പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

പുണ്യറമദാന്റെ വിശുദ്ധ നോമ്പുദിനങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മൗലവി എം.ഇബ്രാഹിം അസ്‌ഗരി

ലേഖനം

പടച്ചറബ്ബിന്റെ പൊരുത്തവും ഇഷ്‌ടവും അങ്ങിനെ ശാശ്വതവിജയവും നേടലാണ്‌ ജീവിതലക്ഷ്യം. ഹഖും ബാത്വിലും നേരും നെറികേടും നീതിയും അനീതിയും ഇരുട്ടും വെളിച്ചവും പടച്ചവനും പടപ്പുകളും രാവും പകലും വരെ തിരിച്ചറിയാനാവാത്തവിധം മലീമസമായി കുഴഞ്ഞു മറിഞ്ഞ പൈശാചികാന്തരീക്ഷത്തിൽ കിടന്നു മറിഞ്ഞ്‌ ഗതികിട്ടാതെ നട്ടംതിരിയുന്ന, ജീവിത വ്യവഹാരങ്ങൾക്കിടയിൽ സൃഷ്‌ടാവിനെത്തന്നെ മറന്നുപോകുന്ന ദുർബല മനുഷ്യനെ വീണ്ടും വീണ്ടും ദൈവസ്‌മരണയിലേക്ക്‌ കൊണ്ടുവരുന്നതാണ്‌ ഇബാദത്തുകൾ.

ദേഹത്തിൽ പറ്റിപ്പിടിച്ച എല്ലാ മാലിന്യങ്ങളെയും ഒഴുകുന്ന വെളളത്തിലുളള അഞ്ചുനേരത്തെ കുളി നീക്കിക്കളയുന്നത്‌ പോലെ ദേഹിയെ ബാധിച്ചിരിക്കുന്ന അല്ലാഹുവിൽ നിന്നകറ്റുന്ന എല്ലാ ആത്മീയ മാലിന്യങ്ങളെയും അഞ്ചുനേരത്തെ ശരിയായ നിസ്‌കാരം തുടച്ചു നീക്കുക തന്നെ ചെയ്യും. പക്ഷേ നിസ്‌കാരം നബി(സ) കാണിച്ചുതന്ന രൂപത്തിലും ഭാവത്തിലും തന്നെയാകണം. അതിനു ബുദ്ധിയും ബിരുദവുമുണ്ടായാൽ മാത്രംപോരാ. ദീനിവിജ്ഞാനം തന്നെ പഠിച്ചുണ്ടാക്കണം. അല്ലെങ്കിൽ നിസ്‌കാരം വെറും ധിക്കാരമായിത്തീരും.

മനുഷ്യജീവിയുടെ ഏറ്റവും വലിയ വികാരമാണ്‌ വിശപ്പ്‌. അത്‌ ജന്തുസഹജമാണ്‌. പക്ഷെ മനുഷ്യനും മൃഗത്തിനും വിശപ്പുണ്ടെങ്കിലും അവ രണ്ടിലും അതുണ്ടാക്കുന്ന വികാരം വ്യത്യസ്‌തമാണ്‌. മൃഗങ്ങൾ വിശക്കുമ്പോഴാണ്‌ അക്രമാസക്തരാകുന്നത്‌, അല്ലെങ്കിൽ വികാരത്തിനടിമപ്പെടുന്നത്‌. മനുഷ്യനാവട്ടെ വിശപ്പുമാറുമ്പോഴാണ്‌ മൃഗീയ സ്വഭാവവും ധിക്കാരവും പ്രകടിപ്പിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ അവനൊരു നിയന്ത്രണം വേണം. നിയന്ത്രിത ഭക്ഷണത്തിലൂടെയും വിശപ്പിലൂടെയുമാണവനെ മെരുക്കി മനുഷ്യനാക്കേണ്ടത്‌. അതിനുളളതാണ്‌ തപസ്സിന്റെയും ആഘോഷത്തിന്റെയും ഏകീകരണമായ നോമ്പ്‌. സൂര്യനസ്‌തമിക്കുന്നത്‌ വരെ അത്‌ തപസ്സാണ്‌. അത്‌ കഴിഞ്ഞാൽ പിന്നെ ആഘോഷമാണ്‌.

നബി(സ) പറഞ്ഞുഃ നോമ്പ്‌കാരന്‌ ഇരട്ട ആഹ്ലാദമാണ്‌. നോമ്പ്‌ തുറക്കുമ്പോൾ ഒരു ആഹ്ലാ​‍ൂദം. മറ്റൊന്ന്‌ റബ്ബിനെ കണ്ടുമുട്ടുമ്പോഴും (ബുഖാരി മുസ്‌ലിം). പ്രഭാതം മുതൽ പ്രദോഷം വരെ സൃഷ്‌ടാവിനെ മാത്രം സാക്ഷിയാക്കി പരിപൂർണ്ണമായും അന്നപാനീയങ്ങളുപേക്ഷിച്ച്‌ ദേഹത്തെയും ദേഹിയെയും കാമ-ക്രോധ-മോഹാദി വികാരങ്ങളിൽ നിന്നും പൂർണ്ണമായും അകറ്റി നിർത്തി ആത്മസംസ്‌കരണം നേടിയെടുക്കുന്ന കഠിനതപസ്സാണ്‌ നോമ്പ്‌. അല്ലാഹു പറഞ്ഞുഃ സത്യവിശ്വാസികളേ, നിങ്ങൾക്ക്‌ മുമ്പുളളവർക്ക്‌ വ്രതം നിർബന്ധമാക്കപ്പെട്ടത്‌ പോലെ നിങ്ങൾക്കും നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ “തഖ്‌വ”യുളളവരായിത്തീരാൻ വേണ്ടി (വിഃ ഖുഃ 2ഃ183).

പ്രായപൂർത്തിയും, വൃത്തിയും, ബുദ്ധിയുമുളള എല്ലാ മുസ്ലീം സ്‌ത്രീ-പുരുഷന്മാർക്കു നോമ്പു നോൽക്കാൻ ശേഷിയുണ്ടെങ്കിൽ നോമ്പു നിർബന്ധമാണ്‌. ഭ്രാന്തൻ, രോഗി, യാത്രക്കാരൻ, ഗർഭിണി, മുലയൂട്ടുന്ന മാതാവ്‌, ഋതുമതി, പ്രസവരക്തം നിലച്ചിട്ടില്ലാത്തവൾ ഇവർക്കൊന്നും നോമ്പ്‌ നിർബന്ധമല്ല. ആർത്തവ-പ്രസവ രക്തസ്രാവത്തിനാൽ ശുദ്ധിയില്ലാത്ത സ്‌ത്രീകൾക്ക്‌ നോമ്പെടുക്കൽ ഹറാമാണ്‌. എന്നാലും അവർ റമളാനിനെ മാനിക്കേണ്ടതും നോമ്പിന്റെ ചിട്ടകളൊക്കെ പാലിക്കേണ്ടതും അതിന്‌ പ്രതിഫലം ലഭിക്കുന്നതുമാണ്‌. വൃത്തിയില്ലാത്തതുകൊണ്ട്‌ നഷ്‌ടപ്പെട്ട നോമ്പുകൾ ശേഷം ഖളാഅ​‍്‌ വീട്ടൽ നിർബന്ധമാണ്‌.

വാർദ്ധക്യരോഗത്തിൽ കഴിയുന്നവർക്കും സുഖപ്പെടുമെന്നു പ്രതീക്ഷയില്ലാത്ത രോഗികൾക്കും വിഷമം സഹിച്ച്‌ നോമ്പെടുക്കൽ നിർബന്ധമില്ല. ഇവർക്ക്‌ പിന്നീട്‌ അപ്രതീക്ഷിത ശമനവും ആരോഗ്യവും തിരിച്ചുകിട്ടിയാലും നഷ്‌ടപ്പെട്ട നോമ്പ്‌ വളാഅ​‍്‌ വീട്ടണമെന്നില്ല. എങ്കിലും ഒരു നോമ്പിന്‌ ഒരു മുദ്ദ്‌ (സുമാർ മൂന്ന്‌ നാഴി) അരി വീതം ദരിദ്രർക്ക്‌ ദാനം ചെയ്യണം. നോമ്പെടുക്കാൻ ശേഷിയുളള രോഗി നോമ്പെടുത്താൽ രോഗം വർദ്ധിക്കുമെന്നോ രോഗശമനം നീണ്ടുപോകുമെന്നോ ഭയപ്പെട്ടാൽ നോമ്പുപേക്ഷിക്കാം. രോഗം സുഖമായശേഷം വളാഅ​‍്‌ വീട്ടിയാൽ മതി.

132 കിലോമീറ്ററിൽ കുറയാത്ത ദൂരം യാത്രക്കാരന്‌ റമളാനിൽ നോമ്പുപേക്ഷിക്കാം. ശേഷം വളാഅ​‍്‌ വീട്ടണമെന്ന്‌ മാത്രം. ഗർഭിണിയും മുലയൂട്ടുന്ന മാതാവും സ്വന്തം ശരീരത്തിന്റെ പ്രശ്‌നം പേടിച്ച്‌ നോമ്പുപേക്ഷിച്ചാൽ വളാഅ​‍്‌ മാത്രം മതി. ഗർഭത്തിലുളള ശിശുവിന്റെയോ, മുലകുടിക്കുന്ന കുട്ടിയുടേയോ വിഷമം പേടിച്ചാണ്‌ നോമ്പുപേക്ഷിച്ചതെങ്കിൽ വളാഅ​‍്‌ വീട്ടുകയും ഓരോ നോമ്പിനും ‘മുദ്ദ്‌’ അരി വീതം സാധുക്കൾക്ക്‌ നൽകുകയും വേണം.

കുട്ടികൾക്ക്‌ നോമ്പ്‌ നിർബന്ധമില്ലെങ്കിലും സുന്നത്തുണ്ട്‌. ചെറുപ്പം മുതലേ ആരാധനാകർമ്മങ്ങൾ കുട്ടികളെ ശീലിപ്പിക്കേണ്ടത്‌ രക്ഷിതാക്കളുടെ കടമയാണ്‌. നിസ്‌കാരത്തിന്റെ കാര്യത്തിലെന്നപോലെ കുട്ടികളോട്‌ ഏഴുവയസ്സായാൽ നോമ്പ്‌കൊണ്ട്‌ കൽപ്പിക്കേണ്ടതും പത്ത്‌ വയസ്സായിട്ടും വീഴ്‌ച വരുത്തുന്നുവെങ്കിൽ അടിച്ച്‌ ശരിപ്പെടുത്തേണ്ടതും മാതാപിതാക്കളാണ്‌.

ചെറുപ്പത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെ തന്നിഷ്‌ടത്തിന്‌ വിട്ട്‌ ചീത്തയാക്കുകയും വലുതാകുമ്പോൾ കാണിക്കുന്ന ദുഃസ്വഭാവത്തിന്റെയും അനുസരണക്കേടിന്റെയും പേരിൽ സങ്കടപ്പെടുകയും മക്കളെ കുറ്റം പറഞ്ഞ്‌ നടക്കുകയും ചെയ്യുന്ന രക്ഷിതാക്കളെയല്ലേ മുക്കാലിയിൽ കെട്ടി അടിക്കേണ്ടത്‌?

നോമ്പിന്റെ ഫർളുകൾ രണ്ടാണ്‌. ഒന്ന്‌ “നിയ്യത്ത്‌” തന്നെ. “ഈ കൊല്ലത്തെ റമളാനിലെ ഫർളായ അദാ ആയ നാളത്തെ നോമ്പിനെ അല്ലാഹുവിന്‌ വേണ്ടി അനുഷ്‌ഠിക്കുവാൻ ഞാൻ കരുതി” എന്ന്‌ കരുതലാണ്‌ നിയ്യത്ത്‌. കരുതാതെ നാവുകൊണ്ട്‌ പറഞ്ഞാൽ മാത്രം പോര, കരുതുന്നതോടെ പറയലും സുന്നത്താണ്‌.

സൂര്യാസ്‌തമനത്തിനുശേഷം (ഫജ്‌റ്‌ സാദിഖ്‌) പ്രഭാതത്തിനു മുമ്പാണ്‌ നിയ്യത്തുണ്ടാവേണ്ടത്‌. നബി(സ) പറഞ്ഞുഃ “പ്രഭാതത്തിനു മുമ്പായി നിയ്യത്തിനെ രാത്രിയിലാക്കാത്തവന്‌ നോമ്പില്ല (മുഖ്‌താറുൽ അഹാദീസ്‌-പേഃ157)”. രാത്രിയിലെങ്ങാനും നിയ്യത്തു മറന്നാൽ റമളാന്റെ മഹത്വം പരിഗണിച്ച്‌ നോമ്പ്‌കാരനായിത്തന്നെ കഴിയുകയും പിന്നീട്‌ ഖളാഅ​‍്‌ വീട്ടുകയുമാണ്‌ വേണ്ടത്‌. നിയ്യത്തിന്‌ ശേഷം പ്രഭാതം വരെ ഭക്ഷണം കഴിക്കുന്നതുകൊണ്ടോ, ഭാര്യാ-ഭർതൃബന്ധം കൊണ്ടോ നിയ്യത്തിന്‌ കോട്ടമൊന്നും വരില്ല. നിയ്യത്ത്‌ മടക്കേണ്ടതുമില്ല.

നോമ്പ്‌ മുറിയുന്ന കാര്യങ്ങളിൽ നിന്ന്‌ വിട്ടുനിൽക്കലാണ്‌ രണ്ടാമത്തെ ഫർള്‌. തടിയുളള എന്തെങ്കിലും വസ്‌തു ശരീരത്തിലുളള തുറന്ന ദ്വാരത്തിലൂടെ ഉളളിലേക്ക്‌ പ്രവേശിക്കുക എന്നതാണ്‌ ഒന്നാമത്തെ കാര്യം. വായ, മൂക്ക്‌, ചെവി, മലദ്വാരം, മൂത്രദ്വാരം ഇവയാണ്‌ തുറന്ന ദ്വാരങ്ങൾ. പുകയും, വാസനയും, രുചിയുമൊന്നും തടിയുളള വസ്‌തുക്കളല്ല. അതുകൊണ്ട്‌ വിക്‌സ്‌ പോലത്തതിന്റെ ഗ്യാസ്‌ മൂക്കിലൂടെ വലിച്ചത്‌ കൊണ്ടോ ഞരമ്പിലൂടെയോ, മാംസത്തിലൂടെയോ ഇൻജക്ഷൻ പോലത്തത്‌ കയറ്റിയതുകൊണ്ടോ നോമ്പ്‌ മുറിയില്ല. ഒന്നും ഉളളിലേക്കിറങ്ങാതെ ഭക്ഷണം രുചിച്ചുനോക്കിയാലും നോമ്പ്‌ മുറിയില്ല. കണ്ണിൽ മരുന്നൊഴിച്ച്‌ അതിന്റെ രുചി വായിലെത്തിയാലും നോമ്പ്‌ മുറിയില്ല.

എണ്ണ തേക്കുക, സുറുമയിടുക, ഭക്ഷണം രുചിച്ചുനോക്കുക, സുഗന്ധം പൂശുക തുടങ്ങിയ കാര്യങ്ങൾ കൊണ്ട്‌ നോമ്പ്‌ മുറിയില്ലെങ്കിലും പകൽ സമയത്ത്‌ അതൊക്കെ ഉപേക്ഷിക്കലാണുത്തമം. നേരത്തെ പറഞ്ഞ തുറന്ന ദ്വാരത്തിലൂടെ വിരലോ മറ്റോ കടത്തിയാലും നോമ്പ്‌ മുറിയും. അതുകൊണ്ട്‌ പകൽ സമയത്ത്‌ മല-മൂത്ര വിസർജ്ജനം നടത്തേണ്ടിവരുന്ന സ്‌ത്രീകളും, മലവിസർജ്ജനം നടത്തേണ്ടിവരുന്ന പുരുഷന്മാരും കഴുകുമ്പോൾ മല-മൂത്രദ്വാരങ്ങളുടെ ഉളളിലേക്ക്‌ വിരൽ പ്രവേശിക്കാതെ ശ്രദ്ധിക്കണം. മറന്ന്‌ സംഭവിച്ചുപോയാൽ നോമ്പിന്‌ കേടൊന്നുമില്ല എന്നും പഠിച്ചിരിക്കണം. വായിലേക്കിറങ്ങിവന്ന കഫം തുപ്പിക്കളയാൻ സൗകര്യപ്പെടുന്ന നിലയിൽ കിട്ടിയിട്ടും തുപ്പിക്കളയാതെ ഉളളിലേക്കിറക്കിയാൽ നോമ്പു മുറിയും.

മുങ്ങിക്കുളിച്ചാൽ നോമ്പ്‌ മുറിയില്ലെങ്കിലും അതിനാൽ ഉളളിലേക്ക്‌ വെളളം കടന്നാൽ നോമ്പ്‌ മുറിയും. ഉളളിലേക്ക്‌ വെളളം പ്രവേശിക്കുമെന്നു ഭയന്നാൽ മുങ്ങിക്കുടിക്കൽ ഹറാമും അല്ലെങ്കിൽ കറാഹത്തുമാണ്‌. കോരിക്കുളിക്കുമ്പോൾ ഇതൊന്നും പേടിക്കേണ്ടിവരില്ലല്ലോ. ആയതിനാൽ നോമ്പുകാർ പകൽ സമയത്ത്‌ മുങ്ങിക്കുളി ഉപേക്ഷിക്കുന്നതാണ്‌ നല്ലത്‌.

രണ്ട്‌ഃ ഉണ്ടാക്കി ഛർദ്ദിക്കൽകൊണ്ട്‌ നോമ്പ്‌ മുറിയും. രോഗംകൊണ്ടോ യാത്രകൊണ്ടോ മറ്റോ നിയന്ത്രിക്കാൻ കഴിയാതെ ഛർദ്ദിച്ചാൽ നോമ്പ്‌ മുറിയുകയില്ലെങ്കിലും, പുറത്തേക്ക്‌ വന്ന വല്ലതും ഉളളിലേക്ക്‌ മടങ്ങിയാൽ നോമ്പ്‌ മുറിയും.

മൂന്ന്‌ഃ ഇന്ദ്രിയം സ്‌കലിപ്പിക്കൽ. എന്നാൽ സ്‌പർശനമോ ചുംബനമോ കൂടാതെ ദർശനംകൊണ്ടോ, ചിന്തകൊണ്ടോ സ്‌കലനമുണ്ടായാൽ നോമ്പ്‌ മുറിയുന്നതല്ല. ഭാര്യയെ ചുംബിക്കുന്നതുകൊണ്ട്‌ മാത്രം നോമ്പ്‌ മുറിയില്ലെങ്കിലും നോമ്പിന്റെ പകലിൽ അത്തരം കാര്യങ്ങളൊന്നും നന്നല്ല. ലൈംഗീകതയെ ഉത്തേജിപ്പിക്കുന്ന ചിലതൊക്കെ നോമ്പ്‌കാരന്‌ ഹറാമും ചിലതൊക്കെ നോമ്പിന്റെ പൂർണ്ണതയ്‌ക്ക്‌ വിഘ്‌നം വരുത്തുന്നതുമായിരിക്കും.

നാല്‌ഃ ആർത്തവ-പ്രസവരക്തസ്രാവം കൊണ്ട്‌ നോമ്പ്‌ മുറിയും. എന്നാലും അവർ നോമ്പുകാരികളെപ്പോലെ തന്നെ പകൽ സമയം അദബ്‌ പാലിക്കണം.

അഞ്ച്‌ഃ സംയോഗം. സ്‌കലനമുണ്ടാക്കില്ലെങ്കിലും സംയോഗംകൊണ്ട്‌ നോമ്പ്‌ മുറിയും. സംയോഗംകൊണ്ട്‌ നോമ്പുമുറിക്കൽ വലിയ തെറ്റാണ്‌. അത്‌ പറ്റിപ്പോയാൽ പ്രായശ്ചിത്തമായി ഒരടിമയെ മോചിപ്പിക്കുകയോ, 60 ദിവസം തുടരെ നോമ്പനുഷ്‌ഠിക്കുകയോ, അല്ലെങ്കിൽ 60 സാധുക്കൾക്ക്‌ ഓരോ മുദ്ദ്‌ (ഏകദേശം മൂന്ന്‌ നാഴി) അരി നൽകുകയോ വേണം. നോമ്പ്‌കാലത്ത്‌ രാത്രിയിൽ ഭാര്യാ-ഭർതൃ ലൈംഗീകബന്ധം തെറ്റല്ല. നേരം പുലരുന്നതിനുമുമ്പ്‌ ജനാബത്ത്‌ കുളിക്കൽ സുന്നത്താണ്‌. പ്രഭാതശേഷം കുളിച്ചാലും നോമ്പ്‌ ശരിയാകും.

രാത്രിയിൽ ആർത്തവരക്തം നിലച്ചവൾ സുബ്‌ഹിക്ക്‌ മുമ്പ്‌ കുളിച്ചിട്ടില്ലെങ്കിലും നോമ്പ്‌ നോറ്റാൽ ശരിയാകും. എങ്കിലും സുബ്‌ഹി “ഖളാ” ആക്കൽ ഹറാമായതിനാൽ കുളി നീട്ടിവയ്‌ക്കലും ഹറാമാകും.

പ്രത്യേക നിയ്യത്തോടുകൂടെ പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിയലാണ്‌ നോമ്പെങ്കിലും അതുകൊണ്ടുമാത്രം അതിന്റെ പൂർണ്ണത ലഭിക്കില്ല. നബി(സ) പറഞ്ഞുഃ അന്നപാനീയങ്ങൾ ഉപേക്ഷിക്കൽ മാത്രമല്ല നോമ്പ്‌. കളിതമാശകളിൽനിന്നും അനാവശ്യങ്ങളിൽനിന്നും വിട്ടുനിൽക്കലാണ്‌ നോമ്പ്‌. മറ്റൊരു ഹദീസിൽ “നിങ്ങൾക്ക്‌ നോമ്പിന്റെ ദിനമായാൽ ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടരുത്‌, അട്ടഹസിക്കരുത്‌, ആരെങ്കിലും ചീത്തപറയുകയോ എതിർക്കുകയോ ചെയ്‌താൽ ഞാൻ നോമ്പുകാരനാണ്‌ എന്ന്‌ പറയണം (ബുഖാരി, മുസ്ലീം)”. ചീത്ത വാക്കുകളും ചീത്തപ്രവർത്തികളും ഉപേക്ഷിക്കാത്തവർ അന്നപാനീയങ്ങ്‌ങ്ങൾ ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന്‌ താല്‌പര്യമൊന്നുമില്ല എന്നർത്ഥം വരുന്ന ഹദീസും പ്രസിദ്ധമാണല്ലോ.

മനുഷ്യനെ അധഃപതിപ്പിക്കുന്നതിൽ പ്രഥമസ്ഥാനം നാവിനുണ്ടല്ലോ. വേണ്ടാത്തതും അത്യാവശ്യമില്ലാത്തതും കഠിനഹറാമുമായ എന്തൊക്കെ നാം സംസാരിക്കുന്നു. “വല്ലവനും മൗനിയായാൽ അവൻ രക്ഷപ്പെട്ടു”വെന്നാണ്‌ നബി(സ) പറഞ്ഞത്‌. “രണ്ടു കാലുകൾക്കിടയിലുളളതിന്റെയും, രണ്ടു ചുണ്ടുകൾക്കിടയിലുളളതിന്റെയും കാര്യത്തിൽ വല്ലവനും എന്നോട്‌ ഉത്തരവാദിത്വം ഏൽക്കുന്നുവെങ്കിൽ ഞാനവന്‌ സ്വർഗ്ഗംകൊണ്ട്‌ ജാമ്യം നിൽക്കു”മെന്ന നബിവചനം ഓർക്കുമല്ലോ.

സുഹൃത്തുക്കളോടൊപ്പം കൂടി പരിപാവനമായ പളളിയിൽപോലും വെറുതെ വെടിപറഞ്ഞിരിക്കുന്ന പലരെയും നാം കാണുന്നു. പലപ്പോഴും അക്കൂട്ടത്തിൽ ഖത്തീബോ, മൊല്ലയോ കാണും. അത്തരക്കാർ സ്വയം നന്നാവില്ലെന്നു മാത്രമല്ല; മറ്റുളളവരെയെങ്കിലും ഖുർആൻ ഓതാനോ, ദിക്‌ർ ചൊല്ലാനോ, വെറുതെ ഇരിക്കാനോ അനുവദിക്കാത്ത പിശാചുക്കളാണ്‌. റമളാനിൽ ഇത്തരം ശൈത്താൻമാരെ കൂടുതൽ കണ്ടുവരുന്നുണ്ട്‌. അവരുടെ കെണിയിൽപ്പെടാതെ നോക്കേണ്ടത്‌ ബുദ്ധിയും തന്റേടവുമുളള നാം തന്നെയാണ്‌. ബുദ്ധിമാന്മാർ ആവശ്യത്തിന്‌ മാത്രമേ സംസാരിക്കൂ. ആവശ്യമില്ലാതെ സംസാരിക്കാനിഷ്‌ടപ്പെടുന്നവർ മരത്തലയൻമാരോ മന്ദബുദ്ധികളോ ആണെന്നോർക്കുക. എത്രയോ സഹോദരന്മാരും സഹോദരിമാരും കൂട്ടുകെട്ട്‌ കൊണ്ട്‌ ചീത്തയാവുകയും തെറ്റ്‌ ചെയ്യുകയും ചെയ്യുന്നുണ്ട്‌. മരക്കാലൻമാരായ പാവങ്ങളെ സുഹൃത്തുക്കളാക്കിയാലും മരത്തലയന്മാരായ താന്തോന്നികളോട്‌ സഹവസിക്കരുതെന്നോർത്താൽ നന്ന്‌.

നോമ്പിന്‌ പൂർണ്ണതയും സജീവതയും വരുന്നത്‌ അതിന്റെ സുന്നത്തുകൾ കൂടി പാലിക്കപ്പെടുമ്പോഴാണ്‌. അത്താഴം കഴിക്കുക, വലിയ അശുദ്ധിയുണ്ടെങ്കിൽ സുബ്‌ഹിക്ക്‌ മുമ്പ്‌ കുളിക്കുക, നാവുകൊണ്ട്‌ നല്ലതുമാത്രം പറയുക, കണ്ണുകൊണ്ട്‌ കാണുന്നത്‌ അല്ലാഹു അനുവദിച്ചത്‌ മാത്രമായിരിക്കുക, കേൾക്കൽ ഹറാമോ കറാഹത്തോ ആയ പരദൂഷണം, ഏഷണി, സംഗീതം, പാട്ട്‌ തുടങ്ങിയതൊന്നും കേൾക്കാതിരിക്കുക, ഖുർആൻ പാരായണവും, ദിക്‌റ്‌-ദുആ-തൗബകൾ അധികരിപ്പിക്കുക, സിനിമ, ടെലിവിഷൻ, റേഡിയോ, കാരംസ്‌ തുടങ്ങിയ വിനോദങ്ങളും നേരംപോക്കുകളും വർജ്ജിക്കുക, പളളിയിൽ ഇഅ​‍്‌തികാഫ്‌ (ഭജനം) ഇരിക്കുക, ദാനധർമ്മങ്ങൾ അധികരിപ്പിക്കുക, സമയമായാൽ വൈകാതെ നോമ്പ്‌ തുറക്കുക, അത്‌ ഈത്തപ്പഴംകൊണ്ടോ അല്ലെങ്കിൽ വെളളംകൊണ്ടോ ആയിരിക്കുക, “അല്ലാഹുമ്മ ലക്കസുംതു വഅലാ രിസ്‌ക്കിക്ക അഫ്‌തർത്തു” (അല്ലാഹുവേ, നിനക്ക്‌ ഞാൻ നോമ്പനുഷ്‌ഠിച്ചു. നിന്റെ അന്നത്താൽ നോമ്പുതുറന്നു) എന്നു പറയുക, നോമ്പുകാരെ ക്ഷണിച്ച്‌ നോമ്പുതുറപ്പിക്കുക തുടങ്ങിയവയാണ്‌ നോമ്പിന്റെ സുന്നത്തുകൾ.

മൗലവി എം.ഇബ്രാഹിം അസ്‌ഗരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.