പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഗന്ധർവ്വന്റെ പിറവി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

(മൂന്നു വ്യാഴവട്ടക്കാലം മാത്രം നീണ്ടു നിന്ന ജീവിതത്തിനിടയിൽ ഒരു പുരുഷായുസ്സിന്റെ മുഴുവൻ ജോലിയും ചെയ്‌ത്‌ വച്ച്‌ ഒരു മേഘജ്യോതിസ്സ്‌ പോലെ മിന്നിമറഞ്ഞുപോയ ഗാനഗന്ധർവ്വൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 97-​‍ാം ജന്മവാർഷികമാണ്‌ ഒക്‌ടോബർ 11.)

നൃത്തമണ്ഡപത്തിലെ അപ്‌സരസുകളുടെ മത്സരിച്ചെന്നപോലുള്ള ചുവടുവയ്‌പിൽ ആമഗ്നരായിരിക്കുകയാണ്‌ ഇന്ദ്രനും സദസ്യരും. ഓരോ ചുവടു വയ്‌പിലും നർത്തകിമാരുടെ മുഖത്ത്‌ തെളിയുന്നത്‌ ലാസ്യഭംഗി. അംഗലാവണ്യമൊഴുകുന്ന അംഗനമാരുടെ നൂപുരധ്വനിയിൽ അവർ വേറൊരു ലോകം തീർക്കുന്നു.

നർത്തകിമാരുടെ ചുവടുവയ്‌പ്പിന്‌ ചാരുതയേകുന്ന, ഗായകനിരയിൽ പുതുതായിവന്ന ഗായകന്റെ ആലാപനമാധുരി കണ്ണിനും കാതിനും ഹൃദ്യമായ വിരുന്നൊരുക്കുന്നു. നാദതാളലയങ്ങളുടെ മേളപ്പദമായി തീർന്നിരിക്കുന്നു ഇന്നത്തെ നൃത്തവേദി. കടന്നുപോകുന്ന ഓരോ നിമിഷവും അവർ സ്വർലോകത്തിനും അപ്പുറത്തുള്ള വേറൊരു ലോകത്തേക്ക്‌ പ്രവേശിച്ചിരിക്കുന്നു.

യുവഗായകന്റെ കന്നിപ്രവേശം നർത്തകിമാർക്കും ആവേശം പകരുന്നു. ഗായകന്റെ പാട്ടിനൊത്ത്‌ നർത്തകികൾ ചുവടുവയ്‌ക്കുകയാണോ അതോ നർത്തകികളുടെ ചുവടുവയ്‌പ്പുകൾക്കനുസരിച്ച്‌ ഗായകൻ പാടുകയാണോ എന്ന സംശയമാണ്‌ അനുവാചകർക്ക്‌. ഗായകന്റെ വാക്കിന്‌ അനുസൃതമായി ചുവടുവയ്‌പുകൾ നടത്തുകയായിരുന്ന നർത്തകിമാരിലൊരാൾ ഗായകന്റെ ഭാവഹാവാദികളിലേക്ക്‌ കടക്കണ്ണെറിയുന്നു. ഗായകന്റെ മിഴികളും അതേ സമയം തന്നെ നർത്തകിയുടെ മിഴികളുമായിടഞ്ഞു. സാരള്യമാർന്ന അനുഭൂതിയുടെ ചിറകടിസ്വരം രണ്ടുപേർക്കും ഒരേ സമയം തന്നെ അനുഭവപ്പെട്ടു. നിമിഷാർദ്ധനേരത്തേക്കാണെങ്കിലും നർത്തകി മറ്റുള്ളവരുടേതിൽ നിന്ന്‌ ഭിന്നമായി ഒരു ചുവടുവെച്ചു. ആ ചുവടുവയ്‌പ്‌​‍്‌ ഗായകന്റെ അഭീഷ്‌ടമായിരുന്നുവെന്ന്‌ അവൾ കണ്ടെത്തി. കാലിലെ പാദസരം വേറൊരു നാദമുതിർത്തു. പക്ഷേ, അതൊരപസ്വരമായി മാറിയില്ല. ആലാപനമാധുര്യത്തിന്റെ ആഹ്ലാദനിമിഷങ്ങളിലൊന്ന്‌ അപ്‌സരസ്‌ സ്വന്തമാക്കി. ആ ചുവടുവയ്‌പ്‌ തരളിതഭാവമുണർത്തിയതായി ഗായകനും കണ്ടെത്തി.

ഇന്ദ്രസദസ്സിലെ വേറിട്ട അനുഭവം ഗായകനും നർത്തകിയും പലതവണ പല സന്ദർഭങ്ങളിൽ പരസ്‌പരം പങ്കുവെച്ചു. ഗായകന്റെ അദൃശ്യമായ കരങ്ങൾ തന്റെ മേനിയിൽ തഴുകുന്നത്‌ അവളറിഞ്ഞു. ആ മാറിൽ താൻ തലചായ്‌ചു നിൽക്കുന്നു.

അദൃശ്യമായ ഈ തലോടലും പരിരംഭണവും പലവുരു ആവർത്തിച്ചു. പാട്ടിന്റെ മാധുര്യം കരളിൽ അമൃതധാര പകരുന്നതായവൾക്കനുഭവപ്പെട്ടു. നർത്തകിയുടെ ഉടലിന്റെ സുഗന്ധം പാരിജാതപുഷ്‌പങ്ങളെപ്പോലും അതിശയിപ്പിക്കുന്നു. വെണ്ണിലാവിന്റെ കുളിർമ അവളുടെ സ്‌പർശനത്തിൽ.

നിനച്ചിരിക്കാത്ത നേരത്ത്‌ ഇന്ദ്രന്റെ ആറാമിന്ദ്രിയം ഉണർന്നു. ഇന്ദ്രൻ ആ സത്യം കണ്ടെത്തി. തന്റെ മുന്നിൽ നൃത്തമാടുന്നവരിൽ ഒരുവളുടെ മനസ്സ്‌ തന്നെത്തേടിയെത്തുന്നില്ല. ഗായകന്റെ ആലാപനമാധുര്യം അവൾക്കുവേണ്ടി പുതിയ രാഗം തേടുന്നു. അദൃശ്യമായിട്ടെങ്കിലും അവരുടെ ഹൃദയാഭിലാഷങ്ങൾ പരസ്‌പരം പൂരിതമാകുന്ന നിമിഷങ്ങളാണധികവും. അവർ ഒന്നിക്കുന്ന നിമിഷങ്ങളേറിവരുന്നു. ഗായകനും അപ്‌സരസും പരസ്‌പരം മറന്ന്‌ പരിസരം മറന്ന്‌ ഒന്നിച്ചുനിന്ന ഒരു നിമിഷം.....

ഒരശനിപാതമേറ്റാലെന്നവണ്ണം ഗായകൻ മറിഞ്ഞുവീണു. അയാൾക്ക്‌ ശബ്‌ദിക്കാനാവുന്നില്ല. നൃത്തം മറന്ന അപ്‌സരസുകൾ. ഇന്ദ്രസദസ്സ്‌ പാടെ നിശ്ശബ്‌ദം.

ജ്വലിക്കുന്ന കണ്ണുകളോടെ ഇന്ദ്രന്റെ ഗർജ്ജനം ആ നിശ്ശബ്‌ദതയെ ഭഞ്ഞ്‌ജിച്ചു.

നീ ദേവലോകത്തിലെ നിയമം തെറ്റിച്ചിരിക്കുന്നു. ഗളഛേദമാണ്‌ നിനക്ക്‌ നൽകേണ്ട ശിക്ഷ. യമസന്നിധിയിൽ വറചട്ടിയിൽ കൊടും യാതനകളനുഭവിച്ച്‌ ആജന്മം കഴിയേണ്ടവനാണ്‌ നീ. പക്ഷേ, നാമതിന്‌ തുനിയുന്നില്ല.

ദേവലോകത്ത്‌ നിനക്കിനി സ്ഥാനമില്ല. നീയിനി പാടുന്നത്‌ അങ്ങ്‌ താഴെ ഭൂമിയിൽ. ചുരുങ്ങിയ കാലമേ നിനക്കവിടെ കഴിയേണ്ടിവരുള്ളുവെങ്കിലും ഒരു മനുഷ്യന്റെ പൂർണ്ണജന്മത്തിലെ യാതനകളെല്ലാം അനുഭവിക്കേണ്ടിവരും. നിന്റെ പാട്ടുകേട്ട്‌ ആഹ്ലാദിക്കുന്നവരെന്നും നീ ആരെന്നറിയില്ല. ഹൃദയം നുറുങ്ങുന്ന അവസ്ഥയിലും നിനക്ക്‌ പാടിയേ ഒക്കൂ. ശരീരവും മനസ്സും തപിക്കുന്ന അവസ്ഥയിൽ - വേദന അതിന്റെ പാരമ്യത്തിലെത്തിനിൽക്കുന്ന അവസ്ഥയിൽ - നാം ശപിച്ചുവിട്ട ആ നർത്തകിയും അവിടെ വരും. യൗവനത്തിൽ തന്നെ മദ്ധ്യാഹ്നവും അസ്‌തമനവും കണ്ട്‌ മടങ്ങാനാണ്‌ വിധി!

ആകാശവീഥിയിൽ ചക്രവാളസീമയെ ഉമ്മവെച്ചു നിൽക്കുന്ന താരകങ്ങളൊന്നിനെ തൊട്ടുരുമ്മി ഒരു വെള്ളിവെളിച്ചം ഭൂമിയിലേക്ക്‌ പതിക്കുന്നത്‌ ഇങ്ങ്‌ താഴെ, നക്ഷത്രങ്ങളെനോക്കി കാലഗതി നിർണ്ണയിക്കുന്ന ആചാര്യന്മാരിൽ ചിലരെങ്കിലും കണ്ടു. ഭൂമിയിൽ വസന്തം വിരിയുന്ന നാളുകൾ വരുന്നു. അവർ കണക്കുകൂട്ടി.

(ഗന്ധർവ്വ സ്‌പന്ദം)
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.