പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കുറച്ച്‌ ആനക്കാര്യങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മാടമ്പ്‌ കുഞ്ഞുക്കുട്ടൻ

ലേഖനം

ഒരു വളർത്തുമൃഗം എന്ന നിലയ്‌ക്ക്‌ നായ, പശു എന്നിവയ്‌ക്കുശേഷം മനുഷ്യൻ വളർത്താൻ തുടങ്ങിയത്‌ കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെയാണ്‌. ലോകത്തിൽ ആനയുളള എല്ലായിടത്തും മനുഷ്യന്റെ അധ്വാനഭാരം കുറയ്‌ക്കുക എന്ന പ്രധാന ഉദ്ദേശത്തോടെയാണ്‌ ആനയെ വളർത്തുന്നത്‌. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായ ഭാരതത്തിൽ, പ്രത്യേകിച്ച്‌ കേരളത്തിൽ ആനയ്‌ക്ക്‌ ഒരു അലങ്കാരജീവിയുടെ സ്ഥാനമാണ്‌. വടക്കേ ഇന്ത്യയിൽ രാജാക്കൻമാരുടെ എഴുന്നെളളിപ്പിനും യുദ്ധവിജയത്തിന്റെ സാധ്യതകൾക്കുമാണ്‌ പ്രധാനമായും ഈ ജീവിയെ ഉപയോഗിച്ചിരുന്നത്‌. കേരളത്തിലാകട്ടെ ക്ഷേത്രാചാരങ്ങളിലും ഉത്സവങ്ങളിലും നിറസാന്നിധ്യമായാണ്‌ ആന നിലകൊണ്ടത്‌. ആയാതി ശിവലോകം എന്ന കലിസംഖ്യാപ്രമാണ പ്രകാരമാണ്‌ നമ്മുടെ നാട്ടിലെ ഉത്സവങ്ങൾ കൊണ്ടാടുന്നത്‌. ഇതിനു വളരെക്കാലം മുമ്പുതന്നെ കേരളത്തിൽ പൂരങ്ങൾ ഉണ്ടായിരുന്നു. അപ്പോഴെല്ലാം ആനയെ എഴുന്നെളളിച്ചിരുന്നു. ഉദാഹരണമായി ആറാട്ടുപ്പുഴ പൂരം ഏതാണ്ട്‌ ആയിരത്തി നാനൂറ്‌ കൊല്ലങ്ങൾക്കുമുമ്പേ തുടങ്ങിയതാണ്‌.

കേരളത്തിന്റെ ഭൂപ്രകൃതി പ്രകാരം കടലും സഹ്യനും തമ്മിലുളള അകലം ഒരാൾക്ക്‌ ഒരുദിനം കൊണ്ട്‌ നടന്നെത്താവുന്നതേയുളളൂ. നീണ്ടൊരു കടൽത്തീരമുണ്ടെങ്കിലും, കടലിനേക്കാളേറെ മലയാളിക്ക്‌ ബന്ധം കാടിനോടാണ്‌. ചെമ്മീൻ എന്ന നോവലിന്റെ സജീവസാന്നിധ്യം മാത്രമാണ്‌ മലയാള സാഹിത്യത്തിലെ വ്യക്തമായ കടലനുഭവം. എന്നാൽ ഭാരതത്തിന്റെ വൈദികകാലം മുതൽക്കേ സാഹിത്യ-ജ്ഞാനവിജ്ഞാനങ്ങൾ ഒക്കെ സൃഷ്‌ടിക്കപ്പെട്ടിട്ടുളളത്‌ കാടിന്റെ സാന്നിധ്യത്തിലാണ്‌. ഇത്‌ ഒരു ഭാരതീയ പൈതൃകത്തിന്റെ പ്രശ്‌നമാണ്‌. നമ്മുടെ ഋഷീശ്വരന്മാരും ഇതിഹാസകാരൻമാരും കടലിന്റെ സാന്നിധ്യത്തെക്കാളേറെ കാടിന്റെ ശാന്തതയിലാണ്‌ ചിന്തകളും രചനകളും നടത്തിയിരുന്നത്‌. അത്‌ കേരളത്തിനും ബാധകമായി. ഈ കാടുമായുളള ബന്ധവും കാടിനെ കീഴടക്കാനുളള ആവേശവുമൊക്കെയായിരിക്കണം കാടിന്റെ ഭീമനെ ആഗ്രഹിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചത്‌. കേരളത്തിൽ കുതിരയെന്ന ജീവിവർഗ്ഗത്തിന്റെ അഭാവവും, ആനയെ വേഗത്തിൽ ഇണക്കാമെന്ന സാധ്യതയും ഇതിന്‌ സഹായകരമായി. ആനയെപ്പറ്റി ‘മാതംഗലീല’ എന്ന പുസ്‌തകം വരെ വളരെക്കാലം മുമ്പേ കേരളത്തിൽ എഴുതപ്പെട്ടു. പാലകാപ്യ മുനി രചിച്ച ഹസ്തായുർവ്വേദം എന്ന സമഗ്ര ശാസ്‌ത്രത്തിന്റെ ചെറിയ രൂപമായാണ്‌ മാതംഗലീല എഴുതപ്പെട്ടിട്ടുളളത്‌. അങ്ങനെയൊരു ശാസ്‌ത്രം തന്നെ ഉടലെടുക്കണമെങ്കിൽ നൂറ്റാണ്ടുകളായി ആനയുമായി നമുക്ക്‌ ബന്ധമുണ്ടായിരിക്കണം.

മറ്റെല്ല ജീവികളുടെയും ചലനങ്ങൾ ഏതാണ്ട്‌ ഏകതാ രൂപത്തിലാണ്‌. ഇതിൽനിന്നും വ്യത്യസ്‌തമാണ്‌ ആനയുടെ രീതി. അത്‌ കടലിനെപ്പോലെയാണ്‌. വളരെ ശാന്തമായ ഒരു ഓളത്തിന്റെ സാധ്യതയും അതിഭീകരമായ സുനാമി കാഴ്‌ചകളും നമുക്ക്‌ കടലിൽ കാണാം. ശാന്തമായ അവസ്ഥയും മദപ്പാടിൽ നാടുവിറപ്പിക്കുന്ന അവസ്ഥയും ആനയിൽ നാം കാണുന്നു. ഏതു കണ്ണുപൊട്ടന്റെ മുന്നിലും എത്തിപ്പെടാവുന്ന ആകാരസൗഭാഗ്യവും ഇതിനുണ്ട്‌ എന്നതും പ്രത്യേകതയാണ്‌.

വലിയൊരു പങ്കുവരെ മറ്റുളള മൃഗങ്ങളെക്കാൾ ബുദ്ധിശക്തിയിലും ആന കേമനാണ്‌. ഒരു അഞ്ചുവയസ്സായ മനുഷ്യക്കുട്ടിയുടെ ബുദ്ധിയുണ്ട്‌ ആനയ്‌ക്കെന്നാണ്‌ ശാസ്‌ത്രം. അനുഭവവും അതുതന്നെ. ഇതിനുമപ്പുറത്തേക്ക്‌ നീണ്ടകാലം നിലനില്‌ക്കുന്നതായ ഓർമ്മശക്തി ആനയുടെ വ്യതിരിക്തമായ ഒരു ശേഷിയാണ്‌. ഇതിനർത്ഥം എല്ലാക്കാര്യങ്ങളും ആന എക്കാലവും ഓർത്തിരിക്കും എന്നല്ല, മറിച്ച്‌ കടുത്ത വികാരങ്ങളും, അനുഭവങ്ങളും ഇവൻ മനസ്സിൽ കുറിക്കുന്നു. കടുത്ത വേദനയും കടുത്ത സ്‌നേഹവും ഇവൻ മറക്കുന്നില്ല. ഇതിനും ഒരു ശാസ്‌ത്രീയ വിശദീകരണമുണ്ട്‌.

ദീർഘകാലം മുലകുടിക്കുന്ന ജീവിയാണ്‌ ആന. അതുകൊണ്ട്‌ മാതൃപുത്രബന്ധം ഏറെ തീവ്രമായിരിക്കും. ഇക്കാലത്തെല്ലാം അച്‌ഛൻ എന്ന കൊമ്പന്റെ പരിചരണവും ഒരു കുട്ടിയാന അനുഭവിക്കുന്നുണ്ട്‌. സാധാരണ മൃഗജീവിതം ഇത്‌ നല്‌കുന്നില്ല. മറ്റുമൃഗങ്ങൾക്ക്‌ അവയുടെ പിതൃത്വത്തെക്കുറിച്ച്‌ വലിയ ധാരണ ഉണ്ടാവില്ല. മറിച്ച്‌ ആന അതിന്റെ അച്‌ഛനെപ്പറ്റി അറിയുന്നു. ഒരു ആനക്കൂട്ടത്തിന്റെ തലവനാണ്‌ തന്റെ അച്‌ഛനെന്നും അയാളാണ്‌ തനിക്ക്‌ സംരക്ഷണം തരുന്നതെന്ന ചിന്ത ദീർഘകാലം ആനയിൽ ഉണ്ടാകുന്നു. ഈ ജന്മസിദ്ധമായ കഴിവ്‌ മനുഷ്യരുമായുളള ഇടപെടലിലും വരുന്നു. തന്നെ സംരക്ഷിക്കുന്നവനെ തിരിച്ചറിയുന്നതുകൊണ്ട്‌ ആന തന്റെ ഉടമസ്ഥനിൽ ഏറെ വിശ്വാസം കാണിക്കുന്നു. അതുകൊണ്ടൊക്കെതന്നെ ആനയെ വളർത്തുന്നവർക്ക്‌ ആനയുടെ ഓർമ്മശക്തിയെപ്പറ്റിയും മറ്റും ഒട്ടേറെ കഥകൾ പറയാനുണ്ടാകും. ഇതേപ്പറ്റി കുറെ സാഹിത്യരചനകളും നടന്നിട്ടുണ്ട്‌.

‘സഹ്യന്റെ മകൻ’ എഴുതിയ വൈലോപ്പിളളി, ആനയുടെ ഓർമ്മയെപ്പറ്റി എഴുതിയ മറ്റൊരു കവിതയാണ്‌ ‘മകൾ’. ഫോറസ്‌റ്റ്‌ ഓഫീസറായിരുന്ന തേറമ്പിൽ ശങ്കുണ്ണിയാണ്‌ തന്റെ അനുഭവകഥ വൈലോപ്പിളളിയോട്‌ പറഞ്ഞത്‌. വൈലോപ്പിളളി അത്‌ കവിതയാക്കി. രോഗിയായ ഒരു കാട്ടാനയെ ഒരു ഫോറസ്‌റ്റ്‌ ഉദ്യോഗസ്ഥൻ പരിചരിക്കുന്നതും അതിന്റെ തുമ്പിയിലെ മുറിവ്‌ മരുന്നുകൾ നല്‌കി സുഖപ്പെടുത്തുന്നതും ഒടുവിൽ ആരോഗ്യം വീണ്ടെടുത്ത ആനയെ മഹാരാജാവിന്റെ കല്പന പ്രകാരം കാട്ടിലേയ്‌ക്ക്‌ വിടുന്നതും. പിന്നീട്‌ വർഷങ്ങൾ കഴിഞ്ഞ്‌ തന്റെ പഴയ ജോലിസ്ഥലത്ത്‌ തിരിച്ചുവന്ന്‌, ഒരുദിവസം കാട്ടിലെ ഓഫീസിൽ രാത്രി കിടന്നുറങ്ങുമ്പോൾ എന്തോ സ്പർശനം അനുഭവപ്പെട്ട്‌ ഞെട്ടി എഴുന്നേൽക്കുമ്പോൾ, അത്‌ ഒരു ആനയുടെ തുമ്പിക്കൈ ആണെന്നും അതിൽ പണ്ടെങ്ങോ ഉണ്ടായ മുറിവിന്റെ പാടുണ്ടെന്നും അയാൾ തിരിച്ചറിയുന്നു. താൻ ശുശ്രൂഷിച്ച ആനയാണത്‌ എന്ന അനുഭവകഥ ആയാണ്‌ വൈലോപ്പിളളി കവിതയാക്കി മാറ്റിയത്‌.

ഇതുപോലെ തന്നെ ഉപദ്രവിച്ചവരെ കാലങ്ങൾ കഴിഞ്ഞ്‌ ആന വകവരുത്തിയിട്ടുളള ചരിത്രങ്ങളും ഏറെയാണ്‌. തിരുനെല്ലിക്കാടുകളിൽ ഇത്തരം സംഭവങ്ങൾ ഏറെ നടന്നതായി പറയപ്പെടുന്നുണ്ട്‌.

ആനയ്‌ക്ക്‌ പിന്നേയും പ്രത്യേകതകൾ ഉണ്ട്‌. പുറത്തേക്ക്‌ വിയർക്കാത്ത ജീവിയാണ്‌ ആന, വിയർപ്പാകട്ടെ അകത്തേയ്‌ക്കെന്നു മാത്രം. കൊമ്പ്‌ ഇതിന്റെ പല്ലാണ്‌. തുമ്പിയെന്നാൽ മൂക്കാണ്‌. ആനയുടെ വൃഷണങ്ങൾ അകത്താണ്‌. കൈ മടങ്ങുന്നത്‌ ഏതാണ്ട്‌ മനുഷ്യന്റേതുപോലെ തന്നെ.

മനുഷ്യന്‌ ആനയോട്‌ ഇത്ര അടുപ്പം തോന്നാൻ മറ്റൊരു കാരണം കൂടിയുണ്ട്‌. ആനയുടെ ഓർമ്മ, സ്‌നേഹം എന്നതിനുമപ്പുറം തന്നിലും വലുതായതിനെയൊക്കെ അടക്കിനിർത്തുവാനുളള മനുഷ്യന്റെ ആഗ്രഹവും ഇവിടെ പ്രവർത്തിക്കുന്നു. ആനയും കടലും ആകാശവും മനുഷ്യന്‌ എന്നും ആവേശമാണ്‌. ഒരിക്കലും ആന മനുഷ്യനൊപ്പം നായയെപ്പോലെ കാട്ടിൽനിന്നും ഇറങ്ങിവന്നതല്ല. നായയാകട്ടെ മനുഷ്യന്റെ പിന്നാലെ കൂടിയതാണ്‌. നായയെന്ന വർഗ്ഗം തന്നെ മനുഷ്യനൊപ്പം നാട്ടിലേയ്‌ക്ക്‌ വന്നു. വർഗ്ഗപരമായിതന്നെ നായ മനുഷ്യന്‌ വിധേയനായി. ആനയെയാകട്ടെ മനുഷ്യൻ ബഹലമായി പിടിച്ചുകൊണ്ടുവന്നതാണ്‌. അതും ഓരോന്നായി. അത്‌ വലുതിനെ കീഴടക്കാനുളള ആവേശം കൊണ്ടും ലാഭമുണ്ടാകുമെന്ന വിചാരം കൊണ്ടുമാണ്‌.

നമുക്ക്‌ ആന ഒരു ജീവി മാത്രമല്ല. ദൈവവുമാണ്‌. അവൻ ഗണപതി അഥവാ വിഘ്‌നേശ്വരനാണ്‌. മറ്റെല്ലാ ജീവികളും, മയിൽ, എലി തുടങ്ങി പഴുതാരവരെ മുപ്പത്തിമുക്കോട്‌ ദേവകളുടെ വാഹനങ്ങളായിട്ടുണ്ടെങ്കിൽ ദൈവമായി മാറിയ മൃഗം ആന തന്നെയെന്നു പറയാം. ദൈവമായും നമ്മുടെ ആചാരനുഷ്‌ഠാനങ്ങളിലെ സജീവ സാന്നിധ്യമായും കേരളീയ ജനതയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന ഒരു സാംസ്‌കാരിക വിശേഷമായി ആന മാറി.

ഭൂരിഭാഗം ആനകളുടെയും സ്വഭാവം വഷളാക്കുന്നതിൽ ഉടമസ്ഥന്റെ&ചട്ടക്കാരന്റെ രീതികൾ ഏറെ സ്വാധീനിക്കുന്നുണ്ട്‌. ആനയെ ഏറ്റവും ക്രൂരമായി ഉപദ്രവിക്കുന്നവർ മലയാളികൾ തന്നെ. ഇന്ന്‌ കേരളത്തിലെ ഏറ്റവും പ്രമുഖനായ ഒരാനയുടെ കണ്ണുവരെ ചട്ടക്കാർ തല്ലിപ്പൊട്ടിച്ചിട്ടുണ്ട്‌. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആനയായ കണ്ടമ്പുളളി ബാലനാരായണന്റെ ശരീരം മുഴുവൻ വ്രണമാണ്‌. ആഹാരം പോലും കൊടുക്കാതെ മെലിച്ചുണക്കിയാണ്‌ അവനെ കൊണ്ടുനടക്കുന്നത്‌. ഇവിടെ ആനച്ചട്ടമല്ല തോന്ന്യാസമാണ്‌ ചിലർ ആനയോട്‌ കാണിക്കുന്നത്‌. ബോൾട്ടു കെട്ടി അടിക്കുക..... ഇരുമ്പുദണ്ഡുകൊണ്ട്‌ ഇടിക്കുക.... വ്രണത്തിൽ കുത്തി വേദനിപ്പിക്കുക.... ഇങ്ങനെ എന്തൊക്കെ. ബീഹാറിലെ ഒരു ചട്ടക്കാരൻ ഒരേ സമയം മൂന്നുംനാലും ആനയെ ഒരുമിച്ച്‌ നിയന്ത്രിക്കും. കേരളത്തിലാകട്ടെ ഒരാനയ്‌ക്ക്‌ മൂന്നു ചട്ടക്കാരനാണ്‌. കാരണം മറ്റൊന്നല്ല മിലിട്ടറി ചിട്ടതന്നെ. ഉത്സവങ്ങളിൽ മൂന്നും നാലും മണിക്കൂർ അനങ്ങാതെ നില്‌ക്കുക എന്നതുതന്നെ എത്ര കഷ്‌ടമാണ്‌. ആനയുടെ ശക്തി കുറയ്‌ക്കാൻ വേണ്ടി കുതികാൽ ഞരമ്പ്‌ മുറിക്കുക, അമോണിയം സൾഫേറ്റ്‌ നല്‌കുക, കഞ്ചാവു നൽകുക എന്നിവയും പതിവാണ്‌. ദൈവമെന്ന്‌ പറയുകയും, ആനയൂട്ട്‌ നടത്തുകയും, തൊട്ടു നമസ്‌കരിക്കുകയും ചെയ്യുമ്പോഴും ആനപ്രേമികളും ആനസംരക്ഷകരും ഏറെയുണ്ടെങ്കിലും കേരളത്തിലെ ആനകളുടെ സ്ഥിതി ഏറെ ദയനീയമാണ്‌. ആന ശസ്‌ത്രത്തിൽ ‘അധികാരി വേഗം’ എന്ന ഒരു പരാമർശമുണ്ട്‌. എല്ലാവരും ആനയെ വാങ്ങുന്നത്‌ ശരിയല്ല. ഇതിനർത്ഥം ഫ്യൂഡലുകൾ മാത്രമെ ആനയെ വാങ്ങിവാൻ പാടുളളു എന്നല്ല. മറിച്ച്‌ ആന ഒരു ജീവനുളളതാണ്‌ എന്ന സാമാന്യബോധമെങ്കിലും ഉളളവർ ആകണം ആനയെ വാങ്ങേണ്ടത്‌. ഇന്നിപ്പോൾ ഒരു ട്രാക്‌ടർ വാങ്ങുന്ന മനസ്സോടെയാണ്‌ ഒരുവൻ ആനയെ വാങ്ങുന്നത്‌. ആനയോടുളള അമിത വാത്സല്യവും സ്‌നേഹവുമല്ല മറിച്ച്‌ പണത്തോടുളള ആർത്തിയിലാണ്‌ പലർക്കും കമ്പമെന്നു സാരം.

മാടമ്പ്‌ കുഞ്ഞുക്കുട്ടൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.