പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ദാമ്പത്യേതരസഹവാസം കുടുംബഭദ്രത തകർക്കും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഡ്വ. ചാർളിപോൾ M.A, LLB

2010 മാർച്ച്‌ 25-ന്‌ ചീഫ്‌ ജസ്‌റ്റീസ്‌ കെ.ജി. ബാലകൃഷ്‌ണൻ, ദീപക്‌ വർമ്മ, ബി.എസ്‌.ചൗഹാൻ എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ മൂന്നംഗബഞ്ച്‌, പ്രായപൂർത്തിയായ സ്‌ത്രീയുടെയും പുരുഷന്റെയും സഹവാസത്തെയും വിവാഹത്തിനുമുൻപുള്ള ലൈംഗികബന്ധത്തെയും നിരോധിക്കുന്ന ഒരു നിയമവും ഇല്ലെന്ന്‌ വ്യക്തമാക്കി. മാത്രമല്ല സ്‌നേഹിക്കുന്ന സ്‌ത്രീ പുരുഷന്മാർ സഹവസിക്കുന്നത്‌ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കുറ്റകരമായ പ്രവർത്തിയല്ലെന്നും ചൂണ്ടിക്കാട്ടി.

തെന്നിന്ത്യൻ താരസുന്ദരി ഖുശ്‌ബു 2005-ൽ ഒരു വാരികയ്‌ക്ക്‌ നൽകിയ അഭിമുഖത്തിൽ വിവാഹപൂർവ്വബന്ധങ്ങൾ തെറ്റല്ലെന്നും ഗർഭിണിയാകാതിരിക്കാനും രോഗങ്ങൾ വരാതിരിക്കാനും മുൻകരുതലുകൾ പെൺകുട്ടികൾ എടുത്താൽ മതിയെന്നും വ്യക്തമാക്കിയിരുന്നു. ഇത്‌ സൃഷ്‌ടിച്ച വിവാദങ്ങളെതുടർന്നുള്ള കേസുകൾ ഖുശ്‌ബുവിനെതിരെ വിവിധ കോടതികളിൽ ഫയൽ ചെയ്യപ്പെട്ടു. തമിഴ്‌നാട്ടിൽ ഫയൽ ചെയ്‌ത പ്രസ്‌തുത ഹർജികൾ റദ്ദാക്കണമെന്ന്‌ ഖുശ്‌ബുവിന്റെ അപേക്ഷ തമിഴ്‌നാട്‌ ഹൈക്കോടതി ഖുശ്‌ബുവിന്റെ വാദഗതി അംഗീകരിച്ച്‌ ഖുശ്‌ബുവിനെതിരായ കേസുകൾ റദ്ദാക്കി. ഖുശ്‌ബുവിന്റെ കേസ്‌ സുപ്രീംകോടതി പരിഗണിക്കവേയാണ്‌ കോടതി മേൽ വിവരിച്ച പരാമർശങ്ങൾ നടത്തിയത്‌.

ഇന്ത്യയിലെ വലിയ പട്ടണങ്ങളിൽ ദാമ്പത്യേതരസഹവാസം പ്രാബല്യത്തിലുണ്ട്‌. എന്നാലിത്‌ കുടുംബബന്ധങ്ങളിൽ വ്യാപകമായ വിള്ളലുകൾ സൃഷ്‌ടിക്കുമെന്ന തിരിച്ചറിവിൽ പല രാജ്യങ്ങളും ഇത്‌ തിരുത്താൻ ശ്രമിക്കുമ്പോഴാണ്‌ ഇപ്രകാരം ഒരു വിധി വന്നിട്ടുള്ളത്‌. സമൂഹത്തിന്റെ ധാർമ്മികസദാചാര സങ്കല്‌പങ്ങളുടെ മേൽ ഈ വിധി ശക്തമായ ആഘാതമാണ്‌ സൃഷ്‌ടിക്കുക.

സമൂഹത്തിന്റെ കെട്ടുറപ്പിനും ആരോഗ്യകരമായ പുരോഗതിക്കും കുട്ടികളുടെ സ്വഭാവരൂപവത്‌ക്കരണത്തിനും വിവാഹവും കുടുംബജീവിതവും കൂടിയേ തീരൂ. കുടുംബജീവിതത്തിന്‌ ഏറെ പാവനത്വവും മഹത്വവും കൽപ്പിക്കുന്നവരാണ്‌ ഭാരതീയർ. വരും തലമുറകളുടെ സൃഷ്‌ടിയും പരിപാലനവുമാണ്‌ കുടുംബജീവിതത്തിന്റെ യഥാർത്ഥ ധർമ്മം. വളരുന്ന തലമുറയുടെ ശാരീരിക-മാനസിക-ബൗദ്ധിക വളർച്ച സുഗമവും സന്തുലിതവുമായി ലഭ്യമാകുന്നത്‌ കുടുംബബന്ധങ്ങളിലൂടെയാണ്‌. വിവാഹപൂർവ്വ ലൈംഗികതയും സഹജീവിതവും കുടുംബങ്ങൾ വിഭാവനം ചെയ്യുന്ന ഉദാത്തമൂല്യങ്ങളെ കടപുഴക്കി എറിയും. കുട്ടികൾ വ്യക്തിത്വ വൈകല്യങ്ങൾ ഉള്ളവരായിമാറും. അനാഥശിശുക്കളിവിടെ അരാജകത്വം വിതയ്‌ക്കും.

കുടുംബത്തിന്റെ അടിസ്‌ഥാനം വിവാഹമാണെന്ന സത്യത്തെ ഇവിടെ വിസ്‌മരിക്കുന്നു. സമൂഹത്തിന്റെ ഭദ്രതയ്‌ക്കും സുഗമമായ പ്രയാണത്തിനും വിവാഹം കൂടിയേ തീരൂ. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനില്‌പ്പും ധാർമ്മിക - സദാചാരമൂല്യങ്ങളോടുള്ള പ്രതിബദ്ധതയും കുടുംബബന്ധങ്ങളിലൂടെയാണ്‌ സംജാതമാകുക.

മറ്റു വ്യക്തികളെ ഒഴിവാക്കുന്നതും (exclusive) സ്‌ഥിരവുമായ (permanent) ദമ്പതികളുടെ പരസ്‌പര സമർപ്പണമാണ്‌ വിവാഹജീവിതത്തിന്റെ കാതൽ. എന്നാൽ വിവാഹേതരസഹവാസത്തിൽ മറ്റ്‌ വ്യക്തികൾ കടന്നുവരാനും സ്‌ഥിരമല്ലാത്തതുമായ ബന്ധങ്ങൾ തുടരാനും സാധ്യത കൂടുതലാണ്‌. ഇത്തരം ജീവിതം വളരെ പരിതാപകരമായിരിക്കും.

വിവാഹത്തിനൊരു ദൈവികമാനമുണ്ട്‌. അടുത്ത തലമുറയ്‌ക്ക്‌ ജന്മം നൽകിക്കൊണ്ട്‌ സൃഷ്‌ടിയുടെ തുടർകണ്ണികളാകാനുള്ള ദൈവിക ദൗത്യത്തിൽ ഭാഗഭാക്കാകുകയാണ്‌ വിവാഹമെന്ന കൂദാശയിലൂടെ മനുഷ്യൻ, വിവാഹം കൂടാതെയുള്ള സഹവാസം വിവാഹത്തിന്റെ വിശുദ്ധി തകർക്കുകയും ലൈംഗിക അരാജകത്വത്തിന്‌ വഴി തെളിക്കുകയും ചെയ്യും. സഹവാസത്തിലൂടെ, കുടുംബബന്ധമില്ലാതെ പുതുതലമുറകൾ പിറന്നു വീഴുന്നതിനെ ഭയപ്പാടോടെ കാണേണ്ടിവരും. കാരണം അവിഹിതഗർഭങ്ങളും അച്ഛനില്ലാതെ വളരുന്ന ജാരസന്തതികളും അമേരിക്കയുടെ വലിയ പ്രശ്‌നമാണ്‌. ഈ കുട്ടികൾ മയക്കുമരുന്നിനും മദ്യത്തിനും അടിപ്പെട്ട്‌ നശിക്കുന്നു. വഴിവിട്ട ലൈംഗികജീവിതത്തിനും ഇക്കൂട്ടർ ഇരകളാകും.

ശിശുക്കൾ മനുഷ്യരായി വളരുന്നതിന്‌ കുടുംബം വേണമെന്ന്‌ നൂറ്റാണ്ടുകളിലൂടെ നാമാർജ്ജിച്ച സത്യമാണ്‌. സ്വതന്ത്ര്യസഹവാസത്തിലൂടെ ജനിക്കുന്ന കുട്ടികൾ മാനസിക - വൈകാരിക പ്രശ്‌നങ്ങൾ വേട്ടയാടുന്നവരാകും. കുടുംബമാണ്‌ വ്യക്തിത്വരൂപീകരണത്തിന്റെ പിള്ളത്തൊട്ടിൽ. അവിടെ സംഭവിക്കുന്ന എല്ലാ ആഘാതങ്ങളും കുട്ടികളിൽ ആഴമേറിയ മുറിവുകൾ സൃഷ്‌ടിക്കും. അത്‌ തലമുറകളിലേയ്‌ക്ക്‌ പകരും. പടരും. സമൂഹത്തിനത്‌ താങ്ങാനാവാത്ത ദുരന്തഫലങ്ങൾ സമ്മാനിക്കും.

എന്റെ താത്‌പര്യം, എന്റെ സ്വാതന്ത്ര്യം, എന്റെ സുഖം എന്നതിലൂന്നിയ ഇത്തരം ബന്ധങ്ങളിലൂന്നിയവരെ ഭരിക്കുന്നത്‌ ഒരു തരം വികലമായ സ്വാതന്ത്ര്യബോധമാണ്‌. ഇവ വരുത്തിവയ്‌ക്കുന്ന വിനകളും സാമൂഹികമായ അരാജകത്വവും ധാർമ്മിക ദുരന്തങ്ങളും പാശ്ചാത്യലോകം തിരിച്ചറിഞ്ഞ്‌ പശ്ചാത്തപിക്കുകയാണിപ്പോൾ.

ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന മഹത്തായ കുടുംബമൂല്യങ്ങളുടെ യശസ്സ്‌ ഇടിച്ചുതാഴ്‌ത്തുന്ന നീക്കങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. മാതൃസ്‌നേഹം, പിതൃസ്‌നേഹം, തുടങ്ങിയ ജന്മാവകാശങ്ങൾ നിഷേധിക്കുന്ന, അനാഥകുഞ്ഞുങ്ങളെക്കൊണ്ട്‌ തെരുവ്‌ നിറയ്‌ക്കുന്ന കുത്തഴിഞ്ഞ സമ്പ്രദായങ്ങളെ നമുക്ക്‌ പരിപോഷിപ്പിക്കാതിരിക്കാം. ഉത്തമകുടുംബജീവിതമാണ്‌ ഉത്തമസമൂഹത്തിന്‌ നിദാനം. അത്‌ തിരിച്ചറിയാം.

കടപ്പാട്‌ ഃ “പുറപ്പാട്‌ സമയം”

അഡ്വ. ചാർളിപോൾ M.A, LLB




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.