പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഐക്യ കേരളത്തിന്റെ മദ്ധ്യം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
റവ. ഫാദര്‍ ജോര്‍ജ്ജ് കുരുക്കൂര്‍

(ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം പിറന്നിട്ട് ഇപ്പോള്‍ 57 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ സമയം ഐക്യകേരളപ്പിറവിയേയും അതോടൊപ്പം ഐക്യ കേരളപ്പിറവിയിലൂടെ മദ്ധ്യഭാഗമായി മാറിയ 100 വര്‍ഷം പിന്നിടുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ പാലം മൂവാറ്റുപുഴയിലെ വലിയ പാലത്തിന്റെ നിര്‍മ്മാണത്തെപറ്റിയും ഉള്ള വിവരണം ചരിത്ര പണ്ഡിതനായ ഫാദര്‍ ഡോ. ജോര്‍ജ്ജ് കുരുക്കൂര്‍ എഴുതിയ ‘ ഒരു വംശവും പല നാടുകളും ‘ എന്ന പുസ്തകത്തില്‍ നിന്നെടുത്ത് ഇവിടെ പുന: പ്രസിദ്ധീകരിക്കുന്നു)

ഐക്യ കേരളപ്പിറവി ---------------------

1928 മുതല്‍ ഐക്യകേരളചിന്തയുണ്ടായി 1951 ജൂലൈ 1 നു തിരുവതാം കൂറും കൊച്ചിയും ഒന്നിച്ചു. ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ ഒരൊറ്റ രാഷ്ട്രമാകണമെന്നും തലസ്ഥാനം എറണാകുളം ആയിരിക്കണമെന്നും അന്ന് ആളുകള്‍ പ്രസംഗിച്ചിര്രുന്നു.

1956 നവംബര്‍ 1നു മലബാര്‍ ജില്ലയും തെക്കന്‍ കാസര്‍ഗോഡ് താലൂക്കും തിരു - കൊച്ചിയോട് ചേര്‍ന്ന് ഐക്യ കേരളമുണ്ടായപ്പോള്‍ ഐക്യ കേരളത്തിന്റെ രണ്ടറ്റത്ത് നിന്നും ദീപ ശിഖാ പ്രയാണം നടത്തി. ദീപശിഖ മൂവാറ്റുപുഴ വലിയ പാലത്തില്‍ വന്ന് സന്ധിച്ചു. എം. പി. മന്മഥന്‍ ( പ്രസിദ്ധ വാഗ്മിയും വിദ്യാഭ്യാസ വിഭുഷണനും മദ്യ വര്‍ജ്ജന പ്രസ്ഥാന നേതാവും ഗാന്ധിയനും ) ആണ് അന്ന് ദീപ ശിഖ ഏറ്റുവാങ്ങിയത്.

ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റ് പാ‍ലം -----------------------------------------

എം. സി റോഡ് തീര്‍ത്തപ്പോള്‍ അവിടെ സര്‍ക്കാര്‍ ചങ്ങാടം ഏര്‍പ്പെടുത്തി. കണ്ടനാട്ടുകാരന്‍ മാത്തന്‍ ആയിരുന്നു ആദ്യമായി നിയമിക്കപ്പെട്ട കടത്തുകാരന്‍. അയാളുടെ പിന്‍ തലമുറക്കാന്‍ മുവാറ്റുപുഴയിലുണ്ട്. രണ്ടാമത്തെ കടത്തുകാരന്‍ കോട്ടയ്ക്കല്‍ ചാക്കുണ്ണിയായിരുന്നു. പിന്നീട് അവിടെ ഒരു കോണ്‍ക്രീറ്റു പാലം തീര്‍ക്കാന്‍ നിശ്ചയിച്ചു. അത് ദക്ഷിണേന്ത്യയിലെ ആദ്യത്തെ കോണ്‍ക്രീറ്റു പാലമായി.

മൈസൂരില്‍ താമസിച്ചിരുന്ന എമറാള്‍ഡ് എന്ന ഇംഗ്ലീഷുകാരന്‍ ചീഫ് എഞ്ചിനിയര്‍ സര്‍വേ നടത്തി മൂന്ന് ആര്‍ച്ചുകളോടു കൂടിയ പാലത്തിന്റെ പ്ലാനും ഒരു ലക്ഷം രൂപയുടെ എസ്റ്റിമേറ്റും മഹാരാജാവിനു ( ശ്രീ മൂലം തിരുനാള്‍ രാമവര്‍മ) സമര്‍പ്പിച്ചു. രാജാവ് ഒരു ലക്ഷം രൂപ അനുവദിച്ചു. എമറാള്‍ഡും ഭാര്യയും മൂവാറ്റുപുഴയില്‍ താമസിച്ചു പാലം പണിയിച്ചു. 1913 -ല്‍ പാലം പണിയാന്‍ തുടങ്ങി. മണല്‍ച്ചാക്കുകള്‍ വൃത്താകൃതിയില്‍ വച്ച് വെള്ളം വകഞ്ഞു വിട്ട് നടുക്കു കിണര്‍ പോലെ കുഴിച്ച് ഉറപ്പുള്ള പാറയിലെത്തി. പാറ കാലുറപ്പിക്കാന്‍ പറ്റിയതാണോയെന്ന് റോക്കു കോറുകള്‍ ( പാറക്കഷണങ്ങള്‍ ) ഇംഗ്ലണ്ടിലേക്കയച്ച് പരിശോധിച്ചു . അന്ന് സാമ്പിള്‍ ശേഖരിച്ച പെട്ടിയും പ്ലാന്‍ വരക്കാനുപയോഗിച്ച ഡ്രോയിംഗ് ബോര്‍ഡും രണ്ടിഞ്ചു ഘനമുള്ള പലകയും പി, ഡബ്ലിയു. ഡി ഓഫീസില്‍ കാണാനുണ്ട്.

ആര്‍ച്ചുകളോടു കൂടിയ പാലമാണല്ലോ പണിയാന്‍ നിശ്ചയിച്ചത്. സ്പാനിന്റെ മധ്യത്തിലുണ്ടാകുന്ന ഭാരം തൂണീലേക്കു മാറ്റുകയാണ് ആര്‍ച്ചുകള്‍. സ്പാനിന്റെ മധ്യം ആര്‍ച്ചില്‍ തൂങ്ങിക്കിടക്കുകയാണ്. വില്ലാ പോലുള്ള ആര്‍ച്ച് എത്ര വലിച്ചാലും ഒടിയുകയില്ലല്ലോ! അതില്‍ നിന്നുള്ള ദണ്ഡുകള്‍ സ്പാനിനെ സംരക്ഷിക്കുന്നു. ആര്‍ച്ചുകളാണ് ഭാരം വഹിച്ച് തൂണിലേക്ക് മാറ്റുന്നത്. വാസ്തവത്തില്‍ ആര്‍ച്ചുകളില്‍ തൂങ്ങിക്കിടക്കുകയാണ് സ്പാനുകള്‍ എന്നു പറയാം. പില്‍ക്കാലത്തു നിര്‍മ്മിച്ച ആലുവയിലെ മാര്‍ത്താണ്ഡവര്‍മ്മ പാലം ( 1940 ജൂണ്‍ 14- ന് ഇത് ഉത്ഘാടനം ചെയ്തു ) മംഗലപ്പുഴപ്പാലം ( 1956 ഫെ. 5നു ശിലാസ്ഥാപനവും 1960 സെപ്തംബര്‍ 25 നു ഉത്ഘാടനം നടന്നു. ) എന്നിവയും ആര്‍ച്ചുകളൊടു കൂടിയവയാണ്.

പാലം പണിയാനുള്ള കരിങ്കല്ലു മുഴുവനും പായിപ്ര കവലയില്‍ നിന്ന് ഒരു കിലോ മീറ്റര്‍ കിഴക്കുള്ള തൃക്കളത്തൂര്‍ പാറക്കെട്ടില്‍ നിന്നാണു കൊണ്ടു വന്നത്. ആനയെകൊണ്ടു വലിപ്പിച്ചും കൈവണ്ടികളില്‍ കയറ്റി ,മനുഷ്യര്‍ വലിച്ചും പണിസ്ഥലത്തെത്തിച്ചു. മാഹിയില്‍ നിന്നു കച്ചവടത്തിനു വന്ന മമ്മി എന്ന മുസ്ലിമിന്റെ ആറ് ആനകളെ കല്ലുവലിക്കാന്‍ പാട്ടത്തിനെടുത്തു. ( ഈ മമ്മി പാലത്തിന്റെ ഉത്ഘാടന സമ്മേളനത്തിലെ സ്വീകരണ കമ്മറ്റിയിലെ ഒരംഗമായി പ്രവര്‍ത്തിച്ചു.)

കരിങ്കല്ലു ഡ്രസു ചെയ്യാന്‍ മുളന്തുരുത്തിക്കടുത്തുള്ള കാരിക്കോട്ടു നിന്ന് 20 തട്ടാന്മാരെ കൊണ്ടു വന്നു. പോഞ്ഞിക്കര ( കൊച്ചിക്കടുത്ത്) യില്‍ നിന്നു കുറെ പുലയരെ പണിയാന്‍ കൊണ്ടു വന്നു ( തമിഴ്നാട്ടില്‍ നിന്നും കുറെ കല്ലന്മാരെ കൊണ്ടുവന്നതായി ചിലര്‍ പറയുന്നുണ്ട്) ഇംഗ്ലണ്ടില്‍ നിന്നും കൊണ്ടു വന്ന പോര്‍ട്ടുലാന്റ് സിമിന്റാണ് വാര്‍ക്കാനും തൂണുകള്‍ പെയിന്റു ചെയ്യാനും ഉപയോഗിച്ചത്. ( പോളണ്ടില്‍ നിന്നുള്ള കൈ മാര്‍ക്ക് സിമിന്റാണു ഉപയോഗിച്ചത് എന്നും പറയുന്നുണ്ട്.) അന്ന് 5 രൂപയായിരുന്നു ഒരു ചാക്ക് സിമിന്റിന്റെ വില. പുഴയുടെ അരികിലും നടുക്കുമുളള കാലുകള്‍ കരിങ്കല്ലുകൊണ്ട് സുര്‍ക്ക ഉപയോഗിച്ചാണ് പണിതത്. പുറവശം സിമന്റ്റു തേക്കുകയും ചെയ്തു.

സുര്‍ക്കയുടെ നിര്‍മ്മാണം -------------------------------- കരിങ്കല്ലു പണിയാനുള്ള സുര്‍ക്ക കുമ്മായവും മണലും ഇഷ്ടികയോ ഓടോ പൊടിച്ച പൊടിയും ഇട്ട് വെള്ളം ചേര്‍ത്ത് അരിച്ചെടുത്ത ദ്രാവകമാണ്. അരയ്ക്കാന്‍ വട്ടത്തില്‍ കല്ലു പാകി തോടുണ്ടാക്കും. അതില്‍ ചക്രമിട്ട് കാളകളെകൊണ്ട് വലിപ്പിച്ചാണ് അരയ്ക്കുന്നത് രണ്ട് പാത്രം കുമ്മായം ഇട്ട് ആട്ടി അരച്ച് കുറെ കഴിയുമ്പോള്‍ രണ്ട് പാത്രം മണലും ഒരു പാത്രം ഇഷ്ടികപ്പൊടിയും ( അല്ലെങ്കില്‍ ഓടിന്റെ പൊടി) ചേര്‍ക്കും, അത് പതഞ്ഞ് പൊങ്ങും വരെ ദീര്‍ഘനേരം ആട്ടും. ഈ ദ്രാവകമാണ് കരിങ്കല്ലു പണിയാന്‍ അടുത്തകാലം അവരെ ഉപയോഗിച്ചിരുന്നത്. സുര്‍ക്ക എന്ന‍ത് ഒരു കല്‍ദായ സുറിയാനിക് പദമാണ്. ശര്‍ക്കര്‍ക്കുഴമ്പ് എന്നാണ് ആദമാര്‍ത്ഥം. മലയാളത്തിലെ ശര്‍ക്കര (ചക്കര) എന്ന വാക്ക് ഇതില്‍ നിന്നുണ്ടായതാണ്.

ഒരു ഘനയടി സിമന്റും ഒരു ഘനയടി കുമ്മായവും ശര്‍ക്കര, കല്‍ക്കണ്ടം, കുന്നിക്കുരു, ഞറള പിഴിഞ്ഞെടുത്ത ചാറ് എന്നിവ ചേര്‍ത്ത് സുര്‍ക്കയുണ്ടാക്കിയെന്ന് ചിലര്‍ പറയുന്നതു ശരിയല്ല. യൂറോപ്യന്മാര്‍ നമ്മുടെ കുന്നിക്കുരുവും ഞറളച്ചാറും സിമന്റില്‍ ചേര്‍ക്കാന്‍ സാധ്യതയില്ല. നമ്മുടെ നാട്ടില്‍ ചെങ്കല്ലു പണിയാന്‍ സുര്‍ക്ക നിര്‍മ്മിച്ചിരുന്നു. കുമ്മായം, മണല്‍, ഓടിന്റേയോ ഇഷ്ടികയുടേയോ പൊടി, ഞറളപ്പശ ( വരാല്‍ മീനുകളെ ചെമ്പില്‍ പിടിച്ചിട്ട് അവയുടെ ദേഹത്തുള്ള പശ മര്‍ദ്ദിച്ച് വെള്ളത്തില്‍ വീഴിച്ച് എടുക്കുന്നതാണ് വരാല്‍പ്പശ) എന്നിവ ചേര്‍ത്തിരുന്നു. ആരക്കുഴ കടമറ്റം മുതലായ പള്ളികളുടെ ഭിത്തി നിര്‍മ്മിക്കാന്‍ ഈ സുര്‍ക്കയാണ് ഉപയോഗിച്ചത്.സിമന്റു പോലെ ബലമുണ്ടാകും. ആ ഭിത്തികള്‍ ഇന്നു തുരക്കാന്‍ പാറ പൊളിക്കുന്നതിനു തുല്യമായ ശക്തി പ്രയോഗിക്കേണ്ടി വരുന്നു. വീടുകള്‍ തേക്കുമ്പോള്‍ കുമ്മായത്തില്‍ മുട്ടവെള്ള ചേര്‍ത്തിരുന്നു.

കൊച്ചങ്ങാടിയുടെ ഉടമസ്ഥന്‍ പാലപ്പുറം എന്ന ക്രിസ്തീയ കുടുംബമായിരുന്നു. അവര്‍ പാലം പണിക്ക് ഏറെ സഹായം ചെയ്തു. കൊച്ചങ്ങാടിയിലാണ് സുര്‍ക്ക നിര്‍മ്മാണവും മറ്റും നടത്തിയത്. മൂവാറ്റു പുഴ വലിയ അങ്ങാടിയെന്ന പോലെ കൊച്ചങ്ങാടിയും ക്രിസ്ത്യാനികളുടെതായിരുന്നു. പൂനാട്ട്, പാലപ്പുറം, പഴയ അമ്പലത്തുങ്കല്‍ ( പൂവന്‍) വെളിയന്നൂര്‍ കാരന്‍ ചാത്തന്‍ കണ്ടം ( നെടും ചാലില്‍), പച്ചേനാല്‍, തോട്ടത്തില്‍, കുരിശിങ്കല്‍, കിഴക്കേ തോട്ടം മുതലായ ക്രിസ്തീയ കുടുംബങ്ങളാണ് അങ്ങാടിയില്‍ ഉണ്ടായിരുന്നത്.

പാലം പണിയാന്‍ കല്ലുകള്‍ ശേഖരിച്ച് ഡ്രസു ചെയ്തപ്പോഴേക്കും ഒരു ലക്ഷം രൂപ തീര്‍ന്നു. എഞ്ചിനീയര്‍ എമറാഡ് കുതിര വണ്ടിയില്‍ പിറവത്ത് ചെന്ന് അവിടെ നിന്ന് വള്ളം വഴി തിരുവനന്തപുരത്തെത്തി, രാജാവിനെ കണ്ടു പറഞ്ഞു ‘ പാലം പണിക്ക് കല്ലുകൊണ്ടു വന്നതേയുള്ളു പണം തീര്‍ന്നു. ഒരു ലക്ഷം കൂടി അനുവദിക്കണം ചെലവ് പ്രതീക്ഷിച്ചിടത്ത് നില്‍ക്കുന്നില്ല’ രാജാവ് വിഷണ്ണനനായി പറഞ്ഞു ‘ പണി തീരുമ്പോഴേക്കും പണ്ടാരം ശൂന്യമാകുമല്ലോ എന്തു ചെയ്യും’ രാജാവ് ഒരു ലക്ഷം കൂടി അനുവദിച്ചു. ആ തുകകൊണ്ട് പുഴയുടെ രണ്ട് കരയിലുമുള്ള ഭിത്തികളും ( കാലുകള്‍) പുഴയുടെ അകത്തുള്ള രണ്ട് കാലുകളും നിര്‍മ്മിച്ചു. പിന്നെയും എഞ്ചിനീയര്‍ രാജാവിനെ കണ്ടു കാശു ചോദിച്ചു. രാജാവ് അത്യന്തം അസ്വസ്ഥനായി പറഞ്ഞു ‘ ഇതെന്താ സ്വര്‍ണ്ണം കൊണ്ടാണോ പാലം പണി. ഇങ്ങനെ പോയാല്‍ രാജ്യം പട്ടിണിയിലാകും പണ്ടാരത്തില്‍ ഇനിയൊന്നും ശേഷിപ്പില്ല’ അദ്ദേഹം ഒരു ലക്ഷം കൂടി അനുവദിച്ചു മൂന്ന് ലക്ഷത്തോളം ചിലവായി.

ബലപരീക്ഷയും ഉത്ഘാടനവും ---------------------------------------

കോക്രീറ്റു പാലം ആദ്യമായിട്ടാണു നാട്ടുകാര്‍ കാണുന്നത്. അതിനു ബലമുണ്ടെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് എഞ്ചിനീയര്‍ 12 വലിയ ആനകളെകൊണ്ടു വന്ന് പാലത്തിലൂടെ നടത്തുകയും പാലത്തില്‍ അവയെ നിറുത്തുകയും ചെയ്തു. എഞ്ചിനീയറും അയാളുടെ ഭാര്യയും ആ സമയത്ത് പുഴയില്‍ പാലത്തിനു താഴെ കെട്ടിയിട്ട വള്ളങ്ങളില്‍ കസേരയിട്ടിരുന്നു. പാ‍ലം ഉത്ഘാടനം ചെയ്തപ്പോള്‍ അവര്‍ അവിടെ ഇരിക്കുകയായിരുന്നു.

പാലത്തിന്റെ ഉത്ഘാടനം വലിയ ഉത്സവമായിരുന്നു. മഹാരാജാവിനെ വള്ളം വഴി പിറവത്ത് കൊണ്ടു വന്നു അവിടെ നിന്ന് പല്ലക്കില്‍ എടുത്തുകൊണ്ടു വന്നു. രാജ്ഞിയും കൂടെ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. പുഴയുടെ തെക്കേക്കരയില്‍ , ഇപ്പോള്‍ മുനിസിപ്പാലിറ്റി കെട്ടിടം ഇരിക്കുന്നയിടത്ത് ഉത്ഘാടന കെട്ടിടം ഉണ്ടാക്കി രാജാവ് അവിടെ ഇരുന്നു. കൊച്ചിരാജാവിനേയും ( രാമവര്‍മ്മ) ക്ഷണിച്ചു വരുത്തിയിരുന്നു ‘ ഇത്രയും ഭീമമായ സംഖ്യ മുടക്കി പാലം പണിയേണ്ടായിരുന്നു ചങ്ങാടം മതിയായിരുന്നു’ എന്ന് കൊച്ചി രാജാവ് പറഞ്ഞു പോയി. തിരുവതാം കൂര്‍ രാജാവ് ദിവാന്‍ ആയ മന്നത്ത് കൃഷ്ണന്‍ നായരെ കൊണ്ട് പൊന്‍ താക്കോല്‍ ഉപയോഗിച്ച് താഴ് തുറപ്പിക്കുകയും പാലം ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയും ചെയ്തു. രാജാവ് പ്രത്യേക കെട്ടിടത്തില്‍ തന്നെ ഇരുന്നു കൊണ്ടാണ് താഴു തുറപ്പിച്ചതും ഉത്ഘാടനം ചെയ്യുന്നതായി പ്രഖ്യാപിച്ചതും. ആ കെട്ടിടം ദിര്‍ഘനാള്‍ക്ക് പി. ഡബ്ലിയു. ഡി ഓഫീസായിരുന്നു.

വലിയൊരു ജനാവലി പാലം ഉത്ഘാടനം കാണാന്‍ വന്നിരുന്നു. അഴപ്പാവുള്ള ഇന്‍സ്പക്ടര്‍ വടി ചുഴറ്റി ആളുകളെ അകറ്റി നിറുത്തി. അപ്രോച്ചു റോഡിന്റെ പടിഞ്ഞാറു വശം താണു കിടന്നിരുന്നു വടി ചുഴറ്റിയപ്പോള്‍ കുറെപ്പേര്‍ അങ്ങോട്ടു വീണു. ആരക്കുന്നത്ത് നിന്ന് ഒണാട്ടു ലൂയിസ് , കുറുപ്പുമഠത്തിലച്ചന്‍ ( വെട്ടുവാതരോഗി) മുതലായവര്‍ ഉണ്ടായിരൂന്നു. ആ അച്ചനും റോഡില്‍ നിന്നും താഴെ വീണു. ഓണാട്ടു ലൂയിസ് കാരണവരാണ് ഈ വിവരങ്ങള്‍ തന്നത്.

ദക്ഷിണേന്ത്യയിലെ ഈ പ്രഥമ കോണ്‍ക്രീറ്റ് പാലം 1914 - ല്‍ പണി തീര്‍ന്നു ആ പാലത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്.

Public Works Department Loading Class A Total Lenght 105 Meters No. of Spanas 3 Width 4.65 Meters Year of Construction 1914

ഈ പാലത്തിന്റെ നിര്‍മ്മാണരീതിയെ പറ്റി RCC Deek with Arch bow string Girder Bridge എന്നാണ് എഴുതിയിട്ടുള്ളത്.

പാലത്തിന്റെ വടക്കുള്ള കവലയില്‍ ഒരു ശിലാഫലകം സ്ഥാപിച്ചിരുന്നു. അതില്‍ Muvattupuzha Bridge 1914 ME 1089 എന്നെഴുതിയിരുന്നു. ആ കല്ല് ഇപ്പോള്‍ പാലത്തിന്റെ വടക്കു വശത്ത് മണ്ണില്‍ ഇട്ടിരിക്കുന്നു . അതിന്റെ സ്ഥാനത്താണ് നെഹൃവിന്റെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ഈ പാലത്തെ ‘ വലിയ പാലം’ എന്നാണ് വിളിക്കുന്നത്. കാരണം ഒരു ചെറിയ പാലം തൊടുപുഴയാറിനു കുറുകെ 1917 - ല്‍ പണിതു.

ഈ വലിയ പാലത്തിനു വീതി പോരാത്തതുകൊണ്ട് ഇതിനു സമാന്തരമായി പുതിയ പാലം പണിത് 1979 ജൂണ്‍ 8നു ഉത്ഘാടനം ചെയ്തിട്ടുണ്ട്. അതിനു എട്ടു സ്പാനുകളുണ്ട് . ആര്‍ച്ചുകളില്ല ACC Deck Slab എന്നാണു അതിനെ പറ്റി പറയുന്നത്. ഈ പാലം തീര്‍ത്തതോടെ ഇന്‍ഡ്യയുടെ ഒരു വിസ്മയമായ പഴയ പാലം മൂത്രപ്പുരയായി മാറിയിരിക്കുന്നു . ആല്‍മരങ്ങള്‍ അങ്ങിങ്ങ് മുളച്ചു വളരുന്നു. കല്ലുകള്‍ ഇടിച്ചു വീഴത്തിക്കൊണ്ടിരിക്കുന്നു. മുനിസിപ്പാലിറ്റി ഒരു മൂത്രപ്പുര അതിനടുത്ത് നിര്‍മ്മിച്ചിരിക്കുന്നു. ഏത് കോണ്‍ക്രീറ്റും തകര്‍ക്കുന്നത് ആണ് മനുഷ്യ മൂത്രവും ആല്‍മരങ്ങളും. കേരളീയരുടെ ചരിത്ര ബോധം.

റവ. ഫാദര്‍ ജോര്‍ജ്ജ് കുരുക്കൂര്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.