പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ഒരു ചുംബനവും കുറേ വിവാദങ്ങളും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വസന്ത്‌

പ്രതികരണം

ഹോളിവുഡ്‌ ചിത്രങ്ങളിൽ റിച്ചാർഡ്‌ ഗെരെ ഇപ്പോൾ പഴയ റൊമാന്റിക്‌ നായകന്റെ വേഷമൊന്നും സ്വീകരിക്കാറില്ല, കിട്ടാറുമില്ല, അതിനുള്ള പ്രായമൊക്കെ കടന്നിരിക്കുന്നു. പക്ഷേ, അല്പനേരത്തേക്ക്‌, പഴയ റൊമാന്റിക്‌ നായകൻ തന്നെയാണ്‌ താനെന്ന്‌ ഗെരെ ഒന്നു ചിന്തിച്ചു പോയിരിക്കും. അല്ലെങ്കിലും മകളുടെ പ്രായമുള്ള ശിൽപ ഷെട്ടിയുടെ കവിളിൽ നിഷ്‌കളങ്കമായി ഒരു മുത്തം കൊടുക്കുന്നതിൽ എന്താണു തെറ്റ്‌? പക്ഷേ, സംഭവം ഇന്ത്യയിലായിപ്പോയി. എഫ്‌. ടി.വിക്കും എച്ച്‌.ബി.ഒയ്‌ക്കും ലക്ഷക്കണക്കിനു പ്രേക്ഷകരുള്ള നാടാണെങ്കിലും ഇവിടെ പരസ്യമായി ഈ ഏർപ്പാടൊന്നും പാടില്ലെന്നു ഗെരെ അറിഞ്ഞില്ല. അല്ലെങ്കിൽ ബാംഗ്ലൂരിലെ പൂന്തോട്ടങ്ങളിലൊ കൊച്ചിയിലെ ബോൾഗാട്ടിയിലോ മറ്റോ ഗെരെ പോയിട്ടുണ്ടാകും, അവിടെ കണ്ടതൊക്കെ പൊതുവേദിയിലും ആകാമെന്ന്‌ പാവം ധരിച്ചുകാണും.

എന്തായാലും സംഭവം കോടതി കയറി. ഗെരെ- ശിൽപ ചുംബനം പരസ്യമായ അശ്ലീല പ്രകടനമായെന്നും ഇത്‌ ലൈംഗികമായി ഉത്തേജിപ്പിക്കുന്ന പ്രവൃത്തിയാണെന്നും കാണിച്ച്‌ ചിലർ ജയ്‌പൂർ അഡീഷണൽ ചീഫ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതിയെ സമീപിക്കുകയും സംഭവത്തിന്റെ വീഡിയോ ക്ലിപ്പിംഗ്‌ കണ്ടശേഷം കോടതി ഗെരെയെ അറസ്‌റ്റ്‌ ചെയ്യാൻ ഉത്തരവിടുകയും ചെയ്തു. സംഭവം കഴിഞ്ഞ്‌ വൈകാതെ അമേരിക്കയ്‌ക്കു വിമാനം കയറിയ ഗെരെയെ അറസ്‌റ്റ്‌ വാറന്റ്‌ എങ്ങനെ ബാധിക്കുമെന്നു പറയാറായിട്ടില്ല. പക്ഷേ, ശിൽപ നേരിട്ടു ഹാജരായി, എന്തുകൊണ്ട്‌ ഗെരെയുടെ പ്രവൃത്തി തടയാൻ ശ്രമിച്ചില്ല എന്നു വിശദമാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്‌.

എച്ച്‌.ഐ.വി & എയ്‌ഡ്‌സ്‌ ബോധവത്‌കരണ പരിപാടിക്കിടെയാണ്‌ ഗെരെ ശില്പയ്‌ക്കു വിവാദചുംബനം സമ്മാനിച്ചത്‌. ഷാൽ വി ഡാൻസ്‌ എന്ന സ്വന്തം ചിത്രത്തിലെ രംഗം അനുകരിക്കുകയായിരുന്നു ഗെരെ എന്നാണ്‌ ശില്പ ഇതിനു നൽകുന്ന വിശദീകരണം. വെറുമൊരു ചുംബനം ഇത്ര വിവാദമായതെങ്ങനെ എന്ന്‌ എത്ര ആലോചിച്ചിട്ടും ഗെരെയ്‌ക്കു മനസിലാകുന്നില്ല. ഇന്ത്യൻ സിനിമകൾ കണ്ടിട്ടുള്ളവർക്കും വിവാദത്തിന്റെ സാംഗത്യം മനസിലാകാൻ ബുദ്ധിമുട്ടായിരിക്കും. ഖ്വാഹിഷ്‌ എന്ന ചിത്രത്തിൽ മല്ലിക ഷെരാവത്ത്‌ ഏറ്റുവാങ്ങിയ ചുംബനങ്ങളുടെ എണ്ണം പതിനാറാണോ പതിനേഴാണോ എന്ന്‌ പ്രേക്ഷകരും മാധ്യമങ്ങളും പരസ്യമായി ചർച്ച ചെയ്ത നാടാണിത്‌.

കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെയുള്ള നഗരങ്ങളിലെ പാർക്കിലും ബീച്ചിലും കാണാൻ കഴിയാത്തതൊന്നുമല്ല ഗെരെയും ശില്പയും പങ്കെടുത്ത എയ്‌ഡ്‌സ്‌ ബോധവത്‌കരണ പരിപാടിക്കിടയിലും ഉണ്ടായത്‌. പറഞ്ഞു വരുന്നത്‌ ഇതൊക്കെ അനുവദിക്കപ്പെടേണ്ടതാണെന്നല്ല. പക്ഷേ, സ്വന്തം നാടു നന്നാക്കിയിട്ടു മതി മറ്റൊരു നാട്ടുകാരന്റെ സംസ്‌കാരം ശുദ്ധീകരിക്കേണ്ടതെന്നാണ്‌. ഈ സംഭവത്തെക്കുറിച്ചു ശില്പ പറഞ്ഞതും സമാനമായ കാര്യമാണ്‌ഃ നമ്മുടെ നാടിന്റെ സംസ്‌കാരത്തിനനുസരിച്ചല്ല, ഗെരെയുടെ നാടിന്റെ സംസ്‌കാരത്തിനനുസരിച്ചാണ്‌ ഗെരെ പെരുമാറിയത്‌. ജനങ്ങൾ അമിതമായി പ്രതികരിക്കാൻ മാത്രം അശ്ലീലമൊന്നും അതിലുണ്ടായിരുന്നില്ല. ബുദ്ധമത വിശ്വാസിയായ ഗെരെയ്‌ക്ക്‌ ഇന്ത്യയും ഇന്ത്യൻ സംസ്‌കാരവും അത്ര അപരിചിതവുമല്ല എന്ന കാര്യവും ഓർമ്മിക്കേണ്ടതു തന്നെ. ദലൈലാമയുമായി ഏറെ അടുപ്പമുള്ള ഈ അമ്പത്തേഴുകാരൻ ഇടയ്‌ക്കിടെ ലാമയെ സന്ദർശിക്കാൻ വരാറുള്ളതുമാണ്‌. ഒരുപക്ഷേ, ഇതുകാരണമാകാം പ്രബല ഹിന്ദു സംഘടനകളെന്ന്‌ അവകാശപ്പെടുന്നവയിൽ ശിവസേന ഒഴികെ ആരും ഗെരെയ്‌ക്കെതിരേ കാര്യമായി രംഗത്തെത്താഞ്ഞതും.

താലിബാന്റെ മോറൽ പോലീസിംഗിനെ ഓർമ്മിപ്പിക്കുന്നതായിപ്പോയി കോടതിയുടെ അറസ്‌റ്റ്‌ വാറന്റെന്നാണ്‌ ഇന്ത്യയുടെ മുൻ അറ്റോർണി ജനറൽ സോളി സൊറാബ്‌ജി അഭിപ്രായപ്പെട്ടത്‌. ഇന്ത്യൻ ജുഡീഷ്യറിയെക്കുറിച്ച്‌ ലോകത്തിനു പരിഹാസം തോന്നാൻ മാത്രമേ ഗുപ്തയുടെ നടപടി ഉപകരിക്കൂ എന്നും ചില നിയമവിദഗ്‌ധർ അഭിപ്രായപ്പെടുന്നു. ജയ്‌പൂർ കോടതിയുടെ ഉത്തരവ്‌ നിൽനിൽക്കുന്നതല്ലെന്നും ഇന്ത്യക്കാരെ അപഹാസ്യരാക്കാനേ അതുപകരിക്കൂ എന്നുമാണ്‌ പ്രമുഖ അഭിഭാഷകനായ മുകുൾ റൊസ്തഗി പറയുന്നത്‌. സ്‌ത്രീപുരുഷന്മാർ ഉഭയസമ്മതപ്രകാരം ചുംബിക്കുന്നത്‌ അറസ്‌റ്റ്‌ ചെയ്യാൻ മാത്രം ഗുരുതരമായ കുറ്റമാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശില്പയെ അന്യപുരുഷനായ ഗെരെ ചുംബിച്ചതാണ്‌ സംസ്‌കാരച്യുതിക്കു കാരണമായതെന്നു കരുതിയെങ്കിൽ തെറ്റി. അരുൺ നായർ ഭാര്യ ലിസ്‌ ഹർലിയെ ചുംബിച്ചതും ഇവിടെ കുഴപ്പമായിരുന്നു. ഹിന്ദു ആചാരപ്രകാരമെന്ന പേരിൽ നടത്തിയ വിവാഹം ഹിന്ദുമത വിശ്വാസികളുടെ വികാരങ്ങൾ വ്രണപ്പെടുത്തുകയായിരുന്നുവത്രെ. വധൂവരന്മാർ വിവാഹവേദിയിൽ മദ്യപിക്കുകയും ചുംബിക്കുകയും ചെയ്തു എന്നായിരുന്നു ആരോപണം. ഇവിടെ പക്ഷേ, ആരോപണത്തിനു പിന്നിൽ അരുൺ നായരുടെ അസംതൃപ്തനായ ഒരു കുടുംബാംഗം തന്നെയായിരുന്നു എന്നും അണിയറക്കഥ പുറത്തുവന്നിരുന്നു.

ഈ വിശദീകരണങ്ങളൊക്കെ നിലനിലക്കുമ്പോൾ തന്നെ, ആഴ്‌ചകൾക്കു മുമ്പ്‌ ബ്രിട്ടനിലെ ടെലിവിഷൻ റിയാലിറ്റി ഷോയിൽ അധിക്ഷേപിക്കപ്പെട്ട ശില്പയ്‌ക്കൊപ്പം നിന്നവർ തന്നെ അതിന്റെ ഓർമകൾ മങ്ങും മുമ്പേ അവരെ പ്രതിക്കൂട്ടിൽ കയറ്റി നിർത്തിയിരിക്കുകയാണ്‌. റിയാലിറ്റി ഷോയിലെ അനുഭവം കാരണം വൻസമ്മാനത്തുകയും അന്താരാഷ്‌ട്ര പ്രശസ്തിയും സ്വന്തമാക്കിയ ശില്പയ്‌ക്ക്‌ ഒറ്റനിമിഷം കൊണ്ടാണ്‌ ആരാധക മനസുകളിൽ വില്ലൻ റോളിലേക്കു മാറേണ്ടിവന്നത്‌.

ഗെരെ മാപ്പപേക്ഷിച്ചുകൊണ്ട്‌ മാധ്യമ ഓഫീസുകളിലേക്കു പ്രസ്താവന അയച്ചതു വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ. തന്റെ ലക്ഷ്യം എച്ച്‌.ഐ.വി & എയ്‌ഡ്‌സ്‌ വിരുദ്ധ പ്രചരണം മാത്രമായിരുന്നു എന്നും തന്റെ പ്രവൃത്തി ആർക്കെങ്കിലും മോശമായി തോന്നിയെങ്കിൽ മാപ്പു ചോദിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്‌. തന്റേതല്ലാത്ത കുറ്റത്തിന്‌ പഴി കേൾക്കേണ്ടിവന്ന ശില്പയോടും ഗെരെ ഖേദം പ്രകടിപ്പിച്ചു. പ്രസ്താവനയോടെ വിവാദത്തിന്‌ അവസാനമാകുമെന്നും അദ്ദേഹം പ്രത്യാശിക്കുകയാണ്‌. ആ പ്രത്യാശ കോടതി സഫലമാക്കിക്കൊടുക്കുമോ എന്നു കണ്ടു തന്നെ അറിയണം. കാരണം, പൊതുസ്ഥലങ്ങളിലെ അശ്ലീല പ്രദർശനമാണ്‌ ഗെരെയുടെ ചുംബനം എന്നു കോടതിക്കു ബോധ്യപ്പെട്ടാൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 294-​‍ാം വകുപ്പനുസരിച്ച്‌ മൂന്നുമാസം തടവുവരെ അദ്ദേഹത്തിനു ശിക്ഷയായി ലഭിക്കാം.

വസന്ത്‌


E-Mail: vasanth.kamal@rediff.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.