പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഐ-പോഡ്‌, ഐ-പിൽ, ഇനി....?

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വസന്ത്‌

ഒരു പ്രഭാതം. ആശങ്ക നിറഞ്ഞ മുഖങ്ങളുമായി ഒരു യുവതിയും യുവാവും. മറ്റു കുടുംബാംഗങ്ങൾ കാണാതെ അവർ കണ്ണുകൾകൊണ്ട്‌ എന്തോ സംവദിക്കാൻ ശ്രമിക്കുന്നുണ്ട്‌. വൈകാതെ നിങ്ങൾ മനസിലാക്കുന്നു, കഴിഞ്ഞ രാത്രിയിൽ സംഭവിച്ച ഒരബന്ധമാണ്‌ അവരുടെ ആശങ്കയ്‌ക്കു കാരണമെന്ന്‌. ഉടൻ പരിഹാരവും നിർദ്ദേശിക്കപ്പെടുന്നു. ‘അൺവാണ്ട്‌ട്‌ പ്രഗ്‌നൻസി തടയാൻ എമർജൻസി കോൺട്രാസെപ്‌റ്റീവ്‌ പിൽ, ഐ-പിൽ’. ഇന്ത്യൻ യുവത്വത്തെ ഇളക്കിമറിച്ച ട്വന്റി20 ലോക ചാമ്പ്യൻഷിപ്പിനിടെയാണ്‌ ആ പരസ്യം രാജ്യത്തെ ടെലിവിഷൻ സ്‌ക്രീനുകളിൽ അവതരിച്ചത്‌. അടുത്ത കാലത്ത്‌ ഏറ്റവുമധികം ജനശ്രദ്ധ നേടിയ പരസ്യമെന്നു നിസംശയം പറയാം. ഇന്ത്യൻ യുവത്വത്തിന്റെ സ്വകാര്യ ചർച്ചകളിൽ ഐ-പോഡിനൊപ്പം, അല്ലെങ്കിൽ അതിലധികം സ്ഥാനം നേടാൻ ഐ-പില്ലിനു കഴിഞ്ഞിരിക്കുന്നു.

പരസ്യം നേരിട്ടു ലക്ഷ്യമാക്കുന്നതു ദമ്പതികളെയാണ്‌. കുടുംബാസൂത്രണം എന്ന മഹത്തായ ആശയമാണ്‌ അതിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്‌. പക്ഷെ, അതിനു പിന്നിൽ ഒളിഞ്ഞിരിക്കുന്ന അപാരമായ സാധ്യതകൾ യുവത്വത്തെ, അല്ലെങ്കിൽ കൗമാരക്കാരെ വരെ ലക്ഷ്യമിടുന്നു എന്നു കരുതാം. ഡോക്ടറുടെ കുറിപ്പു കൂടാതെ മെഡിക്കൽ സ്‌റ്റോറിൽ നിന്നു വാങ്ങാമെന്നു പരസ്യത്തിൽ പ്രത്യേകം പറയുന്ന ഈ മരുന്നിന്റെ പ്രധാന ഉപഭോക്താക്കൾ 20 വയസു മുതൽ 25 വയസുവരെ പ്രായമുള്ളവരാണെന്ന്‌ ഏകദേശ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്‌. ഉത്തരേന്ത്യൻ വിപണികളിൽ കോണ്ടം വില്പന ഏറ്റവും കൂടുതൽ കുതിച്ചുയരുന്ന നവരാത്രി സീസണിൽ ഇത്തവണ കുതിച്ചുകയറിയത്‌ ഐ-പിൽ വില്പനയായിരുന്നുവത്രെ.

ഐ-പിൽ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും അതെത്തുടർന്ന്‌ ഉണ്ടാകാവുന്ന ധാർമിക പ്രശ്നങ്ങളും കണക്കിലെടുത്ത്‌ തമിഴ്‌നാട്ടിൽ അതിനെതിരെ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. മറ്റു പല സംസ്ഥാനങ്ങളിലും ആ വഴിക്ക്‌ ആലോചനകൾ നടക്കുന്നു. കേരളത്തിന്റെ പകൽ മാന്യതയിൽ ഐ-പിൽ ഇതുവരെ പരസ്യ ചർച്ചകൾക്കു പാത്രമായിട്ടില്ലെന്നു മാത്രം.

എമർജൻസി കോൺട്രാസെപ്‌റ്റീവ്‌ പിൽ അഥവാ അടിയന്തിര ഗർഭനിരോധന ഗുളിക എന്ന സങ്കല്പം ലോകത്തിനോ ഇന്ത്യയ്‌ക്കോ പുതിയതല്ല. പക്ഷെ, അതിന്‌ ഇത്ര വ്യാപകമായ പ്രചാരണം ലഭിക്കുന്നത്‌ ഇന്ത്യയിൽ ഇതാദ്യമാണ്‌. ഇത്തരം മരുന്നുകൾ ഡോക്ടറുടെ കുറിപ്പു കൂടാതെ വിൽക്കാമെന്ന്‌ ഇന്ത്യൻ ആരോഗ്യ മന്ത്രാലയം നിയമഭേദഗതി നടത്തിയത്‌ 2005-ലാണ്‌. ഈ ആനുകൂല്യം മുതലടുത്തുകൊണ്ടാണ്‌ സിപ്ല പുതിയ ഉല്പന്നം വിപണിയിലിറക്കിയിരിക്കുന്നത്‌.

ഗർഭധാരണം നടന്ന്‌, ആദ്യത്തെ മാസങ്ങളിൽ ഗർഭഛിദ്രം അപകടകരമല്ലെങ്കിലും ഇന്ത്യയിൽ പ്രതിവർഷം ഏതാണ്ട്‌ 20,000 സ്ര്തീകൾ അനാരോഗ്യകരവും അശാസ്ര്തീയവുമായ ഗർഭഛിദ്രത്തെത്തുടർന്നു മരിക്കുന്നു എന്നാണ്‌ കണക്ക്‌. അനാവശ്യവും അനാരോഗ്യകരവുമായ ഗർഭഛിദ്രം തടയുക എന്ന ലക്ഷ്യത്തോടെയാണ്‌ ഐ-പിൽ പുറത്തിറക്കിയിരിക്കുന്നത്‌ എന്നാണ്‌ നിർമാതാക്കളായ സിപ്ല അവകാശപ്പെടുന്നത്‌. എന്നാൽ, നല്ല ഉദ്ദേശ്യത്തിന്റെ തിളങ്ങുന്ന പുറന്തോടിനുള്ളിലെ ഈ ‘അത്ഭുത മരുന്ന്‌’ ദുരുപയോഗം ചെയ്യപ്പെടുമെന്ന ആരോപണമാണ്‌ വിമർശകർ ഉന്നയിക്കുന്നത്‌. കോണ്ടം പോലുള്ള ഉല്പന്നങ്ങൾ സുലഭമായിരിക്കുമ്പോൾ ദുരുപയോഗത്തിന്റെ തോതു വർദ്ധിപ്പിക്കാൻ എമർജൻസി പിൽ എങ്ങനെ കാരണമാകുമെന്ന്‌ എതിർവാദക്കാരും ചോദിക്കുന്നു.

എന്നാൽ, സർക്കാർ തന്നെ മുൻകൈയെടുത്ത്‌ ‘സുരക്ഷിതമായ ലൈംഗികതയ്‌ക്ക്‌’ കോണ്ടം ഉപയോഗിക്കാൻ ആഹ്വാനം ചെയ്യുന്ന കാലമാണിത്‌. എയ്‌ഡ്‌സ്‌ പോലുള്ള മാരകരോഗങ്ങളും മറ്റു ലൈംഗികരോഗങ്ങളും പടരുന്നതു തടയുക എന്നതാണ്‌ ഈ പ്രചാരണത്തിന്റെ ലക്ഷ്യം. (ഇതിനെതിരേയും ധാർമികതാവാദികൾ സജീവമായി രംഗത്തുണ്ട്‌). എന്നാൽ, ഗർഭധാരണത്തിൽ നിന്നു സംരക്ഷണം നൽകുന്ന എമർജൻസി പിൽ സുരക്ഷിതമായ ലൈംഗികബന്ധത്തിനു സഹായിക്കില്ല എന്നതു വസ്തുതയാണ്‌. കോണ്ടത്തിന്റെ പ്രചാരം കുറയ്‌ക്കാൻ ഐ-പിൽ കാരണമാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്‌.

എന്നാൽ, ഐ-പില്ലിലൂടെ സിപ്ല പ്രഖ്യാപിക്കുന്നതു മറ്റു ചിലതാണ്‌. അടിയന്തിര ഗർഭനിരോധന ഗുളികകളെ സംബന്ധിച്ച്‌ ഇന്ത്യയിൽ നിലനിൽക്കുന്ന പല തെറ്റിദ്ധാരണകളും മാറ്റിക്കൊണ്ടേ ഇതു വൻവിജയമാക്കാൻ കഴിയൂ എന്നു നല്ല ബോധ്യമുള്ള കമ്പനി പ്രചാരണ പരിപാടികളിൽ ഇക്കാര്യത്തിന്‌ പ്രത്യേകസ്ഥാനം നൽകിയിട്ടുണ്ട്‌. ഗർഭഛിദ്രമല്ല ഐ-പിൽ ചെയ്യുന്നതെന്ന്‌ സിപ്ല തറപ്പിച്ചു പറയുന്നു. അണ്ഡം പുറപ്പെടുവിക്കുന്നതു തടയുക; പുറപ്പെടുവിക്കപ്പെട്ടാൽ തന്നെ ബീജവുമായി സംയോജിക്കുന്നതു തടയുക; ഇനി അതും സംഭവിച്ചു കഴിഞ്ഞെങ്കിൽ ഗർഭപാത്രത്തിൽ ഭ്രൂണമായി വികസിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുക എന്നിങ്ങനെയാണ്‌ മരുന്നിന്റെ പ്രവർത്തനമെന്നു പരസ്യത്തിൽ പറയുന്നു. ലൈംഗിക ബന്ധമുണ്ടായി 72 മണിക്കൂറിനുള്ളിൽ കഴിച്ചാൽ മതിയെങ്കിലും 12 മണിക്കൂറിനുള്ളിൽ കഴിക്കുന്നതാണ്‌ ഏറ്റവും ഫലപ്രദമെന്നും പറയുന്നു.

ഐ-പില്ലിനെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ സംശയത്തിനു മറുപടി നൽകാൻ സിപ്ല രണ്ടു ഹെൽപ്പ്‌ ലൈൻ നമ്പരുകളും ഏർപ്പെടുത്തിയിട്ടുണ്ട്‌. മുംബൈയിൽ നിന്നു വിളിക്കാൻ 022-32000055 എന്ന നമ്പരും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലുള്ള ബി.എസ്‌.എൻ.എൽ ലൈനുകളിൽ നിന്നു മാത്രം വിളിക്കാൻ 1800-22-9898 എന്ന നമ്പരും ഏർപ്പെടുത്തിയിരിക്കുന്നു. പരിശീലനം ലഭിച്ച ഓപ്പറേറ്റർമാർ, ഉപഭോക്താവിന്റെ സ്വകാര്യത ഉറപ്പുവരുത്തിക്കൊണ്ട്‌, ഐ-പില്ലിനെക്കുറിച്ചുള്ള എന്തു സംശയവും ഈ നമ്പരുകളിലൂടെ പരിഹരിച്ചുകൊടുക്കുമത്രെ.

ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ ‘വൈബ്രേറ്റിംഗ്‌ കോണ്ടം’ അടുത്തിടെ രാജ്യത്തു സൃഷ്ടിച്ച വിവാദങ്ങൾ ചില്ലറയല്ല. ഇതിനെ ‘സെക്സ്‌ ടോയ്‌’ എന്ന വിഭാഗത്തിപ്പെടുത്തിയ ചില സംസ്ഥാനങ്ങൾ വില്പന നിരോധിച്ചിരുന്നു. ഇതേ വഴിയിൽ ഐ-പില്ലിനെതിരായും വിമർശനങ്ങളും നടപടികളും ഉയർന്നുകഴിഞ്ഞു. തമിഴ്‌നാട്ടിൽ ഐ-പില്ലിന്റെ പരസ്യം പ്രസിദ്ധീകരിച്ച ആനന്ദ വികടൻ മാസികയ്‌ക്കെതിരെ സംസ്ഥാന ഡ്രഗ്‌ കൺട്രോൾ ഡയറക്ടറേറ്റ്‌ നോട്ടീസ്‌ അയച്ചിട്ടുണ്ട്‌. 1954-ലെ ‘ഡ്രഗ്‌സ്‌ ആൻഡ്‌ മാജിക്കൽ റെമഡീസ്‌ ആക്ട്‌’ പ്രകാരം, ഗർഭനിരോധന ഗുളികകൾക്കു പരസ്യം നൽകാൻ പാടില്ലെന്നാണു ചട്ടമെന്ന്‌ ഡയറക്ടറേറ്റ്‌ പറയുന്നു. ഉള്ളിൽ കഴിക്കുന്ന ഗർഭനിരോധന ഗുളികകൾ ഡ്രഗ്സ്‌ ആക്ടിന്റെ സെക്ഷൻ എച്ചിൽ ഉൾപ്പെടുന്നു എന്നും ഐ-പിൽ പാക്കറ്റിൽ ഇതു രേഖപ്പെടുത്തിയിട്ടില്ല എന്നും ആരോപണമുണ്ട്‌. ഷെഡ്യൂൾ എച്ച്‌ മരുന്നുകൾ ഡോക്ടറുടെ കുറിപ്പു കൂടാതെ വിൽക്കാൽ പാടില്ലെന്നാണു നിയമം.

ഐ-പിൽ ഷെഡ്യൂൾ എച്ചിൽ ഉൾപ്പെടുന്നില്ല എന്നും പരസ്യം നൽകാൻ പ്രത്യേക അനുമതിയുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ബന്ധപ്പെട്ട മറ്റു മന്ത്രാലയങ്ങളുടേയും എല്ലാ ക്ലിയറൻസും വാങ്ങിയശേഷമാണ്‌ മരുന്ന്‌ വിപണിയിലിറക്കിയതെന്നും സിപ്ല അവകാശപ്പെടുന്നു.

എന്നാൽ, സിപ്ലയുടെ വാദങ്ങൾ എല്ലായിടങ്ങളിലും അംഗീകരിക്കപ്പെടുന്നില്ല. നിയമപരമായ നൂലാമാലകളിൽ നിന്നു രക്ഷപ്പെടാൻ കമ്പനിക്കു സാധിച്ചേക്കുമെങ്കിലും തമിഴ്‌നാട്‌ സർക്കാരിനെപ്പോലെ ചിലർ ഉന്നയിക്കുന്ന ധാർമിക പ്രശ്നങ്ങൾക്ക്‌ മറുപ്രചാരണം നടത്തുക ദുഷ്‌കരമായിരിക്കും. “എനിക്കിനി എന്തും ചെയ്യാം. ഗർഭിണിയാകാതിരിക്കാൻ ഇപ്പോൾ ഒരു എളുപ്പവഴിയുണ്ടല്ലോ” എന്നു ചിന്തിക്കാൻ സ്ര്തീകളെ പ്രേരിപ്പിക്കുന്നതാണ്‌ ഐ-പില്ലിന്റെ പരസ്യമെന്നാണ്‌ തമിഴ്‌നാട്ടിലെ ഡയറക്ടർ ഓഫ്‌ ഡ്രഗ്സ്‌ കൺട്രോൾ, എൻ. ശെൽവരാജു അഭിപ്രായപ്പെട്ടത്‌. സ്ര്തീകളുടെ അവകാശങ്ങൾക്ക്‌ എതിരല്ലെങ്കിലും ഇതൊരു ധാർമികപ്രശ്നമാണെന്നും ഇത്തരം പ്രവണതകൾ അംഗീകരിക്കാൻ കഴിയില്ലെന്നുമാണ്‌ അദ്ദേഹത്തിന്റെ പക്ഷം.

അതേസമയം, ഇതൊരു ധാർമിക പ്രശ്നമാണെന്ന വാദം പല വനിതാ സംഘടനകളും തള്ളിക്കളയുകയാണ്‌. സ്ര്തീകൾക്ക്‌ വിവരങ്ങൾ നൽകുകയും തീരുമാനങ്ങളെടുക്കാൻ അവരെ ശാക്തീകരിക്കുകയാണ്‌ ഇത്തരം മരുന്നുകൾ ചെയ്യുന്നതെന്നാണ്‌ സുധാ രാമലിംഗത്തെപ്പോലെയുള്ള വനിതാ സംഘടനാ പ്രവർത്തകർ പറയുന്നത്‌.

എല്ലാ വിവാദങ്ങളും പരിഗണിക്കപ്പെടുമ്പോഴും അവിവാഹിതരുടെ പോക്കറ്റുകളിൽ ഐ-പിൽ സജീവമാകുകയും കോണ്ടത്തിനു പകരം വയ്‌ക്കപ്പെടുകയും ചെയ്യുമ്പോഴാണ്‌ യഥാർഥ പ്രശ്നം ഉയരാൻ പോകുന്നത്‌. ആധുനിക കാലത്ത്‌ അർഥം നഷ്ടപ്പെട്ട വെറും ധാർമികതയ്‌ക്കുപരിയായി സാമൂഹ്യ, ആരോഗ്യ പ്രശ്നങ്ങളാണ്‌ അവിടെ പരിഗണിക്കപ്പെടേണ്ടത്‌.

വസന്ത്‌


E-Mail: vasanth.kamal@rediff.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.