പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വാഗ്‌മിത - വാചാലത

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മുണ്ടമറ്റം രാധാകൃഷ്‌ണൻ

“മിതംച, സാരംച, വചോഹിവാഗ്മിതാ”

“ബഹു കുത്സിതം ഭാഷതേ

ഇതിവാചാല.”

വാഗ്മിത; വാചാലതാ ഇവരണ്ടും ഒരേ അർത്ഥത്തേയാണു സൂചിപ്പിയ്‌ക്കുന്നതെന്നാണ്‌ പൊതുവേയുള്ള ധാരണ. ഈ ധാരണ പരമാബദ്ധമാണെന്നതിനുതെളിവാണ്‌ മേൽകൊടുത്തിരിയ്‌ക്കുന്ന ഉദ്ധരണികൾ.

ഒരാശയത്തെ മിതമായ വാക്കുകളിലൂടെ കേൾവിക്കാരുടെ താൽപര്യത്തേയും മനോഭാവത്തേയും ഹനിയ്‌ക്കാതെ ഭംഗിയായും വ്യക്തമായും അവതരിപ്പിയ്‌ക്കുന്നതിനുള്ള കഴിവാണ്‌ വാഗ്‌മിത.

കേൾവിക്കാരെ പരിഗണിയ്‌ക്കാതെ അവരെ അലോസരപ്പെടുത്തുംവിധം ഒരുപാടുസംസാരിയ്‌ക്കുന്നതാണ്‌ വാചാലത.

രാഷ്‌ട്രീയക്കാർ, മതപ്രാസംഗികർ എല്ലാം വാചാലതയ്‌ക്കും വാചാലനും ഉദാഹരണമാണ്‌. രാഷ്‌ട്രീയവേദികളിൽ നിന്ന്‌ പ്രസംഗകർക്കെന്തും വിളിച്ചുപറയാം. കാരണം, സദസ്സ്‌ അതിനൊരു പ്രാധാന്യവും കൽപ്പിയ്‌ക്കുന്നില്ല. സമയം കളയുവാൻ വന്നവർ വരെ അക്കൂട്ടത്തിലുണ്ടാവും. കേൾക്കുന്നതിലെ സത്യാസത്യങ്ങൾ അവർക്കു പ്രശ്‌നമല്ല. സ്വാർത്ഥത (വ്യക്തിപരവും പാർട്ടിപരവും) ആയാണ്‌ പ്രസംഗത്തിന്റെ പ്രേരണയെന്നതിനാൽ ബുദ്ധിയ്‌ക്കും യുക്തിയ്‌ക്കും നിരക്കുന്നത്‌ അവയിൽ കുറവാണെന്നബോദ്ധ്യം കേൾവിക്കാർക്കുണ്ട്‌.

മറ്റൊരു കൂട്ടരാണ്‌ മതപ്രാസംഗികർ. ഒന്നോരാണ്ടോ കാര്യങ്ങളെ ഒരു ക്ലിപ്‌തസമയത്തിനുള്ളിൽ ഭംഗിയായി അവതരിപ്പിയ്‌ക്കുവാനിവർക്കു സാധ്യമല്ല. അതുകൊണ്ട്‌ മുൻകൂർ ജാമ്യമെന്നനിലയിൽ തുടക്കത്തിലേപറയും, “ഒരു മണിക്കൂർകൊണ്ട്‌ ഒന്നുംപറയുവാൻ സാധ്യമല്ല. കുറഞ്ഞത്‌ രണ്ടു മണിക്കൂറെങ്കിലുമുണ്ടെങ്കിലേ സാമാന്യം തൃപ്‌തികരമായി പ്രസംഗിയ്‌ക്കുവാൻ സാധിയ്‌ക്കൂ”. പ്രസംഗത്തിന്റെ ദൈർഘ്യം പ്രാഗത്ഭ്യത്തിന്റെ തെളിവായി തെറ്റിദ്ധരിയ്‌ക്കുന്നവരാണിക്കൂട്ടർ. ഒടുവിൽ, പറഞ്ഞതെന്താണെന്നു പറഞ്ഞവർക്കും കേട്ടതെന്താണെന്നു കേട്ടവർക്കും അറിയാമായിരിയ്‌ക്കുകയില്ല. അതുകൊണ്ടു ജനംപറയും ‘അയാളൊരുവാഗ്മിയാണ്‌.

ചില കാര്യങ്ങളിൽ ശ്രദ്ധയുണ്ടായാൽ വാചാലനും വാഗ്മിയാകാം.

1. പൂർണ്ണത (Completeness)

പ്രസംഗം അവസാനിയ്‌ക്കുമ്പോൾ പൂർണ്ണതകൈവന്നിരിയ്‌ക്കണം. ഉദാഃധ്യാനമെന്നവിഷയം.

ആൾക്കൂട്ടത്തിലും ശബ്‌ദായമാനമായ സാഹചര്യത്തിലും ഭജനയും പ്രാർത്ഥനയും സാധ്യമാണ്‌. അങ്ങനെയുള്ള സാഹചര്യം ധ്യാനത്തിനു തീരെ യോജിച്ചതല്ല. മനസ്സിന്റെ ഏകാഗ്രതയാണ്‌ ധ്യാനം. ഇതിനാവശ്യം ഏകാന്തതയും നിശ്ശബ്‌ദതയുമാണ്‌. മനശ്ശക്തിയെ ഉത്തേജിപ്പിയ്‌ക്കുന്നതിനുള്ള ഉത്തമമായ ഉപാധിയാണു ധ്യാനം. (അതിന്റെ ഘട്ടങ്ങളെപ്പറ്റി പ്രതിപാദിയ്‌ക്കണം). ഇതിനവാന്തരവിഭാഗങ്ങളില്ല. കുടുംബസൗഭാഗ്യധ്യാനം, കുടുംബസൗഖ്യധ്യാനം, വിദ്യാവിജയധ്യാനം..... എന്നെല്ലാം വർഗ്ഗീകരിയ്‌ക്കുന്നത്‌ വിശ്വാസത്തെ മുതലെടുക്കലും ധ്യാനത്തെ അവഹേളിക്കലുമാണ്‌.

ശ്രോതാക്കൾക്കുണ്ടാവുന്ന സംശയങ്ങൾ മുൻകൂട്ടികാണണം. സംശയങ്ങളുണ്ടായാൽ തീർക്കുകയും വേണം. അങ്ങനെ പൂർണ്ണത കൈവരിയ്‌ക്കാം.

2. ഭവ്യത (Courtesy)

കേൾവിക്കാർക്ക്‌ കാര്യങ്ങൾ മനസ്സിലാക്കികൊടുക്കുകയാണ്‌ പ്രസംഗകന്റെ ഉദ്ദേശ്യം; അനുസരിപ്പിയ്‌ക്കുന്നതല്ല. അതിനാൽ, നല്ലവാക്കുകളുപയോഗിയ്‌ണം. പ്രകോപനപരമോ അസ്വാസ്‌ഥ്യജനകമോ ആയ പദപ്രയോഗങ്ങളൊഴിവാക്കണം. ഗീതോപദേശത്തിനൊടുവിൽ ശ്രീകൃഷ്‌ണൻ അർജ്ജുനനോടു പറഞ്ഞതോർക്കുക.

“ഇനിതേജ്ഞാനമാഖ്യാതം ഗുഹ്യാത്‌ഗുഹ്യതരംമയാ വിമൃശ്യൈതദശേഷണ യഥേഛസിതഥാ കുരു”

(നിനക്കുരഹസ്യങ്ങളിൽവച്ചുരഹസ്യമായ, ഇനികൂടുതലൊന്നും അറിയാനില്ലാത്തതുമായ കാര്യങ്ങൾ ഞാൻ പറഞ്ഞുതന്നു. അവയെപ്പറ്റി പൂർണ്ണമായി ചിന്തിച്ച്‌ നിന്റെ ഇഷ്‌ടപ്രകാരം പ്രവർത്തിക്കുക.)

അച്‌ഛൻ മകനെ ഉപദേശിയ്‌ക്കുന്നത്‌ അനുസരിയ്‌ക്കണമെന്ന ഉദ്ദേശ്യത്തോടെ തന്നെയാണ്‌. പാകതയും പക്വതയുമുള്ള അച്‌ഛൻ ഒടുവിൽ പറയുന്നതിങ്ങനെയായിരിയ്‌ക്കും. ഞാൻ പറയേണ്ടതെല്ലാം പറഞ്ഞു. ഇനി, തീരുമാനമെടുക്കേണ്ടതു നീയാണ്‌.

3. പരിഗണന, സംക്ഷിപ്‌തത (Consideration, Conciseness)

മറ്റുള്ളവരിൽ എന്തുമനോഭാവമാണുണ്ടാക്കുക എന്ന പരിഗണനയിൽ വേണം ഭാഷാശൈലിസ്വീകരിയ്‌ക്കുവാൻ. ഉദാഃ ഒരു സുഹൃത്തിന്റെ കൗമാരപ്രായക്കാരിയായ സഹോദരിമരിച്ചു. മാസങ്ങൾക്കുശേഷം തമ്മിൽ കണ്ടപ്പോൾ ആ സംഭവത്തെ അയാൾ വിശദീകരിച്ചതിങ്ങനെഃ ഞങ്ങളുടെ പുതിയ വീടിന്റെ മുകൾനിലയിൽ, ഊൺമുറിയിൽ, രാവിലെ 9.30ന്‌, ഓവൽ (oval) ഷേപ്പിലുള്ള ഡൈനിങ്ങ്‌ ടേബിളിനു മുകളിൽ വച്ചിരുന്ന നേന്ത്രക്കായ പുഴുങ്ങിയതു പഞ്ചസാരയിൽ ഒപ്പി തിന്നുകൊണ്ടിരുന്നപ്പോൾ താഴെനിന്നവളുടെ കരച്ചിൽ കേട്ടു. (ഇതു വാചാലതയാണ്‌; വായാടിത്തമാണ്‌) കേൾവിക്കാരനറിയേണ്ട ആവശ്യമില്ലാത്ത ഒരുപാടുകാര്യങ്ങൾ ഇതിലുണ്ട്‌. ഇതിനെ പൊങ്ങച്ചം പറച്ചിൽ (bragging) എന്നവകുപ്പിലും പെടുത്താം. ’ഞങ്ങൾ രാവിലെ ആഹാരം (breakfast) കഴിച്ചുകൊണ്ടിരുന്നപ്പോൾ അവളുടെ കരച്ചിൽ കേട്ടു എന്നു സാമാന്യമായി പറഞ്ഞു തീർക്കേണ്ട കാര്യമാണ്‌ വലിച്ചുനീട്ടിപരത്തി പറഞ്ഞ്‌ കേൾവിക്കാരനെ വട്ടം ചുറ്റിച്ചത്‌.

4. വ്യക്തത (Clarity)

നിത്യോപയോഗത്തിലുള്ളവാക്കുകൾ ഉപയോഗിയ്‌ക്കുവാൻ കഴിവതും ശ്രദ്ധിയ്‌ക്കുക. അപ്പോൾ, പറയുന്നതുവ്യക്തമാകും. ‘അനിശ്ചിതത്വത്തിന്റെ ശൃംഗാടകണ്ടളിൽ അസ്‌തിത്വം മറന്നു നിൽക്കുന്ന യുവതലമുറ........ “എന്നു പ്രസംഗിച്ചാൽ പലർക്കും മനസ്സിലായെന്നുവരില്ല. കാരണം ’ശൃംഗാടകം‘ എന്നത്‌ സാധരണ ഉപയോഗിയ്‌ക്കുന്നവാക്കല്ലാത്തതിനാൽ അതിന്റെ അർത്ഥം ’നാൽക്കവല‘ എന്നാണെന്നറിയുന്നവർ കുറവാണ്‌.

ഭാഷയിൽ അനുപേക്ഷണീയവും എന്നാലിന്ന്‌ തീരെ അവഗണിയ്‌ക്കപ്പെട്ടതുമായ ഒന്നാണ്‌ ഉച്ചാരണശുദ്ധി. ഭാരതത്തെ ’ഫാരത‘ മാക്കിയാൽ എങ്ങനെ സഹിയ്‌ക്കും? വിദ്യാർത്ഥി ഇന്നു പലർക്കും ’വിത്ഥ്യാർദ്ദിയാണ്‌. ഭാര്യയെ ‘ബാര്യ’യും ഭർത്താവിനെ ‘ബർത്താവു’മാക്കുന്ന അനീതിയെ എങ്ങനെ പൊറുക്കും. ഇവരെല്ലാം വായാടിത്തത്തിനു തെളിവാണ്‌. (വാചാലതയെന്നതിനു ശബ്‌ദ താരാവിലിയിൽ വായാടിത്തം എന്നർത്ഥം കൊടുത്തിട്ടുണ്ട്‌) വാചാലൻ-വാചാടൻ-വായാടി.

5. കൃത്യത (Correctness)

പറയുന്നകാര്യങ്ങളിൽ ശരിയുണ്ടാവണം. ഒരു വലിയ സത്യത്തെ വെളിപ്പെടുത്തുന്നതിനായി ഒരു ചെറിയ നുണ ഉപയോഗിയ്‌ക്കുന്നതിൽ തെറ്റില്ല. എന്നാൽ സ്വന്തം ആശയം മറ്റള്ളവരിലടിച്ചേൽപ്പിയ്‌ക്കുവാൻ വേണ്ടി ഈ മാർഗ്ഗം സ്‌ഥിരമായി ഉപയോഗിയ്‌ക്കുവാൻ പാടില്ല.

ആണ്ട്‌, തിയതി മുതലായവയുടെ കാര്യത്തിൽ പലരുമുപയോഗിയ്‌ക്കുന്ന ‘എന്റെ ഓർമ്മശരിയാണെങ്കിൽ’ എന്ന പ്രയോഗം ഒഴിവാക്കുന്നതു തന്നെ നല്ലത്‌.

6. സമഗ്രത (Concreteness)

ഒരു വിഷയത്തിന്റെ മുക്കും മൂലയും അവതരിപ്പിച്ചതിനുശേഷം ബാക്കി നിങ്ങൾക്കു വിട്ടുതരുന്നു എന്നു പറയുന്നതു ഭംഗിയാണ്‌. അതുപോലെ, 1885-ൽ ഇവിടെ എന്തു സംഭവിച്ചു, 1948 ജനുവരിയിൽ എന്തുസംഭവിച്ചു, 2002-ൽ എന്തു സംഭവിച്ചു...... എന്നിങ്ങനെ ശ്രോതാക്കളെ ബുദ്ധിമുട്ടിലാക്കുന്നതു ന്യായമല്ല. മാത്രവുമല്ല, പലപ്പോഴും ഇതൊരു രക്ഷപ്പെടലാണെന്ന്‌ കേൾവിക്കാർ മനസ്സിലാക്കുമെന്നു മറക്കരുത്‌.

വാചാലത, കേൾക്കുന്നവരുടെ ക്ഷമയെ കെടുത്തുമെന്നതും മറക്കരുത്‌.

അവസാനമായി ഒന്നുകൂടി മറക്കാതിരിയ്‌ക്കുക.

”മൗനം വാചാലം“.

മുണ്ടമറ്റം രാധാകൃഷ്‌ണൻ

വൃന്ദാവനം,

കാഞ്ഞിരമറ്റം ബൈപാസ്‌,

തൊടുപുഴ 685 584.


Phone: 04862 225979,9446371979




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.