പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ജീവിതം ആനന്ദമാണ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. റോസി തമ്പി

“ഞാൻ എന്തെങ്കിലും ചെയ്‌തെപറ്റു

വിലപിച്ചുകൊണ്ടിരിക്കുന്നതിലേറെ

മറ്റെന്തെങ്കിലും.”

ജീവിതം അങ്ങനെയാകണം. അപ്പോഴാണ്‌ നമുക്ക്‌ ആനന്ദം എന്തെന്ന്‌ അനുഭവിക്കാൻ കഴിയുക.

നമ്മൾ എന്താണോ അതെല്ലാം നമ്മുടെ ചിന്തയോടൊപ്പം ഉദയം കൊള്ളുന്നതാണ്‌. നമ്മുടെ ഭക്ഷണം, നമ്മുടെ വീട്‌, നമ്മുടെ പ്രവൃത്തികൾ എല്ലാം. അശുദ്ധമായ മനസ്സിൽനിന്നുണ്ടാകുന്ന വാക്കും പ്രവൃത്തിയും, വണ്ടിവലിക്കുന്ന കാളയ്‌ക്ക്‌ ചക്രം ഒരു ദുരിതം എന്നപോലെയാണ്‌. അത്തരത്തിലുള്ള ജീവിതം ദുരിതപൂർണ്ണവും ദുഃഖകരവുമായിരിക്കും. വിശുദ്ധമനസ്സിൽ നിന്നുണ്ടാകുന്ന വാക്കും പ്രവൃത്തിയും, സ്വന്തം നിഴലിനെ എന്നപോലെ ആനന്ദത്തെയും സമാധാനത്തെയും പ്രദാനം ചെയ്‌തുകൊണ്ടിരിക്കുന്നു.

അയ്യോ, അവൻ& അവൾ എന്നെ അപമാനിച്ചു. എന്നെ തരംതാഴ്‌ത്തി, എന്നെ പറ്റിച്ചു, എന്നീ ചിന്തകൾ നമ്മെ ഭരിക്കുമ്പോൾ നമ്മുടെ മനസ്സ്‌ അശുദ്ധമാവുകയും ദുരിതം നമുക്കു പിറകെ ഓടിയെത്തുകയും ചെയ്യും. നമുക്ക്‌ ആനന്ദമാണ്‌ വേണ്ടത്‌ എന്നുണ്ടെങ്കിൽ നമ്മിൽ നിന്ന്‌ ഈ ചിന്തകളെ ഒഴിവാക്കണം. അയ്യോ അവൻ&അവൾ എന്നെ അപമാനിച്ചു. ചതിച്ചു, വഞ്ചിച്ചു, പറ്റിച്ചു, നിന്ദിച്ചു എന്നിങ്ങനെ മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തകൾ നമ്മുടെ മനസ്സിൽ നിന്ന്‌ ഒഴിവാക്കപ്പെടുമ്പോൾ നമ്മുടെ ആനന്ദം നമുക്കു സ്വന്തമാകും. ഈ ലോകത്തിൽ വിദ്വേഷംകൊണ്ട്‌ വിദ്വേഷത്തിന്‌ ഇതുവരെയും അറുതി വന്നിട്ടില്ല. അതുകൊണ്ടാണ്‌ ക്രിസ്‌തു പറഞ്ഞത്‌ പല്ലിനു പകരം പല്ല്‌, കണ്ണിനുപകരം കണ്ണ്‌ എന്നതിനുപകരം, “നിങ്ങൾ സ്‌നേഹംകൊണ്ട്‌ ശത്രുവിനെ കീഴടക്കുവിൻ” എന്ന്‌ വലത്തുചെകിടത്തടികിട്ടുമ്പോൾ ഇടതുചെകിടുകാണിക്കുന്നത്‌ എതിരാളിയെ തോൽപ്പിക്കലാകുന്നത്‌ അതുകൊണ്ടാണ്‌. നമ്മൾ അനുവദിക്കാതെ മറ്റൊരാൾക്കും നമ്മെ വേദനിപ്പിക്കാനാവില്ല. ഒരാൾ കൊണ്ടുവരുന്ന സമ്മാനം നമ്മൾ സ്വീകരിക്കാതിരിക്കുമ്പോൾ അയാൾ അതു തിരികെ കൊണ്ടുപോകുംപോലെ തന്നെയാണ്‌, മറ്റൊരാൾ നമ്മുടെ മേൽ ചൊരിയുന്ന ശാപവും ദുരിതവും നമ്മൾ ഏറ്റെടുക്കാതിരിക്കുമ്പോൾ അത്‌ അവരിലേക്ക്‌ തന്നെ തിരികെ പോകുന്നു എന്നതും. യേശുവിന്റെ മേൽ ചൊരിയപ്പെട്ട അപമാനഭാരങ്ങൾ യേശു ഏറ്റെടുക്കാതെ വന്നപ്പോഴാണ്‌ “അത്‌ ഞങ്ങളുടെ മേലും ഞങ്ങളുടെ സന്തതികളുടെ മേലും പതിക്കട്ടെ” എന്ന്‌ പറഞ്ഞ്‌ ജനക്കൂട്ടം ഏറ്റെടുത്തത്‌.

നമ്മുടെ പ്രവൃത്തികൊണ്ട്‌ നാം ദുഃഖിക്കാതിരിക്കുന്നതിനായി നല്ലതുമാത്രം ചിന്തിക്കുക. പ്രവർത്തിക്കുക. ആനന്ദത്തിനുവേണ്ടിയാണ്‌ നാം ജീവിക്കേണ്ടത്‌. കാരണം ദൈവം ആനന്ദമാണ്‌. നമ്മൾ ചെയ്‌ത പ്രവൃത്തിയെപ്രതി പിന്നീട്‌ നാം ദുഃഖിക്കാതിരിക്കാൻ മനസ്സ്‌ വിശുദ്ധമായിരിക്കണം. അങ്ങനെയെങ്കിൽ മാത്രമെ ഒരിക്കൽ ആനന്ദത്തിനുവേണ്ടി ചെയ്‌ത ഒരു കാര്യം മറ്റൊരിക്കൽ നമുക്കു ദുഃഖകാരണമാകാതിരിക്കുകയുള്ളു.

നമ്മുടെ ചിന്തകളിൽ കളങ്കമില്ലെങ്കിൽ ആനന്ദം നമ്മുടെ കൂടെയുണ്ടായിരിക്കും. ഏതു നിമിഷവും നമ്മൾ മരണപ്പെടാം എന്നറിയുമ്പോൾ നമുക്ക്‌ മറ്റുള്ളവരോട്‌ കലഹിക്കാൻ കഴിയുന്നതെങ്ങിനെ? ഒരു പക്ഷേ നാം പറഞ്ഞൊരു ദുഷ്‌ടതയുള്ളവാക്ക്‌ തിരിച്ചെടുക്കാൻ കഴിയും മുമ്പ അവനോ അവളോ മരണപ്പെട്ടുപോയാൽ പിന്നെ നമ്മുടെ ജീവിതത്തിൽ ആ വാക്കിനെയോർത്ത്‌ നമുക്ക്‌ എന്നും ദുഃഖിക്കേണ്ടിവരും. അതുകൊണ്ട്‌ നമ്മൾ എന്തു ചിന്തിക്കുമ്പോഴും, പറയുമ്പോഴും, പ്രവർത്തിക്കുമ്പോഴും, അത്‌ ഇപ്പോൾ മരണപ്പെട്ടുപോകുന്ന ഒരാളോടാണ്‌ എന്ന ശ്രദ്ധയോടെ വേണം. അപ്പോൾ നമ്മുടെ ജീവിതത്തിൽ പൂവിൽ തനിയെ തേൻ നിറയുന്നതുപോലെ ആനന്ദം വന്നു നിറയും. ഇതാണ്‌ ബുദ്ധനും, ക്രിസ്‌തുവും, നബിയും, ആത്മീയതയിൽ ഉണർവ്വുണ്ടായ മറ്റെല്ലാവരും നമ്മോട്‌ പറഞ്ഞത്‌. സ്വന്തം പ്രകൃതത്തിന്‌ നാം മാത്രമാണ്‌ ഉത്തരവാദി. അത്‌ ആനന്ദകരമാക്കണോ ദുരിതപൂർണ്ണമാക്കണോ എന്നു നാം തന്നെ തീരുമാനിക്കണം. മറ്റുള്ളവരുടെ മൂഡ്‌ മാറുന്നതനുസരിച്ച്‌ നമ്മുടെ ഭാവങ്ങളും മാറ്റപ്പെടുമെങ്കിൽ നമ്മൾ വെറും സ്വിച്ചിട്ടാൽ ചലിക്കുന്ന പാവകൾ മാത്രം ആകണമല്ലോ.?

അധികാരിക്ക്‌, ഭർത്താവിന്‌, ഭാര്യക്ക്‌, മക്കൾക്ക്‌, സഹപ്രവർത്തകർക്ക്‌ ചലിപ്പിക്കാൻ കഴിയുന്ന വിധം പാവകളായി പോകുന്നുണ്ട്‌ നമ്മൾ പലപ്പോഴും. ഇവരുടെ അപ്പപ്പോഴത്തെ മാനസികാവസ്‌ഥകളാണ്‌ നമ്മെ സന്തോഷിപ്പിക്കുന്നതും, സങ്കടപ്പെടുത്തുന്നതും, നിരാശരാക്കുന്നതും, ഉത്സാഹികളാക്കുന്നതും. പക്ഷേ അത്‌ ഏറെ സാഹസമാണ്‌. കാരണം അത്രയും പേരുടെ മനസ്സ്‌ എപ്പോഴും ആനന്ദകരമായി ഇരിക്കണം എന്നത്‌ നമുക്ക്‌ സാധ്യമല്ലാത്തതുകൊണ്ട്‌ അവരുടെ വിക്ഷോഭപ്രകടനങ്ങൾ നമ്മുടെ മനസ്സിനെ ബാധിക്കാതിരിക്കുക എന്നതുമാത്രമാണ്‌ നമുക്കു ചെയ്യാനാവുക. അതിനു നമ്മെ പ്രാപ്‌തരാക്കുക ശുദ്ധമായൊരു മനസ്സ്‌ നമുക്ക്‌ എപ്പോഴും പരിചയായി ഉണ്ടായിരിക്കുമ്പോഴാണ്‌. ഈ രക്ഷാകവചം നാം സ്വയം നിർമ്മിക്കേണ്ടതുണ്ട്‌. അതിന്‌ നാം എന്തെങ്കിലും ചെയ്‌തേ പറ്റൂ. വിലപിച്ചുകൊണ്ടിരിക്കുന്നതിലേറെ മറ്റെന്തെങ്കിലും. ആ പ്രവൃത്തി നമ്മുടെ തന്നെ നന്മയെ പുറത്തുകൊണ്ടുവരുന്നതാകട്ടെ അതാണ്‌ ധർമ്മപഥം.

ഇപ്രകാരം ഒരു ശക്തി നമുക്ക്‌ ഉള്ളിൽ നിന്നും കിട്ടണമെങ്കിൽ നമുക്ക്‌ മൗനം, ധ്യാനം എന്നിവ ആവശ്യമാണ്‌. അനാദിയായ ഒന്നിനോട്‌ നമുക്ക്‌ അല്‌പമെങ്കിലും ചേർന്നിരിക്കാൻ കഴിയണം. ഞാനും എന്റെ പിതാവും ഒന്നാണ്‌ എന്ന്‌ ക്രിസ്‌തുപറയുംപോലെ നമുക്കും ആ ഉറവിടത്തിൽ നിന്നും കുടിക്കാൻ കഴിയണം. താഴ്‌തണ്ടിനോട്‌ ചേർന്നുനിൽക്കുന്ന ശാഖകൾപോലെ നമ്മൾ ആ നിത്യതയോട്‌ ചേർന്നുനിൽക്കണം. അപ്പോഴറിയാം മനസ്സിലെ കാർമേഘങ്ങൾ അഴിഞ്ഞുപോകുന്നതും ഭീകരമായ വേദനയുടെ രാത്രി കടന്നുപോകുന്നതും, പ്രഭാതത്തിന്റെ കിരണങ്ങൾ ഇളംകാറ്റിൽ നമ്മെ തഴുകി ഉയർത്തുന്നതും. അപ്പോൾ നാംപോലും അറിയാതെ നമ്മൾ മറ്റൊരാളായി മാറിയിരിക്കും. എല്ലാം ലളിതമായിരിക്കും. ദൈവത്തോടു ചേർന്നുനിൽക്കുന്നതെല്ലാം ലളിതമാണ്‌. സമസ്‌തപ്രപഞ്ചത്തെയും ഒരുമിച്ച്‌ നിലനിർത്തുന്നതെന്തോ അതിനോടാണ്‌ നാം ചേർന്നു നിൽക്കേണ്ടത്‌. അത്‌ അദൃശ്യമാണ്‌. അസ്‌പൃശ്യമാണ്‌. എങ്കിലും അതവിടെയുണ്ട്‌. നമ്മൾക്ക്‌ അതിനോട്‌ ചേരുക എളുപ്പമാണ്‌. ഇത്രയും ബൃഹത്തും അനന്തവുമായ പ്രപഞ്ചം ഇത്രയും സുഗമമായും സുന്ദരമായും നടന്നുകൊണ്ടിരിക്കുന്നു എന്നുള്ളതുതന്നെ. എല്ലാറ്റിനെയും ബന്ധിപ്പിക്കുന്ന ഒരു അടിയൊഴുക്ക്‌ ഉണ്ട്‌ എന്നുള്ളതിന്‌ വേണ്ടത്ര തെളിവാണ്‌. എല്ലാറ്റിനെയും ഏകോപിപ്പിക്കുന്ന, പാലം തീർക്കുന്ന ആ അനന്തശക്തിയോട്‌ ചേർന്നു നിൽക്കുമ്പോൾ ആ ഊർജ്ജം നമ്മിലും നിറയും. പിന്നെ മറ്റുള്ളവരുടെ ഭാവമാറ്റങ്ങൾ നമ്മെ അലോസരപ്പെടുത്തില്ല. ചേമ്പിലയിൽ വീഴുന്ന വെള്ളത്തുള്ളിപോലെ അത്‌ ഒഴുകിപോകും. അതോടൊപ്പം തന്നെ നമ്മിൽ ഒരു നിറവുണ്ടാകും. നമ്മളാരും ദ്വീപുകളല്ല തന്നെ അനുഭവത്തിന്റെ കുളിർമ്മയാണത്‌. പ്രപഞ്ചത്തിൽ ഏറ്റവും ചെറിയ പുൽക്കൊടിയും ഏറ്റവും വലിയ നക്ഷത്രവും തമ്മിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഒരു കൊച്ചു പുൽക്കൊടിയെ നശിപ്പിക്കുകയാണെങ്കിൽക്കൂടി ആ അസ്‌തിത്വത്തിന്റെ ഏറ്റവും വിലപ്പെട്ടതെന്തോ നമ്മൾ നശിപ്പിക്കുകയാണെന്ന തിരിച്ചറിവും നമുക്കുണ്ടാകും. ഭൂതവും ഭാവിയും ചേർന്ന ഈ അസ്‌തിത്വത്തിൽ നമ്മുടെ വർത്തമാനം ആനന്ദകരമാക്കുക എന്നതുമാത്രമാണ്‌ നമുക്ക്‌ ചെയ്യാനുള്ളത്‌. ചിലപ്പോഴത്‌ തനിയെ സംഭവിക്കുന്നു. അതുകൊണ്ട്‌ നാം തയ്യാറായിരിക്കുക. മണവാളനെ കാത്തിരിക്കുന്ന എണ്ണ നിറച്ച വിളക്കുകൾ കയ്യിലേന്തിയ കന്യകമാരെപോലെ സദാ ജാഗ്രതയോടെ ഉണർന്നിരിക്കുക. കാരണം ആർക്കുമറിയില്ല.

എന്താണ്‌ ആത്മാവിനെ

ഇത്രമാത്രം സന്തോഷത്തോടെ

ഉണർത്താൻ കാരണമാകുന്നതെന്ന്‌

ചിലപ്പോഴത്‌, പുലർക്കാലത്തെ

ഇളംകാറ്റ്‌ ദൈവത്തിന്റെ മുഖത്തുള്ള

ആവരണം പതുക്കെ മാറ്റിയതു കൊണ്ടാകാം.

ഓരോ പ്രഭാതത്തിൽ നമുക്കോരോരുത്തർക്കും റൂമിയെപോലെ ഇങ്ങനെ ഒരു അനുഭവം ഉണ്ടാകട്ടെ.

ഡോ. റോസി തമ്പി

Jethavanam,

West Palace Road,

Thrissur-20.


Phone: 9447133882
E-Mail: rosythampy@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.