പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

വക്കീലന്മാര്‍ കഥ പറയുമ്പോള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഡ്വ. എം.കെ. ശശീന്ദ്രന്‍

വക്കീലന്മാരുടെ സാഹിത്യത്തിലെ സക്രിയ സാന്നിധ്യം കേരളത്തിന്റെ സവിശേഷതകളിലൊന്നാണ്. മലയാള സാഹിത്യത്തിലെ ലക്ഷണമൊത്ത ആദ്യ സാ‍മൂഹ്യ നോവല്‍ പിറന്നു വീണത് ഒയ്യാരത്ത് ചന്തുമേനോന്‍ എന്ന സബ്ബ് ജഡ്ജിയുടെ തൂലികയില്‍ നിന്നാണല്ലോ. കേരള സാഹിത്യ ചരിത്രം എഴുതി തയ്യാറാക്കിയതാകട്ടെ പണ്ഡിതനും കവിശ്രേഷ്ഠനുമായ ഉള്ളൂര്‍ എസ്. പരമേശ്വരന്‍ അയ്യര്‍. സര്‍ദാര്‍ കെ. എം പണിക്കര്‍, സാഹിത്യ പഞ്ചാനനന്‍ പി. കെ നാരായണപിള്ള , ഇ വി. കൃഷ്ണപിള്ള, സി. ജെ തോമസ് , തകഴി ശിവശങ്കരപിള്ള , മലയാറ്റൂര്‍ രാമകൃഷ്ണന്‍, സി. വി ശ്രീരാമന്‍, ഇ. എം കോവൂര്‍ , എം. എന്‍ ഗോവിന്ദന്‍ നായര്‍, കെടാമംഗലം പാപ്പുക്കുട്ടി, അയ്പ്പ് പാറമേല്‍ തുടങ്ങി എത്രയോ ഉന്നതശീര്‍ഷര്‍ കയ്യടക്കിയ മേഖലയായിരുന്നു നമ്മുടെ സാഹിത്യം. ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ തുടങ്ങിയ പ്രമുഖര്‍ വേറേയും. ഇവരെല്ലാം നിയമ കുടുംബത്തിലെ പൂര്‍വസൂരികളായിരുന്നു. നിയമലോകത്തു നിന്നും സാഹിത്യ ലോകത്തെത്തി യശോധാവള്യത്തോടെ മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ഒരു പറ്റം ചെറുകഥാകൃത്തുക്കളുടെ കഥകള്‍ ഇവിടെ ഒരു കുടക്കീഴില്‍ അണി നിരത്തുകയാണ്. . ജ്ഞാനപീഠ പുരസ്ക്കാരം നേടിയ തകഴി തൊട്ട് ഗണനീയരായ പന്ത്രണ്ടു ചെറു കഥാകൃത്തുക്കളാണ് ഇതില്‍ സമ്മേളിച്ചിരിക്കുന്നത്. മലയാള ഗദ്യ സാഹിത്യത്തിന്റെ പ്രത്യേകിച്ച് കഥാ - നോവല്‍ സാഹിത്യത്തിന്റെ വളര്‍ച്ചയില്‍ നിയമലോകത്തിന്റെ സംഭാവന പ്രത്യേക പഠനത്തിന് വിധേയമാക്കേണ്ടതാണ്. സാഹിത്യ രചനക്ക് കുലം , ഗോത്രം, തുടങ്ങിയവ നിയാമക ഘടകങ്ങളല്ല. എന്നിരുന്നാലും ഒരന്വേഷണം എപ്പോഴും നവംനവങ്ങളായ ഉണര്‍വിന് കളമൊരുക്കും.

തകഴി ശിവശങ്കരപിള്ള , മലയാറ്റൂര്‍ രാമകൃഷ്ണന്‍, സി വി ശ്രീരാമന്‍ , ടി. പത്മനാഭന്‍ തുടങ്ങിയ കഥാരചനയിലെ കുലപതികളോടൊപ്പം അഭിഭാഷക കഥാകൃത്തുക്കളായ ചന്ദ്രശേഖര്‍ നാരായണന്‍, ബി സുരേഷ് , അഡ്വ. പാറേമ്മാന്‍ ജിജാ ജയിംസ് മാത്യു കണ്ടത്തില്‍ , മേതില്‍ വേണു ഗോപാലന്‍, അഡ്വ. ഷാജി, ഹരിപ്പാട് അബ്ദുള്‍ ലത്തീഫ് വി. പി രമേശന്‍ എന്നിവരുടെ കഥകളും ചേര്‍ത്തു വായിക്കുന്നതിനൊരു അവസരമാണ് ഇവിടെ ഒരുങ്ങുന്നത്. പഴയ കഥാരചന സമ്പ്രദായവും , പുതിയ കഥയുടെ ആവിഷ്കരണ തന്ത്രവും , അര നൂറ്റാണ്ടിനുമുമ്പുള്ള കേരളീയ സാമൂഹിക ജീവിതവും ഇന്നത്തെ ഹൈടെക് ജീവിതവും എല്ലാം ഒത്തു ചേരുമ്പോള്‍ കഴിഞ്ഞ നൂറ്റാണ്ടിലെ സാമൂഹ്യ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളായി. തിരെഞ്ഞെടുത്ത വക്കീല്‍ക്കവിതകള്‍ എന്ന കവിതാ സമാഹാരം കഴിഞ്ഞയാണ്ടില്‍ പ്രസിദ്ധീകരിക്കുകയുണ്ടായിട്ടുണ്ട്. ആ കൃതിക്ക് സഹൃദയ ലോകത്തു നിന്നും ലഭിച്ച സ്വീകരണമാണ് ഇപ്പോള്‍ തെരെഞ്ഞെടുത്ത വക്കീല്‍ കഥകള്‍ എന്ന സമാഹാരം പിറവിയെടുക്കുന്നതിന് പ്രേരണയായത്.

ഇതിലെ കഥകളില്‍ ചിലതെല്ലാം നമ്മുടെ സാഹിത്യ നിരൂപകര്‍ പല കുറി വിമര്‍ശനത്തിനും ആസ്വാദനത്തിനും വിധേയമാക്കിയിട്ടുള്ളതാണ്. കട്ടവനെ കിട്ടിയില്ലെങ്കില്‍ കണ്ടവനെപിടി കൂടുക എന്ന ലളിത വാക്യത്തിന്റെ പൂരണമാണ് ആലപ്പുഴ കോടതിയും പോലീസ് സ്റ്റേഷനും പശ്ചാത്തലമാക്കി തകഴി രചിച്ച ‘ നിയമവും നീതിയും’ എന്ന കഥ. നിയമനിര്‍വ്വഹണത്തിണ്ടേയും നീതി നിര്‍വഹണത്തിന്റേയും ഇടയില്‍ കിടന്ന് ഞെരിഞ്ഞമര്‍ന്ന് സ്വത്വം നഷ്ടപ്പെട്ടു പോകുന്ന മനുഷ്യന്റെ അതി ദയനീയാവസ്ഥ സഹജാവബോധത്തോടെ തകഴി മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. കണ്ണീരിന്റേയും വിയര്‍പ്പിന്റേയും ഉപ്പുരസമുള്ള കഥ ഭരണവര്‍ഗ്ഗത്തിന്റെ ഉരുക്കു മുഷ്ടിയും , ക്രൗര്യവും ഭീതിജനകമാം വിധം അനുവാചകരെ ബോധ്യപ്പെടുത്തുന്നു. തകഴിയുടെ ഈ മനോഹരമായ രചന.

മലയാറ്റൂരിന്റെ എതിര്‍ വിസ്താരം’ ദാമ്പത്യബന്ധത്തിന്റെആര്‍ദ്രമായ സ്നേഹപാതയിലൂടെ വായനക്കാരെ ആനയിക്കുകയാണ്. ഭാര്യയുടെ സുരക്ഷിതത്വത്തിനായി സുഹൃത്തിനെ വധിച്ച ഭര്‍ത്താവിന് ഭാര്യയുടെ സാക്ഷി മൊഴി കൊലക്കയര്‍ ഒരുക്കി അന്തിമവിചാരണയിലെ സാക്ഷിയോട് പ്രതി ചോദിക്കുന്നു ‘’ എന്റെ കാര്‍ത്തൂനു സുഖമാണോടാ? അഞ്ചാറുമാസമായി അവളെ കണ്ടിട്ട്’‘ പ്രതിയുടെ നിഷ്കപടമായ അന്വേഷണം ഭര്‍ത്താവിനെതിരെ മൊഴി പറഞ്ഞ ഭാര്യക്ക് നല്‍കുന്ന ശിക്ഷ തന്നെയാണ്. കോടാതിയേയും വായനക്കാരേയും ഒരേ പോലെ അമ്പരിപ്പിക്കുന്നതാണ് കഥാന്ത്യം. വിവിധങ്ങളായ ജീവിതാനുഭവങ്ങളോടും നില നില്‍ക്കുന്ന യാഥാര്‍ത്ഥ്യങ്ങളോടും പൊരുത്തപ്പെടാതെ സത്യസന്ധമായി കഥാരചന നടത്തിയ പ്രധിഭാധനനായ മലയാറ്റൂരിന്റെ ശ്രദ്ധേയമായ കഥയാണ് എതിര്‍ വിസ്താരം.

സി. വി ശ്രീരാമന്റെ ചേതോഹരമായ കഥകള്‍ ഉയര്‍ത്തി വിടുന്ന അണയാത്ത തീനാളം വായനക്കാരന്റെ ഭാവുകത്വത്തെ എന്നും സ്പര്‍ശിക്കുന്നതാണ്. പരാമൃഷ്ടമായിരിക്കുന്ന ‘ സാക്ഷി’ എന്ന കഥ അനാവരണം ചെയ്യുന്നത് കോടതിയുടെ മുന്നിലെ സാക്ഷിയെ അല്ല വിവാഹം നടത്തിച്ചു കൊടുത്ത ഉദ്യോഗസ്ഥന്‍ നോക്കി നില്‍ക്കെ വിവാഹരജിസ്ട്രറില്‍ നിന്നു കൂടി വിവാഹം നടന്നതിന്റെ തെളിവു നഷ്ടപ്പെടുത്തുകയും , തുടര്‍ന്ന് ഞാന്‍ ഇവരെ വിവാഹം ചെയ്തിട്ടില്ല എന്നും വാദിക്കുന്ന ഭര്‍ത്താവിന്റെ വാദത്തിന് അനുകൂലമായി ഓഫീസ് അന്തരീക്ഷം മാറ്റിയെടുക്കുമ്പോള്‍ , വിവാഹബന്ധം നിലനിര്‍ത്തുന്നതിനുള്ള ഏക സാക്ഷ്യപത്രത്തിനായി കേണപേക്ഷിക്കുന്ന യുവതിക്ക് നീതി നിഷേധിക്കുന്നു. ഇതിനെല്ലാം സാക്ഷിയായി ഇതികര്‍ത്തവ്യമൂഢനായി നില്‍ക്കുന്ന വിവാഹം നടത്തിക്കൊടുത്ത ഓഫീസര്‍. കരുണ രസത്തിലേക്ക് വായനക്കാരെ എത്തിക്കുന്ന കഥാ കൃത്തിന്റെ കൃത്രിമമല്ലാത്ത ഭാഷയും അവതരണവും വായനക്കാരെ സാക്ഷിയുടെ പക്ഷത്തേക്ക് ആനയിക്കുന്നു.

കുടുംബബന്ധങ്ങളിലെ വിള്ളലുകള്‍ , അതിന് ഇടയായ സംഗതി ഒട്ടു വ്യക്തിഗതവുമല്ല . തറവാട് പൊളിച്ചു വില്‍ക്കാനൊരുങ്ങുന്ന അനിയത്തി. നാട്ടിന്‍ പുറത്തിന്റെ സുരഭിലാന്തരീക്ഷത്തിലുള്ള വീടും പറമ്പും ഏറ്റവും ഉത്കൃഷ്ടമായി കരുതുന്ന ഏട്ടന്റെ ദൃഢനിശ്ചയത്തിനു മുമ്പില്‍ ഒടുവില്‍ അടിയറവു പറയുന്നു. ആര്‍ നട്ടു വളര്‍ത്തി പരിപാലിച്ചതാണെന്നറിയാത്ത മുറ്റത്തെ പിലാവ് വെട്ടാനെത്തിയവരെ തിരിച്ചയക്കുന്ന ഏട്ടന്‍ നേടിയ ആന്തരിക സൗഖ്യം ഒന്നു വേറെ തന്നെയായിരുന്നു. നമ്മുടെ പൈതൃകവും പറമ്പും തൊടികളും ആധുനിക കാലത്ത് തത്വദീക്ഷയില്ലാതെ നശിപ്പിക്കുന്നതിനെതിരെയുള്ള അവബോധം ഉണര്‍ത്തുന്ന മികച്ച രചനാണ് ടി. പത്മനാഭന്റെ ‘ ശ്രുതിഭംഗം’‘ എന്ന കഥ . പൈതൃകവും പ്രകൃതിയും അഭിമാനത്തോടെ കരുതുന്ന കഥാകൃത്തിന് ഇതിനെല്ലാം എവിടെയെങ്കിലും ഭംഗം സംഭവിക്കുമ്പോള്‍ അതിനെ വികാരവയ്പ്പോടെ നേരിടുന്ന , പ്രതികരിക്കുന്ന ഉന്നത വ്യക്തിത്വം ടി. പത്മനാഭന്റെ രചനയില്‍ കാണാം.

‘’ജീവിതത്തിന്റെ വിധിപകര്‍പ്പുകള്‍’‘ എഴുതിയ ചന്ദ്രശേഖരന്‍ നാരായണന്‍ നമ്മുടെ കഥാസാഹിത്യത്തില്‍ ഏറെ അറിയപ്പെടുന്ന കഥാകൃത്താണ്. പുതിയ സംവേദനവും പുതിയ പ്രമേയങ്ങളും കഥാകൃത്തിന് പെട്ടന്ന് വഴങ്ങുന്നതാണ്. ഓര്‍മ്മപ്പിഴമൂലം മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്യാതെ കോടതി മുറിയില്‍ കയറിയ അഭിഭാഷകനെ കാര്‍ക്കശ്യക്കാരിയായ ജഡ്ജി സൗമ്യമായി ശിക്ഷിക്കുന്നു. പിഞ്ചോമനയുടെ മൂന്നാം പിറന്നാള്‍ ദിനത്തില്‍ സമ്മാനിക്കുന്നതിനായി വാങ്ങിയ കേക്കും , മിഠായികളും ഉച്ചക്ക് ഭാര്യ വിളമ്പി വച്ച പിറന്നാള്‍ സദ്യയും എല്ലാം നഷ്ടപ്പെടുത്തിയ നീറുന്ന നീറ്റലുകള്‍ വായനക്കാരിലേക്ക് സംക്രമിപ്പിക്കുന്നതിന് കഥാരംഗത്ത ഏറെ പ്രതീക്ഷ നല്‍കുന്ന ചന്ദ്രശേഖര്‍ നാരായണന് ‘ ജീവിതത്തിന്റെ വിധിപ്പകര്‍പ്പുകളി’ ലൂടെ കഴിഞ്ഞിട്ടുണ്ട്.പ്രമേയം സ്നിഗ്ധസുന്ദരമായ അവതരണം കൊണ്ട് ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റും.

ബി. സുരേഷ് കഥാ ലോകത്ത് സാന്നിദ്ധ്യം അറിയിച്ചിട്ടുള്ള കഥാകൃത്താണ്. ‘പിജുഡിസ്’ എന്ന കഥ ഒരു വനിതാ മജിസ്ട്രേറ്റ് ആതമസംഘര്‍ഷത്തിന്റെ പിടിയില്‍ പെട്ട് താന്‍ വിധി പറയേണ്ട കേസ് - ഒരമ്മ യെ ശിക്ഷിക്കാതെ മറ്റൊരു കോടതിയിലേക്ക് മാറ്റുന്ന സംഭവമാണ് ചിത്രീകരിച്ചിരിക്കുന്നത്. മേല്‍പ്പറഞ്ഞ രണ്ടു കഥകളിലേയും വനിതാ മജിസ്ട്രേറ്റുമാരും നീതിനിര്‍വഹണതലത്തില്‍ രണ്ടു ധ്രുവങ്ങളില്‍ വിരാജിക്കുന്നവരാണ് . ഒരു പിടി ചോറിനായി സപ്താഹവേദികളിലും പ്രസാദ ഊട്ടുപുരകളിലും അലയുന്ന എട്ടു സെന്റ് ഭൂമിയും അതില്‍ കെട്ടിടവും സ്വന്തമായുള്ള , ഭര്‍ത്താവ് ജീവിച്ചിരിക്കുന്ന അമ്മയ്ക്ക് മകന്‍ ചിലവിനു കൊടുക്കാന്‍ ബാധ്യസ്ഥനാണൊ എന്നു തീരുമാനിക്കാനാവാത്ത വനിതാ മജിസ്ട്രേറ്റിന്റെ ആത്മസംഘര്‍ഷങ്ങള്‍ കലവറയില്ലാതെ ചെത്തി മിനുക്കിയ ഭാഷയിലൂടെ ബി. സുരേഷ് ആവിഷ്ക്കരിച്ചിരിക്കുന്നു.

അഡ്വ. പാറേമ്മാന്‍ വളരെ ഒഴുക്കോടുകൂടിയാണ് ‘ സത്യം അറിഞ്ഞപ്പോള്‍ ‘ എന്ന കഥ രചിച്ചിരിക്കുന്നത്. ഹൈടെക് യുഗത്തിലെ ചില കുന്നായ്മകള്‍ മാതൃകാ ദമ്പതിമാരുടെ ജീവിതം കശക്കിയെറിഞ്ഞതിന്റെ ഉറവിടം തേടുകയാണ് ഈ കഥ. പുതിയ കാലഘട്ടത്തിലെ പ്രശ്നങ്ങളാണ് തീവ്രതയോടെ അവതരിപ്പിച്ചിരിക്കുന്നത്. ശോകാകുലമയ ഒരു പര്യവസാനം വായനക്കാരെ ഏറെ ചിന്തിപ്പിക്കുന്നു. വീഡിയോയിലെ കിടപ്പറ ദൃശ്യങ്ങളില്‍ കണ്ട യുവതീയുവാക്കളില്‍ , യുവതി സ്വന്തം ഭാര്യയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ യുവാവ് അവരെ നിഷ്ക്കരുണം വധിക്കുന്നു. പിന്നീടാണ് ദൃശ്യങ്ങളില്‍ കണ്ട പുരുഷന്‍ താനാണെന്നും മുഖം നന്നായി പ്രദര്‍ശിപ്പിക്കാതെ ഏതോ ഹോട്ടലിലെ ഒളിക്കാന്മറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു അതെന്നും തിരിച്ചറിയുന്നത്. ഏതോ ക്രിമിനലുകള്‍ നടത്തിയ സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരപരാധികളെ എങ്ങനെ വേട്ടയാടുന്നു എന്ന് ‘ സത്യമറിഞ്ഞപ്പോള്‍ ‘ എന്ന കഥയിലൂടെ അഡ്വ. പാറേമ്മാന്‍ കാണിച്ചു തരുന്നു.

ജിജാ ജെയിംസ് മാത്യു കണ്ടത്തില്‍ എന്ന കഥാകാരിയുടെ ‘ഉടഞ്ഞ ചില്ല്’ എന്ന കഥ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നാണ്. വിപ്ലവം വരുന്ന വഴികളിലേക്ക് കൂപ്പുകുത്തുന്ന യുവത അച്ഛനില്‍ നിന്ന ആരംഭിക്കുന്ന ക്ഷുഭിതയൗവനം മകനിലേക്ക് പ്രസരണം ചെയ്യുന്നു. പിന്നീട് ജ്വര വേഗതയോടെ ക്രോധാവിഷ്ടരായ തൊട്ടടുത്ത തലമുറയിലേക്ക് . ഇത് ചരിത്രത്തിന്റെ നാള്‍ വഴികളില്‍ കാണാം. ആദര്‍ശത്താല്‍ പ്രചോദിതരായി ചിന്താധീനരും കര്‍മ്മനിരതരുമാവുന്നവരുടെ പ്രതിഷേധത്തിന്റെ ജ്വാലകള്‍ ദിശാബോധം നഷ്ടപ്പെട്ട് കല്ലേറുകളിലും പോലീസുമായുള്ള സംഘട്ടനത്തിലും തെരുവില്‍ കലാശിക്കുന്നു. വിപ്ലവത്തില്‍ നിന്ന് പിന്‍ വാങ്ങിയ പിതാവിനു പോലും മകനെ ഇതില്‍ നിന്ന് പിന്‍ തിരിപ്പിക്കാനൊട്ട് കഴീയുന്നില്ല ‘’ ഉടഞ്ഞ ചില്ല്’‘ മുഖ്യ കഥാപാത്രമായി മാറിയ ജിജാ ജെയിംസ് മാത്യു കണ്ടത്തിലിന്റെ ‘ ഉടഞ്ഞ ചില്ല്’ എന്ന കഥ സുതാര്യമായ ഭാഷയില്‍ രചിച്ച ഭാവഗീതം പോലെ മനോഹരമാണ്.

‘ വിവാഹമോചനം’ എന്ന മേതില്‍ വേണുഗോപാലന്റെ കഥ, വൃഥാസ്ഥൂലമായ അന്തരീക്ഷസൃഷ്ടിയും പാത്ര സൃഷ്ടിയും ഒഴിവാക്കി നേരെ പ്രമേയത്തിലേക്കു കടക്കുന്ന രചനയാണ്. ഭര്‍ത്താവിന്റെ അമിതമായ ഭോഗാസക്തി പിറ്റേന്നു തന്നെ വിവാഹമോചനത്തിനുള്ള കാരണമായി ഭാര്യ കണ്ടെത്തുന്നു. ഇത് ആവിഷ്ക്കരിച്ചിരിക്കുന്നത് നര്‍മ്മത്തില്‍ പൊതിഞ്ഞും , ചായക്കൂട്ടില്ലാതെയുമാണ്. ലൈംഗികത സഭ്യമായും ഒതുക്കത്തോടും അവതരിപ്പിച്ചിരിക്കുന്നു. കൈകളില്‍ നിന്ന് വഴുതി ഏതെല്ലാമോ വഴികളിലൂടെ കയറിയിറങ്ങാന്‍ പോന്ന ഒരു ലൈംഗികപ്രമേയം കഥയേയും കഥാവതരണത്തേയും ഒതുക്കത്തില്‍; ധ്വന്യാത്മകമായി ആവിഷ്ക്കരിച്ച് ലക്ഷ്യത്തിലെത്തിച്ച മേതില്‍ ഗോപാലിന്റെ കയ്യടക്കം ഏറെ ശ്രദ്ധേയമാണ്. ‘ സ്വയം വിവാഹമോചിതനാകാനുള്ള ധാര്‍മ്മിക ധൈര്യം നഷ്ടപ്പെട്ട ഒരു പാവം ‘ പീഠ’ മാകുന്നു ന്യായ പീഠം’ എന്ന ആത്മഗതത്തിലൂടെ ന്യായാധിപ പ്രമുഖന്റെ നിസ്സഹായതയും ധര്‍മ്മസങ്കടവുമാണ് കഥാന്ത്യത്തില്‍ കുറിച്ചിടുന്നത്.

‘ കോടതിയുടെ വ്യഥ’ രചിച്ച അഡ്വ. ഷാജി ന്യായാസനത്തിന്റെ വ്യഥയല്ല വായനക്കാരുമായി പങ്കുവയ്ക്കുന്നത്. സാക്ഷിക്കു കോടതിക്കും വക്കീലിനും സാക്ഷിയായ കോടതി മന്ദിരത്തിന്റെ വ്യഥയാണ് യുക്തിഭദ്രമായി അവതരിപ്പിച്ചിരിക്കുന്നത്. അവധി ദിവസത്തിന്റെ വിരസതയും നൂറ്റാണ്ടു പിന്നിട്ട കെട്ടിടം പൊളിക്കാന്‍ തുടങ്ങുമ്പോഴുണ്ടാകുന്ന വിങ്ങലും പച്ചയായ മനുഷ്യന്‍ അനുഭവിക്കുന്നവണ്ണം കോടതി കെട്ടിടത്തെക്കൊണ്ട് അനുഭവിപ്പിക്കുന്നതിന് കഥാകൃത്തിനു കഴിഞ്ഞിട്ടുണ്ട്. കോടതി കെട്ടിടം തന്നെ മുഖ്യ കഥാപാത്രമായി രൂപാന്തരപ്പെടുത്തിയാണ് കഥാകഥാരംഗത്ത് പരിചിതനായ അഡ്വ. ഷാജി ‘ കോടതിയുടെ വ്യഥ’ എന്ന കഥയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അചേതനമായ ഒരു കെട്ടിടത്തിന് ഉയിരേകി അനുഭവവേദ്യമാക്കുന്ന തിനുള്ള ചാതുര്യം സ്പഷ്ടമാക്കുന്നു കഥാകാരന്‍.

കുട്ടനാടന്‍ ദ്വീപിലെ ഹൃദയഹാരിയായ പൂന്തോട്ടത്തില്‍ കഥാരചനയ്ക്ക് ഏകാഗ്രമായ ഇടം തേടിയെത്തിയ കഥാകാരിക്ക് ഒരു വി. ഐ. പി സന്ദര്‍ശനത്തിന്റെ ഫലമായി നിറതോക്കിന് ഇരയാകേണ്ടി വന്നു. വി ഐ പി സുരക്ഷിതത്വത്തിന് നിയോഗിക്കപ്പെട്ട സുരക്ഷാഭടന്മാര്‍ തെറ്റിദ്ധരിച്ചാണ് കഥാകാരിയുടെ നേരെ വെടിയുണ്ട ഉതിര്‍ത്തത്. ഈ ഇരയാകട്ടെ സാക്ഷാല്‍ വി. ഐ. പിയുടെ പുത്രിയും. ഹരിപ്പാട് അബ്ദുള്‍ ലത്തീഫ് ‘’ പൂക്കളുടെ ഭീതി’‘ എന്ന കഥയിലൂടെ ഈ ദാരുണാന്ത്യം കാല്‍പ്പനികാന്തരീക്ഷത്തില്‍ ആവിഷ്ക്കരിച്ചിരിക്കുന്നു. കഥാരചാനാ രംഗത്ത് ഇതിനകം സ്വന്തം അസ്തിത്വം നേടിയ കഥാകൃത്താണ് ഹരിപ്പാട് അബ്ദുള്‍ ലത്തീഫ്.

വിദേശത്തു കഴിയുന്ന ഇന്ത്യന്‍ നേഴ്സ് ദമ്പതിമാര്‍ക്ക് വിവാഹമോചനത്തിനായി നേരിടേണ്ടി വരുന്ന സങ്കീര്‍ണ്ണതകളാണ് വി പി രമേശന്റെ ‘ ഡോ. ലോനച്ചന്‍’ എന്ന കഥയിലെ പ്രമേയം. ഭാര്യ അവിഹിത വേഴ്ചയില്‍ ഏര്‍പ്പെടുന്നതിന് ദൃക്‌സാക്ഷിയാകേണ്ടി വന്നയാളാണ് ഭര്‍ത്താവ്. എന്നാല്‍ വിവാഹമോചനത്തിനായി ഭാര്യ കോടതിയില്‍ ബോധിപ്പിച്ച ആരോപണം സ്ത്രീപീഢനവും . ഭാരതീയ വനിതക്ക് അനുകൂലമായ സ്ത്രീപക്ഷപാതനിയമങ്ങള്‍ എങ്ങനെ പുരുഷന് വിനയാകുന്നു എന്ന് ചിത്രീകരിക്കുന്ന കഥയാണ് വി. പി രമേശന്റെ ‘ ഡോ. ലോനച്ചന്‍’ എന്ന കഥ. കഥയുടെ ദൈര്‍ഘ്യം ശില്‍പ്പഭംഗിയെ ബാധിച്ചിട്ടുണ്ട്. കഥാരചനയിലെ തഴക്കം അനുവാചകര്‍ക്ക് കഥയിലുടനീളം കാണാം.

ഓരോ കഥയിലൂടെയും ഒരോട്ട പ്രദക്ഷിണം നടത്തിയപ്പോള്‍ ലഭിച്ച അഭിപ്രായങ്ങളാണ് ഇവിടെ കുറിച്ചിട്ടത്,. വ്യത്യസ്തങ്ങളായ പ്രമേയങ്ങളും വിഭിന്നങ്ങളായ പ്രതിപാദന രീതികളും കഥാസമാഹാരത്തിന് ചാരുത പകരുന്നുണ്ട്. ചെറുകഥാരചനക്ക് ഉണ്ടായിരിക്കേണ്ട എല്ലാ ചിട്ട വട്ടങ്ങളും കഥകളിലുണ്ട്. പൊതുവായി ചൂണ്ടിക്കാണിക്കാവുന്നത് കഥയുടെ അവസാനഘട്ടത്തിലെ പരിണിതിയാണ്. കഥാന്ത്യത്തിലെ പരിണാമഗുപ്തിക്ക് വായനക്കാരനെ ഒന്നു ഞെട്ടിക്കുന്നതിനു കഴിയുന്നുണ്ട്. നിനച്ചിരിക്കത്ത അന്ത്യം ഓരോ കഥയിലും കാണാം. സ്ഥൂലമായ അവതരരീതിയും ദുര്‍മ്മേദസാര്‍ന്ന അന്തരീക്ഷ സൃഷ്ടിയും ദുര്‍ജ്ഞേയങ്ങളായ പാത്രസൃഷ്ടിയും ഫാന്‍റസിയെ വെല്ലുന്ന സംഭവങ്ങളുമായി ചെറുകഥ സാധാരണ വായനക്കാരെ മുഷിപ്പിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ വക്കീല്‍ കഥാകൃത്തുക്കളുടെ യാത്ര ആ വഴിക്കൊന്നുമല്ല. നേരെ ചൊവ്വെ കഥ പറയാനും , ചെറുകഥ എന്ന മാധ്യമത്തിനെ ഗൗരവതരമായി കണ്ട് അനുവാചകരെ കഥാകൃത്തുക്കള്‍ക്കൊപ്പം കൂട്ടിക്കൊണ്ടു പോകാനും ഓരോരുത്തര്‍ക്കും കഴിഞ്ഞിട്ടുണ്ട്. കഥാരചനയുടെ പാരമ്പര്യത്തില്‍ നിലയുറപ്പിച്ചവരും , പുതിയ സങ്കേതം പിന്തുടരുന്നവരും പുതിയ വാതായനങ്ങള്‍ തേടുന്നവരും ഇവിടെ വ്യത്യസ്തരാണ്. വിഭിന്നതയുടെ ശബളാഭകാന്തി ചിന്തുന്ന കഥകളിലേക്ക് വായനക്കാര്‍ക്ക് എളുപ്പം കടന്നെത്താനാകും.

ജീവിതം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ പ്രമേയങ്ങളായി അതാതു കാലഘട്ടത്തില്‍ ജീവിക്കുന്ന കലാകാരന്മാര്‍ കണ്ടെത്തിക്കൊണ്ടേയിരിക്കും. ഒപ്പം അതിന്റെ പശ്ചാത്തലവും രചനാസാങ്കേതങ്ങളും ആവിഷ്ക്കരണ ഭാഷയും വ്യത്യസ്തമാകുകയും ചെയ്യും. ആഗോള വ്യാപകമായി ഉണ്ടായിട്ടുള്ള പരിവര്‍ത്തങ്ങളും അതിലൂടെ ഉളവാകുന്ന സംത്രാസങ്ങളും വേപഥുക്കളും എഴുത്തുകാരനിലേക്ക് പ്രസരണം ചെയ്യപ്പെടുന്നു. കാപട്യങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ തൂലിക ചലിപ്പിക്കാന്‍ അവര്‍ ബാദ്ധ്യസ്ഥരാണ്. ജീവത്തായ സാഹിത്യം ഇവിടെ ജനിക്കുന്നു. ഇത്തരത്തില്‍ ചിന്തിക്കുമ്പോള്‍ കോടതിമുറികളില്‍ കണ്ടെത്തുന്ന നിരവധി കഥാപാത്രങ്ങളും സംഭവങ്ങളും ധിഷണാശാലികളായ കഥാകാരന്മാരെ ആകര്‍ഷിക്കുകയും മഥിക്കുകയും ചെയ്യുന്നു. നവഭാവുകത്വമുള്ള കഥകളാവട്ടെ രൂപശില്‍പ്പത്തില്‍ ഒട്ടും പിന്നിലല്ല . അങ്ങനെ ഉടലെടുത്തിട്ടുള്ള വക്കീല്‍ കഥകള്‍ മലയാള സാഹിത്യത്തിലെ ഈടുവയ്പ്പുകളാണ്. അതെല്ലാം തകഴിയും, മലയാറ്റൂരും, സി. വി ശ്രീരാമനുമെല്ലാം തെളിയിച്ചു തന്നിട്ടുണ്ടല്ലോ ടി. പത്മനാഭന്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു .

സൂക്ഷ്മനിരീക്ഷണവും അവതരണത്തിലെ ആത്മാര്‍ത്ഥതയും രചനാ ശൈലിയിലെ ലാളിത്യവും മാനവികതയെ മാനിക്കുന്ന മനസ്സും ഓരോ കഥകളുടേയും ശില്‍പ്പഭംഗിയേയും ആന്തരിക ശോഭയേയും പ്രോജ്ജ്വലിപ്പിക്കുന്നുണ്ട്. ജനസാമാന്യത്തിനിടയില്‍ വ്യവഹാരഭാഷയില്‍ സംവദിക്കുമ്പോഴും , കോടതിമുറികളില്‍ ന്യായാധിപന്മാര്‍ക്കു മുന്നില്‍ കോടതി ഭാഷയില്‍ വാദമുഖങ്ങള്‍ ഉന്നയിക്കുമ്പോഴും വക്കീല്‍ കഥാകാരന്മാര്‍ കഥ പറയുന്നതിനായി ഒരു മറു ഭാഷ കരുതിവച്ചിട്ടുണ്ട്. വ്യവഹാരഭാഷയുമായി ദീര്‍ഘദൂരം പാലിക്കുന്ന ഈ ഭാഷ വാഗീശ്വരിയുടെ വരദാനമാണ്. മലരൊളി ചിതറുന്ന ഭാഷ ഇതിലെ കഥകളെ ശ്രദ്ധേയമാക്കുന്നു. തീഷ്ണമായ അനുഭവങ്ങളുടെ കരുത്തോടെ ചെറുകഥാരംഗത്ത് പുത്തന്‍ പ്രതീക്ഷകളുടെ തെളിദീപവുമായെത്തുന്ന യുവതലമുറയിലെ വക്കീല്‍ കഥാകൃത്തുക്കള്‍ കഥാലോകത്തെ വാഗ്ദാനങ്ങളാണ്. അവരെ അനുഗ്രഹിക്കുക എന്ന് മാത്രമാണ് വായനക്കാരോട് സ്നേഹപുരസ്സരം അഭ്യര്‍ത്ഥിക്കാനുള്ളു.

അഡ്വ. എം.കെ. ശശീന്ദ്രന്‍

ഇന്ദീവരം

കോണ്‍ വെന്റ് റോഡ്

പൊന്നുരുന്നി,വൈറ്റില

കൊച്ചി- 682019


Phone: 0484-2305496,9845923332




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.