പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അശ്ലീല വെബ്സൈറ്റുകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സേലു അഹെമദ്

ഇന്ത്യാ മഹാരാജ്യം ഒരുപാട് സംസ്കാരങ്ങളുടെ സംഗമഭൂമിയാണ്‌ . പൂന്തോട്ടത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന ഭിന്ന വര്‍ണ്ണങ്ങളിലുള്ള പുഷ്പങ്ങള്‍ കണക്കെ അവ വൈവിധ്യവും വര്‍ണ്ണാഭവുമാണ്. രാജ്യത്ത് എണ്ണമറ്റ ചിന്താധാരകള്‍ നിലനില്‍ക്കെ അഭിപ്രായ ഭിന്നതയില്ലാത്ത ഒരു വിഷയമാണ് ശ്ലീലവും അശ്ലീലവും. മനുഷ്യന്‍ എപ്പോഴും ശ്ലീല സംസ്കാരത്തെ പുല്‍കണമെന്നും അശ്ലീല സംസ്കാരത്തെ വെടിയണമെന്നും സര്‍വ്വ തത്വസംഹിതകളും ഉദ്ഘോഷിക്കുന്നു. നന്മയാണ് മതമുള്ളവനും ഇല്ലാത്തവനും ലക്ഷ്യമിടുന്നത്. തിന്മ വരണമെന്ന് ആഗ്രഹിക്കുന്നവര്‍ തുലോം വിരളമായിരിക്കും.

1969ല്‍ അമേരിക്കയില്‍ അവരുടെ സൈനിക ആവശ്യാര്‍ത്ഥം ഇന്നത്തെ ഇന്റെര്‍നെറ്റിന്റെ പ്രാഥമിക രൂപം നിലവില്‍ വന്നെങ്കിലും 1991 ല്‍ World Wide Web ന്‍റെ രംഗപ്രവേശനത്തോടെയാണ് ഇന്റര്‍നെറ്റിന്‍റെ വ്യാപനം ലോകാടിസ്ഥാനത്തില്‍ ഉണ്ടാകുന്നത്. ഒരുപാട് പ്രതീക്ഷകളും അത്രതന്നെ ആശങ്കകളും സമൂഹത്തില്‍ നുരഞ്ഞുപൊന്തി. പലരും പ്രതീക്ഷകളെ ചര്‍വ്വിതച്ചര്‍വ്വണം നടത്തി. ആശങ്കകളെ മുന്‍നിറുത്തി ജാഗ്രതാ സന്ദേശങ്ങള്‍ കൈമാറി. എന്തുതന്നെയായാലും ഇന്റര്‍നെറ്റിന്റെ ആഗമനം സാങ്കേതിക രംഗത്തെ മികവുറ്റതാക്കിയെന്നതില്‍ തര്‍ക്കമില്ല. സ്ഫോടകാതമക രൂപത്തിലാണ് ഇന്ന് നമുക്ക് ഇന്റര്‍നെറ്റ്‌ വിജ്ഞാനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. അതേസമയം ഈ മേഖലയിലെ അശ്ലീലതയുടെ അതിപ്പ്രസരണം തടയിടാന്‍ നവലോകക്രമത്തിനായില്ല.

അനുദിനം ഓപ്പണ്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മില്യന്‍ കണക്കിന് അശ്ലീല വെബ്സൈറ്റുകള്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി നവലോകക്രമത്തിനു പുതിയപുതിയ വെല്ലുവിളികളാണ് സൃഷ്ടിക്കുന്നത്. വിശിഷ്യാ വളര്‍ന്നുവരുന്ന ധാര്‍മ്മിക ജനതയെ നിശ്ശേഷം തുടച്ചുനീക്കപ്പെടുമോയെന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു. മൃഗീയതയുടെ സര്‍വ്വ അതിര്‍വരമ്പുകളും ലംഘിച്ചുകൊണ്ട് വര്‍ദ്ധിച്ചുവരുന്ന ഇത്തരം അശ്ലീല വെബ്സൈറ്റുകളെ എങ്ങിനെ പ്രതിരോധിക്കാമെന്നത് ധാര്‍മ്മികതയുടെ പക്ഷത്തു നില്‍ക്കുന്ന ഏതൊരാളും ചിന്തിക്കേണ്ട വസ്തുതയാണ്.

ഈ വിഷയത്തില്‍ 75% വിജയം വരിച്ച രാജ്യമാണ് യു.എ.ഇ. ഔദ്യോഗികമായി ബ്ലോക്ക് ചെയ്ത നിരവധി വെബ്‌സൈറ്റുകളുടെ ഗണത്തില്‍ സെക്ഷ്വല്‍ ഉള്ളടക്കങ്ങളുള്ള എലാവിധ സൈറ്റുകളും ബ്ലോക്ക്‌ ചെയ്തു. ഏതൊരു കാര്യത്തിനും അപവാദമെന്നപോലെ ഇതും അതിവിദഗ്ദന്മാര്‍ക്ക് ഓപണ്‍ ചെയ്യാമെങ്കിലും രാജ്യത്തിന്റെ ഉള്ളില്‍ നിന്ന് ആര്‍ക്കും വൃത്തികെട്ട സൈറ്റുകളിലേക്ക് പ്രവേശിക്കാനാകില്ലെന്നത് വലിയൊരാശ്വാസമാണ്. ഇത് തീര്‍ത്തും മാതൃകാപരമാണ്. സൗദിഅറേബ്യയും ഈ വിഷയത്തില്‍ ഒരേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

ഒരു രാജ്യം ഇത്തരം ധീരമായ നിലപാടെടുക്കുന്നതിലൂടെ എത്രയോ ജനങ്ങള്‍ക്ക് നേര്‍വഴിയാണ് തുറന്നുകൊടുക്കുന്നത്. നമ്മുടെ ഇന്ത്യാ രാജ്യവും ഇത്തരം ഒരു നിലപാടിനെ സംബന്ധിച്ച് കര്‍ക്കശമായി ആലോചിച്ച് നടപ്പില്‍വരുത്തല്‍ അനിവാര്യമാണ്. 2012 മെയ് മാസത്തിലും അല്ലാതെയുമായി നമ്മുടെ ഗവര്‍മെന്റ് ഏകദേശം ആയിരത്തില്‍ പരം വെബ്സൈറ്റുകളാണ് ബ്ലോക്ക്‌ ചെയ്തത്. അതില്‍ സെക്ഷ്വല്‍ വെബ്സൈറ്റുകള്‍ ഒന്നുമില്ലെന്നു തന്നെ പറയാം. അത്രയ്ക്കും വിരളമായിരുന്നു. ഇന്ത്യന്‍ രീതിയുള്ള സെക്ഷ്വല്‍ സൈറ്റുകളും അല്ലാത്തവയുമായ എല്ലാ വെബ്സൈറ്റുകളും ഇന്ന് രാജ്യത്ത് അനുവദനീയമാണ്. ഇത് നിര്‍ഭാഗ്യകരമാണ്!. വളര്‍ന്നുവരുന്ന തലമുറയെ ഇത് തെറ്റായവഴിയിലെക്ക് പ്രേരിപ്പിക്കും. ഏത് അല്പബുദ്ധിക്കാണിത് അറിയാത്തത്?

ഇന്റര്‍നെറ്റ് വരവോടെ അശ്ലീലത ഒരു വില്ലനായി. അതിനുമുമ്പ് അവ 'മ' പ്രസിദ്ധീകരണങ്ങളില്‍ നിശ്ചലമായിരുന്നു. ഇന്നവ ചലിക്കുന്നവയായി. mp4, AVI, mmv, തുടങ്ങിയ ഫോര്‍മാറ്റുകളില്‍ സി.ഡി. കളിലൂടെയും യു.എസ്.ബി കളിലൂടെയും അവ പ്രസരിക്കാന്‍ തുടങ്ങി. കുഞ്ഞുമക്കള്‍ ഇന്റര്‍നെറ്റ്‌ കഫേകളില്‍ പാത്തും പതുങ്ങിയും പോകില്ലെന്ന് ഒരുകാലത്ത് സമാധാനിക്കാമായിരുന്നു. പിന്നീട് വീടുകളില്‍ കമ്പ്യൂട്ടറുകളുടെ രംഗപ്രവേശം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. ഇപ്പോള്‍ മൊബൈലുകളുടെ വ്യാപനവും മൊബൈല്‍ കമ്പനികളും അവരുടെ ഓഫറുകള്‍ കൂടി ചാകരയായപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോയി.

അത്യാവശ്യം തരക്കേടില്ലാത്ത ഫോണും പത്തോ പതിനഞ്ചോ രൂപ കൊടുത്ത് മൊബൈല്‍ കമ്പനികള്‍ വെച്ചുകാട്ടുന്ന നെറ്റ് കണക്ഷന്‍ കൂടിയെടുത്താല്‍ കുട്ടികളുടെ വിരല്‍ത്തുമ്പില്‍ അശ്ലീലതയുടെ പറുദ്ദീസ തുറക്കപ്പെടുകയായി. ആവശ്യമുള്ളവ കാണുവാനും ഡൗണ്‍ലോഡ് ചെയ്യുവാനും ആരും അവര്‍ക്കുമുന്നില്‍ തടസ്സമല്ല. കുഞ്ഞുപ്രായത്തില്‍ തന്നെ അവര്‍ ആഗ്രഹിക്കുംവിധം മില്യന്‍ കണക്കിന് അശ്ലീല രംഗങ്ങളാണ് അവരുടെ കണ്ണുകള്‍ക്ക് ഹരംപകര്‍ന്നു തുടങ്ങിയിരിക്കുന്നത്. ഇത് നാം ഗൗരവമായി ചിന്തിക്കേണ്ടതല്ലേ? കഫേകളില്‍ കയറിയിറങ്ങുന്നത് വേണമെങ്കില്‍ തടയാം. അതുപോലെ വീട്ടിലെ കമ്പ്യൂട്ടറുകള്‍ പബ്ലിക്കില്‍ വെച്ച് അങ്ങിനെയും സുരക്ഷിതത്വം ഒരുക്കാം. പക്ഷെ മൊബൈലുമായി നടക്കുന്ന കുഞ്ഞുമക്കളോട് കാര്‍ക്കശ്യം പുലര്‍ത്തുന്നത് എത്രമേല്‍ വിജയിക്കും? മൊബൈലുകളുടെ ആധിക്ക്യവും സിംകാര്‍ഡ് കമ്പനികളുടെ തുച്ചമായ വിലക്ക് കൂടുതല്‍ ഇന്റര്‍നെറ്റ് യൂസ്സേജ് ഓഫറുകളും നല്‍കുക വഴി കുഞ്ഞുമക്കളുടെ സ്വകാര്യതയിലേക്ക് അശ്ലീലത സ്ഥാനം പിടിക്കാന്‍ നിമിത്തമായി. നല്ലൊരു മോബൈലുള്ള ഏതൊരു മക്കളുടെയും രക്ഷിതാക്കള്‍ക്ക് ഈയൊരു സത്യം അവരില്‍ തന്നെ പരീക്ഷിക്കാവുന്നതാണ്.

അശ്ലീല വെബ്സൈറ്റ് നിര്‍മാതാക്കള്‍ അതുവഴി കോടികള്‍ കൈവശപ്പെടുത്തുമ്പോള്‍ ഇത്കൊണ്ട് സമൂഹത്തിനോ മതത്തിനോ രാഷ്ട്രത്തിനോ വ്യക്തികള്‍ക്കോ എന്ത് ഗുണമാണ് ലഭ്യമാകുന്നത്? കണ്ണുകള്‍ക്ക് കേവല നൈമിഷിക ഹരം പിടിപ്പിക്കുകവഴി തിന്മകളെ സംബന്ധിച്ച് ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും ഇത്തരം സൈറ്റുകള്‍ വഴിതുറക്കുന്നു. സമൂഹത്തിനിടയിലെ ധാര്‍മ്മിക ചട്ടക്കൂട് തകര്‍ന്നടിയുന്നതിലൂടെ അരാചകത്വം അരങ്ങുവാഴാന്‍ ഇത് നിമിത്തമാകുന്നു.

തിന്മകളുടെ സര്‍വ്വകവാടങ്ങളും തുറന്നിട്ടിട്ട് നന്നാവണം എന്നുപറയുന്നതോ ശരി. അതല്ല, അവയെല്ലാം കൊട്ടിയടക്കപ്പെട്ട ശേഷം നന്നാവുകയെന്നു പറയുന്നതോ ശരിയെന്ന് ആര്‍ക്കാണറിയാത്തത്? xxx Domain ഇന്ത്യയില്‍ നിരോധിക്കാന്‍ പോകുന്നുവെന്ന് 2011 മാര്‍ച്ച് മാസത്തില്‍ വന്ന വാര്‍ത്ത വലിയ പ്രാധാന്യത്തോടെ പലരും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

രാജ്യത്തിന്റെ ബഹുമാനപ്പെട്ട നിയമപാലകരോട് ഈ ധര്‍മ്മ തീരത്ത് നിന്നും വിനയപുരസരം അറിയിക്കാനുള്ളത്, 'വേണം, ഈ അശ്ലീല ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വെബ്സൈറ്റുകള്‍ക്കൊരു കൂച്ചുവിലങ്ങ്. അശ്ലീല ഉള്ളടക്കങ്ങളടങ്ങിയ എല്ലാ വെബ്സൈറ്റുകളും രാജ്യത്തിനകത്ത് ബ്ലോക്ക്‌ ചെയ്യുക. ധാര്‍മ്മികതയുടെ പക്ഷം ചേര്‍ന്ന് വളര്‍ന്നുവരുന്ന മക്കള്‍ക്ക് അല്ല, സര്‍വ്വ ജനങ്ങള്‍ക്കും അതൊരു ആശ്വാസമാണ്. രാജ്യത്തെ ജനങ്ങള്‍ ധര്‍മ്മപാതയിലൂടെ വളര്‍ന്നു വരാന്‍ ഇതൊരു വലിയ മുതല്‍കൂട്ടായി മാറും സംശയമില്ല.'

സേലു അഹെമദ്


E-Mail: seluahmed@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.