പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഇറ്റാലിയന്‍വല്ക്കരിച്ച ഇന്ത്യന്‍ ജുഡീഷ്വറി!..

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നാസര്‍ റാവുത്തര്‍, ആലുവ

“ഇറ്റാലിയന്‍ നാവികര്‍ ഇനി മടങ്ങിവരികയില്ല എന്ന ഇറ്റലിയുടെ നിലപാട് മാര്‍ച്ച് 14-ആം തിയ്യതി അറ്റോര്‍ണി ജനറല്‍ ഗുലാം ഇ വഹന്‍വതി ഉന്നത നീതിപീഠമായ സുപ്രീംകോടതി മുമ്പാകെ രേഖാമൂലം അറിയിച്ചപ്പോള്‍ ഒരു ഭൂമികുലുക്കം ഉണ്ടായതുപോലെ അക്ഷരാര്‍ത്ഥത്തില്‍തന്നെ ഭാരതീയ ജനത ഒന്നടങ്കം നടുങ്ങി. നാവികരെ വിചാരണ ചെയ്യുന്നതിനുള്ള അധികാരത്തെക്കുറിച്ചുള്ള തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവരെ മടക്കി അയക്കേണ്ടതില്ല എന്ന തീരുമാനത്തോടെ ഇറ്റാലിയന്‍ വിദേശ മന്ത്രാലയത്തിന്റെ അന്ത്യശാസനയും പുറത്തുവന്നു.

“ഇന്ത്യയുമായി ഈ വിഷയത്തിലുള്ള തര്‍ക്കം അന്താരാഷ്ട്രവിഷയമാണ്. ഇരുരാജ്യങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവരും ഇന്ത്യയിലേയ്ക്ക് മടങ്ങേണ്ടതില്ല”. ഒരു പരമാധികാര റിപ്പബ്ലിക്കന്‍ രാജ്യത്തിലെ നീതിന്യായവ്യവസ്ഥിതിയോടുള്ള ഇറ്റലിയുടെ ധാര്‍ഷ്ട്യം കലര്‍ന്ന വെല്ലുവിളിയാണ് ഈ വരികള്‍ക്കിടയിലൂടെ പ്രബുദ്ധഭാരതം വായിച്ചെടുത്തത്. അതോടെ ഇന്ത്യന്‍ പൗരസമൂഹം അത്യന്തം സ്‌തോഭവും, നീരസവും കടിച്ചമര്‍ത്തി. മാധ്യമലോകം ആ പൊതുവികാരത്തോടു ചേര്‍ന്നുനിന്നു. തുലാസിലാടുന്ന ഇന്ത്യന്‍ പരമാധികാരത്തിലും, വില്പനയ്ക്കുവച്ചിട്ടുള്ള ഇന്ത്യന്‍ നിയമത്തിലും അവിശ്വാസം പ്രകടിപ്പിക്കുന്ന ഒരുവിഭാഗം മുസ്ലിം-കമ്മ്യൂണിസ്റ്റ് ജനതയുടെ രാഷ്ട്രീയ മുതലെടുപ്പിനു ആക്കം കൂടി. നാലാള്‍കൂടുന്നിടത്തെ ദേശീയവികാരം ന്യൂനപ്രവണയാര്‍ജ്ജിച്ചതോടെ ദേശീയരാഷ്ട്രീയം അത് ഏറ്റുപിടിച്ചു. “ഇറ്റലിയുടെ അപക്വമായ നിലപാട് ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കു”മെന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രധാനമന്ത്രി വ്യക്തമാക്കിയതോടെ ഇറ്റലിയ്ക്ക് അപകടം മണത്തു. 4000 കോടി രൂപയുടെ അഗസ്ത വെസ്റ്റ്‌ലന്‍ഡ് ഹെലിക്കോപ്റ്റര്‍ കരാര്‍ ഉള്‍പ്പെടെ മറ്റനേകം ഇറ്റാലിയന്‍ കമ്പനികളുമായുള്ള കോടിക്കണക്കിന് രൂപയുടെ പ്രതിരോധ-വാണിജ്യ-വ്യാപാരകരാറുകളെ ഇത് ബാധിക്കുമെന്നുള്ള സൂചനയും, ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയല്‍ മഞ്ചീനിയുടെ നയതന്ത്രപരിരക്ഷ എടുത്തുകളഞ്ഞതും, അദ്ദേഹത്തെ രാജ്യം വിടുന്നത് വിലക്കിയതും മറ്റും ഇറ്റാലിയന്‍ ഗവണ്‍മെന്റിനെ പ്രതിരോധത്തിലാക്കി. കൂടാതെ, എല്ലാവിരലുകളും ഇറ്റാലിയന്‍ വംശജയായ സോണിയാഗാന്ധിക്കുനേരെ സംശയദൃഷ്ടിയോടെ നീണ്ടപ്പോള്‍ മാര്‍ച്ച് 19-ആം തിയ്യതി നടന്ന കോണ്‍ഗ്രസ് പാലമെന്ററി പാര്‍ട്ടിയോഗത്തില്‍ അതിരൂക്ഷമായി ഇറ്റലിയെ വിമര്‍ശിച്ചുകൊണ്ട് സോണിയ രംഗത്തുവന്നു.

“ഇന്ത്യയോട് എന്തുമാകാമെന്ന ധാരണ വേണ്ട, ഒരു രാജ്യത്തേയും അതിനു അനുവദിക്കുകയില്ല” എന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷ തുറന്നടിച്ചു. അതോടെ ഇറ്റാലിയന്‍ കാര്യാലയം ഇളകി. പിന്നീടു നടന്ന ഉന്നതതല ചര്‍ച്ചയില്‍ നാവികര്‍ക്കു വധശിക്ഷ ഉണ്ടാകില്ലെന്ന ഇന്ത്യാ ഗവണ്‍മെന്റിന്റെ (സുപ്രീം കോടതിയുടേതല്ല) രേഖാമൂലമുള്ള ഉറപ്പില്‍ അവരെ ഇന്ത്യയിലേയ്‌ക്കെത്തിക്കാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ തയ്യാറായി. അങ്ങിനെ മാര്‍ച്ച് 22-ആം തിയ്യതി വൈകുന്നേരത്തോടെ പ്രതികളായ സാല്‍വത്തോറെ ജിറോണും, ലത്തോറെ മാസിമിലിയോയും തിരിച്ചുവരികയും അവരോടൊപ്പം ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തൂര ഡല്‍ഹിയില്‍ എത്തുകയും, ഇന്ത്യയിലെ ഇറ്റാലിയന്‍ എംബസി സ്ഥാനപതി ഡാനിയല്‍ മഞ്ചിനിക്കൊപ്പം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ കാണുകയും ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. ഇത് നയതന്ത്രബന്ധത്തിന്റെ വിജയമാണെന്നോ നീതിന്യായസംവിധാനത്തിന്റെ പ്രബലതയാണെന്നോ ഒക്കെയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വിശേഷിപ്പിക്കുന്നത്. പക്ഷേ, ഇതേതുടര്‍ന്ന് ഇറ്റാലിയന്‍ പാര്‍ലമെന്റിലുണ്ടായ വാദകോലാഹലങ്ങള്‍ക്കൊടുവില്‍ അതീവ ദുഃഖിതനായ ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ജൂലിയോ തെര്‍സി തന്റെ മന്ത്രിസ്ഥാനം രാജിവച്ച് പ്രതിഷേധിക്കുകയുണ്ടായി.

“കഴിഞ്ഞ 40 വര്‍ഷമായി രാജ്യത്തിന്റേയും സൈന്യത്തിന്റേയും നയതന്ത്രരംഗത്തിന്റേയും അഭിമാനം കാത്തുസൂക്ഷിക്കാന്‍ താന്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല. അവ ഉയര്‍ത്തിപ്പിടിക്കുന്നതിനുവേണ്ടിയാണ് ഈ രാജി”. എന്നു വേദനയോടെ പ്രസ്താവിച്ചുകൊണ്ടാണ് അദ്ദേഹം പടിയിറങ്ങിപ്പോയത്.

2012 ഫെബ്രുവരി 15-ആം തിയ്യതിയാണ് കൊല്ലം ജില്ലയിലെ നീണ്ടകര തുറമുഖത്തിനടുത്ത് തോട്ടപ്പിള്ളി കടലില്‍ സിംഗപ്പൂരില്‍ നിന്നും ആഫ്രിക്കന്‍ തീരമായ ജിബൂട്ടിയിലേയ്ക്ക് പോവുകയായിരുന്ന എന്റിക്ക ലെക്‌സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്നും യാതൊരു പ്രകോപനവുമില്ലാതെ രണ്ടു നാവികരുടെ വെടിയേറ്റ് മത്സ്യതൊഴിലാളികളായ ജലസ്റ്റിന്‍ വാലന്റെയിനും, രാജേഷ് പിങ്കുവും മരണമടയുന്നത്. രണ്ടുമിനിട്ട് നീണ്ടുനിന്ന ഇരുപത് റൗണ്ട് വെടിയുതിര്‍ക്കലാണ് നടന്നത്. കടല്‍ക്കൊള്ളക്കാരാണെന്നു തെറ്റിദ്ധരിച്ചാണ് നിറയൊഴിച്ചതെന്നും, ഒരു മുന്നറിയിപ്പായി കടല്‍വെള്ളത്തിലാണ് വെടിവച്ചതെന്നും, അത് ലഷ്യം തെറ്റി മത്സ്യതൊഴിലാളികള്‍ക്ക് ഏല്‍ക്കുകയായിരുന്നുവെന്നുമാണ് ഇറ്റലിക്കാരുടെ വിശദീകരണം. ഈ സമയം സെയിന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടില്‍ ശേഷിക്കുന്ന 17 പേരും ഉറക്കത്തിലായിരുന്നു. പുറംകടലില്‍ നങ്കൂരമിട്ടുകിടക്കുന്ന കപ്പല്‍ക്കാര്‍ക്ക് മത്സ്യതൊഴിലാളികള്‍ മുന്തിയ ഇനം മത്സ്യങ്ങളും മറ്റും നല്‍കുകയും, പകരം വിദേശമദ്യവും, മയക്കുമരുന്നും സ്വീകരിക്കുന്നതും സര്‍വ്വസാധാരണമാണ്. കൂടാതെ, ചില അനധികൃത ഇടപാടുകളും ചിലര്‍ നടത്താറുണ്ട്. അതിനുള്ള ഉദ്യമത്തിനിടെയാണോ അത്യാഹിതം സംഭവിച്ചതെന്നും വ്യക്തമല്ല. അതുപോലെ ആഫ്രിക്കയിലേയ്ക്ക് അന്താരാഷ്ട്ര പാതയായ 9 ഡിഗ്രി ചാനലിലൂടെ പോകേണ്ട കപ്പല്‍ എന്തിനാണ് കേരള തീരത്തുകൂടി വടക്കോട്ടുപോയത് എന്നതും ഇപ്പോഴും ദുരൂഹതയായി തുടരുന്നു.

നീണ്ടകര പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 2/2012 ആയി എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യുകയും, ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം നാവികരെ 302-ആം വകുപ്പില്‍ കൊലക്കുറ്റത്തിനു കേസെടുക്കുകയും ചെയ്ത അത്യന്തം ദുരൂഹതകള്‍ നിറഞ്ഞ കടല്‍ക്കൊലപാതകക്കേസ് പ്രാരംഭഘട്ടം മുതല്‍ക്കുതന്നെ മീഡിയാലോകം വിമര്‍ശിച്ചുകൊണ്ടിരുന്നു. ഇറ്റലിയില്‍ രചിച്ച തിരക്കഥയ്ക്കനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നുള്ള ആക്ഷേപങ്ങള്‍ പ്രബുദ്ധസമൂഹം ഉയര്‍ത്തിക്കൊണ്ടുവന്നു. ജയിലില്‍ പാര്‍പ്പിക്കേണ്ട കുറ്റവാളികളെ അന്താരാഷ്ട്രബന്ധത്തിന്റ പേരില്‍ പോലീസ് ക്ലബില്‍ സുഖകരമായി താമസിപ്പിച്ചതും, മതിയായ ദീര്‍ഘവീക്ഷണമില്ലാതെ ഇറ്റലിയിലേയ്ക്ക് പോകാന്‍ അനുവദിച്ചതും മറ്റും അതിനു ദൃഷ്ടാന്തങ്ങളാണ്. ഇന്ത്യന്‍ ഭരണാധിപരെ സംബന്ധിച്ചിടത്തോളം ഇറ്റലിക്കു മുമ്പില്‍ മുട്ടുമടക്കിയേ പറ്റൂ. കാരണം, ലോകത്തെമ്പാടുമുള്ള കത്തോലിക്കാ സഭയുടെ അധികാര പ്രഭവകേന്ദ്രമാണ് കറുത്ത പുകയും, വെളുത്ത പുകയും ഉയരുന്ന റോമും, വത്തിക്കാനും, പോപ്പും ഉള്‍പ്പെടുന്ന ഇറ്റലി. അവിടത്തെ ആദ്ധ്യാത്മിക അതിശ്രേഷ്ഠന്മാരാണ് ലോകം തന്നെ ഭരിക്കുന്നത്. സുഖശീതള കാലാവസ്ഥയുള്ള, സുന്ദരീ സുന്ദരന്മാരുടെ നാടായ, എല്ലാവരും അത്യാഹ്ലാദത്തോടെ ജീവിക്കുന്ന, ദാരിദ്ര്യരേഖ തെല്ലും ഏശിയിട്ടില്ലാത്ത ഇറ്റലിയില്‍ ‘പ്രൊപ്പഗേന്റ’ എന്ന ഒരു മതപഠനശാലയുണ്ട്. ലോകത്തെമ്പാടുമുള്ള സമസ്ത ക്രൈസ്തവ തിരുമേനിമാരും മതപ്രചരണാര്‍ത്ഥം പഠിച്ചിറങ്ങുന്നത് ഇവിടെനിന്നാണ്. അതുപോലെ, ആഗോളകത്തോലിക്കാ പള്ളികളിലേയ്ക്ക് ആത്മീയപ്രചരണാര്‍ത്ഥം കോടികള്‍ ഒഴുകിയെത്തുന്നതും ഇറ്റലിയില്‍ നിന്നുമാണ്. രാഷ്ട്രീയവും, മതവും രണ്ടും രണ്ടല്ല, ഒന്നാണ് എന്നു പഠിപ്പിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ ഇറ്റാലിയന്‍ ‘സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കാതിരു’ ന്നെങ്കിലേ അത്ഭുതമുള്ളൂ. കൂടാതെ, ഇറ്റലിയിലെ ഭദ്രാസനാധിപന്മാര്‍ നമ്മുടെ തിരുമേനിമാരെ വിളിച്ച് ‘ഇലയ്ക്കും മുള്ളിനും കേടുപറ്റാത്തവിധം കാര്യങ്ങള്‍ ഭംഗിയാക്കണ’മെന്നുപറഞ്ഞാല്‍ എന്ത് കടല്‍ക്കൊല ? ... എന്ത് നിയമസംവിധാനം?....

ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ ഭരണഘടനയുടെ പ്രാണവായുതന്നെ നിയമവാഴ്ചയുടെ അധീശത്വമാണ്. ജനങ്ങളാല്‍ തിരഞ്ഞെടുക്കുന്ന ഭരണസംവിധാനം കൈകൊള്ളുന്ന തീരുമാനങ്ങള്‍ പുനഃപരിശോധിക്കുവാനുള്ള അധികാരം സുപ്രീംകോടതിക്കുള്ളതുകൊണ്ടാണ് ഇന്ത്യന്‍ ജ്യുഡീഷ്വറി പാര്‍ലമെന്റിനേക്കാള്‍ ഒരുപണത്തൂക്കം കൂടുതല്‍ അധികാരമുള്ളതാണെന്നു പറയുന്നത്. ഇത്തരം പ്രത്യേകതകള്‍ കൊണ്ടാണ് ഭൂമിയിലെ ഏറ്റവും ശക്തമായ കോടതിയാണ് ഇന്ത്യയിലെ പരമോന്നതനീതിപീഠമായ സുപ്രീംകോടതിയെന്നു അന്താരാഷ്ട്ര നിയമ ഏജന്‍സികള്‍ വിലയിരുത്തുന്നത്. അതുതന്നെയാണ് 127 കോടി ഇന്ത്യന്‍ ജനതയുടെ അന്തസ്സും അഭിമാനവും. 2012 ഡിസംബര്‍ 15 ന് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗിയോപോളോ ഡി പൌലോ ഇന്ത്യയിലെ സ്ഥാനപതിയേയും, നാവികരേയും സന്ദര്‍ശിച്ചശേഷം അഭിപ്രായപ്പെട്ടത് “ഇന്ത്യന്‍ നീതിന്യായവ്യവസ്ഥിതിയിലും, കോടതിയിലും പൂര്‍ണ്ണവിശ്വാസമുണ്ടെ”ന്നാണ്. എങ്കിലും ചില ബാഹ്യശക്തികള്‍ ദേശവിരുദ്ധസ്വഭാവത്തോടെ കോടതി നടപടികള്‍ അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുള്ളത് അനിഷേധ്യമായ വസ്തുതയാണ്. സ്വാര്‍ത്ഥതല്പരരായ ചില ന്യായാധിപന്മാര്‍ നിയമത്തിന്റെ വില്പനക്കാരായി അധഃപതിക്കാറുമുണ്ട്. അത്തരം ഒന്ന് ഈ കേസിലും നടന്നിട്ടുണ്ടോ എന്ന് സ്വാഭാവികമായി സംശയിക്കാന്‍ തോന്നുന്ന സംഭവങ്ങളാണ് ജനങ്ങള്‍ക്കുമുമ്പാകെ മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്.

കപ്പലിന്റെ നാവിഗേഷന്‍ ചാര്‍ട്ട്, വോയേജ് ഡാറ്റാ റെക്കാര്‍ഡര്‍ തുടങ്ങിയ സുപ്രധാനരേഖകള്‍ നശിപ്പിക്കപ്പെട്ടെങ്കിലും ലഭ്യമായ തെളിവുകളുടേയും, സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തില്‍ 196 പേജ് വരുന്ന ചാര്‍ജ്ജ് ഷീറ്റ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജീസ്‌ട്രേറ്റ് കോടതിയില്‍ 2012 മെയ് 18 ന് സമര്‍പ്പിക്കപ്പെട്ടു. 105 ദിവസത്തെ റിമാന്റ് കാലാവധിയെ തുടര്‍ന്ന് കര്‍ശ്ശന ഉപാധികളോടെയും, ഒരു കോടി രൂപയുടെ ബോണ്ടിന്റേയും, നാവികര്‍ ഇന്ത്യ വിട്ടുപോകില്ലെന്ന ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ ഉറപ്പിന്റേയും പിന്‍ബലത്തില്‍ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. തുടര്‍ന്നാണ് സങ്കീര്‍ണ്ണമായ നിയമപ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇറ്റാലിയന്‍ ഗവണ്‍മെന്റ് രംഗത്തുവരുന്നത്. സംഭവം നടക്കുന്നത് കേരള തീരത്തുനിന്നും 20.5 നോട്ടിക്കല്‍ മൈല്‍ (നീണ്ടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് 31 നോട്ടിക്കല്‍ മൈല്‍) അകലെയാണ്. അതായത്, ഇന്ത്യന്‍ അധികാര പരിധി 12 നോട്ടിക്കല്‍ മൈല്‍ ആണെന്നിരിക്കെ ഇന്ത്യന്‍ കോടതികളില്‍ നാവികരെ വിചാരണ ചെയ്യാന്‍ അധികാരമില്ല. അതായത്, സംഭവം നടക്കുന്നത് അന്താരാഷ്ട്ര കപ്പല്‍ ചാനലിലായതിനാല്‍ അന്താരാഷ്ട്ര കോടതിയിലാണ് കേസ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. ഈ വാദത്തെ കോടതി തള്ളിക്കളഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം 3 ആം വകുപ്പ് ഇന്ത്യന്‍ കരാതിര്‍ത്തിക്കു പുറത്ത് ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ചുള്ള കുറ്റം ചെയ്ത പ്രതി ഇന്ത്യയില്‍ എത്തിയാല്‍ ഇന്ത്യയില്‍ വിചാരണ നടത്തി ശിക്ഷിക്കാം എന്നു അനുശാസിക്കുന്നു. കുറ്റകൃത്യത്തിനുശേഷം നാവികര്‍ നേരെ ഇന്ത്യയിലേയ്ക്കാണ് വന്നത് എന്നതിനാല്‍ മൂന്നാം വകുപ്പ് അനുസരിച്ച് നിര്‍ബാധം കേസെടുക്കാവുന്നതാണ്. അതുപോലെ അന്താരാഷ്ട്ര നിയമമനുസരിച്ച് 200 നോട്ടിക്കല്‍ മൈല്‍ വരെ ഒരു രാജ്യത്തിന്റെ Exclusive Economic Zone (EEZ) ആണ്. അവിടെ മത്സ്യബന്ധനത്തിനും, ഖനനത്തിനും രാജ്യത്തിന് പൂര്‍ണ്ണ അധികാരമുണ്ട്. 24 നോട്ടിക്കല്‍ മൈല്‍ വരെ Contigous Zone ആണ്. ഇവിടെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുവാനും ശിക്ഷിക്കുവാനും അതാതു രാജ്യത്തിനു അധികാരമുണ്ട്. കൂടാതെ, 1988 ല്‍ ഇന്ത്യയും, ഇറ്റലിയും സംയുക്തമായി ഒപ്പുവച്ച എസ്. യു. എ ആക്ട് അനുസരിച്ചും ഇന്ത്യന്‍ ഗവണ്‍മെന്റിന് കേസെടുക്കാനുള്ള അധികാരമുണ്ട്. ഇങ്ങനെ സാദ്ധ്യമായ എല്ലാ നിയമസാദ്ധ്യതകളിലൂടെയും കേസ്‌ നടപടികള്‍ മുന്നോട്ടുപോകവെയാണ് തങ്ങളുടെ കുടുബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കാന്‍ സ്വന്തം നാട്ടിലേയ്ക്ക് പോകാന്‍ അനുവദിക്കണമെന്ന ആവശ്യം നാവികര്‍ ഫയല്‍ചെയ്തത്. പ്രസ്തുത ഹര്‍ജ്ജിയിന്മേല്‍ കേന്ദ്രസസര്‍ക്കാര്‍ നിര്‍ഭാഗ്യകരമായ അനുകൂല തീരുമാനമെടുത്തതോടെ ഹൈക്കോടതി കര്‍ശ്ശന ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു. ജനുവരി 10ന് കൊച്ചിയില്‍ തിരിച്ചെത്തണം, 6 കോടി രൂപ ബാങ്ക് ഗ്യാരണ്ടി വയ്ക്കണം തുടങ്ങിയവയായിരുന്നു മുഖ്യ നിബന്ധനകള്‍. കൂടാതതെ, ഇരുവരേയും തിരിച്ചുകൊണ്ടുവരാമെന്ന് ഇറ്റാലിയന്‍ അംബാസിഡറും കോണ്‍സുലേറ്റും ഹൈക്കോടതിയില്‍ ഉറപ്പുകൊടുത്തു. അതോടെ നെടുമ്പാശ്ശേരിയില്‍ നിന്നും ഒരു പ്രത്യേക വിമാനത്തില്‍ നാവികര്‍ ഇറ്റലിയിലേയ്ക്ക് പറന്നു.

ഈ തീരുമാനത്തിലെ അപാകത പലരും ചൂണ്ടിക്കാണിച്ചതാണ്. തടവുപുള്ളിയെ ക്രിസ്തുമസ്സ് അടിച്ചുപൊളിക്കാന്‍ തുറന്നുവിടുന്ന ഒരുപക്ഷേ ആദ്യത്തെ രാജ്യമാകും ഇന്ത്യ. 121 ഓളം ഇന്ത്യക്കാര്‍ ഇറ്റലിയിലെ ജയിലുകളില്‍ വിവിധ കേസുകളിലായി കിടപ്പുണ്ട്. ഇന്ത്യയിലെ ജയിലുകളില്‍ 3601 വിദേശ തടവുകാര്‍ വിചാരണ കാത്തുകിടപ്പുണ്ട്. ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ മറ്റുരാജ്യങ്ങളിലെ ജയിലുകളില്‍ കിടക്കുന്നുണ്ട്. ഇവര്‍ക്കാര്‍ക്കും നാളിന്നുവരെ ലഭിക്കാത്ത ഒരു ആഘോഷസൗജന്യം കേവലം രണ്ടു ഇറ്റലിക്കാര്‍ക്കു അനുവദിച്ചതില്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ചോദ്യം ചെയ്യപ്പെട്ടു. ഇറ്റാലിയന്‍ നാവികര്‍ക്കു വേണമെങ്കില്‍ മൂന്നാറിലോ, കോവളത്തോ വച്ച് സകുടുംബം ക്രിസ്തുമസ് ആഘോഷിക്കാവുന്നതേയുള്ളൂ. ഈ ആപത്ക്കരമായ വസ്തുത കേരള ഗവണ്‍മെന്റ് ഹൈക്കോടതിയില്‍ ചൂണ്ടിക്കാണിച്ചതാണ്. കൂടാതെ മറ്റൊരു സുപ്രധാന വസ്തുത കൂടി കേരള സര്‍ക്കാര്‍ മുന്നോട്ടുവച്ചു. ക്രിസ്തുമസ്സ് ആഘോഷിക്കാന്‍ നാവികരെ ഇറ്റലിയിലേയ്ക്കു വിട്ടാല്‍ തിരിച്ച് ഇന്ത്യയിലേയ്ക്കു വരാന്‍ ഇടയാകാത്തവിധം നിയമപരമായി ഇറ്റലിയില്‍ തന്നെ ബന്ധനം തീര്‍ത്തുവയ്ക്കും. അതായത്, നാവികര്‍ ഇറ്റലിയില്‍ എത്തിയാലുടന്‍ മത്സ്യബന്ധനക്കാരെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ഇറ്റാലിയന്‍ നിയമമനുസരിച്ച് അറസ്റ്റ് ചെയ്ത് ഉടനെ ജാമ്യത്തില്‍ വിട്ടയയ്ക്കും, ഒപ്പംതന്നെ, രാജ്യം വിട്ടുപോകരുത് എന്നൊരു നിബന്ധനയും വയ്ക്കും. പിന്നെ, നാവികരെ കുറ്റം പറഞ്ഞിട്ടെന്താ കാര്യം?... സ്ഥാനപതിയാകട്ടെ, ഭംഗിയായി കൈമലര്‍ത്തുകയും ചെയ്യും. കൂടാതെ, അനവധി മുന്‍ അനുഭവങ്ങളും ഇന്ത്യയ്ക്കുണ്ടായിട്ടുണ്ട്. തന്ത്രപ്രധാനമായ കൊച്ചി തുറമുഖത്തിന്റെ സ്‌കെച്ചും, പ്ലാനും, വിശദാംശങ്ങളും, സൈനിക രഹസ്യങ്ങളുമെല്ലാം ചോര്‍ത്തിയ ഫ്രഞ്ച് ചാരക്കേസ്സിലെ പ്രതികളായ ഫ്രഞ്ച് നാവികര്‍ ഇന്ത്യയില്‍ ജാമ്യമെടുത്ത് നാട്ടില്‍പ്പോയി. പിന്നെ, ഇന്നുവരെ തിരിച്ചുവന്നിട്ടില്ല. നാളിന്നുവരേയും ഇന്ത്യന്‍ ഗവണ്‍മെന്റ് ‘കമ’എന്നൊരക്ഷരം മിണ്ടിയിട്ടില്ല, മിണ്ടിയാല്‍ വിവരം അറിയും. 1984 ഡിസംബര്‍ രണ്ടിനാണ് ഭോപ്പാല്‍ മീഥൈന്‍ ഐസോസൈനേറ്റ് എന്ന വിഷവാതകം ശ്വസിച്ച് ഇരുപത്തിനാലായിരത്തോളം മനുഷ്യര്‍ പിടഞ്ഞുവീണു മരിച്ചത്. അതിനുത്തരവാദിയായ യൂണിയന്‍ കാര്‍ബൈഡ് എന്ന ബഹുരാഷ്ട്ര ഭീമന്റെ മേധാവി വാറന്‍ ആന്റേഴ്‌സനെ അറസ്റ്റുചെയ്തു ജാമ്യത്തില്‍ വിട്ടു. രാജ്യം വിട്ടുപോകരുതെന്ന് ജാമ്യവ്യവസ്ഥയില്‍ ഉണ്ടായിരുന്നുവെങ്കിലും, ടിയാന്‍ അടുത്തനിമിഷം അമേരിക്കയിലേയ്ക്ക് പറന്നുയര്‍ന്നു. ഇപ്പോള്‍, കക്ഷി എവിടെയുണ്ടെന്ന് വിവരാവകാശം ചോദിച്ച് ഇന്ത്യാഗവണ്‍മെന്റിനെ ദയവായി കുഴയ്ക്കരുത്.

1985 ല്‍ രാജീവ് ഗാന്ധിയുടെ എതിര്‍പ്പിനെ മറികടന്ന് അന്നത്തെ വ്യാമയാന മന്ത്രിയായിരുന്ന ജഗദീഷ് ടൈറ്റ്‌ലര്‍ 19 എണ്ണം വെസ്റ്റലന്റ് 30 ഹെലികോപ്റ്റര്‍ വാങ്ങാനുള്ള കരാറില്‍ ഒപ്പുവച്ചു. അപ്രകാരം വാങ്ങിയ ഹെലികോപ്റ്ററില്‍ ഒരണ്ണം ജമ്മു കാശ്മീരിലും, മറ്റൊരണ്ണം നാഗാലാന്റിലും തകര്‍ന്നു വീണു. കൂടാതെ നിരന്തരമായ യന്ത്രതകരാറുകള്‍ കാരണം പൈലറ്റുമാര്‍ അത് പറത്താന്‍ കൂട്ടാക്കിയില്ല. അങ്ങിനെ, ഉപയോഗശൂന്ന്യമായ ഈ കോപ്റ്ററുകള്‍ 2007 ല്‍ അഗസ്ത വെസ്റ്റ്‌ലന്റ്‌സ് എന്ന ഇറ്റാലിയന്‍ കമ്പനിയെ മുന്‍നിര്‍ത്തി ഗ്‌ളോബല്‍ ട്രേഡ് ആന്റ് കൊമേഴ്‌സ് എന്ന കമ്പനിക്ക് 1.8 കോടി യൂറോയ്ക്ക് നല്‍കി. ഈ ക്രമക്കേടിന്റേയും, കോഴപ്പണത്തിന്റെയും സൂത്രധാരന്മാരെ കണ്ടെത്തി ഒന്നു വ്യക്തമായി വിചാരണ ചെയ്യാന്‍പോലും ഇന്ത്യന്‍ ഭരണകൂടം കൂട്ടാക്കിയിട്ടില്ല. അതുപോലെതന്ന, ബൊഫോഴ്‌സ് തോക്കിടപാടിലെ ഇടനിലക്കാരനായ ഒക്ടാവിയോ ക്വത്‌റോച്ചിയ്ക്കും, അദ്ദേഹത്തിന്റെ ഭാര്യയായ മരിയയ്ക്കും ഇറ്റാലിയന്‍ ബഹുരാഷ്ട്ര കമ്പനിയായ സ്‌നാം പ്രോഗേറ്റിയ്ക്കും നെഹ്രു-ഗാന്ധി കുടുംബവുമായുള്ള അഭേദ്യമായ വഴിവിട്ട അടുപ്പം അങ്ങാടിപ്പാട്ടാണ്. ഈ കോഴയിടപാടില്‍ അറസ്റ്റ് ചെയ്യപ്പെടുമെന്നു ഉറപ്പായപ്പോള്‍ 1993 ജൂലായില്‍ ക്വത്‌റോച്ചി ഇന്ത്യയില്‍ നിന്നും പറന്നുപോയി. നാളിന്നുവരെ ഒരു തുമ്പും കിട്ടിയിട്ടില്ല. ഇത്രയും മുന്‍ അനുഭവങ്ങള്‍ മുമ്പിലിരിക്കെയാണ് ഇറ്റാലിന്‍ നാവികരെ യാതൊരു സന്ദേഹമന്യേ നാട്ടില്‍പ്പോയി നാല് ആഴ്ച ക്രിസ്തുമസ്സ് ആഘോഷിക്കാനുള്ള അനുവാദം ഭരണകൂടം നല്‍കിയത്. ഇന്ത്യയില്‍ ഒരേയൊരു ദിവസമാണ് ക്രിസ്തുമസ് ആഘോഷിക്കാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അവധി നല്‍കുന്നത്. പള്ളിക്കൂടത്തിലെ കുട്ടികള്‍ക്ക് പത്തുദിവസമാണ് അവധി. ഇറ്റലിക്കാര്‍ക്കാകട്ടെ നാല് ആഴ്ചയും ..!! ആശ്ചര്യം തന്നെ ..!!. അങ്ങിനെ ക്രിസ്തമസ് ആഘോഷിക്കാന്‍ ഇറ്റലിയിലേയ്ക്ക് തിരിച്ചുവന്ന നാവികര്‍ക്ക് എന്തോ മഹാകാര്യം ചെയ്തതുപോലെ ഉജ്ജ്വലമായ വരവേല്പ്പാണ് റോമിലെ ച്യംപിനോ വിമാനത്താവളത്തില്‍ ലഭിച്ചത്. സ്വീകരണചടങ്ങില്‍ വച്ച് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ഗുലിയ ടെര്‍സി പറഞ്ഞത് ഇപ്രകാരമാണ്.

“ഇപ്പോഴത്തെ താല്ക്കാലിക അനുമതി സാരവത്താണ്. അത് ചില ഉപാധികള്‍ക്കും കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ നാവികരുടെ തിരിച്ചുവരവ് വിതര്‍ക്കിതവും കേവലം ക്രിസ്തുമസ് ആഘോഷിക്കാന്‍ മാത്രം ഉളളതുമല്ല.”

തുടര്‍ന്ന് നാവികര്‍ പ്രതിരോധമന്ത്രി ജീയാംലാളോസി പോളോയോടും, വിദേശകാര്യ സഹമന്ത്രി സ്റ്റാഫോണ്‍ ഡി മസ്തൂറ യോടുംകൂടി കൊട്ടാരത്തില്‍ ചെന്ന് ഇറ്റാലിയന്‍ പ്രസിഡന്റ് ജോര്‍ജ്ജിയോ നപ്പാളിറ്റാനോയെ സന്ദര്‍ശിക്കുകയും ചെയ്തു. ഇങ്ങനെ എല്ലാവിധത്തിലും ഒരു യുദ്ധം ജയിച്ചുവന്ന ഒരു വീരയോദ്ധാവിന് ലഭിക്കുന്ന സ്വീകരണം പോലെയായിരുന്നു സ്വന്തം ദേശത്ത് നാവികര്‍ക്ക് ലഭിച്ചത്. അപ്പോള്‍, സ്വാഭാവികമായുണ്ടാകുന്ന ഒരു ചോദ്യം, വൈദേശിക ശക്തിയായ ഇറ്റലി മൃദുസൈന്നിക നീക്കം (യുദ്ധം) തന്നെയായിരുന്നോ ടെസ്റ്റ് ഡോസായി ചെയ്തു നോക്കിയത് എന്നാണ്. കടല്‍ക്കൊലക്കേസ് ഭീകരപ്രവര്‍ത്തനവും, ദേശീയസുരക്ഷയേയും ബാധിക്കുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്ന എന്‍.ഐ.എ യ്ക്ക് കൈമാറിയപ്പോള്‍ തന്നെ പ്രസ്തുത സംശയം ദുരീകരിക്കപ്പെട്ടു.

ഇന്ത്യന്‍ ഭരണകൂടം റോമിനോട് ഓശാന പാടിയ മറ്റൊരു ദുരൂഹസംഭവമാണ് നാവികര്‍ക്കു വോട്ട് ചെയ്യാന്‍ ഇറ്റലിയിലേയക്ക് നാല് ആഴ്ചത്തേയ്ക്ക് മടക്കി അയച്ചുവെന്നത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് തങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ നല്‍കുന്നത് കേവലം ഒരേ ഒരു ദിവസ്സമാണെന്നിരിക്കെ ഫെബ്രുവരി 24-25 തിയ്യതികളിലെ കേവലം രണ്ടുദിവസത്തെ ഇറ്റാലിയന്‍തെരെഞ്ഞെടുപ്പിന് വോട്ടുചെയ്യാന്‍ നാവികര്‍ക്ക് നാലാഴ്ച അനുവദിച്ചതിന്റെ ദുരൂഹതയാണ് പൊതുസമൂഹം ചോദ്യം ചെയ്യുന്നത്. നാലാഴ്ച നീളുന്ന വോട്ടോ? ... അതെന്തു വോട്ടാ?. പണ്ട് പ്രൈമറിക്ലാസില്‍ പഠിപ്പിക്കുന്ന ഒരു കഥയുണ്ട്, കുഞ്ഞിരാമന്റെ കഥ. ബുദ്ധിമാനായ കുഞ്ഞിരാമന്‍ തന്റെ അയല്‍വാസിയില്‍ നിന്നും ഒരു ഉരുളി സ്വന്തം ആവശ്യത്തിന് കടംവാങ്ങി. കുറേനാള്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞിരാമന്‍ ഒരു കുഞ്ഞുരുളി വലിയ ഉരുളിക്കുള്ളില്‍ വച്ചു മടക്കിക്കൊടുത്തു. അയല്‍വാസി ഇതെന്താണെന്നു ചോദിച്ചപ്പോള്‍ വലിയ ഉരുളി പ്രസവിച്ചതാണ് കുഞ്ഞുരുളിയെ എന്നു കുഞ്ഞിരാമന്‍ മറുപടി പറഞ്ഞു. അയല്‍വാസിക്ക് അത്യാന്ദമായി. കുഞ്ഞിരാമന്റെ സത്യസന്ധതയില്‍ വിശ്വാസമായി. കുറേനാള്‍ കഴിഞ്ഞപ്പോള്‍ കുഞ്ഞിരാമന്‍ വലിയൊരു ചെമ്പുവട്ടളം അയല്‍വാസിയില്‍നിന്നും ഇതുപോലെ കടംവാങ്ങി. മാസങ്ങള്‍ കഴിഞ്ഞിട്ടും വട്ടളം തിരിച്ചുകിട്ടാതായപ്പോള്‍ ഉടമസ്ഥന്‍ അന്വേഷിച്ചുചെന്നു. അപ്പോള്‍ കൗശലക്കാരനായ കുഞ്ഞിരാമന്‍ പറഞ്ഞു. “ക്ഷമിക്കണം, ഞാനതുപറയാന്‍ മറന്നുപോയി, ഞാന്‍ കടംവാങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ വട്ടളം മരിച്ചുപോയി ”.... എന്തുചെയ്യും ? ... പ്രസവിച്ച കുഞ്ഞുരുളി ഉടമയ്ക്കു നല്‍കിയ സത്യസന്ധനായ കുഞ്ഞിരാമനാണ് പറയുന്നത്. എങ്ങിനെ വിശ്വസിക്കാതിരിക്കും?... ഇനി എങ്ങിനെ വട്ടളം ആവശ്യപ്പെടും. ഇതേ ബുദ്ധിയാണ് കൗശലക്കാരായ ഇറ്റലിക്കാര്‍ പയറ്റിയത്. ക്രിസ്തുമസിന് നാട്ടില്‍ വിട്ടപ്പോള്‍ നാലുനാള്‍ മുമ്പേ മടങ്ങിയെത്തി സത്യസന്ധത കാണിച്ചുകൊടുത്തു. പക്ഷേ, ആ വിശ്വാസത്തില്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കി നാട്ടില്‍ വിട്ടപ്പോള്‍ ഇറ്റലിക്കാരുടെ തനിനിറം കാണിച്ചു.

1997 ല്‍ സുപ്രീം കോടതി മൂന്നംഗ ബെഞ്ച് നല്‍കിയ വിധിപ്രകാരം, ഇന്ത്യയുടെ അധികാരാതിര്‍ത്തിക്കുള്ളിലുള്ള വിചാരണ തടവുകാര്‍ക്ക് വോട്ടവകാശമില്ല. ജനപ്രാധിനിത്യ നിയമത്തിലെ പ്രസക്തമായ വകുപ്പിന് സുപ്രീംകോടതി നല്‍കിയ വ്യാഖ്യാനമാണിത്. എന്നാല്‍ കരുതല്‍ തടവുകാര്‍ക്ക് വോട്ടവകാശം ഉണ്ടുതാനും. കൂടാതെ, തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇറ്റലിയിലെ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്ന വ്യവസ്ഥകള് ‍പ്രകാരം രണ്ടു നാവികര്‍ക്കും ഇന്ത്യയില്‍ വച്ചുതന്നെ വോട്ടുചെയ്യുനുള്ള അനുമതിയുണ്ട്. അന്താരാഷ്ട്ര തലത്തില്‍ സേവനത്തിലുള്ള സൈനികര്‍, പോലീസ് ഉദ്വോഗസ്ഥര്‍, തൊഴില്‍പരമായ കാരണങ്ങളാല്‍ ഇറ്റലിക്കു പുറത്ത് താമസ്സിക്കുന്ന സര്‍ക്കാര്‍ ഉദ്വോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് തപാല്‍വോട്ട് ചെയ്യാനുള്ള സൗകര്യമുള്ളത്. ഇറ്റാലിയന്‍ നാവികര്‍ ചരക്കുകപ്പലില്‍ ഔദ്യോഗിക ചുമതലയുള്ളവരായിരുന്നു എന്നായിരുന്നു ഇറ്റലിയുടെ അവകാശവാദം. എങ്കില്‍, മുന്‍പറഞ്ഞ വകുപ്പുകള്‍പ്രകാരം അവര്‍ക്കും ഇന്ത്യയില്‍ വച്ചുതന്നെ വോട്ട് ചെയ്യാമായിരുന്നു. ഈ വിവരം മനസ്സിലാക്കാന്‍ ഇറ്റലിയിലൊന്നും പോകേണ്ടതില്ല. ഗൂഗിളില്‍ ഒന്നു സെര്‍ച്ചുചെയ്താല്‍ മതി. ഈ തന്ത്രപ്രധാന വസ്തുത മറച്ചുവച്ചുകൊണ്ടാണ് ഇറ്റാലിയന്‍ നയതന്ത്രസ്ഥാനപതി ഡാനിയല്‍ മഞ്ചീനി നാവികര്‍ക്ക് വോട്ടുചെയ്യാന്‍ ഇറ്റലിയിലേയ്ക്ക് പോയേകഴിയൂ എന്ന് സുപ്രീംകോടതി മുമ്പാകെ ആവശ്യപ്പെട്ടത്. ഈ ആവശ്യത്തിന്റെ നിജസ്ഥിതി ഉറപ്പുവരുത്താന്‍ എത്രയോ ലക്ഷങ്ങള്‍ മാസശമ്പളം കൈപ്പറ്റുന്ന നമ്മുടെ ന്യായാധിപന്മാര്‍ക്ക് ഗൂഗിളില്‍ ഒന്ന് സെര്‍ച്ച് ചെയ്യാനുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനം ഇല്ലാതെപോയതാണോ അതോ അതിനൊന്നും മെനക്കെടാന്‍ വയ്യ എന്ന അമിതപൗരബോധം കൊണ്ടാണോ എന്നറിയില്ല; ബന്ധപ്പെട്ടവര്‍ ശ്രമിച്ചില്ല!!. പറയുന്നത് മഞ്ചീനി സായിപ്പാണ്. എന്തിന് അവിശ്വസിക്കണം. സായിപ്പന്മാര്‍ പൊതുവേ ബുദ്ധിയുള്ളവരല്ലേ?. കോടതി അങ്ങ് കണ്ണൂംപൂട്ടി വിശ്വസിച്ചു. വിശ്വസിപ്പിക്കാന്‍ ഇറ്റാലിയന്‍ പതിവുശൈലിയായ കോഴപ്പണവേല നടന്നിട്ടുണ്ടോ എന്ന് ഈശനും ബ്രഹ്മനും വിചാരിച്ചാല്‍പ്പോലും കണ്ടെത്താന്‍ പറ്റില്ല. ഇന്ത്യന്‍ നിയമമാണ്, കിലോയ്ക്ക് ഇത്ര എന്നുവിളിച്ച് തൂക്കിവില്ക്കുന്നത് ആര്‍ക്കാ അറിയാത്തത്. ആര്‍ക്കും അത് വിലയ്ക്കുവാങ്ങാം. പിന്നെ കോടികള്‍വച്ച് അമ്മാനമാടുന്ന സായിപ്പന്മാരുടെ കാര്യം പറയാനുണ്ടോ?... സത്യം എന്തായാലും, മഞ്ചീനി കോടതിയെ തെറ്റിദ്ധരിപ്പിച്ചു. ഇത് ആറുമാസക്കാലം തടവുശിക്ഷ ലഭിക്കാവുന്ന ഗൗരവമായ കുറ്റകൃത്യമാണ്. ഇതുകൂടാതെ, നാട്ടിലേയ്ക്കുപോകുന്ന നാവികരെ തീര്‍ച്ചയായും നിശ്ചിതസമയത്ത് തിരിച്ചുകൊണ്ടുവരാന്‍ താന്‍ തയ്യാറാണെന്നുള്ള ഉറപ്പും സുപ്രീംകോടതി മുമ്പാകെ മഞ്ചീനി നല്‍കിയിരുന്നു. ഈ വസ്തുതകളിന്‍ന്മേല്‍ വന്ന വീഴ്ച ഇറ്റാലിയന്‍ സ്ഥാനപതിയുടെ നയതന്ത്രപരിരക്ഷതന്നെ ഇല്ലാതാക്കുകയാണ് ഉണ്ടായത്. വിയന്ന കണ്‍വെന്‍ഷന്‍ 32-ആം അനുച്ഛേദമനുസരിച്ച് സ്ഥാനപതി ആതിഥേയരാജ്യത്ത് കേസില്‍ അകപ്പെട്ടാല്‍ നയതന്ത്ര പരിരക്ഷ നഷ്ടപ്പെടുമെന്ന് പ്രതിപാദിക്കുന്നു. 1971 ലെ കോടതി അലക്ഷ്യ നിയമപ്രകാരമോ, ഭരണഘടനയുടെ 129-ആം അനുച്ഛേദമനുസരിച്ചോ സുപ്രീംകോടതിയ്ക്ക് മഞ്ചീനിക്കെതിരെ കോടതി അലഷ്യം ഫയല്‍ ചെയ്യാവുന്നതാണ്. ഉപരിയായി, കോടതിയില്‍ തെറ്റായ വിവരങ്ങള്‍ ബോധിപ്പിക്കുകവഴി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 181-ആം വകുപ്പ് അനുസരിച്ചുള്ള രണ്ടുവര്‍ഷത്തെ തടവിനും മഞ്ചീനിയ്ക്ക് അര്‍ഹതയുണ്ട്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 10, 11 അദ്ധ്യായങ്ങളില്‍ വിവരിക്കുന്ന നിയമപ്രകാരമുള്ള അധികാര സ്ഥാപനങ്ങള്‍ക്കും, പൊതുനീതിക്കും എതിരായ കുറ്റകൃത്യം കൂടിയാണ് ഇറ്റാലിയന്‍ സ്ഥാനപതി ചെയ്തിരിക്കുന്നത്. കോടതിക്കുള്ളില്‍ കളവായ പ്രസ്ഥാവന നടത്തുന്നത് രണ്ടുവര്‍ഷം വരെ തടവുശിക്ഷ വിധിക്കാവുന്ന കുറ്റമാണെന്ന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 204-ആം വകുപ്പ് വ്യക്തമാക്കുന്നു.

ഇപ്രകാരം കുറ്റകൃത്യങ്ങളുടെ നീണ്ടനിരതന്നെ മഞ്ചീനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടും യാതൊരു ശിക്ഷണനടപടികളും കൈകൊള്ളാതെ ഇളിഭ്യയായി നില്‍ക്കുന്ന ഇന്ത്യന്‍ ജുഡീഷ്വറി ഏത് ബാഹ്യശക്തിയെയാണ് ഭയപ്പെടുന്നത്?... “1961 ലെ ജനീവ കരാര്‍ ലംഘിക്കരുത്, സ്ഥാനപതിയുടെ നയതന്ത്രപരിരക്ഷ അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറാകണം” എന്നു ഭീഷണി മുഴക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഫോറിന്‍ പോളിസി മേധാവി കാതറീന്‍ ആശ്തീനയെയാണോ ജൂഡീഷ്വറി ഭയക്കുന്നത്?.. ഇങ്ങിനെ ഭയന്ന് പകച്ചു നില്‍ക്കുന്ന നിയമസംവിധാനത്തിന് എന്തു സുരക്ഷയാണ് തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കാന്‍ സാധിക്കുന്നത്?. നിയമത്തിനുമുമ്പില്‍ എല്ലാവരും തുല്യരാണ്. മറിച്ചുള്ള കീഴ്‌വഴക്കം ഇന്ത്യന്‍ ജുഡീഷ്വറിയുടെ നിലനില്‍പ്പിനുതന്നെ കനത്ത വെല്ലുവിളിയാണ്. അതനുവദിച്ചുകൂടാ. എന്തുവിലകൊടുത്തും നീതിന്യായ അഭിമാനത്തെയും, അന്തസ്സിനേയും ഉയര്‍ത്തിപ്പിടിക്കണം. അതിനായി ഇന്ത്യ ചെയ്ത ചെപ്പടിവിദ്യ ഇത്രമാത്രം, നയതന്ത്രസ്ഥാനപതി രാജ്യം വിട്ടുപോകുന്നത് വിലക്കിക്കൊണ്ട് ഉത്തരവിറക്കി!!. സത്യത്തില്‍, അദ്ദേഹം കോട്ടും സ്യൂട്ടുമിട്ട് സാധനങ്ങളെല്ലാം അടുക്കിപ്പെറുക്കിവച്ച് ഇന്ത്യവിടാന്‍ ഒരുങ്ങിനില്‍ക്കുകയായുരുന്നോ?... പിന്നെ എന്തിനാണ് ഈ പൊറാട്ടുനാടകം?...

അങ്ങിനെ, നാളിന്നുവരെ ചെയ്തുകൂട്ടിയ തെറ്റുകള്‍ക്കും, അനീതികള്‍ക്കും പ്രായശ്ചിത്തമായി പ്രമാദമായ കടല്‍ക്കൊലക്കേസ് കേന്ദ്രസര്‍ക്കാര്‍ എന്‍.ഐ.എ ഏല്പിച്ചു. ഹൈദ്രാബാദ് ഡി.ഐ.ജി. ഡോ. രവിശങ്കറിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ച എന്‍.ഐ.എ വളരെ ചുരുങ്ങിയ നാള്‍ക്കുള്ളില്‍ ഒരു പ്രാരംഭകുറ്റപത്രം തയ്യാറാക്കി സമര്‍പ്പിച്ചു. ഐ.പി.സി 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 427 (ബോട്ട് കേടുവരുത്തല്‍), 37 (പൊതുലക്ഷ്യത്തോടെ പ്രവര്‍ത്തിക്കല്‍), ഇതിനെല്ലാം ഉപരി സുവ (സാമുദ്രിക) നിയമവും, അതായത് സപ്രഷന്‍ ഓഫ് അണ്‍ലോഫുള്‍ ആക്ട് എഗന്‍സ്റ്റ് സേഫ്റ്റി ഓഫ് മാരിറ്റെം നാവിഗേഷന്‍ ആന്റ് ഫിക്‌സഡ് പ്ലാറ്റ് ഫോംസ് ഓണ്‍ കോണ്ടിനെന്റല്‍ ഷെല്‍ഫ് ആക്ട് -2002 പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയത്. ഇതില്‍ സുവ നിയമത്തിലെ 3-ആം വകുപ്പ് പ്രകാരം, കടല്‍കൊലപാകങ്ങള്‍ക്ക് വധശിക്ഷയാണ് കല്പിച്ചിരിക്കുന്നത്. അപ്പോള്‍ ഇറ്റാലിയന്‍ നാവികരുടെ കാര്യം പോക്കാണ്. ഉടന്‍തന്നെ, ഇറ്റാലിയന്‍ പ്രസിഡന്റ് മാരിയോ മോണ്ടി നമ്മുടെ പ്രധാനമന്ത്രിയായ മന്‍മോഹന്‍സിംഗിനെ ഫോണില്‍ വിളിച്ച് ആശങ്ക അറിയിച്ചു.

ഇറ്റലിയുടെ കണക്കുകൂട്ടലുകള്‍ തെറ്റി. ഇന്ത്യയും ഇറ്റലിയും തമ്മില്‍ സംയുക്തമായി ഒപ്പുവച്ച ഒരു കരാറിന്റെ പിന്‍ബലത്തിലായിരുന്നു നാളിന്നുവരെ ഇറ്റലി മനഃപായസം ഉണ്ടത്. ഡിസംബര്‍ 17 ന് നിലവില്‍വന്ന പ്രസ്തുത കരാറില്‍, ഇറ്റാലിയന്‍ പൗരന്‍ ഇന്ത്യയിലും, ഇന്ത്യന്‍ പൗരന്‍ ഇറ്റലിയിലും ശിക്ഷിക്കപ്പെട്ടാല്‍ കുറ്റവാളികളെ പരസ്പരം കൈമാറാനും, ശിക്ഷ സ്വന്തം രാജ്യത്ത് അനുഭവിച്ചാല്‍ മതിയെന്നും വ്യവസ്ഥചെയ്യുന്നു. 2012 ജനുവരിയിലാണ് പ്രസ്തുത കരാര്‍ ഒപ്പുവച്ചത്. ഈ കരാര്‍ പ്രകാരമുള്ള ഒരു സുപ്രധാന വസ്തുത, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കേസുകളില്‍ ഇത് ബാധകമല്ലയെന്നുള്ളതാണ്. ഈ അവസാന കച്ചിത്തുരുമ്പ് മുമ്പില്‍കണ്ടാണ് തങ്ങളുടെ നാവികര്‍ക്ക് വധശിക്ഷ ഒഴിവാക്കണമെന്ന് ഇറ്റലി നിരന്തരം ആവശ്യപ്പെടുന്നത്. വധശിക്ഷ ഒഴിവാക്കിത്തരാമെന്ന് കേന്ദ്രഗവണ്‍മെന്റ് രേഖാമൂലം വാഗ്ദ്ധാനം നല്‍കിയസ്ഥിതിക്ക് ഒരു രാജ്യാന്തരവിശ്വാസവഞ്ചന ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ജാഗ്രതപുലര്‍ത്തുമെന്നത് വിതര്‍ക്കിതമാണ്. തന്മൂലം രാജ്യത്തിന്റെ പരമാധികാര നിയമസംവിധാനം ഇറ്റലിക്കുമുമ്പില്‍ അടിയറവുവയ്ക്കുന്ന നികൃഷ്ടനിയോഗത്തില്‍ പൗരസമൂഹം ഖേദിക്കേണ്ടിവരും.

നിരപരാധികളായ രണ്ട് മത്സ്യതൊഴിലാളികളെ നിഷ്‌കരുണം വെടിവച്ചുകൊന്ന് കടന്നുകളഞ്ഞ നരാധമന്മാരായ ഇറ്റാലിയന്‍ നാവികര്‍ യാതൊരുകാരണവശാലും ദയ അര്‍ഹിക്കുന്നില്ല. അവര്‍ ചെയ്തത് മൃദുവായ അധിനിവേശ ആക്രമണമായിതന്നെ കണക്കാക്കണം. അത് രാജ്യസുരക്ഷയെ സംബന്ധിക്കുന്ന തന്ത്രപ്രധാനമായ കാര്യമാണ്. അതിനാല്‍, അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. ഒരു കോടി രൂപ വീതം ഉടന്‍ നഷ്ടപരിഹാരം നല്‍കി കേസ് ദുര്‍ബലപ്പെടുത്താന്‍ ഇറ്റാലിയന്‍ സര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യയില്‍ ഇറ്റലിക്കെതിരെയുണ്ടായ പൊതുവികാരമാണ് കേസ് ഇത്രമേല്‍ മുന്നോട്ടുപോകാനുള്ള മുഖ്യകാരണം. പിറവം ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള സംഭവമായതിനാലും, പരമ്പരാഗത മത്സ്യതൊഴിലാളികള്‍ കോണ്‍ഗ്രസുകാരായിരുന്നതിനാലും സംഭവത്തിന് പ്രബലത കൂടി. ഇനി ജലസ്റ്റീന്റെയും, രാജേഷ് പിങ്കുവിന്റേയും കുടുംബത്തിനുണ്ടായ അപരിഹാര്യമായ നഷ്ടം മുന്‍നിര്‍ത്തി ബോധപൂര്‍വ്വം അതിക്രൂരമായ പൈശാചികവേട്ട നടത്തിയ നീചന്മാരെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷതന്നെ വിധിച്ച് ഇനി ഇറ്റലിക്കു നല്‍കാതെ ഇന്ത്യയില്‍തന്നെ ആജീവനാന്തം കാരാഗൃഹത്തില്‍ തളച്ചിട്ട് സര്‍ക്കാര്‍ നീതിനിര്‍വ്വഹണ മാതൃക കാട്ടണമെന്നുതന്നെയാണ് പൊതുജനഹിതം. പക്ഷേ, വാസ്തവത്തില്‍ സംഭവിക്കാന്‍ പോകുന്നത് മറ്റൊന്നായിരിക്കുമെന്നതില്‍ സംശയം വേണ്ട. നിയമത്തിലെ സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ജാമ്യംതേടി മിഴിചിമ്മിതുറക്കുന്ന നേരം നാവികര്‍ ഇറ്റലിയിലേയ്ക്ക് ‘ചന്തിയിലെ പൊടിയും തട്ടി’ പറന്നുപോകും. പിന്നെ മഷിയിട്ടുനോക്കിയാലും അവരുടെ പൊടിപോലും കണ്ടുപിടിക്കാന്‍ പറ്റില്ല. ഇതാണ് സ്വദേശീയബോധമുള്ള ഇറ്റലിക്കാരില്‍ നിന്നും ഇന്ത്യ കണ്ടുപഠിക്കേണ്ട പാഠം. ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് ഫോറം ജനറല്‍ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു നല്‍കിയ വിവരാവകാശത്തില്‍നിന്നും കിട്ടിയ ഔദ്യോഗിക രേഖകള്‍ പ്രകാരം 6569 ഓളം ഭാരതീയപുത്രന്മാര്‍ മറ്റുരാജ്യങ്ങളില്‍ നിസ്സാരകുറ്റത്തിനും മറ്റും പിടിക്കപ്പെട്ട് ജയിലില്‍കിടന്ന് നരകിക്കുന്നുണ്ട്. ഇതില്‍ 1691 പേര്‍ സൗദി ജയിലിലും, 1161 പേര്‍ കുവൈത്ത് ജയിലിലും, 1012 പേര്‍ യു.എ.ഇ ജയിലിലും, 426 പേര്‍ ബ്രിട്ടീഷ് ജയിലിലും, പാക്കിസ്ഥാനില്‍ 254 പേരും, ഇറ്റലിയില്‍ 121 പേരും, അമേരിക്കയില്‍ 155 പേരും ആണ് കിടക്കുന്നത്. സ്വന്തം പൗരന്മാരെ എന്തുവിലകൊടുത്തും രക്ഷപ്പെടുത്താന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ കാണിച്ച ഉത്സാഹത്തിന്റെ അല്പമെങ്കിലും കാണിച്ച് ഇന്ത്യന്‍സര്‍ക്കാര്‍ അന്യദേശത്ത് ജയിലില്‍ കിടക്കുന്ന സ്വന്തം പൗരന്മാരുടെ നരകീയയാതനയെങ്കിലും ലഘൂകരിച്ച് കൊടുക്കുക. ഇല്ലെങ്കില്‍, അവരില്‍ ഇന്ത്യക്കെതിരെയുള്ള തീവ്രവികാരം കത്തിപ്പടരും....

നാസര്‍ റാവുത്തര്‍, ആലുവ

ആലുവ
Phone: 9496181203
E-Mail: nazarrawther@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.