പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കീഴാള ഓണ സങ്കല്‍പ്പങ്ങള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എന്‍. ജയകൃഷ്ണന്‍

കേരളപ്പിറവിയോടു കൂടിയാണ് ഓണം ദേശീയോത്സവമായി അംഗീകരിക്കപ്പെട്ടത്. എന്നാല്‍ അതിന് എത്രയോ മുന്‍പ് തന്നെ മലയാള സാഹിത്യകൃതികളിലും പ്രാചീന രേഖകളിലും ഓണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഓണം ഒരു ആഘോഷം അഥവാ വ്യവസ്ഥാപിതമായ ആചാരം എന്ന നിലയ്ക്കു ദേശീയോത്സവമായി മാറുന്നത് കേരളസംസ്ഥാനത്തിന്റെ രൂപീകരണത്തോടു കൂടിയാണ്. മതേതരമെന്നു വ്യവഹരിക്കപ്പെടുന്ന ഈ ദേശീയോത്സവം ഹിന്ദു മിത്തോളജിയുമായി ബന്ധപ്പെട്ടാണ് നിലനില്‍ക്കുന്നത്. അതു കൊണ്ടായിരിക്കാം ദേശീയോത്സവമാണെങ്കിലും ഹൈന്ദവരായ മലയാളികളാണ് ഏറെ പ്രാധാന്യത്തോടെ ഓണം ആഘോഷിക്കുന്നത്.

പദ്മ പുരാണത്തിലന്തര്‍ഗതമായ ഭാഗവതത്തിലാണ് പ്രഹഌദചരിതം ഉള്ളത്. പ്രഹഌദന്റെ പൗത്രനാണ് മഹാബലി എന്നാണ് ഐതിഹ്യം. മഹാബലിയെ കേന്ദ്രീകരിച്ചാണ് ഓണത്തെക്കുറിച്ചുള്ള കഥകളും പാട്ടുകളുമെല്ലാം പിന്‍കാലത്ത് രൂപപ്പെട്ടിട്ടുള്ളത്.

നമ്മുടെ വേദോപനിഷത്തുക്കളിലെയും പുരാണേതിഹാസങ്ങളിലെയും കഥകള്‍ യഥാര്‍ഥമല്ല. മറിച്ച്, സാധാരണക്കാരായ ജനങ്ങളെ ജീവിത സംസാരം എങ്ങനെ തരണം ചെയ്യണമെന്ന് പഠിപ്പിക്കുവാന്‍ വേണ്ടിയുള്ള ഉദാഹരണങ്ങള്‍ മാത്രമാണിതെന്നു ശ്രീശുക മഹര്‍ഷി പരീക്ഷിത്തിനോട് ഭാഗവതത്തില്‍ പറയുന്നുണ്ട്. മഹാബലി എന്നൊരു അസുര രാജാവ് ജീവിച്ചിരുന്നോ, അദ്ദേഹം കേരളമാണോ ഭരിച്ചിരുന്നത്, മഹാവിഷ്ണു മഹാബലിയെ പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തിയോ എന്നുള്ള ചോദ്യങ്ങള്‍ക്കൊന്നും ഇന്നത്തെ കാലത്ത് പ്രസക്തിയില്ല. ഈ ചോദ്യങ്ങള്‍ക്കുള്ള ശാസ്ത്രീയവും യുക്തിസഹവുമായ ഉത്തരങ്ങള്‍ മാത്രമാണ് ഇന്നത്തെ കാലത്തിന് ആവശ്യവും. പില്‍ക്കാല തലമുറ ഓണത്തിനും മഹാബലിക്കും ഒട്ടേറെ വര്‍ണചാരുതകള്‍ അവരവരുടെ ഭാവനയ്ക്കായി തുന്നിച്ചേര്‍ത്ത് നല്‍കിയിട്ടുണ്ട്.

ചരിത്രപരമായ പരിപ്രേഷ്യത്തില്‍ ഓണത്തെ സമീപിക്കുന്നതിനാലാണ് ശാസ്ത്രീയതയുള്ളത്. ഐതിഹ്യങ്ങളും പുരാണങ്ങളുമൊക്കെ വ്യംഗ്യമധുരമായി പറഞ്ഞുവച്ചിട്ടുള്ളതിന്റെയുള്ളിലെ യഥാര്‍ഥ സത്ത തിരിച്ചറിയുന്നതിലാണ് ചരിത്രപരമായ സാംഗത്യം ഉള്ളത്.

മഹാബലി അസുരനാണെന്നു പ്രസിദ്ധം ആരാണീ അസുരന്‍? സുരനല്ലാത്തവന്‍ അസുരന്‍. ' സുര് ' ധാതുവിന് സാന്ദര്‍ഭികമായി; ഭരിക്കുക എന്നും അര്‍ഥമുണ്ട്. അപ്പോള്‍ ഭരിക്കുന്നവര്‍ സുരന്മാര്‍ അഥവാ ദേവന്മാര്‍. സുരന്മാരാല്‍ ഭരിക്കപ്പെടുന്നത് അസുരന്മാരും. ഭരണവര്‍ഗം എന്നും വരേണ്യവര്‍ഗമാണ്. ഭരിക്കപ്പെടുന്നവര്‍ അടിമ വര്‍ഗവും കീഴാളരും. ഈ ഭരണവരേണ്യമേല്‍ക്കോയ്മ തന്നെയാണ് ജാതിപരമായ അസമത്വത്തിനും പ്രധാന കാരണമായിത്തീര്‍ന്നതെന്നു കാണാം. കീഴാള വര്‍ഗം എപ്പോഴൊക്കെയോ ആയുധമെടുത്തുവോ അപ്പോഴൊക്കെ അവരെ ഭരണവര്‍ഗം അടിച്ചൊതുക്കി. ഭരണസ്വാധീനത്തിന്റെ ബലം കാരണം എന്നും വിജയം സുരന്മാര്‍ക്കൊപ്പമായിരുന്നു. അസുര/ രക്ഷോ ഗണത്തില്‍പ്പെട്ട ഗോത്രവംശജരാകട്ടെ കീഴാളത്വത്തിന്റെ പ്രതീകങ്ങളായി എന്നും അടിച്ചമര്‍ത്തപ്പെട്ടു കിടന്നു. ബ്രാഹ്മണ പൗരോഹിത്യമാകട്ടെ, എക്കാലവും ഭരണവര്‍ഗത്തിനൊപ്പമായിരുന്നു. തങ്ങളുടെ ഇടം തിരിച്ചുപിടിക്കാനുള്ള പോരാട്ടമായിരുന്നു പലപ്പോഴും ദേവാസുര യുദ്ധം. കീഴാളരുടെ ജനാധിപത്യ വ്യവസ്ഥിതിയെ മേലാളരായ സുരവര്‍ഗം ഭരാണാധിപത്യം ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് ദേവാസുര യുദ്ധത്തിലൂടെ കാണാന്‍ കഴിയുന്നത്. ഭരണമില്ലാത്തവര്‍, സ്വന്തമായി ഇടം ഇല്ലാത്തവരായിരുന്നു അസുരന്മാര്‍. അവര്‍ക്ക് ചരിത്രത്തില്‍ ഇടം കിട്ടിയപ്പോഴൊക്കെ യുദ്ധത്തിന്റെയും കൗശലത്തിന്റെ മറവുകളിലൂടെ സുരന്മാര്‍ ഭരണാധികാരം പിടിച്ചെടുത്തു. ഈ മിത്താണ് വാമന- മഹാബലി കഥയ്ക്കുള്ളത്.

കീഴാളരായ ആദിവാസികളായിരുന്നല്ലോ നമ്മുടെ പൂര്‍വികര്‍. ദക്ഷിണേന്ത്യയാകെ ഒറ്റദേശമായി കിടന്നിരുന്ന കാലത്ത് ആദി ദ്രാവിഡ മൂലഭാഷയായിരുന്നു സംസാരത്തിന് ഉപയോഗിച്ചിരുന്നത്. കൊടുന്തമിഴ് സംസാരിച്ചിരുന്ന അവര്‍ പിന്നീട് പല പ്രാദേശിക ഭാഷാഭേദങ്ങളുമായി ബന്ധപ്പെട്ടാണ് ദക്ഷിണേന്ത്യയിലെ ഇതര ഭാഷകള്‍ രൂപപ്പെട്ടതെന്ന ഒരു വാദവും നിലവിലുണ്ട്. പഴന്തമിഴ് കാലമെന്നു വ്യവഹരിക്കപ്പെടുന്ന അക്കാലത്തെ കര്‍ഷകരുടെ പിന്‍ഗാമികളാകണം കേരളത്തിലെ ആദിവാസി സമൂഹമെന്നു കരുതപ്പെടുന്നു. പ്രത്യേകിച്ചു കൃഷി ജീവിത രീതിയായി ഏറ്റെടുത്ത കീഴാള ജനത. ഇവരുടെ കാര്‍ഷിക സംസ്‌കാരങ്ങളില്‍ നിന്നായിരിക്കണം, ഉത്സവം എന്നതിലുപരി അവരുടെ ജീവിതവൃത്തിയുമായി ബന്ധപ്പെട്ട കാര്‍ഷികാചാരം എന്ന തലത്തില്‍ ഓണം പരിഗണിക്കപ്പെട്ടു തുടങ്ങിയത്. അക്കാലത്ത് ഒരു ദേശത്തെ ഗോത്രരാജാവായിരിക്കണം മഹാബലി. സല്‍ഭരണം ഈ കീഴാള രാജാവിന്റെ കീര്‍ത്തി രാജ്യാതിര്‍ത്തി കടന്നപ്പോള്‍ ആ പ്രതാപം ഇല്ലാതാക്കാനായി വന്ന ആര്യനാകാം വാമനന്‍. വാമന- മഹാബലി കഥയെ പിന്നീട് ആര്യാധിനിവേശത്തിന്റെ ചരിത്രമായി സമീപിച്ചതിന്റെ പിന്നിലുള്ള കാഴ്ചപ്പാട് ഇതാകാം. ഏതായാലും ഒരു വ്യക്തിയുടെ സ്വതന്ത്രമായ ഇടത്തെ- അവന് ഭൂമിയിലുള്ള ന്യായമായ അവകാശത്തെ- അധിനിവേശത്തിലൂടെ കീഴ്‌പ്പെടുത്തിയ കഥയാണ് വാമന- മഹാബലി മിത്തെന്നുള്ളത് സംശാതീതമായ കാര്യമാണ്. ഇപ്പോഴത് സാമ്രാജ്യത്വാധിനിവേശമായി വായിക്കപ്പെടുന്നുണ്ടെങ്കില്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല. കാരണം, ഏതൊരു ജനതയ്ക്കുമെന്നപോലെ മലയാളിയുടെ പ്രാക്തനമായ ഒരു ഭൂതകാല സ്മരണയാണ് ഓണം. 'തിരു' എന്ന വിശേഷണം അതിലെ ദൈവികതയോട് കൂട്ടിച്ചേര്‍ത്തു വായിച്ചതാകാം. മലയാളിയുടെ സ്വത്വബോധത്തിന്റെയും ഭൂതകാല സാമൂഹിക ഭാവനാലോകത്തിന്റെയും ഒരു വലിയ ആഖ്യാനമാണ് ഓണം എന്ന സങ്കല്‍പ്പത്തിനുള്ളത്.

ഓണത്തെപ്പോലെ ഒട്ടേറെ തലങ്ങളുള്ള ഒരു ആഘോഷം മറ്റൊന്നുണ്ടെന്നു തോന്നുന്നില്ല. അജ്ഞാത കര്‍തൃമായ നമ്മുടെ നാടോടി കഥാഗാനങ്ങളില്‍ മുതല്‍ ആധുനിക ചലച്ചിത്ര ഗാനങ്ങളില്‍ വരെ ഓണത്തെക്കുറിച്ചുള്ള വ്യത്യസ്ത ഭാവനകളും പദങ്ങളും ചേരുവകളും കൂട്ടിപ്പിണഞ്ഞു കിടക്കുന്നു.

20ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഭാഷയും സംസ്‌കാരവുമെല്ലാം രാഷ്ട്രീയമായി കേരളത്തെ ഒന്നിപ്പിക്കുന്ന ഘട്ടത്തിലാണ് ഓണം ദേശീയോത്സവമായി അംഗീകരിക്കപ്പെടുന്നത്. പത്ത് ദിവസത്തെ ഓണാഘോഷവും ഓണസദ്യയും അത്തച്ചമയവുമൊക്കെ വ്യവസ്ഥാപിതമായി ചിട്ടപ്പെടുത്തിയതും ഈ അംഗീകാര ലബ്ധിക്കു ശേഷമാണെന്നു കാണാം. എന്നാല്‍ അതിന് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ, ഉത്സവമെന്ന നിലയ്ക്കല്ല, മറിച്ച് ആചാരമെന്ന നിലയ്ക്ക് ഓണം ഒരു ഫോക് ലോറിസ്റ്റിക് പദവി കൈവരിച്ചിരുന്നു. അതിന് വിവിധ ഗോത്രങ്ങളുടെ സ്വത്വബോധത്തിലൂടെ ഉരുത്തിരിഞ്ഞ ഒരു അനുഷ്ഠാന പ്രകാശനമായിരുന്നു. ആദിവാസി സമൂഹമെന്നു വ്യവഹരിക്കപ്പെടുന്ന ഇന്നത്തെ കീഴാള സമൂഹം അനേകമനേകം ആരാധാനാവ്യത്യാസ ക്രമങ്ങളുടെയും വിശ്വാസമണ്ഡലങ്ങളുടെയും അനുഷ്ഠാന സമ്പ്രദായങ്ങളുടെയും വലിയൊരു ലോകമാണ്. ആചാരനുഷ്ഠാനങ്ങളുടെയും വിശ്വാസാവിശ്വാസങ്ങളുടെയും കാര്യത്തില്‍ ഈ സമുദായങ്ങള്‍ തമ്മില്‍ പൊതുവായ ഒരു ആദാനപ്രദാനങ്ങള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഓണമെന്നല്ല, ഒരു സമ്പ്രദായത്തിലും പൊതുമണ്ഡലം എന്ന രീതി ആദിവാസികള്‍ക്കിടയില്‍ ഇന്നുമില്ല. ഓരോ സമുദായത്തിനും വ്യത്യസ്തങ്ങളായ ദേവതാ സങ്കല്‍പ്പങ്ങളും തെയ്യങ്ങളും ഉണ്ട്. വിഭിന്ന സ്വഭാവത്തോടു കൂടിയ ഓണത്തെയും അവര്‍ അവരുടേതായ രീതിയില്‍ വ്യാഖ്യാനിച്ചു പോന്നു.

രാമായണത്തിന്റെ കാര്യത്തിലെന്ന പോലെ കേരളത്തിലെ ഓരോ ആദിവാസി ഗോത്രവും തങ്ങളുടേതായ ആചാരാനുഷ്ഠാനവുമായി ബന്ധപ്പെടുത്തി ഓണത്തെ ഓണത്തെ വ്യത്യസ്ത രീതികളിലും ഭാവങ്ങളിലും തങ്ങളുടെ പാട്ടുകളിലും ചടങ്ങുകളിലും ആവിഷ്‌കരിച്ചു. മാത്രമല്ല, ഓണത്തെ ഇന്നു കേരളീയര്‍ ആഘോഷിക്കുന്നതുപോലെ ഒരു ഉത്സവമെന്ന നിലയ്‌ക്കോ അനുഷ്ഠാന സ്വഭാവമുള്ള ഒരു ആചാരമെന്ന നിലയ്‌ക്കോ അല്ല ആദിവാസി സമൂഹങ്ങള്‍ കരുതിപ്പോന്നിട്ടുള്ളതെന്നും കാണാം. പക്ഷെ, ആട്ടം, പാട്ട്, ഭാഷണം, ആംഗിക ചലനങ്ങള്‍, ചില പ്രത്യേക വസ്തുക്കളുടെ ഉപയോഗം തുടങ്ങിയവ കൊണ്ട് അവര്‍ ഓണത്തെ പൊലിപ്പിച്ചിരുന്നു. എന്നാല്‍ ഇവിടെയുള്ള ഒരു വൈരുദ്ധ്യം കീഴാള ജനതയുടെ ദൈനംദിന ജീവിതത്തിലെ സാമൂഹിക പരിപ്രേഷ്യത്തില്‍ നിന്നും മാറിനില്‍ക്കുന്നു ഓണം എന്നതാണ്. ഉദാഹരണമായി, വിശ്രമമില്ലാത്ത തങ്ങളുടെ അധ്വാനം നിറഞ്ഞ ജീവിതത്തിലെ ആസ്വാദനത്തിന്റെയും വിശ്രമത്തിന്റെയും ദിനങ്ങളായിട്ടാണ് അവര്‍ ഓണത്തെ കണ്ടത്. അതുമൂലമായിരിക്കാം ഓണത്തിന്റെ ഉത്സവപരതയെ തങ്ങളുടെ സ്വകാര്യവും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ആഘോഷങ്ങളിലേക്കു ചുരുക്കുവാനാണ് അവര്‍ ഏറെയും ഇഷ്ടപ്പെട്ടത്. അവരുടേതായ അനുഷ്ഠാന പരതിയിലേക്കു ഓണത്തെ കുടിയിരുത്തുവാന്‍ അവര്‍ തുനിയാതിരുന്നതും ഭാരരഹിതമായി ഒരു ഓണാഘോഷം വിശ്രമവേളകളിലായി കൊണ്ടാടുവാന്‍ കൂടി വേണ്ടിയായിരിക്കണം.

കേരളത്തിലെ വണ്ണാന്‍, മണ്ണാന്‍, വേടര്‍, പറയര്‍, പുലയര്‍, ചെറുമര്‍, പാണര്‍ എന്നിവര്‍ക്കെല്ലാം സ്വന്തമായി ഓണപ്പാട്ടുകള്‍ ഉണ്ടായിരുന്നു. ഇതില്‍ പാണരുടെ തുയിലുണര്‍ത്തു പാട്ടാണ് ഏറെ പ്രചാരം നേടിയത്. കടത്തനാടന്‍ ദേശത്ത് പ്രചരിച്ചിരുന്ന വീരഗാഥകളിലെ സ്തുതി ഗീതങ്ങള്‍ പാടിയിരുന്നത് പാണന്മാരായിരന്നത്രേ. തച്ചോളി ഒതേനന്‍, ആരോമല്‍ ചേകവര്‍, ഉണ്ണിയാര്‍ച്ച, പാലാട്ട് കോമന്‍ തുടങ്ങിയവരുടെ വടക്കന്‍ കഥാഗാനങ്ങളില്‍ ഇവരെ സ്തുതിച്ചിരുന്നത് പാണരുടെ ഉടുക്കുപാട്ടുകളിലൂടെയാണ്. സ്തുതി പാടല്‍ മേലാളന്മാര്‍ക്കും ഭരണവര്‍ഗത്തിനും എന്നും ഇഷ്ടപ്പെട്ട ഒന്നാണല്ലോ.

ചിങ്ങമാസ രാവുകളില്‍ വീടുകളിലെത്തി പാട്ടുപാടി ഉണര്‍ത്തുന്ന രീതിയാണ് തുയിലുണര്‍ത്തിലുള്ളത്. പാണരുടെ പാട്ടുകളില്‍ മാവേലിയെയല്ല, തൃക്കാക്കര മഹാദേവന്റെ വരവാണ് വര്‍ണിച്ചിരിക്കുന്നത്. ഓണത്തിന് തൃക്കാക്കരയപ്പനുമായുള്ള ബന്ധം പിന്നീടിതില്‍ കൂട്ടിയോജിപ്പിച്ചതാകാം. കാരണം,ധനുമാസത്തിലെ തിരുവാതിരയാണ് പരമശിവന്റെ തിരുനാളെന്നിരിക്കേ,

' ചിങ്ങമാസത്തില്‍ തിരുവോണം

ന്റണ്ടപ്പിറന്നാളാണ് തിരവരപ്പൂ

ഉത്തറാടം പാടിക്കോ തിരുവോണം തെണ്ടിക്കോ..?'

എന്ന പാട്ടില്‍ തിരുവോണം മഹാദേവന്റെ പിറന്നാളായി പറഞ്ഞിരിക്കുന്നത് എന്തിനെ അടിസ്ഥാനപ്പെടുത്തിയാണ്?

മഹാദേവന്‍ എന്ന വരേണ്യപരികല്‍പ്പനയെ കീഴാളര്‍ 'മാതേവന്‍' എന്നാക്കി സംബോധന ചെയ്തതാകാം. എങ്കില്‍ത്തന്നെയും ആദിമനിവാസികളായ കീഴാളര്‍ക്കു അവരുടെ ദേവതാ സങ്കല്‍പ്പങ്ങളുണ്ടായിരിക്കേ, പാണരുടെ തുയിലുണര്‍ത്തു പാട്ടിലെ മാതേവന്‍ അവരുടെ സ്വന്തം ദേവത തന്നെയാകാം.

കീഴാള ജനതയുടെ ഓണ സങ്കല്‍പ്പം എന്നുള്ളത് ഇന്നത്തെ വരേണ്യ- മധ്യവര്‍ഗ മലയാളിയുടെ ചിട്ടപ്രധാനമായ ആഘോഷപരതയുള്ള ഒന്നായിരുന്നില്ല എന്നു കാണാം. ജീവിത്തിന്റെ സര്‍വമേഖലകളിലും തമസ്‌കരിക്കപ്പെടുകയും തിരസ്‌കരിക്കപ്പെടുകയും ചെയ്തിട്ടും വ്യവസ്ഥിതികളോടും പ്രതിബന്ധങ്ങളോടും വന്യമായി പൊരുതാനുള്ള കരുത്ത് അവര്‍ക്ക് നല്‍കിയത് തങ്ങളുടേതായ സ്വത്വബോധത്തില്‍ നിന്നും ഉരുക്കൂട്ടിയെടുത്ത അനുഷ്ഠാനവും ആചാര വിധികളുമാണ്. കീഴാളന് ഓണം ഒരിക്കലും ആഘോഷമായിരുന്നില്ല. അവരുടെ മാവേലി രാജാവോ കൃഷ്ണനോ ശിവനോ ആയിരുന്നില്ല, മറിച്ച് ഒരു നല്ല നാളേയ്ക്കു വേണ്ടിയുള്ള കാവലും കരുതലുമായിരുന്നു. ഒരു പക്ഷെ കീഴാള ജനതയുടെ എല്ലാ അനുഷ്ഠാന , അനുഷ്ഠാനേതരമായ ചടങ്ങുകളുടെയും പിന്നില്‍ നിസ്വാര്‍ഥമായ ഈ കലാപരത ഉണ്ടായിരിക്കണം. ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ കഞ്ഞിയല്ല, കണ്ണീര്‍ മാത്രമാണുള്ളതെന്ന നീറുന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നവയാണ് കീഴാളജനതയുടെ ഓണവും ഓണസങ്കല്‍പ്പവും.

കടപ്പാട്

സാകേതം മാസിക

എന്‍. ജയകൃഷ്ണന്‍




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.