പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

കേരളത്തിലെ പ്രാചീന ഗുഹാചിത്രങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.വി.എം

ലേഖനം

കേരളത്തിന്റെ ഭൂപ്രകൃതിയുടെ പഠനം നടത്തുമ്പോൾ രണ്ടു കാര്യങ്ങൾ പ്രധാനമായി വരുന്നു. ഒന്ന്‌, പ്രാചീനകാലത്തെ ഇടതൂർന്ന വനം. രണ്ട്‌, കടലോരം. പ്രാചീനശിലായുഗകാലത്ത്‌ കേരളഭൂഭാഗത്ത്‌ മനുഷ്യവാസം സാദ്ധ്യമല്ലാത്തവിധം ഇടതൂർന്നതായിരുന്നു വനം. കൽമഴുകൊണ്ട്‌ മരം വെട്ടിമാറ്റുക എന്നത്‌ അസാദ്ധ്യമായ ഒരു പ്രവൃത്തിയായിരുന്നു. അതിനാൽ അതിപ്രാചീനശിലായുഗകാലം ഈ ഭൂപ്രദേശത്തില്ല എന്നായിരുന്നു കരുതിയിരുന്നത്‌. ഈ ചിന്തയ്‌ക്കു മാറ്റംവരുന്നത്‌ പുരാവസ്‌തുഗവേഷണത്തിൽ കൂടുതൽ തെളിവുകൾ ലഭിച്ചതോടെയാണ്‌. ശവസംസ്‌കാരത്തോടു ബന്ധപ്പെട്ട പലതും നേരത്തെ ലഭിച്ചിട്ടുണ്ട്‌. എന്നാൽ പാറകളിൽവരഞ്ഞ ചിത്രങ്ങൾ കേരളത്തിലെ പല പ്രദേശങ്ങളിലും കണ്ടെടുത്തതോടെ പുതിയ അറിവു ലഭിച്ചു.

ഭാരതത്തിലെ പുരാതന ശിലാകൊത്തുചിത്രങ്ങൾ എന്ന ഇനത്തിൽ പെടുത്തിയിട്ടുളള രൂപങ്ങൾ വയനാട്ടിലെ ഇടക്കൽ പ്രദേശത്തും തിരുവനന്തപുരത്ത്‌ നെയ്യാറ്റിൻകരയ്‌ക്കടുത്ത്‌ അങ്കോട്ടുമുണ്ട്‌. കാലഗണനയിൽ തർക്കമുണ്ടെങ്കിലും 4000-5000 വർഷത്തെ പഴക്കം ഇവയ്‌ക്കുണ്ടെന്ന്‌ പല പണ്‌ഡിതൻമാർക്കും അഭിപ്രായമുണ്ട്‌. രണ്ടു കുന്നുകൾക്കിടയിലുളള കല്ല്‌ എന്നത്രെ ഇടക്കൽ എന്ന പേരിനു കൊടുത്തിട്ടുളള അർത്ഥം. ത്രികോണങ്ങൾ, ഒരേ കേന്ദ്രത്തിൽ മുട്ടുന്ന നേർരേഖകൾ, ത്രിശൂലത്തോടു സാമ്യമുളള ആകൃതിയുളളവ, മയിൽ, മാൻ, മനുഷ്യൻ തുടങ്ങി പല രൂപങ്ങളും ഇവിടെ കാണാം. കൂർത്ത ചില ഉപകരണങ്ങൾകൊണ്ട്‌ കോറിവരച്ചവയാകാം ഇവ. കൈകളുയർത്തി നിൽക്കുന്ന മനുഷ്യരൂപം മുൻഭാഗപ്രാധാന്യം കൊടുത്തു കോറിയിട്ടുളളതായിക്കാണാം. മുഖംമൂടി ധരിച്ച രൂപങ്ങൾ ഇടക്കൽ ഗുഹകളിലുണ്ട്‌. ചില നൃത്തരൂപങ്ങളുടെ പ്രാഗ്‌രൂപാംശം (ചില പണ്‌ഡിതർ ഇതിനെ തെയ്യവുമായി ബന്ധപ്പെടുത്തുന്നുണ്ട്‌) ഇവയിലുണ്ട്‌. ചില മനുഷ്യരൂപങ്ങൾ ശരീരത്തോടൊട്ടിയ വസ്‌ത്രങ്ങൾ ധരിച്ചിട്ടുണ്ടെന്നുതോന്നും. ഒരിടത്ത്‌ ചില അക്ഷരങ്ങളും കോറിയിട്ടുണ്ട്‌. ഒരെണ്ണം വായിച്ചെടുത്തിട്ടുളളതിങ്ങനെയാണ്‌. “പല പുലിതാനന്തകാരി” (പല പുലികളെയും കൊന്നയാൾ). മറ്റൊരെണ്ണം സംസ്‌കൃതവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ അതിന്റെ കാലം കൂടുതൽ സമീപമാകാനാണ്‌ സാധ്യത എന്നും കരുതുന്നു. വയനാട്ടിലെ അമ്പലവയലിനടുത്ത്‌ ‘തൊവരിമല’യിൽ ജ്യോമട്രിക്‌ പാറ്റേണുകളിലുളള കൊത്തുചിത്രങ്ങൾ കാണാം. താമര, മൽസ്യം എന്നിവയുടെ ആകൃതി ഒട്ടൊക്കെ പ്രകടമാണ്‌.

ഇടുക്കിയിലെ മറയൂരിലാണ്‌ അതിപ്രാചീന ചിത്രങ്ങൾ കാണുന്ന മറ്റൊരു സ്ഥലം. കുന്നുകൾകൊണ്ടു മറഞ്ഞിരിക്കുന്നതിനാൽ ‘മറയൂർ’ എന്നു പേരു ലഭിച്ചു എന്ന്‌ ചിലർ കരുതുന്നു. അവിടെ ഒരു പ്രധാനസ്‌ഥലമാണ്‌ ‘എഴുത്തുഗുഹ’. ചില ‘എഴുത്തു’കൾ കാണുന്നതിനാൽ ഇങ്ങനെയൊരു പേരു നൽകിയത്രെ. ഇവിടത്തെ ചില ചിത്രങ്ങളിൽ ചായം ഉപയോഗിച്ചിട്ടുളളതിന്റെ അവശിഷ്‌ടം കാണാം. മഞ്ഞത്തവിട്ടുനിറം, കടുംചുമപ്പ്‌, വെളുപ്പ്‌ എന്നിവ വേർതിരിച്ചറിയാനാകും. ഒരിടത്ത്‌ ‘കോല’ത്തിന്റെ ശൈലിയിൽ ചതുരം, വൃത്തം എന്നിവ ചേർന്ന ഡിസൈൻ കാണാം. ഡിസൈനുകളുടെ ഉളളിലെ കളങ്ങളിൽ മനുഷ്യരൂപം പോലെ തോന്നിക്കുന്നുണ്ട്‌. അതിനടുത്ത്‌ മൂന്നുകൈകളെങ്കിലും ഉളള നഗ്‌നപുരുഷരൂപം കാണാം. ഇതിന്‌ നൃത്തത്തിന്റെ നിലപാടുണ്ട്‌. മൃഗങ്ങളെ പായിക്കുന്ന മനുഷ്യരൂപങ്ങൾ, മൃഗരൂപങ്ങളുടെ ചിലഭാഗങ്ങൾ എന്നിവ ഇപ്പോഴും ദൃശ്യമാണ്‌. ഇതിൽ പലതും നിഴൽച്ചിത്രാലേഖ്യങ്ങൾ ആണ്‌. പൂഞ്ഞയുളള കാള, ആട്‌, വരയാട്‌, ശിഖരക്കൊമ്പുളളതും ഇല്ലാത്തതുമായ മാൻ എന്നിവയും ഇവിടെ കാണാം. ഈ ചിത്രങ്ങളുടെ ശൈലീപഠനത്തിൽ നിന്ന്‌ എല്ലാം ഒരേ കാലഘട്ടത്തിലേത്‌ എന്നു ഗണിക്കാനാവില്ല എന്നാണു നിഗമനം. മറയൂരിൽ ‘ആട്ടല’ (ആടിന്റെ തല എന്നർത്‌ഥം പറയുന്നു)യിലും ചിത്രങ്ങളുണ്ട്‌. ഗുഹയുടെ മച്ചിലെ രേഖാചിത്രങ്ങളിൽ ത്രിശൂലം, ആന, പല്ലി എന്നിവ പല വലിപ്പത്തിൽ വരച്ചിട്ടുളളതു കാണാം. മറയൂരിലെ മറ്റൊരു സ്‌ഥലമാണ്‌ ‘കോവിൽകടവ്‌’. തടിച്ച രേഖകൾ ഉപയോഗിച്ചുവരച്ച മനുഷ്യ, മൃഗരൂപങ്ങളുടെയും നൃത്താവസ്‌ഥയിലുളള മനുഷ്യരൂപങ്ങളുടേയും ചിത്രങ്ങളിവിടെയുണ്ട്‌.

കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽ ‘തെൻമല’യിൽ നേർത്തരേഖകൾ തലങ്ങുംവിലങ്ങും പ്രയോഗിച്ചു ചെയ്‌ത ചില പാറ്റേണുകൾ ദൃശ്യമാണ്‌. പലതും കൂർത്ത ഉപകരണംകൊണ്ട്‌ കോറിവരഞ്ഞവയാണ്‌. തിരുവനന്തപുരത്തടുത്ത്‌ നെയ്യാറ്റിൻകരയ്‌ക്കു സമീപമുളള ‘അങ്കോടി’ലും ഈ വിധം കോറിയ രൂപങ്ങളാണു കാണുന്നത്‌.

കേരളത്തിലെയും ഭാരതത്തിലെയും പ്രാചീന&മഹാശിലായുഗ ഗുഹാചിത്രങ്ങളിൽ കാണുന്ന പ്രധാനനിറങ്ങൾ ചുമപ്പ്‌, പച്ച, കറുപ്പ്‌ എന്നിവയാണ്‌. കല്ലുകൾപൊടിച്ച്‌ വെളളത്തിൽ ചാലിച്ച്‌ പല പശകളും കൂട്ടിയാണ്‌ ചായങ്ങൾ ഉണ്ടാക്കിയിട്ടുളളത്‌. പാറയുടെ പ്രതലം സംസ്‌കരിക്കാത്ത ഭിത്തിയായിത്തന്നെയാണ്‌ കാണാൻ കഴിയുന്നത്‌.

കെ.വി.എം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.