പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഭാരതത്തിന്റെ ബഹിരാകാശകുതിപ്പിന് നൂറിന്റെ തികവ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ.സി.പി.ഗിരിജാവല്ലഭന്‍

അതിരുകളില്ലാത്ത ഒരു വെല്ലുവിളിയാണ് ബഹിരാകാശം. ഇക്കഴിഞ്ഞ സെപ്തംബര്‍ ഒന്‍പതിന് രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും പി. എസ്. എല്‍ വി- സി 21 എന്ന റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍ ചരിത്രം കുറിച്ചുകൊണ്ട് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ( ഇസ്രാ) അതിന്റെ നൂറാമത്തെ വിക്ഷേപണ ദൗത്യം പൂര്‍ത്തിയാക്കുകയായിരുന്നു. 712 കി. ഗ്രാം ഭാരമുള്ള ഒരു ഫ്രഞ്ചു നിര്‍മ്മിത വിദൂര നിരീക്ഷണോപഗ്രഹവും ജപ്പാന്റെ ഭാരം കുറഞ്ഞ ( 15 കി. ഗ്രാം) ഒരു ഭൗമനിരീക്ഷണോപഗ്രഹവും സി - 21 എന്ന പോളാര്‍ വിക്ഷേപണ റോക്കറ്റ് വിജയകരമായി ഭ്രമണ പഥത്തിലെത്തിച്ചു എന്നതില്‍ ഇസ്രോക്ക് അഭിമാനിക്കാന്‍ വകയുണ്ട്. ശൂന്യാകാശ പര്യവേഷണ ശ്രമങ്ങള്‍ക്കിടയില്‍ വിജയവും പരാജയവും ഒക്കെ സര്‍വസാധാരണമാണെങ്കിലും സെപ്തംബര്‍ ഒമ്പതിലെ വിക്ഷേപണം രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ ചരിത്രത്തില്‍ ഒരു നാഴികക്കല്ലുതന്നെയായിരുന്നു.

അമ്പത് കൊല്ലങ്ങള്‍ക്കു മുമ്പ് തുമ്പയില്‍ നിന്നും ഫ്രഞ്ചു നിര്‍മിത സൗണ്ടിംഗ് റോക്കറ്റുകളുടെ വിക്ഷേപണത്തോടെ ആരംഭിച്ച ഭാരതബഹിരാകാശ പരിപാടി അതിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുമ്പോള്‍ ഒരു ഫ്രഞ്ച് ഉപഗ്രഹത്തെ ത്തന്നെ ഭ്രമണ പഥത്തില്‍ എത്തിച്ചുവെന്നത് വളരെ അര്‍ത്ഥവത്താണ്.

1957 ഒക്ടോബര്‍ 17 -ന് റഷ്യയുടെ സ്പുട്നിക് എന്ന ചെറിയൊരു ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടെ യാണ് ശൂന്യാകാശയുഗം ആരംഭിക്കുന്നതെന്നു പറയാം. തുടര്‍ന്നുള്ള കാലങ്ങളില്‍ റഷ്യയും അമേരിക്കയും ശൂന്യാകാശത്തിലെ മേധാവിത്വത്തിനു വേണ്ടി പരസ്പരം മത്സരിക്കുന്നതിന്റെ ചിത്രമാണ് നാം കണ്ടത്. 1960 -നു ശേഷം ആ ദശകം അവസാനിക്കുന്നതിനു മുമ്പേ അമേരിക്ക ചന്ദ്രനില്‍ ഒരാളെ ഇറക്കുമെന്ന ജോണ്‍ എഫ്. കെന്നഡിയുടെ പ്രഖ്യാപനം 1969 ജൂലൈ 20 - ന് നീല്‍ ആംസ്ട്രോങ് ചന്ദ്രനില്‍ ഇറങ്ങിയതോടെ സഫലീകരിച്ചു. ഈ രണ്ടു വന്‍ശക്തികള്‍ക്കും പുറമെ ഇംഗ്ലണ്ടും, ഫ്രാന്‍സും, ചൈനയും ശൂന്യാകാശരംഗത്ത് വന്‍ മുന്നേറ്റങ്ങള്‍ നടത്തുന്നതായാണ് നാം കാണുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ സംഘടിച്ച് ഏജന്‍സിക്ക് രൂപം നല്‍കിയതോടെ അവരുടെ ശൂന്യാകാശ പദ്ധതികള്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ചു. ഇന്ത്യ ഈ രംഗത്ത് താമസിച്ചെത്തിയ ഒരു രാജ്യമാണെന്നു പറയാം. 1975 ഏപ്രില്‍ 19 - ന് ആര്യഭട്ട എന്ന കൃത്രിമോപഗ്രഹം റഷ്യയില്‍ നിന്നും വിക്ഷേപിച്ചതോടെയാണ് നമ്മുടെ ഉപഗ്രഹപരീക്ഷണങ്ങള്‍ ആരംഭിക്കുന്നത്. സ്വന്തം റോക്കറ്റുപയോഗിച്ച് ഇന്ത്യയില്‍ നിന്നു തന്നെ ഒരു ഉപഗ്രഹം തൊടുത്തു വിടാന്‍ പിന്നേയും അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടി വന്നു.

പോളാര്‍ സാറ്റ്ലെറ്റ് ലോഞ്ച് വെഹിക്കിള്‍ അഥവാ പി. എസ്. എല്‍ . വി എന്ന റോക്കറ്റ് സംവിധാനം കുറ്റമറ്റ രീതിയില്‍ വികസിപ്പിച്ചെടുത്തതോടെയാണ് വിശ്വസനീയമായ കിടയറ്റ ഒരു റോക്കറ്റ് വിക്ഷേപണ ശേഷി ഇന്ത്യക്കു കൈവന്നു. തുടര്‍ച്ചയായി 21 വിജയകരമായ വിക്ഷേപണങ്ങളാണ് പി. എസ്. എല്‍. വി റോക്കറ്റുകള്‍ ഉപയോഗിച്ച് ഇന്ത്യ നടത്തിയത്. ചെറുതും വലുതുമായ 50 ഉപഗ്രഹങ്ങളെ ഇത് ഭ്രമണപഥത്തിലെത്തിച്ചു. ഇതില്‍ പകുതിയും വിദേശരാജ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു എന്നത് ഇന്ത്യന്‍ റോക്കറ്റ് വിക്ഷേപണ ശേഷിയുടെ ആഗോളതലത്തിലുള്ള ഒരംഗീകാരം കൂടിയാണ്. ഇന്ത്യയുടെ എല്ലാ വിദൂര സംവേദന ഉപഗ്രഹങ്ങള്‍‍ക്കു പുറമെ ചന്ദ്രയാന്‍ -1 എന്ന പേരില്‍ ചന്ദ്രപര്യവേഷണത്തിനുള്ള പേടകവും വിക്ഷേപിക്കുന്നതിന് പി. എസ്.എല്‍. വി. യെ തന്നെയാണ് ഇസ്രോ ആശ്രയിച്ചത്.

കുടുതല്‍ ഭാരമേറിയ വാര്‍ത്താവിനിമയോപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ പി. എസ്.എല്‍. വി. മതിയാകില്ല. ജിയോസിംക്രണസ് സാറ്റ്ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ അഥവാ ജി. എസ്. എല്‍. വി എന്നു വിളിക്കുന്ന ഭീമാകാരമായ റോക്കറ്റ് സംവിധാനത്തെയാണ് ഇസ്രോ ഇതിനായി ഉപയോഗിക്കുന്നത്. ജി. എസ്. എല്‍. വി കുറ്റമറ്റതാണെന്നു പറഞ്ഞു കൂട. ഇതിന്റെ 7 വിക്ഷേപണങ്ങളില്‍ നാലെണ്ണം പരാജയത്തിലാണ് കലാശിച്ചത്. ഇതിന്റെ മൂന്നാം ഘട്ടത്തില്‍ ഉപയോഗിക്കുന്ന ക്രയോജനിക്ക് എഞ്ചിന്‍ മെരുക്കിയെടുക്കാന്‍ ശാസ്ത്രജ്ഞര്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നു ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ ഇസ്രോ ഇപ്പോള്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ അരിയേന്‍ -5 റോക്കറ്റിനെയാണ് ആശ്രയിക്കുന്നത്. ഒരു വിക്ഷേപണത്തിനു തന്നെ 300 കോടി രൂപയോളം ചിലവു വരുന്ന ഒരു സംഗതിയാണിത്. 4 ടണ്ണിലധികം ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാന്‍ കഴിയുന്ന ജി. എസ്. എല്‍. വി മാര്‍ക്ക് 3 റോക്കറ്റ് സംവിധാനം വികസിപ്പിച്ചെടുക്കുവാനുള്ള ശ്രമത്തിലാണ് ഇസ്ര ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ തനതായി വികസിപ്പിച്ചെടുക്കുന്ന ക്രയോജനിക് ടെക്നോളജിയുടെ വിശ്വസനീയത തെളിയിക്കപ്പെട്ടതിനു ശേഷമേ ഇത് പ്രാവര്‍ത്തികമാകൂ. ഇതിനു സമയം ഇനിയും വേണ്ടി വരുമെന്നുള്ളതാണ് ഇപ്പോഴെത്തെ അവസ്ഥ.

ചൊവ്വയിലേക്കു ആളില്ലാത്ത പര്യവേഷപേടകം അയക്കാന്‍ ഒരുങ്ങുകയാണല്ലോ ഇപ്പോള്‍ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ . ഇത് റഷ്യന്‍ സഹകരണത്തോടെയാണ് അവര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട് . എന്നിരുന്നാലും ജി. എസ്. എല്‍. വി മാര്‍ക്ക് 3 ന്റെ പ്രവര്‍ത്തനക്ഷമതയും വിശ്വസനീയതയും ഉറപ്പുവരുത്തേണ്ടത് നമ്മുടെ ഭാവിപരിപാടികള്‍ക്ക് അത്യാവശ്യം തന്നെയാണ്. ഇന്ത്യയേപ്പോലെ വിശാലമായൊരു രാജ്യത്തിന് ബഹിരാകാശപര്യവേഷണങ്ങള്‍ സാറ്റ്ലൈറ്റ് ടെക്നോളജിയും ഒഴിച്ചു കൂടാനാകാത്തതാണ്. ഇത്തരം സാങ്കേതിക വിദ്യയുടെ ഗുണഫലം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇന്നു അനുഭവിക്കുന്നു. കാലാവസ്ഥാ നിരീക്ഷണം, ടെലിവിഷന്‍ ശൃംഗലകള്‍, വാര്‍ത്താവിനിമയം , ഐ. ടി എന്നിങ്ങനെ എത്രയെത്ര രംഗങ്ങളിലാണ് സാറ്റ്ലൈറ്റ് ടെക്നോളജി അതിന്റെ തനതായ മുദ്ര പതിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഓരോ വ്യക്തിയും ബാഹ്യാകാശഗവേഷണത്തിന്റെ സദ് ഫലങ്ങള്‍ അനുഭവിക്കുന്നവരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇന്ത്യയേപ്പോലെ വികസനോന്മുഖമായ ഒരു രാജ്യം ബാഹ്യാകാശ ഗവേഷണങ്ങള്‍ക്ക് താരതമ്യേന വന്‍ തുകകള്‍ ചെലവിടുന്നതിന്റെ സാംഗത്യത്തെ കുറിച്ചു വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയവര്‍ക്കുള്ള മറുപടി ഇത്തരം ഉപഭോക്താക്കള്‍ വ്യക്തമായും ശക്തമായും നല്‍കുന്നു ണ്ട്. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഈ മേഖലയിലുള്ള ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ തുലോം കുറഞ്ഞ ചിലവില്‍ നിര്‍വഹിക്കുന്നു എന്നത് എടുത്തു പറയേണ്ട പ്രത്യേകതയാണ്. ഏതാണ്ട് 120 ദശകോടി ഡോളാറിനു തുല്യമായ തുകയാണ് നാമിതുവരെ ഇക്കാര്യങ്ങള്‍ക്കുവേണ്ടി ചിലവു ചെയ്തിട്ടുള്ളത്. അമേരിക്കയിലെ നാസയുടെ വാര്‍ഷിക ബജറ്റ് 170 ദശകോടി ഡോളറാണെന്ന് ഓര്‍ക്കുക. അതുകൊണ്ടാണ് ഇന്ത്യ ഇക്കാര്യത്തില്‍ ചിലവിടുന്ന ഓരോ രൂപയും വളരെ കാര്യക്ഷമമായ രീതിയില്‍ ചെലവഴിക്കുന്നു എന്നു വേണം കരുതാന്‍. ഈ രംഗത്തൂള്ള മുതല്‍ മുടക്കിനെ അപേക്ഷിച്ച് എത്രയോ മടങ്ങാണ് അതില്‍ നിന്നുള്ള പ്രയോജനങ്ങള്‍!

ശ്രീഹരിക്കോട്ടയില്‍ നിന്ന് സെപ്തംബര്‍ 9 - ന് നടത്തിയ വിക്ഷേപണം പലതുകൊണ്ടും ശ്രദ്ധേയമായ ഒരു നാഴികക്കല്ലായിരുന്നു. പി. എസ്. എല്‍. വി സി- 21 ന്റെ വിക്ഷേപണ സമയം വ്യാഴാഴ്ച രാവിലെ 9.51 നാണ് മുന്‍ട്ടി നിശ്ചയിരുന്നെങ്കിലും ശാസ്ത്രജ്ഞര്‍ക്ക് ഇതു രണ്ടു മിനിറ്റ് വൈകിക്കേണ്ടി വന്നു. ശൂന്യാകാശത്ത് അടിഞ്ഞു കൂടിയിട്ടുള്ള ചില പാഴ്വസ്തുക്കളുയര്‍ത്തിയ ഭീക്ഷണിയായിരുന്നു ഇതിനുള്ള പ്രധാന കാരണം. ഉപയോഗശൂന്യമായ ഉപഗ്രഹങ്ങളും റോക്കറ്റ് ഭാഗങ്ങളുമൊക്കെയായി 20,000 -ല്‍ അധികം പാഴ്വസ്തുക്കള്‍ ഇപ്പോള്‍ ഭൂമിക്കു ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്നു. മാനവപ്രവര്‍ത്തനങ്ങള്‍ ഭൂമിയെ മുറിപ്പെടുത്തിയും മുന്നേറിയതിനു പുറമെ ഇതാ ഇപ്പോള്‍ ശൂന്യാകാശത്തിന്റെ സ്വച്ഛത കൂടി കളങ്കപ്പെടുത്തിയിരിക്കുന്നു. സെക്കന്റില്‍ 28, 000 കി. മീ വേഗത്തില്‍ പായുന്ന ഈ കഷണങ്ങളിലൊന്ന് റോക്കറ്റിലോ സാറ്റ്ലൈറ്റിലോ ഒന്നടിച്ചാല്‍ അതപ്പാടെ നശിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 15 കി. ഗ്രാമും 150 കി. ഗ്രാമും ഭാരമുള്ള രണ്ട് പാഴ്വസ്തുക്കള്‍ സെപ്തംബര്‍ 9 -ന് റോക്കറ്റിന്റെ പാതയില്‍ വരാനുള്ള സാധ്യത നിലനിറുത്തിയാണ് സി - 21 ന്റെ വിക്ഷേപണം രണ്ടു മിനിറ്റ് ദീര്‍ഘിപ്പിക്കേണ്ടി വന്നത്. ശൂന്യാകാശത്തെ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യുന്നതിന് അന്താരാഷ്ട്ര സമൂഹം പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഇന്ത്യയും ഇത്തരം പദ്ധതികളില്‍ പങ്കുചേര്‍ന്നേ പറ്റു.

(ലേഖകന്‍ കുസാറ്റിലെ ഇന്റെര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഫോട്ടോണിക്സിലെ എമരിറ്റസ് പ്രൊഫസറും മുന്‍ ടെക്നോളജി ഡീനും ആണ്. )

കടപ്പാട് : മൂല്യശ്രുതി

ഡോ.സി.പി.ഗിരിജാവല്ലഭന്‍
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.