പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കളക്ടര്‍ ചിരിക്കുകയാണ്..

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നൈന മണ്ണഞ്ചേരി

പി.സി.സനല്‍കുമാര്‍ സാറിന്റെ വേര്‍പാട് ഒരു ഞെട്ടലോടെയാണ് കേട്ടത്. മുന്‍ കാസര്‍ഗോഡ്,പത്തനംതിട്ട കളക്ടര്‍ നിര്യാതനായി എന്നാണ് പ്രധാനമായും വാര്‍ത്ത വന്നത്.എന്നാല്‍ ഒരു ഐ.എ.എസ്.ഉദ്യോഗസ്ഥന്‍ മാത്രമായിരുന്നില്ല,അതിനപ്പുറം ഹാസ്യ സാഹിത്യ സാഹിത്യകാരനും നര്‍മ്മ പ്രഭാഷകനും പാരഡി എഴുത്തുകാരനും മനോഹരമായി അത് പാടുന്നയാളും ഒക്കെയായിരുന്നു അദ്ദേഹം.അങ്ങനെ ഉത്തുംഗതങ്ങളില്‍ നില്‍ക്കുമ്പോഴാണ് എന്റെ ആദ്യ പുസ്തക പ്രകാശനത്തിന് തെല്ലൊരു സങ്കോചത്തോടെ അദേഹത്തെ ക്ഷണിച്ചത്. തുടക്കക്കാരനായ എന്റെ ആവശ്യത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് അറിയില്ലായിരുന്നുവെങ്കിലും വളരെ സന്തോഷത്തോടെ തന്നെയാണ് എന്റെ ആവശ്യം കേട്ടത്. പക്ഷേ,നിര്‍ഭാഗ്യവശാല്‍ വടക്കെ ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് ജോലിക്ക് പോകേണ്ടി വന്നതിനാല്‍ അദ്ദേഹത്തിന് വരാന്‍ കഴിഞ്ഞില്ല.പിന്നെ കാര്‍ട്ടൂണിസ്റ്റ് ശ്രീ.സുകുമാറാണ് പ്രകാശനം നിര്‍വ്വഹിച്ചത്.

അന്നേ ഞാന്‍ മനസ്സില്‍ കുറിച്ചിരുന്നു,അടുത്ത പുസ്തക പ്രകാശനം സനല്‍കുമാര്‍ സാറിന്റെ സൗകര്യമനുസരിച്ചേ നടത്തൂ എന്ന്. അങ്ങനെയാണ് ''പങ്കന്‍സ് ഓണ്‍ കണ്‍ട്രി''എന്ന എന്റെ രണ്ടാമത്തെ ഹാസ്യ സാഹിത്യ കൃതിയുടെ പ്രകാശനത്തിനായി അദ്ദേഹം ആലപ്പുഴ ജില്ലയുടെ വടക്ക് സ്ഥിതി ചെയ്യുന്ന മണ്ണഞ്ചേരിയെന്ന ഗ്രാമത്തിലേക്ക് ഒരു സായം സന്ധ്യയില്‍ എത്തുന്നത്.അന്ന് അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് മതിമറന്ന് ചിരിച്ചവര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോളും എന്നോട് തിരക്കാറുണ്ടായിരുന്നു,ഏതെങ്കിലും പരിപാടിക്ക് അദ്ദേഹം വരുന്നുണ്ടോ എന്ന്..താമസിയാതെ അദ്ദേഹത്തെ വീണ്ടും കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നു.പക്ഷേ, അതിനിടയില്‍ ഇനി തിരിച്ചു വരാത്ത ഒരു ലോകത്തേക്ക് ഇത്ര ധൃതിയായി അദ്ദേഹം പോകുമെന്ന് ആരു കരുതി?

ഇടയ്ക്കിടെ ടെലഫോണില്‍ വിളിക്കുമായിരുന്നു.തിരുവനന്തപുരത്തെ നര്‍മ്മകൈരളിയുടെ അവാര്‍ഡ് പരിഗണനക്ക് എന്റെ പുസ്തകം വന്ന വിവരം പറയാനും അടുത്തിടെ എനിക്ക് ലഭിച്ച മറ്റ് രണ്ട് പുരസ്‌ക്കാരങ്ങളില്‍ അഭിനന്ദനം അറിയിക്കാനുമായിരുന്നു അവസാനം വിളിച്ചത്.അന്ന് അദ്ദേഹത്തിന്റെ ''അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ..''എന്ന ഗാനത്തിന്റെ പാരഡിയായ ''ശമ്പളപ്പൊതി തുറന്നെണ്ണി നോക്കവേ..''എന്ന് തുടങ്ങുന്ന വരികളില്‍ എനിക്കുണ്ടായ സംശയം ചോദിച്ചപ്പോള്‍ വളരെ മനോഹരമായി ആ ഗാനം ഫോണിലൂടെ പാടിത്തന്നത് ഇന്ന് നിറഞ്ഞ കണ്ണുകളോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ.അശ്‌ളീലവും അരസികത്വവും ഒട്ടുമില്ലാത്ത , യഥാര്‍ഥ ഗാനങ്ങളോട് കിടപിടിക്കുന്ന പാരഡികളായിരുന്നു അദ്ദേഹത്തിന്റെത്.അഞ്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചതില്‍ ഒന്ന് പാരഡികളുടെ സമാഹാരമായിരുന്നു.''കളക്ടര്‍ കഥയെഴുതുകയാണ്'' എന്ന പുസ്തകത്തിനാണ് കേരള സാഹിത്യ അക്കാദമിയുടെ ഹാസ്യസാഹിത്യത്തിനുള്ള പുരസ്‌ക്കാരം കിട്ടിയത്. ഈ തിരക്കുകള്‍ക്കിടയിലും രണ്ടു വര്‍ഷം മുമ്പ് എല്‍.എല്‍.ബി.എടുക്കാനും അദ്ദേഹം സമയം കണ്ടെത്തി. ഫെയിസ് ബുക്കിലും തന്റെ അഭിപ്രായങ്ങളും തമാശകളുമായി രണ്ട് ദിവസം മുമ്പ് വരെ സജീവമായിരുന്നു..എപ്പോഴും ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്തു കൊണ്ടിരുന്ന ഇങ്ങനെയുള്ള ഒരു കളക്ടറെ കേരളം വേറെ കണ്ടിട്ടുണ്ടാവില്ല.അതു കൊണ്ട് തന്നെ മനസ്സില്‍ നിറയെ വേദനയുണ്ടെങ്കിലും കരയുന്നത് സനല്‍കുമാര്‍ സാറിന് ഇഷ്ടമാകാന്‍ വഴിയില്ല..

നൈന മണ്ണഞ്ചേരി

ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം. പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ വ്യവസായ കോടതി യിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു.

വിലാസം:

നൈനമണ്ണഞ്ചേരി,

നൈനാസ്,

എരമല്ലൂര്‍. പി.ഒ,

ആലപ്പുഴ(ജില്ല)

പിന്‍ -688537.


Phone: 9446054809
E-Mail: mirazjnaina@yahoo.co.in




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.