പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

നാല്‌മണിപ്പൂവ്‌ (ഓർമ്മ)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുരുഷോത്തമൻ. കെ.കെ

ഓഫീസ്‌ മുറി പൂട്ടി രാഘവൻ മാഷ്‌ക്ക്‌ ഏറ്റവും അവസാനമേ ഇറങ്ങാൻ പറ്റിയുള്ളൂ. നീളൻ മണിയടി പാതി എത്തുമ്പോഴേക്കും തേനീച്ച കൂട്ടിനു കല്ലേറ്‌ കൊണ്ട പോലെ ഒരാരവത്തോടെ പിള്ളേരൊക്കെ ഓരോ വാതിലിലൂടെയും ജനലിലൂടെയും തിരക്ക്‌ കൂട്ടി ഓടി മറയും. പിന്നെ ഒറ്റയായും ചെറു കൂട്ടമായും മുതിർന്നവരും - ഒരു പെരുമഴ പെയ്‌തു തീർന്നു തുള്ളി വീഴുന്ന പ്രതീതി.

“മാഷോട്‌ ഇത്തിരി നേരത്തെ വീട്ടിലേക്കു വരാൻ ലീലേടത്തി പറഞ്ഞു.”

ഉച്ചക്ക്‌ ശേഷം രണ്ടാമത്തെ പിരീഡിന്‌ ബെല്ലടിച്ചപ്പോഴാ തെക്കേ വീട്ടിലെ ചെക്കൻ ആപ്പീസിന്റെ വാതിൽക്കലോളം വന്നു എത്തി നോക്കി പറഞ്ഞു പോയത്‌. വയസ്സ്‌ പത്തായിട്ടും കളിച്ചു നടക്കുന്ന ആ അസത്ത്‌ ചെക്കൻ സ്‌കൂളിന്റെ പടി വല്ലപ്പോഴുമേ കയറൂ, അതെങ്ങനെ ‘വിത്ത്‌ ഗുണം പത്തു ഗുണം.’ വള്ളി ട്രൗസറിന്റെ ഒരു വള്ളി മാത്രം ഇടതു ചുമലിൽ, മറ്റേതു ഞാന്നു കിടന്നിരുന്നു. അകത്തേക്ക്‌ ഓടി കയറുമ്പോ കൈയിൽ കറങ്ങി കൊണ്ടിരുന്ന ഓല പമ്പരം, ഓട്ടത്തിന്റെ വേഗം കുറഞ്ഞാൽ കറക്കം തീർന്നാലോ എന്ന്‌ കരുതി.... എന്തിനാണെന്ന്‌ ചോദിച്ചത്‌ പോലും കേൾക്കാതെ ചെക്കൻ തിരിച്ച്‌ ഓടി. എന്തിനാവും? കാലത്ത്‌ സ്‌കൂളിലേക്ക്‌ പറപ്പെടും മുമ്പ്‌ കണ്ണിലൊരു തളർച്ച ഉണ്ടായിരുന്ന കാര്യം അപ്പോഴാണ്‌ ഓർത്തത്‌, എല്ലാന്നത്തെയും പോലെ പടിക്കലോളം വന്നുമില്ല, മുറ്റത്തേക്ക്‌ ഇറങ്ങാതെ ചോറ്റുപാത്രം കൈയിൽ തന്ന്‌ അകത്തേക്ക്‌ കയറിപോയി. വിശേഷിച്ചു എന്തെങ്കിലും? ഒറ്റക്കാണ്‌, പുതുക്കമായത്‌ കൊണ്ടു അയൽപക്കക്കാരുമായി അധികം അടുപ്പം ആയില്ല കടിഞ്ഞൂൽ ആയത്‌ കൊണ്ടു കാര്യങ്ങളെപറ്റി വലിയ നിശ്ചയം ഇല്ല.

പ്യൂൺ ശങ്കരൻ അനുവാദം ചോദിച്ചു നേരത്തെ തന്നെ ഇറങ്ങിയിരുന്നു. ഹാജർ പുസ്‌തകങ്ങൾ തിരിച്ചെടുത്തു അടുക്കി വെച്ചു. മുറി അടിച്ചു വൃത്തിയാക്കി, കഴുക്കോലിൽ കെട്ടിത്തൂക്കിയ മണി നീട്ടിയടിച്ച്‌ ‘മണി അടിക്കുന്ന ഇരുമ്പ്‌ വടി പിള്ളാർക്ക്‌ കിട്ടാത്ത ഇടത്ത്‌ മാറ്റി വെച്ചു. കാലൻ കുട കക്ഷത്തിൽ വെച്ചു ശങ്കരൻ പോയിട്ടും മാഷിനു ഇറങ്ങാൻ പറ്റിയില്ല. നാലാം ക്ലാസ്‌വരെയുള്ള സ്‌കൂൾ ആയതുകൊണ്ടു ഉത്തരവാദിത്വം കുറവല്ല. മുറി പൂട്ടി കഴിഞ്ഞു പടി ഇറങ്ങുമ്പോഴാണ്‌ ശങ്കരൻ കോലായുടെ മൂലയിൽ മറന്നു വെച്ച കത്തി കണ്ണിൽ പെട്ടത്‌. ജോലിത്തിരക്കിനിടയിൽ ഇത്തിരി നേരം തരപ്പെട്ടാൽ ശങ്കരൻ മാഷമ്മാരുടെ കണ്ണിൽ പെടാതെ ഇരുന്നു ഒരു ബീഡി പുകക്കുന്ന ഇടമാണത്‌. ബീഡിക്കുറ്റിയും സാധു ബീഡിയുടെ കവറും മുൻപും കണ്ണിൽ പെട്ടെങ്കിലും കാര്യമാക്കിയില്ല. ആർക്കും ചേതമില്ലാത്ത ആ സുഖം കെടുത്തി കളയണ്ട എന്ന്‌ കരുതി. വാതിൽ തുറക്കാൻ മെനക്കെടാതെ കത്തി ജനാലയിലൂടെ അകത്തേക്കിട്ടു.

പടി ഇറങ്ങുന്നതിനു മുൻപ്‌ കോമ്പൗണ്ടിനു ചുറ്റിലും ഒന്ന്‌ നടന്നു നോക്കുന്ന പതിവ്‌ ഇന്നും തെറ്റിച്ചില്ല. കാലത്ത്‌ മുറ്റവും ക്ലാസ്സ്‌ മുറികളും തൂത്ത്‌ വാരി. ഓഫീസ്‌ മുറിയിൽ വെള്ളം കോരി വെച്ചു ഉപ്പുമാവുണ്ടാക്കി കുട്ടികൾക്ക്‌ കൊടുത്തു കഴിഞ്ഞു കാർത്യായനി ഉച്ചയോടെ സ്‌ഥലം വിടും. ഈ ചുറ്റി നടപ്പിനിടയിലാണ്‌ അവരുടെ മറവി കണ്ടു പിടിക്കുന്നത്‌. ഉപ്പുമാവിനുള്ള ഗോതമ്പും നെയ്യും വെച്ച സ്‌റ്റോർ റൂമിന്റെ വാതിൽ അടക്കാൻ മറക്കും, ഒരാഴ്‌ചക്ക്‌ ഉപ്പുമാവ്‌ ഉണ്ടാക്കാനുള്ള വഹ എലികൾ നശിപ്പിക്കും. കിണറ്റു കരയിൽ നിന്നു തൊട്ടി എടുത്തു മാറ്റാതെ പട്ടിയും പൂച്ചയും നക്കി വൃത്തികേടാക്കും. പിറ്റേന്ന്‌ പിടിപ്പതു ചീത്ത കേട്ടാലും വലിയ വിശേഷം ഒന്നുമില്ല. “പിന്നെയും ചങ്കരൻ തെങ്ങുമ്മ തന്നെ.” സ്‌കൂൾ കോമ്പൗണ്ടിനു മൂന്നു ചുറ്റിലും ചെമ്പരത്തി ചെടി കൊണ്ടാണ്‌ വേലി. കാലങ്ങൾ കൊണ്ടു വളർന്നു ചിലത്‌ മരമായിരിക്കുന്നു. വടക്ക്‌ വശം വേലി കെട്ടിയില്ല. പിള്ളാരുടെ മൂത്രപുരയും ബാക്കി ഭാഗത്ത്‌ ഒരു കുന്നോളം പോന്ന വേസ്‌റ്റ്‌ കൂമ്പാരവും. പിള്ളാരുടെ ഉച്ച ഭക്ഷണത്തിന്റെ ശേഷിപ്പുകൾ വാഴ ഇലചീന്തുകളും പൊട്ടിയ പാത്രങ്ങളും ചിരട്ടയും, ആണ്ടിലൊരിക്കൽ ഏയ്‌.ഈ.ഓ ഇൻസ്‌പെക്ഷന്‌ വരുമ്പോ ആ ഭാഗം ഒരു തലവേദന ആണ്‌. പിന്നെ ഒരു നല്ല കാര്യം’ ആ ഭാഗത്ത്‌ വേലി കെട്ടാതെ ഒത്തു. മുറ്റത്ത്‌ പന്തലിച്ചു നിൽക്കുന്ന മാവിൽ പിള്ളേർ ഊഞ്ഞാൽ കെട്ടി ആടിയും ബഹളം വെച്ചും ഉരുണ്ടു വീണും സിമന്റ്‌ ഇട്ടപോലെ ഉറച്ചു കുഴിയായി മാറിയിരിക്കുന്നു.... മുറ്റമാകെ പടർന്നു പന്തലിച്ച്‌ ഓടിന്റെ മേലേക്കും തണൽ വിരിച്ചു മൂവാണ്ടൻ മാവ്‌. ഉണക്കയിലകൾ വീണ്‌ മുറ്റം രണ്ടു തവണ അടിക്കേണ്ടി വരുന്ന കാർത്യായനിയുടെ പ്രാക്ക്‌ കേട്ടില്ലെന്നു നടിക്കും, വെട്ടി മാറ്റാൻ എളുപ്പാ, ആദ്യം ഈ സ്‌കൂളിൽ കാൽ വെച്ചു കയറിയ അന്നുണ്ട്‌ ഇവൻ അന്ന്‌ തന്നോടൊപ്പം ഉയരമുള്ള മാവിന്റെ തളിരാണോ, അതേ നിറമുള്ള ഒരു സാരിത്തലപ്പിലാണോ ആദ്യം കണ്ണ്‌ ഉടക്കിയത്‌. കളഭക്കുറിയുടെ പൊൻ നിറം, നേർത്ത പുഞ്ചിരിയും മന്ത്രിക്കുന്ന പോലത്തെ വാക്കുകളും “രാഘവൻ മാഷല്ലേ, ഏട്‌ മാഷ്‌, കാലത്തെ തൊട്ടു കാത്തിരിക്വ ആഫീസ്‌ മുറിയിലുണ്ട്‌” ഋതുക്കൾ മാറി മാറി വന്നു, തളിരിട്ടു..... മാവ്‌ പലവട്ടം, പക്ഷെ പൂവ്‌ വിരിഞ്ഞത്‌ എത്തിപിടിക്കാൻ ആവാത്ത ഉയരത്തിൽ മാങ്കനികൾ ദൂരെ നിന്നു നോക്കി നിൽക്കേണ്ടി വന്നു. മാവിലകൾ പോലെ കാലം കൊഴിഞ്ഞു പോയപ്പോ മാന്തളിരിന്റെ നിറമുള്ള ചേല തുമ്പ്‌ മനസ്സിൽ മാത്രം, മുറ്റമാകെ പടർന്നു നിൽക്കുന്ന മാവിന്റെ തണൽ മാത്രം ബാക്കി.

ഇന്ന്‌ മാന്തളിരും മാമ്പൂവും കാണാൻ മേലോട്ട്‌ നോക്കണം. പിടലി അനുവദിക്കില്ല, തല കറക്കം തോന്നും. കാലം നിഷേധിച്ച കാഴ്‌ചകളിലൊന്ന്‌, ആകാശ വട്ടിയിൽ വിതറിയ നക്ഷത്രങ്ങളും അച്ഛന്റെ തോളിൽ ഒപ്പം നടന്നിരുന്ന അമ്പിളിമാമനും, തലയ്‌ക്കു നേരെ മേലെ തെന്നി മാറി ചലിക്കുന്ന തുമ്പികളും ഓർമയിൽ മാത്രം. താഴത്തെ ചില്ലകൾ; മണ്ണിലേക്ക്‌ ചാഞ്ഞു നിലം താട്ടു തൊട്ടില്ല എന്ന മട്ടിൽ, പിള്ളാരാരും കാണില്ലെങ്കിൽ ആരും ഇത്തിരി ഇരുന്നു ആടി പോകും. കണ്ണു തെറ്റുമ്പോ മരം കയറ്റം ശീലിച്ചു കൊല്ലത്തിൽ ഒരുത്തന്റെ എങ്കിലും കയ്യോ കാലോ ഒടിയും, ഡ്രിൽ മാഷുടെ കാര്യശേഷി കൊണ്ടു ഒരു കേസ്‌ പോലും ആശുപത്രി എത്തിക്കാതെ തരപ്പെടും. അയാളുടെ ഫസ്‌റ്റ്‌ എയ്‌ഡ്‌ ബോക്‌സിൽ ഒരു വിധം സാമഗ്രികൾ ഒക്കെ ഉണ്ടാവും. വീട്ടിലും മൂപ്പർ അത്യാവശ്യം ചികിത്സകൾ ചെയ്യുന്നുണ്ടെന്ന്‌ കേൾക്കുന്നു. ഒന്നിനും ചെവിക്കൊടുക്കാറില്ല. അല്ലെങ്കിലും മരപ്പലകകൾ കൊണ്ടു പേരിനൊരു ഗേറ്റ്‌ ആളില്ലാത്തപ്പോ ആടും പശുവും കയറി നിരങ്ങില്ല, ഏറിയാൽ മൂന്നു ഫാർലോങ്ങ്‌ നടന്നാൽ വീടായി. മുണ്ട്‌ കയറ്റിപ്പിടിച്ചു നീല കരയുള്ള തോർത്ത്‌ മുണ്ട്‌ കൊണ്ട്‌ മുഖം തുടച്ചു, വിയർപ്പു കണങ്ങൾ ഊറി വരുന്ന കഷണ്ടിയും. കരയെ കടലെടുത്തുപോയി എന്ന്‌ പറഞ്ഞപോലെ ചീകി ഒതുക്കാനുള്ള മുടി പേരിനെ ഉള്ളൂ. ലെതർ ബാഗ്‌ കുട്ടികൾ പുസ്‌തകം പിടിക്കുന്ന രീതിയിലാണ്‌ മാഷ്‌ പിടിക്കുന്നത്‌. വള്ളികളിൽ പിടിക്കാറില്ല. ആഞ്ഞൊന്നു പിടിച്ചാൽ പത്തു മിനിറ്റ്‌ ഇടത്തോട്ടും വലത്തോട്ടും വളവു തിരിഞ്ഞാൽ വയലായി, വയലിനക്കരെ, ചാഞ്ഞു നിൽക്കുന്ന തെങ്ങുകൾക്കിടയിലൂടെ വീട്ടിലേക്കുള്ള ചെങ്കല്ല്‌ പടികൾ കാണാം. വീതി കുറഞ്ഞ വയൽ വരമ്പിലേക്ക്‌ കയറുമ്പോ വയിലിനക്കരെ ദൂരെ ദൂരെ നിന്നും ഒഴുകി വരുന്ന പാട്ട്‌. രണ്ടു വീട്‌ വടക്ക്‌ ആശാരി സഹദേവന്റെ വീട്ടിൽ കല്യാണം. രണ്ടാഴ്‌ച മുൻപ്‌ കല്യാണം ക്ഷണിക്കാൻ വന്ന സഹദേവന്റെ അമ്മ ആശാരിച്ചി ദേവകി അർഥം വെച്ചു നോക്കിയതും ആ നോട്ടത്തിനു മുൻപിൽ ഒന്ന്‌ ചൂളിയപ്പോയതും ഓർത്തു. “ഈ പ്രായത്തിലും?” ഒന്നുമറിയാതെ വലിയ വയറും വെച്ചു ലീല അകത്തേക്ക്‌ കയറി പോയി. കല്യാണ വീട്ടിൽ കളം വെച്ച്‌ പാട്ട്‌ നേരത്തെ തുടങ്ങി. ഈന്തോല കൊണ്ടു മുറ്റത്തെ തിണ്ടിനു ചുറ്റും അരക്കൊപ്പം അലങ്കരിച്ച്‌ പന്തലിലേക്ക്‌ കയറാൻ രണ്ടു വശത്തും ചെന്തെങ്ങിൻ കുലയോ വാഴക്കുലയോ വെച്ചു കെട്ടുകയാവും, പന്തൽ പണിയുടെയും സദ്യ വട്ടത്തിന്റെയും തിരക്കിലാവും. പത്തു നൂറു നാളികേരം വെട്ടി കൂട്ടി, തേങ്ങ ചിരകി വാഴ ഇലയിൽ കൂമ്പാരംകൂട്ടി, വാല്യക്കാരും മദ്ധ്യവയസ്‌കരും ഒരു പോലെ. തേങ്ങ അരവും കറിക്ക്‌ കഷണം നുറുക്കും രാവേറെ ചെല്ലും വരെ തൊടിയിലും മുറ്റത്തും കത്തിച്ചുവെച്ച പെട്രോ മാക്‌സ്‌ വിളക്കുകളും ചുറ്റി പറക്കുന്ന പാറ്റകളും, അമ്മിയിൽ തേങ്ങ അരവും കറി നുറുക്കും ഒപ്പം നാടൻ പാട്ടും, ലേശം അശ്ലീല ചുവയുള്ള തമാശകളും. ലേശം ലഹരി കൂടി ഉണ്ടെങ്കിൽ സംഗതി കൊഴുക്കും. തിരിയുന്ന കറുത്ത വട്ടത്തിൻമേൽ സൂചി ഒഴുകുമ്പോൾ ശബ്‌ദമായി മാറുന്ന അത്ഭുതം, റിക്കാർഡ്‌ പ്ലേറ്റിലെ നേരിയ പൊട്ടലുകൾ ഉണ്ടാക്കുന്ന ആവർത്തനവും, ബാറ്ററി വീക്ക്‌ ആയി വേഗം കുറയുമ്പോ ഉണ്ടാവുന്ന തമാശകളും, കളത്തിൽ നോക്കികൊണ്ടു നിൽക്കുന്ന പട്ടിയും.... കാഴ്‌ചകൾ കണ്ടു നിൽക്കുന്ന പിള്ളാരുടെ ശല്യം കൊണ്ടു പൊറുതിമുട്ടിയ പാട്ട്‌ വെപ്പുകാരൻ.

കാര്യമായി സഹായിക്കാൻ ഒന്നും പറ്റിയില്ലെങ്കിലും വൈകിട്ട്‌ ഒന്ന്‌ കയറി ഇറങ്ങണം.

കാറ്റിന്റെ ദിശക്കൊത്ത്‌ പാട്ട്‌ ചിലപ്പോ ഒപ്പം കൂടി, ചിലപ്പോ അകന്നു പോയി. കൊയ്‌ത്തു കഴിഞ്ഞപാടം വിണ്ടുകീറി നീണ്ടു നിവർന്നു കിടന്നു, കൊയ്‌ത്തു തീർന്ന നെല്ലിന്റെ കുറ്റികൾ അവിടവിടെ. ഉണക്കപ്പുല്ലിന്റെ അരികൾ പറ്റി പിടിക്കാതിരിക്കാൻ മാഷ്‌ ഖദർ മുണ്ട്‌ പൊക്കി പിടിച്ചു. വരമ്പിന്റെ വക്കിൽ പുല്ലുകൾ ഉണങ്ങി കരിഞ്ഞിരുന്നു, ദൂരെ തോട്ടിനരികിൽ വെള്ളരിയുടെ പച്ചപ്പ്‌, കൊച്ചു പന്തൽ കെട്ടി കയ്‌പ വള്ളികൾ പടർത്തിയത്‌ ദൂരെ നിന്നു കൊച്ചു കുടിലുകൾ പോലെ. അക്കരെ തെങ്ങുകൾക്കിടയിൽ പുക ഉയരുന്നു. ഗോവിന്ദൻകുട്ടിയുടെ പറമ്പിലാണ്‌ കാടും പടലും കൂട്ടിയിട്ടു കത്തിക്കുന്നതാവും, ആൾ അദ്ധ്വാനിയാണ്‌, ഒരിത്തിരി നേരം പോലും വെറുതെ കളയില്ല, വയലിൽ കട്ടകൾ പൊട്ടിച്ചു കുഴി കുത്തി ചാണകം പൊടിച്ചതും വെണ്ണീറും കലർത്തി ഇട്ടു കുഴി തയ്യാറാക്കി നടന്ന വെള്ളരിയും മത്തനും പൂവിടുന്നതും കായാവുന്നതും വരെ കാവലിരിക്കും. വെണ്ണീരു വിതറി പ്രാണികളെ ഓടിക്കും.

ഒരു പൂവൻ കോഴിയുടെ നീട്ടി കൂവൽ. ദൂരെ നിന്നു കണ്ടു മാഷുടെ വരവ്‌ അവൻ വിളിച്ചറിയിക്കുന്ന പോലെ ടോമിയെ പോലെ തന്നെ ചാത്തൻ കോഴികളും... കൈയ്യിൽ സമ്മാനം എന്തെങ്കിലും കാണും എന്നറിയാം. പടി കയറുമ്പോൾ തൊട്ടു തൊട്ടുരുമ്മി വാലാട്ടി മൂളിയും മുരളിയും കുരച്ചും കിതച്ചും വിശേഷം ചോദിച്ചു... മക്കളെ ഇര പിടിക്കുന്നത്‌ പഠിപ്പിക്കുന്നതിന്റെ തിരക്കിൽ തള്ളക്കോഴി മാഷേ ശ്രദ്ധിച്ചില്ല. പടിക്കലേക്കു വീണു കിടക്കുന്ന ഒരു ഉണക്കോല തെങ്ങിൻ ചോട്ടിലേക്ക്‌ വലിച്ചു മാറ്റി വെച്ചു. കുരുമുളക്‌ വള്ളികളിൽ കടും പച്ച ഇലകൾക്കൊപ്പം ഇളം പച്ച തളിരുകളും കുരു മുളകിന്റെ ഇളം പൊടിപ്പുകളും. തല്ലി ഉറപ്പിച്ചു ചാണകം മെഴുകിയ മുറ്റത്തിന്‌ അതിരിട്ടു നിറയെ നാല്‌ മണി പൂക്കൾ. നടു മുറ്റത്തെ തുളസി ഇലകളിൽ കറുത്ത പൊട്ടു തൊട്ടു പറന്നു നടക്കുന്ന ചുവന്ന പ്രാണികൾ. ഇന്നെന്താണാവോ തുളസിക്കും ചെടികൾക്കും നനക്കാഞ്ഞത്‌. നനവ്‌ പറ്റി നിൽക്കുന്ന ചെടികളും അടിച്ചു വാരി ചാണകം മെഴുകി വെള്ളത്തുള്ളികൾ വീണു കിടക്കുന്ന മുറ്റത്തേക്ക്‌ കയറുമ്പോ പാതി ക്ഷീണം ഓടി മറയും. ഇറയത്ത്‌ കയറുന്നതിനു മുൻപ്‌ കാലു കഴുകാനിട്ടിരിക്കുന്ന പരന്ന കരിങ്കല്ലിൽ കാലുരച്ചു കയറി കഴുക്കോലിൽ കോർത്തിട്ട തോർത്ത്‌ മുണ്ടിൽ മുഖം തുടച്ചു. ഓട്ടു കിണ്ടിയിൽ വെള്ളം പാതിയെ കണ്ടുള്ളൂ. മുഖം കഴുകി കുലുക്കുഴിയുന്ന ശബ്‌ദം കേൾക്കുമ്പോഴേക്കും വാതിൽക്കൽ എതിരേൽക്കുന്ന മുഖം കണ്ടില്ല. “അകത്തേക്ക്‌ വരൂ, എനിക്കങ്ങോട്ട്‌ വരാൻ പറ്റില്ല നെഞ്ചിൽ ഒരു ആളൽ, പടിഞ്ഞാറ്റയിൽ കട്ടിലിൽ പുറം തിരിഞ്ഞു കിടക്കുകയായിരുന്നു. കാലടി ഒച്ചയുടെ ധൃതിയിൽ നിന്നു വെപ്രാളം ഊഹിച്ചു കാണും. ”ഇന്നും വരാൻ വൈകുമോ, സന്ധ്യ ആവ്വോ എന്ന്‌ പേടിച്ചു. കണ്ണടക്കൂ, കൈ രണ്ടും നീട്ടൂ, ഒരു സമ്മാനം തരാം. “ രണ്ടു കൈകളിലേക്ക്‌ ഏറ്റു വാങ്ങിയ സമ്മാനം വാങ്ങി ഇറയത്ത്‌ വന്നു. സന്തോഷാശ്രു വീണു നനഞ്ഞ നാല്‌ മണി പൂവ്‌ കൈയിൽ മെല്ലെ ഇതൾ അനക്കി. പുറത്തു കുരുമുളക്‌ വള്ളികളിൽ വീണു കിടന്ന വെയിലിനു ഇളം മഞ്ഞനിറം. ”സന്ധ്യ ആയില്ല. അസ്‌തമിക്കാൻ ഇനിയും ഏറെ നേരമുണ്ട്‌“. അറിയാതെ ഒരിക്കൽ കൂടി മനസ്സ്‌ മന്ത്രിച്ചു.

പുരുഷോത്തമൻ. കെ.കെ

തൃശൂർ ഗവൺമെന്റ്‌ മെഡിക്കൽ കോളേജ്‌ ശിശു ചികിത്‌സാ വിഭാഗം മേധാവിയാണ്‌.


E-Mail: drpurushothaman.kk@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.