പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

അക്ഷയതൃതീയയും സ്വര്‍ണ്ണക്കച്ചവവടവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീപാര്‍വതി

പ്രണയദിനം ,സൗഹൃദ ദിനം , വൃദ്ധദിനം ആഘോഷിക്കാന്‍ ദിനങ്ങളുടെ എണ്ണം കൂടുതലാണ്, നമുക്ക്. അതിനിടയില്‍ വരുന്ന ചില പുതിയ ദിനങ്ങള്‍ , പക്ഷെ നമ്മള്‍ എല്ലാ ദിനങ്ങളേയും സ്നേഹിക്കും, സ്വന്തമാക്കി ആഘോഷിക്കും. കയ്യിലെ കാശ് കളഞ്ഞ് സമ്മാനങ്ങള്‍ വാങ്ങും . ഓര്‍മ്മിക്കാന്‍ ഒരു ദിനമുണ്ടാവുന്നത് നല്ലതു തന്നെ . വയസ്സായ അച്ഛനുമമ്മയും ജീവിച്ചിരിപ്പുണ്ടെന്ന് ഓര്‍ക്കാന്‍ ഒരു ദിനം തിരക്കിലോടുന്ന മക്കളെ സഹായിക്കുമെങ്കില്‍ അത് അംഗീകരിക്കാം. പക്ഷെ കണ്ണു തുറന്നു നോക്കിയാല്‍ കാണാം പ്രത്യേക ദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട് . മറ്റാരുമല്ല കച്ചവടക്കാര്‍ തന്നെ. ഏറ്റവുമൊടുവില്‍ കടന്നു പോയ ഉദാഹരണം അക്ഷയ തൃതീയ എന്ന ദിനം.

വൈശാഖമാസത്തിലെ ( മേട- ഇടവം) മൂന്നാമത്തെ ചന്ദ്ര ദിനമാണ്, അക്ഷയ തൃതീയ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ പേരു വന്നത് എങ്ങനെയെന്നല്ലേ, അക്ഷയ എന്നാല്‍ ക്ഷയിക്കാത്തത് . അതായത് ഈ ദിനം ചെയ്യുന്ന ഏതു കാര്യങ്ങളുടേയും ഫലം ക്ഷയിക്കാത്തതാകും. ഏതു കര്‍മ്മത്തിന്റേയും പുണ്യം നിലനില്‍ക്കും എന്ന് സാരം. പുതിയ വസ്ത്രങ്ങള്‍, സ്വര്‍ണ്ണം, വീട് എന്നിവ വാങ്ങാനും ഒരു പുതിയ കാര്യം തുടങ്ങാനും ഈ ദിനം നല്ലതാണെന്നാണ് വിശ്വാസം. ഏപ്രില്‍ 23 - ന് വൈകുന്നേരം ആരംഭിച്ച് 24 - ന് വൈകുന്നേരം അവസാനിച്ച അക്ഷയതൃതീയ പക്ഷെ സ്വര്‍ണ്ണക്കച്ചവടക്കാര്‍ രണ്ടു ദിവസങ്ങളിലായി തന്നെയാണ് ആഘോഷിച്ചത്. വമ്പന്‍ പരസ്യങ്ങളും വിശ്വാസത്തിന്റെ പിന്‍ ബലവും കൂടിയായപ്പോള്‍ കോടിക്കണക്കിന് , രൂപയുടെ സ്വര്‍ണ്ണമാണ് , അന്ന് കേരളത്തില്‍ വിറ്റ് പോയത്. അക്ഷയ തൃതീയ ദിനമാണ് , കൃതയുഗം തുടങ്ങിയതെന്ന് വിശ്വസിക്കുന്നുണ്ട്. സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും കാലമായതുകൊണ്ട് ഈ ദിവസം ചെയ്യുന്ന പുണ്യകര്‍മ്മങ്ങള്‍ ക്ഷയിക്കാത്തതായത്.

മനുഷ്യന്‍ വിപണിയെ പിടിച്ചടക്കുക എന്നത് മാറി വിപണി മനുഷ്യനെ പിടിച്ചെടുക്കുക എന്നതായി മാറിയിട്ടുണ്ട് ഇപ്പോള്‍ . കോടികള്‍ മുടക്കി സിനിമാതാരങ്ങളെ കൊണ്ട് പരസ്യം ചെയ്യിക്കുമ്പോള്‍ മുടക്കിയതിന്റെ ഇരട്ടി തിരിച്ചു പിടിക്കാന്‍ അറിയാത്തവരല്ലല്ലോ കച്ചവടക്കാര്‍. കേരളത്തില്‍ ആദ്യമൊന്നും അക്ഷയതൃതീയ എന്ന ദിനം ആഘോഷിക്കപ്പെട്ടിരുന്നില്ല. പ്രധാനമായും ഉത്തരേന്ത്യക്കാരുടെ ആഘോഷമാണിത്. അക്ഷയ പ്രാധാന്യം കണ്ടു കൊണ്ട് ഈ ദിനം കേരളത്തിലും വന്നുവെങ്കില്‍ അതിന്റെ കാരണക്കാര്‍ അരാണെന്ന് മനസിലാക്കാവുന്നതേയുള്ളു.

അക്ഷയതൃതീയ സ്വര്‍ണ്ണം വാങ്ങാന്‍ നന്നെന്നാണ് നമ്മള്‍ പൊതുവെ ധരിച്ചു വരുന്നത്. എന്നാല്‍ സ്വര്‍ണ്ണം മാത്രമല്ല അന്നേ ദിവസം പുതിയതായി എന്തു വാങ്ങിയാലും അതിന്റെ പ്രത്യേകത ഉണ്ടാകും. സ്വര്‍ണ്ണത്തിന് വില കൂടുന്നതൊന്നും ഒരു പ്രശ്നമേ അല്ലാത്ത മട്ടാണ് അക്ഷയ ദിനത്തില്‍ ആഭരണക്കടകളില്‍ കണ്ട തിരക്ക് സൂചിപ്പിക്കുന്നത്.സ്വര്‍ണ്ണത്തിനോടുള്ള മലയാളിയുടെ കൂറ് , എന്നുമുണ്ടാകും എന്നറിയുന്നവരാണല്ലോ നമ്മുടെ കച്ചവടക്കാര്‍.

പക്ഷേ അപകടം അവിടെ തുടങ്ങുന്നു. ഈ സ്വര്‍ണ്ണത്തിന്റെ ഭാവി എന്ത്? മനസമാധനത്തോടെ സ്വര്‍ണ്ണമിട്ട് റോഡിലൂടെ നടക്കാന്‍ ധൈര്യമുള്ള ഏത് സ്ത്രീയുണ്ട്?

എടുത്ത സ്വര്‍ണ്ണം മുഴുവന്‍ വാടക നല്‍കി ഏതെങ്കിലും ബാങ്കിന്റെ ലോക്കറില്‍ ഭദ്രമായിട്ടുണ്ടാകും. സ്വര്‍ണ്ണം നല്ലൊരു സമ്പാദ്യമാണെന്നു പറയുമ്പോഴും അടിക്കടി ഉണ്ടാകുന്ന ഏറ്റക്കുറച്ചില്‍ വാങ്ങുന്നവനെ ബുദ്ധിമുട്ടിക്കുന്നുണ്ട്.

സ്നാനം, ദാനം, തപോ, ഹോമ:

സ്വാധ്യായ : പിതൃതര്‍പ്പണം

യദസ്യാം ക്രിയതേ കിഞ്ചിത്

സര്‍വം സ്യാത്തദിഹാക്ഷയം.

അദൌ കൃതയുഗ്സ്യേയം

യുഗാദിസ്തേന കഥ്യതേ

അസ്യാം തിഥൌ ക്ഷയമുപൈതി ഹുതം ന ദത്തം

തേനാക്ഷയാ ച മുനിഭി: കഥിതാ തൃതീയാ

ഭവിഷ്യപുരാണത്തില്‍ ഇങ്ങനെ പറയുന്നു , അതായത് അക്ഷയ തൃതീയ ദിനത്തിന്റെ പ്രത്യേകതകളാണ് ഈ ശ്ലോകത്തില്‍ പറഞ്ഞിരിക്കുന്നത് . ഈ ശ്ലോകം പറയുന്നതനുസരിച്ച് വാങ്ങുന്നതിനേക്കാള്‍ പ്രാധാന്യം പറയുന്ന മറ്റൊരു സംഗതിയുണ്ട്. ദാനം, പിതൃതര്‍പ്പണം, എന്നിവ കൊടുക്കുന്നവനേക്കാള്‍ കൂടുതല്‍ ഒന്നുമില്ല വാങ്ങുന്നവന്. പക്ഷെ, ദാനം നല്‍കുന്നവന് നല്‍കിയതിന്റെ ഇരട്ടി ലഭിക്കും എന്ന് പറയുന്നു. വസ്ത്രം, ഭക്ഷണം തുടങ്ങി എന്തും ദാനം ചെയ്യാം. ദാനത്തിന്റെ മഹത്വം മറ്റൊന്നിനുമില്ലല്ലോ. എന്തു തന്നെയായാലും ഒരു ആഘോഷദിനം കൂടി കടന്നു പോയി. കച്ചവടക്കാര്‍ പൊടി പൊടിച്ച ഒരു ആഘോഷം. ഇനി വരുന്ന വര്‍ഷമെങ്കിലും ഈ വരികള്‍ വായനക്കാരുടെ മനസില്‍ കടന്നു വരട്ടെ. വാങ്ങലല്ല. ദാനമാണ്, അക്ഷയതൃതീയ നല്‍കുന്ന പാഠവും പുണ്യവും.

ശ്രീപാര്‍വതി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.