി. തോട്ടാനും നിർമാതാക്കളും സംവിധായകരുമായപ്പോൾ സത്യനും മിസ്‌കുമാരിയും, പ്രേം നസീറും, ഷീലയും, മധുവും, അംബികയും ഇവരുടെ കഥാപാത്രങ്ങൾക്ക്‌ ജീവനേകി. നോവലുകളിലൂടെ തങ്ങളുടെ മനസ്സിൽ ഇടം നേടിയ കഥാപാത്രങ്ങളെ നേരിൽ കാണാൻ സാമാന്യജനങ്ങൾ തിയേറ്ററുകളിൽ അക്ഷരാർത്ഥത്തിൽ ഇടിച്ചുകയറിയിരുന്നു. ഇവരുടെ നോവലുകൾ സിനിമകളായതെല്ലാം വൻ വിജയം കൊയ്‌തു. വിജയം കൊയ്‌ത സിനിമകളുടെ പുസ്‌തകരൂപങ്ങൾക്ക്‌ വീണ്ടും പതിപ്പുകളുണ്ടായി (അന്നൊക്കെ ഒരുപതിപ്പ്‌ 5000 കോപ്പി വീതമായിരുന്നു.) സാമ്പത്തികമായി ഇവരിൽ പലരും വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിരുന്നു. എഴുത്തിലൂടെ നല്ല നിലയിൽ ജീവിക്കാമെന്നും മക്കളെ പഠിപ്പിച്ച്‌ ഉന്നതാരാക്കാമെന്നും ഇവർ ജീവിതം കൊണ്ട്‌ തെളിയിച്ചു. സാഹിത്യ അക്കാദമിയിലോ ഉച്ചഭാഷിണികളുടെ മുന്നിലോ ഇവർക്ക്‌ സ്‌ഥാനമുണ്ടായിരുന്നില്ലെങ്കിലും സാധാരണ മലയാളികളുടെ മനസ്സിൽ ഇവർക്ക്‌ സിംഹാസനസമാനമായ ഇരിപ്പിടങ്ങളുണ്ടായിരുന്നു. സരസ്വതിയും ലക്ഷ്‌മിയും ഒരുമിച്ച്‌ അനുഗ്രഹിച്ചവരാണ്‌ നമ്മുടെ പൈങ്കിളിക്കാർ അന്നും ഇന്നും. ഇവർ എഴുതിയിരുന്നത്‌ അച്ചടിച്ചിരുന്ന വാരികകളുടെ സർക്കുലേഷൻ കുത്തനെ കൂടിക്കൊണ്ടിരുന്നത്‌ പലരെയും അസ്വസ്‌ഥരാക്കുന്നുണ്ടായിരുന്നു. ഉപചാപങ്ങളുടെ അപ്പോസ്‌തലന്മാരായ പല നായർ നിരൂപകന്മാരുടെയും ഉറക്കം അതോടെ ഇല്ലാതെയായി. അവർ സംഘടിതരായി പൈങ്കിളികളെ ആക്രമിക്കാനും തുടങ്ങി. 1970-80 കളായപ്പോഴേക്കും കോട്ടയത്തു നിന്നുമാത്രം പതിന്നാലിലധികം വാരികകൾ ലക്ഷക്കണക്കിനു കോപ്പികളുമായി മലയാളികളുള്ളയിടത്തെല്ലാം പറന്നെത്തിയതോടെ ചന്ദ്രഹാസമിളക്കാൻ മറ്റു ചിലരും കൂടെച്ചേർന്നു. അതോടെ സകല ആത്മഹത്യകളുടെയും പാപഭാരം പൈങ്കിളി എഴുത്തുകാരുടെ തലയിലായി.

പുരുഷ എഴുത്തുകാരുടെ ഒപ്പം വനിതാ നോവലിസ്‌റ്റുകളും ഏതാണ്ട്‌ ഈ സമയത്താണ്‌ വാരികകളിൽ പ്രത്യക്ഷപ്പെടുന്നത്‌. ചന്ദ്രക്കലാ എസ്‌. കമ്മത്തും മല്ലികാ യൂനിസും കമലാ ഗോവിന്ദും അഖിലയും ജനഹൃദയങ്ങളിൽ ഇരിപ്പിടം സ്വന്തമാക്കിയവരാണ്‌. ജോയ്‌സി, സുധാകർമംഗളോദയം, കെ.കെ.സുധാകരൻ, പി.ജി.തമ്പി, പി.വി.തമ്പി, ഏറ്റുമാനൂർ ശിവകുമാർ, മാത്യുമറ്റം സിദ്ധീഖ്‌ ഷമീർ, ഉണ്ണിജോസഫ്‌, കെ.എസ്‌.ശിവദാസ്‌, സതീഷ്‌ കച്ചേരിക്കടവ്‌, രാജു തുരുത്തി എന്നിവരുടെ നോവലുകളും വലിയ ജനപ്രീതി നേടിയ കാലഘട്ടമായിരുന്നു അത്‌. ഒരു വാരികയുടെ പതിനഞ്ചു ലക്ഷത്തിലധികം കോപ്പികൾ ഒരാഴ്‌ച ചൂടപ്പം പോലെ വിറ്റു പോയിരുന്ന കാലഘട്ടം. അക്ഷരാർഥത്തിൽ വായനയുടെ പൂക്കാലം.

അന്ന്‌ ജോയ്‌സി, സുധാകർ മംഗളോദയം. കമലാ ഗോവിന്ദ്‌ തുടങ്ങിയവരുടെ നോവലുകളിലൂടെ വായന തുടങ്ങിയ ആയിരക്കണക്കിനു വായനക്കാർ, ഇന്ന്‌ വിശ്വസാഹിത്യപ്രതിഭകളുടെ കൃതികൾ വായിക്കുന്നതുവരെ എത്തിയിരിക്കുന്നു.

ടി.വി.യുടെ അതിപ്രസരം സാധാരണക്കാരന്റെ വായനയെ ഞെക്കിക്കൊല്ലുന്ന സമയം വരെ കോട്ടയത്തുനിന്ന്‌ ഒട്ടേറെ വാരികകൾ ഇറങ്ങിയിരുന്നു. ക്രമേണ വാരികകളുടെ എണ്ണം കുറഞ്ഞുകുറഞ്ഞുവന്നു. എന്നാൽ ഇന്നും നോവൽ വായനക്കാരിൽ കുറവു വന്നുവെന്ന്‌ കണക്കുകൾ തെളിയിക്കുന്നില്ല. അതിജീവിച്ച വാരികകൾ ഇന്നും സാധാരണ ജനങ്ങളെ ആകർഷിക്കുന്നു. പ്രസന്നൻ ചമ്പക്കര, മുരളി നെല്ലനാട്‌, വെണ്ണല മോഹൻ, സുരേഷ്‌ ഐക്കര അശ്വതി അരവിന്ദ്‌ തുടങ്ങിയ ഒട്ടേറെപ്പേർ പുതിയതായി രംഗത്തു വന്നിട്ടുണ്ട്‌. ഇവരൊക്കെ വാരികകളിൽ എഴുതിയതിന്റെ സിംഹഭാഗവും പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്‌. ജനഹൃദയങ്ങളിൽ ഈ പുസ്‌തകങ്ങൾ കൊണ്ടാടപ്പെടുകയും ചെയ്യുന്നു. അവാർഡ്‌ കമ്മറ്റികളുടെയും നിരൂപകകേസരികളുടെയും മറ്റു ചെണ്ടകൊട്ടുകാരുടെയും സഹായമില്ലാതെ ഇവ വായിക്കപ്പെടുന്നതിന്റെ കാരണം തന്റെ പുസ്‌തകം വായിക്കപ്പെടണം എന്ന ഉദ്ദേശ്യത്തോടെ ദുർഗ്രാഹ്യതയില്ലാതെ അവ എഴുതപ്പെട്ടു എന്നതുതന്നെയാണ്‌. ജോയ്‌സിയും, സുധാകർ മംഗളോദയവും കമലാ ഗോവിന്ദുമൊക്കെ ഇന്ന്‌ സീരിയൽ നിർമാതാക്കളുടെ പ്രധാന ആകർഷണങ്ങളാണ്‌. പണ്ട്‌ സിനിമയായിരുന്നെങ്കിൽ ഇന്ന്‌ ഇവരുടെ കഥാപാത്രങ്ങളുടെ രൂപവും ഭാവവും നമ്മൾ വീട്ടിലിരുന്നു കാണുന്നു. സമൂഹത്തിലെ ഉപരിവർഗം എന്നു കരുതുന്ന പലരുടെയും വീടുകളിൽ പ്രൈംടൈമിൽ ലാൻഡ്‌ഫോണും മൊബൈലും ഓഫ്‌ ആയിരിക്കും. കാരണം, അവർ ടി.വി. കാണുകയാണ്‌. പതിനഞ്ചുലക്ഷം കോപ്പിവിറ്റിരുന്ന വാരികകളുടെ സ്‌ഥാനം ആറുമണി മുതൽ ഒമ്പതു മണിവരെ (പ്രൈം ടൈം) ഉന്നത റേറ്റിങ്ങുള്ള സീരിയലുകളായി മാറിയത്‌ ഈ എഴുത്തുകാരുടെ സൗഭാഗ്യത്തെ ആളിക്കത്തിച്ചു. വൈകുന്നേരം വരെ ഓഫീസ്‌ ജോലി കഴിഞ്ഞുവന്നാൽ സാമാന്യജനം ടി.വി.ക്കു മുന്നിൽ കുത്തിയിരിക്കാൻ തുടങ്ങിയതോടെ സീരിയൽ നിർമാതാക്കളുടെ കീശയ്‌ക്ക്‌ ഒപ്പം എഴുത്തുകാരുടെ കീശയും വീർത്തുപൊട്ടാൻ തുടങ്ങി. പതിനായിരം രൂപ വരെ ഒരു എപ്പിസോഡിന്‌ ഇവർ പ്രതിഫലം വാങ്ങുന്നുണ്ട്‌. മൾട്ടിനാഷണൽ കമ്പനികളിലെ പരസ്യ എക്‌സിക്യൂട്ടീവുകൾക്ക്‌ ഇന്ന്‌ ഏറ്റവും സുപരിചിതമായ പേരുകൾ ജോയ്‌സിയും ജോസി വാഗമറ്റവും, സി.വി നിർമലയും സുധാകർ മംഗളോദയവും കമലാ ഗോവിന്ദുമൊക്കെയാണ്‌. നിമിഷങ്ങൾക്കുപോലും ആയിരങ്ങളുടെ വിലയുള്ള പൈങ്കിളി സാഹിത്യകാരന്മാർ. ഇവരുടെ സ്വാധീനം കൊണ്ടുകൂടിയാകാം നമ്മുടെ ടി.വി.കളിലെ രാഷ്‌ട്രീയ ചർച്ചകളടക്കം ഇന്ന്‌ പൈങ്കിളി ഫോർമുലയിലായത്‌. ഇടയ്‌ക്ക്‌ റിയാലിറ്റിഷോകൾ കടന്നുവന്നുവെങ്കിലും സീരിയലുകളിലേക്കുള്ള തിരിച്ചുപോക്കാണ്‌ കാണുന്നത്‌.

കേരളത്തിലെ നാട്ടിൻ പുറങ്ങളിലെയും ചെറുപട്ടണങ്ങളിലെയും ലൈബ്രറികളിൽ നിന്ന്‌ ഏറ്റവും കൂടുതൽ ആളുകൾ വായിക്കാനായി എടുത്തു കൊണ്ടുപോകുന്നത്‌ കഴിഞ്ഞ അൻപതുവർഷങ്ങളായി പൈങ്കിളി എന്ന്‌ ഒരു വിഭാഗം പുച്ഛിക്കുന്ന പുസ്‌തകങ്ങൾ തന്നെയാണ്‌ എന്ന്‌ ഗ്രന്ഥശാലകളുടെ ഇഷ്യൂ രജിസ്‌റ്റർ പരിശോധിച്ചാൽ ഏതൊരാൾക്കും മനസ്സിലാക്കാനാകും. ലൈബ്രറികളിൽ എൺപതു ശതമാനം വായനക്കാരും ഇവ വായിക്കുന്നു. എന്നാലും നമ്മുടെ ഹിപ്പോക്രസി അതു സമ്മതിച്ചു തരില്ലായെന്നത്‌ നമ്മുടെ വിധി.

കൊട്ടിഘോഷിക്കപ്പെടുകയും കൊണ്ടാടപ്പെടുകയും ചെയ്‌ത പല എഴുത്തുകാരെക്കാളും എഴുത്തിന്റെ ക്രാപ്‌റ്റ്‌ ജന്മസിദ്ധമായ ഒരു വരംപോലെ ലഭിച്ചിട്ടുള്ളവരാണ്‌ പൈങ്കിളി എഴുത്തുകാരിൽ മഹാഭൂരിപക്ഷവും. മലയാളത്തിലെ അതിപ്രശസ്‌തനായ അവരിൽ ഒരാൾ നാലു പേരുകളിലാണ്‌ നോവലുകൾ എഴുതുന്നത്‌ എന്നൊരു ആക്ഷേപമുണ്ടായപ്പോൾ (ആക്ഷേപമല്ല, സത്യം)ടി. എഴുത്തുകാരന്റെ നാലു പുസ്‌തകവും അതിപ്രശസ്‌തനായ ഒരാൾക്ക്‌ വായിക്കാൻ കൊടുത്തു. സാമ്യത്തിന്റെ ഒരു കണികപോലുമില്ലാത്ത തികച്ചും വ്യത്യസ്‌തമായ പശ്ചാത്തലത്തിലുള്ള നാലു കൃതികൾ വായിച്ച്‌ ഒരാഴ്‌ചയ്‌ക്കുള്ളിൽ ആ നിരൂപകൻ ടി. എഴുത്തുകാരന്റെ ആരാധകനായി മാറി. അതുപോലെ മലയാളത്തിന്റെ പെണ്ണെഴുത്തിനെക്കുറിച്ച്‌ കേന്ദ്രസാഹിത്യ അക്കാദമിക്ക്‌ പഠനറിപ്പോർട്ട്‌ സമർപ്പിക്കാൻ ഡോ. എം. ലീലാവതിക്ക്‌ ചന്ദ്രക്കലാ എസ്‌. കമ്മത്തിന്റെയും മല്ലികാ യൂനിസ്സിന്റെയും കമലാ ഗോവിന്ദന്റെയും നോവലുകൾ നല്‌കിയ അവസരത്തിൽ അതു വായിച്ച ശേഷം ‘ എനിക്ക്‌ ഇത്‌ മുൻപ്‌ വായിക്കാനും ശ്രദ്ധിക്കാനും കഴിഞ്ഞില്ലാലോ? എന്ന്‌ അവർ ഖേദം പ്രകടിപ്പിക്കുകയാണ്‌ ചെയ്‌തത്‌.

തലപ്പൊക്കമുള്ള ഏത്‌ എഴുത്തുകാരന്റെയും തലയ്‌ക്ക്‌ ഒപ്പം പൊക്കമുള്ളവരാണ്‌ നമ്മുടെ ഈ എഴുത്തുകാരും ചില പ്രദേശങ്ങളിൽ നിന്നിറങ്ങുന്ന വാരികകളിലും മാനസികകളിലും എഴുതി എന്നതുകൊണ്ട്‌ അവർ എത്രയോ കാലങ്ങളായി അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇനിയെങ്കിലും ഈ പ്രവണത നമുക്ക്‌ അവസാനിപ്പിക്കാം. പുസ്‌തകം വില്‌ക്കാൻ അവരെ ആരും സഹായിക്കേണ്ടതില്ല. അവർക്ക്‌ പതിനായിരക്കണക്കിന്‌ വായനക്കാരുണ്ട്‌. എഴുതാനും അവരെ സഹായിക്കേണ്ടതില്ല. അതും തെളിയിക്കപ്പെട്ടതാണ്‌ - കാലാകാലങ്ങളായി സാമാന്യജനങ്ങളെ പുസ്‌തകങ്ങളോട്‌ അടുപ്പിച്ച ഒരു സാഹിത്യശാഖ അക്‌നോളജ്‌ ചെയ്യാനെങ്കിലും ഒരു ശ്രമം ഉണ്ടാകേണ്ടതല്ലേ? ഹിപ്പോക്രസിയുടെ മറയിൽ നിന്ന്‌ ഇനിയെങ്കിലും നമുക്ക്‌ പുറത്തുവന്നുകൂടേ...?

’മ‘ വാരികകളിൽ വരുന്നുവെന്നതുകൊണ്ട്‌ ഇവരുടെ സാഹിത്യം മാന്യമല്ലാത്തതാണെന്ന്‌ വായിക്കാതെ പറയുന്നവരുടെ മാന്യതയെക്കുറിച്ച്‌ ഒരിക്കൽക്കൂടി ചിന്തിച്ചുകൂടെ? പൈങ്കിളി എന്ന പദം ഇന്ന്‌ ജനപ്രിയം എന്നായി മാറിയിട്ടുണ്ടെങ്കിലും ജനപ്രിയം എന്നെഴുതാതെ പൈങ്കിളി, പൈങ്കിളി സാഹിത്യം, പൈങ്കിളി എഴുത്തുകാർ എന്ന്‌ എഴുതിയത്‌ ആ പദം വെറുക്കപ്പെടേണ്ടതല്ലാ എന്ന്‌ തൊട്ടറിഞ്ഞതുകൊണ്ടാണ്‌.

(കടപ്പാട്‌ ഃ മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌)

സി.ഐ.സി.സി. ജയചന്ദ്രൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.