പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

മന്ത്രി പത്നിക്ക് നേരെ വീശിയ പുഷ്ക്കരശരക്കാറ്റ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.കെ. കൊടുങ്ങല്ലൂർ

അമേരിക്കയുടെ കിഴക്കന്‍ തീരങ്ങളില്‍ എണ്‍പത് കിലോമീറ്റര്‍ വേഗത്തില്‍ ‘ സാന്‍ഡി’ ആഞ്ഞടിച്ചപ്പോള്‍ അതിനേക്കാള്‍ വേഗത്തില്‍ വീശിയ മറ്റൊരു കൊടുങ്കാറ്റിന് സാക്ഷ്യം വഹിക്കുകയായിരുന്നു തിരുവനന്തപുരം വിമാനത്താവളം. കേന്ദ്രമന്ത്രിപദം ലഭിച്ച ‘ ഡല്‍ഹി നായര്‍’ ശശി തരൂരിനെ സ്വീകരിക്കുന്ന വേളയില്‍ അദ്ദേഹത്തിന്റെ പുതിയ ഭാര്യ സുനന്ദ പുഷ്ക്കറെയുടെ ദേഹത്ത് വീശിയ കരലാളന കുസൃതിക്കാറ്റിന്റെ ദ്രുതഗതി സാന്‍ഡിയേയും വെല്ലുന്നതായിരുന്നത്രെ. ഇക്കാര്യം ജനം അറിഞ്ഞത് സ്വീകരിക്കാനെത്തിയ യുവതുര്‍ക്കികളിലൊരുവനെ അവര്‍ കരണത്തടിച്ചപ്പോഴാണ്. പ്രവര്‍ത്തകരുടെ ആവേശകൈത്തരിപ്പിനാല്‍ ‘ എര്‍ത്തടി’ ക്കപ്പെട്ടപ്പോള്‍ അത് കേരളത്തിന്റെ തനതായ സ്വീകരണരീതിയാണെന്ന് അവര്‍ അറിഞ്ഞുകാണില്ല. അതുമല്ലെങ്കില്‍ നിയമസഭയിലെ വനിത വാച്ച് ആന്റ് വാര്‍ഡിന്റെ അനുഭവവും രക്ഷകന്‍ ചമഞ്ഞ ‘ ചീപ്പ് വിഴുപ്പി’ ന്റെ നെഞ്ചകം തകര്‍ത്ത കമന്റും വായിച്ചിരിക്കാനിടയില്ല. ഉണ്ടായിരുന്നെങ്കില്‍ അവര്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കാതെ എത്തുമായിരുന്നില്ലെന്നു വേണം വിചാരിക്കാന്‍.

കിരീടാവകാശി യുവരാജാവിന്റെ പ്രത്യേക താത്പര്യപ്രകാരം മന്ത്രിയായ ഈ ഡല്‍ഹി നായരുടെ മൂന്നാമൂഴ പത്നിപദം അലങ്കരിക്കുന്ന സുനന്ദ കേരളത്തിലേക്കു വരുമ്പോള്‍ കോണ്‍ഗ്രസുകാരുടെ ഉടുതുണി അഴിച്ച മുന്‍ അനുഭവങ്ങളും അവര്‍ക്കു ലഭിച്ച സ്വീകരണരീതികളെക്കുറിച്ചും അറിയാനും മുന്‍ കരുതലിനെക്കുറിച്ച് ഗൃഹപാഠം ചെയ്യാനും തയ്യാറാകേണ്ടതായിരുന്നു. അതിന്റെ കുറവാണ് ഇപ്പോഴുണ്ടായ ദുര്യോഗത്തിന് നിദാനം. മുമ്പൊരിക്കല്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കെ. കരുണാകരനു കോണ്‍ഗ്രസ്സുകാര്‍ നല്‍കിയ സ്വീകരണം കുപ്രസിദ്ധമാണ്. ഹാരാര്‍പ്പണം ചെയ്തു സ്വീകരിക്കുന്ന തിരക്കിനിടയില്‍ ഇടഞ്ഞ ആനയെ ഇരുവശങ്ങളിലും നിന്ന് കുന്തം കൊണ്ടു കുത്തി പാപ്പാന്‍മാര്‍ മെരുക്കുന്നതു പോലെ 'ആരാധകര്‍’ ഇരുപള്ളക്കിട്ടു താങ്ങിയ കൈപ്രയോഗം മരണം വരെ അദ്ദേഹം മറന്നിരുന്നില്ല. ആരാധക്കരുടെ’ പിന്നില്‍ നിന്നുള്ള കുത്തിന്റെ' തീഷ്ണതയില്‍ പുളഞ്ഞ അദ്ദേഹത്തിന്റെ വായില്‍ നിന്ന് ഉതിര്‍ന്ന ശാപവചനങ്ങളും പ്രാക്കും കോണ്‍ഗ്രസ്സുകാര്‍ വിശേഷിച്ച് ആന്റെണി കോണ്‍ഗസ്സുകാര്‍ അനുഭവിക്കുകയാണിന്. പാമോയില്‍ കേസ്സായിട്ടും ചാരക്കേസായിട്ടും. നേതാക്കന്മാരെ സ്വീകരിക്കുന്നതിനു കേരളീയര്‍ക്ക് കരുണാകരനെ സ്വീകരിച്ചതു പോലെ ചില തനത് രീതികളുണ്ട് ‘ കസവ് സാരി’ യുടുത്ത് മലയാളമങ്കയായി ചമയാന്‍ ബദ്ധപ്പെടുന്ന സുനന്ദ അതുമാ‍യി പരിചയപ്പെടേണ്ടതായിരുന്നു, കേരളത്തിലേക്കു വരും മുന്‍പേ മഹാവിഷ്ണുവിനാല്‍ ചതിക്കപ്പെട്ട മഹാബലിയെ ഓണനാളില്‍ കേരളീയര്‍ വരവേല്‍ക്കുന്നത് തൃക്കാക്കര അപ്പനെ ( മഹാവിഷ്ണു) പൂജിച്ചുകൊണ്ടാണ്. തൃക്കാക്കര അപ്പോ വായോ , എന്റെ പടിക്കലും വായോ ഞാനിട്ട പൂക്കളം കാണാനും വായോ, ആര്‍പ്പോ ഈറോ എന്നു ഉറക്കെ ഉതിര്‍ത്ത് മാവേലിയെ ക്ഷണിക്കുന്നത് പൂക്കളത്തില്‍ വച്ച് പൂജിക്കുന്ന തൃക്കാക്കരയപ്പനെ കാണാനാണ്! ഈ ചതിയും വൈരുദ്ധ്യവും ചോദിച്ചറിയാനും വായിക്കാനും സമയമില്ലെങ്കില്‍ ഒരു സേഫ്റ്റി പിന്നെങ്കിലും കരുതേണ്ടതായിരുന്നു കാശ്മീരിയായ സുനന്ദ.

യഥാര്‍ത്ഥ സാന്‍ഡി കേരളത്തില്‍ വീശിയില്ലെങ്കിലും ഇവിടെ ആഞ്ഞടിച്ചത് പുഷ്ക്കരശരനാണ്. ഒരു രൂപയുടേയും രണ്ടു രൂപയുടെയും അരി ഭക്ഷിക്കുന്ന കേരളീയ സമൂഹം പാചകവാതകസിലണ്ടറിലെ വാതകം കണക്കെ വിരേചനാവസരം കാത്ത് വികാരത്താല്‍ വീര്‍പ്പു മുട്ടിയാണ് കഴിയുന്നത്. ഇതു അരിയുടെ കുഴപ്പമാണൊ അടിയുടെ കുറവാണൊ എന്നു സന്ദേഹിക്കും വിധമാണു പീഢന വാ‍ര്‍ത്തകളുടെ പെരുമഴ. ശിക്ഷ കുറ്റവാളിക്കാണ്. കുറ്റത്തിനല്ല. ശിക്ഷ കൊണ്ട് കുറ്റവാളിക്ക് മന:പരിവര്‍ത്തനം ഉണ്ടാകാമെങ്കിലും കുറ്റത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനാവില്ല. കപട സദാചാരമാണ് നമ്മുടെ കുറ്റം.

പട്ടാളക്കാരുടെ വിനോദമാണല്ലോ സ്ത്രീപീഢനം. വിശേഷിച്ച് യുദ്ധകാലത്ത്. വിയറ്റ്നാമില്‍ ലിംഗം കൊണ്ട് യുദ്ധം ചെയ്യാനാണ് അമേരിക്കന്‍ പട്ടാളക്കാരോട് കല്‍പ്പിച്ചത്. ബലാത്സംഗം ഒരു മന:ശാസ്ത്രമുറയാണ് സൈനിക തന്ത്രത്തില്‍. 1932- ല്‍ ചൈനയില്‍ ജപ്പാന്‍ പട്ടാളക്കാരുടെ ബലാത്സംഗത്തിനിരയായി 223 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു. ഇതിനു പരിഹാരമെന്നോണം ജനറല്‍ ഒകാമുറയസൂചിയുടെ മസ്തിഷ്ക്കത്തില്‍ വിരിഞ്ഞ ആശയമാണ് കംഫര്‍ട്ട് സ്റ്റേഷനുകള്‍ അഥവാ പട്ടാളക്കാരുടെ ക്ഷേമത്തിനായി സ്ഥാപിക്കപ്പെട്ട മാനസികോല്ലാസ കേന്ദ്രങ്ങള്‍. ചെറിയ പണം നല്‍കിയാല്‍ അകത്തു പ്രവേശിക്കാനുള്ള ടോക്കണും ഗര്‍ഭനിരോധന ഉറയും കൊടുക്കും. അതേറ്റു വാങ്ങുന്ന പെണ്‍കുട്ടി രത്യാനന്ദവും. മലമൂത്ര വിരേചനശൗചാലയങ്ങള്‍ക്ക് കംഫര്‍ട്ട് സ്റ്റേഷന്‍ എന്ന പേരു വീണത് ഇതില്‍ നിന്നാണ്. ചൈന, കൊറിയ, തായ്‌വാന്‍, ഫിലിപ്പന്‍സ്, മലേഷ്യ, കിഴക്കല്‍ തിമൂര്‍ എന്നിവിടങ്ങളില്‍ നിന്ന് കടത്തിക്കൊണ്ടു വന്ന എണ്‍പതിനായിരം മുതല്‍ രണ്ടു ലക്ഷം വരെ പെണ്‍കുട്ടികളാണ് ജപ്പാന്‍കാരുടെ മാനസികോല്ലാസത്തിനായി നിയോഗിക്കപ്പെട്ടത്.

ശരാശരി പുരുഷനെ സംബന്ധിച്ചിടത്തോളം കടിച്ചു കീറിത്തിന്നാനുള്ള മാംസപിണ്ടമാണ് സ്ത്രീ. അനുസരണയുള്ള ദാസ്യ വേലക്കാരിയും കിടപ്പറയിലെ അടിമയുമാണവള്‍. മിന്നുന്ന വേഷഭൂഷാദികള്‍ കൊണ്ടലങ്കരിച്ച കഴുതയും. ആരോഗ്യകരമാ‍യ സ്ത്രീപുരുഷബന്ധം അന്യമായ കേരളീയര്‍ക്ക് വിവാഹമൊരു കാലാനുക്രമ ചടങ്ങു മാത്രം. സ്നേഹം തൊട്ടുതീണ്ടിയിട്ടില്ലാത്ത പ്രസ്തുത ബന്ധത്തിന്റെ മാനദണ്ഡം മാനസിക പൊരുത്തമല്ല. പണമോഹമോ പൊങ്ങച്ച പരിഗണനകളൊ ആണ്. ഈ പ്രണയരഹിത പരിഗണനകളാണ് കുടുംബജീവിതത്തെ ഇമ്പമല്ലാതാക്കുന്നത്. ഇതിന്റെ ഫലമായി സൃഷ്ടിക്കുന്ന അസംതൃപ്ത മനസ്സിലെ വീര്‍പ്പുമുട്ടുന്ന ആര്‍ജ്ജിത വികാരത്തിന്റെ സുഷിരം തേടിയുള്ള ബഹിര്‍ഗമനസ്ഫോടനമാണ് പീഢനം. ബസ്സിലെ വികൃതികളിലും രാഷ്ട്രീയ നേതാക്കന്മാരുടെ അവിഹിതബന്ധങ്ങളിലും കുഞ്ഞുങ്ങളോടുള്ള രതിവൈകൃതങ്ങളിലും പ്രകടമാകുന്നത് രോഗസ്ഥമായ ഈ സാമൂഹ്യവിരുദ്ധ മാനസികതകരാറാണ്. കപട സദാചാരമാ‍ണ് നമ്മുടെ കുറ്റം. അച്ഛന്‍ മകളെ പീഢിപ്പിക്കുന്നു, അമ്മ മകളെ പീഢകര്‍ക്ക് കാഴ്ചവയ്ക്കുന്നു എന്നിങ്ങനെ അരുതാത്തതെല്ലാം ചെയ്യുന്നത് നടപ്പുശീലമാക്കിയ കേരളീയര്‍ക്ക് ശിക്ഷ ഒരു പരിഹാരമല്ല. ലൈംഗിക വിദ്യാഭ്യാസം ഒരു പരിധിവരെ ഗുണം ചെയ്യും. ഡല്‍ഹി കേരളം എന്നിവിടങ്ങളെ അപേക്ഷിച്ച് ബോംബയിലാണ് സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതര്‍. ലൈസന്‍സുള്ള അവിടത്തെ വികാരവിരേചന സഹശയനാലയങ്ങളായിരിക്കാം അതിനു കാരണമെന്നു വേണം അനുമാനിക്കാന്‍. എല്ലാ വിധ തിന്മകളെയും മുച്ചൂടും എതിര്‍ത്ത ഗാന്ധിജി ബോംബയിലെ ഈ ‘ കംഫര്‍ട്ട് സ്റ്റേഷനു‘ കളെ വിമര്‍ശിച്ച് ഒരക്ഷരം ഉരിയാടാതിരുന്നത് അര്‍ത്ഥഗര്‍ഭമാണ്.

സി.കെ. കൊടുങ്ങല്ലൂർ


Phone: 04802804849




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.