പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

മധ്യവർഗവത്‌ക്കരണം ജീവിതത്തിലും എഴുത്തിലും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ. ജി. ശങ്കരപ്പിളള

നഗരവത്‌ക്കരണം കൊണ്ട്‌ വികസനം സാധ്യമാകുന്നു എന്ന്‌ വിചാരിക്കുന്നത്‌ Convenience-ന്റെ തലത്തിൽ മാത്രമാണ്‌. എന്നാൽ മനുഷ്യത്വത്തിന്റെ തലത്തിൽ, ഏതാണ്ട്‌ യൂക്കാലിപ്‌റ്റ്‌സ്‌ വൃക്ഷം കൊണ്ടുവന്നു നടുന്നതുപോലെയാണ്‌ ഇത്‌ പ്രവർത്തിക്കുന്നത്‌. എല്ലാ ആർദ്രതകളെയും അവ വലിച്ചെടുക്കും. ഒടുവിൽ വിണ്ടുവിണ്ടു പോകുന്ന സ്ഥലങ്ങളെപ്പോലെ മനസ്‌ മാറും. നഗരവത്‌ക്കരണത്തിൽ Convenience ഉണ്ടാകുകയും ശാപങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുക എന്നത്‌ വെറുമൊരു സ്വപ്‌നം മാത്രമാണ്‌. ഇത്തരം വരൾച്ചയ്‌ക്കൊപ്പം പോകുന്ന ഒരു സംഗതിയായി കവിത&എഴുത്ത്‌ മാറിയിട്ടിട്ടുണ്ട്‌ എന്നതാണ്‌ സത്യം.

പൊതുവെ എഴുത്തിന്റെ മേഖലയിൽ ഇന്നുവരെ ഉണ്ടായിരുന്നത്‌ വ്യാപകമായ പ്രതിരോധത്തിന്റെ രീതികളാണ്‌. ഇന്നുവരെ ജീവിച്ചിരിക്കുകയും മറഞ്ഞുപോകുകയും ചെയ്‌ത എഴുത്തുകാർക്കെല്ലാം നാം പ്രതിരോധസജ്ജരായിരിക്കേണ്ടതുണ്ട്‌ എന്ന ബോധം ഉണ്ടായിരുന്നു. എന്നാൽ ഏറ്റവും പുതുതലമുറയ്‌ക്ക്‌ അത്ര തീഷ്ണമായ ജാഗ്രത ഉണ്ടെന്ന്‌ പറഞ്ഞുകൂടാ. അതിന്‌ ഒരു കാരണം നിലനിൽക്കുന്ന രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളോട്‌ മൊത്തത്തിൽ ഇവർക്ക്‌ ഒരു അകലം ഉണ്ട്‌ എന്നതാണ്‌. അതായത്‌ സർഗാത്‌മകതയുളള പുതിയ വ്യക്തിത്വങ്ങൾക്ക്‌ ഈ പ്രസ്ഥാനങ്ങളോട്‌ കയ്പും വിമർശനവും ഉണ്ട്‌. പിന്നെ മറ്റ്‌ പ്രതിരോധ പ്രസ്‌ഥാനങ്ങളുടെ കാര്യത്തിലാണെങ്കിൽ അവ വിവിധസമരമുഖങ്ങളായി മാറി. ആർക്കും അവിടെ അനുഭാവിയായി മാത്രം നിൽക്കുവാൻ കഴിയില്ല. മറിച്ച്‌ ആക്‌ടീവിസത്തിന്റെ ഭാഗം മാത്രമായി നിൽക്കുവാനെ കഴിയൂ. ഫെമിനിസം, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങൾ ചില ഗ്രൂപ്പുകളുടെ മാത്രം സമരായുധങ്ങളായി മാറി. ഇതൊക്കെ പുതുതലമുറയുടെ ജാഗ്രതയെ കുറച്ചു എന്നുവേണം കരുതാൻ.

മുൻകാലങ്ങളിലൊക്കെ എഴുത്തുകാർക്കൊക്കെയും രാഷ്‌ട്രീയ പ്രസ്ഥാനങ്ങളോട്‌ ശക്തമായ ബന്ധമുണ്ടായിരുന്നു. മുൻപ്‌ പറഞ്ഞതുപോലെ, ഇന്നത്തെ മികച്ച എഴുത്തുകാർക്ക്‌ ഒരു രാഷ്‌ട്രീ യകക്ഷിയോടും ലയമില്ല. ഇത്‌ എഴുത്തുകാരന്റെ കുഴപ്പമല്ല. മറിച്ച്‌ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങൾക്ക്‌ ഇവരുടെ സർഗാത്‌മകത ഉൾക്കൊളളാൻ കഴിയുന്നില്ല എന്നതാണ്‌ പ്രശ്‌നം. സമകാലിക യാഥാർത്ഥ്യത്തെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടാക്കുവാൻ മാത്രമാണ്‌ രാഷ്‌ട്രീയ പാർട്ടികൾക്ക്‌ കഴിയുന്നത്‌. മറിച്ച്‌ സമകാലിക യാഥാർത്ഥ്യത്തിന്റെ അഗാധസങ്കീർണ്ണതകളെ കണ്ടെത്തുന്നതിനും, അപഗ്രഥിക്കുന്നതിനും അതിന്റെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം നിർദ്ദേശിക്കുന്നതിനും രാഷ്‌ട്രീയപാർട്ടികൾക്ക്‌ സാധിക്കുന്നില്ല. പാർട്ടിയുടെ സർഗാത്‌മകത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന്‌ പറയുന്നതുപോലെ, നമ്മളയൊക്കെ ആവരണം ചെയ്യുന്ന സാമൂഹികമായ ജൈവമണ്ഡലത്തിന്‌ വലിയ ചോർച്ച ഉണ്ടായിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ ഞാൻ എന്ന പുതിയ വ്യക്തിയിലേക്ക്‌ ഇന്നത്തെ പുതിയ എഴുത്തുകാർ ചിതറിപ്പോയിട്ടുണ്ട്‌. ഇന്ന്‌ ഓരോരുത്തരും ഓരോ പ്രസ്ഥാനമായി മാറിയെന്നു പറയാം. ഒരു പ്രസ്ഥാനമെന്നാൽ, അതിനുളളിൽ സാമൂഹികമായ ചില പ്രവണതകൾ ഉണ്ടാ കണം, ചില പ്രശ്‌നബോധങ്ങൾ വേണം, അതിനുവേണ്ടിയുളള ഒന്നിക്കലുണ്ടാകണം, അന്വേഷിക്കലിന്റേതായ ഐക്യം ഉണ്ടാകണം, വിവാദ-സംവാദത്തിന്റെതായ ചലനാത്‌മകതയും ഉണ്ടാകണം. പക്ഷെ ഇപ്പോഴുളളത്‌ ഇതിൽ നിന്നും വ്യത്യസ്തമായ്‌ ഒറ്റയ്‌ക്കൊറ്റയ്‌ക്ക്‌ മാറി നിൽക്കലുകളാണ്‌.

ഇവിടെ നാം നക്സൽ മൂവ്‌മെന്റുകളെക്കുറിച്ച്‌ ചർച്ച ചെയ്യുന്നത്‌ ഉചിതമായിരിക്കും. അടിച്ചമർത്തപ്പെട്ട ഒരു പ്രസ്‌ഥാനമായിരുന്നു അത്‌. വളരെ ഒരു റൊമാന്റിക്കായ പ്രസ്ഥാനം. അത്‌ ഇന്ത്യൻ യാഥാർത്ഥ്യത്തെ മുഴുവനായി തിരിച്ചറിഞ്ഞു എന്നു പറഞ്ഞുകൂടാ. വളരെയധികം ചൈനയോട്‌ ചാഞ്ഞുനിൽക്കുകയും ഇറക്കുമതി ചെയ്യപ്പെട്ട പോലെയുളള ചില മുദ്രാവാക്യങ്ങളും മറ്റും വച്ചു കൊണ്ടുമാണ്‌ അത്‌ പ്രവർത്തിച്ചത്‌. ഇന്ത്യയിൽ നിലവിലുണ്ടായി രുന്ന കമ്യൂണിസ്‌റ്റ്‌ പാർട്ടികളോടുളള വിമർശനാത്മകമായ നിഷേധം എന്നത്‌ വളരെ തീഷ്ണമായിരുന്നു. അതോടൊപ്പം കോൺഗ്രസിൽ നിന്നും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ എല്ലാ സംഘടിത രൂപങ്ങളിൽ നിന്നും പ്രത്യാശ നഷ്ടപ്പെട്ട ഒരു തലമുറയ്‌ക്ക്‌ എത്തിച്ചേരാൻ പറ്റിയ ഒരു സ്‌പേസ്‌ നക്സൽ മൂവ്‌മെന്റിന്‌ ഉണ്ടായിരുന്നു. അഗാധവും രൂക്ഷവുമായ ഒരു വിയോജിപ്പിന്റെ സ്‌പേസ്‌ ആയിരുന്നു അത്‌. അതൊരിക്കലും തെറ്റായിരുന്നെന്ന്‌ തോന്നുന്നില്ല. ആ കാലഘട്ടത്തിന്റെ ഭാഷയും മനസും അതായിരുന്നു. ഇന്നാകട്ടെ കേരളത്തിൽ പത്തുമുപ്പത്‌ ചെറുകഷ്ണങ്ങളായി നക്സൽ മൂവ്‌മെന്റ്‌ ചിതറിപ്പോയി. എല്ലാ പൊതു സമൂഹത്തിലും അവരുടെ സാന്നിധ്യമോ സാമിപ്യമോ ഇല്ലാതായി. അവരിന്ന്‌ ഫ്രണ്ട്‌പേജിലെ ലീ​‍്‌ഡ്‌ വാർത്തയിൽ നിന്നും ഉൾപ്പേജിലെ സിംഗിൾകോളം വാർത്ത യായി ഒതുങ്ങി. യഥാർത്ഥത്തിൽ നക്സൽ മൂവ്‌മെന്റ്‌ ആരംഭിക്കുന്ന 68-69 കാലഘട്ടത്തിൽ ഉണ്ടായിരുന്നതിനേക്കാളുമധികം നൈരാശ്യം, പൊതു അസംതൃപ്തി, ജീവിതം എറിഞ്ഞുടയ്‌ക്കാൻ തോന്നുന്ന തരത്തിലുളള ആത്മഹത്യാ സന്നദ്ധത എന്നിവയൊക്കെയുളള കൂടുതൽ വിസ്‌ഫോടകമായ ആന്തരികജീവിതം നിലനിൽക്കുന്ന ഒരു കാലത്താണ്‌ നാം ജീവിക്കുന്നത്‌. ഇത്‌ കൂടുതൽ നിസ്സഹായതയും അസ്ഥിരതയും ഉളള സമയമാണ്‌. ജുഡീഷ്യറി മുതൽ പഞ്ചായത്ത്‌ ആപ്പീസുവരെയുളള സകലയിടത്തും അഴിമതി നിലനിൽക്കുന്ന കാലമാണിത്‌. പ്രൈം മിനിസ്‌റ്റർ, ചീഫ്‌മിനിസ്‌റ്റർ, ഗവർണർ, പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങളിലും അഴിമതിയുടെ ചലനങ്ങൾ നാം കണ്ടിട്ടുണ്ട്‌.

അതിനുമപ്പുറത്തേക്ക്‌ കറപ്‌ഷൻ എന്നത്‌ പുതിയ തലങ്ങളിലേക്ക്‌ കടന്നുവരുന്നു. മനുഷ്യനും മനുഷ്യനും തമ്മിലുളള ബന്ധത്തിൽ പുതിയ തരം അവിശ്വാസത്തിന്റെയും സ്‌ട്രാറ്റജികളുടേയും രീതികളിലുളള കറപ്‌ഷൻസ്‌ വരുന്നുണ്ട്‌. പ്രണയത്തിൽ, ഭാര്യാ ഭർതൃബന്ധത്തിൽ, സഹോദരരിൽ, മാതാപിതാക്കളിൽ, മക്കളിലൊക്കെയും നാം ഇന്നുവരെ ഒരിക്കലും കണ്ടിട്ടില്ലാത്ത മാനങ്ങളിലേക്ക്‌ കറപ്‌ഷൻസ്‌ വളർന്നുകഴിഞ്ഞിരിക്കുന്നു. നക്സലൈറ്റ്‌ മൂവ്‌മെന്റ്‌ ആവിർഭവിച്ച കാലത്ത്‌ ഉണ്ടായിരുന്നതിനേക്കാൾ വികലവും, ദുഃഖകരവുമായ അവസ്ഥയിലേക്ക്‌ സമൂഹം വീണുപോയി എന്നതാണതിന്റെ അർത്ഥം. എന്നാൽ ഇത്തരമുളള അനുഭവ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട്‌, അതിനെ ഒരു പ്രത്യയശാസ്‌ത്ര സംഹിതയായോ, ഒരു പ്രസ്‌ഥാനരൂപമായോ ഏകോപിപ്പിക്കാനോ, വിന്യസിക്കാനോ, ആവിഷ്‌ക്കരിക്കാനോ കഴിയുന്ന ഒരു സോഷ്യൽ എനർജിയെ ഇക്കാലത്തിന്‌ സൃഷ്ടിക്കാനായിട്ടില്ല.

നമ്മൾ കേരളീയർ അതിവേഗ മധ്യവർഗവത്‌ക്കരണമെന്ന ഒരു സാമൂഹിക പ്രക്രിയയിലൂടെ കടന്നുപോകുന്ന ജനതയാണ്‌. ഇതിന്റെ വേഗത തമിഴ്‌നാട്ടിൽ കുറവാണ്‌. ബംഗാളിൽ ഇത്‌ തമിഴ്‌നാടിനേക്കാൾ കൂടുതലും കേരളത്തേക്കാൾ കുറവുമാണ്‌. ഈ രീതിയിൽ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ സോഷ്യൽ പ്രോസസ്‌ മധ്യവർഗവത്‌ക്കരണമാണ്‌. മധ്യവർഗവത്‌ക്കരണത്തിന്‌ ഒരു പാട്‌ തരത്തിലുളള ആത്മബോധ ഗുണങ്ങൾ ഉണ്ട്‌. ആശയപരമായ സൂക്ഷ്‌മതയും അത്‌ നിലനിർത്തുന്നുണ്ട്‌. പക്ഷെ ഭൗതിക അധ്വാനത്തിൽ നിന്നും നമ്മെ പിൻതളളുന്ന പല ഘടകങ്ങളും ഇവിടെയുണ്ട്‌. ഈ പിൻതളളലിന്റെ ഭാഗമായി നാം ജാതിസ്വത്വത്തിലേക്ക്‌ തിരിഞ്ഞ്‌, വർഗീയതപോലെയുളള ഒരുപാട്‌ നിഷേധാത്‌മകതയുമായി കെട്ടുപിണഞ്ഞ്‌ ചരിത്രത്തെ പുറകോട്ടടിക്കുകയാണ്‌. വീടിനുളളിൽ നോക്കിക്കഴിഞ്ഞാൽ സുഖകരമായ ജീവിതത്തിന്റെ സുഖകരമായ അടയാളങ്ങൾ ഉണ്ടാകുമെങ്കിലും മനസ്‌ പ്രാകൃതവും വിഷം ബാധിച്ചതുമായിരിക്കും. കഴിഞ്ഞ അൻപതുകൊല്ലം കൊണ്ട്‌ മധ്യവർഗവത്‌ക്കരണം എത്രകൂടിയോ അത്രയും നമ്മുടെ സമൂഹം ഹിംസവത്‌ക്കരിക്കപ്പെട്ടു.

ആത്‌മഹത്യ പെരുകുന്നത്‌ അവനവനോടുളള വയലൻസുകൊണ്ടാണ്‌. കൂട്ട ആത്‌മഹത്യകൾ എന്ന കൂട്ടക്കൊലകൾ നമുക്ക്‌ നൽകിയത്‌ മിഡിൽക്ലാസ്‌ ജീവിതമാണ്‌. ലോൺ അടക്കമുളള ഒരുപാട്‌ പ്രലോഭനങ്ങൾക്ക്‌ നാം വിധേയരാകുകയാണിവിടെ. ഇങ്ങനെ കൊലചെയ്യാനുളള സന്നദ്ധതയ്‌ക്ക്‌ ഇരയായിത്തീരുകയും സ്വയം കൊല്ലുകയും ചെയ്യുന്ന ദുരന്തത്തിന്റെ തന്നെ അനവധി മാനങ്ങൾ ഉൾക്കൊളളുന്ന ഒരു സങ്കീർണ പ്രതിഭാസമായിട്ട്‌ കേരളീയ ജീവിതസ്വത്വം സമകാലിക ജീ വിതത്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത്‌ മധ്യവർഗവത്‌ക്കരണത്തോട്‌ ചേർന്നു നിൽക്കുന്ന ആധുനികവത്‌ക്കരണത്തിന്‌ മലയാളി കൊടുക്കുന്ന വിലയാണ്‌. ഇങ്ങനെ ആത്‌മാഹൂതിയിലൂടെ ആധുനികതയിലേക്ക്‌ എന്ന മട്ടിലാണ്‌ മലയാളിയുടെ ജീവിതം. മലയാളിയുടെ സാമൂഹ്യജീവിതവും സാംസ്‌കാരിക ജീവിതവും ഇത്തരത്തിൽ തന്നെയാണ്‌. മലയാളിയുടെ രാഷ്‌ട്രീയ ജീവിതം അതിന്റെ റവല്യൂഷണറി ഐഡിയകളെ മുഴുവൻ ആത്‌മാഹൂതിയിലേക്ക്‌ തളളിവിടുന്നുണ്ട്‌. വയനാട്ടിലെ കർഷകർ ആത്‌മഹത്യ ചെയ്യുന്നത്‌ പോലെയാണ്‌ കുട്ടനാട്ടിൽ കമ്യൂണിസ്‌റ്റുകാരൻ ആർ.എസ്‌. എസ്‌. ആകുന്നത്‌. കമ്യൂണിസ്‌റ്റ്‌ പാർട്ടി വിപ്ലവം വിസ്‌മരിക്കുന്നത്‌ ഒരു ആത്‌മാഹൂതിയാണ്‌. ഓരോ മനുഷ്യനെ, പ്രസ്‌ഥാനങ്ങളെ നോക്കിയാലും അവരൊക്കെ ജീവിച്ചിരിക്കുന്നതായി തോന്നും. പക്ഷേ അവരെല്ലാം പ്രേതങ്ങളാണ്‌. എന്നേ ആത്മഹത്യ ചെയ്തവർ. മധ്യവർഗജീവിതം മതത്തെ വർഗീയതയിലേക്ക്‌ വീഴ്‌ത്തും. പ്രേമത്തെ കാമത്തിലേക്ക്‌ വീഴ്‌ത്തും. മൂല്യത്തെ ലാഭത്തിലേക്ക്‌ വീഴ്‌ത്തും. മൾട്ടി ഡയമെൻഷനിലുളള പതനങ്ങളുടെ ആകെ തുകയാണ്‌ മധ്യവർഗവത്‌ക്കരണം കൊണ്ടുവരുന്നത്‌.

ഇന്ന്‌ മലയാളി ഏറ്റവും കൂടുതൽ കൺസ്യൂം ചെയ്യുന്നത്‌ ഇമേജിനെയാണ്‌. അതായത്‌ ബിംബ ങ്ങളുടെ ഉപഭോഗമാണ്‌ മലയാളി ഏറ്റവും കൂടുതൽ നടത്തുന്നത്‌. അത്‌ രാഷ്‌ട്രീയ നേതാവിന്റെയോ സിനിമാതാരത്തിന്റെയോ ആകാം. അത്തരമൊരു ഇമേജാകാനുളള ആർത്തിയാണ്‌ എഴുത്തിന്റെ തലത്തിലും നടക്കുന്നത്‌. പത്തുപേരെ ചീത്തവിളിച്ചാലും താനൊരു ഇമേജായി തീർന്നാൽ മതിയെന്ന്‌ ഭൂരിപക്ഷം എഴുത്തുകാരും ആഗ്രഹിക്കുന്നു. ഇത്‌ സാംസ്‌കാരികമായ ആത്മഹത്യയാണ്‌. അല്ലാതെ ഇമേജ്‌ ഒരിക്കലും സ്വത്വത്തിന്റെ ലയപ്പെടലല്ല.

ഭൂതവും ഭാവിയും നഷ്ടപ്പെട്ട്‌ മലയാളി ഇന്ന്‌ അനാഥവും അനന്തവുമായ ഒരു വർത്തമാനത്തി ലാണ്‌ ജീവിക്കുന്നത്‌. നാളെയെന്ന സ്വപ്‌നം നമുക്ക്‌ ഇല്ലാതായിരിക്കുന്നു. തകഴി, ചങ്ങമ്പുഴ, വൈലോപ്പിളളി, ഇടശ്ശേരി എന്നിവരുടെ കാലത്തൊക്കെ നാളെ എന്ന ചിന്ത ഉണ്ടായിരുന്നു. “ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ. പതിതരേ നിങ്ങൾ തൻ പിൻമുറക്കാർ” എന്ന്‌ പാടിയിരുന്നിടത്ത്‌, പിൻമുറക്കാർ എന്ന വാക്ക്‌ ഇന്ന്‌ കാണുവാൻ കഴിയില്ല. നമ്മുടെ മുൻ തലമുറ ഭാവിയിലേക്ക്‌ നീണ്ടുപോകുന്ന വർത്തമാനകാലത്താണ്‌ എഴുതിയിരുന്നത്‌. അത്‌ ഒരു യാഥാർത്ഥ്യത്തിന്റെ ഉളളിലിരുന്ന്‌ എഴുതിയതുകൊണ്ടാണ്‌ സാധ്യമായത്‌. ആ യാഥാർത്ഥ്യം നമുക്ക്‌ നഷ്ടപ്പെട്ടുപോകുകയും നമ്മൾ കാലപരമായി പുതിയ മിഥ്യാവിസ്‌തൃതിയിൽ എത്തിച്ചേരുകയുമാണ്‌ ചെയ്‌തത്‌. സ്വപ്നങ്ങളൊക്കെയും നഷ്ടപ്പെട്ട്‌ ഇന്നിനെക്കുറിച്ചു മാത്രമുളള ഉത്‌കണ്‌ഠകളിലും ആധികളിലൂടെയുമാണ്‌ മലയാള എഴുത്തുകാരനും മലയാളി ജീവിതവും മുന്നോട്ടു പോകുന്നത്‌.

കെ. ജി. ശങ്കരപ്പിളള




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.