പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

രാഘവന്‍ മാസ്റ്റര്‍- ഒരോര്‍മക്കുറിപ്പ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.കെ

മലയാള സിനിമാഗാനത്തിന് മലയാള മണ്ണിന്റെ ഗന്ധം നല്‍കിയ ആദ്യ സംഗീത സംവിധായകനാണ് കെ. രാഘവന്‍. 1954 - ല്‍ ഏറ്റവും നല്ല രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയ നീലക്കുയില്‍ എന്ന ചിത്രത്തിന് സംഗീതം പകര്‍ന്നു കൊണ്ടാണ് സിനിമാ രംഗത്തേക്കു വരുന്നത്.

മലയാള സിനിമാ ഗാനങ്ങള്‍ പലപ്പോഴും തമിഴിന്റെയോ ഹിന്ദിയുടേയോ ചുവടു പിടിച്ചുള്ള സംഗീതത്തോടു കൂടിയാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ദക്ഷിണാ മൂര്‍ത്തി സംഗീതം പകര്‍ന്ന നവലോകം, ജിവിതനൗക എന്നീ ചിത്രങ്ങളിലെ ചില ഗാനങ്ങളെങ്കിലും പോപ്പുലറായ ഹിന്ദി ഗാനങ്ങളുടെ ചുവടു പിടിച്ചുകൊണ്ടുള്ളതായിരുന്നു. എങ്കിലും ദക്ഷിണാ മൂര്‍ത്തിയാണ് അന്യ ഭാഷാ ഗാനങ്ങളുടെ ശീലുകള്‍ മാറ്റാന്‍ തുടക്കമിട്ടത്. പക്ഷെ അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ അധികവും ക്ലാസ്സിക് സംഗീതത്തിന്റെ അന്തര്‍ധാരയാണ് കാണാന്‍ കഴിയുക. തനതായ ഗ്രാമീണ ശൈലിയുള്ള നാടന്‍ ഗാനങ്ങളുടേയും ഫോക്ലോര്‍ ഗാനങ്ങളുടെ ചുവടു പിടിച്ചുള്ള സംഗീതം പകര്‍ന്ന് മലയാള ഭാഷാ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് കെ രാഘവനാണ്. ഇക്കാര്യത്തില്‍ ഗാനരചയിതാവായ പി. ഭാസ്ക്കരന്റെയും സംഭാവന മികച്ചതാണ്.

നീലക്കുയില്‍ സിനിമ തുടങ്ങുന്നതു തന്നെ നാടന്‍ പാട്ടിന്റെ ഹൃദ്യമായ സംഘഗാനത്തോടെയാണ്. പുഞ്ചവയല്‍ കൊയ്തല്ലോ , കൊഞ്ചടി കൊഞ്ചടി തത്തമ്മേ എന്ന ഗാനം തന്നെ പ്രേക്ഷകഹൃദയം ചേര്‍ത്തു വയ്ക്കുന്നവയാണ്. പിന്നീടുള്ള കുയിലിനെ തേടി , എല്ലാരും ചൊല്ലണ് ഈ ഗാനങ്ങളെല്ലാം ഹൃദ്യമായ ഗ്രാമീണ സംഗീതത്തിലൂന്നിയതാണ്. കോഴിക്കോട് അബ്ദുള്‍ ഖാദര്‍ പാടുന്ന എങ്ങനെ നീനെ നീ മറക്കും കുയിലേ എന്ന ഗാനം വരുമ്പോള്‍ ഗ്രാമീണ സിനിമയെന്നതിനേക്കാള്‍ സിനിമയുടെ പശ്ചാത്തലത്തോടിണങ്ങുന്ന ഗൗരവം കലര്‍ന്ന ഒരു രാഗം പകര്‍ന്നതില്‍ നിന്ന് തനിക്ക് സിനിമയുടെ കഥയുടെ ഒഴുക്കിനനുസരിച്ചുള്ള ഈടുവയ്പ്പ് നല്‍കാനാവുമെന്ന് തെളിയിക്കുന്നുണ്ട്. നീലക്കുയിലില്‍ തന്നെയുള്ള പ്രസിദ്ധമായ 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍' എന്ന ഹൃദ്യമായ മാപ്പിള സംഗീതം ആ ഗാനത്തിനു പകര്‍ന്നുവെന്നതിനു പുറമെ ആ ഗാനം പാ‍ടുകയും ചെയ്തുകൊണ്ട് മലയാള സിനിമാ ലോകത്തെ ആഹ്ലാദിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തിട്ടുണ്ട് രാഘവന്‍. ചന്ദ്രതാരയുടെ രണ്ടാമത്തെ ചിത്രമായ 1956 -ല്‍ പുറത്തിറങ്ങിയ പി ഭാസ്ക്കരന്‍ സംവിധാനം ചെയ്ത രാരിച്ചന്‍ എന്ന പൗരന്‍ എന്ന സിനിമയിലെ ഗാനങ്ങള്‍ക്ക് പകര്‍ന്ന ട്യൂണുകള്‍ ആ സിനിമയെ സംഗീത സാന്ദ്രമാക്കി എന്ന് പറയുന്നതാകും ശരി. പി. ഭാസ്ക്കരന്റെ രചനയും ഗാനങ്ങളുടെ സംഗീതവും ആലാപനത്തിലെ മികവും കൊണ്ട് രാരിച്ചനിലെ ഗാനങ്ങളെല്ലാം തന്നെ ഇന്നും മലയാളത്തിലെ സിനിമാ പ്രേമികള്‍ നെഞ്ചേറ്റുന്നവയാണ്.

ഗാനരചയിതാവും കവിയും കൂടിയായ പി. ഭാസ്ക്കരന്റെ തിരഞ്ഞെടുത്ത സിനിമാ പാട്ടുകള്‍ അടങ്ങിയ പുസ്തകത്തിന്റെ പേര്‍ തന്നെ ' നാഴൂരിപാല് ' എന്നത്, ഗാനരചയിതാവായ ഭാസ്ക്കരന്റെ , സംഗീതം പകര്‍ന്ന രാഘവനോടുള്ള ആദരവും കടപ്പാടും വ്യക്തമാക്കുന്നതാണ്.

ഭാസ്ക്കര‍നു പുറമെ വയലാറിന്റെ സിനിമാ രംഗത്തെക്കുള്ള കടന്നു വരവ് കാണിക്കുന്ന കൂടപ്പിറപ്പ് എന്ന സിനിമയിലെ ഗാനങ്ങളുടെ സംഗീതാവിഷക്കാരവും ഹൃദ്യമാര്‍ന്നതാണ്. തുമ്പീ തുമ്പീ വാ വാ എന്ന ശാന്ത പി നായര്‍ പാടുന്ന ഗാനം തന്നെ ഉദാഹരണം. എങ്കിലും പി. ഭാസ്ക്കരന്‍ കെ. രാഘവന്‍ കൂട്ടുകെട്ടിലെ ഗാനങ്ങള്‍ക്കാണ് പ്രാമുഖ്യം. ആ കൂട്ടു കെട്ടില്‍ സംഗീതം, ഹൃദ്യമായൊരനുഭവമാക്കി മാറ്റിയ പ്രധാനപ്പെട്ട സിനിമകള്‍ നീലക്കുയിലും രാരിച്ചനും പുറമെ അമ്മയെ കാണാന്‍, പൂജക്കെടുക്കാത്ത പൂക്കള്‍, നായരൂ പിടിച്ച പുലിവാല്‍, രമണന്‍, നഗരമേ നന്ദി, കാക്കത്തമ്പുരാട്ടി തുറക്കാത്ത വാതില്‍ തുടങ്ങിയവയാണ്. 60 ഓളം ചിത്രങ്ങള്‍ക്ക് കെ. രാഘവന്‍ ഈണം പകര്‍ന്നിട്ടുണ്ട്. രാഘവന്‍ ഈണം പകര്‍ന്ന ചിത്രങ്ങള്‍ക്കുള്ള പ്രത്യേകത അവ ഒന്നും തന്നെ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല എന്നതാണ്. പരാജയപ്പെട്ട സിനിമകള്‍ പോലും പിന്നീട് പലരും ഓര്‍ക്കുന്നത് കെ രാഘവന്‍ ഈണം പകര്‍ന്ന സംഗീതം വഴിയായിരിക്കും. അദ്ദേഹം ഏകദേശം 400 ഓളം ഗാനങ്ങള്‍ ഈ 60 ചിത്രങ്ങള്‍ വഴി സംഗീതം പകര്‍ന്നുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. മലയാളത്തിലെ ഏറ്റവും തല മുതിര്‍ന്ന സംഗീത സംവിധായകനായ കെ രാഘവന്‍ പഠിക്കുന്ന കാലത്ത് നല്ലൊരു ഫുട്ബോള്‍ കളിക്കാരന്‍ കൂടിയായിരുന്നു. ആകാശവാണിയില്‍ ഉപകരണ സംഗീതം വായിക്കാന്‍ നിയുക്തനായ രാഘവന്റെ സംഗീത കല പുഷ്പ്പിക്കുന്നത് കോഴിക്കോട് നിലയത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ച് ലളിതഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നതോടെയാണ്. അവിടെ വെച്ചാണ് പ്രശസ്ത കവിയും ഗാനരചയിതാവും പില്‍ക്കാലത്ത് സിനിമാ സംവിധായകനുമായ പി. ഭാസ്ക്കരനുമായി പരിചയപ്പെടുന്നതും ആ പരിചയം നീലക്കുയിലിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ കൊണ്ടെത്തിക്കുന്നതും. മലയാളത്തിലെ ആദ്യകാല ഗായകരായ മെഹബൂബ്, ബ്രഹ്മാനന്ദന്‍, ബാലമുരളീകൃഷ്ണ, എം എല്‍ വസന്തകുമാരി, എ. പി. കോമള , ഗായത്രീ കൃഷ്ണന്‍, ശാന്ത പി നായര്‍, എ. എം. രാജ, കെ. പി. ഉദയഭാനു, എം. ജി. രാധാകൃഷ്ണന്‍, പി. ബി. ശ്രീനിവാസ്, വാണീജയറാം, ജി. വേണു ഗോപാല്‍ എന്നിവര്‍ സിനിമാരംഗത്ത് സജീവമാകുന്നത്, കെ രാഘവന്‍ ഈണം പകര്‍ന്ന ഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ്. 2006 -ലെ സ്വരലയ യേശുദാസ് അവാര്‍ഡും സംമഗ്ര സംഭാവനക്കുള്ള 2010 കേരള ഗവണ്മെന്റിന്റെ സിനിമാ അവാര്‍ഡും നേടിയിട്ടുള്ള രാഘവന്‍ നേരെത്തെ തന്നെ കേരള സംസ്ഥാന ഗവണ്മെന്റിന്റെ സിനിമാ അവാ‍ര്‍ഡ് 1973, 1977 എന്നീ വര്‍ഷങ്ങളില്‍ നേടിയിട്ടുണ്ട്. . 1997 ലെ ജെ സി ഡാനിയല്‍ അവാര്‍ഡ് കെ. രാഘവനായിരുന്നു. കേന്ദ്രഗവണ്മെന്റിന്റെ പത്മശ്രീ അവാര്‍ഡ് 2010- ല്‍ ലഭിച്ചു. അവസാന‍കാലത്ത് വിശ്രമജീവിതം നയിക്കുകയായിരുന്ന കെ രാഘവന്‍ വീണ്ടും ഒരു ചലച്ചിത്രത്തിനു സംഗീതം ഒരുക്കുവാനുള്ള ഭാഗ്യം വന്ന് വന്നു ചേര്‍ന്നു. ബഷീറിന്റെ വിഖ്യാതമായ ബാല്യകാലസഖി മുമ്പൊരിക്കല്‍ സിനിമയായതാണെങ്കിലും അന്നാ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല . വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആ നോവല്‍ ചലച്ചിത്രമാക്കപ്പെടുന്നു. മമ്മൂട്ടി നായകനായി വരുന്ന ബാല്യകാല സഖിക്ക് ടൈട്ടില്‍ ഗാനത്തിനു സംഗീതം പകരുന്നത് രാഘവന്‍ മാസ്റ്ററാണ്. വേറൊരു പ്രത്യേകത ഈ ചിത്രത്തില്‍ കൂടി യേശുദാസ് ആദ്യമായി രാഘവന്‍ മാസ്റ്ററുടെ കീഴില്‍ പാടുന്നുവെന്നതാണ്. ചിത്രം പൂര്‍ത്തിയാവുന്നതിനു മുന്നേ തന്നെ 99 വയസു പിന്നിട്ട രാഘവന്‍ മാസ്റ്റര്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 19 നു വാര്‍ദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതനായി. മലയാള സിനിമയുടെ സംഗീതാവിഷ്ക്കരണത്തില്‍ നവഭാവുകത്വം നല്‍കിയ രാഘന്‍ മാസ്റ്ററുടെ അന്ത്യകര്‍മ്മങ്ങള്‍ ക്ക് സാക്ഷിയാകുവാനോ ആദരാജ്ഞലികള്‍ അര്‍പ്പിക്കാനോ മലയാള സിനിമാ ലോകത്തെ പ്രമുഖരാരും എത്തിയില്ല എന്നത് സിനിമാരംഗത്തെ നെറികേടിന്റെയും അവഗണനയുടെയും ദൃഷ്ടാന്തം ആവര്‍ത്തിക്കുകയാണെന്ന് മാത്രം കരുതിയാല്‍ മതി.

എം.കെ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.