പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കണ്ണീര്‍ കുടിക്കുന്ന മാതാപിതാക്കള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിസ്റ്റര്‍ മേരി ജയിന്‍ എസ്.ഡി.

മോഷണക്കുറ്റത്തിന് ശിക്ഷിച്ച ഒരു ജയില്‍പ്പുള്ളി. അവന്‍ രണ്ടു നേരവും പ്രാര്‍ത്ഥിച്ചിരുന്നു. ആ പ്രാര്‍ത്ഥന അവന്റെ അച്ഛന്‍ പഠിപ്പിച്ചു കൊടുത്തതാണ്. അതവന്‍ മറന്നില്ല. ഒരിക്കല്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍‍ ഞാന്‍ അവനോടു ചോദിച്ചു. ''രണ്ടു നേരവും പ്രാര്‍ത്ഥിക്കുന്ന നീയെന്തേ സ്ഥിരമായി മോഷണം നടത്തുന്നു?'' ''സിസ്റ്ററെ അതു വേറെ കാര്യം. പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ച പിതാവ് മോഷണം കുറ്റമാണെന്ന് പഠിപ്പിച്ചില്ലല്ലോ. എന്നെ കക്കാന്‍ പഠിപ്പിച്ചത് എന്റെ തന്ത തന്നെയാ ജയിലില്‍ കയറിയിട്ടില്ലെന്നേയുള്ളു’‘ പ്രസാദവും തേജസും സൗന്ദര്യവും വഴി കൂടുതല്‍ കുലീനമായി തീരേണ്ട കുഞ്ഞുങ്ങള്‍ വൃത്തിഹീനവും പൈശാചികവുമായ കാര്യങ്ങളിലേക്ക് തിരിയുന്നതില്‍ പ്രത്യക്ഷവും പരോക്ഷവുമായ പങ്ക് മാതാപിതാക്കള്‍ക്കു തന്നെയാണ്.

കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ക്ക് കുഞ്ഞുങ്ങളില്‍ ഓരോ മുദ്രയുണ്ടാക്കുന്നു. കുളത്തില്‍ കല്ലിട്ടാല്‍ കുളം നിറയെ തരംഗങ്ങളുണ്ടാകുന്നതുപോലെ ഓരോ ഉത്തേജനവും കുട്ടിയില്‍ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതൊക്കെ രേഖകളാണ്. ഒരിക്കലും മാഞ്ഞുപോകാത്തരേഖകള്‍. അതുകൊണ്ടു തന്നെ കുഞ്ഞുങ്ങളില്‍ നല്ല മുദ്രകള്‍ പതിപ്പിക്കാനുള്ള മുതിര്‍ന്നവരുടെ ഉത്തരവാദിത്വം വളരെ കൂടുതലാണ്. തെറ്റായ മൂല്യങ്ങളും മോശം കാര്യങ്ങളും മനസ്സില്‍ രേഖപ്പെടുത്തിയാല്‍ തെറ്റായ ദിശയിലേക്കു തന്നെ കുഞ്ഞുങ്ങള്‍ പോകുവാന്‍ സാധ്യതയുണ്ട്. ജീവിതകാലം മുഴുവന്‍ അതിന്റെ ഭവ്യഷിത്തും കൂടെയുണ്ടാകും.

മധ്യവയസ്ക്കനായ ഒരു പിതാവ് മദ്യപിക്കും. നല്ല പൂസായാല്‍ വായില്‍ നിന്ന് പോകുന്ന വാക്കുകള്‍ കേട്ടാല്‍ കേള്‍ക്കുന്നവരുടെ തല മര‍വിച്ചു പോകും. കുടിക്കാത്തപ്പോള്‍ ഇയാള്‍‍ മാന്യനാണ്. എന്തു കൊണ്ട് വയറു നിറയെ തെറി പറയുന്നു? അദ്ദേഹത്തിന്റെ പൂര്‍വ്വിക ചരിത്രം പരിശോധിച്ചപ്പോള്‍‍ മനസ്സിലായത് ഇങ്ങനെയാണ്. അദ്ദേഹത്തിന്റെ അപ്പച്ചന്‍ ഒരു റൗഡിയായിരുന്നു. ഭാര്യയുമായി ബന്ധപ്പെടുമ്പോഴെക്കെ അയാള്‍ ചീത്ത വാക്കുകളെ പറഞ്ഞിരുന്നുള്ളു. അപ്പനില്‍ നിന്ന് കൊച്ചുമോന്‍ ചീത്ത കേട്ടിട്ടില്ല. അതിനു മുമ്പേ അയാള്‍‍ മരിച്ചു. എന്നാല്‍ അപ്പനിലൂടെ ജനിതകമായി പ്രവേശിച്ച വൃത്തികേടുകളാണ് മധ്യാഹ്നത്തില്‍ മദ്യം അകത്ത് ചെല്ലുമ്പോള്‍ മകന്‍ പറഞ്ഞുകൊണ്ടിക്കുന്നത്.

മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് കളിക്കോപ്പുകള്‍ കൊടുത്ത് അവരെ സന്തോഷിപ്പിക്കുന്നു. അവരുടെ സന്തോഷത്തിന് കളിക്കാന്‍ തോക്കും റിവോള്‍വരും കൊടുക്കുന്നു. അത്തരം ശക്തികളെ എതിര്‍ക്കുകയും ബാന്‍ ചെയ്യുകയും ചെയേണ്ടവര്‍ തന്നെ വാങ്ങിക്കൊടുക്കുന്നു. മറ്റുള്ളവരുടെ നേര്‍ക്ക് നിറയൊഴിക്കാനുള്ള മുന്‍ തയ്യാറെടുപ്പുകള്‍ തന്നെ ഈ തോക്കുകള്‍ . എന്തൊരജ്ഞത ! രക്തദാഹമുണ്ടാക്കുന്ന ഇത്തരം‍ ആയുധങ്ങളും കളികളും വീട്ടിലോ സ്കൂളിലോ അനുവദിച്ചു കൂടാത്തതാണ്. കാരണം അത് കുഞ്ഞിന്റെ മാനസികാവസ്ഥയില്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. കുത്താനും വെട്ടാനും കൊല്ലാനും മടിയില്ലാത്ത ബീഭത്സ ജന്തുക്കളായി മനുഷ്യന്‍ മാറുന്നു. കഴിഞ്ഞ മെയ് 9 ആം തീയതിയിലെ പത്രവാര്‍ത്ത എല്ലാവരും കണ്ടു കാണും. ആ സ്കൂള്‍ വിദ്യാര്‍ത്ഥി ഒരു വര്‍ഷം മുമ്പു മുതല്‍ കൊണ്ടു നടന്ന പക തീര്‍ത്തത് സുഹൃത്തിന്റെ നേര്‍ക്ക്. കരിങ്കല്‍ ചീളുകൊണ്ട് കുത്തിയും വെട്ടിയും ചതച്ചും കൊന്നു. ഒരു സിനിമ കണ്ടതൊന്നുമല്ല ഈ ദുഷ്ടതയ്ക്കു പിന്നില്‍. വിവേകരഹിതമായ സ്നേഹം ഒരു പാട് കഷ്ടതകള്‍ ഉണ്ടാക്കുന്നുണ്ട്.

മാതാപിതാക്കളും മക്കളും ഒരു പോലെ അനുസരിക്കേണ്ട നിയമങ്ങളുണ്ട്. അത് പഠിപ്പിക്കാനും കഴിയാതെ പോകുന്നതാണ് കാരണം.

കുട്ടികള്‍ തങ്ങള്‍ക്ക് തോന്നുന്നത്പോലെ നടന്നാല്‍ നനമ തിന്മകള്‍ എന്തെന്ന് തിരിച്ചറിയാതെ പോകും. മാതാപിതാക്കള്‍ തങ്ങളുടെ ബലഹീനതകളുടെ വേരുകള്‍ പിഴുതെറിയേണ്ടതുണ്ട്. ഒരിക്കല്‍ ഒരു വീട്ടില്‍ ചെന്നപ്പോള്‍‍ അഞ്ചുവയസായ ഒരാണ്‍കുട്ടി വക്രിച്ച് പ്രത്യേകമായ ഗോഷ്ഠി എന്റെ നേര്‍ക്കു കാട്ടി . ഈ കുഞ്ഞിനെന്തു പറ്റി? ഞാന്‍ ചോദിച്ചു. ഇപ്പോഴത്തെ അവന്റെ ഒരു തമാശയാ ഇവനെ ചിരിപ്പിക്കാന്‍ വേണ്ടി പപ്പാ കാണിച്ചു കൊടുത്ത ഒരു കോക്രിയാ. അമ്മ പറഞ്ഞു.

കുട്ടികള്‍ എത്രവേഗമാണ് മുതിര്‍ന്നവരെ അനുകരിക്കുക. ഇത്തരത്തില്‍ വികൃതമായ ഗോഷ്ഠികള്‍ കാട്ടിവേണോ കുഞ്ഞുങ്ങളെ രസിപ്പിക്കാന്‍?

മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നതെന്തും വിദ്യാഭ്യാസമാണ്. എന്തും എന്നതില്‍ അമ്മയുടെ ശ്വാസം പോലും ഉള്‍പ്പെടും. അമ്മയുടെ ശ്വാസതാളത്തിന്റെ ഏറ്റക്കുറച്ചിലും താളഭംഗങ്ങളും കുഞ്ഞ് മനസിലാക്കും. ഈ ലോകത്തിന് അതീതമായ സ്വര്‍ഗീയ ശക്തികളെ കുറിച്ചും കുഞ്ഞുങ്ങള്‍ക്ക് അറിയാം. ഈ പരമാര്‍ത്ഥത്തെ മാതാപിതാക്കള്‍ നിരാകരിക്കുന്നതും പരിമിതപ്പെടുത്തുന്നതും കുട്ടികളെ മോശമാക്കുന്നു. ഉന്നതമായ ലക്ഷ്യത്തിലേക്ക് കുഞ്ഞുങ്ങളെ എത്തിക്കേണ്ട ആത്മീയാധികാ‍രികളായ മാതാപിതാക്കളുടെ ആത്മീയ പാപ്പരത്തമല്ലേ യാതൊരു മൂല്യബോധമില്ലാത്ത കുട്ടികളുടെ വര്‍ദ്ധനവിനു കാരണം?

ജോലി കഴിഞ്ഞ് മൂന്നരമണിക്ക് വീട്ടില്‍ വരുന്ന അമ്മ സീരിയലുകളുടെ മുമ്പില്‍ ഏഴുമണി വരെ ഇരിക്കുകയും കുട്ടികളെ അവിടുന്ന് ഓടിച്ച് വിടുകയും ചെയ്യുന്നു. ഇത്തരം അമ്മമാര്‍ എങ്ങനെ കുട്ടികള്‍ക്ക് മാതൃകയാകും? കുട്ടികള്‍ അമ്മയുടെ ശത്രുക്കളാകുന്നു. ധിഷണയും പ്രായോഗിക ജ്ഞാനവും അനുഭവത്തിലൂടെ ആര്‍ജ്ജ്ജിക്കുന്നത് ഭാവി ജീവിതയാഥാര്‍ത്ഥ്യങ്ങളെ നേരിടാന്‍ ഉപകരിക്കണം. അതിനുള്ള ഒരുക്കം ഇത്തരത്തിലായാലോ? ഭാവിയില്‍ മാതാപിതാക്കള്‍ കണ്ണീരു കുടിക്കേണ്ടി വരുമെന്നു തീര്‍ച്ച.

കടപ്പാട് - സമയം

സിസ്റ്റര്‍ മേരി ജയിന്‍ എസ്.ഡി.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.