പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

പടിയിറങ്ങുന്ന മലയാള സിനിമ......

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.ശ്രീകുമാർ

"ഒന്നുമില്ലെങ്കിലും കുറേ അവാര്‍ഡെങ്കിലും കിട്ടാറുണ്ടായിരുന്നു.ഇത്തവണ അതുമില്ലേ?'',2012ലെ ദേശീയ ചലച്ചിത്ര അവാര്‍ഡു പ്രഖ്യാപനം ടെലിവിഷനിലൂടെ ശ്രവിച്ചുകൊണ്ടിരുന്ന ഒരു സാധാരണക്കാരനായ മലയാളിയുടെ പ്രതികരണമിങ്ങനെയായിരുന്നു. 'ഒന്നുമില്ലെങ്കിലും' എന്ന അയാളുടെ നിരാശ ബോളിവുഡ്ഡിന്റെ പണക്കിലുക്കം മലയാളത്തിനില്ല എന്നു സൂചിപ്പിക്കുമ്പോള്‍,. 'അവാര്‍ഡ്' എന്ന പരാമര്‍ശം കലാപരമായ മികവിനെക്കുറിക്കുന്നു. മലയാളത്തിന് ആകെയുണ്ടായിരുന്ന് ആ മികവാണ്. അതാണിന്നു പടിയിറങ്ങുന്നത്. 2011ല്‍ മികച്ച ചിത്രവും നടനും മലയാളത്തില്‍ നിന്നായിരുന്നു.(ആദാമിന്റെ മകന്‍ അബു, സലിം കുമാര്‍) 2010ല്‍ രഞ്ജിത്തിന്റെ 'കുട്ടിസ്രാങ്ക്' മികച്ച ചിത്രമായി. 2009ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണനിലൂടെ (നാലു പെണ്ണുങ്ങള്‍) ഒരു വട്ടം കൂടി മലയാളത്തിലെത്തി. അങ്ങനെയുള്ള മലയാളം 2012 ല്‍ വട്ടപ്പൂജ്യമായതിന്റെ കാരണങ്ങള്‍ തീര്‍ച്ചയായും അന്വേഷിക്കേണ്ടതുണ്ട്. മലയാളികളുടെ ജീവിതത്തിലും കാഴ്ച്ചപ്പാടിലും വന്ന മാറ്റങ്ങളുമായി ഇതും ബന്ധപ്പെട്ടിരിക്കുന്നു. ബിവറേജസ്സുകളും ബാറുകളും ഷോപ്പിങ് മാളുകളും റിസോര്‍ട്ടുകളും മലയാളിയുടെ നിത്യജീവിതത്തിലേയ്ക്കു കടന്നു വന്നപ്പോള്‍ മറുഭാഗത്ത് ചിതലരിച്ച ഒട്ടനേകം വാതിലുകള്‍ കൊട്ടിയടയ്ക്കപ്പെടുകയുമുണ്ടായി. എത്രയെത്ര കലാസമിതികള്‍ നാടകസംഘങ്ങള്‍ വായന ശാലകള്‍ സിനിമാ കൊട്ടകകള്‍ ഫിലിം സൊസൈറ്റികള്‍ അവരുടെ നേതൃത്ത്വത്തില്‍ നടക്കാറുണ്ടായിരുന്ന ഗംഭീര സിനിമാ ചര്‍ച്ചകള്‍. അതെല്ലാം ഇന്ന് ഇല്ലാതായിരിക്കുന്നു. മലയാളി ഇന്നു ജീവിക്കുന്നത് പണമുണ്ടാക്കാന്‍ വേണ്ടിയാണ് . അതിനുള്ള ബിസിനസ്സുകളാണ് ബാക്കി എല്ലാം. വിദ്യാഭ്യാസവും കലയുമെല്ലാം ഇന്ന് വെറും ബിസിനസ്സുകളാണ്. ബിസിനസ്സ് ചര്‍ച്ചകള്‍ നടക്കുന്നതാവട്ടെ മദ്യക്കുപ്പിക്കു ചുറ്റിലും! പണ്ടത്തെ കലാചര്‍ച്ചകളുടെ സ്ഥാനത്ത് സഹജീവിയ്ക്കിട്ടു പണിയേണ്ട പാരകളെക്കുറിച്ചുള്ള ഗൂഢാലോചനകളാണ് ഇന്നു നടക്കുന്നത്. തന്റെ അടുത്ത സിനിമ എങ്ങനെ നന്നാക്കാം എന്നല്ല മറ്റവന്റെ സിനിമയെ എങ്ങനെ കൂവി ഒതുക്കാം എന്ന ചര്‍ച്ചയാണു നടക്കുന്നത്.പക്ഷേ സങ്കടം ഇതൊന്നുമല്ല ,ഒരുകാലത്ത് നാം കളിയാക്കി വിട്ടിരുന്ന ഹിന്ദി തമിഴ് ചിത്രങ്ങള്‍ കലാമൂല്യമുള്ളവയായി മെല്ലെ മാറിത്തുടങ്ങുമ്പോഴാണ് നാം കയ്യിലുള്ള സമ്പത്ത് വലിച്ചെറിയുന്നത് എന്നുള്ളതാണത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഏതാനും മലയാളികള്‍ അന്യ ഭാഷാ സിനിമകളിലൂടെയാണെങ്കിലും മലയാളത്തിന്റെ സാന്നിധ്യമറിയിച്ചു പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ബ്യാരിയുടെ സംവിധായകന്‍ സുവീരന്‍, ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ നടി മല്ലിക, ഉര്‍വ്വശി പുരസ്കാരം നേടിയ വിദ്യാ ബാലന്‍ തുടങ്ങിയവരാണവര്‍. ഭരത് അവാര്‍ഡിനായി മോഹന്‍ലാലും പരിഗണിക്കപ്പെട്ടിരുന്നു. പ്രണയത്തില്‍ ലാല്‍ സഹനടന്‍ മാത്രമാണെന്ന വിലയിരുത്തലാണ് അദ്ദേഹത്തിന് അവാര്‍ഡ് നഷ്ടമാക്കിയത്. എന്നാല്‍ ഇന്ത്യന്‍ റുപ്പിയിലെ പൃഥ്വിരാജിന്റെ പ്രകടനത്തെ അവാര്‍ഡു കമ്മറ്റി പ്രത്യേകം അഭിനന്ദിക്കുകയുമുണ്ടായി.

ബ്യാരി

ലിപിയില്ലാത്ത ഭാഷയാണു നക്കനി . അതു സംസാരിക്കുന്ന 20 ലക്ഷത്തോളം വരുന്ന ദക്ഷിണ കര്‍ണ്ണാടകക്കാര്‍ അറിയപ്പെടുന്നത് ബ്യാരികള്‍ എന്നാണ്. കച്ചവടക്കാരായ ബ്യാരികള്‍ തങ്ങളുടെ ഭാഷയും ജീവിതവും നാലാളറിയണമെന്ന ചിന്തയില്‍ നിര്‍മ്മിച്ച ചലച്ചിത്രമാണ് ബ്യാരി. സംവിധായകന്‍ മലയാളിയും നാടക സംവിധായകനുമായ സുവീരന്‍. ബ്യാരിയായ ടി എച്ച് അല്ത്താഫാണ് നിര്‍മ്മാണം. അവരുടെയിടയിലെ ഏറ്റവും വലിയ സാമൂഹ്യ പ്രശ്നമായ വിവാഹമോചനവും മറ്റുമാണ് സിനിമയുടെ പ്രധാന വിഷയം.

'അന്യായ സ്വഭാവമുള്ള മതചിട്ടകളെ നേരിടുന്ന സ്ത്രീയുടെ വിഹ്വലതകള്‍ ശക്തമായി അവതരിപ്പിക്കുന്നതില്‍ ബ്യാരിയിലൂടെ സുവീരന്‍ വിജയിച്ചെന്നാണ് ജൂറിയുടെ വിലയിരുത്തല്‍. പിതാവിന്റേയും ഭര്‍ത്താവിന്റേയും വാശിക്കിടയില്‍ ജീവിതം ചാമ്പലാക്കപ്പെടുന്ന പെണ്‍കുട്ടിയെ അവതരിപ്പിച്ച മല്ലികയുടെ അഭിനയ മികവിന് ജൂറിയുടെ പ്രത്യേക പമാര്‍ശവും ലഭിച്ചു.പിതാവായി വേഷമിട്ട മാമുക്കോയയും ‚ നാദിറയെ അവതരിപ്പിച്ച മല്ലികയും വളരെ പണിപ്പെട്ടാണു പോലും ബ്യാരികളുടെ ഭാഷ പഠിച്ചെടുത്തത്! ഈ സിനിമയില്‍ മഞ്ജരി പാടിയ പാട്ട് ബ്യാരികളുടെയിടയില്‍ ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാണ്.

ആരാണീ സുവീരന്‍?

അവാര്‍ഡു പ്രഖ്യാപനം വന്നതേ മിക്ക മലയാളികളും ചോദിച്ച ചോദ്യം ഇതാണ്. മലയാളത്തിലെ ചുരുക്കം വരുന്ന നാടക പ്രണയികളുടെയിടയില്‍ താരമാണു സുവീരനെങ്കിലും അതൊന്നും കേട്ട് തൃപ്തിപ്പെടാന്‍ ശരാശരി മലയാളിക്കായില്ല. 'കഥ പറയുമ്പോള്‍' എന്ന ചിത്രത്തില്‍ സംവിധായകന്റെ വേഷത്തില്‍ അഭിനയിച്ച ആളാണ് എന്നു പറഞ്ഞപ്പോള്‍ കഷ്ടി അംഗീകരിക്കാമെന്ന നില വന്നു.വടകരയിലെ വരദ തീയേറ്റേഴ്സിലൂടെ നാടക രംഗത്തെത്തിയ സുവീരന്‍ ജി ശങ്കരപ്പിള്ളയുടെ 'ഭരതവാക്യം' അരങ്ങിലെത്തിച്ചതോടെയാണു ശ്രദ്ധിക്കപ്പെട്ടത്. പിന്നെ 'ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും' എന്ന നാടകം. സി വി ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' പിന്നീട് നാടകമാക്കി .സുവീരനെന്ന പ്രതിഭയെ തിരിച്ചറിയാന്‍ ഈ മൂന്നു നാടകങ്ങള്‍ മതി. പരീക്ഷണ നാടകങ്ങളിലൂടെ സിനിമയിലേക്കുള്ള വിളി കാത്തിരിക്കെയാണു ബ്യാരികളുടെ ആദ്യ ! സിനിമയെടുക്കാനുള്ള യോഗം സുവീരനെത്തേടിയെത്തുന്നത്. അതിലൂടെ ദേശീയ പുരസ്കാര ജേതാവാകാനും അതുവഴി മലയാളികളുടെ മാനം കാക്കാനും സുവീരനായി.

രണ്ടു നായികമാര്‍

ബ്യാരിയിലെ നായിക തൃശൂര്‍ക്കാരി റീജയാണ്. നിഴല്‍ക്കുത്തെന്ന സിനിമയ്ക്കു വേണ്ടി അടൂര്‍ ഗോപാലകൃഷ്ണന്‍ കണ്ടെത്തിയ നടി. ഇങ്ങനെയൊന്നും പറഞ്ഞാല്‍ നമുക്ക് ഓര്‍മ്മ കിട്ടില്ല. ചേരന്റെ 'ഓട്ടോഗ്രാഫ്' എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യയുടെ താരറാണിയായി മാറിയ മല്ലിക എന്നു പറയുമ്പോള്‍ മനസ്സിലാകും. നേരത്തെ കര്‍ണ്ണാടക സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയിട്ടുളള മല്ലികയ്ക്ക് ഇപ്പോള്‍ ദേശീയ പുരസ്കാരത്തിന്റെ തിളക്കവും സ്വന്തം.

വിദ്യാബാലനെ ഏവരുമറിയും. പാലക്കാട്ടുകാരി വിദ്യ ബി അയ്യരെ അറിയുന്നവര്‍ കുറയും. തുടക്കം മലയാളത്തില്‍ നിന്നായിരുന്നെങ്കിലും ആദ്യ രണ്ടു ചിത്രങ്ങളും (ചക്രം, കളരി വിക്രമന്‍) പുറത്തിറങ്ങിയില്ല. പിന്നെ മോഡലിങ്ങിലേക്ക്. സര്‍ഫ് എക്സലിന്റെ പരസ്യം ക്ളിക്കായി. അതോടെ ബോളിവുഡ്ഡില്‍ അവസരങ്ങള്‍. 'പരിണീത' എന്ന ഹിന്ദി ചിത്രത്തിലൂടെ താരറാണിയായി. കഴിഞ്ഞ പ്രാവശ്യം നേരിയ വ്യത്യാസത്തില്‍ നഷ്ടപ്പെട്ട ഉര്‍വ്വശി പട്ടം ഇക്കുറി 'ഡര്‍ട്ടി പിക്ചറി'ലൂടെ വിദ്യ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ മലയാളിക്കും തെല്ലൊന്ന് അഭിമാനിക്കാം.

ഇന്ത്യന്‍ റുപ്പി

മികച്ച മലയാള ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് രഞ്ജിത്തിന്റെ 'ഇന്ത്യന്‍ റുപ്പി'യാണ്. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ വ്യക്തിഹത്യക്കിരയാവേണ്ടി വന്ന പൃഥ്വിരാജിന്റെ തിരിച്ചു വരവാണ് രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയില്‍ നാം കണ്ടത്. ഇതിലെ അഭിനയ മികവിന് പ്രത്യേക പരാമര്‍ശം നേടിയ പൃഥ്വി തന്റെ കഴിവുകള്‍ സംഘടിത ശ്രമങ്ങള്‍ കൊണ്ട് തകര്‍ക്കാവുന്നവയല്ലെന്ന് തെളിയിച്ചിരിക്കുന്നു. ഇന്ത്യന്‍ റുപ്പി സമകാലിക കേരളീയ ജീവിതത്തിന്റെ നേര്‍പതിപ്പായി ആദ്യ പകുതിയില്‍ നമുക്കനുഭവപ്പെടും . രണ്ടാം പകുതി ഏറെ ഭാവനാത്മകമാണ്. റിയല്‍ എസ്റേറ്റ് ബിസ്സിനസ്സിലൂടെ കോടികള്‍ പറ്റുന്നവരുടെ ലോകത്തെത്തുന്ന ജയപ്രകാശ് എന്ന ജെപിയുടെ ദുരന്തകഥയാണ് ഇന്ത്യന്‍ റുപ്പി. ഈ ചിത്രത്തിലൂടെ തിലകനും ശക്തമായ തിരിച്ചു വരവു നടത്തിയിരിക്കുന്നു.

മറ്റു പുരസ്കാരങ്ങള്‍

മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് പങ്കിട്ടെടുത്ത മറ്റൊരു ചിത്രമാണ് ദേവൂള്‍ (മറാത്തി) . ഇതിലെ അഭിനയത്തിന് ഗിരീഷ് കുല്‍ക്കര്‍ണ്ണി മികച്ച നടനുള്ള പുരസ്കാരത്തിന് അര്‍ഹനായി. ജനപ്രിയ ചിത്രമായി അഴഗാര് സ്വാമിയാര് കതിരൈ (തമിഴ്) തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അപ്പുക്കുട്ടി മികച്ച സഹനടനായി. മികച്ച ഗായികയായി രൂപാ ഗാംഗുലിയേയും ഗായകനായി ആനന്ദ് ഭാട്ടേയേയും മികച്ച ചലച്ചിത്ര വിമര്‍ശകനായി മനോജ് ഭട്ടാചാര്യയേയും തിരഞ്ഞെടുത്തു. ഛായാഗ്രഹണം സത്യറായ് നാഗ്പാല്‍. ഗാനരചന അമിതാഭ് ഭട്ടാചാര്യ. കുട്ടികളുടെ ചിത്രം 'ചില്ലാര് പാര്‍ട്ടി'. സ്പെഷ്യല്‍ ഇഫക്ട് 'റാ വണ്‍'. 'ടൈഗര്‍ ഡൈനാസ്റി'യാണ് മികച്ച പരിസ്ഥിതി ചിത്രം.

ആദരം ഏറ്റു വാങ്ങിയ വിധി നിര്‍ണ്ണയം.

ദേശീയ ചലച്ചിത്ര അവാര്‍ഡു പ്രഖ്യാപനത്തെത്തുടര്‍ന്നുണ്ടാകാറുള്ള വിവാദങ്ങള്‍ ഇക്കുറിയില്ല. ലിപി പോലുമില്ലാത്ത ഭാഷയിലെടുത്ത ആ ഭാഷയിലെ തന്നെ ആദ്യ ചിത്രം മികച്ച ചിത്രത്തിനും സംവിധായകനുമുള്ള പുരസ്കാരങ്ങള്‍ നേടുമെന്ന് നവാഗതനായ സുവീരന്‍ പോലും പ്രതീക്ഷിച്ചിരിക്കില്ല. പക്ഷേ ബ്യാരിക്ക് പുരസ്കാരം നല്കിയതിലൂടെ യഥാര്‍ഥ കലാകാരന്റെ കൈകളിലേക്ക് പുരസ്കാരം ഏല്പിക്കുകയാണ് ജൂറി ചെയ്തത്. പണത്തിന്റെ ഹുങ്കും കോപ്പിയടിയും മതിയാക്കി യഥാര്‍ത്ഥ കലാകാരന്മാരുടെ കൈകളിലേയ്ക്ക് സിനിമയെ ഏല്പ്പിക്കുവാനുള്ള സന്ദേശം കൂടിയാണ് ഇത്തവണത്തെ അവാര്‍ഡു നിര്‍ണ്ണയം സൂചിപ്പിക്കുന്നത്.

സി.ശ്രീകുമാർ

തൊടുപുഴയ്‌ക്കടുത്ത്‌ തട്ടക്കുഴിയിൽ ജനിച്ചു.

വിദ്യാഭ്യാസംഃ എം.എ. മലയാളം (പാലാ സെന്റ്‌. തോമസ്സ്‌ കോളേജ്‌), ബി.എഡ്‌ (കേരളാ യൂണിവേഴ്‌സിറ്റി), യു.ജി.സി. ലക്‌ചർഷിപ്പ്‌.

ബേണി ഇഗ്‌നേഷ്യസ്‌ സംഗീത സംവിധാനം നിർവ്വഹിച്ച ‘യുവജനോത്സവ ഗാനങ്ങൾ’ എന്ന ഓഡിയോ കാസറ്റിലെ ഗാനരചനയ്‌ക്ക്‌ മന്ത്രി പി.ജെ. ജോസഫിൽ നിന്നും (വിദ്യാഭ്യാസ വകുപ്പു നല്‌കിയ) അവാർഡ്‌ കിട്ടി.

2000-2001 അദ്ധ്യായന വർഷത്തിൽ സംസ്‌ഥാനത്തെ അദ്ധ്യാപകർക്കായി വിദ്യാഭ്യാസവകുപ്പ്‌ നടത്തിയ കവിതാരചന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.

ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിക്കാറുണ്ട്‌.

വിലാസംഃ

കരോട്ടുമഠത്തിൽ

തട്ടക്കുഴ (പി.ഒ.)

തൊടുപുഴ- 685 581.


Phone: 9496745304
E-Mail: csrikumar@yahoo.co.in
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.