പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഞാൻ സ്‌നേഹം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മാധവിക്കുട്ടി

മതത്തെ എന്നിൽ നിന്ന്‌ അടർത്തിയെടുത്ത്‌ അത്‌ വഴിവക്കത്ത്‌ ഉപേക്ഷിച്ച്‌ മുന്നോട്ടു പോവുന്ന, മുന്നോട്ട്‌ പോവുകയാണെന്ന്‌ ബോധത്തോടെ, ചരിക്കുന്ന ഒരുവളായിരുന്നു ഞാൻ. ദൈവവിശ്വാസം സൂര്യ വെളിച്ചമെന്നോണം എന്നെ പിൻതുടർന്നു.

പലപ്പോഴും അത്‌ എന്റെ ഒരാവരണമായി മറ്റുള്ളവരുടെ കണ്ണിൽ എനിക്ക്‌ ഉണ്ടെന്നു തോന്നിപ്പോയിരുന്ന ആ പരിവേഷം വെയിലിന്റെ ലീലയായിരുന്നു.

ഇസ്ലാമിന്റെ സംസ്‌ക്കാരം എനിക്ക്‌ പണ്ടേ പരിചിതമായിരുന്നു. അബു ഇൽഫസൽ അല്ലാമിയുടെ ആയിനി അക്‌ബറി എന്ന ചരിത്രഗ്രന്ഥം എന്റെ പുസ്‌തകശേഖരത്തിൽ ഉണ്ടായിരുന്നു. ബ്ലോക്‌മാന്റെ ഇംഗ്ലീഷ്‌ പരിഭാഷ. അക്‌ബർ ചക്രവർത്തിയുടെ ഭരണകാലത്തെ ചാരുതയോടെ തുറന്നു കാട്ടുന്ന ഈ മഹദ്‌ഗ്രന്ഥം ഞാൻ ഒരമൂല്യനിധിയായി സൂക്ഷിച്ചു. ഒരു നോവലും കവിതാ സമാഹാരവും എനിക്ക്‌ അതുവരെ തന്നിട്ടില്ലാത്ത സംതൃപ്‌തി ഞാൻ അതിൽ നിന്ന്‌ അനുഭവിച്ചു.

അയ്യായിരം സ്‌ത്രീകളുണ്ടായിരുന്ന അന്തഃപ്പുരത്തെപ്പറ്റിയും യുദ്ധസന്നാഹങ്ങളെപ്പറ്റിയും കുതിരകളുടെ സംരക്ഷണത്തെപ്പറ്റിയും വായിച്ചു രസിച്ച ഞാൻ വൈകി ജനിച്ചതിൽ ഖേദിച്ചു. അരമനയ്‌ക്ക്‌ പറ്റിയ സ്‌ത്രീയായിരുന്നു ഞാൻ എന്ന്‌ എനിക്ക്‌ യൗവനദശയിൽ തോന്നിയിട്ടുണ്ട്‌.

സംരക്ഷകനായ ഒരു രാജാവിനെ എന്റെ പാവം ആത്മാവ്‌ സദാ തേടിക്കൊണ്ടിരുന്നു. രാജാവിന്റെ വാൽസല്യത്തിനും ഔദാര്യങ്ങൾക്കും പ്രതിഫലമായി ഞാൻ എന്തുകൊടുക്കും? അതിസാധാരണമായ ഒരു സ്‌ത്രീ ശരീരം കുറച്ച്‌ പ്രേമവും. എന്റെ പ്രേമത്തിന്‌ പരിമിതികൾ ഉണ്ടാവില്ലെന്നു ഞാൻ മനസ്സിലാക്കിയിരുന്നു. പരിപൂർണ്ണമായ ഒരു കീഴടങ്ങലിന്‌ മാത്രമേ ഞാൻ തയ്യാറെടുക്കാറുള്ളു. കൊതിപ്പിച്ച്‌ വിശപ്പു മാറ്റാതെ ആട്ടിയോടിക്കുക എന്റെ വിനോദമായിരുന്നില്ല.

എനിക്ക്‌ മുസ്‌ലീം സമുദായത്തിൽ മിത്രങ്ങളുണ്ടായിരുന്നു. ഉദാഹരണത്തിന്‌ തിരുവനന്തപുരത്തെ പട്ടത്ത്‌ ഏകാകിനിയും രോഗിണിയുമായി ജീവിക്കുന്ന ഫാത്തിമ. അവർക്കാണ്‌ ഞാൻ ബാല്യകാല സ്‌മരണകൾ സസ്‌നേഹം സമർപ്പിച്ചത്‌. ഇന്നും എന്റെ ജന്മനാൾ ഓർത്ത്‌ ഉടനെ എന്നെ മുബൈയിൽ നിന്നും ഫോൺ ചെയ്യുന്ന സുമയ്യ.

ഗുരുദത്ത്‌ ചലചിത്രങ്ങളും ഉർദു പ്രേമഗസലുകളും സംഗീതതത്തിന്റെ താളലയങ്ങളും എന്നെ ഏറെക്കുറെ ഇസ്ലാമാക്കിയത്തീർത്തു. 26 വർഷം മുമ്പ്‌ ഞാൻ വളർന്നു പുത്രന്മാരാക്കിയ ഇംതിയാസ്‌ അഹമ്മദും ഇർഷാദ്‌ അഹമ്മദും എന്റെ ഗൃഹാന്തരീക്ഷത്തിൽ ഹിന്ദുവായിട്ടല്ല ജീവിച്ചത്‌. അഞ്ച്‌ നേരം നിസ്‌ക്കരിക്കുന്ന ഇസ്ലാംമതസ്ഥരായിട്ടാണ്‌ അവർ എന്റെയും ഭർത്താവിന്റെയും മക്കളുടെയും കൂടെ സന്തുഷ്‌ടിയോടെ ജീവിച്ചത്‌.

പലരും ആ ബന്ധത്തിന്റെ പ്രാരംഭകാലത്ത്‌ എന്നോടു ചോദിച്ചു. എന്തുകൊണ്ട്‌ ദരിദ്രയായ രണ്ടു നായർകുട്ടികളെ വീട്ടിൽ താമസിപ്പിച്ച്‌ പോറ്റിയില്ല?ഹിന്ദുക്കൾക്കും മുസ്‌ലീങ്ങൾക്കും അന്യോന്യം എത്രയെളുപ്പത്തിൽ വെറുക്കുവാൻ സാധിക്കുമെന്ന്‌ കണ്ടും കേട്ടു അറിഞ്ഞപ്പോൾ ഞാൻ നടുങ്ങിപ്പോയി. മതവും ജാതിയും മനുഷ്യർക്ക്‌ പ്രത്യേക ഗന്ധമോ പ്രത്യേക ജന്മവാസനകളോ ആർജിച്ചു കൊടുക്കുന്നില്ല. മുസ്‌ലിം കുട്ടികൾക്കും ക്രിസ്‌ത്യൻ കുട്ടികൾക്കും അമ്മയായി മാറിയതോടെ എന്റെ നഖങ്ങൾക്ക്‌ മൂർച്ചകുറഞ്ഞു. മറ്റുള്ളവരിൽ നിന്ന്‌ ഞാൻ അറിഞ്ഞു. മനസ്സിന്റെ മാധുര്യത്തെപ്പറ്റിയും അതിന്റെ പരിരക്ഷണത്തെപ്പറ്റിയും ഞാൻ ബോധവതിയായി.

ഞാൻ എന്നും സ്‌നേഹത്തിനു മാത്രമേ വില കല്‌പ്പിച്ചിട്ടുള്ളൂ. പണവും പ്രസിദ്ധിയും ഞാൻ ആശിച്ചിട്ടില്ല. കെട്ടിടവും വാഹനാദികളും ഞാൻ കൊതിച്ചിട്ടില്ല.

ചോദിക്കാതെ തന്നെ വരം കിട്ടിയ ഭാഗ്യവതിയാണു ഞാൻ. പത്ത്‌ ചോദിച്ചപ്പോൾ പതിനായിരം എന്റെ മടിയിൽ വന്നു വണു.

അന്ധയായ ഭിക്ഷക്കാരിയെപോലെ ഞാൻ ദേവാലയത്തിന്റെ പുറം പടവുകളിൽ ഇരുന്നു. യജമാനന്റെ കൈയിൽ നിന്ന്‌ ഊർന്നു വീഴുന്ന സക്കാത്തും കാത്ത്‌ ഞാൻ ക്ഷമയോടെ നിശ്ശബ്‌ദയായി ഇരുന്നു. യജമാനൻ നാണയത്തുട്ടുകളല്ല എനിക്കു സമ്മാനിച്ചത്‌. അഗാധമായ കാരുണ്യമാണ്‌ എനിക്ക്‌ നൽകിയത്‌. വാത്സല്യത്തിന്റെ നദിയിൽ ഞാൻ - നീന്തലിന്‌ പണ്ടെങ്ങോ സമ്മാനങ്ങൾ മേടിച്ച ഞാൻ - നീന്തുകയാണ്‌, തിമർക്കുകയാണ്‌. എന്റെ ആത്മാവിന്‌ ജരയില്ല, നരയില്ല, ദുഃഖമില്ല, അസ്വസ്‌ഥതയില്ല. ഞാൻ സുറയ്യയാണ്‌ പുനർജ്ജനിയാണ്‌. അല്ലാഹുവിന്റെ വാത്സല്യഭാജനമാണ്‌. മറ്റൊന്നും ഈ ജന്മത്തിൽ എനിക്ക്‌ ആവശ്യമില്ല.

കടപ്പാട്‌.

മാധവിക്കുട്ടി
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.