പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

നഷ്ടപ്പെട്ട നീലാംബരി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രഘുനായർ

‘എന്നോടു ദയ കാണിക്കരുത്‌. ദയ എന്നെ ഭീരുവാക്കും. ദയ എന്നെ കരയിക്കും. സ്‌നേഹത്തിന്റെ അഭാവവും അൽപ്പസ്വല്പം ക്രൂരതയും എന്നെ എന്നും ഒരു സിംഹിയായി നിലനിർത്തും’.

ഇതെഴുതിയ മാധവിക്കുട്ടി എന്ന മലയാളത്തിലെ സത്യസന്ധയായ സാഹിത്യകാരി എന്നും സിംഹിയായിത്തുടരാനായിരിക്കാം ‘നാടുവിടുന്നു’ എന്നറിയിച്ചുകൊണ്ട്‌ മലയാളത്തോട്‌ ചെറിയ ക്രൂരത കാണിച്ചത്‌. പക്ഷേ ഇവരുടെ സാഹിത്യരചനകളുടെ അന്തഃസത്ത അനുഭവിച്ചവർക്കാർക്കും ഈ ക്രൂരതയിൽ ലവലേശം ഉത്‌കണ്‌ഠയുണ്ടാകില്ല.

ഈ ലോകത്തിന്റെ ഏതു കോണാണ്‌ മാധവിക്കുട്ടി കാണാതിരുന്നത്‌, ഏതു വന്യതകളിലൂടെയാണ്‌ നടക്കാതിരുന്നത്‌. എവിടെയിരുന്നാലും പുന്നയൂർക്കുളത്തെ കണിക്കൊന്നയും, നാലപ്പാട്ടു തറവാടും, സർപ്പക്കാവും അമ്പലക്കുളക്കടവും കേരളത്തിന്റെ സ്വന്തം ഞാറ്റുവേലയും അവരെ അലട്ടിക്കൊണ്ടേയിരിക്കും. ഒരു കൂടുമാറ്റവും മാധവിക്കുട്ടിയെ ബാധിക്കില്ലായെന്നത്‌ അവർ തന്നെ പലതവണ തെളിയിച്ചു കഴിഞ്ഞതാണ്‌.

സമൂഹത്തിലെ കപട സദാചാരമൂല്യങ്ങൾക്കു വിപരീതമായി നടന്നാണ്‌ മാധവിക്കുട്ടി സാഹിത്യകാരിയായത്‌. മേധാവിത്വശീലമുള്ള മനഃസാക്ഷിയുടെ നേർക്കുനേരെ, വെളിച്ചത്തു നിന്നുകൊണ്ട്‌, ഭയമില്ലാതെ ‘രാജാവ്‌ നഗ്‌നനാണ്‌’ എന്നു വിളിച്ചുപറയാൻ മലയാള സാഹിത്യത്തിൽ ധൈര്യമുള്ള ഒരാളേയുണ്ടായിരുന്നുള്ളൂ എന്ന സത്യം നമ്മൾ സൗകര്യപൂർവം മറന്നതിനാലാകണം ഈ കലാകാരിക്ക്‌ ജീവിതസായാഹ്‌നത്തിൽ ഇങ്ങനെയൊരു ക്രൂരതയെക്കുറിച്ചു ചിന്തിക്കേണ്ടിവന്നത്‌.

സംസ്‌ക്കാരശുദ്ധിയിലേക്കുള്ള മനുഷ്യന്റെ യാത്രയിൽ നിഷേധിക്കുകയും അടിച്ചമർത്തപ്പെടുകയും ചെയ്യുന്ന ശമിക്കാത്ത മൃഗവാസനകളെക്കുറിച്ച്‌ മറയത്തു നിന്നും മാറി ഇറയത്തുവന്നുനിന്നു പറഞ്ഞതിനാലാണ്‌ മാധവിക്കുട്ടി നമ്മുടെ വിശുദ്ധ ‘സംസ്‌ക്കാര’ത്തിനു അനഭിമതയായത്‌. മറ്റുള്ളവരുടെ പ്രേതവിചാരണകളെ ഭയന്ന്‌ തന്റെ എഴുത്തിനെ മാറ്റിമറിക്കാൻ കഴിയാതെ പോയ ദൗർബല്യമാണ്‌ ഇവരെ നിരാലംബയാക്കിയത്‌.

എഴുത്തുകാരന്റെ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും നിരുപാധികമായിരിക്കണമെന്നു നിഷ്‌ഠയുള്ള ഒറ്റ സാഹിത്യകാരി മാത്രമേ ഭാരതത്തിലുണ്ടായിട്ടുള്ളൂ എന്ന്‌ ഏവർക്കുമറിയാം. ആത്മരതിയുടെ സായൂജ്യത്തിനായി സ്വപ്നസാഹിത്യം രചിക്കുന്ന മാധവിക്കുട്ടി വായിക്കപ്പെടുമ്പോൾ എഴുത്തുകാരി തന്നെ കഥയിലെ നായികയായി വായനക്കാരിലേക്കു ഒരു ബാധപോലെ സന്നിവേശിക്കപ്പെടുന്നു. ഈ സ്‌ഫടികസൗന്ദര്യം കാണാതെ, അല്പവായനയിലൂടെ സദാചാരലംഘനമായും സാമൂഹികവിമർശനമായും വായിക്കപ്പെട്ടുപോയതിനാലാണ്‌ ഇവർക്കു നിത്യം ഒളിയമ്പുകളേൽക്കേണ്ടിവരുന്നത്‌. മാധവിക്കുട്ടി മദമിളകിയ സ്‌ത്രീയാണെന്ന ഒരു ചിത്രം ഒരു സമൂഹമാകെ വ്യാപിക്കുവാൻ മാത്രമേ ഇത്തരം വായനക്കാർ ശ്രമിച്ചിട്ടുള്ളൂ.

‘എഴുതുമ്പോൾ മാധവിക്കുട്ടിക്ക്‌ ഭയത്തിന്റെ അർത്ഥം അറിഞ്ഞുകൂടാതാകുന്നു. ഒരു വിനാശത്തിന്റെ മുന്നേറ്റം പോലെ എഴുതാൻ പോലും അവർക്കു കഴിയുന്നു. പ്രാർത്ഥനയുടെ അടിസ്ഥാനരൂപങ്ങൾ കൈകാര്യം ചെയ്യുന്നതുപോലെ ലൈംഗികതയെ അവർ വിശകലനം ചെയ്യുന്നു’ - കെ.പി. അപ്പൻ ഒരിക്കൽ മാധവിക്കുട്ടിയെക്കുറിച്ചെഴുതിയതാണിത്‌.

ആണും പെണ്ണും തമ്മിലുള്ള കേവല ശാരീരിക സംഗമമാണ്‌ ലൈംഗികത എന്ന പൊതുവായ അറിവിനപ്പുറത്തുള്ള അറിവാണ്‌ ഇവരുടെ രചനയിലെ അടയാളങ്ങൾ. ഉപബോധമണ്ഡലത്തിൽ ഉറങ്ങിക്കിടക്കുന്നതോ, സ്വബോധത്തിൽ അന്യരോട്‌ പറയാൻ മടിക്കുന്നതോ ആയ ലൈംഗികതയുടെ ഉൻമത്ത ഭാവങ്ങളെയാണ്‌ മാധവിക്കുട്ടി തന്റെ രചനയിലൂടെ പരസ്യമാക്കിയത്‌.

കിടക്കറകളിലെ അരാജകത്വം പുറംലോകമറിയാതിരിക്കാൻ, എന്തിനേറെ തന്റെ ഇണപോലും അറിയാതിരിക്കാൻ, പുരുഷനും സ്‌ത്രീയും മനസ്സിലടക്കി നിർത്തിയിരിക്കുന്ന ‘ഫാന്റസി’കളിലാണ്‌ യഥാർത്ഥ ലൈംഗികത കുടിയിരിക്കുന്നതെന്ന സത്യത്തിനുനേരെയുള്ള കണ്ണാടി ആയിട്ടാണ്‌ അവർ തന്റെ സാഹിത്യത്തെ നോക്കികാണുന്നത്‌. മനുഷ്യനിലെ രതികൽപ്പനകളെ സംസ്‌കാരത്തിന്റെ തടവറക്കുള്ളിൽ അടക്കിവെക്കേണ്ടിവരുമ്പോഴുണ്ടാകുന്ന സമ്മർദ്ദങ്ങളുടെ അനുരണനങ്ങൾ അടുത്തറിഞ്ഞും പറഞ്ഞുകൊടുത്തുമാണ്‌ അവരിലെ അക്ഷന്തവ്യതയായി കണക്കാക്കപ്പെട്ടത്‌.

മുട്ടത്തുവർക്കി, കാനം മുതലായ പൈങ്കിളി സാഹിത്യകാരൻമാരുടേയും അയ്യനേത്ത്‌, പമ്മൻ മുതലായ ഇക്കിളിസാഹിത്യകാരൻമാരുടെയും സൃഷ്ടികൾ വായിച്ച്‌ ഇന്ദ്രിയങ്ങളിൽ ഇളക്കമുണ്ടാക്കിയിരുന്ന ഒരു വായനാസമൂഹത്തിന്‌ മാധവിക്കുട്ടിയുടെ രചനകളും ഇതിലെ രത്യംശങ്ങളും അവനവന്റെ തന്നെ നേർക്കുനേരെ വരുന്ന ശരങ്ങളായി സ്വയം തോന്നിപ്പിച്ചിട്ടുണ്ടാകാം. ഇവരുടെ രചനകളിൽ അടക്കിവെക്കലുകളിലൂടെ അക്രമാസക്തമായിപ്പോയ മനസ്സു ചുമക്കുന്ന തന്റെ തന്നെ ഛായ ഓരോരുത്തരും കാണാൻ തുടങ്ങുന്നു.

വിവാഹം കഴിഞ്ഞവരിലെ ലൈംഗികതയും അരാജകത്വവും മാധവിക്കുട്ടി തന്റെ മസൃണഭാഷയിലൂടെ പറഞ്ഞപ്പോൾ അതിന്‌ നാനാർത്ഥങ്ങൾ കണ്ടെത്തുകയായിരുന്നു മലയാളികൾ ചെയ്തത്‌. കേരളത്തിലെ വിവിധ ലൈംഗീക കുറ്റകൃത്യങ്ങൾ പരിശോധിച്ചാൽ മനസ്സിലാകുന്ന ഒരു സത്യമുണ്ട്‌. പ്രതികളിൽ കൂടുതൽ പേരും വിവാഹിതരും കുടുംബമായി കഴിയുന്നവരുമായിരുന്നു. മാധവിക്കുട്ടി അടയാളപ്പെടുത്തിയ അരാജകത്വത്തിന്റെ അടിയാൻമാരാണിവർ.

ഓർമ്മവെച്ച നാൾ മുതൽ പ്രവാസത്തിലായിരുന്ന ഒരു കഥാകാരി തിരിച്ചെത്തി വർഷങ്ങൾക്കുശേഷം സന്ധ്യാവേളയിൽ നാടിന്റെ പടിയിറങ്ങി മറ്റൊരു പ്രവാസജീവിതത്തെക്കുറിച്ചു ചിന്തിക്കുന്നുവെങ്കിൽ അവരുടെ നൊമ്പരങ്ങൾക്കു മറുപടി പറയാൻ നാം ബാധ്യസ്ഥരാണ്‌.

മലയാളത്തിലെ ഇതര സാഹിത്യകാരിൽ നിന്നെല്ലാം വ്യത്യസ്തയായി ഒരുപാടു സൗഭാഗ്യങ്ങൾക്കിടയിൽ ജനിച്ചു വളർന്നവളാണ്‌ മാധവിക്കുട്ടി. അതുകൊണ്ടു തന്നെ താഴേക്കിടയിലുള്ളവരുടെ വേദനകളെ ഉപരിപ്ലവമായി മാത്രമേ അവർക്കു കാണാൻ സാധിച്ചിട്ടൂള്ളൂ. ആഢ്യത്തത്തിന്റെ അടിച്ചമർത്തലുകളിൽ അവരുടെ ആനന്ദവും ഉൾപ്പെട്ടതിൽ നിന്നുള്ള അമർഷമാണ്‌ അവരുടെ രചനയിലെ രത്യംശങ്ങൾ. തന്നേക്കാൾ വളരെയധികം പ്രായക്കൂടുതലുള്ള ഭർത്താവിനോടൊപ്പം പത്തൊൻപതാം വയസുമുതൽ ജീവിക്കേണ്ടിവന്നപ്പോൾ ഒരു കൗമാരക്കാരിയുടെ നഷ്ടസ്വപ്നങ്ങളും കൽപ്പനകളും അവരെ എന്നും പിൻവിളി വിളിച്ചിരുന്നു.

‘ചന്ദനമരങ്ങൾ’ എന്ന കഥയിലെ നായികമാരുടെയിടയിലുണ്ടായ തീക്ഷ്‌ണമായ പ്രണയം ഇത്തരമൊരു നഷ്ടസ്മൃതിയുടെ മൂർത്തീകരണമാണ്‌. കുളക്കടവിൽ വെച്ച്‌ ആമ്പലിന്റെയും കുളപ്പായലിന്റെയും മണമുള്ള കല്യാണിക്കുട്ടിയുടെ മാദകത്വത്തിലും ശരീരസ്പർശത്തിലും സ്വയം മറക്കുന്ന നായിക പിന്നീട്‌ അവഗണനയുടെ വേദന അനുഭവിക്കുന്നു. വർഷങ്ങൾക്കുശേഷം ആ നഷ്ടബോധം തന്റെ ജീവിതത്തെ തന്നെ വിരസമാക്കിയെന്നു വിലപിക്കുന്നു. സ്നേഹത്തിന്റെ തീവ്രതയും പ്രകൃതിയുടെ താളവും കൂടിച്ചേർന്നപ്പോളുണ്ടായ രതിയുടെ കടന്നുവരവിനെ ഒരു ഉത്സവം പോലെ ആഘോഷിക്കുകയും ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഒരു കളിപ്പാവയെപ്പോലെ അതിനെ കൈയിലെടുത്ത്‌ ഓമനിക്കുകയും ചെയ്യുന്നു. അതൊരു നിത്യ ജൈവസാന്നിദ്ധ്യമായി നായികയിൽ ഉറങ്ങാതെ കിടക്കുന്നു.

ഇത്തരം കൽപ്പനകളെ സദാചാരത്തിന്റെ വേലിക്കെട്ടു നോക്കാതെ സ്വപ്നസാഹിത്യത്തിന്റെ ഭാഷ്യത്തിലൂടെ അവതരിപ്പിക്കുവാൻ ധൈര്യം കാട്ടിയ സാഹിത്യകാരിയാണ്‌ മാധവിക്കുട്ടി. ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ മാജിക്കൽ റിയലിസത്തെ വാനോളം പുകഴ്‌ത്തി സ്വീകരിച്ച വായനാസമൂഹമാണ്‌ മാധവിക്കുട്ടിയുടെ സ്വപ്നസാഹിത്യത്തെ ഒരു വിഭ്രമമായി വായിച്ചവസാനിപ്പിച്ചതും ഇകഴ്‌ത്തിയതുമെന്നതാണ്‌ ദയനീയത. തന്റെ തോന്നലും തന്റെ സ്വപ്നങ്ങളുമാണ്‌ തന്റെ സാഹിത്യമെന്ന്‌ ഭയലേശമെന്യേ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു സാഹിത്യകാരി ഭാരതത്തിൽ തന്നെ ഒരാളേയുള്ളൂ എന്ന സത്യം മറച്ചുവെക്കാനാകാത്തതാണ്‌. അത്‌ അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ അവരോടു പറയാതെ പീന്നീടെപ്പോഴെങ്കിലും പറയാനും എഴുതാനും വേണ്ടി കരുതി വെയ്‌ക്കുന്നത്‌ ആ സാഹിത്യകാരിക്കു ഒരു ഗുണവും ചെയ്യില്ല.

തല്ലിച്ചളുക്കിയ തകരപ്പാത്രം പോലെ വഴിയിലുപേക്ഷിക്കാനുള്ളതല്ല മാധവിക്കുട്ടി എന്ന കഥാകാരി. കാലമുരുളുമ്പോൾ തിമിരമേൽക്കാത്ത കണ്ണുകളിലൂടെയും നവീകരിക്കപ്പെട്ട വായനയിലൂടെയും മാധവിക്കുട്ടിയെ വാഴ്‌ത്തുന്ന ഒരു തലമുറ വരാനിരിക്കുന്നുണ്ട്‌. ജീവിച്ചിരുന്നപ്പോൾ യേശുക്രിസ്‌തുവിനുപോലും കല്ലേറ്‌ ഏറ്റിട്ടുള്ള കാര്യമോർത്തെങ്കിലും ഈ സ്വപ്നസാഹിത്യത്തിന്റെ ‘അമ്മ’ മലയാളിത്തത്തോടു ക്ഷമിക്കുമെന്ന്‌ നമുക്കു വിശ്വസിക്കാം.

പുറംനാട്ടിലെ ജീവിതം എന്നും തന്റെ സർഗ്ഗശക്തിയെ പോഷിപ്പിക്കാറുണ്ട്‌ എന്നു പറഞ്ഞിട്ടുള്ള മാധവിക്കുട്ടിക്ക്‌ ഈ സായന്തനപ്രവാസം കൂടുതലെഴുതാൻ പ്രചോദനമാകട്ടെ. മലയാളഭാഷയെ തിര്യക്കുകളുടെ ശ്രേണിയിലാക്കാൻ ഈ സാഹിത്യകാരിക്കു അർഹതയില്ല. കാരണം ലോകത്തിന്റെ ഏതു കോണിലിരുന്നാലും മാധവിക്കുട്ടിക്കു മലയാളത്തിൽ മാത്രമേ ചിന്തിക്കുവാൻ കഴിയൂ എന്നത്‌ കമലാദാസിന്റെ ഇംഗ്ലീഷു കവിതകളിലൂടെ നടന്നവർക്കറിയാം. വിധുരസ്മരണകളും ഗ്രാമ്യതയുടെ പിൻവിളിയും ഉൾനാടൻ ഗ്രാമത്തിലെ നടുമുറ്റങ്ങളിൽ തത്തിക്കളിക്കുന്ന കാറ്റിന്റെ ഗന്ധവും അവരെ വായിക്കുമ്പോൾ അനുഭവിച്ചറിയുന്നുവെങ്കിൽ കമലാദാസ്‌ മലയാളിയായതുകൊണ്ടു മാത്രമാണ്‌. മലയാളം അവരുടെട മാതൃഭാഷയായതിനാലാണ്‌. മാധവിക്കുട്ടിയുടെ നല്ല രചനകളെല്ലാം മലയാളത്തിലാണെന്നത്‌ ഈ സാഹിത്യകാരിക്കു നിഷേധിക്കുവാനും മലയാളികൾക്കു മറക്കുവാനും കഴിയില്ല.

രഘുനായർ

ആലപ്പുഴ ജില്ലയിലെ കാരിച്ചാലിൽ ജനനം. ഇപ്പോൾ കുവൈറ്റിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി പ്രവർത്തിക്കുന്നു.

വിലാസം

വൈഷ്‌ണവം,

ആനാരി, ചെറുതന,

ഹരിപ്പാട്‌, ആലപ്പുഴ.


E-Mail: nairraghu@hotmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.