പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വീണ്ടുവിചാരമില്ലാത്ത വിവാഹപ്രായ വിവാദം ....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നാസര്‍ റാവുത്തര്‍, ആലുവ

കുന്നംകുളത്ത് പത്താം ക്ലാസില് പഠിക്കുന്ന പതിനഞ്ചു വയസായ പെണ്കുട്ടിയുടെ, ഗള്ഫില് ജോലിയുള്ള ഇരുപത്തിയൊമ്പതുകാരനുമായുള്ള വിവാഹം പോലീസും സാമൂഹ്യനീതി വകുപ്പും ചേര്ന്ന് തടഞ്ഞു. വില്ലന്നൂര് കരിമ്പനാട്ടേയില് കെ.എം. ഉമ്മറിന്റെ വീട്ടിലെത്തിയാണ് ശൈശവവിവാഹ നിരോധന നിയമപ്രകാരം നോട്ടീസ് നല്കിയത്.

തലശ്ശേരിയിലെ എടയ്ക്കാട് ബ്ലോക്കിന്റെ കീഴിലുള്ള മുണ്ടേരിക്കടവ്, പോത്തന്കുളങ്ങര, കാഞ്ഞിരത്തോട്, എന്നീ സ്ഥലങ്ങളിലെ പ്രായപൂര്ത്തിയാകാത്ത മൂന്നു പെണ്കട്ടികളുടെ വിവാഹം തലശ്ശേരി സി.ജെ.എം കോടതി തടഞ്ഞു. മുണ്ടേരിക്കടവിലെ 16 കാരിയുടെ കഴിഞ്ഞുപോയ വിവാഹം കോടതി റദ്ദാക്കുകയാണുണ്ടായത്.

പാലക്കാട് തച്ചനാട്ടുകര പഞ്ചായത്തിലെ തള്ളച്ചിറ, വല്ലപ്പുഴ, കുറുവട്ടൂര്, ചെറുകോട് എന്നിവിടങ്ങളിലായി നാലു പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടികളുടെ വിവാഹം കോടതി ഉത്തരവു പ്രകാരം പോലീസ് തടഞ്ഞു. ഇതില്, മണ്ണാര്ക്കാട് തച്ചനാട്ടുകര തള്ളച്ചിറ സ്വദേശിനിയായ 14 വയസ്സായ ഒന്പതാം ക്ലാസ് വിദ്ധ്യാര്ത്ഥിനിയും ഉള്പ്പെടുന്നു. ശൈശവ വിവാഹ നിരോധന ഓഫീസര് ശ്രീമതി. വി. രമയാണ് ഇക്കാര്യം കോടതിയുടെ ശ്രദ്ധയില് കൊണ്ടുവന്നത്.

കുമ്പളം പച്ചമ്പലത്തിനടുത്തുള്ള പതിനേഴര വയസ്സുള്ള പെണ്കുട്ടിയുടെ വിവാഹം കുമ്പള എസ്. ഐ. എം. പി. സുരേന്ദ്രന് ഇടപെട്ട് തടഞ്ഞു. പത്താംക്ലാസ് പകുതി മാത്രം പഠിച്ച് വീട്ടില് വെറുതെ നില്ക്കവേയാണ് ഉപ്പളയിലെ യുവാവുമായി വിവാഹ ബന്ധം ഉറച്ചത്. ഇനി ആറ് മാസം കഴിഞ്ഞിട്ട്മതി വിവാഹമെന്ന ഉറപ്പില് കേസ് രജിസ്റ്റര് ചെയ്യാതെ പോലീസ് പിന്മാറുകയായിരുന്നു.

ഇത്തരം അശുഭകരമായ വാര്ത്തകള് കേരളത്തിന്റെ നാനാഭാഗത്തുനിന്നുമായി അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മാധ്യമചര്ച്ചകളും, വാദകോലാഹളങ്ങളും, കോടതി വ്യവഹാരങ്ങളുമൊക്കെയായി പ്രസ്തുതവിഷയം വന് വിവാദത്തിനു നാന്ദികുറിച്ചിരിക്കുന്നു. എന്തുകൊണ്ടാണ് കേവലം ഒരു മുസ്ലിം പെണ്കുട്ടിയുടെ വിവാഹപ്രായം ഇത്രമേല് തീഷ്ണതയോടെ കത്തിപ്പിടിക്കുന്നത്?. സമുദായത്തില് നിലനില്ക്കുന്ന തത്വദീക്ഷയില്ലാത്ത വിവാഹമോചനമോ, ഭാരിച്ച സ്ത്രീധനപ്രശ്നമോ, കൊടുമ്പിരികൊണ്ട തീവ്രവാദമോ മറ്റോ ഒന്നുമല്ല സത്വരപരിഹാരം തേടേണ്ട വിഷയങ്ങള്; പകരം പെണ്കുട്ടിയുടെ വിവാഹപ്രായമാണ്. ഇസ്ലാമിക ശരീയത്ത് വിശ്വാസപ്രകാരം ഋതുമതിയാകുന്നതോടെ എപ്പോള് വേണമെങ്കിലും പെണ്കുട്ടിയെ വിവാഹം കഴിപ്പിച്ചയയ്ക്കാവുന്നതാണ്. എന്നാല്, ഇന്ത്യന് ഭരണഘടനാ നിയമങ്ങള് പ്രകാരം പെണ്ണിനു പതിനെട്ടും, ആണിനു ഇരുപത്തിയൊന്നും വയസ്സ് തികഞ്ഞിരിക്കണം. ഈയൊരു പൗരോഹിത്യ-ഭൗതീകാന്മക വൈരുദ്ധ്യത വൈകാരികപരമായി നിലനില്ക്കുന്നിടത്തോളം കാലം പ്രസ്തുത പ്രശ്നം അപരിഹാര്യമായ കീറാമുട്ടിയായി തന്നെ യുഗാന്ത്യംവരെ നിലനില്ക്കും.

ചില തീവ്രവാദ-വിധ്വംസക നുഴഞ്ഞുകയറ്റ-അധിനിവേശങ്ങളെ ഫലപ്രദമായി തടയിടാന് ഇന്റലിജന്സിന്റെ നിര്ദ്ദേശപ്രകാരം സര്ക്കാര് കണ്ടെത്തിയ അനവധി പരിഹാര പ്രതിരോധങ്ങളില് ഒന്നാണ് ഇന്ത്യയില് നടത്തപ്പെടുന്ന എല്ലാ വിവാഹങ്ങളും രജിസ്റ്റര് ചെയ്യണമെന്നത്. അങ്ങിനെ 2008 നു ശേഷമുള്ള എല്ലാ വിവാഹങ്ങളും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തില് രജിസ്റ്റര് ചെയ്യണമെന്ന ഒരു പൊതുചട്ടം നിലവില് വന്നു. എന്നാല്, മലപ്പുറം പോലെയുള്ള ചില ജില്ലകളില് നിശ്ചിത വിവാഹപ്രായം തികയാതെ നടത്തപ്പെട്ട വിവാഹങ്ങള് രജിസ്റ്റര് ചെയ്യുന്ന കാര്യത്തില് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് ആശയക്കുഴപ്പമുണ്ടായി. നിലവിലുള്ള നിയമത്തിലെ അവ്യക്തതകളും, പരിമിതികളും ചൂണ്ടിക്കാട്ടി തുടര്ന്നുള്ള വിശദീകരണത്തിനായി അവര് കിലയെ സമീപിച്ചു. കില ഇക്കാര്യം സര്ക്കാരിന്റെ ശ്രദ്ധയില്പ്പെടുത്തി. കാര്യത്തിന്റെ ഗൗരവം ഉള്ക്കൊണ്ടുകൊണ്ട് പ്രസ്തുത മേഖലയില് ആഴത്തിലുള്ള പഠനങ്ങളും, വ്യക്തമായ നിയമോപദേശങ്ങളും തേടിക്കൊണ്ട് തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഒരു സര്ക്കുലര് തയ്യാറാക്കി. ബഹു. ലീഗ് മന്ത്രി എം. കെ. മുനീറിന്റെ അധീനതയിലുള്ള തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഈ സര്ക്കുലറാണ് ഇപ്പോള് വിവാദമായിരിക്കുന്നത്. ഇതുപ്രകാരം നിശ്ചിതപ്രായം തികയുന്നതിനുമുമ്പ് നടന്ന എല്ലാ മുസ്ലിം വിവാഹങ്ങളും മതാധികാര സ്ഥാപനം നല്കുന്ന സര്ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില് ബന്ധപ്പെട്ട അധികാരികള്ക്ക് രജിസ്റ്റര് ചെയ്യുവാന് യാതൊരു നിയമതടസ്സങ്ങളുമില്ലെന്ന് വ്യക്തമാക്കുന്നു. ‘സുതാര്യസരിത’യില് കുരുങ്ങി മുഖ്യമന്ത്രി ദുര്ബലനായ സന്ദര്ഭത്തില് മുന്നണിയിലെ പ്രബലകക്ഷിയായ മുസ്ലിം ലീഗ് ഭരണത്തില് മേല്കൈ നേടിക്കൊണ്ട് തങ്ങള്ക്കനുകൂലമായ വിധത്തില് കാര്യങ്ങള് കൊണ്ടുപോകുന്നതില് രോക്ഷാകുലരായ ഒരുവിഭാഗം പുരോഗമന മുരാച്ചികള് ഈ തീരുമാനത്തെ നഖശിഖാന്തം എതിര്ക്കുകയും വിവാദവല്ക്കരിക്കുകയും ചെയ്തു. തുടര്ന്നാണ് തദ്ദേശസ്വയംഭരണ വകുപ്പിന് ഇതിനെ മറികടന്ന് മറ്റൊരു ഉത്തരവ് ഇറക്കേണ്ടിവന്നത്.

ഈയൊരു പശ്ചാത്തലത്തിലാണ് കോട്ടുമല ബാപ്പു മുസലിയാരുടെ നേതൃത്തില് ഒന്പത് സാമൂദായിക സംഘടനകള് കോഴിക്കോട് യോഗം ചേര്ന്നത്. കേരളത്തിലെ സിംഹഭാഗം മഹല്ലുകള്ക്കും നേതൃത്വം നല്കുന്ന സമസ്ത, ഇരുവിഭാഗം മുജായിദുകള്, ജമാ അത്തെ ഇസ്ലാമി, എം. ഇ. എസ്സ്, എം. എസ്. എഫ്, ദക്ഷിണകേരള ജം ഈയ്യത്തുല് ഉലമ എന്നിവയായിരുന്നു മുഖ്യ സംഘടനകള്. വിവാഹപ്രായമുള്പ്പെടെയുള്ള വിഷയങ്ങളില് മുസ്ലിം സമുദായത്തിന് ഭരണഘടന അനുവദിച്ചിരിക്കുന്ന പരിരക്ഷ ഉറപ്പാക്കണമെന്നും, ഒഴിവാക്കാനാവാത്തതും, അനിവാര്യവുമായ സാഹചര്യങ്ങളില് 18 വയസ്സിനു മുമ്പ് വിവാഹം ചെയ്യേണ്ടിവരുന്ന പെണ്കുട്ടികളും, അവരുടെ കുടുംബവും അനുഭവിക്കുന്ന യാതനകളില് പരിഹാരം ഉണ്ടാക്കുവാന് ഉചിതമായത് കൈക്കൊള്ളണമെന്നും, 1937 ലെ ശരീയത് ആപ്ലീക്കേഷന് ആക്ട് അനുവദിക്കുന്ന അവകാശങ്ങള് സംരക്ഷിച്ചുകിട്ടുവാന് ജനാതിപത്യസംവിധാനത്തില് നിയമാനുസൃതമായി പരിശ്രമിക്കണമെന്നുമൊക്കെയായിരുന്നു പ്രസ്തുത യോഗത്തില് ചര്ച്ചചെയ്യപ്പെട്ട മുഖ്യതീരുമാനങ്ങള്. ഭരണഘടന അനുച്ഛേദം 25,26,27,28,29 വകുപ്പുകള് പ്രകാരം ഇന്ത്യയില് നിവസിക്കുന്ന മുസ്ലിങ്ങള് ഉള്പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്ക്ക് തങ്ങളുടെ വിശ്വാസം സംരക്ഷിച്ചുകിട്ടുവാന് അവകാശമുണ്ട്. സമീപകാലത്ത് കനത്ത വെല്ലുവിളികളാണ് ഈ മേഖലയില് സമുദായം നേരിട്ടുകൊണ്ടിരിക്കുന്നത്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, സ്വത്ത് ഇത്യാദി വിഷയങ്ങളില് 1957 ല് രൂപം കൊണ്ട മുസ്ലിം വ്യക്തിനിയമാനുസരണവും, 1937 ലെ ശരീഅത്ത് ആപ്ലിക്കേഷന് പ്രകാരവും സമുദായത്തിന് തീരുമാനങ്ങള് കൈകൊള്ളാവുന്നതാണെന്ന് വ്യവസ്ഥചെയ്യുന്നു. അതുകൊണ്ടുതന്നെ, 18 വയസ്സിനു മുമ്പേ നടന്ന മുസ്ലിം വിവാഹങ്ങള് അസാധുവായി കണക്കാക്കേണ്ടതില്ലെന്നും, അവ സാധാരണ വിവാഹം പോലെ നീതിയുക്തമാണെന്ന് പല സന്ദര്ഭങ്ങളിലും നീതിപീഠം വിലയിരുത്തുകയുണ്ടായി. 1957 ലെ മുസ്ലിം വിവാഹനിയമവും, 2006 ലെ ശൈശവ വിവാഹ നിരോധന നിയമവും, 1890 ലെ ഗാര്ഡിയന് ആന്റ് വാട്സ് ആക്ടും വിശദമായി പഠിച്ച ശേഷമാണ് മുസ്ലീം പെണ്കുട്ടികള്ക്ക് ഋതുമതിയാകലാണ് വിവാഹപ്രായം; മറിച്ച് പതിനെട്ട് വയസ്സാകണമെന്നില്ല എന്ന് ഡല്ഹി ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. 2012 ല് മെയ് മാസം, ശുമൈല (15 വയസ്) എന്ന പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്ത കേസില് ഡല്ഹി ഹൈക്കോടതി ജസ്റ്റിസുമാരായ ജസ്റ്റിസ് രവീന്ദ്രഭട്ട്, ജസ്റ്റീസ് എസ്. പി. ഗാഗ് എന്നിവരാണ് പ്രസ്തുത സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇതിനു സമാനമായ മറ്റൊരു കേസിലും ഇതുപോലെയുള്ളൊരു വിധിന്യായം 1970 ല് കേരള ഹൈക്കോടതിയിലും ഉണ്ടായിട്ടുണ്ട്. കൂടാതെ, 1957 ലെ മുസ്ലീം വിവാഹനിയമത്തില് പുരുഷന് 21 ഉം, സ്ത്രീക്ക് 18 ഉം വയസാണ് കുറഞ്ഞ വിവാഹപ്രായം എന്ന് എവിടേയും പറയുന്നില്ല. മാത്രമല്ല, 2006 ലെ ശൈശവ വിവാഹ നിരോധന നിയമപ്രകാരം 21 വയസ് തികയാത്ത പുരുഷന്റേയും, 18 വയസ് തികയാത്ത പെണ്കുട്ടിയുടേയും വിവാഹം അസാധുവാണെന്നും പറയുന്നില്ല. ഇത്രയും വസ്തുനിഷ്ഠാപരമായ വിധിന്യായങ്ങളും, ന്യായവാദങ്ങളും നിലനില്ക്കെയാണ് കേവലം ചില സങ്കീര്ണ്ണതകളുടെ പേരില് തികച്ചും ഒറ്റപ്പെട്ട സംഭവങ്ങളില് പോലീസും, കോടതിയും കല്ല്യാണം മുടക്കാന് കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. ഇത് സമുദായ ഗതിയെ മൂക്കുകയറിടാനും, സംഘടനാ പരമായ ധ്രുവീകരണം തടയുവാനും, വിശുദ്ധനൈതീകതയെ കൂട്ടില്കയറ്റുവാനും വേണ്ടിയല്ലാതെ മറ്റെന്തിനുവേണ്ടിയാണെന്നു എത്രയാലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

കൗമാരവിവാഹത്തെ തള്ളിപ്പറയുന്ന നവീകരണ വാദികള് ഉന്നയിക്കുന്ന പ്രധാന ന്യൂനത ഈ പ്രായത്തില് ഒരു കുടുംബ ജീവിതത്തിനുള്ള “പക്വത” പെണ്കുട്ടികള്ക്കുണ്ടാവില്ല എന്നതാണ്. ഇതില് യാതൊരു അടിസ്ഥാനവുമില്ല. 16 വയസായിട്ടും ഇല്ലാത്ത പക്വതയും, വിവേകവും കേവലം കണ്ടുകൊല്ലത്തിനുള്ളില് ഗോഡൗണില് അരി ഇറക്കുംപോലെ ലോഡ് കണക്കിന് തലയിലേയ്ക്കിറങ്ങിവരുമെന്നുപറയുന്നത് എന്ത് ശാസ്ത്രീയ പഠനത്തിന്റെ വെളിച്ചത്തിലാണ് ?.. പക്വത പൂര്ത്തീകരിക്കാന് രണ്ടുകൊല്ലത്തെ കാലാവധി മതിയെന്നു നിര്ണ്ണയിച്ചതാരാണ്. എന്നാല്, 18 ലും, 20 ലും 25 ലുംവരെ പക്വതയെത്താത്ത പെണ്കുട്ടികളുടെ കാര്യം എന്തുചെയ്യും ? എന്നാല് ഈ ഹൈടെക് അത്യന്താധുനീക യുഗത്തില് കൗമാരത്തിനുമുമ്പേതന്നെ ചില പൈങ്കിളി ചാനലുകള് മത്സരബുദ്ധിയോടെ ആവശ്യത്തിലേറെ പക്വത കോരിച്ചൊരിഞ്ഞു കൊടുക്കുന്നുണ്ട്. ഇതുപോരാഞ്ഞ് ചില പാശ്ചാത്യ വെബ്സൈറ്റുകളുടെ കഥ പറയേവേണ്ട. മനഃശാസ്ത്ര കേന്ദ്രീകൃതമായ ആധുനീക വിദ്യാഭ്യാസവും, മാറിയ സാമൂഹ്യ ചുറ്റുപാടുകളും നല്കുന്ന അതിരുവിട്ട അറിവുകള് പെണ്കുട്ടികളെ അസാധാരണമാംവിധം പക്വരാക്കുവെന്നത് വിതര്ക്കിതമായ കാര്യമാണ്. ഇക്കാലത്ത് പ്രൈമറിക്ലാസില് പഠിക്കുന്ന പെമ്പിള്ളേര് മണിമണിപോലെ “പക്വത” മൊഴിയുന്നതു കേട്ടാല് പത്തു പെറ്റ തള്ളച്ചി വരെ അന്ധാളിച്ചുപോകും. അതുപോട്ടെ, പെമ്പിള്ളേര്ക്ക് പക്വതതന്നെ വേണമെന്നു ശഠിച്ചാല് ഈ പക്വതയും, വിവരമൊന്നുമല്ല കലത്തിലിട്ടു പുഴുങ്ങി മധുവിധുരാവുകളില് മൂന്നു നേരം ഉരുട്ടി കഴിക്കുന്നത്. സാധാരണ വീടുകളില്, വിവാഹാനന്തരം ഉടനെയൊന്നും ആരും കുടുംബമുണ്ടാക്കി മാറിതാമസിക്കുകയൊന്നുമില്ല.

പ്രാരംഭജീവിതം രക്ഷിതാക്കള്ക്കൊപ്പമാണ്. അതുകൊണ്ട് സ്വന്തം നിലയില് അല്പം പക്വത കുറവാണെങ്കില്തന്നെ അത് രക്ഷിതാക്കള് അഡ്ജസ്റ്റ് ചെയ്തോളും. അതല്ല, പക്വതയും വിവരവും വന്നിട്ടു പെണ്ണിനെ കെട്ടിച്ചാല് മതിയെങ്കില് പക്വത ഒരുവഴിക്ക് വരുമ്പോള് പെണ്ണ് വേറെ വഴിക്കും പോയ്ക്കളയും. പിന്നെയുള്ളത് ആരോഗ്യ പ്രശ്നങ്ങളാണ്. പ്രസവാദികാര്യങ്ങളില്ന്മേലുള്ള ശരീരക്ഷമത ഒരു പ്രീ മാരിറ്റല് കൗണ്സിലിംഗിലൂടെ ബോധവല്ക്കരിച്ച് പരിഹരിക്കാവുന്ന കാര്യമേയുള്ളൂ.

പിന്നെയുള്ള കടുത്ത വിമര്ശനം പെണ്കുട്ടികളുടെ വിദ്യാഭ്യാസം തകരാറിലാകുന്നുവെന്നതാണ്. സത്യത്തില് വിദ്യാഭ്യാസവും, വിവാഹവും തമ്മില് ഒരു ബന്ധവുമില്ല. കേരള വിദ്യാഭ്യാസ വകുപ്പ് മന്ത്രി, ശ്രീ. അബ്ദു റബ്ബിന്റെ വാക്കുകളില് പറഞ്ഞാല്, “മുസ്ലിം പെണ്കുട്ടികളുടെ വിവാഹപ്രായം 16 ആക്കിയത് പ്ലസ് ടു പഠനത്തെ ബാധിക്കില്ല. പഠനം അതിന്റെ വഴിക്കും, വിവാഹം മറ്റൊരു വഴിക്കും നടക്കും”... പഠനത്തോട് അഭിരുചിയുള്ള ലക്ഷ്യബോധമുള്ള പെണ്കുട്ടികളാണെങ്കില് മണവാട്ടിയെന്നല്ല ഏത് പ്രതികൂല സാഹചര്യത്തിലും വാശിയോടെ പഠിച്ച് ഉത്തുംഗശൃംഗത്തിലെത്തും. മറിച്ച്, പഠനത്തേക്കാളുപരി രത്യാഭിലാഷങ്ങളെ താലോലിക്കുന്ന പെണ്കുട്ടികളാണെങ്കില് പഠിക്കാന് പള്ളിക്കൂടത്തില് വിട്ട് മറ്റുള്ളവരെ കഷ്ടത്തിലാക്കുന്നതിനേക്കാള് നല്ലത് എത്രയും പെട്ടന്ന് കെട്ടിച്ചുവിടുന്നതാണ്. കൗമാരകാലത്ത് പ്രലോഭനങ്ങളുമായിട്ടാണ് വിദ്യാര്ത്ഥികള്ക്ക് മല്ലയുദ്ധം നടത്തേണ്ടിവരുന്നത്. ഈ യുദ്ധത്തില് അചഞ്ചലരും, നിശ്ചയദാര്ഢ്യക്കാരുമായവര് നിര്ബാധം അതിജീവിച്ച് മുന്നേറുന്നു. പ്രലോഭനങ്ങള്ക്ക് വശപ്പെടുന്ന തരളിത ഹൃദയര്ക്ക് ഏകാഗ്രതയോടെ അനുഷ്ടിക്കേണ്ട ഉയര്ന്ന വിദ്യാഭ്യാസം വഴങ്ങില്ല. ഈ വിഭാഗത്തില്പ്പെടുന്ന പെണ്കുട്ടികളില് വിദ്യാഭ്യാസ മുതല്മുടക്ക് നടത്തി കായ്ഫലം കാത്തിരിക്കുമ്പോഴാണ് ചില സാമൂഹ്യപരമായ അപകടങ്ങള് പിണയുന്നത്. ഒരു യാഥാസ്ഥിക ഇസ്ലാമിക സമൂഹത്തില് എത്ര പ്രതികൂല സാഹചര്യത്തിലായാലും പെണ്കുട്ടിയുടെ അധീനതയിലല്ല കുടുംബം നിലനിന്നുപോകേണ്ടത്. പുരുഷകേന്ദ്രീകൃതമായ പാരമ്പര്യം തന്നെയാണ് മഹത്തരവും, ശ്ലാഘനീയവും. അതുകൊണ്ട് പ്രായോഗികജീവിതഭാരം പുരുഷന്റെ ചുമലിലിരിക്കെ അവന്റെ തൊഴില്പരമായ അവസരങ്ങള് കവര്ന്നെടുത്തുകൊണ്ട് സ്ത്രീകള് മുന്നേറുന്നതിനോട് ലേഖകന് തീര്ത്തും വിയോജിക്കുന്നു. അതിന്റെ പ്രത്യാഘാതമായിട്ടാണ് ഇവിടെ അഭ്യസ്ഥവിദ്യരായ യുവാക്കള് തൊഴിലില്ലാതെ ഗതികിട്ടാത്ത ആത്മാക്കളായി അലയുന്നത്. പെണ്കുട്ടികളുടെ വിദ്യാഭ്യാസം ഒരുപരിധിവരെ നല്ലതാണ്. അത് അമിതമായാല് പുരുഷസമൂഹത്തിന്റെ അതിജീവനത്തിനു ഭീഷണിയാകുന്നതിനു പുറമേ, തൊഴില്പരമായ സാമൂഹ്യ അസന്തുലിതാവസ്ഥയ്ക്കു കാരണമാവുകയും ചെയ്യും. കുട്ടികളെ യഥാവിധി പരിചരിക്കലും, ഭര്തൃശുശ്രൂഷയുമാണ് ഒരു സ്ത്രീയുടെ ആത്യന്തികമായ ചുമതലയാണെന്നിരിക്കെ ഔദ്യോഗികപരമായ ബാധ്യതകള്കൂടി സ്ത്രീയുടെ ചുമലില് വന്ന്വീഴുമ്പോള്, സമീപകാലത്തെ പഠനങ്ങള് വ്യക്തമാക്കുന്നത് സ്ത്രീകളില് വല്ലാത്തൊരു മാനസ്സികപിരിമുറുക്കവും, ചില മനോവൈകല്യങ്ങള്ക്കും കാരണമാകുന്നുവെന്നാണ്. ഉദ്യോഗസ്ഥ വനിതകളില് 65 ശതമാനം പേരുടേയും കുടുംബജീവിതം കടുത്ത അസ്വാരസ്യങ്ങളിലൂടെയാണ് ഒരുവിധം മുന്നോട്ടുപോകുന്നത്. ഇത് വളര്ന്നുവരുന്ന കുട്ടികളില് വിഷാദരോഗത്തിനും, അക്രമവാസനയ്ക്കും വഴിവയ്ക്കും. അതുകൊണ്ടുതന്നെ, അടിസ്ഥാനപരമായി ഒരു സ്ത്രീയ്ക്കാവശ്യം പി.എച്ച്.ഡിയോ, കളക്ടര് ഉദ്യോഗമോ മറ്റൊന്നുമല്ല; മറിച്ച് വീട്ടില് കഞ്ഞിയുംകറിയും വയ്ക്കാനും, കെട്ടിയവനേയും, മക്കളേയും നോക്കാനുമുള്ള സന്നദ്ധതയും, സൗകര്യവുമാണ്. അമിത വിദ്യാഭ്യാസവും, ഉയര്ന്ന ഉദ്യോഗപദവിയും മിക്ക സ്ത്രീകളിലും നിരാശ്രയബോധപരമായ ധാര്ഷ്ട്യവും, തന്റേടവും, തന്പ്രമാണിത്ത അഹംഭാവവും ഉണ്ടാക്കുകയും, സ്ത്രീപക്ഷ നിയമങ്ങള്വച്ച് പുരുഷനെ വറുതിയ്ക്കു നിര്ത്തുകയും, പൗരോഹിത്യ ശാസനകളേയും, കീഴ്വഴക്കങ്ങളേയും അവജ്ഞയോടെ ധിക്കരിക്കുകയും ചെയ്യുന്നതായിട്ടാണ് കണ്ടുവരുന്നത്. വിവാഹം സ്ത്രീകള്ക്കുള്ള പുരുഷവര്ഗ്ഗത്തിന്റെ ബന്ധനമാണെന്നും, പുരുഷന്റെ ദാസ്യവൃത്തി ചെയ്ത് നാലു ചുവരുകള്ക്കുള്ളില് എരിഞ്ഞു തീരേണ്ടവളല്ല സ്ത്രീ എന്നും, സ്ത്രീ വഹിക്കുന്ന ഭാരങ്ങളില് ഒന്ന് പുരുഷ മേല്ക്കോയ്മയാണെന്നുമുള്ള വനിതാവിമോചന ആശയങ്ങള്കൊണ്ട് പുരുഷസമൂഹത്തിനെതിരെ പടവാളെടത്ത്് സാമൂഹ്യദ്രോഹികളായി മാറുന്ന കാഴ്ചയാണ് നമ്മുക്കുചുറ്റും കാണുന്നത്. ഇക്കൂട്ടര് ഏറെ താമസിയാതെതന്നെ സ്വന്തംനിലയില് പള്ളി പണിത് വനിതാഇമാമായി നിന്ന് ഖുത്തുബ ഓതിയെന്നും വരും. അതുകൊണ്ട്, അമിത വിദ്യാഭ്യാസത്തിനു പിന്നാലെ പെണ്കുട്ടികളെ പറഞ്ഞയക്കാതെ നേരത്തെതന്നെ വിവാഹം ചെയ്യിച്ച് കുടുംബപരമായ ചുമതലകളിലും, ഉത്തരവാദിത്വങ്ങളിലും അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്, പഠിക്കണമെന്നു നിര്ബന്ധബുദ്ധിയുള്ള സാമ്പത്തികം കുറഞ്ഞ കുടുംബത്തിലെ പെണ്കുട്ടികള്ക്ക് സാമ്പത്തിക ഭദ്രതയുള്ളവരെ വിവാഹം കഴിച്ച് അവക്കു പഠിക്കുവാനുള്ള സാഹചര്യത്തോടെ ഭാവി ശോഭനമാക്കാവുന്നതാണ്. ഇസ്ലാമിക സമൂഹത്തില് വനിതാ ഗൈനക്കോളജിസ്റ്റും, വനിതാ നേഴ്സുമൊക്കെ ആവശ്യമാണ്. അപ്പോഴും പെണ്കുട്ടികളുടെ നേരത്തെയുള്ള വിവാഹമാണ് സാധൂകരിക്കപ്പെടുന്നത്.

മറ്റൊരു പ്രധാന പ്രശ്നം ലൈംഗിക ചൂഷണമാണ്. ഇന്ത്യന് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് പോപ്പുലേഷന് സയന്സും, ഇന്ത്യന് പോപ്പുലേഷന് കൗണ്സിലും സംയുക്തമായി നടത്തിയ ഒരു സര്വ്വേ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനുവേണ്ടി കേന്ദ്ര ആരോഗ്യ മന്ത്രി ഗുലാംനബി ആസാദ് പുറത്തിറക്കുകയുണ്ടായി. ഈ സര്വ്വേ പ്രകാരം 24 ശതമാനം പെണ്കുട്ടികളും തങ്ങളുടെ 15 വയസ്സിനു മുമ്പ് ലൈംഗിക ബന്ധത്തില് ഏര്പ്പെട്ടിട്ടുള്ളതായി രേഖപ്പെടുത്തുന്നു. അതുപോലെതന്നെ, 21 ശതമാനം യുവതികളും, 25 ശതമാനം യുവാക്കളും 18 വയസ്സിനു മുമ്പ് ലൈംഗികബന്ധത്തില് ഏര്പ്പെട്ടിട്ടുള്ളതായി സമ്മതിക്കുന്നു. ആന്ധ്രപ്രദേശ്, ബീഹാര്, ത്സാര്ഖണ്ഡ്, രാജസ്ഥാന്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവ കേന്ദ്രീകരിച്ചു നടത്തിയ ഞെട്ടിപ്പിക്കുന്ന ഈ സര്വ്വേയുടെ അന്തസത്ത 18 വയസ്സിനു മുമ്പ് നാലിലൊന്ന് പെണ്കുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയരാകുന്നുവെന്നാണ്, പ്രലോഭനങ്ങള്ക്കും, വികാരങ്ങള്ക്കും വളരെ എളുപ്പം വശപ്പെടുന്ന ഈ പ്രായത്തില് കിളുന്ത് പെണ്ണിന്റെ ഏറ്റവും സ്വാദിഷ്ടമായ കന്യകത്വം കവരാന് കൊതിപൂണ്ട് വട്ടമിട്ടുപറക്കുന്ന കാമക്കഴുകന്ന്മാരുടെ ആക്രമണത്തിനു സംരക്ഷണം നല്കാന് ഭരണകൂട നിയമങ്ങളും, സംവിധാനങ്ങളും തികച്ചും പരാജയമാണെന്നു പൗരസമൂഹത്തിനു ഇതിനോടകം ബോധ്യമായ പശ്ചാത്തലത്തില് ഇനി ഒറ്റ മാര്ഗ്ഗമേ മുമ്പിലുള്ളൂ; അതാണ് നേരത്തേയുള്ള വിവാഹം. അതല്ലെങ്കില്, നിധി കാക്കുന്ന ഭൂതത്തേപ്പോലെ കണ്ണിലെണ്ണയൊഴിച്ച് തങ്ങളുടെ കണ്ണിലുണ്ണിയായ പെണ്മക്കളെ ഭയവിഹ്വലതയോടെ വര്ഷങ്ങളോളം കാത്തുസംരക്ഷിക്കേണ്ട സ്ഥിതിയോടെ രക്ഷിതാക്കള്ക്ക് കഴിയേണ്ടിവരും. എല്ലാവരുംതന്നെ ആഗ്രഹിക്കുന്നത് എത്രയും നേരത്തെ തങ്ങളുടെ ചുമതലകള് നിര്വ്വഹിക്കാണ്. തങ്ങളുടെ മക്കള് ലൈംഗിക ചൂഷണത്തിനു ഇരയായി മാനവും, ജീവനും പോകുന്നതിനേക്കാള് എത്രയോ നല്ലതാണ് എത്രയും പെട്ടന്നുള്ള വിവാഹം. ഇത് അന്യായമാണെന്നു വാദിക്കുന്ന വനിതാ വിമോചനക്കാരാരും പീഢനത്തിനു വിധേയയായ പെണ്കുട്ടിയുടെ ഉത്തവാദിത്തം ഏറ്റെടുക്കാന് തയ്യാറാവില്ല; മറിച്ച് ഒരു പീഢന രക്തസാക്ഷിയെ കിട്ടിയതിന്റെ വീതംവയ്ക്കലും, മുതലെടുപ്പുകളുമാണ് ഉണ്ടാകാന് പോകുന്നത്.

ഇതുകൂടാതെ ഒരുവിഭാഗം മുസ്ലിം ജനത വിശ്വസിക്കുന്ന ഒരു പ്രത്യേകതരം വസ്തുതയുണ്ട്. “ലൗ ജിഹാദ്” എന്ന ഭീകരനാമത്തിലാണ് അത് അറിയപ്പെടുന്നത്. ‘തട്ടത്തില് മറയത്ത്’ എന്ന ശ്രീനിവാസന് സിനിമ ഇതിനൊരു ആഹ്വാനമാണെന്നു പറയപ്പെടുന്നു. നല്ല നാടന് ‘മൊഞ്ചത്തിയായ ഉമ്മിച്ചിപ്പെണ്ണിനെ’ ചൂണ്ടക്കൊളുത്തിട്ട് പിടിച്ച് മതം മാറ്റിക്കൊണ്ടുപോകാന് ചുള്ളന് ചെക്കന്ന്മാരെ വര്ഗ്ഗീയ വികാരത്തോടെ വിനിയോഗിക്കുന്ന ചില തല്പര കക്ഷികള് ഉണ്ടെന്നും, എന്തുവിലകൊടുത്തും അത്തരം ഗൂഢ ഉദ്യമങ്ങളെ തടയിട്ട് സമുദായത്തിലെ പെണ്ശോഷണം ഇല്ലാതാക്കണമെന്നും ഉദ്ദേശിക്കുന്ന ഒരു വിഭാഗത്തിന്റെ ആശങ്ക നേരത്തെയുള്ള വിവാഹത്തെ അനുകൂലിക്കുന്നവരോടൊപ്പമുണ്ട്.

“നിങ്ങള് സംതൃപ്തമായ കുടുംബ ജീവിതം കാംക്ഷിക്കുന്നുവോ?.. എങ്കില് ഒരു ഒന്പതുകാരിയെ വധുവാക്കൂ ...” എന്ന് മുസ്ലിം രാജ്യമായ യമനില് ഒരു പഴഞ്ചൊല്ലുണ്ട്. അതുപോട്ടെ, ശൈശവവിവാഹം നിലനിന്നിരുന്ന പഴയ കാലത്ത് മഹാത്മാഗാന്ധിയുള്പ്പെടെയുള്ളവര് നേരത്തെ വിവാഹം ചെയ്തതുപോലെ കൗമാര വിവാഹം സാര്വ്വത്രികമാക്കണം എന്നൊന്നും ആരും ആവശ്യപ്പെടുന്നില്ല. ആവശ്യപ്പെടുന്നത് ഇത്രമാത്രം, അനിവാര്യമായ ചില സാഹചര്യങ്ങളില് പെണ്കുട്ടിയുടെ സമ്മതത്തോടുകൂടി 15 ഉം പതിനാറും വയസ്സില് വിവാഹം കഴിപ്പിക്കേണ്ടിവന്നാല് സങ്കീര്ണ്ണമായ നിയമപ്രശ്നങ്ങള് ഉയര്ത്തിക്കാട്ടി പെണ്കുട്ടിയുടെ തുടര്ന്നുള്ള ജീവിതത്തില് കഷ്ടപ്പാടുകള് ഉണ്ടാകേണ്ടിവരരുത്. നിയമങ്ങള് ജനങ്ങളെ കഷ്ടപ്പെടുത്താനല്ല, മറിച്ച് സുഗമമായ ജീവിതത്തിന് സഹായിക്കുവാനാണ്. 1929 ല് പാര്ലമെന്റില് പാസാക്കിയെടുത്ത ശൈശവവിവാഹ നിരോധന നിയമപ്രകാരം 18 വയസ്സിനു താഴെയുള്ള പെണ്കുട്ടികളെ വിവാഹം കഴിപ്പിക്കുകയോ, അതിനു സഹായം ചെയ്യുകയോ ചെയ്യുന്നത് രണ്ടുവര്ഷം വരെ തടവു ശിക്ഷയും പിഴയും ലഭിക്കാവുന്ന ക്രിമിനല് കുറ്റമാണ്. അന്ന്, പെണ്കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 18 അല്ല. 14 വയസ്സായിരുന്നു. പിന്നീട് 1978 ല് ഈ നിയമത്തിനു ഭേദഗതി വരുത്തിക്കൊണ്ടാണ് കുറഞ്ഞ വിവാഹപ്രായം 18 വയസ്സായി നിശ്ചയിച്ചിരിക്കുന്നത്. നാളന്നുവരെ പെണ്കുട്ടികളുടെ വിവാഹപ്രായം 14 ആയിരുന്നുവെന്നതാണ് പരമസത്യം. അന്നൊന്നും ആകാശം ഇടിഞ്ഞു വീണിട്ടില്ല. ലോകത്തെ പകുതിയിലേറെ രാജ്യങ്ങളിലും വിവാഹപ്രായം 17 ഉം, 15 നും ഇടയ്ക്കാണ്. സൗത്ത് അമേരിക്കയിലെ ബോളിവിയ, പാരാഗ്വേ, മെക്സിക്കോ, ആസ്ട്രേലിയ, റഷ്യ, അഫ്ഗാനിസ്ഥാന്, ഹോങ്ങ്കോഗ്, ഇറാന്, ഇന്ത്യോനേഷ്യ, ജാപ്പാന് എന്നിവിടങ്ങളിലെല്ലാം 15 നും 18 നുമിടയ്ക്കാണ് പെണ്കുട്ടികളുടെ നിയമാനുസൃതമായ വിവാഹപ്രായം. എന്നാല്, സൗത്ത് കരോളിനയില് പെണ്കുട്ടി ഗര്ഭിണിയാണെന്നു ഒരു ഭിഷഗ്വരന് സാക്ഷ്യപ്പെടുത്തിയാല് എപ്പോള്വേണമെങ്കിലും വിവാഹം കഴിക്കാവുന്നതാണ്. ഇതിനെല്ലാം ഉപരി, ലോകത്ത് നടക്കുന്ന ശൈശവവിവാഹങ്ങളില് 40 ശതമാനവും ഇന്ത്യയിലാണെന്നിരിക്കെ, ബാലവിവാഹത്തിനെതിരെ ഐക്യരാഷ്ട്ര സഭയില് ആദ്യമായി കൊണ്ടുവന്ന പ്രമേയത്തെ പിന്താങ്ങുവാന് ഇന്ത്യ തയ്യാറായില്ല എന്നതില് നിന്നും ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ അടിസ്ഥാനനിലപാട് സുവ്യക്തമാണെന്നിരിക്കെ ചില ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില് അങ്ങിങ്ങായി നടക്കുന്ന ഒറ്റപ്പെട്ട കൗമാര വിവാഹങ്ങളില് പോലീസിനെ ഉപയോഗിച്ച് പീഡിപ്പിച്ച് ന്യൂനപക്ഷക്കാരുടെ മേല് കുതിരകയറുന്ന ഭരണകൂട തീവ്രവാദത്തെ തിരിച്ചറിയാന് പൊതുസമൂഹം തയ്യാറാകണം.

“മൂന്നു പെണ്കുട്ടികള് ഉള്ളവര് ഭാഗ്യവാന്മാരാണെ”ന്നു അനുശാസിച്ച പ്രവാചകന് സ്ത്രീത്വത്തെ അങ്ങേയറ്റം മാനിച്ചിരുന്നുവെന്നും, വിവാഹത്തില് പെണ്കുട്ടിയുടെ പൂര്ണ്ണസമ്മതത്തിനു ഉയര്ന്ന പ്രാധാന്യം കല്പിച്ചിരുന്നുവെന്നും കാണിക്കുന്ന ഒരു സംഭവം ഖുര് ആനില് രേഖപ്പെടുത്തിവച്ചിട്ടുണ്ട്. എം. എന് കാരശ്ശേരി അതിനെ വ്യാഖ്യാനിക്കുന്നത് ഇപ്രകാരമാണ്. ഒരു പെണ്കട്ടി മുഹമ്മദ് നബിയുടെ സദസില് വന്ന് തന്റെ അറിവോ അനുവാദമോ ഇല്ലാതെ പിതാവ് തന്നെ ഇന്നയാള്ക്ക് കെട്ടിച്ചുവെന്ന് പരാതിപ്പെട്ടു. നബി ചോദിച്ചു. “നിനക്ക് പ്രായപൂര്ത്തിയായിട്ടുണ്ടോ?..” “ആയിട്ടുണ്ട്”. “നിന്നോടു ചോദിക്കാതെയാണോ കെട്ടിച്ചത്?” ... “അതെ..” “ശരി .. ഇഷ്ടമില്ലെങ്കില് ആ വിവാഹം നിനക്ക് റദ്ദാക്കാം. പെണ്കുട്ടിയുടെ അനുവാദമില്ലാതെ നടക്കുന്ന നിക്കാഹിന് നിയമസാധുതയില്ല....” ഇതാണ് ഉദാത്തമായ പ്രവാചകതീരുമാനം. ഇതിന്റെ അന്തസത്ത ഉള്ക്കൊണ്ടുതന്നെയാണ് തുടര്ന്നുവന്ന കര്മ്മശാസ്ത്രങ്ങള് വിരചിതമായത്. ഇന്ത്യന് ജനാധിപത്യവും, ഇസ്ലാം മതനിയമ സംഹിതകളും ഒരുപോലെ പെണ്കട്ടികള്ക്ക് അനുവദിച്ചു നല്കിയ അവകാശമാണ് സ്വന്തം വിവാഹത്തില് ഉചിതമായ തീരുമാനം കൈകൊള്ളാനുള്ള അവകാശം. ആരുടെ ബീജത്തെയാണ് തന്റെ ഉദരത്തില് വഹിക്കേണ്ടതെന്ന് നിശ്ചയിക്കാനുള്ള ജീവശാസ്ത്രപരമായ അവകാശമാണത്. അഥവാ, വ്യക്തമായ തീരുമാനം എടുക്കാന് കഴിയാത്ത സാഹചര്യത്തില് ഒരു പെണ്കുട്ടിയുടെ വിവാഹം നടന്നാല് ആ പെണ്കുട്ടി വളര്ന്ന് പതിനെട്ട് വയസ്സ് കഴിഞ്ഞാല് പ്രസ്തുത വിവാഹബന്ധം തൃപ്തികരമല്ലെങ്കില് ആ വിവാഹ ബന്ധം റദ്ദാക്കാന് കോടതിയെ സമീപിക്കാനുള്ള അധികാരം പെണ്കുട്ടിയ്ക്കു നല്കികൊണ്ടാണ് 2006 ലെ ശൈശവ വിവാഹ നിരോധന നിയമം രചിക്കപ്പെട്ടത്.

പെണ്ശരീരത്തിന്റെ ഘടനാപരമായ വ്യത്യാസം, ജനിതക കാര്യങ്ങള്, ലൈംഗിക ഹോര്മോണുകളുടെ വളര്ച്ച, വ്യായാമക്കുറവ്, ഭക്ഷണരീതിയില് വന്ന മാറ്റങ്ങള്, ചാനലുകളും, ചലച്ചിത്രങ്ങളും, മാധ്യമങ്ങളും നല്കുന്ന ലൈംഗികാഭിപ്രേരണ, ചുറ്റുപാടുകള് നല്കുന്ന പ്രചോദനം ഇങ്ങിനെയുള്ള അനവധി യാഥാര്ത്ഥ്യങ്ങള്ക്കൊപ്പം ഒരു പെണ്കുട്ടി വളര്ന്ന് പതിനഞ്ചു വയസ്സാകുന്നതോടെ അവളുടെ ശരീരവും, മനസ്സും ക്ഷണേന വളര്ന്ന് അതിരുവിട്ട വഴികളിലേയ്ക്ക് ചിന്തകളും, മനോവ്യാപാരങ്ങളും കാട് കേറിപ്പോകുന്നു. ആധുനീക ശാസ്ത്ര സാങ്കേതിക യുഗത്തില് നാഗരീക സംസ്ക്കാരത്തോടെ ജീവിക്കുന്ന പെണ്കുട്ടികള് കാണിക്കുന്ന അസാധാരണമായ പക്വത മുന്നിര്ത്തിയാണ് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം 16 വയസ് തികഞ്ഞവരെ മുതിര്ന്ന പൗരന്മാരായി കണക്കാക്കണമെന്നു സര്ക്കാരിനോട് ശുപാര്ശ ചെയ്തിട്ടുള്ളത്. എന്നാല് പൂര്ണ്ണ അനുമതിയോടെ ലൈംഗിക ബന്ധത്തില് ഏര്പ്പെടാവുന്ന പെണ്കുട്ടിയുടെ കുറഞ്ഞ പ്രായം 16 വയസ്സാണെന്നതും ഈ സന്ദര്ഭത്തില് ഓര്ക്കേണ്ടതുണ്ട്. ഈ മധുരപതിനാറിന്റെ മാധുര്യം ആസ്വദിക്കാന് വിവാഹം പാടില്ല, പകരം അവിഹിതമാകാം എന്നാണോ അര്ത്ഥമാക്കേണ്ടത്. ഈ വസ്തുതയെ അന്വര്ത്ഥമാക്കുംവിധം ആഗസ്റ്റ് മാസം 25 ന് ഡല്ഹി ഹൈക്കോടതിയുടെ ഒരു വിധിന്യായം പുറത്തുവരികയുണ്ടായി. കൗമാരക്കാരും പ്രായപൂര്ത്തിയാകാത്തവരും ലൈംഗിക ബന്ധത്തില് ഏര്പ്പെടുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് (കുശുമ്പ് കൊണ്ടാണോ എന്നറിയില്ല) ഡല്ഹി വനിതാ കമ്മീഷനും, പോലീസും നല്കിയ ഹര്ജ്ജി നിരസിച്ചുകൊണ്ടാണ് അഡീഷണല് സെഷന്സ് ജഡ്ജ് ധര്മേഷ് ശര്മ്മ ഇപ്രകാരമൊരു വിധികുറിച്ചത്. “.....കുട്ടികള്ക്കു നേരെയുള്ള ലൈംഗികാതിക്രമം തടയുന്ന പുതിയ നിയമപ്രകാരം പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയുമായി സമ്മതത്തോടെയുള്ള ശാരീരിക ബന്ധം കുറ്റകരമല്ല. 18 വയസ്സിനു താഴെയുള്ള ഒരാള്ക്ക് അയാളുടെ ശരീരവുമായി ബന്ധപ്പെട്ട ആനന്ദങ്ങള് അനുവദിക്കാതിരിക്കുന്നത് നല്ലതല്ല. ഇതില് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള് ഉണ്ടാകുന്നുവെങ്കില് വ്യക്തമായ ബോധവല്ക്കരണം നടത്താനുള്ള ഉത്തരവാദിത്തം പോലീസിനും, ഭരണകൂടത്തിനുമുണ്ട് .....” 15 വയസ്സുള്ള പശ്ചിമ ബംഗാള് സ്വദേശിനിയായ പെണ്കുട്ടിയെ ഒരു യുവാവ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നതായിരുന്നു ഈ വിധിന്യായം പുറപ്പെടുവിക്കാനുള്ള കേസിന്റെ പശ്ചാത്തലം. കേസിന്റെ നാനാവശങ്ങള് സൂഷ്മപഠനത്തനത്തിനു വിധേയമാക്കിയ കോടതിയുടെ നിരീക്ഷണം ഇപ്രകാരമായിരുന്നു.

“... പക്ഷേ, ഇവര് അനുരാഗപൂര്വ്വം ഒളിച്ചോടുകയായിരുന്നു. ശരീരിക ബന്ധം ഉണ്ടായത് പെണ്കുട്ടിയുടെ സമ്മതത്തോടെയായിരുന്നു. ഈ സമ്മതം മനപൂര്വ്വമായി നിയമവിരുദ്ധമായ കാര്യങ്ങള് ചെയ്യാന് വേണ്ടിയായിരുന്നില്ല. പിന്നീട് വിവാഹം ചെയ്തു. അതുകൊണ്ട് ഇവര് കുറ്റം ചെയ്തുവെന്ന് പറയാനാവില്ല. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചുവെന്നുകാട്ടി പെണ്കുട്ടിയുടെ ഭര്ത്താവിനെ വേണമെങ്കില് ജയിലില് അടയ്ക്കാം. ഇനി ഇവരുടെ സന്തോഷകരമായ കുടുംബജീവിതത്തിനു നിയമങ്ങള് കൊണ്ട് തടസ്സം സൃഷ്ടിക്കുന്നതില് അര്ത്ഥമില്ല. കുറ്റം ചെയ്തുവെന്ന് ആരോപിച്ച് അയാളെ ജയിലിലടച്ചാല് എന്തു ഗുണമാണ് ഉണ്ടാകുന്നത് ? ....” ദീര്ഘവീക്ഷണത്തോടെയുള്ള കോടതിയുടെ ഈ നിരീക്ഷണങ്ങള് തന്നെയാകട്ടെ തുടര്ന്നുള്ള സമാനമായ സംഭവങ്ങളിലും മാതൃകയാക്കി സ്വീകരിക്കേണ്ടത്. അതായത്, പൗരന്മാരുടെ സന്തോഷകരമായ ജീവിതം തന്നെയാണ് മുഖ്യം.

പ്രവാചക ഉദ്ബോധനം പോലെ സ്വന്തം വിവാഹത്തില് പെണ്കുട്ടിയുടെ തീരുമാനത്തിനു തന്നെയാണ് പ്രാമുഖ്യം. അത് സമൂഹം മാനിക്കണം. പക്ഷേ, വിവേക ശാലികളായ ‘ന്യൂ ജനറേഷന് പെമ്പിേള്ളരുടെ’ തീരുമാനം മറ്റൊന്നാണ്. മലപ്പുറം ജില്ലയിലെ പത്ത് കോളേജുകളിലായി പെണ്കുട്ടികളുടെ ഇടയില് നടത്തിയ ഒരു സര്വ്വേ വ്യക്തമാക്കുന്നത് 99 ശതമാനം പേരും മുസ്ലിം പെണ്കുട്ടികളുടെ വിവാഹപ്രായം 16 വയസ്സാക്കുന്നതിനെ അനുകൂലിക്കുന്നില്ലയെന്നാണ്. എം.ഇ.എസ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് സര്വ്വേ നടത്തിയത്. 4040 പെണ്കുട്ടികളില് 4003 പേരും വിവാഹപ്രായം കുറയ്ക്കുന്നതിന് എതിരാണ്. ഉന്നത വിദ്യാഭ്യാസം ഉള്പ്പെടെയുള്ള വിദ്യാഭ്യാസകാര്യങ്ങളില് നേരത്തെയുള്ള വിവാഹം തടസ്സമാകുന്നുവെന്നാണ് ഇവര് പറയുന്നത്. സര്വ്വേ ഫലം അത്ഭുതപ്പെടുത്തുന്നുവെന്നാണ് എം.ഇ.എസ് പ്രസിഡന്റ് ഫസല് ഗഫൂര് പ്രതികരിച്ചത്. ഈ സര്വ്വേയില് 99 ശതമാനം പേരും പ്രതികൂലിച്ചപ്പോള് കേവലം ഒരു ശതമാനം പേര് (അതായത് 37 പേര്) കൗമാര വിവാഹത്തെ പലകാരണങ്ങളാലും ന്യായീകരിക്കുന്നു. ഈ ഒരു ശതമാനം പെണ്കുട്ടികളുടെ താല്പര്യത്തെ സംരക്ഷിക്കേണ്ടതുണ്ട്. നാളെ അവര് വഴിപിഴച്ചുപോകരുത്. അവരുടെ കണ്ണുനീരിനു മുമ്പിലാണ് ലേഖകന് ഈ ലേഖനം സമര്പ്പിക്കുന്നത്. കാരണം, ഒരു കുനിയന് ഉറുമ്പ് മതി ഒരു പറ അരി കേടുവരുത്താന് ......

(അഭിപ്രായം ലേഖകന്റേതു മാത്രമാണ്, പുഴ.കോംമിന്റേതല്ല)

നാസര്‍ റാവുത്തര്‍, ആലുവ

ആലുവ
Phone: 9496181203
E-Mail: nazarrawther@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.