പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സമയം ബലഹീനമാണ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സക്കറിയാസ്‌ നെടുങ്കനാൽ

ഒരു ജന്മം മുഴുവൻ ശ്രമിച്ചാലും തിരിച്ചു നല്‌കാനാവാത്തത്ര പ്രേമവാത്സല്യത്തോടെ എന്റെയുച്ചിയിലവൾ ഉമ്മവച്ചു. അതിന്റെ മധുരിമയിൽ ഉണർന്ന ഞാൻ സമയം നോക്കി. ആറരയാകാൻ പോകുന്നതേയുള്ളൂ. പെട്ടെന്നൊരു ചായയുണ്ടാക്കി പതുക്കെപ്പതുക്കെ രുചിച്ചിറക്കി. പാലസ്‌തീൻ പെൺകിടാങ്ങൾ സ്‌തനങ്ങൾക്കിടയിൽ സൂക്ഷിക്കുന്ന മീറപ്പൊതിപോലെ അവളെന്നെ തലോലിച്ചയോർമകൾ എന്നെ മത്തുപിടിപ്പിച്ചു. ചിത്രഭംഗി തുന്നിപ്പിടിപ്പിച്ച വെളുത്ത വിശറികൾ പോലുള്ള ചിറകുകളടിച്ചുകൊണ്ട്‌ ഒരു നിശാശലഭം മേശപ്പുറത്തു കിടന്ന റിസ്‌റ്റ്‌വാച്ചിൽ വന്നിരുന്നു. അറിയാതെ ഞാൻ വീണ്ടും അതിലേയ്‌ക്ക്‌ നോക്കിയപ്പോൾ സൂചികൾ പന്ത്രണ്ടിനോടും എട്ടിനോടും തൊട്ടിരിക്കുന്നു. രാത്രി പന്ത്രണ്ടു പോലുമായിട്ടില്ല! നേരേ തിരിച്ചു പിടിച്ചായിരുന്നു നേരത്തേ നോക്കിയത്‌. ഒരിളിഭ്യതയും തോന്നിയില്ല. സമയം ബലഹീനവും യുക്തിഹീനവുമാണെന്ന്‌ ഞാനെന്നേ അറിഞ്ഞിട്ടുണ്ട്‌. അത്‌ വീണ്ടും ആവർത്തക്കപ്പെടുന്നു. അത്ര തന്നെ, ഓരോ തവണയും സ്‌ത്രീ അവളുടെ സ്‌നേഹസാന്നിധ്യം പ്രകടിതമാക്കുമ്പോൾ.

ഉറങ്ങാനാല്ല, തുടർന്ന്‌ വായിക്കാനാണെനിക്ക്‌ താല്‌പര്യം തോന്നിയത്‌. ഒരുദ്യാനധാര, ജീവജലമുള്ള കിണർ, മലയിടുക്കളിലൂടെ ഒഴുകുന്നയരുവി. ഇവയുടെ ഹൃദയഹാരിത ഒരിക്കൽകൂടി എന്റെയനുഭവമായി. “അവളുടെ കവിൾത്തടങ്ങൾ സ്വർണ്ണപ്രഭയേറ്റപോലെ മനോജ്ഞമായിരുന്നു. അവളുടെ മിഴികൾ അരിപ്രാവുകളെപ്പോലെ നിഷ്‌ക്കളങ്കമായി സ്‌ഫുരിച്ചിരുന്നു. തന്റെ തൂമന്ദഹാസത്താൽ എന്റെ സർവമാനങ്ങളെയും വലയം ചെയ്‌ത്‌, നിറഞ്ഞ്‌ തുളുമ്പി, പ്രകാശപൂരിതയായി അവൾ അടുത്തു നിന്നിരുന്നത്‌ ഞാനോർത്തു.”

ഒരു മൂങ്ങാ പലവട്ടം മൂളി. ഇണയെ വിളിക്കുകയാവാം. അരുടെയോ വളർത്തുനായ എന്തോ വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. ഒരു ഗൗളി നാല്‌ തവണ ആരുടെയൊ പേര്‌ വിളിച്ചു. സമുദ്രങ്ങളുടെ ആഴങ്ങളെ വെല്ലുന്നു വിഹായസിന്റേത്‌. അതിനെയും ചെറുതാക്കുന്നു മനുഷ്യഹൃദയങ്ങളുടെ പരസ്‌പര്യം. സമയം ബലഹീനമാണെന്ന്‌ എന്റെയുള്ള്‌ വീണ്ടും മന്ത്രിച്ചു. ഞാനൊന്നുകൂടി ഉറങ്ങാൻ കിടന്നു.

മടക്കിവച്ച കൊച്ചു പുസ്‌തകത്തിന്റെ താളുകൾ അർദ്ധബോധത്തിൽ മറിഞ്ഞുകൊണ്ടിരുന്നു. “പൂവിതളുകൾ പോലെ മൃദുലമായ അവളുടെ കവിളിൽ എന്റെ കരതലം സ്‌പർശിച്ചതേ, ജലപ്പരപ്പിൽ വീണ കടലാസ്‌ കുതിർന്നലിഞ്ഞു താഴുന്ന ശാന്തതയോടെ എന്റെ തോളിലേയ്‌ക്കമർന്നു, അവളുടെ ശിരസ്സ്‌. ‘മരണത്തിനു മുമ്പുള്ള ഒരു വെപ്രാളം, അത്‌ മാത്രമല്ലേ ഈ ജീവിതം?’ അനവധി ദൈന്യവിനാഴികകളെ അർത്ഥശൂന്യമാക്കിയതെല്ലാം മറന്ന്‌, ഈ ചോദ്യത്തിലേയ്‌ക്കവൾ മയങ്ങിപ്പോയി. ഉറങ്ങൂ, കൂട്ടീ, നീ ഉണരുമ്പോൾ, തീർച്ചയായും, ഉദയസൂര്യനും നിന്റെയീ ഞാനും ഇവിടെത്തന്നെയുണ്ടാവും, നിന്നെക്കാത്ത്‌.

സക്കറിയാസ്‌ നെടുങ്കനാൽ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.