പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ചവറ്റുകുട്ട ചുമക്കുന്നവർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സക്കറിയാസ്‌ നെടുങ്കനാൽ

കേരളനാട്ടിലെ രാഷ്‌ട്രീയക്കളിക്കാരും മാധ്യമങ്ങളും മതത്തിന്റെ പണിയാളുകളും വിളിച്ചുകൂവുന്നതൊക്കെ ദിവസം മുഴുവൻ “വാർത്തയായും” പരസ്യമായും ഒന്നും വിടാതെ അകത്താക്കുന്നവർ വിഴുപ്പല്ലാതെ മറ്റെന്താണ്‌ അവരുടെ തലക്കുള്ളിൽ ചുമക്കുന്നത്‌? നിത്യവും, വളിച്ചുനാറുന്ന, ഒരു കഴമ്പുമില്ലാത്ത വാചാടോപങ്ങൾ ഒന്നും വിടാതെ ഏറ്റുവാങ്ങുക എന്തോ വലിയ വിജ്ഞാനപ്പണിയായി കരുതുന്നവരാണ്‌ നാട്ടിലെവിടെയും. ഇവിടുത്തെ ജനത്തിന്റെ ജനറൽനോളജ്‌ ഭയങ്കരം! കാണാനോ കേൾക്കാനോ കൊള്ളാവുന്നതെന്തെങ്കിലും ഇവിടത്തെ ടി.വി യിൽ ഉണ്ടെങ്കിൽ തന്നെ അതിനിടയിലെ ആവർത്തിതവും ഓക്കാനിപ്പിക്കുന്നതുമായ പരസ്യങ്ങൾ വരുമ്പോൾ, റ്റി.വി.യുടെ സ്വരമെങ്കിലും ആരെങ്കിലും നിറുത്തുന്നത്‌ ഒരിക്കലും ഞാൻ കണ്ടിട്ടില്ല. ഒരു മണിക്കൂറിനുള്ളിൽ ഇരുപതു തവണയെങ്കിൽ ഇരുപത്‌ തവണയും ഒരേ വളിപ്പ്‌ തന്നെ കാണാനും കേൾക്കാനും ഒരു മടുപ്പും ആർക്കുമില്ല. അവരുടെയും മക്കളുടെയും തലമണ്ടയിൽ ചവറു കുമിഞ്ഞുകൂടുന്നത്‌ അവരെ ശല്യപ്പെടുത്തുന്നേ ഇല്ല! ധിഷണയും ഓക്കത്തരവും തമ്മിൽ തിരിച്ചറിയാൻ കഴിവില്ലാത്തവരായി മാറിയിരിക്കുന്നു, മലയാളികൾ.

വയറ്റിലേയ്‌ക്ക്‌ ഭക്ഷണം ചെല്ലുന്നതുപോലയാണ്‌ തലയിലേയ്‌ക്ക്‌ പുറം ലോകകാര്യങ്ങൾ എത്തുമ്പോൾ സംഭവിക്കുന്നതും. ആരോഗ്യം നിലനിൽക്കണമെങ്കിൽ, അകത്തു ചെല്ലുന്നത്‌ ദഹിക്കാൻ കഴിവു വേണം. സമയം തെറ്റിയുള്ള തീറ്റ ജീവഹാനിവരെ വരുത്തിവയ്‌ക്കും. ബോധവും ദഹനേന്ദ്രിയം പോലെയാണ്‌. ഇന്ദ്രിയങ്ങൾ പിടിച്ചെടുക്കുന്നതെല്ലാം സംഗ്രഹിച്ചും ജാരണം ചെയ്‌തുമല്ലാതെ ബോധവർധനം സാധ്യമല്ല. അകത്തേയ്‌ക്ക്‌ ചെന്നെത്തുന്നത്‌ തന്നെ ചീഞ്ഞതാണെങ്കിലോ? ഇന്ന്‌ ഈ നാട്ടിൽ മിക്കവരും രോഗഗ്രസ്‌തരാണ്‌. എല്ലാം കൂടുതൽ ചീഞ്ഞു നാറിക്കൊണ്ടിരിക്കുന്നു.

ഇടത്‌പക്ഷക്കാർ പാഠപുസ്‌കങ്ങളിലൂടെ ചെലുത്താൻ ശ്രമിക്കുന്ന സാമൂഹിക സ്വാധീനങ്ങളെക്കാൾ (അതിൽ ശരിയായത്‌ തീർത്തും ഇല്ലെന്നുള്ള വാശി മതാന്ധതയുടെ വിവരക്കേടിൽ നിന്ന്‌ ഉണ്ടാകുന്നതാണ്‌) എത്രയോ വിനാശകരമായ സംസ്‌കാരമൂല്യച്യുതിയാണ്‌ റ്റി.വി.യിലൂടെ സംഭവിക്കുന്നതെന്ന്‌ അവിവേകിയായ ജനം അറിയുന്നില്ല. മാന്യതയുള്ള മനുഷ്യർ പെരുമാറുന്ന രീതിയിലല്ല മിക്ക പടങ്ങളിലും സീരിയലുകളിലും തലക്കനം പെരുകിയ സംവിധായകർ അഭിനേതാക്കളെക്കൊണ്ട്‌ ചെയ്യിക്കുന്നതും പറയിപ്പിക്കുന്നതും. അല്‌പം പണവും പ്രസിദ്ധിയും കാമിച്ച്‌ ഏത്‌ കോമാളിത്തത്തിനും മന്ദബുദ്ധിപ്രകടനത്തിനും തയ്യാറാകുന്ന വേഷംകെട്ടുകാരെ താരങ്ങളെന്നു വിളിച്ച്‌ പൊക്കി കൊണ്ടുനടക്കാൻ വേണ്ടുവോളം ‘ഫാൻസ്‌’ എവിടെയുമുണ്ട്‌ താനും. വിവരമുള്ള ഏത്‌ രക്ഷകർത്താവും ചെയ്യേണ്ടത്‌ റ്റി.വി. എന്ന കുന്ത്രാണ്ടം വീട്ടിൽ നിന്ന്‌ നീക്കം ചെയ്യുകയാണ്‌.

മതതീവ്രവാദം അക്രമാസക്തമാകുമ്പോൾ മാത്രം മതേതരത്വം പ്രസംഗിക്കുന്ന രാഷ്‌ട്രീയക്കാരുടെ കാപട്യം തന്നെ മാധ്യമങ്ങളും പ്രകടിപ്പിക്കുന്നു. മതങ്ങൾ അവരുടെ ആൾദൈവങ്ങളെ പൊക്കിപ്പിടിച്ചും “പിതാവേ, പിതാവേ” എന്ന്‌ വിളിച്ചും സമയം കളയുന്നു. അന്ധവിശ്വാസങ്ങൾ കെട്ടിട്ടുറപ്പിക്കുന്ന വകകളാണ്‌, പ്രാർത്ഥനയായും പ്രഭാഷണങ്ങളായും കെട്ടുകഥകളായും പവർവിഷനും ഷാലോമും രാത്രിയും പകലുമില്ലാതെ പ്രക്ഷേപിക്കുന്നത്‌. വിശ്വാസികളെ മനോരോഗികളാക്കുന്ന രീതിയാണിത്‌. വളരെ താണ മനോനിലവാരമുള്ളവരുടെ മതമായി മാറിയിരിക്കുന്നു കേരളത്തിലെ ക്രിസ്‌തുമതം. അതിൽ ധ്യാനമില്ല. ഉള്ളത്‌, വാരിക്കോരി കിട്ടേണ്ട അത്ഭുതങ്ങൾക്കും ദാനങ്ങൾക്കും വേണ്ടിയുള്ള നിലക്കാത്ത ദാഹവും വികാരപ്രകടനങ്ങളും മാത്രമാണ്‌. മധ്യസ്‌ഥരായ സ്‌പെഷ്യലിസ്‌റ്റ്‌കളെക്കൊണ്ട്‌ അനുഗ്രഹങ്ങൾ വർഷിപ്പിക്കാനുള്ള പുതിയ സൂത്രങ്ങൾ ബെന്നി പുന്നത്രയുടെ ജൂലൈ ലക്കം മാസികയിലുണ്ടെന്നു പരസ്യം കണ്ടു. ധ്യാനിക്കുന്നവർ സമീപസ്‌തരെയും അതിലേക്കാകർഷിക്കും എന്നതുപോലെ, വിഴുപ്പു ചുമക്കുന്നവരോടും വില്‌ക്കുന്നവരോടുമുള്ള സമ്പർക്കം കൂടുതൽ രോഗങ്ങളും മാലിന്യദുർഗന്ധവും വ്യാപിപ്പിക്കാനെ ഉതകൂ.

സക്കറിയാസ്‌ നെടുങ്കനാൽ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.