പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

സൃഷ്ടിക്കപ്പെടേണ്ട പൊതു ഇടങ്ങള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അനൂപ് വര്‍ഗീസ് കുരിയപ്പുറം

ഏതു നഗര പ്രദേശത്തിനും, ഗ്രാമ പ്രദേശത്തിനും പൊതു ഇടങ്ങള്‍ അത്യാവശ്യം ആണ്. നമ്മുടെ സമീപ കാല കാഴ്ചകള്‍ പൊതു മതേതര ഇടങ്ങളുടെ ഭീമമായ തകര്‍ച്ചയെ ആണ് കാണിക്കുന്നത്. മത ഇടങ്ങളില്‍ സംഭാവന കൊടുത്താല്‍ അനുഗ്രഹവും മനസിനു തൃപ്തിയും, സ്വകാര്യ സ്ഥാപങ്ങള്‍ക്ക് കൊടുത്താല്‍ അഭിവൃദ്ധിയും, ലാഭ വിഹിതവും ലഭിക്കും. പക്ഷേ പൊതു ഇടങ്ങള്ക്ക് കൊടുക്കുന്നത് എല്ലാം കൊണ്ടും നഷ്ടകച്ചവടം ആണ് എന്ന വിപണി ബുദ്ധി , നാട്ടുഭാഷയില്‍ പറഞ്ഞാല്‍ 'ചന്ത ചിന്താഗതി' ആണ് നമ്മളെ പലപ്പോഴും നയിക്കുന്നത്. ഇങ്ങനെ പൊതു ഇടങ്ങളുടെ നഷ്ടം നമ്മുടെ സമൂഹത്തിന്റെ നഷ്ടം ആണ് എന്ന് തിരിച്ചറിയാന്‍ ഉള്ള കഴിവ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

മനുഷ്യനെ കൂടുതല്‍ കൂടുതല്‍ അന്യവല്ക്കരിക്കാനും, ചൂഷണം ചെയ്യാനും വളരെ ഔത്സുക്യത്തോടെ വിപണി നില്‍ക്കുമ്പോള്‍ അഭയം ഇല്ലാതെ ഓടുക എന്നതായി മാറിയിട്ടുണ്ട് കേവല മനുഷ്യ ധര്‍മവും കര്‍മവും. ഇങ്ങനെ ഓടുമ്പോള്‍ അയാള്‍ക്ക് നില്ക്കാനും, ശ്വസിക്കാനും, പൊരുതാനും നല്ലൊരു നാളെ സ്വപ്നം കാണാനും ഉള്ള ഇടങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നത് ഒരു ഭരണകൂടത്തിന്റെ കടമകളില്‍ ഉയര്‍ന്ന സ്ഥാനത്തേക്ക് വരുന്നത് യാദ്ധ്രിശ്ചികം അല്ല. എല്ലാ മനുഷ്യര്‍ക്കും പ്രവേശനം സാധ്യമായ, വൃത്തിയുള്ള, സുരക്ഷയുള്ള പൊതു ഇടങ്ങള്‍ ഇതൊരു കുടുംബത്തിന്റെയും, മനുഷ്യന്റെയും സ്വപ്നം ആണ്.

വികസിത രാജ്യങ്ങളില്‍ പാര്‍ക്കുകള്‍ എന്നത് ഇതൊരു നഗരത്തിന്റെയും ആകര്‍ഷണീയത ഉണ്ടാക്കുന്ന ഒരു പ്രധാന ഘടകം ആണ്. അവയില്‍ ചിലപ്പോള്‍ ചെറിയ സ്വന്തം വേദികളില്‍ കലാകാരന്മാര്‍ കലകള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കും , വരക്കുന്നവര്‍ അവരുടെ സൃഷ്ടി കാണിച്ചു കൊണ്ടിരിക്കും. കലയില്‍ പങ്കെടുക്കാനും, സൃഷ്ടാവ് ആകാനും, ഉപഭോക്താവ് ആകാനും ഒരേ പോലെ അവസരം. പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാനും, പുതിയ നല്ല ഒരു നാളെയെ സ്വപ്നം കാണാനും, വരേണ്യവല്‍കൃതം അല്ലാത്ത ഒരിടം അതാണ് പാര്‍ക്കുകള്‍. അവയുടെ പച്ചപ്പില്‍ വിഹരിച്ചവരും പാട്ടുപാടി നടന്നവരും, വിശ്വ പ്രസിദ്ധരും മറ്റും ആയി മാറി.

എന്താണ് നമ്മുടെ നാട്ടിലെ സ്ഥിതി?. വളരെ ശോചനീയം എന്ന് പറയേണ്ടി വരും. മറൈന്‍ െ്രെഡവോ, കനകക്കുന്നോ, മാനാഞ്ചിറയോ വലിയ നഗരങ്ങളില്‍ കണ്ടേക്കും.പക്ഷേ നികുതി അടക്കുന്ന ജനം ഒരുമിച്ചു ചോദിക്കേണ്ട ചോദ്യം ആണ്, ഞങ്ങള്‍ വീടുകളിലും , വിപണിയിലും, മതസ്ഥാപനത്തിലും അല്ലാതെ വേറെ എവിടെയും പോകണ്ട എന്നാണോ നിങ്ങള്‍ പറയുന്നത് എന്ന്?. പൊതു ഇടങ്ങളുടെ സൃഷ്ടി, എത്ര പ്രസക്തം ആണ് എന്ന് പലപ്പോഴും നമ്മള്‍ മനസിലാക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം കലാകാരന് വേദി കിട്ടാന്‍ ചാനല്‍ കോപ്രായങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നതും, പണക്കാരന്റെ കല്യാണത്തിനും മദ്യസല്ക്കാരത്തിലും മറ്റും കല ചുരുങ്ങിപ്പോകുന്നതിനും കാരണം ഈ ഇടങ്ങളുടെ കുറവ് തന്നെ. കലകാരാന്‍ ആകുന്നതിലും ഭേദം മരിക്കുക ആണ്, എന്ന് കലകാരാന്‍ തിരിച്ചറിയുകയും, അങ്ങനെ കലകാരനിലൂടെ മരണം സംഭവിക്കുന്നത് സമൂഹത്തിന്റെ ഒരു നവസരണിക്കാണ് എന്ന് നമുക്ക് മനസിലാക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നു..

പൊതു ഇടങ്ങളില്‍ ഉണ്ടാവുന്ന ചില സംവാദങ്ങളും, പങ്കു വെക്കലുകളും , അവതരണങ്ങളും എങ്ങനെ ചിന്തയേയും സംവാദത്തേയും സ്വാധീനിക്കും അത് ഒരു പുരോഗമന സമൂഹത്തിനു എങ്ങനെ മുതല്‍ക്കൂട്ടാകും എന്നതെല്ലാം ഒരു പഠന വിധേയം ആക്കേണ്ട വിഷയം കൂടി ആണ്. ബഹുഭൂരിപക്ഷം ജനങ്ങളും ഇന്നടിമപ്പെട്ടിട്ടുള്ള സായാഹ്ന വികൃത വിഷ ചാനല്‍ കലകളും മറ്റും മനസ്സില്‍ കുത്തിവെക്കുന്ന പിന്തിരിപ്പന്‍ വര്‍ഗീയ ചിന്താഗതികളെ എതിര്‍ത്ത് തോല്‍പ്പിക്കാനും, പ്രതിരോധത്തിന്റെ ബദല്‍ പോര്‍മുഖം തുറക്കാനും പൊതു മതേതര ഇടങ്ങളുടെ സൃഷ്ടി അത്യാവശ്യം ആണ്. പൊതു ഇടങ്ങളില്‍ നിക്ഷേപിക്കുന്നത്, നല്ലൊരു സമൂഹത്തിനു കൂടി വേണ്ടി ആണ് എന്ന തിരിച്ചറിവും നമ്മള്‍ പ്രാപ്തമാക്കേണ്ടതുണ്ട്

സാധാരണ കുടുംബങ്ങള്‍ക്കും മനുഷ്യര്‍ക്കും കടന്നു ചെല്ലാവുന്ന ഇടങ്ങളെ വികസിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് ഇതൊരു പ്രാദേശിക ഭരണകൂടത്തിന്റെയും ഉത്തരവാദിത്തം ആണ്. അതിനു സ്ഥലം ലഭ്യമാക്കാന്‍ കഴിയുന്നില്ലെങ്ങില്‍ വിദ്യാലയങ്ങളുടെ സ്ഥലം വാരാന്ത്യം മാത്രം പാട്ടത്തിനു എടുത്തു, ഉപയോഗപ്രദം ആക്കി ചെറിയ തുക ഈടാക്കി സായാഹ്നങ്ങളില്‍ ഉപയോഗിക്കാന്‍ പൊതുജനത്തിന് തുറന്നു കൊടുക്കാന്‍ ശ്രമം ഉണ്ടാകണം. പക്ഷേ , ഏറ്റവും ആദ്യം വേണ്ടത് ഈ ആവശ്യത്തെ, പ്രാദേശിക ഭരണകൂടം സ്വന്തം ഉത്തരവാദിത്തം ആയി തിരിച്ചറിയുക എന്നത് തന്നെ ആണ്.

അനൂപ് വര്‍ഗീസ് കുരിയപ്പുറം

തിരുവന്തപുരം ടെക്നൊപാര്‍ക്കില്‍ ഇന്‍ഫോസിസ് ടെക്നോളജീസില്‍ ഉദ്യോഗസ്ഥന്‍. ചില വെബ്സയിറ്റുകളിലും, സ്വന്തം ബ്ലോഗിലും , പത്രങ്ങളിലും, ആനുകാലികങ്ങളിലും ലേഖനങ്ങള്‍,കവിതകള്‍, കഥകള്‍ തുടങ്ങിയവ എഴുതുന്നു. പ്രതിധ്വനി എന്ന ടെക്നോപാര്‍ക്ക് ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയുടെ എക്സിക്യൂട്ടീവ് അംഗം.പൊതു , മതേതര,പരിസ്ഥിതി , പുരോഗമന, ഇടതുപക്ഷ രംഗങ്ങളില്‍ വിനീത പങ്കാളിത്തവും ഇടപെടലുകളും




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.