പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

പരിസ്ഥിതിയുടെ ത്രിമാനങ്ങള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വി. കെ. ശ്രീധരൻ

ഇന്നത്തെ സമൂഹം പ്രയോജജന വാദത്തിലൂന്നിയത് അതുകൊണ്ട് പ്രകൃതിസംരക്ഷണം മൗലികവാദവും ഗൃഹാതുരത്വവും എന്നതിനപ്പുറം നിത്യജീവിതത്തില്‍ ഉപയോഗ യോഗ്യമാണെന്ന് സമര്‍ത്ഥിക്കണം. പുതിയ പാഠ്യക്രമമനുസരിച്ച് പ്രബന്ധം, പ്രൊജക്റ്റ്, അസൈമെന്റ്, സെമിനാര്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും പരിസ്ഥിതി പരിചയപ്പെടേണ്ടതുണ്ട്. കര്‍ഷകര്‍ക്കും വീട്ടമ്മമാര്‍ക്കും പറമ്പില്‍ പണിയെടുക്കുന്നവര്‍ക്കും എന്തിനധികം തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തകര്‍ക്കും ശാസ്ത്രജ്ഞരേപ്പോലെ തന്നെ ചുറ്റുപാടുകളെകുറിച്ച് കൂടുതലറിയണം. അല്ലെങ്കില്‍ അപൂര്‍വവും ഔഷധപ്രാധാന്യവുമുള്ളതായ സസ്യങ്ങള്‍ വെട്ടിക്കളയാന്‍ സാധ്യതയുണ്ട്. ഒറ്റമൂലിയായും ഒരു പ്രത്യേക സ്ഥലത്തു മാത്രം കണ്ടുവരുന്നതുമായ സൂക്ഷ്മകാലാവസ്ഥയെ നിയന്ത്രിക്കുന്നതുമായ ജൈവ വൈവിധ്യം തൊട്ടറിഞ്ഞ് , വേലിയിലും കളയിലും അവയുടെ മൂല്യം കണ്ടെത്തി സംരക്ഷിക്കണം. അപ്പോള്‍ ഇതില്‍ നിര്‍മ്മാണത്തിലേക്ക്, വിനാശം വിതക്കുന്ന രാസകൃഷിയിലേക്കും ഏകവിളയിലേക്കും അവര്‍ തിരിയുകയില്ല. കലാസാഹിത്യകാരന്മാര്‍ക്ക് പ്രചോദനമായും സിനിമക്ക് ലൊക്കേഷനായും വ്യാപാരത്തിനും ലാവണ്യ ബോധത്തിനും ഈ ദൃശ്യചാരുതകള്‍ - വനങ്ങള്‍ , തണ്ണീര്‍ത്തടങ്ങള്‍, സമുദ്രങ്ങള്‍, പക്ഷികള്‍, ശലഭങ്ങള്‍, വന്യജീവികള്‍ ... ഋതുഭേദങ്ങള്‍ക്കും ജൈവവൈവിധ്യത്തിനും നിദാനം ഇവിടുത്തെ വിഭിന്നമായ ആവാസ വ്യവസ്ഥകള്‍. കൃഷിക്കും വികസനത്തിനും വിനോദസഞ്ചാരത്തിനും അഴകിനും ആരോഗ്യത്തിനും പരിസ്ഥിതി ആവശ്യമാണെന്നറിയുമ്പോള്‍ കുന്നിടിച്ച് , മണ്ണെടുത്ത് കുളവും വയലും നികത്തുന്ന പ്രവണത ഇല്ലാതാകും. നക്ഷത്രവൃക്ഷങ്ങള്‍, ദശപുഷ്പം, ദശമൂലം , പത്തില മറ്റു ഔഷധികള്‍ എന്നിവ തിരിച്ചറിയാനും ഉപയോഗിക്കാനും താത്പര്യമുണര്‍ത്തുക. വിളകളിലെ ഭക്ഷണ വൈവിധ്യവും പോഷണ സമൃദ്ധിയും കണ്ടെത്താം.

പത്തിരട്ടിക്കുന്ന വാണിഭത്തേക്കാള്‍ വിത്തിരട്ടിക്കുന്ന കൃഷി നല്ലു എന്ന് കൃഷി ഗീത. ഓരോ പ്രദേശത്തിനും അനുയോജ്യമായ സസ്യങ്ങള്‍ കണ്ടെത്തി നട്ടുവളര്‍ത്താനുള്ള പ്രചോദനമുണ്ടാകട്ടെ. മഴയേയും ഞാറ്റുവേലയേയും രാശികളേയും കുറിച്ച് പഠിക്കേണ്ടിവരുന്നത് വിളസമൃദ്ധിക്കും സ്വന്തം നിലനില്‍പ്പിനും അനിവാര്യമാണെന്ന ചിന്തയുണര്‍ത്തണം. ഉദാഹരണം ചോതി വര്‍ഷിച്ചാല്‍ ചോറ്റിന് പഞ്ഞമില്ല മകീരം ഞാറ്റുവേല മുളപ്പിച്ച് വിത്തു നടാന്‍ ഉത്തമം. എടവം, ചിങ്ങം, വൃശ്ചികം രാശികള്‍ സ്ഥിരവള്ളികള്‍ക്ക് ഉചിതം. എന്നിവ കാലാവസ്ഥാമാറ്റം ഈ ഗ്രഹത്തിന്റെ ഭാവിയേയും ഭഷ്യസുരക്ഷയേയും ബാധിക്കുമെന്നതിനാല്‍ പ്രകൃതിദുരന്തങ്ങളായ പ്രളയം, കൊടുങ്കാറ്റ്, വരള്‍ച്ച, ഭൂകമ്പം, ഉരുള്‍പൊട്ടല്‍ തുടങ്ങിയവ പ്രതിരോധിക്കാന്‍ ഭൂമിയുടെ സുസ്ഥിതി കാക്കണമെന്ന അവബോധമുണ്ടാകും. ഇന്ധനച്ചെലവേറുമ്പോള്‍ ഊര്‍ജ്ജപ്രതിസന്ധിയും ജലക്ഷാമവും നേരിടുമ്പോള്‍ പ്രകൃതിവിഭവങ്ങള്‍ വിവേകപൂര്‍വം ഉപയോഗിക്കണമെന്നും കയ്യേറ്റങ്ങളും ആഡംബരങ്ങളും ധൂര്‍ത്തും ദുരുപയോഗവും നിയന്ത്രിക്കണമെന്നും മുറവിളിയുയരും. റെഡ് ഇന്ത്യന്‍ ഗോത്രത്തലവന്‍ പറഞ്ഞതുപോലെ വരും തലമുറയില്‍ നിന്നും കടമെടുത്ത പൃഥിയെ യാതൊരു പോറലുമേല്‍ക്കാതെ തിരിച്ചു കൊടുക്കാനുള്ള കരുതലുമുണ്ടാകും. ഉപഭോഗസംസ്കൃതിക്കും മലിനീകരണത്തിനുമെതിരെ ലാഭക്കൊതിക്കതീതമായി പൊതു ആവശ്യങ്ങള്‍ക്ക് മുന്‍ ഗണന വേണമെന്ന ദര്‍ശനമുരുത്തിരിച്ചുവരും. Ecology is economy എന്ന സമീകരണം ജീവന്റെ അടിയാധാരങ്ങളായ ശുദ്ധജലം സംശുദ്ധമായ ആഹാരം എന്നിവ അവനിയുടെ വരദാനമാണെന്നറിയുമ്പോള്‍ പോറ്റമ്മയായ പ്രകൃതിയെ നാം സ്നേഹിച്ചു തുടങ്ങും. സാഹിത്യത്തിലെയും പുരാണങ്ങളിലെയും പരിസ്ഥിതി വിശേഷങ്ങള്‍ ജനങ്ങള്‍ സ്വായത്തമാകട്ടെ. വില്യം വേര്‍ഡ്സ് വര്‍ത്ത് പ്രകൃതിയെ ജൈവികതയുടെ പ്രതീകമാക്കി വില്യം ബ്ലേക്ക് അതിലെ വൈരുദ്ധ്യങ്ങളില്‍ വൈവിധ്യങ്ങളില്‍ ( ഉദാ: പുലി , ആട്, കടുവ & ആട്ടിന്‍കുട്ടി) വിസ്മയം പൂണ്ടു. മലയാള കവികളില്‍ ഇടശ്ശേരി, പി. കുഞ്ഞിരാമന്‍ നായര്‍ ജി. ശങ്കരക്കുറുപ്പ് തുടങ്ങിയവരുടെ പാരമ്പര്യം അയ്യപ്പണിക്കരും ഒ. എന്‍. വി യും സുഗതകുമാരിയുമൊക്കെ മുന്നോട്ടുകൊണ്ടുപോകുന്നു . ‘ നമുക്ക് നമ്മുടെ മക്കള്‍ക്കവരുടെ മക്കള്‍ക്കിവിടെ കഴിയേണ്ടേ’ എന്ന മുദ്രാഗീതമുയര്‍ത്തുക. പ്രകൃതിയെ അതിന്റെ അനശ്വരമൂല്യങ്ങളില്‍ ജീവത്സ്പര്‍ശത്തോടെ നമ്മുടെ പൊതുജീവിതത്തിലേക്കാവാഹിക്കാം. ബാഹ്യപ്രകൃതിയും ആന്തരികപ്രകൃതിയും ഒന്നായാല്‍ അസ്വസ്ഥതകളില്ല. സാകല്യത്തിന്റെ സന്തോഷം മാത്രം. അനന്തതയുടെ ആനന്ദം.

വി. കെ. ശ്രീധരൻ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.