പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഉദിനൂർ എന്ന പെരുന്തട്ടകം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിജു. കെ, സി.എസ്‌ സുമേഷ്‌

എത്രമേൽ ശ്രമിച്ചാലും വാക്കുകൾക്കൊണ്ട്‌ സാക്ഷ്യപ്പെടുത്തുക സാധ്യമല്ല, അവരുടെ ആത്മാർത്ഥതയെ. നിരന്തരമായ ആത്മസംസ്‌കരണത്തിനുള്ള ഒരു ഉപാധിയായി നാടകത്തെ ജീവശ്വാസത്തിനൊപ്പം കാത്തുസൂക്ഷിക്കുന്ന ആൾക്കൂട്ടത്തെ എങ്ങനെയാണ്‌ അടയാളപ്പെടുത്തുക? ആലങ്കാരിക പ്രയോഗങ്ങളുടെ അർത്ഥശൂന്യതയായി നിങ്ങളോരോരുത്തരും തെറ്റിദ്ധരിച്ചേക്കും, പക്ഷേ നേരനുഭവത്തിന്റെ ഏറ്റുവാങ്ങലിലൂടെ മാത്രമേ ഈ നാടിനെ നിങ്ങൾക്ക്‌ പൂർണ്ണമായും മനസിലാക്കുവാൻ കഴിയൂ.

കാസർകോട്‌ ജില്ലയിലെ ഉദിനൂർ എന്ന ഗ്രാമമാണ്‌ അമേച്വർ നാടകവേദിയിലെ ജീവസുറ്റ ശ്രമങ്ങളിലൂടെ കേരളത്തിൽ ആകെയുള്ള നാടകപ്രവർത്തകർക്ക്‌ പ്രചോദനമായിത്തീരുന്നത്‌. കണ്ണൂർ-കാസർകോട്‌ ജില്ലകളിലെ നാടകപ്രവർത്തകർക്കെല്ലാം ഒരു പൊക്കിൾകൊടി ബന്ധമാണ്‌ ഈ ഗ്രാമത്തോട്‌. തിക്കുറിശ്ശി സുകുമാരൻ നായർ, തിക്കോടിയൻ, എൻ.എൻ. പിള്ള, സുരാസു, ജോസ്‌ ചിറമ്മൽ, എം.എൻ കുറുപ്പ്‌, ചേമഞ്ചേരി നാരായണൻനായർ, വിക്രമൻ നായർ, പി.കെ വേണുക്കുട്ടൻ നായർ, കെ.ടി മുഹമ്മദ്‌, പിരപ്പിൻകോട്‌ മുരളി, കരിവെള്ളൂർ മുരളി, എൻ. ശശിധരൻ, നിലമ്പൂർ അയിഷ, ഷിബു എസ്‌. കൊട്ടാരം, സുവീരൻ.... തുടങ്ങിയ നാടകപ്രവർത്തകരെല്ലാം ഒരിക്കലെങ്കിലും ഉദിനൂരിന്റെ വേദിയിൽ സംസാരിക്കുവാനോ അഭിനയിക്കുവാനോ ആയി എത്തിച്ചേർന്നിട്ടുണ്ട്‌. തികഞ്ഞ ആത്മാർപ്പണത്തോടെ ഗൗരവമായി നാടകപ്രവർത്തനത്തെ ഉൾക്കൊള്ളുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ, അവർക്ക്‌ പ്രചോദനവും ദിശാബോധവും പകർന്നു നൽകിയ മുൻകാല പ്രതിഭകളുടെ അതിനെല്ലാമുപരി നാടകാസ്വാദനത്തിനായി എന്നും കാത്തു നിൽക്കുന്ന വിശാലമായ ഒരു കാണിസമൂഹത്തിന്റെ ഉള്ളറകളിലേക്ക്‌ ഒരു നാടകപ്രേമി നടത്തുന്ന അനുയാത്രയാണിത്‌.

2007ലെ ഓണദിനത്തിൽ കേരളം മുഴുവനും ചാനൽക്കാഴ്‌ചകളിൽ മതിമറന്നിരിക്കുമ്പോൾ ഉദിനൂർ ഗ്രാമത്തിൽ, രാത്രി ഏഴുമണിക്ക്‌ ജ്വാല തീയേറ്റേഴ്‌സിന്റെ ഓഫീസ്‌ കെട്ടിടത്തിനു മുൻപിലുള്ള വിശാലമായ മണ്ണിൽ ചമ്രം പടഞ്ഞിരുന്ന്‌, തിരശ്ശീല ഉയരുന്നതും കാത്ത്‌, ഒരാൾക്കൂട്ടം അക്ഷമരായി ത്ളഞ്ഞ കണ്ണുകളോടെ പ്രതീക്ഷിച്ചുകൊണ്ടിരുന്നത്‌ ഒരു നാടകത്തെയായിരുന്നു, ഉദിനൂർ ജ്വാല അവതരിപ്പക്കുന്ന ‘ഒരു പോസ്‌റ്റ്‌ മോഡേണിസത്തിലെ ആത്മഗതം’ എന്ന ഏറ്റവും പുതിയ നാടകത്തെ.

ഗിരീഷ്‌ ഗ്രാമിക രചിച്ച്‌ തൃശ്ശൂർ ഗോപാൽജി സംവിധാനം ചെയ്ത ഈ നാടകമാണ്‌ ഉദിനൂരിലെ ഏറ്റവും പുതിയ നാടകസംരംഭം. 1935ൽ ഉദിനൂർ സെൻട്രൽ എ.യു.പി സ്‌കൂൾ സ്ഥാപിക്കപ്പെട്ടതു മുതൽ ആരംഭിക്കുന്ന ഒരു സാംസ്‌കാരിക ജീവിതത്തെ, നാടകക്കൂട്ടായ്മയെ 2007ലെ ഓണക്കാലത്തും നിറഞ്ഞ യൗവ്വനത്തിൽ നിലനിർത്താൻ എങ്ങനെയാണ്‌ ഈ നാടിന്‌ സാധിക്കുന്നത്‌? സംഗീത നാടക അക്കാദമി ഇത്തവണ ഒരുക്കിയ ‘കൂട്ടുകൃഷി’ എന്ന നാടകത്തിലും കെ.പി.എ.സിയുടെ ‘നീതിപീഠം’ എന്ന നാടകത്തിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച ഉദിനൂരിലെ ഒരു മുതിർന്ന നാടകപ്രവർത്തകനായ ഉദിനൂർ ബാലഗോപാലൻമാഷ്‌ ഇങ്ങനെ പറഞ്ഞു തുടങ്ങിഃ

“ഉദിനൂരിന്റെ മണ്ണിനെ ഈവിധം ഉൾക്കാമ്പുള്ളതാക്കി തീർത്തത്‌ ഇവിടുത്തെ ജനങ്ങളാകെത്തന്നെയാണ്‌. ആദ്യകാലത്ത്‌ വിദ്വാൻ പി. കേളുനായരുടെ നാടകങ്ങൾ ഉൾപ്പടെ ഉദിനൂരിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. ഉദിനൂർ സെൻട്രൽ സ്‌കൂൾ കേന്ദ്രീകരിച്ച്‌ വളരെ വിപുലമായ രീതിയിൽ നാടകപ്രവർത്തനങ്ങൾ നടന്നിരുന്നു. 1959ൽ ആണെന്നു തോന്നുന്നു വള്ളത്തോൾ നാരായണമേനോനും ഗുപ്തൻ നായരുമൊക്കെ ഉദിനൂരിൽ എത്തിച്ചേർന്നിട്ടുണ്ട്‌. വളരെ ശ്രദ്ധേയമായ വസ്തുത പണ്ടുകാലത്തു തന്നെ വലിയ തറവാട്ടിൽ നിന്നുള്ളവർ പോലും സ്ര്തീകളുൾപ്പടെ ഉദിനൂരിന്റെ നാടക ജീവിതത്തിൽ സജീവമായിരുന്നു എന്നതാണ്‌” മികച്ച സംഘാടകരായും അഭിനേതാക്കളായും നിലകൊണ്ട പഴയ നാടകപ്രതിഭകളായ ഒരുപാടുമനുഷ്യരുടെ ത്യാഗനിർഭരമായ പ്രവർത്തനത്തെക്കുറിച്ച്‌ മാഷ്‌ സംസാരിച്ചുകൊണ്ടിരുന്നു. എ.വി ഇബ്രാഹിംമാഷ്‌, നാരായണൻ മാഷ്‌, കോളിക്കര കുഞ്ഞിക്കണ്ണൻ മാസ്‌റ്റർ, വി.വി കൃഷ്ണൻമാസ്‌റ്റർ, ഇ.വി കുഞ്ഞമ്പുമാസ്‌റ്റർ, ലക്ഷ്മി ടീച്ചർ.... നാടകസംസ്‌കാരത്തിന്റെ അടിത്തറയൊരുക്കിയ അതികായന്മാരെക്കുറിച്ച്‌ ഉദിനൂർ ബാലഗോപാലൻ മാസ്‌റ്റർ ഏറെ നേരം സംസാരിച്ചു. പി. ശശി സംവിധാനം ചെയ്ത ‘മാറ്റിവച്ച തലകൾ’ എന്ന നാടകത്തിലൂടെയാണ്‌ ബാലഗോപാലൻ മാസ്‌റ്റർ ശ്രദ്ധേയനായത്‌. നാടകപ്രവർത്തനത്തിൽ ഇപ്പോഴുമുള്ള തന്റെ ഊർജ്ജസ്വലതയാണ്‌ 2006ൽ ഉദിനൂർക്കാരൻ തന്നെയായ ഇ.പി. ഹരിദാസ്‌ സംവിധാനം ചെയ്ത്‌, വളരെ ലളിതമായി അവതരിപ്പിക്കപ്പെട്ട ‘ലങ്കാലക്ഷ്മി’യിലെ വേഷം.

നിരവധി നാടകോത്സവങ്ങൾക്ക്‌ ആഥിത്യമരുളിക്കൊണ്ട്‌ തങ്ങളുടെ ആസ്വാദനബോധത്തെ നവീനങ്ങളായ രംഗമാതൃകകളിലൂടെ സംസ്‌കരിച്ച്‌ പാകപ്പെടുത്തുവാൻ ഉദിനൂരിലെ ജനത എന്നും മുന്നിട്ടിറങ്ങാറുണ്ട്‌. ഉത്തരമേഖലാ തെരുവ്‌ നാടകമത്സരങ്ങൾ, നാടകപഠനക്യാമ്പുകൾ, നാടകചർച്ചകൾ..... ഒരു നാടകഗ്രാമത്തിന്റെ സജീവത എപ്പോഴും നിലനിർത്തുവാൻ നിരവധി കലാസമിതികൾ ഈ ചെറിയ ഗ്രാമത്തിൽ പ്രവർത്തിക്കുന്നുണ്ട്‌. ഉദിനൂർ കിനാത്തിൽ ജ്വാല തീയേറ്റേഴ്‌സ്‌, മനീഷ തിയേറ്റേഴ്‌സ്‌ തടിയൻ കൊവ്വൽ, എ.കെ.ജി.സി.സി, ഉദിനൂർ സെൻട്രൽ യൂണിറ്റി, ദൃശ്യകലാവേദി,.... ലഹരിയുടെ ആലസ്യവും ചാനൽക്കാഴ്‌ചകളുടെ ഇക്കിളിപ്പെടുത്തലുകളും അല്ല നാടകപ്രവർത്തനവും സാഹിത്യവും രാഷ്ര്ടീയ പ്രവർത്തനവുമാണ്‌ ഒരു സമൂഹത്തിന്‌ പുതിയ ദിശാബോധങ്ങൾ പകർന്നു നൽകുക എന്ന്‌ ഉറച്ചുവിശ്വസിക്കുന്ന ചെറുപ്പക്കാരുടെ ഇത്തരം കൂട്ടായ്മകളാണ്‌ ഉദിനൂരിന്റെ ബൗദ്ധികശക്തികേന്ദ്രങ്ങൾ.

“കഥകളിപോലുള്ള, ഓട്ടൻതുള്ളൽ പോലുള്ള ക്ഷേത്രകലകളിലൂടെ, കളമെഴുത്തുപോലുള്ളവ പകർന്നുനൽകുന്ന വർണാഭമായ ദൃശ്യപ്പൊലിമകളിലൂടെ ഒക്കെയാണ്‌ ഉദിനൂരിന്‌ ഈ പാരമ്പര്യം പകർന്നു കിട്ടിയിട്ടുള്ളത്‌. അധികാരം കൊണ്ടല്ല സംസ്‌കാരം കൊണ്ടാണ്‌ ഇവിടുത്തെ ജന്മിമാർ ജനങ്ങളെ കീഴടക്കിയത്‌” കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ മലയാളവിഭാഗം അധ്യക്ഷൻ ഡോ. എ.എം ശ്രീധരൻ ഉദിനൂരിന്റെ സാംസ്‌കാരിക പശ്ചാത്തലത്തെ ഇപ്രകാരമാണ്‌ നിർവ്വഹിച്ചത്‌. ഉദിനൂരിൽ ജനിച്ച ശ്രീ. എ.എം ശ്രീധരൻ ഇപ്പോൾ കാഞ്ഞങ്ങാടാണ്‌ താമസം.

തീർച്ചയായും ഇടതുപക്ഷരാഷ്ര്ടീയത്തിന്റെ ശക്തമായ അടിത്തറതന്നെയാണ്‌ കെട്ടുറപ്പുള്ള ഒരു ജനകീയ കൂട്ടായ്മ വളർത്തിയെടുക്കാൻ ഈ നാടിന്‌ പ്രചോദനമാകുന്നത്‌. ഉദിനൂർ ജ്വാല തീയേറ്റേഴ്‌സിന്റെ മുൻ സെക്രട്ടറി കൂടിയായിരുന്ന സജീവ നാടകപ്രവർത്തകനായ പി.വി രാജൻമാഷ്‌ പറയുന്നത്‌ ഇങ്ങനെയാണ്‌;

“നാടകത്തിലുള്ള വിശ്വാസം ഞങ്ങൾക്ക്‌ ഒരിക്കലും നഷ്ടപ്പെട്ടിട്ടില്ല. അമേച്വർ നാടകപ്രസ്ഥാനം ഇപ്പോഴും വളരെ സജീവമാണ്‌ ഇവിടെ. നാടകം ഞങ്ങളുടെ ജീവിതത്തോടൊപ്പം തന്നെ ഉണ്ട്‌. 1968ൽ അവതരിപ്പിക്കപ്പെട്ട ‘കാക്കപ്പൊന്ന്‌’ ശ്രദ്ധേയമായതോടെ ഉദിനൂർ ജ്വാലയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമായി. 1974-ലെ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം നേടിയ മിഫിസ്‌റ്റോഫിലിസ്‌ (രചനഃ വാസു ചേറോട്‌, സംവിധാനംഃ വി. ശശി) 1997ലെ അമേച്വർ നാടകമത്സരത്തിൽ ഏറ്റവും മികച്ച നാടകമായി തിരഞ്ഞെടുത്ത്‌ കേരളസംഗീതനാടക അക്കാദമി പുരസ്‌കാരം നേടിയ ‘ഉടമ്പടിക്കോലം’ (രചന ഃ ഇ.പി രാജഗോപാലൻ, എൻ. ശശിധരൻ, സംവിധാനം ഃ സുവീരൻ) തുടങ്ങിയ ഏറ്റവും ശ്രദ്ധേയങ്ങളായ ജ്വാലയുടെ നാടകങ്ങളാണ്‌. ആമാശയം, അക്കൽദാമ, റിഡറക്ഷൻ, അഗ്നിരേഖ, പെരുംതീ, യശ്‌മാനൻ.... അമേച്വർ നാടകസംഘങ്ങൾ തന്നെയാണ്‌ കേരളത്തിൽ നാടകപ്രസ്ഥാനത്തെ ഗൗരവമായി കാണുന്നത്‌. കച്ചവടനാടകങ്ങളുടെ അന്തസ്സാര ശൂന്യത ഏറെക്കുറെ ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു....”

നാടകത്തിന്റെ ഭാവിയെക്കുറിച്ച്‌ സംശയങ്ങളേതും ഇല്ലാതെയാണ്‌ ഉറച്ച ശുഭാപ്തിവിശ്വാസത്തോടയാണ്‌ രാജൻമാഷ്‌ സംസാരിച്ചത്‌. 1999ൽ ഷീമോഗയിലെ നിനാസം തീയേറ്റർ ഗ്രൂപ്പിലെ കെ.ജി കൃഷ്ണമൂർത്തി നടത്തിയ കുട്ടികൾക്കുവേണ്ടിയുള്ള ദശദിന ക്യാമ്പ്‌ പങ്കാളിത്തം കൊണ്ടും ക്രിയാത്മകതകൊണ്ടും വേറിട്ടുനിന്നുവെന്നും മാഷ്‌ ഓർക്കുന്നു. 1996ൽ കേരള സംഗീതനാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാനതല അമേച്വർ നാടകമത്സരം ഒരു ഉത്സവമായാണ്‌ ഉദിനൂരിലെ ജനങ്ങൾ കൊണ്ടാടിയത്‌.

പ്രശസ്ത നാടകരചയിതാവും സാഹിത്യനിരൂപകനുമായ ശ്രീ. ഇ.പി രാജഗോപാലൻ, പുരോഗമന കലാസാഹിത്യസംഘം പ്രവർത്തകനും നാടകകൃത്തും പ്രഭാഷകനും ഒക്കെയുമായ വാസു ചേറോട്‌ എന്നിവരും ഉദിനൂരിന്റെ സാംസ്‌കാരിക പശ്ചാത്തലത്തിൽ ഇന്നും സജീവമായി പ്രവർത്തിക്കുന്നവരാണ്‌.

തീച്ചാമുണ്ഡിയും ഘണ്ടാകർണ്ണനും മുച്ചിലോട്ട്‌ ഭഗവതിയും, അങ്ങനെ നിരവധി തെയ്യങ്ങളുറയുന്ന ഒരു മണ്ണിൽ ജീവിതഗന്ധിയായ നാടകമെന്ന ‘മദർ ആർട്ടി’നോട്‌ ജനങ്ങൾക്ക്‌ ഇത്രയധികം ആഭിമുഖ്യം വന്നതിൽ അത്ഭുതപ്പെടാനില്ല.

ഞാൻ ആരെയാണ്‌ അഭിമുഖീകരിക്കേണ്ടത്‌ എന്നതാണ്‌ പുതിയ കാലത്ത്‌ ഏതൊരു നാടകപ്രവർത്തകനും നേരിടുന്ന ഏറ്റവും വലിയ സർഗ്ഗാത്മക പ്രതിസന്ധി. പക്ഷേ ഉദിനൂരിലെ നാടകപ്രവർത്തകരൊന്നും ഇത്തരമൊരു വിശ്വാസനഷ്ടത്തിൽ പെട്ട്‌ ഉഴലുന്നില്ല. അരങ്ങിന്റെ ഓരോ തുടിപ്പുകളെയും ജാഗ്രതയോടെ ഏറ്റുവാങ്ങുവാനും വിശകലനം ചെയ്യുവാനും തയ്യാറുള്ള വിശാലമായ ഒരു കാണിസമൂഹത്തിന്റെ പ്രബുദ്ധത ഉദിനൂരിന്റെ മണ്ണിനുണ്ട്‌. മിമിക്രിയും മാജിക്കും ദ്വൈയാർത്ഥ പ്രയോഗങ്ങളും കുത്തിനിറച്ച വ്യർത്ഥശ്രമങ്ങളെ പുച്ഛിച്ചു തള്ളുന്ന, ജീവിതത്തോട്‌ ചേർന്നു നിൽക്കുന്ന ഏതൊരു രംഗഭാഷയെയും ആത്മാർത്ഥമായി സ്വീകരിക്കുന്ന ഒരു പ്രേക്ഷകസമൂഹത്തിനു തന്നെയാണ്‌ ഉദിനൂരിന്റെ നാടകചരിത്രത്തിൽ മറ്റെന്തിനേക്കാളും പ്രസക്തിയുള്ളത്‌.

സാമ്രാജ്യത്വ ആഗോളവത്‌കരണം സൃഷ്ടിക്കുന്ന സാംസ്‌കാരികാധിനിവേശത്തിന്റെ മുറിപ്പെടുത്തലുകൾ, പരസ്പരവിശ്വാസം നഷ്ടപ്പെട്ട സാമൂഹ്യബന്ധത്തിലെ വിള്ളലുകൾ ഇങ്ങനെ തീവ്രവും തീക്ഷ്ണവുമായ സമകാലിക ജീവിതത്തിന്റെ ദുരന്തങ്ങളെ ഉൾക്കൊള്ളുകയും ചർച്ച ചെയ്യുകയും ചെയ്തുകൊണ്ടുള്ള നിരവധി നാടകസംരംഭങ്ങളിലൂടെയാണ്‌ ഉദിനൂരിലെ പുതിയ തലമുറ കാലത്തോട്‌ സംവദിക്കുന്നത്‌. അനിൽ നടക്കാവിന്റെ എലികൾ ഈ വിധത്തിൽ ശ്രദ്ധേയമാണ്‌. ഉദിനൂർ നടക്കാവ്‌ സ്വദേശിയായ അനിലിന്റെ യശ്‌മാനൻ, പേക്കാലം, പൊയ്‌ക്കാലം, ചാവുകെണി, കാണാപ്പാടം തുടങ്ങിയ രചനകൾ ഉദിനൂരിന്റെ പുതിയ നാടകസംരംഭങ്ങളുടെ സജീവതയാണ്‌ പ്രകടമാക്കുന്നത്‌.

നിരന്തരമായ നാടക പ്രവർത്തനങ്ങളിലൂടെ അരങ്ങിന്റെ അനന്ത സാധ്യതകളെക്കുറിച്ച്‌ ആഴത്തിലുള്ള അവബോധം നേടിയവരാണ്‌ ഉദിനൂരിലെ നാടകപ്രവർത്തകർ ഏറെയും. ലളിതവും ആർഭാടരഹിതവുമായ ദീപവിതാനങ്ങളിലൂടെയും രംഗവസ്തുക്കളിലൂടെയും മികച്ച രംഗാനുഭവങ്ങൾ സൃഷ്ടിച്ചെടുക്കുകയാണ്‌, ഇ.വി ഹരിദാസ്‌ എന്ന ഉദിനൂരിലെ പുതുതലമുറയിലെ നാടകപ്രതിഭ ചെയ്യുന്നത്‌.

എൻ. പ്രഭാകരന്റെ ‘മറുപിറവി’ എന്ന കഥയ്‌ക്കു നൽകിയ രംഗഭാഷ്യം, കാരൂരിന്റെ ‘മരപ്പാവ’യുടെ നാടകാവിഷ്‌ക്കാരം, ഉദിനൂർ മനീഷ തീയേറ്റേഴ്‌സ്‌ അവതരിപ്പിച്ച ‘ചൂട്ട’, പി. കുഞ്ഞിരാമൻനായരുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘കളിയച്ഛൻ’ എന്ന സോളോഡ്രാമ.... എന്നിവ ഹരിദാസിന്റെ ശ്രദ്ധേയ സംരംഭങ്ങളാണ്‌.

ഉദിനൂർ എ.കെ.ജി.സി.സിയ്‌ക്കുവേണ്ടി മുരളി സംവിധാനം ചെയ്ത ‘ദി മെഷീൻ’ എന്ന നാടകം സംസ്ഥാനതല കേരളോത്സവത്തിൽ (2006, കൊല്ലം) ഒന്നാം സ്ഥാനം നേടി എന്നത്‌ ഉദിനൂരിന്റെ സമീപകാല നാടകചരിത്രത്തിൽ ശ്രദ്ധേയമാകുന്നു.

ഉദിനൂർ ജ്വാലയുടെ സെക്രട്ടറി പി.വി മഹേഷ്‌ പറയുന്നു.

“ഏതൊരു നാടകത്തിലൂടെയും ഞങ്ങൾ പറയാൻ ശ്രമിക്കുന്ന ഒരു രാഷ്ര്ടീയമുണ്ട്‌. അത്‌ ജീവിതത്തിന്റെ രാഷ്ര്ടീയമാണ്‌. രാഷ്ര്ടീയമായി വന്ധ്യംകരിക്കപ്പെട്ട വെറും മായക്കാഴ്‌ചകൾ മാത്രമായിത്തീരുന്ന രംഗാവതരണങ്ങളെ ഞങ്ങൾ നിഷേധിക്കുന്നു.”

തീർച്ചയായും ജീവിതോന്മുഖമായ ഒരു കലാസൃഷ്ടിയെ മാത്രമേ പ്രേക്ഷകൻ സ്വീകരിക്കുകയുള്ളൂ. അമേച്വർ നാടകവേദി മരിച്ചുകൊണ്ടിരിക്കുന്നു എന്ന വിലാപങ്ങൾക്ക്‌ മുകളിൽ ഈ നാടിന്റെ ആവേശം വളർന്നുവരുമെന്നത്‌ തീർച്ചയാണ്‌.

അരങ്ങ്‌ ഒരു സൃഷ്ടിമണ്ഡലമാണ്‌. ജീവിതത്തിന്റെ പുനർസൃഷ്ടി. ജീവിതത്തിന്റെ അമൂർത്തമായ ആവിഷ്‌ക്കാരങ്ങളുടെ നവീനങ്ങളായ സൃഷ്ടികർമ്മത്തിനാണ്‌ ഉദിനൂർ എന്ന പെരുന്തട്ടകം എപ്പോഴും കാതോർത്തിരിക്കുന്നത്‌.

ബിജു. കെ, സി.എസ്‌ സുമേഷ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.