പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കടമ്മനിട്ടയുടെ കവിതകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നരേന്ദ്രപ്രസാദ്‌

സാമാന്യജനതയുടെ അഭിരുചിയെ മലിനമാക്കുകയും അനുഭവസത്യങ്ങളെ ചിട്ടപ്പെടുത്തിയ ഭാഷാരീതികൊണ്ടു മൂടിവയ്‌ക്കുകയും ചെയ്യുന്ന ആധുനിക യാന്ത്രികസംസ്‌കാരത്തെ നിരാകരിക്കുന്ന ഒരു ഉപസംസ്‌കാരം നമ്മുടെ നാട്ടിലും പിറക്കേണ്ടത്‌ അനിവാര്യമായിരുന്നു; മനുഷ്യന്റെ അന്വേഷണം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ തുടരാതെ നിവൃത്തിയില്ലല്ലോ. മൗലികമായ അന്വേഷണത്തിന്മേലുളള ഊന്നൽ, കലാസൃഷ്‌ടിയുടെ ജൈവസ്വഭാവത്തിലുളള വിശ്വാസം, മുതലാളിത്തമൂല്യങ്ങളുടെ നിരാസം എന്നിവ ഈ ഉപസംസ്‌കാരത്തിന്റെ മുഖ്യസ്വഭാവങ്ങളായി വന്നു. സാഹിത്യത്തിലെ ആധുനികത ഈ ഉപസംസ്‌കാരത്തിന്റെ ഫലവും കാരണവുമാണ്‌. ഇതിന്റെ മൂല്യങ്ങളും ഇതു മുന്നോട്ടുവെച്ച കലാസാഹിത്യവിശ്വാസങ്ങളും ഇന്നു സൃഷ്‌ട്യുന്മുഖമായി ചിന്തിക്കുന്നവർക്കിടയിൽ ആഴത്തിൽ വേരോടിയിട്ടുണ്ട്‌. എഴുത്തുകാർ കൂട്ടുചേർന്നു തയ്യാറാക്കിയ വേദികളും പ്രസിദ്ധീകരണങ്ങളും ഇതിന്റെ പ്രചാരത്തിനു വേഗം കൂട്ടി. വ്യക്തികളുടെ വ്യത്യസ്‌തതകൾ വിലവയ്‌ക്കവേതന്നെ, പരസ്‌പരം കാണുകയും സംസാരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതകൂടി ബോധ്യപ്പെട്ട ചില ആളുകൾ എഴുത്തുകാരുടെ കൂട്ടായ്‌മക്കുവേണ്ടി പ്രവർത്തിച്ചു. അയ്യപ്പപ്പണിക്കരും എം.ഗോവിന്ദനും മുൻകൈയെടുത്തു നിലവിൽ വരുത്തിയ ആ സൗഹൃദസംഘങ്ങളിലാണ്‌ കടമ്മനിട്ട രാമകൃഷ്‌ണൻ സ്വന്തം കവിതകൾ ചൊല്ലിത്തുടങ്ങിയത്‌. അതാതു കവിതകൾ ആവശ്യപ്പെടുന്നതെന്നു തങ്ങൾക്ക്‌ ഓരോരുത്തർക്കും തോന്നുന്നവിധത്തിൽ, കവികൾതന്നെ സ്വന്തം കൃതികൾ ആസ്വാദകസദസ്സിൽ ചൊല്ലുന്ന ‘കവിയരങ്ങ്‌’ എന്ന സമ്പ്രദായമായി ഇതു വികസിച്ചു. ദൃശൃതാളങ്ങളോടെ കവിതകൾ ചൊല്ലിയാടുന്ന ചൊൽക്കാഴ്‌ചകൾ അടുത്ത പടിയായിരുന്നു. ഇത്തരത്തിൽ പുതിയ കവിത ഒരു ആസ്വാദകസമൂഹത്തിലേക്കു സംക്രമിപ്പിച്ചവരുടെ കൂട്ടത്തിൽ, കടമ്മനിട്ട രാമകൃഷ്‌ണനു പല സവിശേഷതകളും ഉണ്ടായിരുന്നു. കടമ്മനിട്ടയ്‌ക്കുവേണ്ടി നാടിന്റെ പല ഭാഗങ്ങളിലും വേദികളുണ്ടായി. കേരളത്തിൽ അങ്ങോളമിങ്ങോളമുളള ആസ്വാദകരെ രാമകൃഷ്‌ണൻ കവിത ചൊല്ലിക്കേൾപ്പിച്ചു. വിദ്യാർത്ഥികളും ബുദ്ധിജീവികളും മാത്രമല്ല, നാട്ടിൻപുറക്കാരും തൊഴിലാളികളും കടമ്മനിട്ടക്കവിത ആസ്വദിക്കുന്നു.

പരുക്കനും ഒപ്പം സൂക്ഷ്‌മമായ സ്വരവിന്യാസത്തിനു വഴങ്ങുന്നതുമാണ്‌ രാമകൃഷ്‌ണന്റെ ശബ്‌ദം. ‘എവിടെപ്പോയെന്റെ കിടാങ്ങൾ?’ എന്നു പാടുമ്പോൾ ഉളളിലെ നിലവിളി ധ്വനിപ്പിക്കുവാനും ‘നിങ്ങളെന്റെ കറുത്ത മക്കളെച്ചുട്ടു തിന്നുന്നോ?’ എന്നു ചോദിക്കുമ്പോൾ ഗർജിക്കാതെതന്നെ, അലർച്ചയുടെ കിടിലം സൃഷ്‌ടിക്കുവാനും ആ ശബ്‌ദത്തിനു കഴിയുന്നു. ‘അങ്ങേലെ മൂപ്പീന്നു ചത്തോടീ?’ എന്നു ചോദിക്കുമ്പോൾ ചിരിപ്പിക്കുന്നതും ‘പറയൂ പരാതി നീ കൃഷ്‌ണേ’ എന്നു പറയുമ്പോൾ ആർദ്രമാകുന്നതും ഇതേ ശബ്‌ദംതന്നെ. അധഃസ്ഥിതരായ മനുഷ്യർ സ്വയം മറന്നു പാടിയിരുന്ന ദ്രാവിഡപ്പാട്ടുകളുടെ വിദൂരതയും സമകാലിക ജീവിതത്തിലേക്കു തുളഞ്ഞുകയറുന്ന ആധുനിക മനുഷ്യന്റെ സമീപതയും അതു നൽകുന്നു. പ്രാചീനമായൊരു സാമൂഹ്യാനുഷ്‌ഠാനത്തിന്റെ ആത്‌മീയത ആ ശബ്‌ദത്തിലുണ്ട്‌; ബാഹ്യമായ ഒരു താളവും ഗൗനിക്കാതെയാണ്‌ കടമ്മനിട്ട പാടുന്നത്‌. പക്ഷേ, ശീലുകൾ ഭദ്രമായൊരു താളക്രമത്തിന്റെ ചാലിൽ വീഴുന്നു. രാമകൃഷ്‌ണന്റെ സംഭാഷണത്തിൽതന്നെ, ഒരു തനി നാട്ടിൻപുറത്തുകാരന്റെ ഗ്രാമ്യതയുണ്ട്‌. കവിത ചൊല്ലുമ്പോൾ ഈ ഗ്രാമ്യത, നമ്മുടെ സാമൂഹ്യാവബോധത്തെ ഉണർത്തുന്ന ശക്‌തിയായി മാറുന്നു. ആസ്വാദകരുടെ മുന്നിൽ കവിത ചൊല്ലുകയും അവർ അതാസ്വദിക്കുന്നതറിയുകയും ചെയ്യുമ്പോഴാണ്‌ കാവ്യരചന പൂർത്തീകരിക്കുന്നതെന്ന്‌ രാമകൃഷ്‌ണൻ വിശ്വസിക്കുന്നു. എഴുതുന്നതിന്റെ വേദന, ചൊല്ലുമ്പോഴാണു മാറുന്നത്‌.

(കടമ്മനിട്ട കവിതകൾ എന്ന പുസ്‌തകത്തിന്‌ അന്തരിച്ച പ്രശസ്‌ത നിരൂപകൻ നരേന്ദ്രപ്രസാദ്‌ എഴുതിയ അവതാരികയിൽനിന്ന്‌)

നരേന്ദ്രപ്രസാദ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.