പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കങ്കാരുവിന്റെ നാട്ടിലേക്ക്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ത്രേസിയാമ്മ തോമസ്‌

ജീവിതയാത്രയില്‍ ഇത് അഞ്ചാമത്തെ ഭൂഖണ്ഡത്തിലേക്കുള്ള യാത്ര! ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡവും ഏറ്റവും വലിയ ദ്വീപുമായ ഓസ്ട്രേലിയയിലേക്ക്.

ഇക്കഴിഞ്ഞ ജൂലൈ മാസത്തിലെ സുഖമുള്ള ഒരു പ്രഭാതത്തില്‍ ഒരു കപ്പു കാപ്പിയുമായി ഉമ്മറത്തിരിക്കുമ്പോഴാണ് മകനെയും കുടുംബത്തെയും കാണാന്‍ ഓസ്ട്രേലിയയിലേക്ക് ഒന്നു പോയാലൊ എന്നു ചിന്തിച്ചതു്‌. ചാര്‍ജ് അല്പം കൂടുതലാണെന്നറിഞ്ഞിട്ടും അന്നുതന്നെ ടിക്കറ്റെടുത്തു. ജൂലൈ 28-ന് ഞാനും ഭര്‍ത്താവും കൂടി കെന്നഡി എയര്‍പ്പോര്‍ട്ടില്‍ നിന്നും യാത്രയായി. മൂന്നുമണിക്കൂര്‍ പിറകോട്ടു സഞ്ചരിച്ച് ലോസ് ആഞ്ചലസിലേക്കും പതിമൂന്നുമണിക്കൂര്‍ മുന്‍പോട്ടു സഞ്ചരിച്ച് സിഡ്നിയിലേക്കും പോകുമ്പോള്‍ ഇരുപതു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനയാത്രയായിരുന്നു അത്. രാവും പകലും മാറി മാറി വന്ന് ഉറക്കം നഷ്ടപ്പെട്ടതിന്റെ ക്ഷീണം ഒഴിച്ചാല്‍ യാത്ര സുഖകരമയിരുന്നു.

ജൂലൈ മുപ്പതിന് സിഡ്നിയുടെ ആകാശത്തിരുന്നു ഞങ്ങള്‍ ഓസ്ട്രേലിയ ആദ്യമായി കണ്ടു. ബഹുനില കെട്ടിടങ്ങളും വിശാലമായ ഭൂപ്രദേശങ്ങളും ജലപാതകളും കൊണ്ട് സമൃദ്ധമാണ് സിഡ്നി. അങ്ങകലെ കടല്‍ക്കരയില്‍ ഇതള്‍ വിടര്‍ത്തി നില്‍ക്കുന്ന മനോഹര സൗധം ഓപ്പറാ ഹൗസാണെന്നു ഞാന്‍ തിരിച്ചറിഞ്ഞത് നേരത്തെ അതിനെപ്പറ്റി വായിച്ചിരുന്നതു കൊണ്ടാണ്. ഇന്ത്യാക്കാര്‍ക്ക് താജ്മഹള്‍ പോലെ പ്രാധാന്യമുള്ള ഒന്നാണ് ഈ വലിയ തീയേറ്റര്‍. പിങ്ക് ഗ്രാനൈറ്റിന്റെ അടിസ്ഥാനത്തില്‍ വെള്ള ടൈല്‍സില്‍ ആറു കക്കകള്‍ ചെരിച്ചുവച്ചിരിക്കുന്ന പോലെയാണ് അതിന്റെ നിര്‍മ്മിതി ആ ശില്പഭംഗി ഒന്നു നന്നായി കാണുമുമ്പേ വിമാനം നിലത്തിറങ്ങിക്കഴിഞ്ഞിരുന്നു.

സിഡ്നിയില്‍ നിന്നും മകന്റെ താമസസ്ഥലമായ അഡിലെയ്ഡിലേക്ക് വീണ്ടും രണ്ടരമണിക്കൂര്‍ ഫ്ലൈറ്റ്. ഞങ്ങള്‍ ചെല്ലുമ്പോള്‍ ഞങ്ങളെ കാത്ത് നേരത്തെ തന്നെ അവര്‍ എത്തിയിരുന്നു. കൊച്ചുമകള്‍ ഹന്നാ ഞങ്ങളെ കണ്ടയുടനെ ചിരപരിചിതയെപ്പോലെ എന്റെ അടുത്തേക്ക് ഓടി വന്നു. അവളെ വാരിയെടുത്തു നടക്കുമ്പോള്‍ യാത്രാക്ഷീണമൊന്നും അറിഞ്ഞതേയില്ല. രണ്ടുദിവസം കഴിഞ്ഞ് യാത്രയുടെ മടുപ്പു മാറിക്കഴിഞ്ഞപ്പോള്‍ സ്ഥലങ്ങള്‍ ഒക്കെ കാണുന്നതിനെക്കുറിച്ചായി ചിന്ത.

ഓസ്ട്രേലിയ എന്ന ചെറിയ ഭൂഖണ്ഡം ആറു സംസ്ഥാനങ്ങളായും രണ്ട് ടെറിറ്റോറികളായും വിഭജിക്കപ്പെട്ടിരിക്കുന്നു. 1) ന്യൂ സൗത്ത് വെയില്‍സ്, 2) വിക്ടോറിയ, 3) ക്വീന്‍സ് ലാന്‍ഡ്, 4) സൗത്ത് ഓസ്ട്രേലിയ, 5) വെസ്റ്റേണ്‍ ഓസ്ട്രേലിയ, 6) ടാസ്മേനിയ എന്നിവയാണ് സംസ്ഥാനങ്ങള്‍. ഇന്ത്യയെക്കാള്‍ രണ്ടിരട്ടി വലിപ്പമുള്ള ഈ ഭൂഖണ്ഡത്തില്‍ ജനസംഖ്യ കേരളത്തെക്കാള്‍ അല്പം കൂടുതല്‍ മാത്രം (76 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം. നാലുകോടിയോളം ജനങ്ങള്‍) സൗത്ത് ഓസ്ട്രേലിയയുടെ ക്യാപ്പിറ്റലാണ് അഡിലേഡ്. ഓസ്ട്രേലിയയുടെ വൈന്‍ ക്യാപ്പിറ്റല്‍, ഓസ്ട്രേലിയയിലെ ഏറ്റവും വലിപ്പം കൂടിയ സിറ്റികളില്‍ അഞ്ചാമത്തേത് തുടങ്ങിയ വിശേഷണങ്ങള്‍ക്കുപുറമെ അഡിലേഡ്, പാര്‍ക്കുകള്‍, ബീച്ചുകള്‍, മുന്തിരിത്തോപ്പുകള്‍ എന്നിവകൊണ്ടും സമൃദ്ധം. ഭക്ഷണത്തോടൊപ്പം പ്രാദേശിക വൈനുകള്‍ ആസ്വദിക്കാനും, ഡോള്‍ഫിനുകളോടൊപ്പം കയാക്കു നടത്തുവാനും, കങ്കാരുവിനെ നേരിട്ടു കാണുവാനും പറ്റിയ ഒരിടം.

ജൂലൈ, ഓഗസ്റ്റ് മാസങ്ങള്‍ അവിടെ വിന്ററാണ്. ന്യൂയോര്‍ക്കിലെ വിന്ററുമായി ആ വിന്ററിനു യാതൊരു സാമ്യവുമില്ല. തണുത്ത കാറ്റും മഴയും കാരണം യാത്രകള്‍ ദുഷ്കരമാകുമെന്നു മാത്രം. ചൂട് നാല്പത്, നാല്‍പ്പത്തിയഞ്ച് ഡിഗ്രി ഫാറന്‍ഹീറ്റ് ഉണ്ടാവും. ഇലകള്‍ ഇല്ലാത്ത മരങ്ങള്‍ വളരെ കുറച്ചു മാത്രം. പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളും അപ്പോഴും ഉണ്ടാവും. മകന്റെ വീട്ടുവളപ്പില്‍ ഒരു പേരമരം നിറയെ പഴുത്തു ചെമന്ന ചെറിയ പേരയ്ക്ക ഉണ്ടായിരുന്നു. ഞങ്ങള്‍ അതു ആസ്വദിച്ചു കഴിച്ചതു കൂടാതെ കുറെ ഉപ്പിലിട്ട് സൂക്ഷിക്കുകയും ചെയ്തു. യാത്രകള്‍ക്കു പറ്റിയ സമയമല്ലാതിരുന്നിട്ടും പലസ്ഥലങ്ങളും ഞങ്ങള്‍ കണ്ടു. പാര്‍ക്കുകള്‍, ബീച്ചുകള്‍, മുന്തിരിത്തോപ്പുകള്‍, പട്ടണങ്ങള്‍ എല്ലാം. ഓസ്ട്രേലിയയിലെ തന്നെ ഒരു പ്രധാന ആകര്‍ഷണകേന്ദ്രമാണ് അഡിലേയ്ഡിലെ 'ബറോസാ വാലി'. വിസ്തൃതമായ മുന്തിരിത്തോപ്പുകളാണ് അതിന്റെ സവിശേഷത. വളഞ്ഞും തിരിഞ്ഞും പോകുന്ന പൊതുനിരത്തുകളും, വീടുകളോ വലിയ മരങ്ങളോ ഇല്ലാതെ കണ്ണെത്താ ദൂരം വരെ പരന്നുകിടക്കുന്ന ഭൂപ്രദേശങ്ങളും ബറോസാ വാലിയുടെ ചാരുത വര്‍ദ്ധിപ്പിക്കുന്നു.

കങ്കാരുവിനെ അടുത്തു കാണുവാനാണ് അകലെയുള്ള ഒരു പാര്‍ക്കില്‍ ഞങ്ങള്‍ പോയത്. കങ്കാരുവിനെ ഞങ്ങള്‍ അടുത്തുകണ്ടു. അതിനെ തൊട്ടുനിന്ന് ഫോട്ടോ എടുത്തു; ഹന്നാ പോലും അതിനു തീറ്റ കൊടുത്തു, അടുത്തുള്ള കടയില്‍ നിന്നും കങ്കാരുവിന്റെ പടമുള്ള ഗിഫ്‌‌റ്റുകള്‍ വാങ്ങി, ഓസ്ട്രേലിയ്ന്‍ ഭക്ഷണം കഴിച്ചു, അങ്ങനെ കങ്കാരുവിന്റെ നാട്ടില്‍ കുറെ സമയം ഞങ്ങള്‍ കറങ്ങി നടന്നു. കങ്കാരുവിന്റെ കാലുകൊണ്ടു തട്ടിയാല്‍ കാറുപോലും മറിഞ്ഞുപോകുമത്രെ! അത്ര ബലിഷ്ഠമാണതിന്റെ കാലുകള്‍. പിന്‍കാലില്‍ ചാടിച്ചാടിയുള്ള നടത്തവും അതിന്റെ പ്രത്യേക രൂപവും കാരണം സത്യത്തില്‍ എനിക്കതിനോടു സഹതാപമാണ് തോന്നിയത്. ഓസ്ട്രേലിയയുടെ കോണ്ടേസ് വിമാനം മുതല്‍ എവിടെയും കങ്കാരുവിന്റെ പടം നമുക്കു കാണാം. സീബ്രാ ക്രോസിങ് എന്നു പറയുമ്പോലെ കങ്കാരു ക്രോസിങ് എന്ന് പാതവക്കില്‍ ബോര്‍ഡുണ്ട് എന്നു കേട്ടെങ്കിലും എന്റെ കണ്ണില്‍ അതു പെട്ടില്ല.

പൗരാണികതയൊന്നും അവകാശപ്പെടാന്‍ കഴിയില്ലെങ്കിലും ആദിവാസികള്‍ ഇപ്പോഴും അവിടെയുണ്ട്. 2000 വര്‍ഷം മുമ്പ് ഏഷ്യാമൈനറില്‍ നിന്നും കുടിയേറി പാര്‍ത്തവരാണവര്‍. പാശ്ചാത്യ സംസ്കാരത്തില്‍ ആകൃഷ്ടരായിട്ടുണ്ടെങ്കിലും ഗോത്രസ്വഭാവം കൈവിടാതെ കാടുകളില്‍ തന്നെ താമസിക്കുന്നവര്‍ ഇപ്പോഴും അവിടെയുണ്ട്. എങ്കിലും ഇപ്പോള്‍ അവര്‍ വംശഭീഷണി നേരിടുകയാണ്.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ അത്ഭുതപൂര്‍വമായ നേട്ടമാണ് ഓസ്ട്രേലിയ കൈവരിച്ചത്. വിദ്യാഭാസപരമായും തൊഴില്‍പരമായും അവര്‍ ഏറെ മുന്നിട്ടിട്ടുണ്ട്. ഖനികള്‍, ആടുമാടുകള്‍, കുതിരകള്‍ എന്നിവയാണ് സമ്പദ് വ്യവസ്ഥയുടെ കാതല്‍. 16 കോടിയിലധികം ചെമ്മരിയാടുകള്‍ അവിടെ ഉണ്ടെന്നാണ് കണക്ക്. യു.എസ് ഡോളറിനൊപ്പം തുല്യത പുലര്‍ത്താന്‍ ഓസ്ട്രേലിയന്‍ ഡോളറിനു കഴിയുന്നുവെങ്കിലും ഭക്ഷണസാധനങ്ങളുടെ വില അല്പം കൂടുതലാണ്. ഇന്ത്യന്‍ കടകളും ഇന്ത്യന്‍ ഭക്ഷണങ്ങളും അവിടെ സുലഭം.

നമ്മുടെ ശ്രദ്ധ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്നതു വൃത്തിയും സ്വസ്ഥതയുമുള്ള ജീവിത സാഹചര്യങ്ങളാണ്. പണത്തിനു വേണ്ടിയുള്ള പരക്കം പാച്ചിലുകള്‍ ഇല്ലാതെ ആഴ്ചയില്‍ 35 മണിക്കൂര്‍ ജോലിയും ബാക്കി സമയം സ്വസ്ഥമായി ചിലവഴിക്കാനുമാണ് അവര്‍ ശ്രമിക്കുന്നത്. സൗഹൃദ സമ്മേളനങ്ങള്‍ക്കും, കൂടിക്കാഴ്ചകള്‍ക്കും അവര്‍ സമയം കണ്ടെത്തുന്നുണ്ട്. മലയാളികളില്‍ മിക്കവരും മെഡിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്നവരാണ്. ഞങ്ങളുടെ മകന്‍ ഡോ. റ്റിറ്റോ തോമസും ഭാര്യ ആഷയും അവരുടെ കുഞ്ഞിനെ ആയമാരെ ഏല്പിക്കാതെ സമയം ക്രമീകരിച്ച് ജോലിയും ബേബി സിറ്റിങ്ങും നടത്തുന്നു. മനോഹരമായ പൂന്തോട്ടങ്ങളാല്‍ അലംകൃതമായ ഒറ്റനില കെട്ടിടങ്ങളാണ് എല്ലാ വീടുകളും. അവിടെ എന്നെ വളരെയധികം ആകര്‍ഷിച്ച ഒരു മരമുണ്ട്. വളരെ ഉയരത്തില്‍ ശിഖരങ്ങളില്ലാതെ വളരുന്ന ഒരു എവര്‍ഗ്രീന്‍ മരം. കസ്റ്റംസ് അനുവദിക്കുകയായിരുന്നെങ്കില്‍ അതിന്റെ ഒരു തൈ ഞാന്‍ കൊണ്ടുവരുമായിരുന്നു. പൂക്കളെയും, പഴങ്ങളെയും, പച്ചക്കറികളെയും ആക്രമിക്കുന്ന കീടങ്ങള്‍ ഒന്നും അവിടെയില്ല. അതുകൊണ്ടു തന്നെ അവിടെയെല്ലാം കീടനാശിനി വിമുക്തമാണ്. അന്യരാജ്യങ്ങളില്‍ നിന്നും, അന്യ സംസ്ഥാനങ്ങളില്‍ നിന്നുപോലും സാധനങ്ങള്‍ കൊണ്ടുവരുന്നതിന് പരിമിതികള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് ഈ സംരക്ഷണം ഉദ്ദേശിച്ചാണ്.

ഇരുപതു ദിവസത്തെ ഓസ്ട്രേലിയന്‍ വാസത്തിനു ശേഷം, ഞങ്ങള്‍ നഷ്ടപ്പെട്ട പതിമൂന്നു മണിക്കൂര്‍ വീണ്ടെടുത്തും, വീണ്ടെടുത്ത മൂന്നുമണിക്കൂര്‍ നഷ്ടപ്പെടുത്തിയും ഓഗസ്റ്റ് 22-ന് ന്യൂയോര്‍ക്കില്‍ തിരിച്ചെത്തി. യാത്രയുടെ സന്തോഷം ഓര്‍മ്മയില്‍ സൂക്ഷിക്കുമ്പോള്‍ ഹന്നായെ പിരിഞ്ഞതിന്റെ ദുഃഖം ബാക്കിയാകുന്നു.

ത്രേസിയാമ്മ തോമസ്‌


E-Mail: teresatom10@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.